ഇത്രയേറെ നിന്നിൽ അലിഞ്ഞു യാത്ര ചെയ്യാൻ ഇതെ വഴി ഉള്ളു ഏട്ടാ…ബൈക്ക് യാത്രകളുടെ രഹസ്യം ആ വാക്കുകൾ ആയിരുന്നു…

വസന്തം പൂക്കും താഴ്‌വാരം

രചന: Aneesh Anu

:::::::::::::::::::::::::::

മഞ്ഞുപൊഴിയുന്ന പാതയിലൂടെ ഇരുളിനെ മുറിച്ചു മാറ്റി ആ ബുള്ളറ്റ് കടന്നു പോയിക്കൊണ്ടിരുന്നു. കണ്ണനും പൊന്നുവും കറങ്ങാൻ ഇറങ്ങിയതാണ് പുലർകാലെ പ്രകൃതിയെ കാണാൻ നല്ല ഭംഗിയാണത്രെ.

തണുത്തു വിറച്ചു കണ്ണനെ പുറകിൽ നിന്നും ചേർത്ത് പിടിച്ചു തോളിൽ തലവെച്ചു നിർത്താതെ മൊഴിയുന്നുണ്ടവൾ അനുരാഗം.

ഒരു മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ ബുള്ളറ്റ് രണ്ടുസൈഡും പാടങ്ങൾ നിറഞ്ഞ താഴ്‌വരയിൽ എത്തി.

ചുറ്റിലും പച്ചപ്പും നിറഞ്ഞ പ്രദേശം, അതിനു നടുക്ക് ഒരു നാലുകെട്ട്,

ചുറ്റിലും ചെടികളും പൂക്കളും മരങ്ങളും നിറഞ്ഞൊരു പൂന്തോട്ടം പോലൊരു വീട് അവിടേക്ക് കയറുമ്പോൾ തന്നെ മനസിന് വല്ലാത്തൊരു തണുപ്പാണെന്ന്‌ കണ്ണൻ മനസ്സിലോർത്തു.

ദീർഘമായ യാത്രക്കിടയിൽ എപ്പോഴോ ഉറങ്ങി പോയിരിക്കുന്നു അവൾ. വണ്ടി സൈഡ് ആക്കി അവളെ വിളിച്ചു.

“ഡി പൊന്നു എണീറ്റേ വീടെത്തി”

ഉറങ്ങി എണീറ്റ പൊന്നുവിനെയും കൊണ്ട് നേരെ നടുമുറ്റത്തെ ആമ്പൽ കുളത്തിലേക്ക് നടന്നു അതിൽ നിന്നൊരുതുടം വെള്ളംകയ്യിലെടുത്തു അവളുടെ മുഖത്തേക്ക് തളിച്ചു..

പെണ്ണിന്റെ മുഖം പെട്ടെന്നു ദേഷ്യം കൊണ്ട് തുടുത്തു, കയ്യിൽ കിട്ടിയ വടിയും കൊണ്ടവൾ അവനുനേർക് ഓടി, ഉറപ്പിച്ചിൽ പാതി വഴിയിൽ സെറ്റിയിൽ തട്ടി വീണു പോയി പാവം.

വീണു കിടക്കുന്ന മുഖം കണ്ടു പാവം തോന്നി അടുത്തേക്ക് നടന്നു കണ്ണൻ.

” എന്നാടി വാവേ വല്ലതും പറ്റിയോ” മുഖത്തുസങ്കടം വരുത്തി അവൻ ചോദിച്ചു.

” അയ്യടാ മോനെ നിന്നെ കിട്ടാൻ വേണ്ടി ഞാൻ ഒന്ന് അഭിനയിച്ചത് അല്ലേടാ മുത്തേ, മോൻഇങ്ങുവന്നേ ഒരൂട്ടം കാണിച്ചു തരാമെ”

കണ്ണനെയും കൊണ്ടവൾ ആമ്പൽ കുളത്തിനടുത്തേക്ക് നടന്നു.

