സ്റ്റോറി by നിത്യ
::::::::::::
“””നീയെന്താ ഷിമി ഒരു മുന്നറിയിപ്പും ഇല്ലാതെ??””
മനോജ് രാവിലെ തന്നെ കാനഡയിൽ ഉള്ള തന്റെ ഭാര്യ വീട്ടുമുന്നിൽ നിൽക്കുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ട് ചോദിച്ചതാണ്!!
“” ഓ ഇപ്പോഴത്തെ ട്രെൻഡ് ആണല്ലോ സർപ്രൈസ് ആയിട്ട് വിദേശത്തുനിന്ന് വരുന്നത് അതായിരിക്കും അല്ലേ എന്തായാലും ശരിക്കും സർപ്രൈസ് ആയി!!! അമ്മേ അച്ഛാ ദേ നോക്ക് ആരാ വന്നിരിക്കുന്നത് എന്ന് നീ വരുന്നതറിഞ്ഞില്ല അങ്ങനെയാണെങ്കിൽ നമ്മുടെ മോനെ ഡേ കെയറിൽ വിടാതെ ലീവ് എടുപ്പിച്ച് നിർത്തിയേനെ!!!
മനോജ് പറഞ്ഞത് കേട്ടതും പുച്ഛചിരിയോടെ പറഞ്ഞു ഷിമി,
“”അവനെ ഡേ കേറിൽ വിടാതിരുന്നാൽ നിങ്ങൾക്ക് എല്ലാം ബുദ്ധിമുട്ടാവില്ലേ പിന്നെ എങ്ങനെ ഓരോ ദിവസവും ഓരോ സ്ഥലത്ത് പോയി അടിച്ചുപൊളിക്കും??””
പെട്ടെന്ന് അവൾ അങ്ങനെ പറഞ്ഞതും മനോജിന്റെ ഭാവം മാറി അപ്പോഴേക്കും അച്ഛനും അമ്മയും എല്ലാം അങ്ങോട്ടേക്ക് വന്നിരുന്നു പിന്നെ അവരുടെ വകയായി ചോദ്യം എന്താ ഇത്ര പെട്ടെന്ന് വന്നത് എന്ന്??
കാനഡയിൽ നഴ്സായി ജോലിക്ക് പോയതാണ് ഷിമി ജോലിക്ക് പോകാനുള്ള എല്ലാ ഫോർമാലിറ്റീസും പൂർത്തിയായി പോയിട്ട് ഇപ്പോൾ വെറും പതിനാല് മാസങ്ങളെ ആയിട്ടുള്ളൂ…
പക്ഷേ ഇത്ര പെട്ടെന്ന് നാട്ടിൽ വരാൻ കഴിയും എന്ന് അറിഞ്ഞില്ല..
“””ഒരുപാട് ലീവ് ഉണ്ടോ മോളെ??”
അവളെ കണ്ടുണ്ടായ പരിഭ്രമം മറച്ചുവെച്ച് മനോജിന്റെ അമ്മ ചോദിച്ചു…
“” ഉണ്ട് ഒരുപാട് ലീവ് ഉണ്ട് കാരണം ഞാൻ ഇനി തിരിച്ചു പോകുന്നില്ല!!!!!”””
അത് കേട്ട് മനോജും അച്ഛനും അമ്മയും ഒരുപോലെ ഞെട്ടി തരിച്ചു….
“””” പോകുന്നില്ല എന്നോ!!! നീ എന്തൊക്കെയാണ് ഈ പറയുന്നത്? അവിടുത്തെ നിന്റെ ജോലിക്ക് എത്രയായിരുന്നു സാലറി എന്ന് നിനക്കറിയാമല്ലോ? ഇവിടെ തലകുത്തിമറിഞ്ഞാൽ പോലും അതിന്റെ പകുതി കിട്ടില്ല എന്നിട്ട് ജോലി കളഞ്ഞു ഇവിടെ നിൽക്കുകയാണെന്ന്!!! നിനക്ക് എന്താ പ്രാന്തായോ ടി!!””
