അവൾ തിരിഞ്ഞപ്പൊ അയാൾ മുറിയിലേക്ക് നടന്നു..ഷർട്ട് ഊരി കട്ടിലിൽ നിവർന്ന് കിടന്നു..

അച്ഛനും മോളും

രചന: Vandana M Jithesh

::::::::::::::

നേരം വൈകിയാണ് വീട്ടിലെത്തിയത്… ഉമ്മറത്ത് വിളക്ക് കത്തിച്ചു വെച്ചിട്ടുണ്ട്.. അകത്ത് നിശബ്ദത തളം കെട്ടി നിൽക്കുന്നു..

ടി വി വെച്ചിട്ടില്ല.. അമ്മ പതിവില്ലാതെ കിടക്കുകയാണ്.. താൻ വന്നത് അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു.. വിളിച്ചില്ല.. നേരെ പിറകുവശത്തേക്ക് ചെന്നു.. അവൾ പാത്രങ്ങൾ കഴുകിവെക്കുകയാണ്..

” ലതേ. ”

” ആ.. വന്നോ.. ദാ വരുന്നു ”

” അവരെപ്പഴാ പോയേ ?”

“നാലു മണിയായി. . വൈകുംന്ന് പറഞ്ഞതുകൊണ്ടാ കാത്തുനിൽക്കാഞ്ഞത്.. ചായ ഇപ്പൊ തരാം ”

അവൾ തിരിഞ്ഞപ്പൊ അയാൾ മുറിയിലേക്ക് നടന്നു.. ഷർട്ട് ഊരി കട്ടിലിൽ നിവർന്ന് കിടന്നു..

ഇന്ന് പ്രസവം കഴിഞ്ഞ് മകളേയും കുഞ്ഞിനേയും ഭർത്തൃ വീട്ടിലേക്ക് കൊണ്ടുപോകുന്ന ദിവസമായിരുന്നു.. എത്ര പെട്ടെന്നാണ് കാലം കടന്നു പോയത്..

വിവാഹശേഷം ലത അവളുടെ വരവറിയിച്ചതും തങ്ങൾ അവൾക്കായി കാത്തിരുന്നതും അവളെ ലേബർ റൂമിൽ നിന്ന് ഏറ്റു വാങ്ങിയതുമെല്ലാം മനസിൽ തെളിഞ്ഞു വരുന്നു അവളെന്നും അച്ഛന്റെ മോളായിരുന്നു..

ഈ നെഞ്ചിൽ കിടത്തി വളർത്തി.. ഈ വിരൽ പിടിച്ചു നടത്തി…

അവൾക്ക് താഴെ കിരൺ ഉണ്ടായപ്പോഴും അവളോട് ഒരു പ്രത്യേക സ്നേഹം ഉണ്ടായിരുന്നു.. ആദ്യമായി അച്ഛാ ന്നു വിളിച്ചത് അവളല്ലേ.

എന്ത് പെട്ടെന്നാണ് അവൾ വളർന്നു കല്യാണ പ്രായമെത്തിയത് അപ്പോഴും അച്ഛന്റെ ഇഷ്ടമായിരുന്നു അവൾക്കും..
വിവാഹം കഴിഞ്ഞ് അവൾ പോയതോടെ വീടുറങ്ങി.. കിരണിനും ഉത്സാഹമൊക്കെ പോയി..

പിന്നെ വല്ലപ്പോഴും അവർ വരുമ്പോൾ വീട്ടിൽ ഉത്സവമാണ് അവൾക്ക് വിശേഷം ആണെന്ന് ലത പറഞ്ഞപ്പോൾ എന്താണ് തോന്നിയത്? സന്തോഷമോ അഭിമാനമോ അത്ഭുതമോ… അറിയില്ല…

” ദാ ചായ ” ലതയാണ്…

“കിരൺ എവിടെ? ”

“അവൻ ക്ലബ്ബിലേക്ക് പോയി… ഇവിടെ ഇരിക്കുമ്പൊ സങ്കടാവാണ്ന്ന്.. ഞാൻ ഒന്നും പറഞ്ഞില്ല..”