അവിടെത്തിയതും കണ്ണന്റെ തലപിടിച്ചു വെള്ളത്തിലോട്ട് മുക്കിയതും ഒരുമിച്ചായിരുന്നു. കുറച്ച് സമയം എടുത്തു അവനൊന്നു പ്രതികരിക്കാൻ..

“എടി മാക്രി നിന്നെ ഞാനിന്നു കൊല്ലും”…

ഓടി വരുന്ന കണ്ണനെയും നോക്കി കൈകൾ രണ്ടും നീട്ടിപിടിച്ചവൾ വരവേറ്റു.

ആ നെഞ്ചിലേക്ക് ചേർത്തുപിടിച്ചവന്റെ ചൂടേറ്റു നേരെ സെറ്റിയിലേക്കൊരു മറച്ചിൽ.

രണ്ടുദിവസത്തെ അലച്ചിലിനു ശേഷം വീണ്ടും തങ്ങളുടെ സ്വർഗത്തിൽ തിരിച്ചെത്തി. നെഞ്ചിൽ ചേർന്ന് കിടന്നുകൊണ്ടവൾ മൊഴിഞ്ഞു.

“കുറച്ച് നേരം അടങ്ങി കിടക്കു ചെക്കാ അവിടെ 2 ദിവസം നാടുമുഴുവൻ തെണ്ടി വന്നതല്ലേ, ഞാനൊന്നുഉറങ്ങട്ടെ.

പുറത്തോട്ട് വന്ന അലൻ കാണുന്നത് ഹാളിൽ അപ്പയുടെ നെഞ്ചിൽ കിടക്കുന്ന അമ്മച്ചിയെ ആണ്.

അവൻ ഉള്ളിലോട്ടു നോക്കി പറഞ്ഞൂ മിഴി,

“മൊഴി ഒന്നിങ്ങു വന്നെടാ ധാ ഇന്നലെ കെട്ടുകഴിഞ്ഞ മ്മടെ അപ്പനും അമ്മയും എത്തിയിട്ടുണ്ട്, അടുത്ത സൺ‌ഡേ വന്നാൽ കെട്ടിന്റെ 25 വാർഷികം ആണ് മധുവിധു ആഘോഷിച്ചു നടക്കുവാ രണ്ടും അയ്യേ”

മിഴിയും മൊഴിയും പേര് പോലെ തന്നെ ഇരട്ടകൾ ആണ്, ഞങ്ങളുടെ രണ്ടാമത്തെ പിള്ളേർ. രണ്ടും വന്നു കണ്ണുമിഴിച്ചു നിൽപ്പാണ് ഇവരിതെപ്പോ വന്നു എന്നമട്ടിൽ.

” അതിനിപ്പോ എന്നാടാ ഉവ്വേ ഞങ്ങളിപ്പോഴും യുവമിഥുനങ്ങൾ തന്നെ അല്ലേ” എണീറ്റു ഇരുന്നുകൊണ്ട് അവൾ മോനുനോട് ചോദിച്ചു.

“അതെന്നെ നീ പപ്പയുടെ മുഖത്തോട്ട് ഒന്ന് നോക്കിയേ കണ്ടാൽ പറയോ വയസ്സ് 50 കഴിഞ്ഞെന്നു. മിഴി മോൾ എന്റെ സപ്പോർട്ടുമായി വന്നു.

” ഓഹോ അപ്പൊ പിന്നെ എന്റെ അമ്മച്ചിയെ കണ്ടാൽ പറയോ ഹും” മൊഴിയും വിട്ടു കൊടുത്തില്ല.

” പതിവ് പോലെ കുശുമ്പ് തുടങ്ങി രണ്ടും, ടി കൊച്ചേ കുഞ്ഞോൻ എന്തിയെ എണീറ്റില്ലേ അവൻ” ഇളയവൻ ഇഷാൻ മൂപ്പർ എല്ലാവരുടെയും കുഞ്ഞോൻ ആണ്.

” എണീറ്റു പപ്പാ അല്ല നിങ്ങളു കറങ്ങാൻ പോയിട്ട് വന്നിട്ട് ഞങ്ങൾക്ക് ഒന്നും കൊണ്ടു വന്നില്ലേ. ബാഗ് ഒക്കെ തപ്പി നോക്കികൊണ്ട് അവൻ ചോദിച്ചു.

