രചന: Anandhu Raghavan
::::::::::::::::::::::::
ഒരുപാട് നാളത്തെ പ്രണയത്തിനും കാത്തിരിപ്പിനും ഒടുവിൽ എല്ലാവരുടെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയും സ്മൃതിയെ സ്വന്തമാക്കിയപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നെനിക്ക്…
ആഗ്രഹങ്ങളും സ്വപ്നങ്ങളും കോർത്തിണക്കിയ ജീവിതമെന്ന മാന്ത്രിക കൊട്ടാരത്തിലെ രാജാവും റാണിയും ആയിരുന്നു ഞങ്ങൾ…
വിടരാൻ കൊതിക്കുന്ന പനിനീർ പുഷ്പങ്ങൾ പോലെ അവളോടൊപ്പമുള്ള ഓരോ ദിനങ്ങളും എനിക്ക് സന്തോഷമായിരുന്നു…
എന്റെ കണ്ണൊന്നു നിറഞ്ഞാൽ അവളുടെ നെഞ്ചാണ് നീറുക…
സ്നേഹം ആത്മാർത്ഥമാണെങ്കിൽ ജീവിതം പ്രണയ സുരഭിലമാകുമെന്ന് തൊട്ടറിഞ്ഞ നിമിഷങ്ങൾ…
പക്ഷെ തിരുത്തുവാനാവാത്ത വിധി ഞങ്ങൾക്കെഴുതിയത് മറ്റൊരു കഥ ആയിരുന്നു…
നിയന്ത്രണം തെറ്റി വന്ന വാഹനം സ്മൃതിയെ ഇടിച്ചിട്ടത് പെയ്തൊഴിയാത്ത എന്റെ സ്വപ്നങ്ങളിൽ നിന്നുമായിരുന്നു…
ജീവിച്ചു മതിവരാത്ത പ്രണയമൊക്കെയും എനിക്ക് നുകർന്ന് നൽകി ഏകനാക്കി അവൾ ഈ ഭൂമിയോട് ചേരവെ ,
ഭൂമിക്ക് മുകളിൽ മോക്ഷം കിട്ടാത്ത ആത്മാവ് പോൽ ഞാൻ നീറിക്കൊണ്ടിരിക്കുന്നു…
ജീവന്റെ പാതിയായവൾ പാതി വഴിയിലെവിടെയോ വിണ്ണോട് ചേരവേ ജീവിക്കണം എന്നുള്ള ആശ പോലും അസ്തമിക്കാം…
ഒരു പെണ്ണിനും ആണിനും ഇത്രമേൽ ഗാഢമായി സ്നേഹിക്കാം എന്ന് അനുഭവിച്ചറിയുക ആയിരുന്നു ഞാൻ…അച്ഛന്റെയും അമ്മയുടെയും ഏക സന്താനമായത് കൊണ്ട് എന്റെ ജീവിതത്തിൽ ഇനിയൊരു പെണ്ണ് വേണ്ട എന്ന തീരുമാനത്തോട് അംഗീകരിക്കാൻ അവർക്കാകുമായിരുന്നില്ല…
മകന്റെ ജീവിതം കൺ മുൻപിൽ ഒരു തേങ്ങാലായ് മാറുന്നത് കണ്ട് നിൽക്കുവാനുള്ള കരുത്ത് ആ അച്ഛനും അമ്മയ്ക്കും ഉണ്ടായിരുന്നില്ല…
അവരുടെ നിരന്തരമുള്ള നിർബന്ധത്തിനും ആഗ്രഹത്തിനും വഴങ്ങി ഞാൻ രണ്ടാം വിവാഹത്തിന് സമ്മതം മൂളിയപ്പോൾ ഒന്നേ പറയുവാനുണ്ടായിരുന്നൊള്ളു…
“എന്റെ ജീവിതത്തിലേക്ക് വരുന്ന പെണ്ണ് എന്നെക്കുറിച്ച് എല്ലാം അറിഞ്ഞിരിക്കണം.. അവളിൽ ഒരിക്കലും ഒരു കുറ്റ ബോധം തോന്നരുത്…”
ഒരു രണ്ടാം ജന്മം എന്നതുപോലെ ഞാൻ നിഖിതയുടെ കഴുത്തിൽ താലി ചാർത്തി…
ഇന്ന് അവളെന്റെ ജീവിതത്തിലേക്ക് വലത് കാൽ വച്ച് കടന്ന് വന്നിട്ട് രണ്ടാഴ്ചകൾ പിന്നിട്ടിരിക്കുന്നു…
മറക്കാൻ കഴിയാത്ത പഴയ ഓർമകൾ എല്ലാം മനസ്സിലേക്കെത്തി നോക്കിയപ്പോൾ മിഴികൾ ഒന്ന് ഈറനണിഞ്ഞു…
“ജയേട്ടൻ കരയുകയാണോ..”
