ഓർമ്മവെച്ച കാലം മുതൽ മീനാക്ഷി എന്റെ കൺവെട്ടത്തുണ്ട്. തടിച്ചുരുണ്ട് വെളുവെളാ വെളുത്ത ഒരു ചുന്ദരി കുട്ടി..

ഭൂമിയിലെ മാലാഖമാർ

രചന: Aparna Aravind

::::::::::::::::::::

അവളോട് വല്ലാത്തൊരു ദേഷ്യം തോന്നിയിരുന്നു.. എന്താണ് യഥാർത്ഥ കാരണമെന്ന് ഇന്നും ഓർമ്മയില്ല..

പക്ഷെ ഒന്നെനിക്കറിയാം, അതുവരെ മറ്റാരോടും തോന്നാത്ത എന്തോ ഒരു വെറുപ്പ് എനിക്കവളോടുണ്ടായിരുന്നു. മീനാക്ഷി എന്ന പേര് പോലും ഞാൻ വെറുത്ത് തുടങ്ങിയത് അവളെ കണ്ടതിന് ശേഷമാണ്.

ഓർമ്മവെച്ച കാലം മുതൽ മീനാക്ഷി എന്റെ കൺവെട്ടത്തുണ്ട്.. തടിച്ചുരുണ്ട് വെളുവെളാ വെളുത്ത ഒരു ചുന്ദരി കുട്ടി..

സ്കൂളിൽ പ്രാർത്ഥനയ്ക്കും പാട്ട് പാടലിനും മുൻ നിരയിൽ ചിരിച്ചുകൊണ്ട് അവളുണ്ടാകും. എല്ലാ ചെറുക്കന്മാരെയും പോലെ എനിക്കും അവളോട് എന്തോ ഒരിത് ഒക്കെ തോന്നിയിരുന്നു..

ക്ലാസ്സിൽ പഠിപ്പി ആയത് കൊണ്ട് തന്നെ അവളും ഞാനും എപ്പോളും മത്സരമായിരുന്നു.. അവളുടെ മുൻപിൽ ഞാൻ തോറ്റുപോകരുത് എന്ന് എനിക്ക് വല്ലാത്തൊരു വാശിയുണ്ടായിരുന്നു.

ഏഴാം ക്ലാസ്സ്‌ വരെ ഒരുമിച്ച് കളിച്ചും തല്ലുപിടിച്ചും ഞങ്ങൾ നല്ല കൂട്ടുകാരായി കൂട്ടുകൂടി നടന്നു..വലിയ ക്ലാസ്സിലേക്ക് സ്കൂൾ മാറിയശേഷമാണ് ഞങ്ങളുടെ ശത്രുത തുടങ്ങുന്നത്..

അന്നൊക്കെ അവളുടെ കൂടെ എപ്പോഴും ആ സോഡാകുപ്പി കണ്ണടക്കാരൻ അഭിജിത്ത് ഒലിപ്പിച്ച് നടപ്പുണ്ടാകും..

അവനാണെങ്കിലോ ഭൂലോക പഠിപ്പിയും വസന്ത ടീച്ചറുടെ പുന്നാര പുത്രനും. മറ്റ് പെൺപിള്ളേരെ പോലെ മീനാക്ഷിയും അഭിജിത്തിന്റെ ബെസ്റ്റ് ഫ്രണ്ട് ആയ് മാറി. അതിൽ എനിക്ക് അത്യാവശ്യം കുശുമ്പ് തോന്നി തുടങ്ങി.

അവനെ ഞാൻ കണ്ണുപൊട്ടൻ എന്ന് അറിയാതെ വിളിച്ചുപോയത് മുതലാണ് മീനാക്ഷി എന്നെ കാണുമ്പോൾ മുഖം തിരിച്ചു നടക്കാൻ തുടങ്ങിയത്.. അവളുടെ പുറകെ പല തവണ മാപ്പ് പറഞ് പോയിട്ടും പഴയപോലെ മിണ്ടാൻ അവൾ ഒരുക്കമായില്ല..

