എത്ര നാളായി ന്നാ ഇങ്ങനെ അങ്ങേർടെ പിറകേ നടക്കുന്നു.. അങ്ങേർടെ ഒണക്ക സൗന്ദര്യം കണ്ടിട്ട് മയങ്ങി വീണതൊന്നുമല്ല..

അന്തമില്ലാത്ത ചിന്തകളും ഞാനും

രചന: നക്ഷത്ര ബിന്ദു

============

“നിങ്ങൾ എന്നെ കൂടെ കൂട്ടുവോ ഇല്ലയോ… എനിക്ക് ഇപ്പോ അറിയണം..”

“ഓഹോ… അറിഞ്ഞേ തീരു…”

“ആം… പറ..”

“എന്നാൽ എനിക്ക് ഇപ്പോ പറയാൻ മനസില്ല ”

“എന്തുവാ ഇത്.. ഒന്ന് പറയുന്നുണ്ടോ..”

“കേട്ടെ തീരുള്ളോ.. ”

“ആഹ്..”

“പിന്നെ മോങ്ങാൻ നിക്കരുത്..”

“ഇല്ലാന്ന് പറഞ്ഞില്ലേ..”

“മ്മ്..”

“എന്തോന്ന് കും.. പണ ഇങ്ങോട്ട്.. എന്നെ നിങ്ങൾ എന്നെങ്കിലും കൂടെ കൂട്ടുവോ ഇല്ലയോ..”“ഇല്ല..”

കാ ലമാടൻ തെ ണ്ടി.. ഞാൻ എത്ര നിർബന്ധിച്ചാലും ഇങ്ങനെ ക്ലിയർ കട്ട്‌ ആയിട്ടൊക്കെ നോ പറയാമോ… എന്റെ പിഞ്ചു ഹൃദയം വല്ലോം പൊട്ടി തെറിച്ചു പോയാൽ ഇങ്ങേര് എന്തോന്ന് ചെയ്യും… ഹും

“ഓ… അല്ലങ്കിലും ആർക്ക് വേണം നിങ്ങളെ…വളഞ്ഞ കുമ്പളങ്ങ പോലത്തെ മോന്തയും കൊടവയറും… ഫ്..”

“ഓ.. ഓ..”

“നിങ്ങൾക്ക് ഉണ്ടല്ലോ… ഒരു ത ടി ച്ചിയെ കിട്ടും നോക്കിക്കോ.. അവളൊന്നു കൈ എടുത്തു തോളിൽ വയ്ക്കുമ്പോൾ നിങ്ങൾ മൂടും ഇടിച്ചു വീഴും…”

“ആയിക്കോട്ടെ…”

“ജാഡ ഇടുന്നത് കണ്ടില്ലേ..സിനിമ നടൻ ആണെന്ന വിചാരം…

ഞാൻ മുംബൈയിൽ ജോലിക്ക് പോയി നല്ല സൂപ്പർ ചെറുക്കനെ വളച്ചു കെട്ടി അവന്റെ അഞ്ചാറു പിള്ളേരേം പെറ്റ് നാട്ടിൽ വന്നു വീട് വെച്ചിട്ട് നിങ്ങടെ മുന്നിൽ കൂടെ ഇങ്ങനെ തേരാ പാരാ നടക്കും..”

“കണ്ടാമതി..”

“ഓ… ഹും.. ഞാൻ പോണു.. എനിക്കെ വേറെ പണിയുണ്ട്…”

പിന്നൊന്നും കേക്കാൻ നിൽക്കാതെ വീട്ടിലൊട്ടൊരു ഓട്ടം ആയിരുന്നു…ഒന്ന് കരഞ്ഞു തീർക്കണ്ടേ ഗയ്സ്… ഇല്ലങ്കി നെഞ്ച് ഇപ്പോ പൊട്ടി പോകും ന്ന് തോന്നും..

എത്ര നാളായി ന്നാ ഇങ്ങനെ അങ്ങേർടെ പിറകേ നടക്കുന്നു.. അങ്ങേർടെ ഒണക്ക സൗന്ദര്യം കണ്ടിട്ട് മയങ്ങി വീണതൊന്നുമല്ല..

പാവം കണ്ടപ്പോ ഒരു ജീവിതം കൊടുക്കാമെന്നു കരുതി.. അപ്പോ അങ്ങേർക്ക് ജാഡ… കല്യാണം ഒന്നും കഴിക്കാൻ താല്പര്യം ഇല്ലാ പോലും…

എന്നാലും നമുക്ക് അത് അങ്ങനെ വിടാൻ പറ്റുവോ.. ഏഹ്.. ഇല്ല.. അതോണ്ട് ഒരു നാണോം മാനോം ഇല്ലാത വീണ്ടും ചെല്ലും . എന്തിനാന്നാ… വെറും സ്നേഹം…അതേന്നേ…

അങ്ങനെ ഇരുന്നപ്പോഴല്ലേ ഇന്നലെ എനിക്ക് പ്രാന്ത് മൂത്തിട്ട് ഞാൻ ചെന്ന് അങ്ങേരോട വാട്സാപ്പിൽ എന്തൊക്കെയോ പൊലമ്പി..