വന്നിട്ട് ഇതുവരെ ഒന്ന് അകത്തേക്ക് കയറാൻ പോലും പറഞ്ഞിട്ടില്ല, അവർക്ക് മുഴുവൻ തന്റെ ജോലിയെപ്പറ്റിയും അത് നഷ്ടപ്പെട്ടതിൽ ഉള്ള ആശങ്കകളും മാത്രമേയുള്ളൂ…
“”” എടി എന്താ അവിടെ സംഭവിച്ചത് നീ ഒന്ന് തെളിച്ചു പറ എന്ന് മനോജ് പറഞ്ഞപ്പോൾ അവൾ പറഞ്ഞിരുന്നു ആദ്യം ഞാൻ ഒന്ന് അകത്തേക്ക് കയറട്ടെ എന്ന്..
അകത്തുകയറി അവൾ കൊണ്ടുവന്ന ആ ചെറിയ ബാഗ് അവിടെ വെച്ച് അവൾ സോഫയിൽ കയറി ഇരുന്നു..
ജപ്തിയുടെ വക്കിൽ ആയിരുന്നു ഈ വീട് തന്റെ സ്വർണവും, വീട്ടിൽ നിന്ന് തനിക്ക് ആയി കിട്ടിയ സ്വത്തും മറ്റും വിറ്റാണ് ഈ വീട് ഇപ്പോൾ തിരിച്ചെടുത്തിരിക്കുന്നത്..
അന്ന് എന്റെ ആങ്ങള വന്ന് വീട് എന്റെ പേരിൽ എഴുതി തന്നാൽ മാത്രമേ അതെല്ലാം വിക്കാനാവു എന്ന് പറഞ്ഞിരുന്നു അന്നേരം വല്ലാത്ത പ്രശ്നം ഉണ്ടാക്കിയിരുന്നു ഇവിടെ എല്ലാവരും…ഒടുവിൽ എന്റെ എല്ലാം വിറ്റു വീടിന്റെ ബാധ്യതയെല്ലാം തീർത്തു വീട് എന്റെ പേരിൽ തന്നെ എഴുതിത്തന്നു..
അതും പറഞ്ഞ് കുറെ കാലം വലിയ പ്രശ്നം ഉണ്ടായിരുന്നു ഇവിടെ… മനോജേട്ടൻ പോലും എനിക്ക് സമാധാനം തന്നിട്ടില്ല ഇതിനിടയിൽ ഗർഭവും പ്രസവവും എല്ലാം കഴിഞ്ഞു പോയി.
ഈ സമയത്തെല്ലാം വീടിനു തൊട്ടടുത്തുള്ള ഹോസ്പിറ്റലിൽ ഞാൻ ജോലിക്ക് പോയിരുന്നു…
ശമ്പളം കിട്ടിക്കഴിഞ്ഞാൽ എന്റെ ആവശ്യങ്ങൾക്ക് ഒരു രൂപ പോലും തരാതെ എല്ലാം മനോജേട്ടനു കൊണ്ടുപോയി കൊടുത്തോണം അതായിരുന്നു നിയമം..
എന്നാലെങ്കിലും സമാധാനം കിട്ടുമല്ലോ എന്ന് വിചാരിച്ച് അതിനൊന്നും ഞാൻ എതിരല്ലായിരുന്നു…
അതുകഴിഞ്ഞാണ് എനിക്ക് കാനഡയിലെ ജോലി ശരിയാവുന്നത്. കുറെ ആയിരുന്നു ശ്രമിച്ചിക്കാൻ തുടങ്ങിയിട്ട് പക്ഷേ ഇപ്പോൾ കിട്ടി അതോടെ എല്ലാവർക്കും വലിയ സന്തോഷമായിരുന്നു..
