കല്യാണം കഴിഞ്ഞു വന്ന ആദ്യ നാളുകളിൽ താനും സേതുവേട്ടന്റെ അമ്മയെപ്പോലെ 6 മണിക്കായിരുന്നു എഴുന്നേറ്റിരുന്നത്…

അരുന്ധതിയുടെ അമ്മ

രചന: Haritha Rakesh

:::::::::::::::::::::::::

“കൃഷ്ണ” ചാരു പതുക്കെ കണ്ണുകൾ തുറന്നു …തലയണയുടെ അടിയിൽ വച്ച ഫോൺ കയ്യിലെടുത്ത് സമയം നോക്കി…

സമയം കൃത്യം 3.55…

4 മണിയിലേക്കിനിയും 5 മിനുട്ടുകളുടെ ദൂരമുണ്ട്…

ഈ അഞ്ചു മിനുട്ടിലെ നെടുനീളം ചിന്തയിലൂടെയാണ് തന്റെ ഓരോ ദിനവും ആരംഭിക്കുന്നത്….

എന്നും ഉറങ്ങാൻ കിടക്കുമ്പോൾ ഒരു വേവലാതിയാണ് എങ്ങാനും എഴുന്നേൽക്കാൻ വൈകിയാലോ എന്നു …

അതുകൊണ്ട് തന്നെ അലാറം വെക്കാൻ മറക്കാറില്ല… എന്നാൽ 11 വർഷത്തെ ആ ദിനചര്യ അവളുടെ ശരീരത്തെ ഒരു അലാറം പോലെ ഒരുക്കിയിരുന്നു…

ഭർത്താവ് സേതു കട്ടിലിന്റെ മറ്റേ തലയ്ക്കൽ ഉറങ്ങുന്നു… ഉച്ചത്തിലുള്ള കൂർക്കംവലിയെ ഒഴിച്ചു നിർത്തിയാൽ ശാന്തമായ ഉറക്കം…

പകൽ മുഴുവൻ കായികാധ്വാനം നടത്തുന്നവരാണ് രാത്രി ഇങ്ങനെ കൂർക്കം വലിക്കുന്നതെന്നു ആരോ പറഞ്ഞു കേട്ടിട്ടുണ്ട്….

താനും കൂർക്കം വലിക്കുന്നുണ്ടോ അപ്പോൾ???

അതിപ്പോ ആരോടു ചോദിക്കാനാ??

അരുന്ധതിയെ പഠിപ്പിച്ചു കഴിഞ്ഞു അവളുടെ സ്കൂളിലേക്ക് വേണ്ടത് എടുത്തു വയ്ക്കുമ്പോഴേക്കും സമയം 11 കഴിയും… മേക്കഴുകി വരുമ്പോഴേക്കും കട്ടിലിന്റെ ഓരം പറ്റി സേതുവേട്ടൻ ഉറങ്ങിക്കാണും …

പിന്നെ രാവിലെ കാവിലെ തേവരും താനും നിർമ്മാല്യം തൊഴണ നേരം മുതലെ ഉണർന്നിരിപ്പാവും… പിന്നെ തന്റെ കൂർക്കം വലിയാരു കേൾക്കാൻ…

കല്യാണം കഴിഞ്ഞു വന്ന ആദ്യ നാളുകളിൽ താനും സേതുവേട്ടന്റെ അമ്മയെപ്പോലെ 6 മണിക്കായിരുന്നു എഴുന്നേറ്റിരുന്നത്…

സേതുവേട്ടനു കൃത്യം 8 മണിക്കുള്ള ബസ് കിട്ടിയാലെ സമയത്തിനു ഫർണിച്ചർ ഷോപ്പിൽ എത്താൻ സാധിക്കൂ…

അതു കാലെക്കൂട്ടി വേണം പണികൾ തീർക്കാൻ… ഉച്ചയ്ക്കു കുത്തരിച്ചോറിൽ ഒരു ഒഴിച്ചു കറിയും തോരനും, കൂടെ അച്ചാറോ അല്ലെങ്കിൽ പപ്പടം കാച്ചിയതോ നിർബന്ധം…

മുറ്റത്തു വളരണ കാട്ടുവാഴയുടെ ഇല വെട്ടി , അടുപ്പിൻ കല്ലിൽ ഇട്ടു വാട്ടിയെടുത്തു പൊതി കെട്ടണതു അവൾക്കിഷ്ടമുള്ള പണിയായിരുന്നു…

അടുക്കളയിൽ എല്ലാത്തിനും ചാരു അമ്മയെ സഹായിച്ചിരുന്നു, ശേഷം പറമ്പിലെ പണികളിലും അമ്മയുടെ നിഴൽ പോലെ കൂടെ നടന്നു…

