എത്രയോ കാലമായി എന്നിൽ ഉണങ്ങാതെ ആഴ്ന്നു കിടന്ന ആ നീറ്റൽ വീണ്ടും ഹൃദയത്തെ വരയുന്നത് പോലെ തോന്നി…

തിരിച്ചറിവ്

രചന: Athulya Sajin

:::::::::::::::::

കരഞ്ഞു തളർന്ന കൺപോളകൾ പോലെ പെയ്തൊഴിഞ്ഞ ആകാശത്തിനും കനം വെച്ചിരുന്നു..എന്തോ നഷ്ട്ടമായവളെ പോലെ അവൾ ഇടയ്ക്കിടെ വിതുമ്പിപ്പെയ്യുന്നു…, ഇടക്ക് ഇരുണ്ട മൗനത്തെ വിഴുങ്ങുന്നു…

അവളുടെ ഭാവമാറ്റങ്ങൾ എന്നിൽ വല്ലാത്തൊരുതരം വിമ്മിഷ്ടമുണ്ടാക്കി… തെളിഞ്ഞു നിൽക്കുന്ന പ്രകൃതി നമുക്ക് എത്രത്തോളം ഊർജം നൽകുന്നുവോ അതുപോലെ തന്നെ പെയ്തു കൊണ്ടിരിക്കുന്ന ഇവളും എന്നിൽ വല്ലാത്ത അസ്വസ്ഥത നിറച്ചു വെച്ചു….

പ്രധാന പാതയിലെ വാഹനങ്ങളുടെ തിക്കും തിരക്കുമുള്ള ഒരു സായഹ്നത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു അപ്പോൾ ഞാൻ…

ഏറെ നേരം നീണ്ടുനിന്ന, ഹോസ്പിറ്റലിലെ കോൺഫറൻസ് കഴിഞ്ഞു തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ അപ്രതീക്ഷിതമായി ഉണ്ടായ ട്രാഫിക് കുരുക്ക് എനിക്ക് വീണു കിട്ടിയ ഒരു വിശ്രമവേളയായി തോന്നി…

വീട്ടിലെത്തിയാൽ അടുത്ത ദിവസത്തേക്കുള്ള വർക്കുകൾ പിന്നെയും എന്നെ തളർത്തിക്കൊണ്ടിരിക്കും…

ഞാൻ പുറത്തേക്ക് കണ്ണു പായിച്ചു… കാറിന്റെ ചില്ലിൽ മഴ നെയ്തെടുത്ത നനഞ്ഞ ചിത്രതുന്നലുകൾക്കിടയിലൂടെ പെട്ടന്ന് ആ കാഴ്ച എന്നെ തിരഞ്ഞെത്തി…

അതേ.. ഇതവർ തന്നെ ആണ്…

എത്രയോ കാലമായി എന്നിൽ ഉണങ്ങാതെ ആഴ്ന്നു കിടന്ന ആ നീറ്റൽ വീണ്ടും ഹൃദയത്തെ വരയുന്നത് പോലെ തോന്നി… കാറിന്റെ ഗ്ലാസ്‌ താഴ്ത്തി ഒന്നുകൂടെ നോക്കി ഉറപ്പുവരുത്തി…

അതേ… റോഡിനോട് ചേർന്ന മരുന്നുകടയിൽ ആ അമ്മ നിൽക്കുന്നുണ്ട്…

കരിമ്പൻ വീണു പഴകിയ നേര്യേത്തിന്ടെ തുമ്പ് ക്രമം തെറ്റി അവരുടെ തോളിൽ അലസമായി കിടന്നിരുന്നു… പകുതിയും നര വീണ ഇത്തിരി മുടി വെറുതെ കെട്ടിവെച്ചിരിക്കുകയാണ്…

