പറഞ്ഞു തിരിഞ്ഞതും കണ്ടു ദിവസങ്ങളായി കാണാൻ കൊതിച്ച ശിൽപത്തെ…വെണ്ണക്കൽ ശിൽപം കൊതിച്ച ഞാൻ കണ്ടത്….

ഓൺലൈനിലെ സുന്ദരി

രചന: Sunaina Sunu

:::::::::::::::::::;

“ശ്ശെടാ എത്ര ചീകിയിട്ടും അങ്ങോട്ട് ശരിയാക്കുന്നില്ലല്ലോ” 8 മാസത്തെ ഓൺലൈൻ പ്രണയത്തിന് ശേഷം ഇന്നവളെ നേരിട്ട് കാണാൻ പോവാണ് .

മധുരമുള്ള ആ ശബ്ദത്തിന്റെ ഉടമയെ നേരിട്ട് കാണുന്ന ദിവസം . ഹം കൊറച്ച് നെർവ്വസാണ്. ഇന്നുവരെ ഒരു ഫോട്ടോ പോലും തന്നിട്ടില്ല . എത്ര കെഞ്ചിയതാ. സാരമില്ല ഇന്ന് നേരിട്ട് കാണാൻ പോവല്ലേ…

പെൺകുട്ടികളെ നോക്കി റിക്വസ്റ്റ് അയക്കലായിരുന്നു പണി. അക്‌സെപ്റ്റ് ചെയ്തത് ശില്പ മാത്രമായിരുന്നു.

നേരെ ഇൻബോക്സിലെ വാതിലിൽ മുട്ടി.. തുറക്കില്ലന്നു കരുതിയെങ്കിലും ചോദിക്കുന്നതിനൊക്കെ മറുപടി തന്നുകൊണ്ടിരുന്നു.. വാട്സപ്പിൽ ആയി പിന്നെ..

വിളിക്കാൻ മാത്രം അവൾ സമ്മതിച്ചില്ല ഒടുക്കം രണ്ടു ദിവസത്തെ പിണക്കം നടിക്കേണ്ടി വന്നു സമ്മതിക്കാൻ…
ആദ്യമായി അവളുടെ ശബ്ദം കേട്ടതും… ന്റെ സ്സാറെ കുയിൽ നാദം ന്നു കേട്ടിട്ടേയുള്ളൂ….

അന്ന് തീരുമാനിച്ചു ഇനി ഇവളെ ആർക്കും വിട്ടു കൊടുക്കില്ലന്നു.. ഇവൾ എന്റെയാന്നു… പേടിയോടെ ആണേലും അവസാനം പറഞ്ഞു

“ഈ ശബ്ദത്തിന്റെ ഉടമയെ ഒരുപാട് പ്രണയിക്കുന്നെന്ന്… ഒരു മറുപടിയും പറയാതെ അവൾ ഓൺലൈനിൽ നിന്നും പോയി..

ആകെ ടെൻഷനായി.. ഇനി അവൾക് ഇഷ്ടമല്ലേ.. വേറെ ആരേലും ഉണ്ടൊ … ഒന്നും ചോദിക്കുന്നതിന്റെ മുൻപ് ധൃതി കാണിച്ചു …

ഫോണിൽ വിളിച്ചെങ്കിലും ഓഫായിരുന്നു… എന്നാ അങ്ങോട്ട്‌ പോക്കോട്ടെ ന്ന് വെച്ചു അതു മറക്കാൻ നോക്കി…

പക്ഷെ അതത്ര എളുപ്പമായിരുന്നില്ല..
കഴിഞ്ഞ കുറെ ദിവസങ്ങൾ അവളുടെ പാട്ടിന്റെ വരികളു ടെ കൂടെയായിരുന്നു എന്റെ ഉറക്കം… ഇപ്പോ എന്തൊ വല്ലാത്ത ഒരു നഷ്ടബോധം.. നെറ്റ് ഓണാക്കി അവളുടെ വാട്സാപ്പ് fb ഒക്കെ നോക്കി…

ഇല്ലാ ഇന്നലെ പോയ പോക്കാണ്..
രണ്ടുമാസത്തെ ബന്ധം ചോദിക്കണ്ടാരുന്നു.. പോട്ടെ വേറെ വല്ലോരെo നോക്കാം ഇനി…ഫോൺ ബെൽ കേട്ടാണ് പിറ്റേന്ന് ഉണർന്നത്.. സന്തോഷമാണോ പിണക്കമാണോ ആദ്യം തോന്നിയത് എന്നറിയില്ല.. അതു അവളായിരുന്നു… ശില്പ..