ഒരാഴ്ച ആയപ്പോഴേക്കും അവിടുത്തെ ചിട്ടവട്ടങ്ങൾ ഒക്കെയും അവൾ മനസിലാക്കി…

അങ്ങനെ ഒരു ദിവസം ആറ്റിൽ പോയി പുറത്തു ചവിട്ടണ ചവിട്ടി, പായ ഒക്കെ കഴുകി കയറി വരുമ്പോഴാണ് ഉമ്മറത്തെ തൂണിൽ ചാരി ഇരിക്കണ സേതുവേട്ടനെയും അമ്മയെയും കണ്ടത്…

“സേതു, നിനക്കു പഠിപ്പില്ല, അതു ഞാൻ സമ്മതിക്കുന്നു, പക്ഷേ നീ എന്തിനാ ഈ വയ്യാവേലി എടുത്തു വെച്ചത്??”…..

മുറ്റത്തു കയറിയ ചാരു ഒന്നും മനസിലാകാത്ത വിധത്തിൽ രണ്ടു പേരേയും മാറി മാറി നോക്കി… അമ്മ അതൊന്നും ശ്രദ്ധിക്കാതെ തുടർന്നു…

“ഈ ആവതില്ലാത്തതിനെ കൊണ്ടു വന്നിട്ട്, ഞാൻ അടുക്കളയിൽ കിടന്നു മരിക്കണം…

ഞാൻ 10 നിമിഷം കൊണ്ടു ചെയ്യുന്നുതു ഇവളു രണ്ടു മണിക്കൂർ എടുക്കും”…

സംസാരം തന്റെ പോരായ്മയെ കുറിച്ചാണെന്നു മനസിലാക്കിയ ചാരു വേദനയോടെ സേതുവിനെ നോക്കി ചിരിച്ചു…

“ഞാൻ മരിച്ചു പോയാൽ നിന്റെ കാര്യങ്ങൾ ഇവളെക്കൊണ്ടു കൂട്ടിയാൽ കൂടില്ല…ഇനി ചോദിച്ചതിനു വല്ലതിനും മറുപടി പറയാൻ ആണെങ്കിലോ, ഇവളു പറഞ്ഞു തീരുമ്പോഴേക്കും അങ്ങാടിയിൽ രണ്ടു തവണ പോയി വരാം”…

അമ്മ പുച്ഛമായ ഒരു നോട്ടമയച്ചു കൊണ്ട് പറഞ്ഞു…

“എല്ലാം അറിഞ്ഞു കൊണ്ടല്ലേ ഞാൻ ഇവളെ കെട്ടിക്കൊണ്ടു വന്നത്, അവളുടെ അച്ഛൻ എല്ലാം നമ്മളോടു തുറന്നു പറഞ്ഞതല്ലേ?? അന്നൊന്നും നിങ്ങൾക്ക് ഒന്നും പറയാൻ ഇല്ലാരുന്നോ??”…

സേതുവിന്റെ ഒച്ച പൊങ്ങി…

” ഞാൻ ഓർത്തോ ഇത്രയും പൊട്ടി ആയിരിക്കുമെന്ന്”….

അമ്മ നിസാരമായി പറഞ്ഞു നിർത്തി…

” ഇവളുടെ അച്ഛൻ തന്നതു വെച്ചാ ഈ വീടു തിരിച്ചു പിടിച്ചത്, പട്ടണത്തിൽ ഒരു കടമുറി തുടങ്ങിയത് ആട്ടേ, ഇവൾക്കാവതില്ലാതെയാണോ ഈ കണ്ട അടുക്കപ്പണിയിൽ നിങ്ങളെ സഹായിക്കുന്നത്??”…

സേതു ദേഷ്യത്തോടെ അമ്മയെ നോക്കി…

“അയലത്തു വന്നു കേറിയവളെ ഒക്കെ നോക്ക് അവിടെ എന്നെപ്പോലെ പ്രായം ഉള്ളവർ അടുക്കളയിൽ കഷ്ട പെടുന്നുണ്ടോന്നു നോക്ക്”…..

അമ്മ ദേഷ്യത്തോടെ അടുക്കളയിൽ കേറിപ്പോയി… സേതു ചാരുവിനെ ഒന്നു നോക്കി…

അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടെങ്കിലും, ഒരു വശത്തേക്ക് കോടിപ്പോയ ചിരി ആ ചുണ്ടിൽ ഉണ്ടായിരുന്നു… അമ്മ പറഞ്ഞതിൽ ഒന്നിലും അവൾക്ക് ഒന്നും തോന്നിയിരുന്നില്ല..

