കട്ടനും കെട്ടിയോളും പിന്നെ ഞാനും
രചന: Jinitha Carmel Thomas
::::::::::::::::::::::::::
മോനു.. ടാ മോനു.. എബി എണീറ്റെ..
മഴയുടെ നേർത്തകുളിരും ആസ്വദിച്ചു ഉറങ്ങി കിടന്ന എന്നെ തട്ടിവിളിക്കുന്നതായി തോന്നിയപ്പോൾ കണ്ണുതുറന്ന് നോക്കി.. ചേട്ടായി അഭി ആണ്.. ആളുടെ മുഖത്ത് വല്ലാത്ത ഭാവം..
ഇങ്ങേർക്കിതു എന്നാപ്പറ്റി കൊച്ചുവെളുപ്പാൻ കാലത്ത്? അതും എന്റെ മുറിയിൽ? (ആത്മഗതം)
“മോനു, സ്വപ്നം കണ്ടത് മതി.. നീയൊന്ന് അടുക്കളയിലേയ്ക്ക് വന്നേ..”
“ഇന്ന് ഞായർ അല്ലല്ലോ ചേട്ടായി..”
“ടാ കിന്നരിക്കാതെ നീയൊന്ന് വന്നേ.. തുമ്പിമോൾ അവിടെ……..”
“തുമ്പി??”
ചോദ്യത്തോടൊപ്പം പിടഞ്ഞെണീറ്റ ഞാൻ കിടക്കയിൽ നോക്കി.. ആളെ കാണാനില്ല.. എന്റെ പെണ്ണിന് എന്തുപറ്റി?
ഈശോയെ, അടുക്കളയിൽ ക ത്തി, ഗ്യാസ്, തീ.. ചിന്തകൾ പലവഴികളിൽ അലഞ്ഞപ്പോൾ കട്ടിലിൽ നിന്നും ഞാൻ സ്റ്റെയർ ചാടിയതാണോ പറന്നതാണോ എന്നൊന്നും അറിയില്ല വേഗം താഴെയെത്തി..
അടുക്കളയിലേയ്ക്ക് പായുമ്പോൾ മനസിൽ ഒരു പ്രാർത്ഥന മാത്രം; എന്റെ പെണ്ണിന് ആപത്ത് വരല്ലേ.. കുരുത്തക്കേട് ആണെങ്കിലും ആള് പാവമാണ്..
അടുക്കള വാതിൽക്കൽ അന്നകൊച്ചു താടിയ്ക്ക് കയ്യും കൊടുത്തു നിൽപ്പുണ്ട്.. അടുത്തു ഇച്ചേച്ചിയും..എന്റെ പെണ്ണിന് ഏതാണ്ട് സംഭവിച്ചിട്ടുണ്ട്; എന്നിട്ടും ഈ രണ്ടും എന്നാ കാഴ്ച്ച കാണാൻ നിൽക്കുവാണോ കർത്താവേ?? എന്നൊരു ആത്മഗതതോടെ അവരെ തള്ളിമാറ്റി അടുക്കളയിൽ കയറിയ ഞാൻ ഞെട്ടിപോയി..
പെണ്ണുകാണൽ ചടങ്ങിന് ചെറുക്കന് നൽകാൻ ചായയുമായി നിൽക്കുന്ന പെണ്ണിനെപോലെ, ചില്ല്ഗ്ലാസുകൾ നിറഞ്ഞ ഒരു താലവുമായി പപ്പ നിൽപ്പുണ്ട്..
ഒപ്പം ഫ്ലവർ ഗേൾ ആൻഡ് ബോയ് പോലെ ചേട്ടായിയുടെ രണ്ടു സോഡാകുപ്പികളും..
ശെ.. ഇവരെ കാണാനല്ലല്ലോ ഞാൻ വന്നത്.. എവിടെ എന്റെ കാളികുട്ടി? ദേ, കമഴ്ന്നു കിടക്കുന്നു നിലത്ത്.. വാരിയെടുക്കാൻ മുന്നോട്ടു കാലെടുത്തു വച്ചതും പ്രാണപ്രിയയുടെ സ്വരം..
“പപ്പേ, ഇനി ആ തടിയൻ ഗ്ലാസ് വച്ചേ..”
അവളെ ഒന്നൂടെ നോക്കി.. വെറുതെ കിടക്കുന്നത് അല്ല, മൊബൈലും പിടിച്ചോണ്ടുള്ള കിടപ്പാണ്..
