രസമുകുളങ്ങൾ…
രചന: Josepheena Thomas
:::::::::::::::::::::
രാവിലത്തെ കാപ്പികുടിയൊക്കെ കഴിഞ്ഞ് കുര്യച്ചൻ കമ്പനിയിലേക്കും
കുര്യച്ചന്റെ തനിസ്വരൂപമായ ബെന്നിച്ചനും അന്നാമ്മയുടെ സൗന്ദര്യവും കുര്യച്ചന്റെ നിറവുമുള്ള സെഫിമോളും സ്കൂളിലേക്കും പോയിക്കഴിഞ്ഞപ്പോഴാണ് അന്നാമ്മക്കിത്തിരി വിശ്രമിക്കാനായത്. ഇത്രയുംനേരം അടുക്കളയിൽ കിടന്നു നെട്ടോട്ടമായിരുന്നു. എല്ലാത്തിനും തന്റെ കൈ രണ്ടും കൂടണം. കുര്യച്ചനാണെങ്കിൽ പല്ലുതേക്കാൻ പേസ്റ്റുവരെ ബ്രഷിൽ തേച്ചു കൊടുക്കണം. മക്കളും ഒട്ടും മോശമല്ല. ചെക്കനാണെങ്കിൽ അപ്പന്റെയപ്പുറമാ.
ഹോ! ഇനിയൊന്നു നടു നൂർത്തിയിട്ടേ ബാക്കി കാര്യമുള്ളു. കുര്യച്ചൻ ഒരു മണിയാവുമ്പോഴെ വരു. അപ്പോഴേക്കും കറിയെന്തേലും ഉണ്ടാക്കിവയ്ക്കാം.
വെളുപ്പിനെ മുതൽ അടുക്കളയിൽ പരക്കം പായുന്ന അന്നാമ്മയെ അവർ സ്വയം മനസ്സിൽ കണ്ടു.
“നിനക്കെന്നാ ഇവിടെ ഇതിനുംമാത്രം മലമറിക്കുന്ന പണി?’
കുര്യച്ചൻ എപ്പോഴും ചോദിക്കാറുള്ള പല്ലവിയാണ്. ഇതിനൊക്കെ എന്നാ മറുപടി പറയാനാ?
വിശ്രമിക്കാൻ കിടന്ന അന്നാമ്മ പെട്ടെന്നു തന്നെ ഉറക്കത്തിലേക്കു വഴുതിവീണു. കതകിൽ തുടർച്ചയായിട്ടുള്ള മുട്ടുകേട്ടാണ് ഞെട്ടിയെണീറ്റത്. ദൈവമേ!
കുര്യച്ചൻ. ഉച്ചയൂണിനു കമ്പനിയിൽ നിന്നും വന്നതാണ്. ഉറങ്ങാൻ വേണ്ടി കിടന്നതല്ല. വെളുപ്പിനെ നാലര മണിക്കെണീറ്റതല്ലേ? എങ്ങിനെ ഉറക്കം വരാതിരിക്കും?
ഇന്നിവിടെ പട നടക്കും. ആകെ ഒരുമണിക്കൂറാ കുര്യച്ചന്റെ വിശ്രമസമയം. കൃത്യം രണ്ടു മണിക്ക് കമ്പനിയിൽ തിരിച്ചെത്തിയേ ഒക്കൂ. ഇപ്പോൾത്തന്നെ സമയം ഒന്നേകാലായി.
ഉച്ചയൂണു കഴിഞ്ഞാൽ അരമണിക്കൂർ വിശ്രമിച്ചിട്ടേ കുര്യച്ചൻ പോകൂ. അത് നിർബന്ധമാണ്. കറിയൊന്നും വെച്ചില്ല..വെക്കാഞ്ഞിട്ടല്ല. പിള്ളേർക്കു രണ്ടു പേർക്കും പൊതികെട്ടിക്കഴിഞ്ഞപ്പോൾ പിന്നെ ബാക്കിയുണ്ടായില്ല. സെഫിമോളെക്കൊണ്ടു കുഴപ്പമില്ല. ഉള്ളതു കൊടുത്താൽ മതി. ബെന്നിച്ചൻ അങ്ങിനെയല്ല. അവന്റെ കാര്യം കുശാലാകണം. ഒരു തീറ്റിപ്രാന്തൻ! കുര്യച്ചന്റെ അപ്പന്റെ സ്വഭാവമാ അവന്.
