തന്‍റെ ദുഃഖങ്ങളും വേദനകളുമെല്ലാം ഉള്ളിലൊതുക്കി പുഞ്ചിരിയുമായി കോളേജിന്‍ പടിവാതില്‍ കയറിവന്ന ആ…

എന്‍റെ കാന്താരിക്ക്

രചന: Aneesh Anu

:::::::::::::::::::::

”ചലനമറ്റുകിടക്കുന്ന അവളുടെ നെറ്റിയിലൊരവസാനമുത്തം നല്‍കിയെണീറ്റു,

പലപ്പോഴും അവളെന്നോട് പറഞ്ഞിട്ടുണ്ട് മരിക്കുന്നെങ്കില്‍ അതിച്ചായന്‍റെ മടിയില്‍ കിടന്നാവണം, എന്‍റെ നെറ്റിയില്‍ അവസാനമുത്തം വെയ്ക്കണം എന്നൊക്കെ.

അതൊക്കെ ഇന്നെന്‍റെ മാത്രം അവകാശങ്ങളായി മാറിയിരിക്കുന്നു.”

നീണ്ട 35 വര്‍ഷത്തെ ദാമ്പത്യത്തിനു ഇന്ന് പര്യവസാനമായിരിക്കുന്നു. ഇനിയങ്ങോട്ട് ആ തണലെന്‍റ കൂടെയില്ല മരണമെന്ന ഒറ്റയടിപാതയില്‍ സമയം കാത്ത് നടക്കണം.

കണ്ണടക്കുബോള്‍ ഓര്‍മ്മവരുന്നത് എപ്പോഴുംം ചിരിച്ചുകൊണ്ടിരിക്കുന്ന ആ മുഖമാണ്,

തന്‍റെ ദുഃഖങ്ങളും വേദനകളുമെല്ലാം ഉള്ളിലൊതുക്കി പുഞ്ചിരിയുമായി കോളേജിന്‍ പടിവാതില്‍ കയറിവന്ന ആ അഞ്ചടി അഞ്ചിഞ്ചുകാരിയോട് ആദ്യകാഴ്ച്ചയില്‍ തന്നൊരിഷ്ടം തോന്നി.

ആദ്യമായി റാ ഗ് ചെയ്യാന്‍ പിടിച്ചു നിര്‍ത്തിയതും അവളെയായിരുന്നു.

പേടിച്ചരണ്ട പേടമാന്‍ മിഴികള്‍ പ്രതീക്ഷിച്ച എനിക്ക് ഉരുളക്കുപ്പേരി പോലെ മറുപടിവന്നപ്പോഴേ മനസ്സില്‍ ഉറപ്പിച്ചതാണ് കെട്ടുന്നെങ്കില്‍ അത് ഈ കാന്താരിയെ ആയിരിക്കണമെന്ന്.

ഞാന്‍ അവളെയാണോ അവള്‍ എന്നെയാണോ റാ ഗ് ചെയ്തേന്ന് എന്നറിയാത്ത അവസ്ഥ.

” ഹും നീ പൊയ്ക്കോ നിനക്കുളളത് പിന്നെ തരാട്ടോ” എന്നും പറഞ്ഞ് അവളെനോക്കി കണ്ണുരുട്ടി.

ഭാവവ്യത്യാസമൊന്നുമില്ലാതെ ഒരു പുഞ്ചിരിയും തന്ന് അവള്‍ നടന്നകന്നു.അന്ന് വൈകീട്ട് വീട്ടിലെത്തിയപ്പോഴും ആ മുഖം തന്നെയായിരുന്നു മനസ്സില്‍. അമ്മച്ചിയോട് കോളേജില്‍ വെച്ച് കണ്ട കാന്താരിയെ പറ്റി പറഞ്ഞു.

”എന്താ മോനുട്ടാ ഇതൊന്നും പതിവില്ലാത്തതാണല്ലോ, എന്നാപറ്റിയെന്‍റെ കൊച്ചിന്.” വീണുപോയോടാ?

