വെറുതെയല്ല ഭർത്താവ്
രചന: Navas Amandoor
::::::::::::::::::::::::::::
പുലർകാലം മുതൽ മക്കൾക്ക് വേണ്ടി , ഭർത്താവിന് വേണ്ടി കുടുംബത്തിന് വേണ്ടി പാതിരാവ് വരെ അവൾ നിറഞ്ഞു നിൽക്കും.
ആ അവളെ നോക്കി ഭർത്താവ് ആരോടും സ്‌നേഹവും ആത്മാർത്ഥതയും ഇല്ലാത്തവളാണ് നീ എന്ന് പറഞ്ഞാൽ..
തകർന്ന് പോവാതിരിക്കാനത്ര ഉറപ്പുള്ള ഹൃദയമായിരുന്നില്ല സാറയുടെത്.
“ഇക്കയെന്താണ് അങ്ങനെ പറഞ്ഞത്..?”
രാവിലെ ഭക്ഷണം എടുത്തു വെച്ചപ്പോൾ സാറയോട് കഴിച്ചോന്ന് സമീർ ചോദിച്ചത് കുറച്ചൊരു കളിയാക്കിയാണ്.
“ആ ഞാൻ കഴിച്ചോളാം..”
നേരത്തിനു കഴിക്കില്ലെന്ന് സമീറിന് അറിയാം..
ഓരോ പണിയിൽ നിന്നും ഓരോ പണിയിലേക്ക് നീങ്ങി നീങ്ങി സമയം കഴിഞ്ഞു പോകുമ്പോൾ
അവളുടെ സമയങ്ങൾ തെറ്റിപ്പോകുമെങ്കിലും അവൾ പരിചരിക്കുന്ന ഒരാൾക്കു പോലും സമയം തെറ്റാതെ എല്ലാം ഒരുക്കി വെക്കും.
“സത്യം പറഞ്ഞാൽ ഈ കുടുംബത്തോടൊ എന്നോടോ മക്കളോടോ നിനക്ക് സ്‌നേഹവും ആത്മാർത്ഥതയും ഇല്ല സാറ.”
അതും പറഞ്ഞു സമീർ പോയി. ഇനി രാത്രിയെ വരു. അതുവരെ സാറ തിരിക്കിലാണ്.ഭക്ഷണം ഉണ്ടാക്കലും വീട് വൃത്തിയാക്കലും അലക്കലും അതിന്റെ ഇടയിൽ മക്കളെ പഠിപ്പിന്റെ കാര്യങ്ങൾ , ഇക്കാടെ വാപ്പാക്ക് വേണ്ടതൊക്കെ.. അങ്ങനെ ഓരോന്ന് ഓരോന്ന്..
രാവിലെത്തെ അവളുടെ ഭക്ഷണം എന്തെങ്കിലും തോന്നിയത് പോലെ..
ഉച്ചക്ക് കുളി കഴിഞ്ഞു കയറുമ്പോൾ മൂന്ന് മണി കഴിയും അപ്പോഴേക്കും വിശപ്പിന്റെ സമയം കഴിയും.
അങ്ങനെയൊന്നും അല്ലാത്ത പെണ്ണുങ്ങൾ ഉണ്ടാവും പക്ഷെ സാറ കണ്ട് പഠിച്ചത് ഉമ്മയിൽ നിന്നാണ്. സാറയുടെ ഉമ്മ അവളുടെ മനസ്സിൽ പതിഞ്ഞു പോയ പാഠങ്ങളാണ്.
ആ ഉമ്മതന്നെയാ പറഞ്ഞതും സാറയുടെ ഭംഗിയും കണ്ണിലെ തിളക്കവും നഷ്ടമായിന്ന്.
അതിനു സാറ വെറുതെ പുഞ്ചിരിച്ചു.
അവൾ അറിയുന്നില്ലങ്കിലും അവൾ കുടുംബത്തിന് വേണ്ടി ഉരുകി തീരുകയാണ്.
രാത്രിയാകും വരെ അടുക്കളയിലും വീടിനുള്ളിലും പുറത്തും ഓരോ പണികളായി ചെയ്തു തീർക്കുമ്പോഴും ഉത്തരം കിട്ടാതെ സമീറിന്റെ വാക്കുകൾ പുകച്ചിലായി ചിന്തയിൽ നിറഞ്ഞു നിന്നു.
രാത്രി സമീർ വന്ന്. കുളിച്ചു ഭക്ഷണം കഴിച്ചു ടീവി കണ്ടിരിക്കുന്ന നേരത്ത് സാറ അരികിൽ വന്നിരുന്നു.
മക്കൾ അടുത്തില്ലെന്ന് ഉറപ്പാക്കി പതുക്കെ ശബ്ദം താഴ്ത്തി അവൾ ചോദിച്ചു.
“ഇക്കാ എന്താണ് അങ്ങനെ പറഞ്ഞത്.. കെട്ടികൊണ്ട് വന്ന നാൾ മുതൽ ഈ വീടിനു വേണ്ടിയല്ലേ ഞാൻ ജീവിച്ചത്.. എന്റെ ഇഷ്ടങ്ങളെ മറന്നു പോയപ്പോൾ ബാക്കി എല്ലാവരുടെയും ഇഷ്ടങ്ങളെ ഓർത്ത് വെച്ചു.”
സാറയുടെ തോളിലൂടെ സമീർ ഒരു കൈ വെച്ചു അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു.
സാറാ നീ നിന്റെ മക്കളെ സ്നേഹിക്കുന്നില്ലെ. എന്നെയും കുടുംബത്തെയും സ്‌നേഹിക്കുന്നില്ലെ..?