അപ്പോ അതിയാൻ എന്താ പറഞ്ഞെന്ന് നിങ്ങക്ക് അറിയോ…

“നിന്റെ നല്ലതിന് വേണ്ടിയാ പറയുന്നത്.. ഇപ്പോഴേ മാറിയാൽ നിനക്ക് തന്നെ നല്ലത്..”എന്ന്

അല്ല… ഇങ്ങനൊക്കെ പറയാൻ നിക്ക് ന്താ നല്ലതെന്ന് ഇങ്ങേർക്ക് അണിയാമോ… ഇല്ലല്ലോ.. ഒരുമാതിരി മറ്റേ ഓം ശാ ന്തി ഓ ശാ നയിൽ കാണിക്കുന്ന പോലെ ഷോയും കൊണ്ട് ഇറങ്ങിയേക്കുന്നു…

മനുഷ്യന്റെ സമാധാനം കളയാനായിട്ട്.. ഞാൻ ഇവിടെ അഞ്ചു നേരം ഫുഡ് കഴിച്ചു മര്യാദക്ക് ഇരിക്കുവല്ലാരുന്നോ… ഏഹ്…

അല്ലങ്കിലും ഈ പ്രേമം ഒന്നും നമുക്ക് പിടിച്ചു വാങ്ങാൻ പറ്റില്ലല്ലോ.. അവർക്ക് തോന്നാൻ ഉള്ളതല്ലേ.. വല്ല പ്രേമഗുളികയും ഉണ്ടാരുന്നെങ്കിൽ ഒരു നൂറെണ്ണം വാങ്ങി ഞാൻ അങ്ങേർക്ക് കലക്കി കൊടുത്തേനെ…

എന്നാലും അങ്ങേർക്ക് ചെറിയ ഇഷ്ടമൊക്കെ ഉള്ള മാതിരി എനിക്ക് തോന്നിയിട്ടുണ്ടെന്നേ… ചിലപ്പോ തോന്നൽ ആകും..

അല്ലാതെ ഇങ്ങനെ ഒക്കെ പറയോ..ഹും.. ഇനി ഞാനും മിണ്ടില്ല.
നോക്കിക്കോ…

അങ്ങനെ കടിച്ചു പിടിച്ചു ഒരു രണ്ട് മൂന്ന് ദിവസം മിണ്ടാതിരുന്നു… എന്റെ മൂക്കിന്റെ തുമ്പത്ത് ശുണ്ഠി കേറ്റാൻ ആയിട്ട് ഒന്ന് വിളിക്കെ ഒരു മെസ്സേജ് അയക്കേ… ഏഹെ

ഇന്നത്തെ കാലത്ത് ഇങ്ങനേം ഉണ്ടോ മനുഷ്യന്മാർ… അവസാനം രണ്ടും കല്പ്പിച്ചു ഞാൻ അങ്ങോട്ട് ചെന്നു…

അപ്പോ ആട്ടുതൊട്ടിലിൽ കിടന്ന് കഥ വായിക്കുന്നു… രണ്ട് ആട്ട് ആട്ടാൻ ആണെനിക്ക് തോന്നിയതു..

“ടോ..”

“ആ… നീയോ..”

“അല്ല.. എന്റെ മറ്റവൻ..”

“ആഹാ… എവിടെ?”

“പേറെടുക്കാൻ പോയി…”

“ഹമ്പടാ…”

“ദേ നിങ്ങൾ കൂടുതൽ കളിക്കല്ലേ..”

“ഞാൻ എന്നാ ചെയ്തു..”

“രണ്ട് ദിവസായിട്ട് നിങ്ങൾ എന്നെ ഒന്ന് തിരക്കി പോലും വന്നില്ലല്ലോ..”

മിണ്ടാതെ നിക്കുന്ന കണ്ടില്ലേ.. എപ്പോഴും ഉള്ളതാണ് എന്തോന്നെങ്കിലും ചോയ്ക്കുമ്പ ഇങ്ങനെ വായിൽ പ്ലാസ്റ്റർ ഒട്ടിക്കുന്നത്..

“നിങ്ങളോട് അല്ലേ ചോയ്ച്ചത്.. അല്ലങ്കിലും ഞാനാരാ.. ഞാൻ പോയാലും വന്നാലും നിങ്ങക്ക് എന്താ.. ”

“അതു സത്യം..”

“ഐ ഹെറ്റ് യു..”