ഒരുകളളച്ചിരിയോടെ അമ്മച്ചിടെ ചോദ്യം..

” ഒന്നുമില്ലെന്‍റെ പൊന്നമ്മോ മനസ്സിലൊരു മഞ്ഞുപെയ്യുന്നഫീല്‍ അന്നേരമത് ഇവിടെ പറയണമെന്ന് തോന്നി”.

” ആഹാ കൊളളാല്ലോടാ നിന്‍റെ ശരീരത്തില്‍ മനസ്സൊക്കെ ഉണ്ടോടാ. വന്നു കാപ്പികുടിച്ചേച്ചും പോവാന്‍ നോക്ക് പിള്ളേരുടെ കൂടൊന്ന് കറങ്ങി വരുബോ ഇൗ എനക്കേടൊക്കെ മാറും”.

”ശരി ശരി പൊന്നമ്മച്ചിയേ ”. കാപ്പികുടിയും കഴിഞ്ഞ് അവിടെ നിന്നിറങ്ങി.

പതിവുപോലെ ക്ലബ്ബിലൊക്കെ ഒന്നുകറങ്ങി, ഫ്രണ്ടസിനോട് സംസാരിക്കുബോഴും ആ മുഖമായിരുന്നു മനസ്സില്‍.

പിറ്റേന്ന് പതിവുപോലെ കോളേജിലോട്ടിറങ്ങി ഗേറ്റ് കഴിഞ്ഞുളള ലാങ്കിമരച്ചോട്ടില്‍ അവളെ നോക്കിയിരുന്നു. അവളോട് ചോദിക്കാനൊരായിരം ചോദ്യങ്ങള്‍ മനസ്സിലോര്‍ത്ത്.

” ഹലോ മാഷേ ഇതാരേ ഓര്‍ത്ത് നില്‍കുവാ ഇവിടെ” ഒരു കിളിനാദം കേട്ടാണ് ചിന്തയില്‍ നിന്നുണര്‍ന്നത്. തൊട്ടുമുന്നിലവള്‍ നില്‍ക്കുന്നു നെറ്റിയിലൊരു കുങ്കുമകുറിയും ചുണ്ടില്‍ മായാത്ത പുഞ്ചിരിയുമായ്.

”ഹലോ, ഇതെന്നാ ഇങ്ങനെ നോക്കുന്നേ?”

”ഞാന്‍ നിന്നേം നോക്കി നിന്നതാ” അവളുടെ നോട്ടത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാവുന്നില്ലെങ്കിലും എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

”എന്നെ കാത്തോ ന്താ മാഷേ…… റാ ഗി ങ്ങ് തീര്‍ന്നില്ലേ”?

” റാ ഗി ങ്ങ് അതും നിന്നെയോ ഉണ്ടകണ്ണി നീ എന്നെയല്ലേ ഇന്നലെ റാ ഗ് ചെയ്തേ”.

” ഓഹോ അങ്ങനാരുന്നോ അല്ല ചേട്ടായിടെ പേരെന്നാ വട്ടപേരല്ലാട്ടോ ശരിക്കുളളപേര് ”.

” ടീ കാന്താരി കളിയാക്കുവാ നീ, എന്‍റെ പേര് ജിന്‍സണ്‍ ജോയ് വീട്ടിലമ്മച്ചി മോനുട്ടാന്ന് വിളിക്കും” നീയും വേണേ അങ്ങനെ വിളിച്ചോടി.

” അയ്യടാ വിളിക്കാന്‍ പറ്റിയൊരു പേര്, ഈ കാന്താരി വിളിവേണ്ടാട്ടോ നീതുജോണ്‍ എന്നാമുഴുവന്‍ പേര് നീതുമോളേന്ന് വിളിക്കുന്നതാ എനിക്കിഷ്ടം,

വീട്ടില്‍ അമ്മച്ചിം അപ്പച്ചനും പിന്നെ ഒരനിയച്ചാരും ഉണ്ട്, ശരീന്നൊ പിന്നെ കാണാട്ടോ ഞാന്‍ ക്ലാസ്സില്‍ പോണു മോനുഏട്ടായി..

