അയാളുടെ വാക്കുകളിൽ തന്നെയുണ്ടായിരുന്നു അയാൾ അനുഭവിക്കുന്ന ഏകാന്തതയുടെ ഭീകരത…

_upscale

രചന: നീതു

“”” അതെ സാറേ ഒന്ന് പെട്ടെന്ന് ആകട്ടെ എനിക്ക് ഇത് കഴിഞ്ഞ് പോയി വേറെ പണിയുണ്ട്!!!””

അതും പറഞ്ഞ് അവൾ സാരി അഴിച്ചുമാറ്റി അപ്പോഴേക്കും അയാൾ കട്ടിലിൽ നിന്ന് എഴുന്നേറ്റിരുന്നു…
അവളുടെ കൈപിടിച്ച് തന്റെ അരികിൽ കൊണ്ടുവന്ന് ഇരുത്തി…
തന്റെ മുഖത്തേക്ക് കുറേനേരം ഉറ്റുനോക്കി…

അയാളുടെ കണ്ണുകൾ നിറയുന്നത് കണ്ടു. അത് കണ്ടപ്പോൾ വല്ലാത്തൊരു നൊമ്പരം ഇതുപോലെ നിറഞ്ഞ മിഴികൾ കണ്ടിട്ട് നാളുകൾ ഒരുപാടായി തന്റെ അടുത്തെത്തുന്നവർ കണ്ണിൽ കാമം മാത്രം നിറച്ചവരായിരിക്കും. കുറേക്കാലത്തിനു ശേഷമാണ് ഇങ്ങനെയൊരു അനുഭവം അവൾക്ക് എന്തോ അയാളോട് അനുകമ്പ തോന്നി…

“”” നിങ്ങൾ എന്തിനാ കരയുന്നത്??? “””

അങ്ങനെ ചോദിക്കാതിരിക്കാൻ ആയില്ല അവൾക്ക്…

ഇന്ന് ബസ്റ്റാൻഡിൽ പതിവ് സമയത്ത് വന്നപ്പോൾ തന്നെ തേടി വന്നത് ഈ കിളവൻ ആയിരുന്നു…
അല്ലെങ്കിലും കിളവന്മാർക്ക് ഇപ്പോൾ കുറച്ച് ഇളക്കം കൂടുതലാണ്…

രണ്ടായിരം രൂപ എന്നുപറഞ്ഞപ്പോൾ ഒന്ന് തർക്കിക്കാൻ പോലും നിൽക്കാതെ പോക്കറ്റിൽ നിന്ന് എടുത്തു തന്നു….
അയാളെയും കൊണ്ട് പതിവ് ലോഡ്ജിലേക്ക് വന്നു…
അനുവദിച്ച രണ്ടു മണിക്കൂറിന് തന്നെ കടിച്ചു പറിക്കുന്നവരാണ് ഇതുവരെക്കും കണ്ടിട്ടുള്ളവരെല്ലാം… ഇതിപ്പോ വല്ലാത്തൊരു അവസ്ഥയായിപ്പോയി. അവൾ കുറച്ചുനേരം അയാളെ തന്നെ നോക്കിയിരുന്നു…

‘”” നിനക്കെന്റെ ലക്ഷ്മിയുടെ ചായയാ… ശബ്ദമാ..!!!””

അത്രയും പറഞ്ഞപ്പോഴേക്ക് അയാളുടെ സ്വരം ഇടറി മിഴികൾ വീണ്ടും നിറഞ്ഞു…

“””അതാരാ ലക്ഷ്മി??””
ഒട്ടും മയമില്ലാതെ തന്നെയാണ് ചോദിച്ചത് ഇതുപോലെ പല വേഷംകെട്ടും കണ്ടിട്ടുണ്ട്… വിശ്വസിച്ചിട്ടും ഉണ്ട്…. ഒടുവിൽ പണം തരാതെ മുങ്ങുമ്പോൾ മാത്രമാണ് എല്ലാം ഒരുതരം വേഷം കെട്ടായിരുന്നു എന്ന് മനസ്സിലാക്കുക ..