“വിവേക് എനിക്കീ ഓ ൺ ലൈൻ പ്ര ണയത്തിലൊന്നും വിശ്വാസമില്ല… പക്ഷെ നിന്നെ എനിക്ക് മറക്കാനും പറ്റുന്നില്ല.. എന്നാലും നേരിട്ട് കാണാതെ എങ്ങിനെ ഇപ്പോ… എനിക്കറിയില്ല ”

“അതിലൊക്കെ എന്തിരിക്കുന്നു മുത്തേ.. നിന്നെ കാണാതെ അല്ലെ ഞാൻ സ്നേഹിച്ചത്.

നിന്റെ മനസ്സ് അറിഞ്ഞിട്ടാ നിന്റെ സ്വഭാവം അറിഞ്ഞിട്ടാ വേറൊന്നും എനിക്കു അറിയണ്ട… എനിക്കു ഇഷ്ടമാണ് ഒരുപാട്… ”

ഉറക്കത്തിന്റെ കെട്ട് വിട്ടിരുന്നില്ലെങ്കിലും ഇത്രയൊക്കെ പറഞ്ഞോപ്പിക്കാൻ എനിക്കു കഴിഞ്ഞു…

അതിൽ അവള് വീണു.. പിന്നീട് അങ്ങോട്ട്‌ അവള് മാത്രമായിരുന്നു മനസിലും ചിന്തയിലും.. അവളുടെ ശബ്ദത്തിലൂടെ ഉണർന്നു അവളുടെ ശബ്ദത്തിലൂടെ ഉറങ്ങിയിരുന്ന ദിവസങ്ങൾ….

എങ്കിലും എത്ര കെഞ്ചിയിട്ടും ഒരു ഫോട്ടോ പോലും അവള് തന്നതെയില്ല…

എന്റെ മനസ്സല്ലേ നിനക്ക് വേണ്ടത് അതു തരുന്നില്ലേ എന്നും പറഞ്ഞു അവളെ എന്റെ വായ അടപ്പിച്ചുകൊണ്ടിരുന്നു…
ഒടുക്കo എന്റെ നിർബന്ധംസഹിക്കാൻ വയ്യാതെ നേരിട്ട് കാണാൻ സമ്മതിച്ചു..

“ഡാ എനിക്കു നിന്നെ കണ്ടാൽ അറിയാം നിനക്ക് എങ്ങിനെ മനസ്സിലാകും..?”

“മ്മ്മ്മ് അതിനൊരു കാര്യം ചെയ്യാം.. ചുവന്ന കളർ ചുരിദാർ ഇട്ടിട്ടു വാ അപ്പൊ എനിക്കു വേഗം തിരിച്ചറിയാലോ”

ഈ വെളുത്ത പെൺപിള്ളേരെ ചുവപ്പ് ഡ്രെസ്സിൽ കാണാൻ ഒടുക്കത്തെ മൊഞ്ചായിരിക്കും…

ശേ എത്ര ഒരുങ്ങിയിട്ടും അങ്ങോട്ട്‌ തൃപ്തിയാകുന്നില്ലല്ലോ…
അവൾ ഇറങ്ങുമ്പോൾ വിളിക്കാന്നാ പറഞ്ഞത്…

റെയിൽവേ സ്റ്റേഷനിൽ വെച്ച് കാണാന്നാ പറഞ്ഞത് . തിരക്കുള്ള സ്ഥലമായതുകൊണ്ട് ആർക്കും സംശയം വരികയുമില്ല.
ഛെ ഈ മുടി ശരിയാകുന്നില്ലല്ലോ .

കുറച്ച് നേരത്തെ ആയോ .ഇവിടൊന്നും ആരെം കാണാനില്ലല്ലോ . വരട്ടെ നോക്കാം . ഈ കാത്തിരിപ്പാണ് കഷ്ടം . ന്നാലും ഒരു സുഖമില്ലേ കാത്തിരിപ്പിന് ‘ … ഉണ്ട് …..

ട്രൈൻ വന്നു … ടെൻഷൻ താങ്ങാൻ വയ്യ . അതാ ചുവപ്പ് . അയ്യേ ഈ കിളവന് വയസ്സാംകാലത്ത് ചുവന്ന ഷർട്ടേ കിട്ടിയൊള്ളോ .. നാശം..