കയ്യിൽ ഒരു തൂക്കുപാത്രം.. ആ മുഖത്തു മുറ്റി നിൽക്കുന്ന വേവലാതി ഞാൻ വായിച്ചെടുത്തു…കടയിലെ പയ്യൻ ഒരു പൊതി അവർക്കു നേരെ നീട്ടി… അവർ അതുവാങ്ങി കൈയിൽ ചുരുട്ടി വെച്ചിരുന്ന നോട്ടുകളിൽ നിന്നും ഏതാനും നോട്ടുകൾ അവന് കൊടുത്തു…

അവർ വാഹനങ്ങൾക്കിടയിലൂടെ ആയാസപ്പെട്ടു റോഡ് മുറിച്ചു കടന്നു.. എന്നിട്ട് മറുഭാഗത്തുള്ള ഒരു ഇടറോഡിലേക്ക് കയറിനടന്നു… അത് നഗരത്തിലെ സർക്കാർ ആശുപത്രിയിലേക്ക് ചെന്നെത്തുന്ന റോഡ് ആയിരുന്നു…

ആരായിരിക്കും അവിടെ?? എന്നിലെ ആകാംഷ വർധിച്ചു…

വണ്ടിയുമായി ആശുപത്രിയിലേക്ക് വന്നാൽ മതി എന്ന് ഡ്രൈവറോട് പറഞ്ഞ് ഞാൻ അവരുടെ പുറകെ ചെന്നു…

ചെറിയ ചാറ്റൽമഴ വീണു തുടങ്ങിയിരുന്നു അപ്പോൾ… കഷ്ടിച്ചു ഒരു വർഷത്തിന് മുൻപാണ് ഞാൻ അവരെ ആദ്യമായി കാണുന്നത്…

എന്റെ ഏറ്റവും അടുത്ത സുഹൃത്തും ടൌൺ എസ് ഐ മായിരുന്ന ജോൺ വിളിച്ചിട്ടാണ് അന്ന് സ്റ്റേഷനിലേക്ക് ചെന്നത്…

ഒരു പതിനേഴു പതിനെട്ടു വയസ്സ് മാത്രം തോന്നിക്കുന്ന ഒരു പെൺകുട്ടിയും ഒരു പയ്യനും കുറച്ചു ഡ്യൂട്ടിയിൽ ഉള്ള പോലീസുകാരും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു…

നേരം പുലരുന്നതേ ഉള്ളൂ… അവരെ കണ്ടപ്പോൾ തന്നെ ഏകദേശം കാര്യങ്ങൾ ഞാൻ ഊഹിച്ചു…

ഇതിനു മുൻപും ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ അവൻ സൈക്കാട്രിസ്റ്റ് ആയ എന്നെ വിളിക്കാറുണ്ടായിരുന്നു..

അവൻ എന്നെ ക്യാബിനിലേക്ക് വിളിപ്പിച്ചു… കാര്യങ്ങൾ ഏകദേശം എന്നെ ധരിപ്പിച്ചു…

പെൺകുട്ടി പ്ലസ് ടു കഴിഞ്ഞിട്ടേ ഉള്ളൂ… അവൻ രാത്രി മണൽ ലോറികൾക്ക് എസ്കോർട്ട് പോവുന്നു… രാത്രി നൈറ്റ്‌ പെട്രോളിങ്ങിന് ഉണ്ടായിരുന്ന പോലീസ് കാരാണ് ബൈക്കിൽ കറങ്ങുകയായിരുന്ന രണ്ടുപേരെയും പിടിച്ചത്… പെൺകുട്ടിക്ക് പതിനെട്ടു തികഞ്ഞിട്ടുണ്ട്… അവനാണെങ്കിൽ പക്കാ ഫ്രോഡ്…

അവൾ അവന്റെ കൂടെ പോവാ ന്നാ പറയുന്നത്… നമുക്ക് ഫോഴ്സ് ചെയ്ത് വീട്ടുകാരുടെ കൂടെ വിടാൻ കഴിയില്ല…