” മോനെ കുട്ടാ ഞങ്ങൾ രണ്ടും കൂടെ ഞങ്ങളുടെ ഓർമ്മകളിലേക്ക് ഒരു യാത്ര ആണ് പോയത് അല്ലാതെ ഷോപ്പിംഗ് നു അല്ല” ഞാൻ അവനെ നോക്കി കണ്ണുരുട്ടി.

” അല്ല പപ്പാ സൺ‌ഡേ എന്താ പരിപാടി, 25 ആനിവേഴ്സറി ഒക്കെ ആയിട്ട്. മോളുസ് രണ്ടും മുഖത്തോട്ട് നോക്കി.

” സ്പെഷ്യൽ പരിപാടി ഒന്നുല്ല മക്കളെ അന്ന് നമ്മള് അച്ഛനും അമ്മയും മക്കളും മാത്രം മതി, മക്കളുടെ ഫ്രണ്ട്‌സ് ഒക്കെ ട്രീറ്റ് പിന്നെ ഒരു ദിവസം നോക്കാം ട്ടോ,

അല്ലെങ്കിൽ ആ ഒരു ദിവസത്തെ സന്തോഷം ഞങ്ങൾക്ക് ഒറ്റക്ക് ആസ്വദിക്കാൻ പറ്റില്ല” കെട്ട്യോളെ നോക്കിയാണ് പറഞ്ഞത് അവളുടെ മുഖത്തുഎഴുതി വെച്ചിരുന്നു അങ്ങനെ മതി എന്ന്.

“അപ്പൊ മക്കൾ എല്ലാം എന്നാ ക്ലാസ്സിൽ പോവാൻ നോക്കുട്ടോ, കിച്ചണിൽ ലക്ഷ്മിയേടത്തി ഇല്ലേ, ഞങ്ങൾ ഒരു കാപ്പി കിട്ടോ നോക്കട്ടെ,” അതും പറഞ്ഞു അന്നമ്മ അങ്ങ് കിച്ചണിലോട്ട് നടന്നു.

നാലുപേരും അമ്മച്ചിയുടെ വാക്ക് കേട്ടപാതി സ്ഥലം വിട്ടു ഇല്ലേൽ നല്ലത് കിട്ടും എന്നറിയാം അവർക്ക്.

പതിയ എണീറ്റ് കാർ പോർച്ചിലേക്ക് നടന്നു. ഒരു മൂലയിൽ കവർ ഇട്ടു മൂടിവെച്ചിരിക്കുന്ന ബുള്ളറ്റ്, അതിന്റെ കവർ മാറ്റി പൊടിയൊക്കെ തട്ടി,

ഒരുപാട് സന്തോഷം തോന്നിയ ദിവസമായിരുന്നു ആദ്യമായിട്ട് ഇവനെ കൈയിൽ കിട്ടിയ ദിവസം.

ആദ്യമായി അവളെനിക്ക് തന്ന സമ്മാനം ആണിത് അത് കയ്യിൽ കിട്ടിയിട്ട് അവളെ അതിലൊന്ന് ഇരുത്തി ഓടിക്കാൻ പിന്നെയും 1 വർഷം കാത്തിരിക്കേണ്ടി വന്നു.

“എന്താ പപ്പാ ആദ്യത്തെ മോൻ വിഷമം പറയുവാണോ” എന്ന് ചോദിച്ചുകൊണ്ട് അലൻ പുറത്ത് വന്നു..

അതേടാ അവനെ കൂടെ കൂട്ടത്തതിൽ ഉള്ള സങ്കടം ആണ് അവനു അത് നിനക്കിപ്പോ പറഞ്ഞാൽ മനസിലാവില്ല കേട്ടോ” അവനെ നോക്കി മുഖംകോട്ടി.

” ഇതുപോലെ ഉള്ളൊരു വണ്ടി ഉണ്ടായിട്ട് സ്വന്തം മക്കളെ കൊണ്ട് പോലും തൊടുവിക്കാതെ കൊണ്ട് നടക്കാ ദുഷ്ടൻ” അലൻ മുഖം വീർപ്പിച്ചു.