പെട്ടെന്ന് കണ്ടു …. യാത്രക്കാർക്കിടയിൽ കൂടി നടന്നു വരുന്ന അപ്സരസ്സിനെ. ആ ചുവപ്പ് അവൾക്ക് കൂടുതൽ തിളക്കം നൽകി.

സ്വർണ്ണ നിറമുള്ള ചുരുൾ മുടികൾ കാറ്റിൽ മുഖത്തേക്ക് പാറി വീഴുന്നു . മനോഹരമായ മിഴികളിൽ ആ രേയോ തേടുന്ന തിടുക്കം ..

ഒരു ശിൽപം പോലെ സുന്ദരമായ രൂപം പതുക്കെ മുന്നിൽ വന്നു നിന്നു….. നാണത്തോടെ മുഖത്തേക്ക് നോക്കി ഒന്നു ചിരിച്ചു ….. അയ്യോ പെണ്ണേ ഇങ്ങനെ കൊല്ലാതെ…..

” ടോ കൊറച്ചങ്ങോട്ട് നീങ്ങിനിക്കെടോ മനുഷ്യർക്ക് നടക്കാനുള്ള വഴിയിലാണോ യേശുവിനെ കുരിശിൽ തറച്ച കൂട്ട് നിൽക്കുന്നത് ” …

ഞെട്ടിക്കണ്ണു തുറന്നപ്പോൾ ചുവപ്പുമില്ല ശിൽപവുമില്ല .മുന്നിൽ താടകയെ പോലൊരുത്തി അതേ മുഖമുള്ള ഒന്നിനെ ഒക്കത്തും വെച്ച് കടന്നു പോകാൻ സ്ഥലമില്ലാത്ത കാരണം തുറിച്ചു നോക്കുന്നു ..

ഞാനാണെങ്കിൽ രണ്ടു കയ്യും നിവർത്തിപ്പിടിച്ച് കണ്ണുമടച്ച് നിൽക്കുന്നു. വേഗം വഴിമാറിക്കൊടുത്തു ..

ദൈവമേ ഇതെല്ലാം സ്വപ്നമായിരുന്നോ ……എവിടെ വന്നില്ലേ അവൾ . പെട്ടെന്ന് ഫോൺ .

“ഹലോ ഡാ ഞാൻ വന്നു നീ എവിടാ ”

“ഞാൻ ഇവിടെ തന്നെയുണ്ട്… ബുക്ക്സ്റ്റാളിന്റ മുമ്പിലോട്ട് വാ ഞാൻ അങ്ങോട്ട് വരാം .കട്ട് ചെയ്യണ്ട അപ്പൊ വേഗം കണ്ടുപ്പിടിക്കാലോ ”

“ഉം ”

“ഇതാ ഞാനെത്തി നീ വേഗം വാ ”

“വരുന്നു ഡാ തിരക്കാ ഇവിടെ ”

“വേഗം വാ മുത്തേ കാണാൻ കൊതിയാവുന്നു”

പറഞ്ഞു തിരിഞ്ഞതും കണ്ടു ദിവസങ്ങളായി കാണാൻ കൊതിച്ച ശിൽപത്തെ…വെണ്ണക്കൽ ശിൽപം കൊതിച്ച ഞാൻ കണ്ടത് ചുവപ്പിൽ പൊതിഞ്ഞ ഒരു ക രി ങ്ക ൽ ശിൽപത്തെ .

മെ ലി ഞ്ഞു ണങ്ങിയ ആ ക റു ത്ത രൂ പ ത്തി ൽ നിന്നാണ് ഈ ശബ്ദം വരുന്നതെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. എത്രയും പെട്ടെന്ന് രക്ഷപ്പെടണം എന്നിലെ കുറുക്കർ ഉണർന്നു .

ഫോൺ താഴെക്ക് പതുക്കെ ഇട്ടു …. എടുക്കാൻ കുനിഞ്ഞ ഞാൻ പിന്നെ പൊങ്ങിയത് റെയിൽവേ സ്‌റ്റേഷന്റെ പുറത്താണ്..