പത്താം ക്ലാസ്സിൽ ഫുൾ എ പ്ലസ് വാങ്ങി അവളുടെയും ആ അഭിജിത്തിന്റെയും ഫോട്ടോ നാട്ടിൽ മുക്കിലും മൂലയിലും നിറഞ്ഞപ്പോൾ അവളോടുള്ള വെറുപ്പ് എന്റെ തലച്ചോറിൽ നിറഞ് തുളുമ്പി.

പ്ലസ് ടു കഴിഞ്ഞ് എൻജിനീയർ ആവണമെന്നും പറഞ് അഭിജിത്ത് ബാംഗ്ലൂർലേക്ക് വണ്ടി കയറി..ഞാൻ ആണെങ്കിലോ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് എന്നും പറഞ് ആ രോഹിത്തിന്റെ കൂടെ തട്ടേലും കയറി.

ഡോക്ടർ ആവണമെന്ന് പറഞ് ഒറ്റ കാലിൽ തപസ്സു ചെയ്ത മീനാക്ഷി നേഴ്സ് ആവാൻ തീരുമാനിച്ച വിവരം പടക്കം പൊട്ടിച്ചാണ് ഞാൻ ആഘോഷിച്ചത്.

അവളുടെ ഏറ്റവും വലിയ സ്വപ്നം എട്ട് നിലയിൽ പൊട്ടിയത് എനിക്ക് വലിയ ആശ്വാസം നൽകിയിരുന്നു..

പഠിപ്പൊക്കെ കഴിഞ്ഞ് ജോലിയുമായി മുൻപോട്ട് പോയ്‌ തുടങ്ങിയപ്പോളും പഴയ വാശിയും ദേഷ്യവും ഒട്ടും കുറഞ്ഞിരുന്നില്ല..

ഹോസ്പിറ്റലിലേക്ക് ബാഗും തൂക്കി ഓടുന്ന അവളെ പലപ്പോഴും ഓരോന്നൊക്കെ പറഞ് ഞാൻ കളിയാക്കിയിട്ടുണ്ട്..

ഒരിക്കൽ ഓണത്തിന് ലീവ് ഇല്ലെന്നും പറഞ് ഡ്യൂട്ടിക്ക് പോകാൻ ബസ്സ് സ്റ്റോപ്പിൽ നിൽക്കുന്ന അവളെ ഡോക്ടറർ മീനാക്ഷി എന്ന് പറഞ് ഞാനും എന്റെ തല്ലുകൊള്ളി ചങ്ങായിമാരും കളിയാക്കി..

റോഡ് ക്രോസ്സ് ചെയ്ത് ഞങ്ങളുടെ അടുത്തേക്ക് അവൾ വരുന്നത് കണ്ടപ്പോൾ അടി കിട്ടിയേക്കാം എന്ന് എനിക്കും തോന്നിയിരുന്നു. പക്ഷെ അവൾ ചോദിച്ചത് മറ്റൊന്നായിരുന്നു..

” A നെഗറ്റീവ് ബ്ലഡ്‌ ഉള്ളവർ ആരെങ്കിലുമുണ്ടെങ്കിൽ എന്റെ കൂടെ ഹോസ്പിറ്റലിലേക്ക് വരണം…

പ്ലീസ് . ഒരു എമർജൻസി കേസ് വന്നിട്ടുണ്ട്.. നിങ്ങൾ കാരണം ഒരു ജീവൻ രക്ഷപെട്ടേനെ”..

അവളത് പറയുമ്പോൾ അവളുടെ കണ്ണിൽ വല്ലാത്തൊരു പ്രകാശം തെളിഞ് നിൽക്കുന്നുണ്ടായിരുന്നു..

ആകാശും വൈശാഖും ബ്ലഡ്‌ തരാൻ തയ്യാറാണെന്നും പറഞ് അവളുടെ പുറകെ പോയി. അവൾ നിർബന്ധിച്ച് കൊണ്ട് പോയതാണെന്ന് പറയുന്നതാകും ശെരി.