ആ വിളി ശരിക്കും ബോധിച്ചു.

”ഇന്നാ ശരി നീതുമോളെ പിന്നെ കാണാട്ടോ” തിരിഞ്ഞുനോക്കി അവളെ നോക്കിയൊന്നു കണ്ണിറുക്കി ഞാനും നടന്നു..

പിന്നീടങ്ങോട്ടുളള നാളുകള്‍ അവളുടെ പിന്നാലെയായിരുന്നു. ആ നോട്ടവും കളിയും ചിരിയും പിണക്കങ്ങളും അടുത്തു വരുബോഴുളള ലാങ്കിപൂവിന്‍ മണവും എന്നെ വല്ലാതെ അടുപ്പിച്ചു അവളിലേക്ക്.

എന്‍റെ പിറകെ നടക്കലായിരുന്നു ഇന്‍റര്‍വെല്‍ സമയത്ത് അവളുടെ പണി. അവളില്ലാത്ത ദിവസങ്ങള്‍ എനിക്ക് വല്ലാത്ത മടുപ്പായിരുന്നു.

കോളേജ് ആര്‍ട്സ് ഡേയ്ക്ക് അവളുടെ പ്രോഗ്രാം ഉണ്ടായിരുന്നു. അതിന്‍റെ പ്രാക്ടീസ് സമയത്താണ് എല്ലാം തുറന്നുപറയാന്‍ ഒരവസരം കിട്ടിയത്.

കലാലയജീവിതം തീരാറായി നേരിട്ട് ഇനിയവളോട് പറയാനൊരവസരം കിട്ടിയില്ലെങ്കിലോന്ന ഭയം അതിന് ആക്കം കൂട്ടി.

” നീതുമോളെ ടാ”

” എന്തോ ചേട്ടായി, എന്തോ പറയാനുണ്ടല്ലോ ഇന്നോട് ”.

” അതിപ്പോ എങ്ങനാ പറയാന്ന് ആലോചിക്കുവാ”

” എന്തുവാടേ ഒരുമാതിരി ഉരുളുന്നേ കിടന്നിട്ട്, ഇങ്ങുപോരട്ടേ മോനുട്ടാ”.

”നീതുമോളെ ഞാന്‍ നിന്നെയങ്ങുകെട്ടിയൊലോന്നലോചിക്കുവാ” അവളുടെ മുഖത്ത് നോക്കിയാണത് പറഞ്ഞത്, ആ മുഖം പെട്ടെന്നുമാറി കണ്ണില്‍നിന്ന് കുടുകുടാ വെളളം വരാന്‍ തുടങ്ങി.

” അയ്യേ ന്‍റെ വായാടി ഇരുന്നുകരയുന്നോ ഛെ മോശം. നന്നായി ആലോചിച്ച് പറഞ്ഞാമതി ആ കണ്ണുതുടച്ചേ നീ”.

അതിനുളള മറുപടി കിട്ടിയതെന്‍റെ തോളിലായിരുന്നു ആ കുഞ്ഞിപല്ലുകള്‍ ആഴ്ന്നിറങ്ങി, വേദന കൊണ്ട് ഞാന്‍ പുളയുബോള്‍ എന്നെ നോക്കി കണ്ണിറുക്കി കൊണ്ടവള്‍ പറഞ്ഞു.

” ഇത് കേള്‍ക്കാന്‍ ഞാനെത്ര കാലമായി ആഗ്രഹിക്കുന്നെന്നോ കാലമാടാ”.

” ടീ കാര്യമായിട്ടാണോ” ആശ്ചര്യത്തോടെ ഞാന്‍ ചോദിച്ചു.”അതെ മോനുട്ടാ അല്ലാണ്ടിതൊക്കെ തമാശക്ക് പറയുവോ അതും ഞാന്‍, എന്നേ ഇത്രേം അറിയുന്ന മനസ്സിലാക്കുന്നൊരാള്‍ ഒരു നോട്ടം കൊണ്ടുപോലും എന്നെ അറിയുന്ന നീ തന്നെയാവണം എന്നെ കെട്ടുന്നത് ”.