ഓർമവെച്ച നാൾ മുതൽ പലരിൽ നിന്നും കേൾകുന്നതാണ് ഈ കളിയാക്കലുകൾ…

ചാരുവിനെ ഗർഭാവസ്ഥയിൽ ഉള്ളപ്പോഴാണ് അവളുടെ അമ്മയ്ക്കു സ്ട്രോക്ക് വരുന്നത്…

വശങ്ങൾ തളർന്നു അവർ കിടപ്പിലായപ്പോൾ അവൾക്കു 3 മാസം വളർച്ച ആയതേയുള്ളൂ വയറ്റിൽ…

അമ്മയുടെ ആരോഗ്യ സ്ഥിതി വെച്ച് വയറ്റിലെ കുട്ടിയുടെ വളർച്ച മന്ദഗതിയിലാകുന്നു, എന്ന ഡോക്ടറുടെ നിർദേശത്തെ അവഗണിച്ചു അവരു ചാരുവിനു ജന്മം നൽകി…

ജനിച്ച ഉടനെ നല്ല ആരോഗ്യമുള്ള കുഞ്ഞായാണു അവൾ കാണപ്പെട്ടതെങ്കിലും, വളരും തോറും അവളിൽ ചെറിയ വൈകല്യങ്ങൾ കണ്ടു തുടങ്ങി…

കൈയ്ക്കും കാലിനും ചെറിയ ബലക്ഷയവും, സംസാരിക്കുമ്പോൾ വായ ഒരു വശത്തേക്ക് പ്രത്യേക രീതിയിൽ കോടിപ്പോകുന്നതുമായ വൈ കല്യങ്ങൾ അവളിൽ അവശേഷിച്ചു…

എങ്കിലും അവൾ നടന്നു, വാ തോരാതെ സംസാരിച്ചു, മിടുക്കിയായി പ്ലസ് ടു വരെ പഠിച്ചു…

അപ്പോഴാണ് എല്ലാം അറിഞ്ഞു കൊണ്ട്, കാണാൻ സുമുഖനും സൽ സ്വഭാവിയുമായ സേതുവിന്റെ വിവാഹാലോചന അവളെ തേടി വരുന്നത്…

ചാരുവിന്റെ അച്ഛനു ഇക്കാര്യത്തിൽ കൂടുതൽ ഒന്നും ചിന്തിക്കാൻ ഉണ്ടായിരുന്നില്ല… അങ്ങനെയാണ് അവള് ഇവിടെ മരുമകളായി എത്തിയത്… സേതുവിൻ്റെ അമ്മ പറഞ്ഞ കാര്യങ്ങൾ അവള് എന്നായാലും പ്രതീക്ഷിച്ചിരുന്നു…

എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് സേതുവേട്ടൻ തൻ്റെ ഭാഗത്തു നിൽകുമെന്നവൾ പ്രതീക്ഷിച്ചിരുന്നില്ല…

അന്ന് മുതൽ ആ മനുഷ്യന് വേണ്ടി അവൾ മാറാൻ തീരുമാനിച്ചു…

പിറ്റെ ദിവസം തൊട്ടു ചാരു പുലർച്ചെ 4 മണിക്ക് എഴുന്നേറ്റു അടുക്കള പണി ചെയ്യാൻ തുടങ്ങി… സേതു പോകുന്ന സമയം ആകുമ്പോഴേക്കും എല്ലാം ഒരുങ്ങാൻ തുടങ്ങി…

തുടക്കത്തിൽ അമ്മ തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റം പറയുമെങ്കിലും, ചാരുവിനെ അതൊന്നും ബാധിക്കില്ല എന്നത് അവരുടെ വാ അടപ്പിച്ചു…

ചാരു ഒരു പുറംതോടിനുള്ളിലേക്ക് സ്വയം ഒതുങ്ങുകയാണ് ചെയ്തത്… അടുക്കളയും ചുറ്റു വട്ടങ്ങളുമയി അവൾ നാളുകൾ നീക്കി…

അവളിൽ പ്രകടമായ ഒരു മാറ്റം കണ്ടെത്താൻ സേതുവിനു കഴിഞ്ഞത് അരുന്ധതിയെ ഗർഭം ധരിച്ചപ്പോഴാണ്…

ഒരിക്കൽ പോലും പുറത്തു കൊണ്ട് പോകാനോ, ഒരു നല്ല ഭക്ഷണം കഴിക്കാനോ അവശ്യപ്പെടാത്തവൾ, രാവിലെത്തന്നെ കഴിക്കാൻ വേണ്ട സാധനത്തിന്റെ ഒരു ലിസ്റ്റും കൊണ്ട് വരുന്നത് പതിവാക്കി…

ദിവസക്കൂലിക്കു മുകളിൽ പോകുന്ന മോഹങ്ങളായിരിക്കുo ആ ലിസ്റ്റിൽ പലപ്പോഴും ഉണ്ടാകുക….