അവൾ വിളിച്ചു കൊണ്ടേ ഇരുന്നു. ഫോൺ ഓഫാക്കി പോക്കറ്റിൽ ഇട്ടു. ചീകി മിനുക്കിയ മുടി തട്ടിക്കുടഞ്ഞു.. എല്ലാം പോകട്ടെ തലയിൽ നിന്നും മനസ്സിൽ നിന്നും ……

ബൈക്കിൽ തിരിച്ചു പറക്കുമ്പോൾ നിരാശയേക്കാൾ സമാധാനമാണ് അനുഭവപ്പെട്ടത് അവൾ തന്നെ കാണാതെയിരുന്നതിലുള്ള മനസ്സമാധാനം……

ഇതാണോ പ്രണയം… സൗന്ദര്യമില്ലെന്നറിഞ്ഞതും വലിച്ചെറിയാൻ കഴിയുന്ന ഒന്ന് . എന്തായാലുo കാണുന്നതുവരെ ഉള്ളിലവളോടുണ്ടായിരുന്ന ഇഷ്ടം ഇപ്പോഴില്ല ..

ശബ്ദം പോലെ മനോഹരമായിരിക്കും അവളുടെ രൂപം എന്നായിരുന്നു പ്രതീക്ഷ. എന്തായാലും അത് പോട്ടെ .
ഇനി മറക്കാൻ തനിക്ക് എളുപ്പമായിരിക്കും.

ഇവൾ അജ്ഞന.. എന്റെ പ്രണയിനി.. പ്രണയിക്കും മുമ്പ് അവളെ നേരിട്ട് കണ്ട് ഉറപ്പ് വരുത്തി.. അതെ ശെരിക്കും അപ്സരസ്സ് .പാടാനൊന്നും കഴിവില്ലെങ്കിലും ആ കുറവൊക്കെ അവളുടെ സൗന്ദര്യം ഇല്ലാതാക്കി

പിന്നെ പ്രണയത്തിന്റെ നാളുകൾ . ഒരുമിച്ചുള്ള കറക്കം . അവളുടെ എല്ലാ ചെലവുകളുo പറയാതെയും പറഞ്ഞും ഞാൻ തന്നെയാണ് നോക്കിയിരുന്നത് .. അവളുടെ മാത്രമല്ല വീട്ടിലുള്ളവർക്കും റിച്ചാർജ് ചെയ്തു കൊടുക്കും .

രാവേറെ നീണ്ട സംസാരങ്ങളും കരുതലും ബന്ധം കൂടുതൽ ദൃഡതയുള്ളതാക്കി ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാനെന്നു തോന്നിപ്പോയ ദിവസങ്ങളായിരുന്നു പിന്നീടങ്ങോട്ട് ….

” അഞ്ചൂ , ഞാൻ ബൈക്കിലാ വന്നോണ്ടിരിക്കുവാടീ .അവിടെ തന്നെ നിന്നോ ഞാനെത്തി .” ഇന്നവളുടെ ബർത്ത്ഡേയാണ്അവളും.

കൂട്ടുകാരികളും റസ്‌റ്റോറന്റിൽ കാത്തു നിൽക്കാൻ തുടങ്ങി ഏറെ നേരായിക്കാണും . ബൈക്കു ഒന്നും കൂടി സ്പീഡ് കൂട്ടിയതേ ഓർമ്മയുള്ളൂ ..

ബൈക്ക് ദൂരേക്ക് തെറിച്ചു പോകുന്നത് മറയുന്ന ബോധത്തിനിടയിൽ ഒരു മങ്ങിയ കാഴ്ചയായി .. ഇരുട്ട് സർവത്ര ഇരുട്ട്… ഇരുട്ടിന്റെ ആഴങ്ങളിൽ ഇത്ര നിശബ്ദതയാണോ…

തലയ്ക്ക് വല്ലാത്ത ഭാരം .കണ്ണ് തുറക്കാൻ കുറെ ബുദ്ധിമുട്ടി . വെളിച്ചം കണ്ണിൽ തുളഞ്ഞു കേറുന്നു…
അരികിൽ അമ്മ.. എത്രയോ ദിവസങ്ങൾ ഊണും ഉറക്കവും ഉപേക്ഷിച്ച പോലെ ഒരു പ്രാകൃത രൂപം..

“അമ്മേ ”

അവന്റെ പതിഞ്ഞ വിളി അവരിൽ ഞെട്ടലുണ്ടാക്കി… പാഞ്ഞു എഴുന്നേറ്റ അവർ വെച്ച് വീഴാൻ പോയി..

