വിഷമം മറ്റാരും കാണാതെ ഉള്ളിനുള്ളിൽ ഒളിപ്പിച്ച് പോയ്‌ വരാം എന്ന് പറയാനാണ് അതിലും കഷ്ടം..

രചന: Aparna Aravind

::::::::::::::::

മോളെയും എടുത്ത് പടിയിറങ്ങുമ്പോൾ വല്ലാത്തൊരു സങ്കടം.. ഒന്നുമല്ലങ്കിൽ ജനിച്ചുവളർന്ന വീടല്ലേ..

വിട്ടുപോകുമ്പോൾ ഉള്ളിൽ സങ്കടം ഇല്ലാതിരിക്കുമോ..ഇടയ്ക്കുള്ള സന്ദർശനം കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ എപ്പോളുമുള്ളതാണ് ഈ വിമ്മിഷ്ടം.

വിഷമം മറ്റാരും കാണാതെ ഉള്ളിനുള്ളിൽ ഒളിപ്പിച്ച് പോയ്‌ വരാം എന്ന് പറയാനാണ് അതിലും കഷ്ടം..

ഇനി എത്രനാള് കഴിയണം ഒന്ന് കാണാനെന്നും പറഞ് അമ്മ നെറ്റിയിൽ അമർത്തി ചുംബിക്കുമ്പോൾ നെഞ്ചുപിടയുന്നത് നന്നായ് മനസിലാകുന്നുണ്ടായിരുന്നു..

ഞങ്ങൾ പടിയിറങ്ങുമ്പോൾ അച്ഛനും അമ്മയും തനിച്ചാവുന്നതും ആ നിശബ്തതയിൽ ഞങ്ങളെ ഒരായിരം തവണ അവർ ഓർത്തെടുക്കുന്നതും പതിവാണ്.

പെൺകുട്ടികൾ മാത്രമുള്ള വീടിന്റെ നിസ്സഹായത ആണ് ഈ ഏകാന്തത.

മാസങ്ങൾക്ക് ശേഷം വീട്ടിൽ താമസിക്കാൻ വരുമ്പോൾ പൂർണ്ണചന്ദ്രൻ ഉദിച്ചത് പോലുള്ള സന്തോഷമാകും മനസ്സിൽ..

പക്ഷെ തിരിച്ചുപോകുമ്പോളുള്ള ആ നൊമ്പരം അത് വല്ലാത്തൊരു അവസ്ഥയാണ്.. സ്വന്തം വീട് നൽകുന്ന വാത്സല്യം മറ്റ് ഒരിടത്തുനിന്നും ലഭിക്കില്ലെന്ന് അവൾക് നന്നായറിയാം..

അച്ഛന്റെ പുന്നാരമോളാകാൻ.. അമ്മയുടെ കാന്താരിയാകാൻ.. ചേച്ചിയുടെ വഴക്കാളി അനിയത്തിയാകാൻ.. പുന്നാര കണ്ണൂസിന്റെ പ്രിയപ്പെട്ട ചിറ്റയാകാൻ..

ഓരോ നിമിഷവും വാത്സല്യം ഏറ്റുവാങ്ങാൻ.. ജനിച്ചുവളർന്ന വീട് എന്നും പെണ്ണിനൊരു സ്വർഗ്ഗമാണ്..അമ്മയോട് കിന്നാരം പറഞ്ഞിരിക്കാൻ..

നീ വന്നപ്പോളാണ് വീട് ഉണർന്നതെന്ന് അച്ഛൻ തോളിൽ തട്ടി പറയുന്നത് കേൾക്കാൻ, നിന്റെ കുസൃതിക്ക് ഇനിയും മാറ്റം വന്നില്ലേയെന്ന് ചേച്ചി വഴക്ക് പറയുന്നത് കേൾക്കാൻ,ടീവി യിൽ ചാനൽ മാറ്റാൻ അടിയുണ്ടാക്കാൻ, രാത്രിയിൽ ഒരുമിച്ചിരുന്ന് പഴയ കഥകൾ പറയാൻ..

നിന്നോളം വലിയൊരു കച്ചറ വേറെ ഇല്ലായിരുന്നെന്ന് അമ്മ എണ്ണിയെണ്ണി പറയുന്നത് കേൾക്കാൻ…..

ഓരോന്നും അവളുടെ വലിയ വലിയ സന്തോഷങ്ങളാണ്.. സങ്കടങ്ങളും പരിഭവങ്ങളും മാറ്റിവെച്ച് പഴയ പാവാടക്കാരി പെൺകുട്ടിയായ് സന്തോഷിച്ചിരിക്കാൻ..

ദിവസങ്ങൾ ഓടിയോടി കടന്ന് പോയശേഷം ഇന്ന് വൈകുന്നേരം തിരിച്ചുപോകണമെന്ന് അമ്മയോട് മുഖം വാടി പറയുമ്പോൾ വല്ലാത്തൊരു ഭാരമായിരിക്കും അവളുടെ നെഞ്ചിൽ..

ഉച്ചക്ക് എല്ലാവരുമൊത്ത് ഭക്ഷണം കഴിക്കുമ്പോൾ ഉരുള തരണ്ടേ ഇന്നെന്ന് അമ്മ ചോദിക്കുമ്പോൾ, കണ്ണിൽ നിന്ന് ഊർന്നിറങ്ങുന്ന കണ്ണുനീർ വിദഗ്ധമായി ഒളിപ്പിക്കുമ്പോൾ,

ഇനി കച്ചറകളിക്കാൻ ഞാൻ ഉണ്ടാകില്ലല്ലോ എന്ന് തമാശയായി പറയുമ്പോൾ, സങ്കടം തൊണ്ടയിൽ കടിച്ചമർത്തി സഹിക്കുമ്പോൾ,

അവസാനം പിന്നീട് കാണാമെന്നും പറഞ് വീടിനോടും പൂക്കളോടും മരങ്ങളോടും യാത്ര പറഞ് പടിയിറങ്ങുമ്പോൾ, പറഞ്ഞറിയിക്കാൻ പറ്റാത്ത നോവാണ് ഓരോ നിമിഷവും..

പെണ്ണിന് മാത്രം മനസ്സിലാകുന്ന നോവ്..
അവിടുത്തെ പടികൾ ഇറങ്ങിയാൽ അവൾ മറ്റൊരാളായ്‌ മാറിയിട്ടുണ്ടാകും..

ആ കുസൃതി പെൺകുട്ടി മുതിർന്ന പെണ്ണായ് നടന്നു നീങ്ങുന്നുണ്ടാകും.. വീണ്ടും വരാമെന്ന് അമ്മയോട് കണ്ണുകൾ കൊണ്ട് കഥ പറയുന്നുണ്ടാകും..

ഉത്തരവാദിത്യമുള്ള ഭാര്യയായ് മുതിർന്ന മരുമകളായ് മക്കളുടെ പ്രിയപ്പെട്ട അമ്മയായ് അവൾ നടന്ന് നീങ്ങുന്നുണ്ടാകും..