അത്രമാത്രം അവൾ അവന്മാരെ കൌൺസിൽ ചെയ്തിട്ടുണ്ട്.

അവൾ വല്ലാതെ മാറിപ്പോയിരിക്കുന്നു എന്നെനിക്ക് തോന്നി. അണിഞ്ഞൊരുങ്ങാതെ അവളെ ഞാൻ കണ്ടിട്ടേ ഇല്ല..

മുഖത്തേക്ക് ശോഭ പകരുന്ന ഒരു ചന്ദനക്കുറിയും സംസാരിക്കുമ്പോൾ ചന്തത്തിൽ ഇളകുന്ന ജിമിക്കിയും നല്ല കളർഫുൾ ഡ്രെസ്സും, കൈ നിറയെ കിലുങ്ങുന്ന വളയും അങ്ങനെ എന്തൊരു ചന്തമായിരുന്നു പെണ്ണിന്..

അവൾ നടന്ന് വരുമ്പോൾ പെട്ടന്ന് അറിയാമായിരുന്നു.. ചുറ്റും മണികളുള്ള ചുവന്ന കല്ലുവെച്ച ഒരു കിടുക്കാച്ചി പാദസരം അവളുടെ കാലിൽ എപ്പോഴും ഉണ്ടാകുമായിരുന്നു..

ഇപ്പോഴാണെങ്കിലോ ഇതൊന്നും അവൾ അണിഞ്ഞിട്ടില്ല. വളയില്ല, മാലയില്ല, പാദസരം ഇല്ല. പേരിന് മൊട്ടുപോലെ ഒരു കമ്മൽ ഇട്ടിട്ടുണ്ട്. എന്ത് പറ്റി നിനക്കെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു.. പക്ഷെ പഴയ പോലെ മിണ്ടാൻ എന്തോ ഒരു ചമ്മൽ.

എന്തൊക്കെയോ സൊറ പറഞ് കൂട്ട്കാരോട് യാത്ര പറഞ് വീട്ടിലേക്കുള്ള വളവ് തിരിഞ്ഞതെ ഓര്മയുള്ളു.. ഓണപ്പാച്ചിലിൽ ഓടിക്കയറിയ കാർ എന്നെ ഇടിച്ചുതെറിപ്പിച്ചു..

ചങ്ങാതിമാരും വീട്ടുകാരും ഹോസ്പിറ്റലിൽ എത്തിച്ചപ്പോളേക്കും ഒരുപാട് രക്തം പോയിരുന്നത്രെ.. ഒരു ദിവസം കഴിഞ്ഞാണ് കണ്ണ് തുറന്നത്..

കണ്ണിനൊക്കെ വല്ലാത്ത ഭാരം ഉള്ളപോലെ തോന്നി.. ശരീരമാസകലം വേദന കൊണ്ട് പുളയുന്നുണ്ടായിരുന്നു.. എങ്ങനെയോ കണ്ണുകൾ വലിച്ചുതുറന്ന് നോക്കിയപ്പോൾ മുൻപിൽ ദേ നമ്മുടെ മീനാക്ഷി..

മനു… എങ്ങനുണ്ട്…

മീനാക്ഷി..

ആഹ്.. പറയെടാ.. കുഴപ്പമൊന്നുല്ലാട്ടോ.. ചെറിയ ചില പൊട്ടലുകളുണ്ട്. അതൊക്കെ ദാ ന്നും പറഞ് ഭേദം ആകും..

അവളുടെ ഓരോ വാക്കുകളും എനിക്ക് വല്ലാത്ത ആശ്വാസം നൽകി..
പിന്നീടുള്ള ദിവസങ്ങൾ മരുന്നും മന്ത്രവുമായി എങ്ങനെയൊക്കെയോ കടന്ന് പോയി..