“തേങ്ക്സ്…”ഒന്ന് ഉറഞ്ഞു തുള്ളിയിട്ട് പുറത്തേക്ക് നടന്നു.. ഇടയ്ക്ക് തിരിഞ്ഞു നോക്കിയപ്പോ അങ്ങേര് അവിടെ നിന്ന് കിണിക്കുന്നു… അത്രയ്ക്ക് ആയാലും കൊള്ളില്ലല്ലോ..

“ദേ കൂടുതൽ വിളച്ചിൽ എടുത്താൽ ഇടിച്ചു പരിപ്പിളക്കും ഞാൻ.. ഇനി പറഞ്ഞില്ലന്ന് വേണ്ട..”

“ശരിമ്പ്ര…”

“ങ്ങും.. അന്ത ഭയം ഇരിക്കട്ടും..”

സംഭവം അങ്ങേര് വിളിച്ചില്ല..മെസ്സേജ് അയച്ചില്ല.. എന്നാലും വന്നു രണ്ട് പറഞ്ഞപ്പോ വല്ലാത്ത സമാധാനം..

അങ്ങനെ വീട്ടിലോട്ട് ഓടി ചെന്നതും സ്റ്റെപ്പിന്റെ അടുത്ത് എത്തിയതും ദേ കിടക്കുന്നു… ആരാ ഞാൻ തന്നെ…

വാഴ വെട്ടിയിട്ട പോലെ വീണു പോയി…പോയ ബോധം തിരികെ വന്നപ്പോ ചുറ്റും ആൾക്കൂട്ടം..ഇനി ഞാൻ ചത്തു പോയിട്ട് എന്റെ ആത്മാവ് ആണോ ഇപ്പോ ഞാൻ എന്നൊക്കെ ഒരു നിമിഷം ഓർത്ത് പോയി…

കുറച്ച് കഴിഞ്ഞപ്പോ അല്ലേ മനസിലായത്…വീട്ടുകാർ തന്ന.. കൂട്ട് കുടുംബം ആന്നേ…. ഒന്ന് വീണാൽ പിന്നെ എല്ലാം ചുറ്റും കാണും.. ഹെമ്മേ..മനുഷ്യന് ശ്വാസം മുട്ടും

എഴുന്നേറ്റ് രണ്ട് കട്ടൻ ഒക്കെ കുടിച്ചു ആക്ടിവ് ആയപ്പോ എല്ലാർടേം ബേജാർ തീർന്നു… നമ്മൾ പിന്നെ വീണ്ടും തീറ്റിയും ഉറക്കവും സ്വപ്നം കാണലും ഒക്കെ…

സ്വപ്നം എന്ന് ഒക്കെ പറഞ്ഞ ഞാൻ കാണുന്നത് full കിളിപ്പ് ആണന്നെ.. ഹിഹി… ഇനി അങ്ങേർക്ക് ആരെയെങ്കിലും ഇഷ്ടാണോ.. ഇപ്പോ അവളോട സൊള്ളികൊണ്ടിരിക്ക ആവോ..

അതോ എന്നോട് ഇനി എന്തെങ്കിലും ഇഷ്ട്ടം ഉണ്ടാവോ…അങ്ങനെ അങ്ങനെ അന്തമില്ലാത്ത ചിന്തകളും ഞാനും.. കഥയുടെ പേര് അതാക്കിയാലോ… “അന്തമില്ലാത്ത ചിന്തകളും ഞാനും..”

വൗ… ഇതൊരു കലക്ക് കലക്കും എന്ന് പറഞ്ഞിട്ട് കസേരന്ന് ചാടി എഴുന്നേറ്റ് കറങ്ങിയതും ദേ വീണ്ടും കിടക്കുന്നു…

പിന്നെ ഇടയ്ക്ക് ഇടയ്ക്ക് ഇങ്ങനെ തറ ടെസ്റ്റ്‌ ചെയ്യാൻ തുടങ്ങിയതോടെയാണ് ഡോട്ടർ മാമനെ കാണാൻ പോയത്…

എന്നിട്ട് കുറെ ടെസ്റ്റിനെന്നും പറഞ്ഞു എന്റെ ര ക്തം മൊത്തം കു ത്തി എടുത്തു ദു ഷ്ടന്മാർ…

എന്തോ കുന്ത്രാണ്ടത്തിന്റെ അകത്തു കേറ്റി എന്തൊക്കെയോ ചെയ്യിച്ചു… അതിന്റെയൊക്കെ ക്ഷീണം തീർക്കാൻ ഇച്ചായനേം കൂട്ടി കോഫി ഹൌസിൽ കേറി ഒരു മട്ടൺ ബിരിയാണിയും ഫ്രൂട്ട് സലാഡും കഴിച്ചിട്ടാ പോന്നത്…

രണ്ട് ദിവസം കഴിഞ്ഞു റിസൾട്ട്‌ വന്നപ്പോഴല്ലേ അറിഞ്ഞത്.. കാൻസർ ചേട്ടന് എന്നോട് പ്രേമം മൂത്ത് മൂത്ത് ഇങ് കേറി വന്നതാന്ന്..