”പക്ഷേ എനിക്ക് കുറച്ചുകാര്യങ്ങള്‍ പറയാനുണ്ട് അതിനുശേഷമേ ഫൈനല്‍ തീരുമാനം എടുക്കാവൂ”.

” അതെന്തുവാ നീതു?” ഞാന്‍ അക്ഷമയോടെ ചോദിച്ചു..

” പറയാം ഈ ആര്‍ട്സ് ഡേ പ്രോഗ്രാം കഴിയണവരെ എന്‍റെ മോന്‍ ക്ഷമിച്ച് ട്ടോ”

” ഒാ ശരി നീ പ്രാക്ടീസ് ചെയ്യ് ഞാന്‍ പുറത്തുണ്ടാവും”. തെല്ല് നീരസത്തോടെയാണ് ഞാനത് പറഞ്ഞത്.

” ഒാക്കേ ചേട്ടായി കാണാവേ.. അവള്‍ പ്രാക്ടീസ് ഹാളിലേക്ക് നടന്നു..

ആ രണ്ടുദിവസം മുഴുവന്‍ അവള്‍ക്ക് പറയാനുളള കാര്യത്തെക്കുറിച്ചായിരുന്നാലോചന. ഫോണ്‍ വിളിച്ചപ്പോഴൊക്കെ ചോദിച്ചെങ്കിലും അവള്‍ പറഞ്ഞില്ല.

കോളേജ് പ്രോഗ്രാം ദിവസം പുതിയ ഷര്‍ട്ടും പതിവിന് വിപരീതമായി വെളളമുണ്ടും ഉടുത്താണ് ഇറങ്ങിയത്.

ബുളളറ്റില്‍ ആ ലുക്കില്‍ പോയാല്‍ ഒരു പ്രത്യേക ഭംഗിയാണെന്നൊരിക്കല്‍ അവള്‍ തന്നെ പറഞ്ഞത് മനസ്സിലോര്‍ത്തു.

പോകുന്നവഴിക്ക് അവളുടെ ഫ്രണ്ട്സ് ഉണ്ടാവും എന്നുറപ്പുളളത് കൊണ്ട് ആരേം വായനോക്കാന്‍ നിന്നില്ല, ഇല്ലേല്‍ അതിന് തട്ടുകിട്ടും.. ലാങ്കിമരച്ചോട്ടില്‍ എന്നേം കാത്ത് കാന്താരി നില്‍പുണ്ട്.

” ഇന്ന് കാര്യായിട്ട് തന്നെ ആണല്ലോ അണിഞ്ഞൊരുങ്ങി ഇറങ്ങിയേക്കുന്നേ, ന്താ ഉദ്ദേശം മോനുട്ടാ?” കണ്ണുരുട്ടിയാണ് ചോദ്യം..

” അത് പിന്നെ കോളേജ് ഡേ ഒക്കെ അല്ലേ വായനോക്കാന്‍ ഇനിയൊരു ചാന്‍സില്ലലോ” അവളേ ഒന്ന് പാളി നോക്കിട്ടാണ് പറഞ്ഞത്.

”പോടാ പ ട്ടി ഇനിയാരേലും നോക്കിയാ കണ്ണ് ഞാന്‍ കുത്തിപൊട്ടിക്കും”. പ്രോഗ്രാം തുടങ്ങാറായി അവിടെ ഉണ്ടാവണം ട്ടോ.

”പിന്നെ ഇല്ലാതിരിക്കോടി മാക്രി”

അതും പറഞ്ഞവള്‍ പോയി. പ്രോഗ്രാം കഴിഞ്ഞവള്‍ ഇറങ്ങുബോള്‍ സ്റ്റേജിന് പുറകില്‍ ഞാനുണ്ടായിരുന്നു. അവള്‍ക്ക് പറയാനുളളത് കേള്‍ക്കാനായി.

” വാ നമുക്ക് കാന്‍റിനില്‍ പോവാം എനിക്ക് വിശക്കുന്നു”. കാന്താരി മൊഴിഞ്ഞു.