ഈ ദിവസങ്ങളിൽ എനിക്ക് ഏറ്റവും അത്ഭുതം തോന്നിയത് മീനാക്ഷിയുടെ പ്രവർത്തികൾ കണ്ടാണ്.. പലപ്പോഴും ഞാൻ അവളോട് ദേഷ്യം കാണിച്ചു.. എന്നാൽ അവളാകട്ടെ ഒരു പുഞ്ചിരിയോടെയാണ് എന്നെ സുസ്രൂഷിച്ചത്.

അവളെ ഒരുപാട് ദ്രോഹിച്ചിട്ടും സ്വന്തം മകനെ പോലെ അവളെന്നെ പരിചരിച്ചു.. ഒരാണും പെണ്ണും അടുത്ത് നിന്നാൽ സതാചാരം പ്രസംഗിച്ചിരുന്നു എന്റെ മനസ്സ് അന്ന് മാറി തുടങ്ങി..

പഴയ പോലെ പൂർണമായും സുഖപ്പെട്ട് വീട്ടിലേക്ക് തിരിച്ച് പോകുമ്പോൾ മീനാക്ഷിയോടും വാർഡിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് സിസ്റ്റർ മാരോടും കണ്ണ് നിറഞ്ഞാണ് ഞാൻ നന്ദി പറഞ്ഞത്…

ഇനിയും നന്നായ് റസ്റ്റ്‌ എടുക്കണം കേട്ടോ.. നാട്ടിൽ വെറുതെ കറങ്ങി നടക്കുന്നത് കണ്ടാൽ എന്റെ വായിന്ന് നീ കേൾക്കും…

ചിരിച്ചുകൊണ്ട് അവൾ എന്തൊക്കെയോ പറഞ്ഞു.. അവസാനം ഇനിയും റസ്റ്റ്‌ നിർബന്ധം ആണെന്ന് കണിശമായ് പറഞ് കൊണ്ട് യാത്രയയച്ചു.. അവളെ നേഴ്‌സ് എന്ന് പറഞ് കളിയാക്കിയ എന്നോട് എനിക്ക് വല്ലാത്ത പുച്ഛം തോന്നിയിരുന്നു..

സന്തോഷം മറന്ന് ജീവിതത്തിന്റെ നല്ല സമയം മുഴുവൻ മറ്റൊരാൾക്ക്‌ വേണ്ടി സേവനം ചെയുന്ന അവളെ അന്ന് മുതൽ വീണ്ടും ഞാൻ ഇഷ്ടപ്പെടാൻ തുടങ്ങി..

ഓണവും വിഷുവും പെരുന്നാളും എന്തിന് ഓരോ ദിവസവും നമ്മൾ ആഘോഷമാക്കുമ്പോൾ മറ്റൊരാളുടെ ആരോഗ്യത്തിന് വേണ്ടി ഊണും ഉറക്കവും നഷ്ടപ്പെടുത്തി പ്രവർത്തിക്കുന്ന ഭൂമിയിലെ മാലാഖമാരാണ് ഓരോ നേഴ്സും..

ജനനത്തിനും മരണത്തിനും സാക്ഷിയാകുന്ന യഥാർത്ഥ മാലാഖമാർ..

ഒരു പ്രാവശ്യമെങ്കിലും നമ്മുടെ നേഴ്‌സ്മാർ തലോടാത്ത ഒരാളുപോലും നമുക്കിടയിൽ ഉണ്ടാകില്ല.. അസുഖം മാറി പൂർണ്ണ ആരോഗ്യവാനാകുമ്പോൾ പഴയതൊക്കെ നാം മറക്കും..

അക്ഷരം പറഞ്ഞ് തന്ന അദ്ധ്യാപകരെ കൈ കൂപ്പി തൊഴുന്ന ഈ ലോകം ആരോഗ്യം വീണ്ടെടുത്ത് നൽകുന്ന നേഴ്സുമാരെ ആദരിക്കാതിരിക്കുന്നത് അതിശയമാണ്..

മാറണം ലോകം.. നമുക്കും കൈകൂപ്പാം ജീവന് കാവൽ നിൽക്കുന്ന ഓരോ മാലാഖമാർക്ക് മുൻപിലും…