അതുകൊണ്ടുതന്നെ ഇപ്പോൾ ആദ്യം തന്നെ പൈസ മേടിക്കും പിന്നെ അവര് എന്ത് ഉടായിപ്പ് ഇറക്കിയാലും പ്രശ്നമില്ലല്ലോ ഇതിപ്പോ എന്താണ് ഇയാളുടെ പ്രശ്നം??

“”” ലക്ഷ്മി അവൾ എന്റെ എല്ലാമായിരുന്നു ഞാൻ താലികെട്ടിയ എന്റെ ഭാര്യ.. എന്റെ രണ്ടു പെൺകുട്ടികളുടെ അമ്മ!!!””

പിന്നെ കുറച്ചുനേരത്തിന് ആരും ഒന്നും മിണ്ടിയില്ല അല്പം കഴിഞ്ഞതും അയാൾ പറഞ്ഞു തുടങ്ങി…

“””” ഒരു മൂന്നുമാസത്തിനു മുമ്പ് അവൾ മരിച്ചു ബ്രെയിൻ ട്യൂമർ ആയിരുന്നു…അതിനുശേഷം ആണ് ഏകാന്തത എന്താണെന്ന് ഞാൻ ശരിക്കും മനസ്സിലാക്കിയത് ഒന്ന് മനസ്സുനിറഞ്ഞു സംസാരിക്കാൻ പോലും ആരുമില്ല… ഒന്ന് ഉറക്കെ വിളിച്ചാൽ വിളി കേൾക്കാൻ പോലും ആരുമില്ല രണ്ടു മക്കളുണ്ട് എന്നും അവരെക്കുറിച്ച് അഭിമാനമേ ഉണ്ടായിരുന്നുള്ളൂ അവർ പഠിച്ച് വലിയ നിലയിൽ എത്തി അവരുടെ ജീവിതം നോക്കിപ്പോയി… ഇപ്പോ അച്ഛൻ എന്ന ഒരാളെ അവർക്ക് ഓർമ്മ കൂടിയില്ല.. വലിയൊരു വീടും ഞാനും മാത്രം ഒറ്റയ്ക്ക്…..!!!

അയാളുടെ വാക്കുകളിൽ തന്നെയുണ്ടായിരുന്നു അയാൾ അനുഭവിക്കുന്ന ഏകാന്തതയുടെ ഭീകരത…

“””നീ… നീ എന്തിനാണ് ഇങ്ങനെയെല്ലാം??? ചോദിക്കാനുള്ള അർഹതയില്ല എങ്കിലും എന്റെ ലക്ഷ്മിയെ പോലെ തോന്നുവാ എനിക്ക്!!””

അത് കേട്ടപ്പോൾ എന്തോ ദേഷ്യമാണ് വന്നത്!! ഉപദേശിക്കാൻ വന്നിരിക്കുന്നു..

“””” തന്നെപ്പോലുള്ള പുരുഷവർഗ്ഗം കാരണം തന്നെയാണ് ഇവിടെ എത്തിയത്!!! നല്ലൊരു വീട്ടിൽ തന്നെയായിരുന്നു ജനിച്ചത് അച്ഛനും അമ്മയും അനിയനും അനിയത്തിയും എല്ലാം ഉണ്ടായിരുന്നു.. പക്ഷേ സ്നേഹിച്ച ഒരുത്തനെ അവരെക്കാൾ ഒക്കെ മുകളിൽ കണ്ടു… വിളിച്ചപ്പോൾ കൂടെ ഇറങ്ങിപ്പോയി അറിഞ്ഞില്ലായിരുന്നു അവന് ഉള്ളിൽ ഒരു ചെകുത്താൻ ഉണ്ടായിരുന്നു എന്ന്!!!
സുഖമായി ജീവിക്കാം എന്നും പറഞ്ഞ് എന്നെ കൊണ്ടുപോയത് ബോംബെയിലെ റെഡ് സ്ട്രീറ്റിലേക്കാണ്…. അവിടെയുള്ള ഏതോ ഒരു സ്ത്രീയോട് വിലപേശി അവൻ എന്നെ വിറ്റു…

ഇനിയെന്റെ ജീവിതം ഇങ്ങനെയാണെന്ന് അംഗീകരിക്കാൻ ആദ്യം മനസ്സിന് കഴിഞ്ഞില്ല അതുകൊണ്ട്… ആദ്യമൊക്കെ എതിർത്തു നോക്കി പിന്നെ എനിക്ക് മനസ്സിലായി ഞാൻ വെറും നിസ്സഹായ ആണെന്ന് സാഹചര്യങ്ങളോട് പൊരുത്തപ്പെടേണ്ടി വന്നു അങ്ങനെ അവിടെനിന്ന് എങ്ങനെയൊക്കെയോ രക്ഷപ്പെട്ട് ഇവിടം വരെ എത്തി…..!!!”