”ഹും, വാ നല്ല ക്ഷീണം ഉണ്ടാവും നിനക്ക്”.

കാന്‍റിനിലേക്കുളള വഴിയിലൂടെ നടക്കുബോളാ കരം പതിയെ ഗ്രഹിച്ചിരുന്നു ഞാന്‍.

”മോനുട്ടാ” നിശബ്ദതയെ കീറിമുറിച്ചുകൊണ്ടവള്‍ തുടങ്ങി.

” വീട്ടിലെ കാര്യങ്ങള്‍ ഒക്കെ ചേട്ടായിക്കറിയാലോ മൂത്തകുട്ടിയാണ് ഞാന്‍. എന്നെ പഠിപ്പിക്കാന്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ടവര്‍, ഒരുപാട് പ്രതീക്ഷയുണ്ടവര്‍ക്കെന്നില്‍.

അനിയന്‍, അപ്പച്ചന്‍, അമ്മച്ചി എല്ലാരേം നോക്കേണ്ടവളാണ് ഞാന്‍.

കണ്ണനെ നന്നായി പഠിപ്പിക്കണം അവനൊരു നല്ല ജോലി കിട്ടണം, അപ്പനും അമ്മയേം നല്ലപോലെ നോക്കണം ഇതിനൊക്കെ ആദ്യം എനിക്കൊരു ജോലി കിട്ടണം. കുറച്ച് അധികം സമയം എനിക്ക് വേണ്ടി കാത്തിരിക്കേണ്ടി വരും,

ചേട്ടായിടെ സ്നേഹം സത്യാവാണെന്നെനിക്കറിയാം സമയമാവുബോള്‍ ഞാന്‍ പറയാം അന്നേരം വീട്ടില്‍ വന്ന് ചോദിക്കണം, ഒരിക്കലും അവരെ ധിക്കരിച്ച് ഞാനിറങ്ങിവരത്തില്ലട്ടോ, അത് പ്രതീക്ഷിക്കല്ല്.

ഇതൊക്കെ നടക്കും എന്ന് തോന്നുന്നുണ്ടേല്‍ മാത്രം നമുക്കീ പ്രണയം മുന്നോട്ട് കൊണ്ടുപോകാം അല്ലെങ്കില്‍ എന്നുമീ സൗഹൃദം മാത്രം മതിയെനിക്ക് ”.

അവള്‍ പറഞ്ഞുനിര്‍ത്തിയിട്ടെന്നെ നോക്കി.

” ആദ്യമായിട്ടാണ് ഒരു പെണ്ണ് തന്‍റെ പ്രണയത്തേയും ജീവിതത്തേയും പറ്റി ഇത്രേം ദീര്‍ഘവീക്ഷണത്തോടെ പറയുന്നത് കേള്‍ക്കുന്നേ.

നിന്നോടും നീ പറഞ്ഞ വാക്കുകളോടും എനിക്ക് ബഹുമാനമാണ്. വെറുമൊരു പൈങ്കിളി പ്രയണയത്തിനോടെനിക്കും താല്‍പര്യമില്ല. നിന്‍റെ ആഗ്രഹങ്ങളും കടമകളും നിറവേറുന്നത് വരെ കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാണ്.”

” ഹോ ഒരു മഴപെയ്തുതോര്‍ന്നപോലെ. ദീര്‍ഘനിശ്വാസമെടുത്താണ് അവളത് പറഞ്ഞത്.

രണ്ടുദിവസം വല്ലാത്ത പേടിയായിരുന്നു ചേട്ടായിടെ മറുപടി എന്താവും എന്നറിയാത്തോണ്ട് ഇപ്പോഴാ ശ്വാസം നേരെ വീണേ. ഇക്കിന്നൊരു ബിരിയാണി വാങ്ങിതരണം ട്ടോ ”.

” വാങ്ങി തരാ തീറ്റ പ്രാന്തി’ നടക്ക്.