നിറഞ്ഞ എന്റെ മിഴികളിലേക്ക് നോക്കി നിഖിത ചോദിച്ചതിന് ഉത്തരം നല്കുവാനായില്ലെനിക്ക്…
“ഒരുപാട് സ്നേഹിച്ച ഒരാളെ എളുപ്പം മറക്കാൻ പറ്റില്ലെന്ന് എനിക്കറിയാം ജയേട്ടാ..
വേദനിക്കുന്ന ഒരാളുടെ മനസ്സിൽ പെട്ടെന്ന് ഇടം നേടാനാവില്ലെന്നും അറിയാം..
എന്നെങ്കിലും ആ ഹൃദയത്തിൽ ഒരിടം കിട്ടിയാൽ സുഖത്തിലും ദുഖത്തിലും എന്നും ഒപ്പം ഉണ്ടാകും എന്നുള്ള വിശ്വാസം ഉള്ളത് കൊണ്ടാണ്
ജയേട്ടൻ എന്റെ കഴുത്തിൽ താലി ചാർത്തണം എന്ന് ഞാൻ ആഗ്രഹിച്ചത്… കാത്തിരിക്കാൻ എനിക്കിഷ്ടമാണ് ജയേട്ടാ…”
ഈറനണിഞ്ഞ ജയന്റെ മിഴികളിൽ നിന്നും നീർക്കണങ്ങൾ ഇറ്റു വീഴുമ്പോൾ മനസ്സിൽ ഒരു വിശ്വാസം ഉണ്ടായിരുന്നു ,
നഷ്ടപ്പെട്ടുപോയ തന്റെ പ്രണയവും ജീവിതവും നിഖിതയിലൂടെ തിരികെ ലഭിക്കുകയാണ്…
“നിഖിതാ.. അച്ഛനും അമ്മയും എനിക്കായ് കണ്ടു പിടിച്ചത് ശരിയായ ജീവിത സഖിയെ തന്നെ ആയിരുന്നു…
ഇപ്പോൾ മനസ്സിൽ നിന്നും പകുതി ഭാരം ഒഴിഞ്ഞു..”
നിഖിതയെ മെല്ലെ ഞാൻ എന്റെ നെഞ്ചോട് ചേർത്തു…
“നമ്മുടെ ഈ സ്നേഹത്തിൽ സന്തോഷിച്ച് , അനുഗ്രഹം ചൊരിഞ്ഞ് സ്മൃതിയുടെ ആത്മാവ് ഇവിടെ ഉണ്ടാകും അല്ലെ നിഖിതാ…”
അവളിൽ നിന്നും മെല്ലെ ഒരു തേങ്ങൽ കേട്ടു..
നെറ്റിതടത്തിലേക്ക് വീണുകിടന്നിരുന്ന അവളുടെ മുടിച്ചുരുകൾ മാടിയൊതുക്കി മൃദുവായി ഞാൻ ആ നിറുകയിൽ ചുംബിച്ചു…
അപ്പോൾ കണ്ണുകൾ ഇറുകെ അടച്ച് എന്റെ നെഞ്ചോട് അവൾ കൂടുതൽ ചേർന്നു നിന്നു….
.
NB : എത്ര വലിയ വേദനകളും മഞ്ഞു പോലെ അലിയാൻ സ്നേഹം ഒന്നു മാത്രം മതി…
ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ നമ്മെ സ്നേഹിക്കുന്നവർക്കായി നമുക്ക് പകുത്ത് നൽകാം നിറഞ്ഞ സ്നേഹം… അതായിരിക്കും നമുക്ക് ഈ ജന്മത്തിൽ കിട്ടുന്ന ഏറ്റവും വല്യ പുണ്യം..