അതു കാണുമ്പോൾ അമ്മ പറയും:

“നമ്മളും 2 പെറ്റതാ, ഇങ്ങനെ കൊട്ടക്കണക്കിന് പഴങ്ങൾ ഒന്നും തിന്നിട്ടില്ല… കെട്ടിയോൻ കൂ ലിപ്പണിക്കാരൻ ആണെന്ന ബോധം വേണ്ടേ??”…

അവള് അതൊന്നും ശ്രദ്ധിക്കാൻ പോയില്ല… കുഞ്ഞിന്റെ വളർച്ചയ്ക്കാവശ്യമായതെല്ലാം ഡോക്ടറോടു ചോദിച്ചു മനസിലാക്കി കഴിച്ചു കൊണ്ടിരുന്നു…

ഒടുവിൽ അഞ്ചാം മാസത്തെ സ്കാനിങ്ങിൽ ഡോക്ടർ എല്ലാം ഓകെയാണ് , നമ്മൾ പകുതി ദൂരം താണ്ടി എന്നു പറഞ്ഞു കേട്ടപ്പോൾ അവളുടെ തൊണ്ടക്കുഴിയിൽ അറിയാതെ ഒരു തേങ്ങൽ രൂപപ്പെട്ടു…

അരുന്ധതി വന്നതിൽ പിന്നെ അവളായി ചാരുവിന്റെ ലോകം….

തന്നെ വിമർശിക്കാതെ , ദേഷ്യപ്പെടാതെ, ക്ഷമയോടെ കേട്ടിരുന്ന തന്റെ ചോരയെ അവൾ നെഞ്ചേറ്റി വളർത്തി… അവളുടെ ഒരോ വളർച്ചയിലും ചാരുവും വളരുകയായിരുന്നു…

അരുന്ധതിയുടെ സ്കൂൾ കാലഘട്ടം ആയപ്പോഴേക്കും ചാരു അവളുടെ ടീച്ചറായി… അരുന്ധതിക്കു പഠിപ്പിച്ചു കൊടുത്താൻ അവൾ തന്റെ പഠനത്തെയും പൊടി തട്ടിയെടുത്തു…

പറഞ്ഞു കൊടുക്കുന്നത് ഉടനടി മനസിലാക്കുകയും, വളരെ സ്ഫുടമായ രീതിയിൽ സംസാരിക്കുകയും ചെയ്യുന്ന അരുന്ധതി സ്കൂളിലും എല്ലാർക്കും പ്രിയങ്കരിയായി…

എന്നാൽ ചാരു അവളിൽ കണ്ട ഏറ്റവും നല്ല ഗുണം, അവൾ നല്ലൊരു കേൾവിക്കാരിയാണു എന്നുള്ളതാണ്…

കൂടാതെ ആ വീട്ടിൽ പല കാര്യത്തിനും ചാരുവിന്റെ ശബ്ദമായി അവൾ മാറിയിരുന്നു… അങ്ങനെ മികച്ച മാർക്കോടെ അരുന്ധതി ഒന്നാം ക്ലാസ് പൂർത്തിയാക്കി…

അവളെ ഉയരങ്ങളിലേക്കു കൈ പിടിച്ചുയർത്തിയ ചാരുവിനെ അദ്ധ്യാപികമാരു കാത്തിരുന്നെങ്കിലും സേതു വിന്റെ അമ്മയുടെ കളിയാക്കൽ കൊണ്ടു ചാരു പോയില്ല…

ആവതില്ലാത്ത അമ്മയെ കണ്ടാൽ അരുന്ധതിയെ കൂട്ടുകാരു കളിയാക്കുമെന്നു പറഞ്ഞു അമ്മ സേതുവിനെ സ്കൂളിലേക്കു പറഞ്ഞു വിട്ടു….

വൈകുന്നേരം അടുക്കളപ്പുറത്തെ അലക്കു കല്ലിൽ മത്സരിക്കുന്ന ചാരുവിന്റെ അടുത്തു ചെന്നു സേതു പറഞ്ഞു…

“മിടുക്കിയാ നമ്മടെ മോള്!!”…

“നിങ്ങടെ അല്ലേ മോള്”…..

