രചന: Neethu Parameswar
പാറൂ , എങ്ങോട്ടാ പോവേണ്ടത് ബീച്ചിലേക്കോ അതോ നിന്റെ വീട്ടിലേക്കോ.. മഹിയേട്ടന്റെ ചോദ്യം കെട്ടിനിക്ക് ചിരിവന്നു..
എന്തിനാണാവോ എന്നും ഈ ചോദ്യം ആവർത്തിക്കുന്നത് അങ്ങോട്ടു പോയാൽ പോരെ.. ഞാൻ മനസ്സിലോർത്തു…
ചിലപ്പോഴൊക്കെ ഞങ്ങൾ കറങ്ങാനായി ബൈക്കുമെടുത്ത് പുറത്തേക്കിറങ്ങും…
പക്ഷേ പ്രധാന ജംഗ്ഷൻ എത്തുമ്പോൾ പുള്ളിയുടെ ചോദ്യം എന്നും ഒന്നായിരിക്കും “വീട്ടിലേക്കോ ബീച്ചിലേക്കോ” മിക്കപ്പോഴും ഞാൻ വീട്ടിലേക്കെന്ന് മറുപടി നൽകും…
അല്ലെങ്കിൽ അടുത്തുള്ള ടൗണിൽ പോയി ഐസ്ക്രീമോ ഷെയ്‌ക്കോ കഴിച്ച് തിരികെ വീട്ടിലേക്ക് പോവും..
എങ്കിലും മഹിയെട്ടനോടൊപ്പം ബൈക്കിൽ ചേർന്നിരുന്ന് എങ്ങോട്ടെങ്കിലുമൊക്കെ പോവുന്നത് എനിക്ക് വല്യ ഇഷ്ടമാണ്…
പോവുന്നത് രാത്രിയിലാണെങ്കിൽ ആ സന്തോഷത്തിന് ആക്കം കൂടും…
കുറച്ച് നാൾ കൂടി കഴിഞ്ഞാൽ നമുക്കൊരു ലോങ്ങ് ട്രി പ്പ് പോണം.. എങ്ങോട്ടാ പോവേണ്ടത് നീ പറയ്….
മഹിയേട്ടൻ കണ്ണാടിയിലൂടെ എന്നെ ഇടകണ്ണിട്ടുനോക്കി കൊണ്ട് ചോദിച്ചു.. ഞാൻ ആ ചെവിയിലൊരു നുള്ള് കൊടുത്തു..”
നാല് വർഷമായി കല്യാണം കഴിഞ്ഞിട്ട് മോന് രണ്ട് വയസുമായി…എന്നും പ്ലാനിങ് മാത്രം നടക്കും. ബാക്കിയൊന്നും നടക്കില്ല.. ഇനി പ്ലാനിങിനൊന്നും ഞാനില്ലേ..
ഏയ്…നിന്നെ ഞാനൊരു ദിവസം കൊണ്ടുപോവും ഈ ഭൂമിയുടെ അറ്റം വരെ.. എത്ര ദിവസത്തേക്കെന്നറിയാതെ എങ്ങോട്ടെന്നറിയാതെ ഒരു സുന്ദരമായ യാത്ര..
അന്ന് നീ കാണണമെന്ന് ആഗ്രഹിച്ചതെല്ലാം നമ്മൾ ഒരുമിച്ച് കാണും.. അന്നെന്റെ പാറുകുട്ടീടെ കണ്ണിലെ അത്ഭുതം കണ്ടെനിക്ക് മനസ്സ് നിറഞ്ഞൊന്ന് ചിരിക്കണം…
മഹിയേട്ടൻ എന്റെ കൂടെയുണ്ടെങ്കിൽ എനിക്കെവിടെയും സ്വർഗ്ഗാണ്..
ഈ ബൈക്കിൽ ചേർന്നിരുന്നിങ്ങനെ പോവുമ്പോലെ ഒരു സുഖം വേറെ എവിടെപ്പോയാലും കിട്ടില്ല..
ശരിക്കും???
ആ ശരിക്കും..ഞാൻ മഹിയെട്ടനെ ഒന്നൂടെ മുറുകെ പിടിച്ചു…
എന്റെ ചിന്തകൾ പിന്നെയും വർഷങ്ങൾ പുറകിലൊട്ടൊഴുകി..അന്ന് ഞാൻ ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോഴാണ് മഹിയെട്ടനുമായുള്ള വിവാഹം നടക്കുന്നത്..
മനസ്സിൽ “നി റവും അ നിയത്തി പ്രാവുമൊക്കെ നിറഞ്ഞാടുന്ന സമയം” സി നിമയിലേത് പോലെയാവും ജീവിതവും എന്ന് സ്വപ്നം കണ്ട് നടക്കുന്ന പ്രായം…
പക്ഷേ സ്വപ്നലോകത്ത് നിന്നും യഥാർത്ഥ ജീവിതത്തിലേക്ക് ഒത്തിരി ദൂരമുണ്ടെന്ന് പിന്നീട് ഞാനറിഞ്ഞു…
കല്ല്യാണം കഴിഞ്ഞ് ഏറ്റവും കുറവ് ദിവസം അവധിയെടുത്ത കുട്ടിയെന്ന പട്ടം കൂട്ടുകാരികൾ എനിക്ക് ചാർത്തിത്തരുമ്പോഴും മനസ്സിൽ സങ്കടകടൽ ഇരമ്പുകയായിരുന്നു … മുടങ്ങിപ്പോയ യാത്രയെ കുറിച്ചോർത്ത്..