അവളത് പറയുമ്പോഴുള്ള പലവിധ ഭാവങ്ങൾ കലർന്ന അവളുടെ മുഖഭാവം നോക്കി അയാൾ ഇരുന്നു….

“”” പണമാണ് നിനക്ക് വേണ്ടതെങ്കിൽ അത് എത്ര വേണമെങ്കിലും ഞാൻ തരാം വന്നൂടെ എന്റെ കൂടെ??? “””

അത് കേട്ടു അവൾ അയാളെ ഒന്ന് തറപ്പിച്ചു നോക്കി..

“”” മനസ്സിലായില്ല!!!!””””

എന്നു പറഞ്ഞപ്പോൾ അയാൾ പറഞ്ഞിരുന്നു,

“””” ഒന്നിനുമല്ല ഞാൻ ലക്ഷ്മി എന്ന് വിളിക്കുമ്പോൾ വെറുതെ എന്തോ എന്ന് ചോദിക്കാൻ!!! എങ്ങോട്ടെങ്കിലും ഇറങ്ങുമ്പോൾ വേഗം പോയി വരാം എന്നൊന്നു പറയാൻ!!! ആ വലിയ വീടിന്റെ വരാന്തയിൽ ഇരുന്ന് എന്തെങ്കിലും ഒരു വർത്താനം പറയാൻ!!! അത്രയും മാത്രം നീ എനിക്ക് ചെയ്തു തന്നാൽ മതി വരാമോ എന്റെ കൂടെ…!!”””

അതുകേട്ട് അവൾ പൊട്ടിച്ചിരിച്ചു എന്നിട്ട് ചോദിച്ചു..

“”” നിങ്ങൾ ആരെയാണ് വീട്ടിലേക്ക് ക്ഷണിക്കുന്നത് എന്ന് വല്ല ബോധ്യവും ഉണ്ടോ???? കുപ്രസിദ്ധി നേടിയ ഒരു തെരുവ് വേശ്യയെ!!! കണ്ടിട്ട് നല്ല കുടുംബത്തിലേതാണെന്ന് തോന്നുന്നുണ്ടല്ലോ വെറുതെ ആ പേര് കളഞ്ഞു കുളിക്കണോ???? “”””

പുച്ഛത്തോടെ അയാൾ ഒന്നു ചിരിച്ചു എന്നിട്ട് പറഞ്ഞു…

“”” ഞാനും അങ്ങനെ തന്നെ വിചാരിച്ചിരുന്നു കുടുംബ മഹിമ പണം പ്രശസ്തി ഇതെല്ലാം ആണ് വലുതെന്ന് പക്ഷേ എന്റെ ലക്ഷ്മി കൂടി പോയപ്പോൾ എനിക്ക് മനസ്സിലായി ഇതൊന്നുമല്ല ജീവിതം എന്ന്!!!! സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരും ഇല്ലാതായാൽ തീരും മനുഷ്യന്റെ എല്ലാ അഹന്തയും!! എത്ര പണം കൊടുത്താലും വാങ്ങാൻ കഴിയാത്ത പലതും ഉണ്ട് ഈ ലോകത്ത്….
അങ്ങനെ ഒരു തിരിച്ചറിവ് വരണമെങ്കിൽ ജീവിതത്തിൽ കുറെ സഞ്ചരിക്കേണ്ടിവരും…. വാർദ്ധക്യത്തിൽ എത്തിപ്പെടേണ്ടി വരും…..”””””

അയാൾ പറയുന്നത് ശ്രദ്ധാപൂർവ്വം കേട്ടിരുന്നിരുന്നു അവൾ..

“””നിന്റെ പേര് എന്താണ്???”””

അയാൾ ചോദിച്ചപ്പോൾ മറുപടി കൊടുക്കാതിരിക്കാൻ തോന്നിയില്ല..

