മൗനമോഹങ്ങൾ
രചന: Megha Mayuri
:::::::::::::::::::::::
“ഞാൻ ജീവിച്ചിരിക്കുമ്പോൾ നിന്റെ ആഗ്രഹം നടക്കില്ല… അമ്മൂ… ഞാൻ പറയുന്നയാളുമായേ നിന്റെ കല്യാണം നടക്കൂ.. മറ്റു വല്ലതും മനസിലുണ്ടെങ്കിൽ നീ മറന്നേക്ക്…..”
സദാനന്ദൻ നായരുടെ വാക്കുകൾ കേട്ട് കണ്ണീരൊഴുക്കിക്കൊണ്ടിരുന്നതല്ലാതെ അമല ഒരക്ഷരം മറുപടി പറഞ്ഞില്ല…
എന്തു ചെയ്താലും നൂറ് ശതമാനവും പിന്തുണ തരുന്ന അച്ഛന്റെ ഈ മാറ്റം അവൾക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റുന്നില്ലായിരുന്നു…
അമ്മയിൽ നിന്നാണ് എതിർപ്പ് പ്രതീക്ഷിച്ചത്… അച്ഛനാണ് മകളെ പുന്നാരിച്ച് വഷളാക്കുന്നതെന്നാണ് അമ്മയുടെ പക്ഷം…
അച്ഛന്റെ ഫുൾ സപ്പോർട്ടോടെ അമ്മയെ എങ്ങനെയെങ്കിലും പറഞ്ഞു മനസിലാക്കാമെന്നായിരുന്നു കണക്കുകൂട്ടൽ…
ഇതിപ്പോൾ അച്ഛൻ ഇടഞ്ഞു നിന്നാൽ? ഓർമ്മയിൽ ഒരിക്കൽ പോലും നുള്ളി നോവിച്ചിട്ടില്ല അച്ഛൻ തന്നെ…
ആ അച്ഛനാണ്…. ആലോചിക്കുന്തോറും അവൾക്കു സങ്കടം തികട്ടിത്തികട്ടി വന്നു കൊണ്ടിരുന്നു..
തന്റെ സുഹൃത്തുക്കളിൽ വച്ച് അച്ഛന് ഏറ്റവും കൂടുതൽ ഇഷ്ടം ദീപുവിനെയാണ്…
അത് പലതവണ തന്നോട് പറഞ്ഞിരിക്കുന്നു.. പഠിക്കുന്ന കാലം മുതലേ അച്ഛന് ദീപുവിനെയും അവന്റെ വീട്ടുകാരെയും അറിയാം…
അവനുമായുള്ള സൗഹൃദം പ്രണയത്തിലേക്കെത്തുന്നു എന്ന ഘട്ടം വന്നപ്പോളാണ് ദീപുവിന്റെ കാര്യം വീട്ടിലവതരിപ്പിച്ചത്.. തനിക്ക് വിവാഹാലോചനകളും വന്നു കൊണ്ടിരിക്കുന്നു..
അച്ഛന്റെ ഗുഡ് ലിസ്റ്റിൽ പെട്ടയാൾ എന്ന നിലയിലും പ്രത്യക്ഷത്തിൽ ദീപുവിനെ ഒഴിവാക്കാൻ അച്ഛന് ഒരു കാരണവുമില്ല എന്നതു കൊണ്ടും സന്തോഷത്തിലായിരുന്നു അച്ഛനോടു ദീപുവിനെ കുറിച്ച് പറഞ്ഞത്..ജാ തി, സമ്പത്ത്, കുടുംബ പാരമ്പര്യം, സൗന്ദര്യം, വിദ്യാഭ്യാസം, ജോലി… ഇങ്ങനെ വിവാഹമാർക്കറ്റിലെ ഏത് ഡിമാന്റ് എടുത്താലും തങ്ങൾ തമ്മിൽ ചേരും…
പക്ഷേ അച്ഛൻ ദീപുവുമായുള്ള വിവാഹത്തിന് ഇങ്ങനെ എതിരു നിൽക്കുമെന്ന് കരുതിയില്ല…
എന്തെങ്കിലും ഒരു കാരണവുമില്ലാതെ അച്ഛനിങ്ങനെ പറയില്ല.. അച്ഛനെ എതിർക്കാൻ തനിക്കീ ജന്മത്ത് സാധിക്കില്ല.