വീട്ടിൽ പറയാൻ പോയില്ല.. ഇനി ഇത് വല്ലോം അറിഞ്ഞാൽ ശ്വാസം എടുക്കാൻ സമയം തരില്ല എല്ലാം കൂടി.. അപ്പോ പെട്ടെന്ന് തട്ടി പോകും ഹും..

അതോണ്ട് ഞാൻ മേലെ നിലയിലേക്ക് താമസം മാറ്റി..എന്നെ നോക്കാൻ ഇച്ചായൻ ഉണ്ടല്ലോ.. ബുഹഹഹ…

ആകെ ഉള്ള മൂന്നും നാലും ഏഴു മുടി കൂടെ കൊഴിഞ്ഞു പോണത് കണ്ടിട്ട് ഇച്ചായനെ സോപ്പ് ഇട്ട് ട്രിമ്മർ വെച്ചു മൊട്ടയും അടിച്ചു…

ഇടയ്ക്ക് ട്രിപ്പ്‌ പോണെന്നു പറഞ്ഞു ഞങ്ങൾ രണ്ടും കൂടി കീമോ ചെയ്യാനും മറ്റും പോകും..

ഇത്രേം നേരം ചിരിച്ചു നിന്ന നിങ്ങടെ മുഖം ഇപ്പോ അയ്യോ ന്ന് ആയി കാണുമല്ലേ.. അതാ എനിക്ക് ഇഷ്ടം ഇല്ലാത്തത്..

ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ കേക്കുമ്പോ എന്തിനാ നിങ്ങക്ക് ഇങ്ങനെ സഹതാപം തോന്നുന്നത്.. ഹും…

അതോണ്ട് എല്ലാരും ചിരിച്ചോണ്ട് ഇരുന്നാലേ ഞാൻ ബാക്കി പറയു.. ങ്ങാ

അങ്ങനെ ഒരുമാതിരി ആയിതുടങ്ങിയപ്പോ ന്തോ ഒരു insecurity… ഇവിടെ നിക്കാൻ…

എല്ലാരും അറിഞ്ഞു തുടങ്ങുവോ ന്ന് ഒരു പേടി.. മെയിൻ കാര്യം ന്താ ന്ന് വച്ചാൽ ഈ സംഭവത്തിന്‌ ശേഷം അങ്ങേർടെ മുന്നിൽ ഞാൻ പോയിട്ടില്ല…

കുറെ നാളൊക്കെ ആയപ്പോ പുള്ളിക്കാരൻ വിളിക്കേം മെസ്സേജ് അയക്കേം ഒക്കെ ചെയ്തെങ്കിലും ഞാൻ റിപ്ലൈ ചെയ്തില്ല.. കോംപ്ലക്സ് ഒന്നുമല്ല..

എന്നാ ന്നും പറഞ്ഞിരിക്കുന്ന ഞാൻ ഇനി മിണ്ടിയിട്ട് നിക്ക് പിന്നേം ജീവിക്കണം എന്നൊക്കെ തോന്നിയാൽ വിഷമിച്ചിട്ടു വേണ്ടേ അങ്ങ് പോകാൻ… ഇത് ആകുമ്പോ… ഇതാകുമ്പോ എന്താ… ഇതായാലും വിഷമം കാണുമല്ലേ… ഹഹ…

അങ്ങനെ ഇച്ചായനെ കൊണ്ട് മുംബൈക്ക് ട്രാൻസ്ഫർ വാങ്ങിച്ചു ഞങ്ങൾ അങ്ങോട്ടേക്ക് കുടിയേറി…

ഇപ്പോ ആരെങ്കിലും അറിയോ എന്നൊരു പേടിയില്ല… എന്തൊരു സമാധാനം…

ബട്ട്‌ ഇപ്പോ നെൻ ബിസി ആണു… അങ്ങേരെ ഓർക്കാനും വരയ്ക്കാനും അയാളെ പറ്റി എഴുതാനും… ഒന്നും ബാക്കി വെയ്ക്കാതെ വേണ്ടേ പോവാൻ…

ഓർമകളിൽ പുഞ്ചിരിയോടെ നിൽക്കുന്ന ആ മുഖം നെഞ്ചോട് ചേർത്ത് ഇച്ചായന്റെ തോളിൽ ചാഞ്ഞിങ്ങനെ ഇരിക്കുമ്പോ വെറുതെ കണ്ണൊക്കെ നിറയുന്നുണ്ട്.. ഇനി എത്ര നാളെന്നറിയാതെ…