ചേട്ടന് നിങ്ങടെ അനിയത്തിയെ വിളിച്ചു പറഞ്ഞുകൂടേ രണ്ടുദിവസം അമ്മേടെ അടുത്ത് വന്നു നിൽക്കാൻ..

നന്മ മരങ്ങൾ

രചന: Jolly Shaji

::::::::::::::::::::::::::::

നിങ്ങൾക്ക് അവിടിരുന്നു പറഞ്ഞാൽ മതി.. എനിക്ക് എന്റെ കുഞ്ഞിന്റെ ഭാവികൂടി നോക്കണ്ടേ…

എടി സീനാ മോൾക്ക്‌ ഒന്നോ രണ്ടോ ദിവസം ഡാൻസ് ക്ലാസ്സിൽ പോയില്ലെന്നോർത്ത് എന്തേലും സംഭവിക്കുമോ…

എടി അമ്മയുടെ സംസാരം കേട്ടാൽ അറിയാം തീരെ വയ്യെന്ന്… നീയൊന്നു ചെന്നു ഹോസ്പിറ്റലിൽ കൊണ്ടുപോ അമ്മേനെ…

ചേട്ടന് നിങ്ങടെ അനിയത്തിയെ വിളിച്ചു പറഞ്ഞുകൂടേ രണ്ടുദിവസം അമ്മേടെ അടുത്ത് വന്നു നിൽക്കാൻ..

അതെങ്ങനെ പറയും അവള് ആ കുട്ടികളേം കൊണ്ട് ഇത്രേം ദൂരം വരണ്ടേടി.. പോരാത്തതിന് അളിയൻ വന്നിട്ട് ഒരാഴ്ച്ച പോലും ആയിട്ടില്ല…

അമ്മയോട് ഒരു ഓട്ടോ വിളിച്ചു ആ ഗവൺമെൻറ് ആശുപത്രിയിൽ പോയി ഡോക്ടറെ കാണാൻ പറയു..

എന്നാലും നീ പോവില്ല അല്ലെ… ആട്ടെ ഞാൻ എന്തേലും ചെയ്‌തോളാം..

നിങ്ങള് പാരസെറ്റമോൾ കഴിക്കു.. നാളെയെങ്കിലും ജോലിക്ക് പോകണ്ടേ… ജോലിക്ക് പോകാതിരുന്നാൽ സാലറി കിട്ടില്ലല്ലോ… ഇപ്പൊ തന്നെ അയക്കുന്ന കാശ് ഒന്നിനും തികയുന്നില്ല..

കെട്ടിയോൻ ചത്താലും വേണ്ടില്ല നിനക്ക് കാശ് കൃത്യമായി കിട്ടിയാൽ മതിയല്ലേ…

അതെന്താ ചേട്ടാ അങ്ങനെ പറയുന്നേ… അല്ലേലും ചേട്ടന് ഞാൻ ആരുമല്ലല്ലോ.. എനിക്കറിയാം ഞാൻ എന്ത് പറഞ്ഞാലും ഇഷ്ടമല്ലെന്നു.. നമ്മുടെ മോൾടെ ഭാവി ഓർത്താണ് ഞാൻ… എന്നാലും നിങ്ങൾ..

മോങ്ങേണ്ട മോങ്ങേണ്ട.. ഫോൺ വെച്ചൊ..ശ്രീജിത് ഫോൺ കട്ട് ചെയ്തു തിരിഞ്ഞു കിടന്നു… ഇനി ഇപ്പോൾ എന്ത് ചെയ്യും… അമ്മക്ക് തീരെ വയ്യെന്ന് തോന്നുന്നു സംസാരം കേട്ടിട്ട്…

എന്താട്രാ ശ്രീ നീ ജോലിക്ക് വരാത്തത്‌.. എന്ത് പറ്റി അനക്ക്..

അസീക്കാ എനിക്ക് നല്ല മേല് വേദന.. രാത്രിയിൽ ചെറിയ പനിയും ഉണ്ടാരുന്നു… രാവിലെ എണീറ്റതാണ് പക്ഷെ ശരീരം ഭയങ്കര ഷീണം…

അസീസ് അവന്റെ നെറ്റിയിൽ തൊട്ടുനോക്കി..