ആടിയാടി വന്നവർ അവന്റെ നെഞ്ചിവീണു പൊട്ടിക്കരഞ്ഞു..
പുറത്ത് നിന്നും അച്ചനും അവന്റെ അനിയത്തിയും കൂട്ടുകാരും ഓടി വരുന്നതും ഒരു കരച്ചിലിന്റെ ബഹളമായി മാറുന്നതും കണ്ണീരിലൂടെ’ അവൻ കണ്ടു…

പത്ത് ദിവസങ്ങൾക്ക് ശേഷമാണ് ബോധം വന്നതത്രെ . മരിക്കുമെന്ന് ഡോക്ടർമാർ സൂചന നൽകിയിരുന്നു പോലും . അമ്മേടേം അഞ്ചൂന്റേം പ്രാർത്ഥന കൊണ്ട് മാത്രമാ താൻ രക്ഷപ്പെട്ടത് .

യഥാർത്ഥ സ്നേഹം അവൻ തൊട്ടടുത്തു നിന്നു കാണുകയായിരുന്നു മനസിലാക്കുകയായിരുന്നു…
എന്നിട്ടും അഞ്ചു എന്തേ വരാത്തത് . തന്നെ കാണുന്ന വിഷമം കൊണ്ടായിരിക്കും..

ബോധം വന്നെങ്കിലും ശരീരം ഇളക്കാനോ എഴുന്നേൽക്കാനോ കഴിയുമായിരുന്നില്ല . വല്ലാത്ത ഭാരമുണ്ടെന്റെ ശരീരത്തിന് എന്താ അറീല…. വെന്റിലേറ്ററിൽ നിന്നും മുറിയിലേക്ക് മാറ്റി. .

താൻ രക്ഷപ്പെട്ടിട്ടും ആരുടെയും മുഖത്ത് വലിയ സന്തോഷമൊന്നും കാണുന്നില്ല .ആശ്വാസമുണ്ട് പക്ഷെ:..

“ടാ ശരത്തേ നിന്നെ ഒന്നു തനിച്ചു കിട്ടാൻ കാത്തിരിക്കുകയായിരുന്നു. ടാ അഞ്ചു വന്നതേയില്ലല്ലോ എന്നെ കാണാൻ .അവൾ അറിഞ്ഞില്ലേ .

ഇത്രേംദിവസമായിട്ടും ഒരു പ്രാവശ്യം പോലും വിളിച്ചുമില്ല ‘ ഇവിടെണങ്കിൽ ആർക്കും പഴയപോലെ ഉത്സാഹമില്ല ഞാൻ രക്ഷപ്പെട്ടില്ലേ ടാ … ന്നിട്ടും എല്ലാരും എന്തോ നഷ്ടപ്പെട്ട പോലെ….. പറയടാ ഇവിടെ എന്തോ സംഭവിച്ചിട്ടുണ്ട് .”

“ഉണ്ട് പക്ഷെ എങ്ങനെ നിന്നോടത് പറയുമെന്നറിയാതെ പേടിച്ചണവർ … ടാ വിവേകേ ഞാൻ പറയാൻ പോവാണ് നീ സമാധാനമായി കേൾക്കണം: ഇങ്ങനെക്കെണ് ജീവിതം . പല നഷ്ടങ്ങൾ ഉണ്ടാകും സഹിക്കണം നീ പേടിക്കരുത് ഞങ്ങളുണ്ട് നിന്റെ കൂടെ ”

” ടെൻഷനടിപ്പിക്കാതെ പറയടാ … ”

” ഡോക്ടർ പറഞ്ഞു നിന്നെ രക്ഷിക്കാൻ പറ്റില്ലെന്ന് .തലക്കും കാലിനും സാരമായി പരിക്ക് പറ്റിയിട്ടുണ്ടെന്ന്….. ”

“അതൊക്കെ ഞാനറിഞ്ഞു. അതിന്നൊക്കെ ഞാൻ രക്ഷപ്പെട്ടില്ലേ പിന്നെന്താ ”

” ഉം അതില് എല്ലാർക്കും ഒരു പാട് ആശ്വാസമുണ്ട് . ദൈവം നിന്നെ തിരിച്ചു തന്നതിൽ ഒരു പാട് സന്തോഷവും ..അതിനു പകരമായി ദൈവം എടുത്തത് നിന്റെ കാലുകളായിരുന്നെടാ … ബസിന്റെ ചക്രങ്ങൾ കയറി ഒടിഞ്ഞു തൂങ്ങിയ കാലുകൾ മുറിച്ചുകളയേണ്ടി വന്നു ടാ”

പറഞ്ഞതും അവൻ പൊട്ടിക്കരഞ്ഞു.