“മാതാവേ ഇവളെന്താ അടുക്കളയിൽ കിടന്ന് നീന്തുന്നെ??”
ഞാനൊന്ന് ആത്മഗതിക്കുമ്പോൾ, അവിടെ തൃശൂർപൂരത്തിലെ കുടമാറ്റം കണക്കെ ഗ്ലാസ് മാറ്റം നടക്കുന്നു..
ഒരു പിടിയും ഇല്ലാതെ പോസ്റ്റായി നിന്ന എനിക്കരുകിൽ അമ്മച്ചിയും ഇച്ചേച്ചിയും എത്തി..
രണ്ടാളും കണ്ണുകൾ കൊണ്ടു ലിവിങ് റൂമിലേക്ക് എന്നെ നയിച്ചു… അവിടെ ചേട്ടായി ഇളിച്ചോണ്ട് ഇരിപ്പുണ്ട്.. അടുത്ത് ഞാനും ചെന്നിരുന്നു..
“അന്നകൊച്ചേ സത്യം പറഞ്ഞേ, അമ്മായിയമ്മ പോരിന്റെ പുതിയ വെർഷൻ വല്ലതും ആണോ?? അവളവിടെക്കിടന്നു നീന്തുന്നത്??”
“ഫ.. കുരുത്തംകെട്ടവനെ.. …. ……”
“ബലെ ഭേഷ്, നാട്ടിലൊക്കെ അമ്മായിയമ്മ മരുമകൾ പോര് ആണെങ്കിൽ ഈ വീട്ടിൽ മാത്രം അമ്മപോര്.. വെറുതെയല്ല നീന്തലും സർക്കസും നടക്കുന്നെ..” (ആത്മഗതം)
അന്നകൊച്ചു കഥ തുടരുന്നു…
“രാവിലെ ഏഴര ആയപ്പോൾ തുമ്പിമോൾ അടുക്കളയിൽ കട്ടൻ ചായ ഇടാൻ വന്നു.. പനി മാറട്ടെ വേണ്ടെന്ന് ഞാൻ പറഞ്ഞിട്ടും കേൾക്കാതെ കട്ടൻ ചായ, ലെമൺ ടീ, ജിഞ്ചർ ടീ, ഗ്രീൻ ടീ എന്നൊക്കെ കുറെ ടീ ഉണ്ടാക്കി..
അലമാരയിൽ കാഴ്ചയ്‌ക്ക് വച്ചിരുന്ന സകല ഗ്ലാസ്സും എടുത്തു കട്ടൻ ഒഴിച്ചു വച്ചു.. എന്നിട്ട് ആ ഫോണും പിടിച്ചു തുടങ്ങിയ പരിപാടിയ ഇപ്പോൾ നീന്തൽ ആയത്..”
കർത്താവേ, രണ്ടുനാൾ മുൻപ് മഴയിൽ കളിച്ചു നടന്ന് പനിയും പിടിച്ചു മൂടിപുതച്ചു നടന്നവളാ.. ഇന്നലെ പനിയൊന്നു വിട്ടു തുടങ്ങിയപ്പോൾ നീന്തൽ പഠിക്കണം എന്നായി.. മഴക്കാലം തീരട്ടെ പഠിപ്പിക്കാം എന്ന ഉറപ്പും നൽകി ഞാൻ ഉറക്കിയ കൊച്ച ഇന്ന് അടുക്കളയിൽ നീന്തുന്നത്.. (ആത്മഗതം)
“അതൊക്കെ ശരി.. പപ്പയുടെ കയ്യിൽ താലം എങ്ങനെ എത്തി?? അമ്മച്ചിക്ക് അവളെ പിടിച്ചു എണീപ്പിച്ചൂടാരുന്നോ??”
“ടാ മോനു, പതിവ് കട്ടൻ എട്ടുമണിക്ക് കിട്ടാത്തപ്പോൾ ഇച്ചായൻ എന്നോട് ചാടി കടിച്ചു.. തുമ്പിമോളുടെ കാര്യം ഞാൻ പറഞ്ഞു.. വയ്യായ്കയും വച്ചു അടുക്കളയിൽ കേറിയതിനു മോളെ തല്ലാൻ പോയ മനുഷ്യനെ കാണാത്തതിനാൽ ഞാൻ ചെന്ന് നോക്കി.. അന്നേരം കാണുന്നത്,
പാലും പഴവും കൈകളിൽ ഏന്തി…
എന്നതിന്റെ bgm ഇട്ട് താലവുമായി നിൽക്കുന്ന ഇച്ചായനെയാ..”