യ്യോ ഇത് നല്ല പനി ഉണ്ടല്ലോ ഇപ്പൊ.. ഇജ്ജ് എണീറ്റെ ഞാൻ കാന്റീനിൽ പോയി ചായയും കഴിക്കാനും എടുത്തിട്ട് വരാം.. എന്നിട്ട് ടാബ്‌ലറ്റ് കഴിച്ചാൽ മതി… കുറഞ്ഞില്ലെങ്കിൽ മ്മക്ക് ആ ക്ലിനികിൽ വരേ പോകാം…

എനിക്ക് വിശപ്പില്ല അസീക്കാ… എനിക്ക് കഴിക്കാൻ ഒന്നും വേണ്ട…

ഭക്ഷണം കഴിക്കാതെ എങ്ങനെ മരുന്ന് കഴിക്കും…ഇജ്ജ് എണീറ്റെ ഞാൻ ഇപ്പൊ വരാം…

അസീസ് വേഗം കിച്ചനിലേക്ക് പോയി..
ശ്രീജിത്തു വേഗം ഫോൺ എടുത്ത് അമ്മയെ വിളിച്ചു..

അമ്മാ ഞാൻ കൃഷ്ണേട്ടനെ വിളിച്ചു പറയാം ഓട്ടോ ആയിട്ടു വരാൻ അമ്മ ഹോസ്പിറ്റലിൽ ഒന്ന് പോയിട്ടുവാ…

അമ്മേടെ കയ്യിൽ പൈസ ഇല്ലെങ്കിൽ ഞാൻ അസീക്കയോട് വാങ്ങി അയക്കാം… സാലറി വരുമ്പോൾ ഞാൻ ഇക്കാക്ക് കൊടുത്തോളാം..

പൈസ അമ്മേടെ കയ്യിൽ ഉണ്ട് മോനെ… എനിക്ക് ഇപ്പൊ നല്ല ആശ്വാസം ഉണ്ട്…. കുറഞ്ഞില്ലെങ്കിൽ ഞാൻ പൊയ്ക്കോളാം..

മോൻ എന്തേലും കഴിച്ചിട്ട് മരുന്ന് കഴിക്കു വേഗന്ന്… ഒറ്റയ്ക്ക് അവിടെ പട്ടിണി കിടക്കല്ലേ മോൻ..എന്തേലും വന്നാൽ നോക്കാൻ പോലും ആരുമില്ല..

അസീക്കാ എനിക്ക് ഭക്ഷണം എടുക്കാൻ പോയിട്ടുണ്ട് അമ്മേ… ഞാൻ കഴിച്ചോളാം… അമ്മ കിടന്നോ പറ്റില്ലെങ്കിൽ..ഞാൻ കുറച്ചുകഴിഞ്ഞു വിളിക്കാം അമ്മേ..

അവരുടെ സംസാരം കേട്ടാണ് അസീസ് ചായയുമായി മുറിയിലേക്ക് വന്നത്…

എന്താണ്ട്രാ നാട്ടിൽ വിശേഷങ്ങൾ..

അമ്മക്ക് വയ്യ അസീക്കാ…. നല്ല ഷീണം ഉണ്ടെന്നു തോന്നുന്നു ആശുപത്രിയിൽ പോകാൻ പറഞ്ഞിട്ട് പോകുന്നതും ഇല്ല..

ഓൾടെ അടുത്ത് കൊണ്ടുപോകാൻ പറയു… പ്രായം കൂടി വരുമ്പോൾ താങ്ങാൻ ഉള്ള ശക്തി കുറയും…

ഓള് അവിടില്ല ഇക്കാ… അവളുടെ വീട്ടിൽ ആണ്…

അത് ജോറായിരിക്കുന്നു പ്രായമായ അമ്മേനെ ഒറ്റയ്ക്ക് ആക്കീട്ട് അവള് പോയോ… എന്താണ്ട്രാ ഓൾക്ക് വിവരം ഉള്ള കുട്ടിയല്ലേ..

അവള് അങ്ങനെ ആണ് ഇക്കാ… അവൾക്ക് എന്നേയും എന്റെ പണവും മതി… കൂറ് എപ്പോളും ഓൾടെ വീട്ടുകാരോട് ആണ്… മിക്കവാറും അവളുടെ വീട്ടിൽ തന്നെയാണ്..