വീട്ടിൽ വിവരം അറിയിച്ചിട്ടുണ്ട് അവർ വരുന്നതിനു മുൻപേ നീ ആ പെൺകുട്ടിയോട് ഒന്ന് സംസാരിക്ക്…

അവൾ എന്റെ മുൻപിലായി വന്നു നിന്നു… തല കുമ്പിട്ടു നിൽക്കുകയാണ്… മുഖത്തു വല്ലാത്ത ഗൗരവം… ഞാൻ അവളോട് ഇരിക്കാൻ പറഞ്ഞു…

മുഖത്തേക്ക് നോക്കുന്നില്ല.. വളരെ നേരത്തെ പരിശ്രമത്തിനോടുവിൽ ആണ് കാര്യങ്ങൾ കുറച്ചെങ്കിലും പറഞ്ഞത്…

വീട്ടിൽ അമ്മ മാത്രം… ഒരു അച്ചാറു കമ്പനിയിൽ പണിയെടുക്കുന്നു… പഠിക്കാൻ മിടുക്കി ആയിരുന്ന അവൾക് പ്ലസ് ടു വിന്റെ ഉയർന്ന മാർക്കു കണ്ട് വീട്ടിലെ സ്ഥിതി അറിയാവുന്ന ടീച്ചർ തുടർപഠനത്തിന്റെ ചിലവ് വഹിക്കാം എന്ന് ഉറപ്പ് നൽകിയിട്ടുണ്ട്…

പുറത്ത് ഒരു ഓട്ടോ വന്നു നിന്നു… അവൾ ജനലിലൂടെ പുറത്തു നോക്കി ആകുലതപ്പെടുന്നു… അമ്മയായിരിക്കണം… കൂടെ മറ്റൊരു സ്ത്രീയുമുണ്ട്…

കരഞ്ഞു ചുവന്ന കണ്ണുകളുമായി ഭയത്തോടെ കൈകൾ രണ്ടും ചേർത്തു പിടിച്ചുകൊണ്ട് അവർ പുറത്ത് തന്നെ നിന്നു..എന്നാൽ കണ്ണുകൾ ഇടയ്ക്കിടെ വാതിൽ കടന്ന് അകത്തേക്ക് സഞ്ചരിക്കുന്നുണ്ട്….കാര്യങ്ങൾ എല്ലാം ചോദിച്ചറിയുന്നത് കൂടെ വന്ന സ്ത്രീയാണ്…

അവർ രണ്ടു പേരും കൂടെ അകത്തേക്ക് വന്നു… അവിടവിടെയായി അച്ചാർ കറ പറ്റിയ മുഷിഞ്ഞു പിന്നിയ ഒരു കോട്ടൺ സാരിയിൽ അവർ ഭയന്നു നിന്നു…

ആ അമ്മ മോളെ കണ്ടു… കരഞ്ഞില്ല…, അവളെ അടിച്ചില്ല ദേഷ്യപ്പെട്ടില്ല…, മരവിച്ച പോലെ അങ്ങനെ നിന്നു… അവളും തലയുയർത്തി അവരെ ഒന്ന് നോക്കിയത് കൂടിയില്ല…

കൂടെ വന്ന സ്ത്രീയാണ് എല്ലാം പറഞ്ഞത്…അത് അവളുടെ ടീച്ചർ ആയിരുന്നു…

വളരെ നാളത്തെ കാത്തിരിപ്പിനോടുവിൽ അവർക്ക് ജനിച്ച കുഞ്ഞാണ് നിമ്മി… അവൾക്കു രണ്ടു വയസ്സ് തികയുന്നതിനു മുൻപേ അച്ഛൻ മരിച്ചു… വളരെ ബുദ്ധിമുട്ടിയാണ് ഇവര് അവളെ വളർത്തിയത്…