വീണ്ടും ഇരുട്ടായോ കാഴ്ചകൾ മങ്ങുന്നു … തേനീച്ചകൾ മുരളുന്ന ശബ്ദം മാത്രം …

ഇരുട്ടുള്ള ആഴമേറിയ ഗർത്തത്തിലേക്ക് പെട്ടെന്ന് വീഴുന്ന പോലെ … ആശ്രയത്തിനായി കട്ടിലിന്റെ വശങ്ങളിൽ മുറുക്കി പിടിച്ചു .

ഇല്ല .. പിടുത്തം കിട്ടുന്നില്ല .. തിരിഞ്ഞുo മറിഞ്ഞും തല കുത്തിയും വീണുകൊണ്ടിരുന്നു . വീണ്ടും ശരത്തിന്റെ ശബ്ദം മുകളിൽ നിന്നു കേട്ടു .

” നിന്നോടിത് പറയാൻ ഭയന്നാണ് ഓരോ നിമിഷവും ഞങ്ങൾ ….. പിന്നെ അജ്ഞന വന്നിരുന്നു .. നിന്റെ സ്ഥിതി അറിഞ്ഞ നിമിഷം പോയതാ അവൾ പിന്നെ വന്നതുമില്ല . നിന്റെ ഫോൺ കാണാനില്ല . അവള് വിളിക്കുന്നുണ്ടാകും. കിട്ടാഞ്ഞിട്ടാകും ”

അവൻ സമാധാനിപ്പിക്കാനുള്ള ശ്രമം .
ഇപ്പോഴാണ് തകർച്ച പൂർണ്ണമായത് .
ഒരു മരവിപ്പ് മാത്രം .. തന്റെ കാലുകൾ എഴുന്നേറ്റു നോക്കണമെന്നുണ്ട് … അനങ്ങാൻ പോലും കഴിയുന്നില്ലല്ലോ …

ഇതെല്ലാം കേട്ട് പുറത്ത് നിൽക്കുകയായിരുന്ന അമ്മയും അച്ഛനം അടുത്തേക്ക് വന്നു . തളർന്നു കരയുന്ന അമ്മക്കും തകർന്നു നിൽക്കുന്ന അച്ഛനും മുമ്പിൽ പൊട്ടി കരയാതിരിക്കാൻ ഏറെ പണിപ്പെടെണ്ടി വന്നു .

വീട്ടിൽ വന്നു ദിവസങ്ങൾ കഴിഞ്ഞിട്ടും ആ ഭീകരമായ സത്യത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല .

ജീവിതം അവസാനിച്ചു . ആർത്തുല്ലസിച്ച ദിവസങ്ങൾ മുറിയിലെ ചുമരുകളിൽ ചാരി നിന്ന് തല കുനിച്ചിറങ്ങിപ്പോയി .. ഇനിയൊരിക്കലും ആ ജീവിതം തിരിച്ചു കിട്ടില്ലെന്ന തിരിച്ചറിവിൽ ഭ്രാന്തനായി ..

ദിവസങ്ങൾ യുഗങ്ങളായി .. അഞ്ചുവിനെ ഓർക്കുമ്പോഴൊക്കെ വല്ലാത്തൊരു വേദന ഹൃദയത്തിൽ ജനിച്ച് കണ്ണുകളിലൂടെ ചാടി മരിച്ചു കൊണ്ടിരുന്നു ……

“ടാ അഞ്ചുനെ കണ്ടു . നിന്റെ കാര്യക്കെ പറഞ്ഞു .”

“ന്നിട്ടെന്തു പറഞ്ഞവൾ വരോടാ എന്നെ കാണാൻ ”

” നീ അവളെ മറന്നേക്ക് .ഇങ്ങനൊരാളെ അവൾക്ക് ഓർമ്മ പോലുമില്ലെന്ന് പറഞ്ഞു അവൾ. പിന്നെ നിന്റെ കയ്യിലെ പണം കണ്ടിട്ടു തന്നെണ് കൂടെ കൂടിയത് കാലില്ലാത്ത നീ അവക്കൊരു ഭാരമാണെന്ന് ..