” ഇവിടെയാരുമില്ലേ?”
കതകു തുറന്നു കിടന്ന കൊണ്ടാകണം അടുത്ത വീട്ടിലെ കപ്യാരു ചേട്ടൻ ആരുടേയും അനുവാദത്തിനു കാത്തു നില്ക്കാതെ അകത്തേക്കു കയറിയത്. അദ്ദേഹം സെറ്റിയിലേക്ക് അമർന്നിരുന്നു. അപ്പോഴേക്കും ടോയ്ലറ്റിൽ നിന്നും കുര്യച്ചൻ ഇറങ്ങി വന്നു
ഇനിയിപ്പോ കറിയൊന്നും വെയ്ക്കാനുള്ള സമയമില്ല. ഉള്ളതുകൂട്ടി കൊടുക്കാം.
പെട്ടെന്നാണ് അന്നാമ്മയുടെ കണ്ണുകൾ അടുക്കള ജനലിലൂടെ മുറ്റത്തു കായ്ച്ചു നിൽക്കുന്ന മാവിന്മേൽ ഉടക്കിയത്
പിന്നെയൊന്നും ആലോചിച്ചില്ല. മാവിൽ ചാരിവെച്ചിരിക്കുന്ന തോട്ടിയെടുത്ത് ഒരു മാങ്ങ പറിച്ചു. തന്റെ ഭാഗ്യത്തിനാണ് കപ്യാരുചേട്ടൻ കുര്യച്ചനെ കാണാൻ വന്നത്. അവരുടെ സംസാരം ഇപ്പോഴെങ്ങും തീരല്ലേ എന്ന് അന്നാമ്മ ആത്മാർത്ഥമായും പ്രാർത്ഥിച്ചു. എന്തൊക്കെയോ പള്ളിക്കാര്യമാണെന്നു തോന്നുന്നു. ങാ! എന്തെങ്കിലുമാകട്ടെ. തനിക്കത്രേം സമയം കിട്ടിയല്ലോ. പുണ്യാളച്ചൻ കാത്തു. അല്ലെങ്കിലും അങ്ങിനെയാണല്ലോ. തന്റെ മനസ്സൊന്നു വിഷമിച്ചാൽ മതി പുണ്യാളച്ചൻ ഇടപെടും. ആഴ്ച്ചേലാഴ്‌ച്ചേൽ മുടങ്ങാതെ തിരികത്തിക്കുന്നതിന്റെ
ഗുണം.
ഇതൊരു നിസ്സാര കാര്യമാണെന്നു വിചാരിക്കേണ്ട. കുര്യച്ചനും അപ്പനെപ്പോലെ തന്നെയാ. എത്ര സ്നേഹ സമ്പന്നനാണെന്നു പറഞ്ഞാലും ഭക്ഷണം കൃത്യസമയത്തു കിട്ടിയില്ലേൽ പെര മലത്തി വയ്ക്കും. ഇനി അഥവാ നല്ല സ്വഭാവം കേറുമ്പോ ഇതൊക്കെ പറഞ്ഞാലോ ഒറ്റ ഡയലോഗാണ്.
“എടീ… ഞാൻ പിന്നെ നിന്നെ കെട്ടിക്കോണ്ടു വന്നത് കണ്ണാടിക്കൂട്ടിലിരുത്താനാണോ? എനിക്കു നേരത്തും കാലത്തും വല്ലോം വെച്ചു വിളമ്പാനും എന്റെ കൊച്ചുങ്ങളെ
പെറാനുമാ”
പിന്നെ അന്നാമ്മ ഒന്നും മിണ്ടുകേല. നാക്കിനെല്ലില്ലാത്ത അതിയാനോട് എന്നാ പറയാനാ. രണ്ടു കൈ കൂടിയടിച്ചാലല്ലേ ഒച്ച കേൾക്കു. ഈയൊരു കാര്യമൊഴിച്ചാൽ സ്നേഹമുള്ളോനാ എന്റെ കെട്ട്യോൻ.