വൈകുന്നേരം വീട്ടിൽ വന്ന സദാനന്ദന്റെ വിളി കേട്ടപ്പോൾ അവൾ പ്രസന്നതയോടെ തന്നെ മുമ്പിൽ ചെന്നു…
“നാളെ നിന്നെ കാണാൻ ഒരു കൂട്ടർ വരും… നമ്മളെ നന്നായറിയുന്നവരാ.. എന്റെ ഒരു കൂട്ടുകാരന്റെ മകനാ… ചെറുക്കൻ പൈലറ്റാണ്… ഒരുങ്ങി നിന്നേക്കണം.. ”
“എനിക്ക് പൈലറ്റിനെ വേണ്ടച്ഛാ… ദീപുവിനെ മതി… ”
“പൊയ്ക്കോണം എന്റെ മുമ്പീന്ന്… ഒരു ദീപു വന്നേക്കുന്നു… ”
“അച്ഛനെന്താ ദീപുവിനോട് ഇപ്പോൾ ഇത്ര ദേഷ്യം? പൈലറ്റിനെ കണ്ടപ്പോൾ ബാങ്കുദ്യോഗസ്ഥൻ പോരാതെയായോ?”
“നീ എന്നോടു തർക്കിക്കാറായോ?”
“അച്ഛനോടു തർക്കിക്കാൻ ഞാനാളല്ല.. എന്റെ ഏതിഷ്ടവും അച്ഛൻ എനിക്കു സാധിച്ചു തന്നിട്ടുണ്ട്..
ഇക്കാര്യത്തിൽ മാത്രമെന്താ അച്ഛൻ എന്റെയിഷ്ടത്തിന് വലിയ പ്രാധാന്യം കൊടുക്കാത്തത്?
ദീപുവിനെ ഇഷ്ടപ്പെടാതിരിക്കാൻ എന്തെങ്കിലും ഒരു കാരണം വേണ്ടേ?”
“അവൾക്ക് താൽപര്യം ആ പയ്യനെയാണെങ്കിൽ അത് നടക്കട്ടെ ചേട്ടാ… ആ പയ്യൻ നമുക്കറിയുന്നതല്ലേ…” അമ്മ സീമയും അമലയുടെ പക്ഷം ചേർന്നു..
“സീമേ… നീയെൻ്റെ കയ്യിൽ നിന്നു മേടിക്കരുത്… പെണ്ണിൻ്റെ മനസിൽ വല്ല ചീത്ത വിചാരങ്ങളും ഉണ്ടെങ്കിൽ അതു മാറ്റാൻ നോക്കാതെ നീ അവൾക്ക് സപ്പോർട്ട് ചെയ്യുകയാണോ?”
“അതിന് അവള് പറയുന്നതിലെന്താ തെറ്റ്? അവൾക്കിഷ്ടമുള്ളതല്ലേ നടത്തേണ്ടത്…
ആ പയ്യനാണെങ്കിലും എന്തു നല്ല കൊച്ചാണ്… നിങ്ങൾക്കെന്താ പൈലറ്റിനെ കൊണ്ട് തന്നെ മോളെ കെട്ടിക്കണമെന്ന് വാശി?”