കുത്തുവാക്ക് പറഞ്ഞുകൊണ്ടിരുന്ന അമ്മ വരെ പിന്നെ പെരുമാറിയത് വളരെ സ്നേഹത്തോടെയാണ്…
മനോജേട്ടന് വർക്ക് ഷോപ്പ് ആയിരുന്നു…
കുഞ്ഞായിരുന്നു പിന്നെ പ്രശ്നം എന്റെ കുഞ്ഞിനെ ഇട്ടിട്ടു പോകാൻ മനസ്സ് വന്നില്ല പക്ഷേ പൊന്നുപോലെ നോക്കിക്കോളാം എന്ന് പറഞ്ഞിരുന്നു അമ്മയും മനോജേട്ടനും എല്ലാം..
മുലകുടി പോലും മാറാത്ത കുഞ്ഞിനെ അവരെ ഏൽപ്പിച്ച് കാനഡയിലേക്ക് പോകുമ്പോൾ എന്റെ കണ്ണിൽ നിന്ന് ചോരയായിരുന്നു ഒഴുകി ചാടിയത്…
മനോജേട്ടന്റെ വീടിന്റെ തൊട്ടടുത്ത് താമസിക്കുന്ന ഷീല ചേച്ചി വലിയ കൂട്ടായിരുന്നു എനിക്ക് കാനഡയിൽ നിന്ന് വിളിക്കുമ്പോൾ ഇവിടുത്തെ എല്ലാ വിശേഷങ്ങളും എന്നോട് പങ്കുവയ്ക്കാറുള്ളത് ശീല ചേച്ചിയായിരുന്നു ഷീല ചേച്ചിയിൽ നിന്നാണ് ഞാൻ അറിഞ്ഞത്,
ആ ചെറിയ കുഞ്ഞിനെ നോക്കാൻ വയ്യാഞ്ഞിട്ട് ഒരു ഡേ കെയർ സെന്ററിൽ ചേർത്തു എന്ന്..
മനോജേട്ടൻ വർക്ക്ഷോപ്പ് പൂട്ടിയിട്ടു ഞാൻ അയക്കുന്ന പൈസ കൊണ്ട് ഇവിടെ ലാവിഷ് ആണ്…
പുതിയ കാർ മേടിച്ചു, അതിൽ അമ്മയും മോനും അച്ഛനും കൂടി കറക്കമാണ് പാവം എന്റെ കുഞ്ഞിനെ ആ സെന്ററിൽ കൊണ്ടുപോയി തള്ളും…
വീട്ടിൽ ഒന്നും വച്ചുണ്ടാക്കില്ലാ. എല്ലാം പുറത്തുനിന്ന് കഴിക്കും..
എല്ലാം ഞാൻ സഹിച്ചു..
ഒടുവിൽ മനോജേട്ടൻ ഇപ്പോൾ മുറപ്പെണ്ണിന്റെ കൂടെയാണ് പൊറുതി എന്നുകൂടി അറിഞ്ഞപ്പോഴാണ് ഇനി ഒരു വിഡ്ഢിയായി നിൽക്കാൻ താല്പര്യമില്ല എന്നും പറഞ്ഞ് ഞാൻ നാട്ടിലേക്ക് വന്നത്…
ജോലി പോയിട്ടൊന്നും ഉണ്ടായിരുന്നില്ല അത് ഞാൻ ഇവരുടെ മനസ്സ് അറിയാൻ വേണ്ടി ഒരു കള്ളം പറഞ്ഞതായിരുന്നു.
അതോടെ ശാപമായി ഞാൻ ഒന്നിനും കൊള്ളാത്തവളായി ഇറങ്ങിപ്പോകാൻ വരെ എന്നോട് മനോജേട്ടന്റെ അമ്മ പറഞ്ഞു മനോജേട്ടൻ എന്നെ വിളിക്കാത്ത തെറികൾ ഇല്ല..