” പൊന്നുമോനെ ആ കളി മാത്രം നടക്കില്ല. അവൾ ആദ്യാമായി എനിക്ക് തന്ന സമ്മാനം ആണിത്, ഇത് ഞാൻ അല്ലാതെ വേറെ ഒരാൾ തൊടില്ല, അതവൾക്കും ഇഷ്ട്ടം അല്ല അതാണ് “.

അതെ അതെ” ഞാൻ ഇറങ്ങുവാ പപ്പാ കോളേജ് ചെന്നിട്ടു ഇച്ചിരി വർക്ക്‌ ഉണ്ട്, വൈകിട്ട് കാണാവേ”. അവൻ ബൈക്ക് എടുത്തു ഇറങ്ങി..

കുറച്ച് നേരം കഴിഞ്ഞപ്പോൾ മിഴിയും, മൊഴിയും, ഇഷാനും കോളേജിലേക്ക് ഇറങ്ങി. പതിവുപോലെ ഇനി താനും അവളും മാത്രം. ഒരുമിച്ചിരുന്നു ബ്രേക്ക്‌ ഫസ്റ്റ് കഴിക്കുമ്പോഴും ചിന്തകൾ എവിടെയൊക്കെയോ ആയിരുന്നു.

“എന്ത് പറ്റി ഇന്ന് വല്ലാതെ ചിന്തയിൽ മുഴുകിയിരിക്കുന്നല്ലോ”
അവൾ ചോദിച്ചു

” ഒന്നുല്ലെടോ ഞാനിങ്ങനെ ആലോചിക്കുവാരുന്നു കഴിഞ്ഞു പോയ ഓരോ കാര്യങ്ങളും” കഴിച്ചു എണീറ്റു കൈ കഴുകി ഉമ്മറത്തു ഇരുന്നപ്പോൾ അവള് പോയി കിടന്നു.

പതിവുപോലെ കൃഷിയിടത്തിൽ മൊത്തം ഒന്ന് കറങ്ങി തിരികെ വന്നു. ഓർമ്മകളിലെ പൊള്ളിച്ചക്കൾ വല്ലാതെ മനസിനെ നീറിച്ചുകൊണ്ടിരുന്നു.

ഷെൽഫിൽ നിന്നും ഒരു ബോട്ടിൽ എടുത്തു ഐസും വെള്ളവും പിന്നെ ഒരിച്ചിരി അച്ചാറും മേശ മുകളിൽ നിരത്തി, ഇന്നലെ യാത്രക്കിടെ വാങ്ങിയ വിലകൂടിയ സിഗരറ്റ് പാക്കറ്റ് തപ്പി എടുത്തു.

ഒരു കയ്യിൽ ഒരു ഗ്ലാസ്‌ വോഡ്കയും മറുകയ്യിൽ പുകഞ്ഞു തീരുന്ന സിഗരറ്റ്. ജനലിലൂടെ വിദൂരതയിലേക്ക് കണ്ണും നട്ടു അങ്ങനെ നിന്നു.

” ഏട്ടാ ഇതെന്താ പറ്റിയത്, പതിവില്ലാതെ ഇതൊക്കെ അതും ഈ നേരത്ത് ” അവള് വല്ലാതെ പരിഭ്രമിച്ചിട്ടുണ്ട്.

“ഏയ് ഒന്നുല്ലടോ ഓരോ പഴയ ഓർമ്മകൾ വല്ലാതെ വന്നപ്പോൾ എടുത്തതാണ് ”

പുകഞ്ഞു നീറുന്ന ഒരുപാട് ഓർമ്മകൾ അപ്പോഴും ഉള്ളിൽ നീറികൊണ്ടിരുന്നു. ഒന്നുമില്ലെന്ന്‌ പറഞ്ഞു അവളെ മടക്കി.

ചിന്തകൾ ഓടിയത് 27 വർഷങ്ങൾ പുറകിലേക്കാണ്, നീണ്ട 3 വർഷയത്തെ പ്രണയത്തിനൊടുവിൽ വീട്ടിൽ അവതരിപ്പിച്ചു രണ്ടുപേരും.