“അവിടെ ഫോട്ടോഷൂട്ട് ആയതിനാൽ അഭി പുറത്തൂന്ന് ബ്രേക്ക്ഫാസ്റ് വാങ്ങി വന്നു.. എനിക്ക് താലം പിടിക്കാൻ വയ്യട അതാണ് അവളെ എണീപ്പിക്കാൻ നിന്നെ ഉണർത്തിയെ..”
“നിങ്ങളെല്ലാം ചേർന്ന അവളെ വഷളാക്കുന്നത്.. ഞാൻ അവളെ വല്ലോം പറഞ്ഞാൽ എല്ലാവരും ചേർന്ന് എന്റെ നെഞ്ചത്ത് പൊങ്കാല ഇടും..”
“ടാ ടാ, നിന്നോട് പ ള്ളിലച്ചന്റെ പ്രസംഗം നടത്താൻ ഇവിടാരും പറഞ്ഞില്ല.. അവന്റെ പൊങ്കാല.. പോയി മോളെ വിളിക്കെടാ.. കഴിച്ചിട്ട് ബാക്കി ഫോട്ടോ എടുക്കാന്നു പറയ്..”
“ങേ.. ഇനിയും ഫോട്ടോ?? പപ്പയുടെ അവസ്‌ഥ കണ്ടിട്ടുള്ള സഹതാപം അല്ലാരുന്നോ ഇത്..”
“ഇതിലെന്തു സഹതാപം.. അതിയാൻ അവിടെ നിക്കട്ടെ..”
“ബെസ്റ്റ്.. ഇതല്ലേ അവസ്ഥ പിന്നെ എങ്ങനെ എന്റെ പെണ്ണ് നന്നാവും..” (ആത്മഗതം)
“അവളെ ഇന്ന് ഞാനൊരു പാഠം പഠിപ്പിക്കും.. ഒരാളും ഇടയിൽ വന്നേക്കരുത്..”
ചേട്ടായി- “ഏത് പാഠം എന്നത് തുമ്പിമോളും തീരുമാനിക്കും മോനു.. നീ വേഗം ചെല്ലു..”
ഒരു ഗുമ്മിന് പറഞ്ഞെങ്കിലും എന്ത് ചെയ്യണം എന്നൊരു പിടിയും കിട്ടുന്നില്ല.. ഒരു വടിയെടുത്തു രണ്ട് കൊടുത്താലോ?? വേണ്ട.. വെറുതെ എന്തിനാ പ്ലാന്ററുടെ കയ്യിലെ താലം എന്റെ തലയിൽ വാങ്ങുന്നത്.. പേടിപ്പിച്ചേക്കാം എന്ന് കരുതി വീണ്ടും അടുക്കളയിലേയ്ക്ക്..“ടീ…” എന്റെ അലർച്ചയിൽ ചുറ്റുപാടും ഞെട്ടി നിശ്ചലമായി.. ചലനാവസ്ഥയിൽ ഞാനും കാളികുട്ടിയും.. പക്ഷെ അവിടെ നോ കുലുക്കം.. മിക്കവാറും എല്ലാ കട്ടനും ഞാൻ തന്നെ കുടിക്കേണ്ടി വരും…
എന്നെ കണ്ടതും സ്ഥിരം നിഷ്‌കു ഭാവത്തിൽ..
“ഇച്ചേ, ഇങ്ങു വന്നേ.. ഞാൻ കുറേനേരമായി ശ്രമിക്കുന്നു.. ഫോട്ടോ ശരിയാവുന്നില്ല..”
മ്മള് ഒൺലി ഗൗരവത്തിൽ..
“അതിന് നീയെന്ത ഇവിടെ ശയനപ്രദക്ഷിണം നടത്തുന്നെ??”
“ശയപ്രദക്ഷിണം അല്ല ഇച്ചേ.. കണ്ടിട്ടില്ലേ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫേഴ്‌സ് കിടന്നൊക്കെ ഫോട്ടോ എടുക്കുന്നെ?? ഞാൻ ആ ആൻഗിൾ ശ്രമിച്ചതാ..”
“ങേ..”
അടുക്കളയിലെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറെ കണ്ട് എന്റെ കിളിയും കൊതുകും പാറ്റയും പറന്നു പോയി.. കിളിപോയി നിന്ന എനിക്ക് പുറകിൽ അമ്മച്ചിടെ ആക്കിയ ചിരി കേട്ടതും എന്നിലെ സിംഹം തിരികെ എത്തി..