” മം… അവൾ കരഞ്ഞോ?”

” അത് ചോദിക്കാനുണ്ടോ? അവളും അമ്മേം കരച്ചിലായിരുന്നു.. ആറു മാസായിട്ട് ഇവിടെയല്ലേ.. കുറച്ചു ദിവസം പ്രയാസണ്ടാവും”

” വീടുറങ്ങി.. ല്ലേ? ”

” മം… കുഞ്ഞുമോളുടെ കരച്ചിലും ബഹളവും ഒന്നുല്ല്യല്ലോ.. ”

” എനിക്കു അമ്മു പോയപ്പോഴാണ് ”

ശബ്ദം ഇടറിപ്പോയി..

“എന്തായിത്.. കൊച്ചു കുട്ടിയെ പോലെ..പിന്നെ എന്നും അവളിവിടെ നിക്ക്വോ?”

“എന്നാലും .. ആകെയൊരു ശൂന്യത”

“അതൊക്കെ മാറും.. അവരിനിയും വരുമല്ലോ.. അതല്ലെങ്കിൽ അങ്ങോട്ട് പോയി കാണാലോ… എണീറ്റ് ചായ കുടിച്ചാട്ടെ… ” ചായ കുടിക്കുമ്പോൾ ഞാൻ ചോദിച്ചു..

” നിനക്ക് വിഷമമില്ലേ. ?”

” എന്തിനാ… അവൾ പോയപ്പോ ഒരു പൊരിച്ചിലുണ്ട്.. പക്ഷെ അതിനേക്കാളും സന്തോഷാ… അവിടെ അവൾക്ക് ഒരു കുഴപ്പോമില്ല..

അവന് അവളെയും കുഞ്ഞിനേയും ജീവനാണ്.. അമ്മയ്ക്കും അച്ഛനും അങ്ങനെ തന്നെ. കല്യാണം കഴിഞ്ഞ് ചെന്നിടത്ത് അവൾ സന്തോഷായി നിൽക്കുന്നതല്ലേ നമ്മുടെ സന്തോഷം?”

“മം…”

“അച്ഛൻ ചേച്ചി പോയിട്ട് കരയാവും ലേ? നമ്മളൊക്കെ പോവാണേൽ ചിക്കൻ വാങ്ങും… അല്ലേ അമ്മേ… ” കിരണാണ്…

“അതേടാ… ബിരിയാണിയും വാങ്ങാ വാങ്ങാം.. അല്ലേ ലതേ…”

അവൾ ചിരിച്ചു കൊണ്ട് പോയി

“അച്ഛൻ വിഷമിക്കേണ്ട.. ഞാൻ പെട്ടെന്ന് പെണ്ണു കെട്ടി കൊണ്ടുവരാട്ടോ..” അവൻ കളി പറഞ്ഞു..

“പോടാ..” ഞാനും ചിരിച്ചു..

അപ്പോഴേക്കും ഫോൺ റിംഗ് ചെയ്തു. അമ്മുവാണ്..

“അച്ഛാ…. ” അവളുടെ ശബ്ദവും നനഞ്ഞിരുന്നു..

” അച്ഛൻ എന്നാ വര്വാ? അച്ഛനെ ഞാൻ കണ്ടില്ലല്ലോ … ഞായറാഴ്ച വര്വോ? ”

” അച്ഛൻ വരാട്ടോ.. ”

ഫോൺ വെച്ചപ്പോൾ കിരൺ കളിയാക്കി…

“ഒരച്ഛനും മോളും”

കിടക്കയിലേക്ക് ചാഞ്ഞപ്പോൾ പതിയെ ഒരു ചിരി പടർന്നു…