ചെറുപ്പം മുതൽ ഒന്നിച്ചു കളിച്ചു വളർന്നവർ, കാലം മാറിയപ്പോൾ സൗഹൃദം പ്രണയത്തിനുവഴി മാറിയെങ്കിലും രണ്ടുപേരും സ്വന്തമായൊരു ജോലിയിൽ എത്തുന്നവരെ കാത്തിരുന്നു.

രണ്ടുകുടുംബത്തിലെയും മൂത്തവരായതിനാൽ ചെയ്തു തീർക്കാൻ ഒരുപാട് ഉണ്ടായിരുന്നു അതെല്ലാം തീർന്ന ശേഷമായിരുന്നു ആ അവതരണം.

മറ്റൊരു മ ത ത്തിൽ പെട്ടൊരാൾക്ക് തങ്ങളുടെ മകളെ കെട്ടിച്ചു കൊടുക്കാൻ പറ്റില്ല എന്നവളുടെ വീട്ടുകാരും, മറ്റൊരു മ ത ത്തിൽ പെട്ടവളെ കെട്ടാൻ സമ്മതിക്കില്ല എന്ന് സ്വന്തം വീട്ടുകാരും

പറഞ്ഞപ്പോൾ ആണ് അവരുടെയൊക്കെ മനസ്സിൽ ഇത്രത്തോളം മ തം നിറഞ്ഞു നിൽക്കുന്നുണ്ട് എന്നറിഞ്ഞത്.

മാതാപിതാക്കളുടെ തീരുമാനത്തിന് സഹോദരങ്ങളും കൂട്ടുനിന്നപ്പോൾ നിസ്സഹായരായി നിന്നത് രണ്ടു ജന്മങ്ങൾ ആയിരുന്നു.

അന്നുവരെ കണ്ടു പരിചയം പോലുമില്ലാത്ത കുടുംബ കാരണവന്മാർ രണ്ടു വശത്തും നിരന്നപ്പോൾ തീരുമാനം ഒന്നുകൂടി ബലപ്പെട്ടു. അവളിൽ ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും മനം മാറ്റാൻ ശ്രെമിച്ചുകൊണ്ടേയിരുന്നു.

അത് നടക്കില്ല എന്ന് മനസിലായപ്പോൾ പിന്നെ എന്നെ അ പായപെടുത്താൻ ആയി ശ്രെമം. പരസ്പരം ഒന്ന് മിണ്ടാൻ പോലും കഴിയാതെ വന്ന ദിനരാത്രങ്ങൾ. തല്ക്കാലം നാട്ടിൽ നിന്നും മാറി നിക്കാൻ തീരുമാനിച്ചു രണ്ടുപേരും.

അപ്പോഴും അവിടെ പ്രോബ്ലം വന്നത് എനിക്കായിരുന്നു ഇല്ലായ്മകൾ തീർക്കാൻ ഇറങ്ങിപുറപെട്ടപ്പോൾ പാതി വഴിയിൽ നിന്ന് പോയ വിദ്യാഭ്യാസത്തിന്റെ പാഠങ്ങൾ പിന്നീട് നേടാൻ പറ്റിയിരുന്നില്ല.

പ്രൊഫഷണൽ കോഴ്സും വർക്ക്‌ എക്സ്പീരിയൻസ് ഉള്ളത് കൊണ്ട് പൊന്നുവിന് വൈകാതെ തന്നെ വിദേശത്ത് ജോലി ശെരിയായി. ഇഷ്ടമില്ലാതിരുന്നിട്ടും അവള് പോയി എനിക്ക് വേണ്ടി.

സങ്കടം ഉണ്ടെങ്കിലും അവൾക്ക് എന്നെ ഒന്ന് വിളിക്കാൻ പറ്റുമല്ലോ എന്നോർത്തപ്പോൾ വേദനകൾ എല്ലാം കടിച്ചമർത്തി.