“എടീ… മാധവൻ്റെ മോനെ നിനക്കറിയില്ലേ.. ഞാൻ മാധവന് വാക്കു കൊടുത്തു പോയി…
“അതാണോ… അത്ര വല്യ കാര്യം… അതൊന്ന് മാറ്റി പറഞ്ഞാൽ പോരേ…. ”
സീമ ലാഘവത്തോടെ അതിന് മറുമരുന്ന് കണ്ടു പിടിച്ചു…
“അല്ലെടീ… പിള്ളേര് രണ്ടും ഒരേ പ്രായമല്ലേ… ഒരേ ക്ലാസ്സിൽ പഠിച്ചവരും… ഇപ്പോൾ ഒരേ ബാങ്കിലും..
കല്യാണം കഴിഞ്ഞ് രണ്ടു പിള്ളേരാകുമ്പോഴേക്കും പെണ്ണുങ്ങൾക്ക് പ്രായം കൂടുതൽ തോന്നിക്കും…
ആണുങ്ങൾക്ക് വല്യ പ്രായമൊന്നും തോന്നിക്കില്ല… കല്യാണം കഴിക്കുമ്പോൾ ആൺപിള്ളേർക്ക് പെമ്പിള്ളേരെക്കാളും നാലഞ്ചു വയസ്സെങ്കിലും കൂടുതലു വേണം…
പിന്നെ നമ്മുടെ നാട്ടാരും ബന്ധുക്കളുമല്ലേ.. സദാനന്ദന്റെ മോള് കൂടെ പഠിച്ച ചെക്കനെ തന്നെ പ്രേമിച്ചു കെട്ടി എന്നു പറയില്ലേ……..
നമ്മുടെ ബന്ധത്തിലാരും തന്നെ പ്രേമിച്ചു കല്യാണം കഴിച്ചവരല്ലല്ലോ… ഇനി ആ ചീത്തപ്പേരു വരുത്തണോ?”
“ഇതാപ്പോ നന്നായേ…. നിങ്ങളീ ലോകത്തൊന്നുമല്ലേ മനുഷ്യാ ജീവിക്കുന്നത്… ആണും പെണ്ണും തമ്മിൽ കുറച്ചൊക്കെ പ്രായവ്യത്യാസം ഉള്ളതു തന്നെയാ നല്ലത്….
എന്നാലും ഇക്കാലത്ത് പെമ്പിള്ളേർക്കും വല്യ പ്രായ വ്യത്യാസമില്ലാത്തതാ ഇഷ്ടം… പിന്നെ പ്രേമിച്ചു കല്യാണം കഴിക്കുന്നു എന്നുള്ള കുറവ് നമ്മളങ്ങ് സഹിച്ചാൽ പോരേ…
നാട്ടാരു ചെലപ്പോ രണ്ടു ദിവസം പറഞ്ഞൂന്ന് വരും…. പിന്നെ അവരായി… അവരുടെ പാടായി… നമ്മുടെ മോളുടെ ഇഷ്ടമല്ലേ നമുക്ക് വലുത്…”
“എന്നാലും…..”
“ഒരെന്നാലുമില്ല… ദീപുവിന്റെ വീട്ടുകാർക്ക് എതിർപ്പില്ലെങ്കിൽ നമുക്കിതങ്ങുറപ്പിക്കാം…. പൈലറ്റിനോട് നാളെ വരേണ്ടെന്ന് വിളിച്ചു പറഞ്ഞാൽ മതി….” സീമ പറഞ്ഞു നിർത്തി…
“ഐ ലവ് യൂ…. അമ്മാ… ” ഓടിച്ചെന്ന് അമ്മയുടെ കവിളിൽ ചുണ്ടമർത്തിക്കൊണ്ടവൾ കെട്ടിപ്പിടിച്ചു..
“ഞാനിനി അമ്മയുടെ മകളാ… അല്ലാതെ അച്ഛന്റെ ഫോട്ടോസ്റ്റാറ്റുകോപ്പിയല്ല…..”
തല ചൊറിഞ്ഞു കൊണ്ടു നിൽക്കുന്ന അച്ഛനെ നോക്കി ചിരിച്ചു കൊണ്ടവൾ ഓടിപ്പോയി..