“”ഭാമ!!””

അവൾ പറഞ്ഞത് കേട്ട് അയാൾ ഒന്നു ചിരിച്ചു..

“””” നല്ല പേര്!! എന്ത് തീരുമാനിച്ചു??? “””

അയാളുടെ ചോദ്യത്തിന് എന്തു മറുപടി കൊടുക്കണം എന്ന് അവൾക്ക് അറിയില്ലായിരുന്നു ഈ ഒരു വൃത്തികെട്ട ജീവിതത്തിൽ നിന്ന് എന്നെങ്കിലും മുക്തി നേടണം.. ഒരു ദിവസമെങ്കിൽ ഒരു ദിവസം മാനം മര്യാദയ്ക്ക് ജീവിക്കണം എന്നൊക്കെ മോഹം ഉണ്ടായിരുന്നു പക്ഷേ തെറ്റിൽനിന്ന് തെറ്റിലേക്ക് തന്നെ വഴുതി വീണുകൊണ്ടിരുന്നു…

അയാളുടെ കൂടെ പോകണം എന്ന് മനസ്സ് പറയുന്നുണ്ടെങ്കിലും അറിയാമായിരുന്നു താൻ കൂടെ ചെന്നാൽ അയാൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ…

എത്രയൊക്കെ പറഞ്ഞാലും മാന്യമായി ജീവിക്കുന്ന ഒരാളാണ് ഇത്ര നേരമായിട്ടും തന്നെ ചീത്ത രീതിയിൽ ഒന്ന് നോക്കിയിട്ട് പോലുമില്ല അങ്ങനെയൊരാളുടെ നല്ല പേര് താൻ ആയിട്ട് ചീത്തയാക്കി കൂടാ….

അതുകൊണ്ടുതന്നെ അവൾ മുഖത്തെ ആ ദയനീയത എടുത്തു കളഞ്ഞു എന്നിട്ട് പരുഷമായി തന്നെ അയാളോട് പറഞ്ഞു

“”” ഭ്രാന്ത് പറയാതെ നിങ്ങൾ സ്ഥലം വിട്ടെ… എനിക്ക് വേറെ പണിയുണ്ട് എന്ന്…!!””

പിന്നെയും പ്രതീക്ഷയോടെ അയാൾ അവളുടെ മുഖത്തേക്ക് കുറച്ചുനേരം കൂടി ഉറ്റുനോക്കി…
ഇനിയും അല്പനേരം കൂടി ഇരുന്നു കഴിഞ്ഞാൽ ചിലപ്പോൾ താൻ അയാളുടെ കൂടെ പോയേക്കും എന്ന് മനസ്സിലാക്കി അവൾ അയാളെ പുറത്താക്കി വാതിൽ അടച്ചു..

പോകുന്നതിനുമുമ്പ് അവൾക്ക് അയാൾ നൽകിയ 2000 രൂപ അയാളുടെ പോക്കറ്റിലേക്ക് തന്നെ വച്ചു കൊടുത്തിരുന്നു..

വേണ്ട ഇത് നിനക്ക് തന്നതാണെന്ന് പറഞ്ഞപ്പോൾ അവൾ പറഞ്ഞിരുന്നു ജോലി ചെയ്യാത്ത പണം കൊണ്ട് തിന്നാൽ എനിക്ക് ദഹിക്കില്ല സാറേ എന്ന്…..

വാതിലിനു പുറത്തുകൂടി അയാൾ നടന്നകലുന്ന ശബ്ദം കേൾക്കാൻ ഉണ്ടായിരുന്നു….

എന്തുകൊണ്ടോ അവൾക്കൊന്നു പൊട്ടിക്കരയണം എന്ന് തോന്നി..
ഉറക്കെ ഉറക്കെ കരഞ്ഞു… ആശ്വാസം കിട്ടുന്നതുവരെ…

ജീവിതം ചിലപ്പോൾ അങ്ങനെയാണ്… ദാനം പോലെ കൈ നീട്ടി തരുമ്പോഴും സ്വീകരിക്കാൻ കഴിയാതെ പോകും…
അതിന് ഒരുപാട് ഒരുപാട് കാരണങ്ങളുമുണ്ടായിരിക്കും….
ഭാമയെ പോലെ….