വീട്ടിൽ നിന്നും മാറി നിന്നപ്പോൾ തന്നെ അമ്മക്ക് മനസിലായി അവളെ മറക്കാൻ എനിക്ക് കഴിയില്ല എന്ന്. തിരികെ വരാൻ പലതവണ വിളിച്ചു എങ്കിലും എന്റെ തീരുമാനത്തിന് മാറ്റം ഇല്ലായിരുന്നു.

ഒടുവിൽ എന്റെ വാശിക്ക് മുൻപിൽ അവർ തോറ്റു തന്നു. അമ്മയോടും അച്ഛനോടും ആദ്യമായും അവസാനാമായും ആവശ്യപ്പെട്ട ഒരേ ഒരുകാര്യം അതായിരുന്നു.

അവളുടെ വീട്ടിൽ നേരിട്ട് ചെന്ന് പെണ്ണ് ചോദിക്കാം എന്നച്ചൻ പറഞ്ഞപ്പോൾ പ്രതീക്ഷകൾ ഏറി. അവിടെ പെണ്ണ് ചോദിക്കാൻ പോയ അച്ഛനും അമ്മാവനും തിരികെ വന്നത് ശുഭ വാർത്തയോടെ അല്ലായിരുന്നു.

” കുട്ടാ അവർ നിനക്കാ കുട്ട്യേ കെട്ടിച്ചു തരില്ല എന്ന് തന്നെയാ പറയണേ, ഇനി നിങ്ങൾ ഒരു തീരുമാനം എടുത്തോളൂ, ഞാനായിട്ട് എതിര് നിൽക്കില്ല കുടുംബക്കാരുടെ കാര്യം എനിക്ക് പറയാൻ പറ്റില്ല ട്ടോ.”

അമ്മാവൻ നന്നായി ഒന്ന് കൈകഴുകി എന്ന് എനിക്ക് മനസിലായി.

” അങ്ങനെ അവളെ വിളിച്ചു കൊണ്ടുവരാനും ഒന്നും അല്ല ഞാൻ ഇഷ്ടപെട്ടേ. രണ്ടു കുടുംബങ്ങളും സമ്മതത്തോടെ മാത്രമേ അത് നടക്കുള്ളൂ മാമേ”

” എന്ന നിന്റെ ഇഷ്ട്ടം ഞാനിറങ്ങ ഓപ്പോളേ ഇനി നിങ്ങൾ എല്ലാം കൂടെ എന്താച്ചാ തീരുമാനിക്ക് ”

അവളുടെ വീട്ടിലെ എതിർപ്പും കൂടി ആയപ്പോൾ വീട്ടിലുള്ളവരുടെ നില മാറി തുടങ്ങി. മറ്റൊരു കല്യാണത്തിന് എന്നെ കിട്ടില്ലെന്ന്‌ തീർത്തും പറഞ്ഞു ഞാൻ.

അപ്രതീക്ഷിതമായി മരുഭൂമിയിൽ എത്തിപെട്ട അവൾക്ക് അവടെ അഡ്ജസ്റ്റ് ആവാൻ തന്നെ സമയം വേണ്ടി വന്നു. വീട്ടിലെ പിടിവാശികൾ കൂടി ആയപ്പോൾ പാവം ഒരുപാട് തളർന്നു പോയി.

വീടും വീട്ടുകാർക്ക് വേണ്ടി മാത്രം ഉഴിഞ്ഞു വെച്ചവളെ ഇന്ന് അതെ വീട്ടുകാർ തന്നെ തള്ളിപ്പറയുന്നു.

പതിവുപോലെ ഓരോ വിഷമഘട്ടത്തിലും അവളുടെ കൂടെ തന്നെ നിന്നു. നീണ്ട രണ്ടുവർഷത്തെ പ്ര വാസം കഴിഞ്ഞു അവള് നാട്ടിലെത്തി.

നാട്ടിലെത്തിയ അവളെ വരവേറ്റത് കുറെ വിവാഹാലോചനകൾ ആയിരുന്നു. അത് അവളെ തീർത്തും തളർത്തി. ഒടുവിൽ ആ ത്മ ഹത്യാ ഭീ ഷണി വരെ മുഴക്കി. അവളുടെ കണ്ണീരിൽ കുതിർന്ന നാളുകളായിരുന്നു അതെല്ലാം.