നീ ഇങ്ങനെ കഴിക്കാതെയും കുടിക്കാതെയും നടന്നാൽ നിന്റെ ആരോഗ്യം നശിക്കും.
രോഗിയാകും. ഒരുപക്ഷേ നീ ഇല്ലാതായിപ്പോകും. അപ്പോൾ അവരെ ആര് നോക്കും.
നീ ജീവിക്കേണ്ടത് അവർക്കു വേണ്ടിയാണ് . അപ്പോൾ നീ നിന്റെ കാര്യങ്ങൾ കൂടി നോക്കണം.’
“ഓഹോ.. അങ്ങനെ …”
“നിന്നോട് നിനക്ക് സ്‌നേഹം ഉണ്ടെങ്കിലേ നിനക്ക് ഞങ്ങളോടും സ്‌നേഹം ഉണ്ടാവു. നിന്നെ ആരോഗ്യത്തോടെ കാണാൻ…
വാടി പോയ ഈ കണ്ണുകളിൽ തിളക്കം നിറയാൻ… ആദ്യം നീ നിന്നെ സ്‌നേഹിച്ചു തുടങ്ങണം.. അപ്പോഴേ ഞങ്ങളോടുള്ള സ്‌നേഹം പൂർണ്ണമാവു.”
“ഇക്കാ.. .. നിങ്ങളൊക്കെയാ എന്റെ ലോകം.. അതിന് അപ്പുറത്തെക്ക് ഒന്നും ഇല്ല. ”
“സാറ എനിക്ക് നീ എന്റെ ഭാര്യയാണ്.. എന്റെ മനസ്സിലെ ഹൂറിയാ നീ… നിന്നിലെ മാറ്റങ്ങൾ എന്നെ സങ്കടപ്പെടുത്തില്ലെ.. കുടുംബം കുട്ടികൾ.. ഭർത്താവ് എല്ലാവർക്കും ഉണ്ട്.. അതൊക്കെ സ്വയം മറന്നിട്ടോ ഇല്ലാണ്ടായിട്ടോ വേണ്ട..”
“ഹോ.. ആയിക്കോട്ടെ… ഇത്രയോക്കെ ഉണ്ടായിരുന്നോ എന്റെ ഇക്കാടെ മനസ്സിൽ..”
“നീ നിനക്ക് വേണ്ടി സമ്മാനങ്ങൾ കരുതി വെക്കണം.. സ്വയം ഒന്ന് സ്‌നേഹിച്ചു നോക്ക്.. നിന്റേതെന്നു നീ കരുതുന്ന എല്ലാത്തിനെയും വല്ലാത്തൊരു അനുഭൂതിയോടെ സ്നേഹിക്കാൻ തുടങ്ങും.”
അന്ന് രാത്രി സന്തോഷത്തോടെയാണ് സാറ ഉറങ്ങിയത്. ഇതൊന്നും സമീർ കാണുന്നില്ല അറിയുന്നില്ല എന്നൊക്കെയാ കരുതിയത്..
“എന്താ സാറ കണ്ണുകൾ നിറഞ്ഞിരിക്കുന്നത്..”
“എന്താണെന്ന് അറിയില്ല.. മനസ്സിൽ സന്തോഷം നിറഞ്ഞു തുളുമ്പിയപ്പോൾ കണ്ണീർ തുള്ളികളായി അടർന്നു വീണതാണ്.”
പിറ്റേന്ന് രാവിലെ വാപ്പയും ഇക്കയും മക്കളും ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ അവർക്കൊപ്പം അവളിരുന്നു.
അവർക്ക് ഭക്ഷണം വിളമ്പി ആദ്യമായി നേരത്തിനു സാറ പ്രാതൽ കഴിച്ചു.
ഭക്ഷണം കഴിച്ചു കഴിഞ്ഞു അടുക്കളയിൽ നിൽക്കുന്ന സാറയുടെ അടുത്ത് സമീർ ചെന്നു.
“ആഹാ.. ഇന്നന്റെ ഹൂറി മിടുക്കിയായല്ലോ.. പിന്നെ നഷ്ടപ്പെട്ടുപ്പോയ തിളക്കവും തിരിച്ചു വന്നപോലെ..”
“ഇക്ക നേരത്തിനു ഭക്ഷണം കഴിച്ചില്ലെങ്കിലും ഇക്ക ഇന്നലെ പറഞ്ഞത് പോലെ ഇടക്കൊക്കെ എന്റെ അടുത്ത് ഇരുത്തി ഇതുപോലെയൊക്കെ പറഞ്ഞാൽ മതി…
ഉള്ളിൽ സന്തോഷത്തിന്റെ തിളക്കം ഉണ്ടാവും.. ആ തിളക്കം കണ്ണിലും തെളിയും..”
പെട്ടന്ന് പരിസരം പോലെ നോക്കാതെ അവളെ കെട്ടിപിടിച്ചു സമീർ ചുണ്ടത്ത് ഒരു മുത്തം കൊടുത്തു.
“എന്നാ എന്റെ മോളുടെ കണ്ണിലെ തിളക്കം ഞാൻ കൂട്ടിക്കോളാട്ടാ…”
നിറഞ്ഞ പുഞ്ചിരിയുമായി നിൽക്കുന്ന സമീറിന്റെ ഹൂറിയുടെ മുഖം കണ്ടിട്ടാണ് അന്ന് അവൻ ജോലിക്ക് പോയത്. ആ സന്തോഷം അവന്റെ ഓരോ നിമിഷത്തിലും ഉണ്ടാവും.