ഞാൻ അവളുടെ ടീച്ചർ മാത്രമല്ല എല്ലാം അറിയുന്ന അയൽക്കാരി കൂടിയാണ്…

നാടിന്റെ മുഴുവൻ പ്രതീക്ഷയാണ് സാർ… ഇങ്ങനെ ഒരു അബദ്ധം ഇവൾ ചെയ്യുമെന്ന് കരുതിയില്ല… അറിവില്ലായ്മ തിരുത്തി ആരും ഒന്നും അറിയാതെ ഇവളെ ഞങ്ങളുടെ കൂടെ പറഞ്ഞു വിടണം…

അപ്പോഴേക്കും ആ അമ്മ വിതുമ്പിപ്പോയിരുന്നു… ഒന്നുറക്കെ കരയാൻ പോലും ആവാതില്ലാത്ത ആ മെലിഞ്ഞ ശരീരത്തിൽ ജീവൻ അപ്പോളും ബാക്കിനിൽപ്പുണ്ടെന്നു കാണിച്ചു തന്നത് തിമിരത്തിന്റെ വെളുത്ത പാട മൂടിയ ആ കണ്ണുകളിൽ നിന്നുമുതിർന്ന രണ്ടു തുള്ളി കണ്ണുനീരായിരുന്നു…

അമ്മ വിഷമിക്കരുത്.. നിമ്മി നിങ്ങളുടെ കൂടെ വരും…

ഞാൻ അവളോടൊന്നു സംസാരിക്കട്ടെ…

അതും പറഞ്ഞു ഞാൻ അവരോട് പുറത്തേക്ക് നിൽക്കാൻ പറഞ്ഞു….അവളപ്പോളും തലയുയർത്താതെ, ഒരു തരി കുറ്റബോധവുമില്ലാതെ എന്റെ മുൻപിലിരുന്നു…

പിന്നെയും അവളോട് ഞാൻ പലതും ചോദിച്ചറിഞ്ഞു… പലതും പറഞ്ഞു നോക്കി… അവളുടെ മുന്നിൽ നീണ്ടു കിടക്കുന്ന നല്ല നാളുകളെ ഓർമ്മപ്പെടുത്തി..

ഒന്നു മാറിചിന്തിച്ചാൽ ശോഭനമായേക്കാവുന്ന അവളുടെ ഭാവിയെപ്പറ്റി പറഞ്ഞു… എന്നിട്ടും അവളുടെ തീരുമാനത്തെ മാത്രം മാറ്റാൻ എനിക്കായില്ല…

അവസാനമെന്നോണം ഒന്നുകൂടി പറഞ്ഞു…

മോള് മറ്റൊന്നും ചിന്തിക്കേണ്ട.. കഴിഞ്ഞു പോയതൊന്നും… മോള് പഠിച്ചു വലിയ നിലയിലെത്തുമ്പോൾ ആ അമ്മയുടെ മുഖത്തുണ്ടാകുന്ന ഒരു ചിരി… നിനക്ക് ഈ ലോകത്തിൽ ഒരു കടപ്പാടുണ്ടെങ്കിൽ.., ഒരു വാക്ക് നിറവേറ്റാനുണ്ടെങ്കിൽ അത് അമ്മയോട് മാത്രമാണ്… അല്ലാതെ ഒരിക്കലും അത് അവനോടല്ല…

അവസാനമായി ഒന്ന് കൂടെ ഓർക്കു… നീ പോയിക്കഴിഞ്ഞാൽ പിന്നെ നിന്റെ അമ്മ ആർക്കുവേണ്ടിയാണ് ജീവിക്കുക? അല്ലെങ്കിൽതന്നെ ജീവിക്കും എന്നതിൽ വല്ല ഉറപ്പുമുണ്ടോ…

അമ്മയെ ഇല്ലാതാക്കി പിന്നെ നീ ജീവിതത്തിൽ എന്തു നേടിയിട്ടും നിനക്ക് സന്തോഷം കിട്ടുമോ…????