ഒടുവിൽ ഞാനല്ലാതെ മറ്റൊരാളെ അവള് വിവാഹം ചെയ്യില്ല എന്ന് വെട്ടിതുറന്നു പറഞ്ഞപ്പോൾ മനസില്ല മനസോടെ വിവാഹതിന്നു അവർ തയ്യാറായത്.

രണ്ടുവീട്ടിലും ആഘോഷങ്ങൾ തെല്ലും ഇല്ലാതെ ഒരു വിവാഹം. എന്തിനും കൂടെ നിന്നത് അനിയന്മാരും പിന്നെ കൂട്ടുകാരും. 25 വര്ഷങ്ങൾക്ക് മുൻപ് രജിസ്റ്റർ ഓഫീസിൽ ഒപ്പിട്ട് തുടങ്ങിയ ജീവിതം.

വീട്ടിലേക്ക് അവളേം കൂട്ടി വരുമ്പോൾ തന്നെ ഉണ്ടാകാൻ പോകുന്ന പ്രോബ്ലം മനസ്സിൽ കണ്ടിരുന്നു ഞങ്ങൾ.

രണ്ടു വീട്ടിലും മനസില്ല മനസോടെ നടന്ന കല്യാണം ആയതിനാൽ കുത്തുവാക്കുകൾക്ക് പഞ്ഞം തീരെ ഇല്ലായിരുന്നു. ലീവ് കഴിഞ്ഞു അവൾ മടങ്ങുംവരെ പിടിച്ചു നിന്നു.

അവടെ എത്തിയതിനു പിന്നാലെ എന്നെ അങ്ങോട്ട്‌ കൊണ്ട് പോകാൻ ഉള്ള ശ്രെമങ്ങൾ ആയിരുന്നു അതിനു വേണ്ടി 6 മാസം കാത്തിരിക്കേണ്ടി വന്നു.

ഫാമിലി വിസ കടമ്പയിൽ കടന്നു കൂടി അവിടെ എത്തിയെങ്കിലും അടങ്ങി ഒതുങ്ങി ഇരുന്നില്ല അവിടെ ചെറിയൊരു ജോലിക്ക് കയറി.

പിന്നീട് ആയിരുന്നു ജീവിതം ആസ്വദിക്കാൻ തുടങ്ങിയത് വൈകാതെ തന്നെ അലന്റെ രൂപത്തിൽ ദൈവം ഞങ്ങൾക്ക് ഒരു സമ്മാനം തന്നു.

അതിന്റെ സന്തോഷം 2 വർഷം പിന്നിട്ടപ്പോഴാണ് അറബി നാട് വിട്ടു യൂറോപ്യൻ നഗരത്തിലോട്ട് ചേക്കേറിയത്.

പഠിത്തം തുടങ്ങിയ നാൾ മുതൽ അവള് പറയുന്ന സ്വപ്നം അങ്ങനെ സാധ്യമായി. അവിടെ വെച്ചായിരുന്നു മിഴിയും മൊഴിയും ഒരുമിച്ചു വന്നു ഞങ്ങൾക്ക് ഇരട്ടി മധുരം നൽകിയത്. വൈകാതെ ഇഷാനും ഇങ്ങെത്തി നീണ്ട 18 വർഷക്കാലം അവിടെ തന്നെ നിന്നു.

നാട്ടിലും വീട്ടിലും ഞങ്ങൾ എന്നും വിരുന്നുകാരായി മാറിയിരിക്കുന്നു. അവരുടെ ആവശ്യങ്ങൾ നടത്തി തരുന്ന വിരുന്നുകാർക്ക് വില ഉണ്ടിപ്പോൾ.

എങ്കിലും നാട്ടിൽ സെറ്റിൽ ആവാൻ തീരുമാനിച്ചപ്പോഴും വേറെ ഒരു വീട് എന്ന തീരുമാനം എടുത്തു. തങ്ങളുടെ സ്വർഗത്തിൽ കല്ലെറിയാൻ ആരും വരണ്ട എന്ന തീരുമാനം തന്നെ ആയിരുന്നു അതിനു കാരണം.