അതൊക്കെ തുടക്കത്തിലേ നിർത്തേണ്ടിടത്തു നിർത്താത്തതിന്റെ ആണ്… ഇനി ഇപ്പൊ ബുദ്ധിമുട്ട് ആണ് മാറാൻ… നീ അമ്മയോട് ആസ്പത്രിയിൽ പോകാൻ പറഞ്ഞില്ലേ നീ…

പറഞ്ഞു ഇക്കാ… പക്ഷെ അമ്മ കുഴപ്പമില്ല എന്ന് പറയുന്നു…സംസാരം കേട്ടാൽ അറിയാം തീരെ വയ്യെന്ന്…

ഇനിയിപ്പോ എന്താ ചെയ്യാ… വല്ലതും കഴിച്ചിട്ടുണ്ടാകുമോ എന്തോ…ഞാൻ ജമീലയെ ഒന്ന് വിളിച്ച് നോക്കട്ടെ ഓൾക്ക് പറ്റുമെങ്കിൽ ചെല്ലും…

വേണ്ടിക്കാ എന്തിനാ പാവം ഇത്തയെ ബുദ്ധിമുട്ടിക്കുന്നെ… ഇത്ത പോയാൽ ആ കുട്ട്യോളേം കൊണ്ടുപോകേണ്ടേ..

അയിന് എന്റെ മക്കള് കുഞ്ഞിപ്പിള്ളേർ അല്ലല്ലോ അവർക്കും ഇഷ്ടമാ യാത്രയൊക്കെ…. കൂടിപ്പോയാൽ ഒരുമണിക്കൂർ യാത്ര ഇജ്ജ് വേഗം കഴിക്കു ഞാൻ ഓളെ ഒന്ന് വിളിക്കട്ടെ…

അസീസ് ഫോണും ആയി പുറത്തേക്കു പോയി…ശ്രീജിത്തിന്റെ കണ്ണുകൾ നിറഞ്ഞ് വന്നു…

പാവം ഇക്കാ തനിക്കു പിറക്കാതെ പോയ ഒരു ജ്യേഷ്ഠൻ തന്നെയാണ്… ഇക്കാ നാട്ടിൽ പോയാൽ തന്റെ വീട്ടിൽ കുടുംബമായി പോവും…

താൻ വാങ്ങി കൊടുത്തുവിടുന്നത് കൂടാതെ ഓരോന്നൊക്കെ വാങ്ങിക്കൊണ്ടുപോകും… പലപ്പോഴും പണം കൊണ്ടൊക്കെ തന്നെ സഹായിച്ചേക്കുന്നത് ഇക്കാ ആണ്…

എടാ ശ്രീ… ഞാൻ വിളിക്കേണ്ട താമസം ഓള് റെഡിയായി പോവാൻ..ജമീലയും മക്കളും നിന്റെ അമ്മയുടെ അടുത്ത് ഉണ്ടാവും രണ്ടീസം… ഇനി ഇജ്ജ് ബേജാറാവണ്ട.. നീ കഴിച്ചിട്ട് ടാബ്‌ലറ്റ് കഴിക്കു… ഞാൻ ഒന്ന് കുളിക്കട്ടെ…

സത്യത്തിൽ ഇക്കാ എന്റെ ആരാണ്… ബന്ധുക്കൾ പോലും ചെയ്യാത്ത കാര്യമാണ്… അവൻ ഫോൺ എടുത്തു അമ്മയെ വിളിച്ചു..

അമ്മാ… ഇപ്പോൾ എങ്ങനെ ഉണ്ട്..

ഒന്നുമില്ല മോനെ.. ഞാൻ ഒരു ഗുളിക കഴിച്ചു… മോനു പനിക്കുന്നുണ്ടോ…

ഇല്ല അമ്മേ… ജമീലത്ത കുട്ടികളുമായി വരും… അമ്മ ഹോസ്പിറ്റലിൽ പോകണം കേട്ടോ..

ജമീല എന്നേ വിളിച്ചു മോനെ… പാവം കുട്ടി… എന്നോട് ഭക്ഷണം ഒന്നും ഉണ്ടാക്കേണ്ട കിടന്നോളാൻ പറഞ്ഞു.. അവള് ചോറ് കൊണ്ടുവരാം എന്ന്…

ഞാൻ ഇക്കയോട് പറഞ്ഞതാ അമ്മ ഇത്തയെ ബുദ്ധിമുട്ടിക്കേണ്ട എന്ന്…

അവർക്കു അത് സന്തോഷമാണ് മോനെ… എന്റെ മോൻ അവിടെ ഇക്കയോടു പെരുമാറുന്നതിനു ദൈവം നമുക്ക് മുന്നിൽ നല്ലത് ഒരുക്കുന്നതാണ് മോനെ…

അമ്മയൊന്നു കിടക്കട്ടെ… മോൻ ഭക്ഷണം കഴിച്ചു മരുന്നു കഴിക്കണം കേട്ടോ…

ശെരിയമ്മേ…

ശ്രീജിത്തു ദൈവത്തിനു നന്ദിപറഞ്ഞു..