അവളുടെ വിറക്കുന്ന ചുണ്ടുകൾ ദീർഘമായെന്തോ പറയാൻ കൊതിച്ചുവെങ്കിലും, വക്രിച്ച ഒരു ചിരിയിൽ ആ സംസാരം അവസാനിപ്പിച്ചു…

ആടിക്കാറ്റു പോലെ ദിവസങ്ങൾ ഓടി മറഞ്ഞു… അരുന്ധതി 5 ൽ പഠിക്കുന്ന നേരം … ഒരു വെള്ളിയാഴ്ച ഉച്ച തിരിഞ്ഞു കുട്ടി കരഞ്ഞു കൊണ്ട് സ്കൂളിൽ നിന്നെത്തി…

ചാരുവിന്റെ നെഞ്ചകം പെരുമ്പറ കൊട്ടി…

ചേർത്തു പിടിച്ചു ചോദിപ്പോഴാണ് ഹോം വർക്ക് ചെയ്യാത്തത് കൊണ്ട് മാഷ് പുറത്താക്കി എന്നും, ഉച്ചയ്ക്ക് ശേഷം അമ്മയെ കൊണ്ട് ചെന്നു ക്ലാസ്സിൽ കയറിയാൽ മതീന്ന് പറഞ്ഞു എന്നും അറിയാൻ കഴിഞ്ഞത്…

മറ്റു നിവർത്തിയില്ലാതെ ചാരു അവളുടെ കൂടെ സ്കൂളിലേക്കു പോയി… സ്കൂളിൻ്റെ ഓഡിറ്റോറിയം മുഴുവൻ രക്ഷിതാക്കൾ ആയിരുന്നു…

തന്റെ കയ്യും പിടിച്ചു വരുന്ന അരുന്ധതിയെ എല്ലാവരും മാറി മാറി നോക്കുണ്ടയിരുന്നു… അവളുടെ ഉറ്റ കൂട്ടുകാരികൾ ചിലർ വന്നു തന്നോട് പറ്റിച്ചേർന്ന് നിന്നു…

ഒന്നും മനസ്സിലാകാതെ നിൽകുന്ന ചാരുവിനെയവൾ ഓഡിറ്റോറിയത്തിന്റെ മുന്നിലെ നിരയിൽ കൊണ്ടിരുത്തി..

ചാരു നോക്കി നിൽക്കെ കൂട്ടുകാരുമൊത്ത് അരുന്ധതി സ്റ്റേജിൻ്റെ പുറകിലേക്ക് മറഞ്ഞു…

തൻ്റെ തലയ്ക്ക് മുകളിൽ അയി സ്ഥാപിച്ചിരിക്കുന്ന മൈക്കിൽ അരുന്ധതിയുടെ പേര് വിളിച്ചു പറയുന്നത് കേട്ട് ചാരു സ്റ്റേജിലേക്ക് തന്നെ നോക്കി ഇരുന്നു…

ഇംഗ്ലീഷ് പ്രസംഗ മൽസരം നടക്കുകയാണ്… വളരെ ചെറിയ സമയത്തിൽ സ്ത്രീത്വം എന്ന ആശയം അവതരിപ്പിച്ചു അവൾ ചാരുവിന്റെ അരികിൽ എത്തി…

മനസു നിറഞ്ഞ ചാരു, റിസൾട്ട് ഒന്നും അറിയാൻ കാത്തു നിൽക്കാതെ അവിടെ നിന്നും എഴുന്നേറ്റു….

തന്റെ മനസിൽ, തന്റെ മനസാക്ഷിക്കു മുന്നിൽ ഒരായിരം തവണ താൻ ജയിച്ചിരിക്കുന്നു…

നിറഞ്ഞ സദസിലൂടെ നടന്നു നീങ്ങുന്ന ചാരുവിന്റെ കൈകൾ അരുന്ധതി വന്നു കോർത്തു പിടിച്ചു…

“അച്ഛൻ അല്ലേ ഇതൊക്കെ കാണേണ്ടത്”… ചാരു വിക്കി വിക്കി പറഞ്ഞു…

ആണുങ്ങൾ ഇരിക്കുന്ന ആദ്യത്തെ നിരയിൽ അച്ഛനെ അരുന്ധതി കാണിച്ചു കൊടുത്തപ്പോൾ ചാരുവിന് ഒന്നും പറയാൻ ഇല്ലായിരുന്നു…

അവളുടെ വാക്കുകൾ അറ്റു പോയിടത്തു മൗനങ്ങൾ നൂറായിരം സംസാരിച്ചു…