തിരികെ നാട്ടിൽ വന്നു കുറച്ച് കൃഷി സ്ഥലങ്ങളും തങ്ങൾക്ക് താമസിക്കാൻ ഒരു വീടും സ്വന്തമാക്കി. തന്റെ സ്വർഗത്തിൽ കട്ടുറുമ്പാവാൻ ആരെയും അനുവദിക്കാതെ അവൻ ചേർത്ത് പിടിച്ചു.

വിശ്രമജീവിതത്തിനായി നാട്ടിൽ വന്നതല്ല മറിച്ചു പ്രവാസത്തിൽ നഷ്ടമായത് പലതും തിരിച്ചു പിടിക്കാൻ വെമ്പുന്ന മനസുമായി എത്തിയവരായിരുന്നു ഞാനും പൊന്നുവും,

എഴുത്തും വായനയും യാത്രയും അത്രമേൽ പ്രണയിച്ചിരുന്നു ഞങ്ങളെ. നീണ്ട ബൈക്ക് യാത്രകളിൽ അവളുടെ ചുണ്ടുകൾ പതുക്കെ മൊഴിഞ്ഞിരുന്നു.

“ഇത്രയേറെ നിന്നിൽ അലിഞ്ഞു യാത്ര ചെയ്യാൻ ഇതെ വഴി ഉള്ളു ഏട്ടാ” ബൈക്ക് യാത്രകളുടെ രഹസ്യം ആ വാക്കുകൾ ആയിരുന്നു…

ഒഴിഞ്ഞ ഗ്ലാസ്സിലേക്ക് ഒന്നുകൂടി കണ്ണൻ നോക്കി. ഇന്നലെ കയ്പുകൾ കാലം കൊണ്ട് പോയിരിക്കുന്നു. ഇന്നിന്റെ മാതുരത്തിൽ താനും അവളും മക്കളും സന്തുഷ്‌രാണ്.

ഈ വിജയത്തിന് മധുരം കൂടുതലാണ്. ഒഴിഞ്ഞ ഗ്ലാസ്സും കത്തിത്തീർന്ന സി ഗ ര റ്റും മാറ്റി വെച്ച് അവളിലേക്ക് ഓടിയെത്താൻ കൊതിക്കുന്ന മനസ്സിനെ അവനറിയുന്നുണ്ട്.

തൊട്ടടുത്ത മുറിയിലേക്ക് കാലുകൾ അവനെ നയിച്ചു. പാതിമയക്കത്തിൽ കിടന്നിരുന്ന അവളുടെ അധരങ്ങളിൽ അവൻ മധുരം നുകരാൻ തുടങ്ങി.

“ഏട്ടാ ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് സി ഗ ര റ്റ് വ ലിച്ചോണ്ട് എന്റെ അടുത്ത് വരരുത് എന്ന്, എണീറ്റേ എണീറ്റു പോയെ അവിടുന്നു, വയസാംകാലത്തു കൊഞ്ചാൻ വന്നേക്കാ”.

” ആർക്കാഡി വയസ്സായെ നിന്റെ അപ്പൻ ചാക്കോമാപ്പിളക്കോ”

“ദേ ന്റെ അപ്പനെ പറഞ്ഞാൽ ഉണ്ടല്ലോ”

” ആഹാ നീ എന്തോ ചെയ്യും കാണട്ടെ, അവളുടെ ഒരു അപ്പൻ ”

” എന്റെ അല്ല നിങ്ങളുടെ പിള്ളേരുടെ അപ്പൻ” എന്നും പറഞ്ഞു കൊണ്ടാ നെഞ്ചിലേക്ക് അവള് വന്നു വീണു.

വരുന്ന ഞായറാഴ്ചയുടെ ആഘോഷങ്ങളേയും ചേർത്ത് പിടിച്ചു എൻ ഇടനെഞ്ചിൽ ഒരു ഉച്ചമയക്കത്തിനായി അവൾ അലിഞ്ഞു ചേർന്നു..