“കാളികുട്ടി നീ അടി വാങ്ങും.. എണീറ്റെ..”
“എങ്കിലേ ഇച്ചായൻ എനിക്ക് ഫോട്ടോ എടുത്തു താ.. ”
കയ്യിലിരുന്ന മൊബൈൽ എനിക്ക് തന്നു കൊണ്ടു ആൾ എണീറ്റു.. മൊബൈൽ നോക്കിയ എന്റെ അവസാനബോധവും മറയുന്ന പോലെ.. എന്റെ ആപ്പിൾ ഐഫോണും വച്ച ഇക്കണ്ട നീന്തലൊക്കെ ഇവൾ നടത്തിയിരിക്കുന്നത്.. ബോധം പോയി നിന്ന എന്നോട്..
“ഇച്ചായാ, ചൂട് കട്ടനിൽ നിന്നും ആവി പറക്കുന്നത് ഞാൻ സ്ലോ മോഷനിൽ എടുക്കാൻ നോക്കിട്ട് വരുന്നില്ല.. ഞാൻ സെറ്റിങ്‌സ് കുറെ മാറ്റി നോക്കി.. പക്ഷെ ശരിയാവുന്നില്ല..”
കർത്താവേ സെറ്റിങ്‌സ് താറുമാറാക്കി എന്നു സാരം.. (ആത്മഗതം)
“നിന്നോട് എന്റെ ഫോൺ കളിക്കാൻ എടുക്കാൻ ആരാ പറഞ്ഞേ??”
“അയ്യ.. എന്റെ കെട്ടിയോന്റെ ഫോൺ എടുക്കാൻ ഞാനിനി ഐ ക്യ രാഷ്ട്രസഭയിൽ പോയി പ്ര മേയം പാസ്സാക്കാം.. ഒന്നുപോയെ..
വല്ലവനും കടിച്ച ആപ്പിളും പിടിച്ചു ഗമയിൽ നടക്കും ന്നിട്ട് ഞാൻ അതിൽ ഒരു പൊട്ടോ എടുത്തതാ കുറ്റം.. വെറുതെയല്ല ഈ തല്ലിപ്പൊളി ഫോണിൽ ഒന്നും വരാത്തത്.. അല്ലേലും നിങ്ങൾക്ക് എന്നോട് ഒരു സ്നേഹവും ഇല്ല മനുഷ്യാ……..”
കുട്ടി കാടുംമേടും പറയാൻ തുടങ്ങി.. നോക്കിയപ്പോൾ ചുറ്റും നിന്നവർ മുങ്ങിയിരിക്കുന്നു.. ആരും ഇടപെടരുതെന്ന് പറയണ്ടായിരുന്നു.. പോയ ബുദ്ധി പിടിച്ചാൽ കിട്ടില്ലല്ലോ.. ഹെന്റെ മാതാവേ, നീയെ തുണ..
എന്തായാലും ഇവൾക്ക് ആവി പറക്കുന്ന കട്ടന്റെ ഫോട്ടോ എടുത്തു കൊടുത്തിട്ട് തന്നെ കാര്യം എന്നു കരുതി നിലത്ത് വച്ചിരുന്ന കട്ടൻ ഗ്ലാസ് എടുത്ത ഞാൻ ദയനീയമായി കെട്ടിയോളെ നോക്കി..
“എന്താ ഇച്ചേ??”
“മോളുസെ, തണുത്തകട്ടനിൽ എങ്ങനെ ആവി പറക്കും?? അത് നീ എങ്ങനെ ഫോട്ടോ എടുക്കും?? ദൈവമേ, എന്റെ ഫോൺ എന്തൊക്കെ സഹിച്ചിരിക്കും..”
“അയ്യോ ഇച്ചേ നല്ല ചൂട് ആയിരുന്നതാ..”
“പൊന്നുസെ അതു രണ്ടുമണിക്കൂർ മുൻപാ..”
“ങേ… എങ്കിൽ ഞാനിപ്പോൾ ചൂടാക്കി എടുക്കാം ഇച്ചേ…”
“വേണ്ടടാ… ഇന്നെന്തായാലും ഫോട്ടോ എടുത്തു കാളികുട്ടി തളർന്നു.. നമുക്ക് കഴിച്ചിട്ട് നാളെ ഫോട്ടോ എടുക്കാം..”
“എങ്കിൽ ഇന്ന് പൂക്കളുടെ ഫോട്ടോ എടുക്കാം.. അല്ലേ ഇച്ചേ??”