പെട്ടന്ന് എന്നെ അമ്പരപ്പിച്ചു കൊണ്ട് അവൾ എന്റെ മുഖത്തു നോക്കി… ആ കണ്ണുകളിൽ കുറ്റബോധത്തിന്റെ ഒരു കണ്ണീർച്ചാൽ രൂപം കൊണ്ടു…

അവളുടെ മനസ്സ് മാറി എന്നെനിക് ബോധ്യമായി…

മോള് ഇനി നല്ല കുട്ടിയായി അമ്മയുടെ കൂടെ പോണം… ഇതൊന്നും ആരും അറിയില്ല… ഒരിക്കലും മോളുടെ ഭാവിയെ ബാധിക്കില്ല…

ഞാൻ അവരെ വിളിക്കാം…

വേണ്ട… കണ്ണുകൾ ശക്തിയിൽ തുടച്ചുമാറ്റി അവൾ എഴുന്നേറ്റു… എന്നിട്ട് എന്റെ കണ്ണിൽ നോക്കി പറഞ്ഞു..

ഞാൻ പ്രവീണേട്ടന്റെ കൂടെതന്നെ പോവും.. എന്റെ ജീവിതം തീരുമാനിക്കുന്നത് ഞാനാണ്… മാറ്റാരുമല്ല…

എന്നിട്ട് പുറത്തേക്കിറങ്ങി പോയി..
അമ്മയെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവനോടൊപ്പം അവൾ പോയി.. അവൾ പോവുന്നത് ആ അമ്മയോടൊപ്പം നിസ്സഹായനായി നോക്കി നിൽക്കാനേ എനിക്കായുള്ളൂ…

ഞാൻ അവരുടെ മുന്നിൽ വാക്കു പാലിക്കാൻ കഴിയാത്തവനെപ്പോലെ നിന്നതിൽ എനിക്ക് വിഷമം തോന്നിയില്ല…

സ്റ്റേഷൻ ന്റെ പടികളിറങ്ങുമ്പോൾ വേച്ചു വീഴാൻ പോയ അവരെ പിടിച്ചപ്പോൾ അവരെന്റെ മുന്നിൽ കൈകൂപ്പി…

ഹൃദയത്തിൽ നിർത്താതെ പൊട്ടിക്കൊണ്ടിരിക്കുന്ന ഒരഗ്നിപാർവ്വതത്തിന്റെ പൊള്ളുന്ന ലാവ അവരുടെ കണ്ണിലൂടെ ഒഴുകി എന്റെ നെഞ്ചിൽ വന്നു നിന്നു.. അപ്പോൾ എന്റെ ഉള്ളിലും ഒരാന്തലുണ്ടായി…..

ആ കണ്ണുകൾ പിന്നെ ഒരിക്കലും എന്നെ വിട്ടു പോയിട്ടില്ല….. ഞാൻ അവരുടെ പിന്നാലെ ചെന്നു… പേ വാർഡിലേക്കാണ് അവർ പോകുന്നത്…

അവിടെ ഒരു കട്ടിലിൽ പുറം തിരിഞ്ഞു കിടക്കുന്ന ഒരാളെ അവർ തട്ടി വിളിച്ചു…

എനിക്ക് അതറിയാനുള്ള ആകാംഷ കൂടി വന്നു… ഞാൻ തൊട്ടടുത്തു ചെന്നു നോക്കി… അവൾ തിരിഞ്ഞു… നിമ്മി..

എന്നെ കണ്ടതും അത്ഭുതപ്പെട്ടു… അവളുടെ മുഖത്തെ ഭാവം കണ്ടിട്ടാണ് അമ്മ തിരിഞ്ഞു നോക്കിയത്..

ഡോക്ടർ..??