വീട്ടിലെ അമ്മയുടെ തലോടൽ ആവോളം ഏറ്റു വളർന്ന ഞാൻ ഏട്ടന്റെ അമ്മയുടെ പരുഷമായ വാക്കുകൾ കേട്ട് നിറം മങ്ങിപ്പോയ എന്റെ ദിവസങ്ങൾ…
രാത്രിയിലെപ്പോഴോ പെയ്ത മഴയിൽ വീട്ടിലെ ഓടുകൾക്കിടയിലൂടെ ഊർന്നിറങ്ങുന്ന മഴതുള്ളികളെ തടയാനെന്നവണ്ണം
മഹിയേട്ടൻ കാർബോഡ് കഷ്ണത്തെ ആശ്രയിക്കുന്നതുകണ്ടെന്റെ കണ്ണൊന്ന് നിറഞ്ഞുവോ…
റേഷൻ കടയിലെയും മറ്റും നീണ്ടവരിയിൽ ഒരാളായി നിൽക്കുമ്പോഴും എന്റെ പഴയ സ്വപ്നങ്ങളെയോർത്ത് നെഞ്ചൊന്ന് പിടഞ്ഞിരുന്നു…
പുതിയ ഫോട്ടോകളോരോന്നും കൂടെപഠിച്ചവർ മുഖപുസ്തകത്തിൽ ഇടുമ്പോഴും എന്റെ കണ്ണുകൾ അപ്പോഴെല്ലാം വിടർന്നിരുന്നു…
“ഇതല്ലേ ജീവിതം” എന്ന് ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ടേയിരുന്നു….
അപ്പോഴെല്ലാം ഞാൻ എന്നെകുറിച്ച് മാത്രമേ ഓർത്തിരുന്നുള്ളൂ… മഹിയേട്ടനെ കുറിച്ച് ഒന്നോർക്കാൻ എനിക്ക് വർഷങ്ങൾ എടുക്കേണ്ടിവന്നു ..
കുട്ടിത്തത്തിൽ നിന്ന് പക്വതയിലേക്ക് നടന്നെത്തിയപ്പോൾ ഞാൻ എന്റെ ചിന്തകളെ ഒന്ന് തിരിച്ചുവിട്ടു…
ആരായിരുന്നു മഹിയേട്ടൻ എനിക്ക്.. എല്ലാം തുറന്നുപറയാൻ തക്കവണ്ണം നല്ലൊരു സുഹൃത്ത്…
പരീക്ഷകളുടെ നാളുകളിൽ രാത്രിയിൽ പഠിക്കാനായി എന്റെയൊപ്പം കൂട്ടിരുന്ന് ആത്മവിശ്വാസം പകർന്നുതന്ന കൂട്ടുകാരൻ…
സങ്കടങ്ങളിൽ എപ്പോഴും എന്നെ ചേർത്ത് നിർത്തി ആശ്വസിപ്പിച്ചവൻ…
തീരുമാനങ്ങളിൽ എപ്പോഴും എന്റെ അഭിപ്രായം ആരാഞ്ഞ നല്ല പാതി..
എന്റെ വിജയങ്ങളെയും പരാജയങ്ങളെയും ഒരുപോലെ നോക്കികണ്ട ഒരു നല്ല സുഹൃത്ത്…
എന്നിട്ടും റൊമാൻസ് ഇല്ല എന്ന് പറഞ്ഞ് ഞാൻ ആളെ കുറ്റപ്പെടുത്തി കൊണ്ടേയിരുന്നു..
സ്നേഹം കൊണ്ട് തുലാഭാരം നടത്തിയാലും മതിയാവാത്തവരാണ് പെണ്ണുങ്ങളെന്ന് പറയുന്നത് ചിലപ്പോൾ ശരിയായിരിക്കും….
ഞങ്ങൾക്ക് ഒരുകൊച്ചു വീടെന്ന സ്വപ്നം നിറവേറ്റാനായി ഏട്ടൻ ഗൾഫിലേക്ക് പറക്കുമ്പോഴും ആ കരുതൽ ഞാൻ കാണുകയായിരുന്നു…
പിന്നെ എന്റെ മനസ്സ് ഇല്ലാത്ത ഒന്നിനെ കുറിച്ചും ആകുലപെട്ടിട്ടേ ഇല്ല..ഉള്ളതിൽ സന്തോഷം കണ്ടെത്തുകയായിരുന്നു…
ഞങ്ങൾ ഈ ഭൂമിയിൽ ഒരു കൊച്ചുസ്വർഗ്ഗം തീർക്കുകയായിരുന്നു ….
മറ്റുള്ളവരുടെ ജീവിതവുമായി താരതമ്യം ചെയ്യുന്നവരാണ് പലപ്പോഴും ജീവിതത്തിൽ തോറ്റുപോയിട്ടുള്ളത്… എല്ലാവർക്കും ജീവിതത്തിൽ ഒരേ വേഷങ്ങളല്ല കിട്ടുന്നത്..
കിട്ടിയത് തന്മയതത്തോടെ കൈകാര്യം ചെയ്യുന്നവരാണ് വിജയിക്കുക..
എന്ന് ഞാൻ മനസിലാക്കിയതുമുതൽ എനിക്ക് കിട്ടിയ വേഷങ്ങളത്രയും മനോഹരമായിരുന്നു..