അയാളുടെ അച്ഛനും കൂടെ നിന്ന് പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു എല്ലാം മിണ്ടാതെ നിന്ന് കേട്ടു എല്ലാവരുടെയും ഊഴം കഴിഞ്ഞപ്പോൾ ഞാൻ എന്റെ അഭിപ്രായം പറഞ്ഞു…
“”” എന്റെ കുഞ്ഞിനെ നന്നായി നോക്കും എന്ന് കരുതിയാണ് ഞാൻ പോയത് ഇവിടെയുള്ളത് അവന്റെ അച്ഛനും അപ്പൂപ്പനും അമ്മൂമ്മയും അല്ലേ എന്ന് കരുതിപ്പോയി പക്ഷേ എനിക്ക് തെറ്റി, നിങ്ങൾ നിങ്ങളുടെ സുഖം മാത്രം കണ്ടു….
എന്നിട്ടും ഞാൻ അവിടെ പിടിച്ചുനിന്നു എന്തെങ്കിലും ആവട്ടെ എന്ന് കരുതി പക്ഷേ, ഭർത്താവുമായി പിണങ്ങി വന്ന മുറപ്പെണ്ണുമായി വീണ്ടും നിങ്ങൾ ബന്ധം തുടങ്ങി എന്നറിഞ്ഞപ്പോൾ എനിക്ക് മനസ്സിലായിരുന്നു എത്രതന്നെ സ്നേഹിച്ചാലും എന്ത് തന്നെ ചെയ്തു തന്നാലും ഒരു കാര്യവുമില്ലാത്ത നന്ദിയില്ലാത്ത വർഗ്ഗങ്ങൾ ആണ് നിങ്ങൾ എന്ന്….
പെട്ടെന്നാണ് മനോജ് അവളെ അടിക്കാൻ നോക്കിയത് അപ്പോഴേക്കും ഷിമിയുടെ ആങ്ങള വന്ന് തടഞ്ഞിരുന്നു അവനെ…
“”” ചില കാര്യങ്ങൾ തീരുമാനിക്കാനാണ് ഞാൻ വന്നിരിക്കുന്നത് ഈ വീട് ഇപ്പോൾ എന്റെ പേരിലാണ് നിങ്ങളെല്ലാവരും ഇവിടെ നിന്ന് ഇറങ്ങി തരണം!!””
അത് കേട്ടു മനോജും അമ്മയും അച്ഛനും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കി പക്ഷേ നിയമപരമായി വീട് അവൾക്ക് എഴുതിക്കൊടുത്തതിനാൽ അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല…
പിന്നെ നേരെ ചെന്നത് ആ മനോജ് മായുള്ള ബന്ധം വേർപ്പെടുത്താൻ ആയിരുന്നു…
കുഞ്ഞിനെ കൊണ്ടുപോകുകയാണ് എന്ന് ഷീമി പറഞ്ഞപ്പോൾ അവളുടെ അമ്മയും കൂടെ പോകാൻ തയ്യാറായി കഴിഞ്ഞ തവണ മോനെ നോക്കിക്കോളാം എന്ന് പറഞ്ഞപ്പോൾ,
മനോജിന്റെ വീട്ടുകാർ സമ്മതിക്കാതെ കുഞ്ഞിനെ അവരുടെ കൂടെ നിർത്തുകയായിരുന്നു… ഷിമി പൈസ അയച്ചു കൊടുത്തില്ലെങ്കിലോ എന്ന് ഭയന്ന്…
ഡിവോഴ്സ് കാര്യങ്ങൾ മുഴുവനായും അപ്പോൾ ശരിയായില്ലെങ്കിലും ആ ബന്ധം അവൾ മനസ് കൊണ്ട് എന്നെന്നേക്കുമായി ഉപേക്ഷിച്ചിരുന്നു..
നനഞ്ഞിടം കുഴിക്കുന്ന ചില ബന്ധങ്ങളുണ്ട് അങ്ങനെയുള്ളത് കൂടെ നിർത്തിക്കഴിഞ്ഞാൽ നമ്മൾക്ക് എന്നും നഷ്ടം മാത്രമേ ഉണ്ടാകൂ…
അവർ കാണിക്കുന്നത് സ്നേഹമല്ല പകരം അവർക്ക് ലാഭത്തിനു വേണ്ടിയിട്ടുള്ള അഭിനയം മാത്രമാണ്..