എന്നെപ്പോലെ തന്നെ അവരും എന്നെ മറന്നിട്ടില്ല എന്നു മനസ്സിലായി…

ഒരു നിർജീവമായ പുഞ്ചിരി തന്ന് അവൾ മുഖം കുനിച്ചിരുന്നു…

എന്നാൽ അമ്മയുടെ മുഖത്തുനിന്നും അവരുടെ സന്തോഷം ഞാൻ വായിച്ചെടുത്തു… ഞാൻ അവരോടൊപ്പം പുറത്തേക്കു നടന്നു…

കുറച്ചു കഴിഞ്ഞപ്പോൾ അവന് അവളെ മടുത്തു.. വയറ്റിൽ കുരുത്ത ജീ വനെ ക ള യ ണം എന്നു പറഞ്ഞപ്പോൾ മാത്രം അവളെതിർത്തു…

വീട്ടുകാരും അവന്റെ കൂടെ ചേർന്ന് എന്റെ കുഞ്ഞിനെ ദ്രോഹിച്ചു… പട്ടിണിക്കിട്ടു…

സഹിക്കാൻ കഴിയാതെ വന്നപ്പോളാവും പുഴയിലേക്ക് എടുത്തു ചാടിയത്.. ന്റെ കുട്ടി…

ആരൊക്കെയോ രക്ഷിച്ചു…കുഞ്ഞു പോയി..

അവൾക്കു തെറ്റ് ബോധ്യമായി… മനസ്സിനേറ്റ മുറിവുകൾ കരിഞ്ഞു തുടങ്ങി.. ഇനി ശരീരത്തിലെ മുറിവുകൾ കൂടി മാറിയാൽ അവളെന്റെ പഴേ കുട്ട്യേന്നെ ആയി…

ആവും ല്ലേ സാറേ…

ആവും…

അവളിനി പഠിക്കണം എന്ന് പറയിണ്ട്.. എല്ലാം നേരെ ആവും.. ഞാൻ ആശിച്ച പോലെ ന്റെ മോള് വല്ല്യ ആളാവും.. ക്ക് ഇപ്പൊ ഒറപ്പിണ്ട്.. അതിനല്ലേ ദൈവം അന്ന് ചാവാൻ തോന്നിപ്പിക്കാതെ നിക്ക് ധൈര്യം തന്നത്…

ആ മുഖത്തെ പ്രതീക്ഷ എന്നിലും വിടർന്നു…

എല്ല വിവരങ്ങളും ചോദിച്ചു.. വിലാസവും വാങ്ങി.. ഇറങ്ങാൻ നേരം ആ അമ്മ ഒന്നുകൂടി എന്നോട് പറഞ്ഞു…

അന്ന് അവൾക്കു അറിയാർന്നു അവളുടെ വയറ്റിലെ ആ തുടിപ്പ്… അതാ എന്റെ കൂടെ വരാതിരുന്നേ… ഒരമ്മയായി ചിന്തിക്കാനേ അപ്പൊ ന്റെ കുട്ടിക്ക് ആയുള്ളൂ…

ആ സമയം അതായിരുന്നു അവൾക്കു ശരി… ഒരു നെടുവീർപ്പോടെ പറഞ്ഞു കൊണ്ട് അവർ തിരിഞ്ഞു നടന്നു…

ഏതൊരമ്മയും ഒരു തരിപൊലും അവരുടെ മക്കളിൽ കളങ്കം നിൽക്കാൻ ആഗ്രഹിക്കുന്നില്ല… പുറത്തിറങ്ങിയപ്പോൾ കാർമേഘങ്ങളെല്ലാം അടർന്നു വീണു കഴിഞ്ഞ് ആകാശം തിളങ്ങി നിന്നു…

അമ്മമാരെ സന്തോഷിപ്പിക്കാൻ വലിയ പണിയൊന്നുമില്ലന്നെ… നമ്മൾ എപ്പോളും ഹാപ്പി ആയിരുന്നാൽ മതി… നമ്മുടെ സന്ദോഷങ്ങളിലും നേട്ടങ്ങളിലുമാണ് അവർ ജീവിക്കുന്നത്…