നീ വിട്ടു കളയെടാ അത് ഓർക്കണ്ടനി. അവൾക്ക് വേറെ ചുറ്റിക്കളിയൊക്കെയുണ്ട് . പുറത്തെ ഭംഗി കണ്ട് ആരെം സ്നേഹിക്കരുത് .. ”
ശരത്തിന്റെ അവസാന വാചകം നെഞ്ചും തുളച്ച് കയറിപ്പോയി …

“ഹലോ”

“ശിൽപാ… ഞാൻ…… ഞാനാ വിവേക് ”

” ശിൽപാ എന്താ ഒന്നും മിണ്ടാത്തത് .. വെറുപ്പാണോ എന്നോട് ”

” വിവേക് ഞാൻ തീരെ പ്രതീക്ഷിച്ചില്ല . ഞാൻ അന്ന് കുറെ വിളിച്ചിരുന്നു . പിന്നെ പിന്നെ നമ്പർ നിലവിലില്ല എന്ന് മാത്രം അറിഞ്ഞു. നമ്പർ മാറ്റിയല്ലേ .

അപ്പൊ തീർച്ചയായും നീയെന്നെ കണ്ടു കാണും . ഞാൻ പറഞ്ഞതല്ലേ വിവേക് എനിക്ക് സൗന്ദര്യമില്ലെന്ന് .. സാരമില്ല അതൊക്കെ പോട്ടെ സുഖമല്ലേ ”

” ഉം പുറം ഭംഗിക്ക് ജീവിതത്തിൽ ഒരു സ്ഥാനമില്ലെന്ന് മനസ്സിലാക്കി ഞാൻ .എവിടേയും പഠിക്കാൻ പോവാതെ കുറെ പാഠങ്ങൾ പഠിച്ചു നിൽക്കാ ഞാൻ………

നീയെന്നോട് ക്ഷമിക്കണം മാപ്പ് നിന്നെ വേദനിപ്പിച്ചതിന് അവഗണിച്ചതിന് മാപ്പ് ”

” അന്നൊരുപാട് സങ്കടപ്പെട്ടു. കരഞ്ഞു. ജീവിതം വെറുത്തു പോയി . സ്വയം കുറ്റപ്പെടുത്തി .ദൈവം അങ്ങനേണ് വിവേക് . ഒരു പാട് സങ്കടപ്പെടുത്തും ഒരുപാട് സന്തോഷം തരാൻ വേണ്ടി .
എന്നെ മനസ്സിലാക്കാനും സ്നേഹിക്കാനും ഒരാളുണ്ടായി.

ബാഹ്യമായ സൗന്ദര്യത്തിന് യഥാർത്ഥ ജീവിതത്തിൽ ഒരു സ്ഥാനവുമില്ലെന്നറിയുന്ന ഒരാൾ. ഒരുപാട് സന്തോഷവതിയാണ് ഞാനിന്ന് .കൂടാതെ ഞാനിന്നൊരു അമ്മയാണ് . നിനക്ക് സുഖമല്ലേ ”

അവളുടെ ഓരോ വാക്കുകളും നെഞ്ചിൽ തറച്ചുകൊണ്ടിരുന്നു . എന്റെ അപ്പോഴത്തെ അവസ്ഥ പറയാൻ മനസ്സനുവദിച്ചില്ല. സന്തോഷത്തോടെ ജീവിക്കട്ടെ അവൾ …..

“സുഖമായിരിക്കുന്നു ശിൽപാ .. നന്നായിരിക്കട്ടെ എന്റെ ഇനിയുള്ള പ്രാർത്ഥനയിൽ ഉണ്ടാകും നീ ….. എന്നും …… ശരി എന്നാൽ ഞാൻ വെക്കട്ടെ ….”

അവൾ പറയുന്നത് കേൾക്കാൻ പോലും തോന്നിയില്ല … ഫോണിൽ നിന്ന് അവളുടെ നമ്പർ എന്നന്നേക്ക്മായി കളയുമ്പോൾ മനസു നിറയെ കുറ്റബോധവും സന്തോഷവും ആയിരുന്നു .

ഒരു നിഴലായി പോലും അവളുടെ ജീവിതത്തിൽ ഇനി കടന്നു ചെല്ലരുത് ..

ഇത്രയും വലിയ ദു:ഖത്തിന് പകരമായി ഇനി ദൈവം തരാൻ പോകുന്ന സന്തോഷവും കാത്ത് ഞാനുണ്ടാവും ഈ ജീവിതത്തിന്റെ വാതിൽക്കൽ ….. തളരാതെ ….