മാങ്ങ ചെത്തി ഒരു കഷണം പൂളിവെച്ചു. രാവിലെ പുട്ടിനു ചിരകിയ തേങ്ങയുടെ ബാക്കിയിരുപ്പുണ്ടായിരുന്നു. അതും ഭാഗ്യം! മാങ്ങ കല്ലിൽവച്ചു ചതച്ചു. അതിന്റെ കൂടെ രണ്ട് ചുവന്നുള്ളിയും
വറ്റൽ മുളകും ഉപ്പുകല്ലും ഇത്തിരി ഇഞ്ചിയും എല്ലാംകൂടി കല്ലിൽ വെച്ചരച്ചു. അന്നാമ്മ ലേശമെടുത്തു രുചിച്ചു നോക്കി. ആഹാ! എന്നാ രുചിയാ. ചമ്മന്തി അരയ്ക്കുവാണേൽ കല്ലിൽവച്ചുതന്നെ അരയ്ക്കണം. അതിന്റെ രുചിയൊന്നു വേറെയാ. കുര്യച്ചന് മാങ്ങാച്ചമ്മന്തി ഭയങ്കര ഇഷ്ടമാണ്. വേണമെങ്കിൽ മോരും അച്ചാറുമൊക്കെയുണ്ട്. ചമ്മന്തിയുള്ളപ്പോൾ പ്രത്യേകിച്ച് മോര് എന്നേത്തിനാ? എന്നാലും അന്നാമ്മയ്ക്ക് ഉള്ളിൽ ചെറിയൊരു പേടി. ഇത്രയും
നേരമായിട്ടും കറി ആയില്ല എന്നു പറഞ്ഞാൽ കുഴീൽ കിടക്കുന്ന തന്റെ അപ്പനേം അമ്മയേം വരെ കുര്യച്ചൻ ഓർക്കും.
കപ്യാരു ചേട്ടൻ പോയി. കുര്യച്ചൻ നേരെ ഡൈനിംഗ് ടേബിളിലേക്കു വന്നു.
അന്നാമ്മ ഉള്ളിലിത്തിരി പേടിയും എന്നാൽ പുറമെ മയക്കുന്ന ചിരിയുമായി ചോറെടുത്തു വച്ചു. കൂടെ പപ്പടവും അച്ചാറും മോരും. നല്ല ഭംഗിയുള്ളൊരു പാത്രത്തിൽ മാങ്ങാച്ചമ്മന്തിയും. പെട്ടെന്നാണ് കുര്യച്ചൻ ചമ്മന്തി കണ്ടത്.
“എടിയേ, ഈ മാങ്ങാ ചമ്മന്തിയുള്ളപ്പോ എന്തിനാടീ വേറെ കറി?”
വെള്ളമെടുക്കാൻ ധൃതിയിൽ അടുക്കളയിലേക്കു പോയ അന്നാമ്മയെ നോക്കി കുര്യച്ചൻ പറഞ്ഞു. കുര്യച്ചൻ വിചാരിച്ചത് അന്നാമ്മ കറിയെടുക്കാൻ പോയതായിരിക്കുമെന്നാണ്. വെള്ളമെടുത്തിട്ടു തിരിച്ചു വന്ന അന്നാമ്മ കണ്ടത് ചമ്മന്തിപ്പാത്രത്തിലെ
സ്പൂൺ മാറ്റിയിട്ട് ചമ്മന്തി വാരിത്തിന്നുന്ന കുര്യച്ചനെയാണ്. അവൾ ആദ്യമായി കാണുന്നതു പോലെ ഭർത്താവിന്റെ ചെയ്തികൾ ആസ്വദിച്ചു നിന്നു.
കുര്യച്ചന്റെ നാവിലെ രസമുകുളങ്ങൾ ചിരിയുണർത്തുമ്പോൾ അന്നാമ്മയുടെ മനസ്സിനുള്ളിലെ സ്നേഹത്തിന്റെ രസമുകുളങ്ങൾ ഉണരുകയായിരുന്നു.