കാന്‍റിനില്‍ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങുബോള്‍ ഒരു ലോകം കീഴടക്കിയ സന്തോഷമായിരുന്നു. അന്നാദ്യമായി അവളെ ഞാന്‍ ബൈക്കില്‍ വീട്ടില്‍ കൊണ്ടാക്കി.

കലാലയ ജീവിതം കഴിഞ്ഞ് ഞാന്‍ ജോലി സാധ്യതകള്‍ തേടി ഗള്‍ഫിലോട്ട് ചേക്കേറി. നല്ലമാര്‍ക്കോടെ പാസ്സായതുകൊണ്ടവള്‍ക്ക് ക്യാംപസ് സെലക്ഷന്‍ കിട്ടി നല്ലൊരു കമ്പനിയില്‍ ജോലി ശരിയായി.

പതിയെ അവളുടെ കടമകളും ആഗ്രഹങ്ങളുമൊക്കെ നിറവേറ്റി. അതിനായി നീണ്ട 6 വര്‍ഷം കാത്തിരുന്നു ഞങ്ങള്‍ രണ്ടും.

രണ്ടാമത്തെ ലീവിന് വന്നപ്പോള്‍ തന്നെ കല്യാണം വീട്ടുകാര്‍ തമ്മില്‍ പറഞ്ഞുറപ്പിച്ചു. അവള്‍ക്ക് ഒരു വര്‍ഷം കൂടി സമയം കൊടുത്ത് തിരിച്ച് കയറി. അതിനിടയില്‍ കണ്ണന്‍ ഡിഗ്രി കഴിഞ്ഞ് ജോലിക്ക് കയറി.കല്യാണ തീയതിയടുത്തു ഒരുപാട് മോഹങ്ങള്‍ മനസ്സിലൊതുക്കിയതൊക്കെ പുറത്തെടുക്കാന്‍ സമയമായിരിക്കുന്നു.

സന്തോഷത്തിന്‍റെ ദിനങ്ങളാണ് ഇനി വരുന്നത്. അവളുടെ ആഗ്രഹം പോലെ ഇടവക പള്ളില്‍ വെച്ചവള്‍ക്ക് മിന്നുചാര്‍ത്തി.

”മോനുട്ടാ ഇന്ന് ഞാനാണീ ലോകത്തെ ഏറ്റവും സന്തോഷിക്കുന്നവള്‍ ഇതുപോലൊരു കെട്ട്യോനെ എനിക്ക് കിട്ടിലോ. മ രിക്കുവാണേ നിങ്ങടെ മടിയില്‍ കിടന്ന് മ രിക്കണം,

അവസാനമായൊരു മുത്തം എന്‍റെ നെറ്റിയില്‍ തരണം ട്ടോ, വാക്ക് താ”. അന്ന് ആ രാത്രിയില്‍ ആദ്യമായി അവള്‍ പറഞ്ഞ വാക്കുകളാണിത്.

” ശ്ശോ ഈ പെണ്ണിന്‍റൊരുകാര്യം വാക്ക് ”. നല്ലൊരു ദിവസായിട്ട് നല്ലതൊന്നും വരുന്നില്ലേ കുഞ്ഞാ നിനക്ക്.

”ഇതെന്‍റെ ആഗ്രഹം അല്ലേ ഇച്ചായാ നമുക്ക് രണ്ട് കൊച്ചുങ്ങള്‍ വേണം, അവരെ നമ്മുടെ കൂടെ നിര്‍ത്തി പഠിപ്പിക്കണം. വേറൊന്നുമല്ല അമ്മച്ചി പറഞ്ഞിണ്ട് നിന്‍റെ പിളളേരെ നീ തന്നെ നോക്കിക്കോണംന്ന്.”

” അതെന്നാ കൊച്ചേ അങ്ങനെ പറഞ്ഞേ”

” അതെന്‍റെ ചെറുതിലേ സ്വാഭാവം കണ്ടിട്ടാ, അതുപോലാണേ അമ്മച്ചിടെ കാര്യം കട്ടപൊകയാണെന്നൊ പറഞ്ഞേ” പറഞ്ഞു നിര്‍ത്തിട്ട് അവളെന്നേയൊന്ന് നോക്കി.

” ഉം നിന്‍റെ സ്വഭാവമാണേല്‍ ഇച്ചായന്‍ നാടുവിടേണ്ടിവരും മോളെ”

” പോടാ പ ട്ടി ഇങ്ങുവാ ചിണുങ്ങികൊണ്ട് ചക്കരേ തേനേ പാലേ വിളിച്ചിട്ട് ട്ടോ”

” അത് വരുമെടി പോത്തേ” കൈയ്ക്കുളളില്‍ അവളേയും ചേര്‍ത്ത് പിടിച്ചാ ബെഡിലേക്ക് വീണു.

6 വര്‍ഷത്തെ കാത്തിരിപ്പിന് ഉളള നഷ്ടങ്ങള്‍ തീര്‍ക്കലായിരുന്നു ആദ്യം അവളേം കൊണ്ട് കറങ്ങാത്ത സ്ഥലങ്ങളില്ല ഇനിയെന്ന് തന്നെ പറയാം.

ആഗ്രഹം പോലെ രണ്ട് കൊച്ചുങ്ങള്‍ അതും ഇരട്ടകള്‍ ഒരാണും ഒരു പെണ്ണും, കൊച്ചുങ്ങളുടെ വാശിയും കുറുമ്പും എല്ലാം അവളെ പോലെയായിരുന്നു.

കൊച്ചുങ്ങളുണ്ടായതിനു ശേഷവും എന്‍റെ കൂടെ നടക്കാന്‍ കുശുമ്പ് കാണിക്കുന്നതവള്‍ടെ വാശിയായിരുന്നു മറ്റാരേക്കാളും എന്നേ സ്നേഹിക്കണം എന്നവാശി.

കാലത്തിന്‍റെ ഓട്ടത്തിനിടയില്‍ അവളുടേം എന്‍റേം അപ്പച്ചനും അമ്മച്ചിയുമങ്ങ് പോയി ദൈവത്തിങ്കല്‍ ചേര്‍ന്നു. മക്കളുടെ രണ്ടാളുടേം പഠിപ്പും കല്യാണവും കഴിഞ്ഞു അവരെ അവരുടെ വഴിക്ക് വിട്ടു.

അപ്പോഴും ഞങ്ങളുടെ ഇഷ്ടങ്ങള്‍ അങ്ങനെ തന്നെ നിലനിന്നു വികൃതിയും കുസൃതിയും ഓരോ ദിവസങ്ങളിലും കൂടി കൂടി വന്നു.

ഇന്ന് എന്നെ തനിച്ചാക്കി അവള്‍ യാത്രയായി.

” അപ്പച്ചാ ഏണീറ്റേ പള്ളിലോട്ട് പോകാന്‍ സമയമായി” റെജിമോന്‍ വിളിക്കുന്നതെനിക്ക് കേള്‍ക്കാം അനങ്ങാനാവില്ല.

” ജോയിച്ചായാ ഏണീറ്റേ”. ജോണിച്ചന്‍ വന്നു തോളില്‍ തട്ടി. കസേരയോടെ ഞാനങ്ങുതറയിലേക്ക് പതിച്ചു..

ഇച്ചായാന്നുളള അവന്‍റെ വിളികാതില്‍ മുഴങ്ങിയെങ്കിലും ഞാന്‍ തിരിച്ചുവരാനാകാത്ത യാത്രയിലായിരുന്നു. അവളില്ലാത്ത ലോകത്ത് തനിച്ചായി ഞാന്‍ മാത്രം വേണ്ടെന്നുതോന്നി കാണും.

”അപ്പച്ചാ” റെജിമോന്‍റെയും, റോസിമോളുടെയും നിലവിളി ശബ്ദത്തിനും തടഞ്ഞു നിര്‍ത്താനാവാത്ത യാത്രയില്‍ ഞാനുറങ്ങിയിരുന്നു. എന്‍റെ കാന്താരിയുടെ കൂടെ..