“ആയിക്കോട്ടെ…”
വാഗ്ദാനം നൽകി വിജയശ്രീലാളിതനായി അവളെയും കൊണ്ട് ഉമ്മറത്തെത്തി..
എന്റെ കയ്യിൽ നിന്നും ഫോണും വാങ്ങി, മഴയിൽ കുളിച്ചു നിന്ന ചെടികളുടെ പുറകെയായി മ്മടെ സ്വന്തം വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ..
വേണ്ടെന്ന് ഞാൻ നിർബന്ധിച്ചിട്ടും പതിവ്പോലെ എന്നിലെ കോഴി നല്ലോണം കൂവി.. ഫോട്ടോയും പിടിച്ചു നിന്നവളെ പുറകിൽ ചെന്ന് ചേർത്തുപിടിച്ചു കൊണ്ട് ചോദിച്ചു..
“പൊന്നുസെ, ഇന്നെന്താ കട്ടൻ ഫോട്ടോ??”
“ടാ ഇച്ചേ മറന്നോ?? ഞാൻ കഴിഞ്ഞ ആഴ്‌ച പറഞ്ഞില്ലേ വവ്വാൽ ഭായിയോട് പറഞ്ഞിട്ടുണ്ട് കട്ടൻ വച്ചു കഥ എഴുതുമെന്ന്.. അതിനാ ഫോട്ടോ..”
“നാട്ടുകാർക്കൊക്കെ ഓരോ പേരിട്ട് വിളിക്ക്.. വീടുകേറി തല്ലാൻ ആരൊക്കെ വരുന്നോ ന്റെ ഈശോയെ..”
“വവ്വാൽ ഭായ് അങ്ങനെ വരില്ല.. ആ താടിയും കുറിയും കണ്ടാലേ അറിയാം തങ്കപ്പെട്ട മനുഷ്യനാ അതെന്ന്…”
“ഉവ്വ്.. ചില തങ്കപ്പെട്ടവരൊക്കെ വെറും ക്ലാവ് ആണെന്ന് അറിഞ്ഞിട്ട് അധികം ആയില്ലല്ലോ അല്ലേ??”
“ഇച്ചേ, അതൊക്കെ ആളും തരവും നോക്കി സ്വർണ്ണം പൂശുന്ന വെറും ചെമ്പുകളാ.. എല്ലാവരും അങ്ങനെ ആയിരിക്കില്ലന്നേ..”“ആട്ടെ കഥ എഴുതി കഴിഞ്ഞോ??”
“ഇല്ല ഇച്ചേ.. തുടങ്ങിയില്ല.. ഒന്നും വരുന്നില്ല.. ഫോട്ടോ നോക്കി ശ്രമിക്കണം..”
“ബെസ്റ്റ്.. എന്നിട്ടാണ് ഇന്നത്തെ നീന്തൽ പരാക്രമം.. ടീ, നീയൊരു ടീച്ചർ അല്ലേ?? നാണക്കേടാ ഇതൊക്കെ..”
“എന്ത് നാണക്കേട്?? ഞാനെ എന്റെ വീട്ടിൽ നിന്നോ ഇരുന്നോ കിടന്നോ ഫോട്ടോ എടുക്കും.. എനിക്കതിൽ ഒരു നാണവും ഇല്ല കേടും ഇല്ല.. ഹും..”
ഇവളെ ഞാനിന്ന് ശരിയാകും എന്ന മട്ടിൽ തല്ലാൻ ഓടിക്കവേ ഗേറ്റ് തുറന്നു ഒരാൾ വരുന്നു.. മറ്റാരുമല്ല മ്മടെ പൂർവ്വകാമുകി ജാസ്മിൻ..
“ജാസ്……..”
“ജാസ് അല്ല മനുഷ്യാ അവൾ ഗ്യാസ് ആണ്..”
“എന്റെ പൊന്നു കാളികുട്ടി അവൾ വന്നു പോകും വരെ ഇരട്ടപേരൊന്നും വിളിച്ചേക്കല്ലേ..”
പകുതി സമ്മതഭാവത്തിൽ ജീന നിൽക്കുമ്പോൾ ജാസ്മിൻ ഞങ്ങൾക്ക് അരുകിൽ എത്തി.. വന്നതും എന്നിലെ അവളുടെ നോട്ടത്തിലെ സ്പെല്ലിംഗ് മിസ്റ്റേക് ശ്രദ്ധിച്ച ഞാൻ സ്വയമൊന്ന് നോക്കി.. ബോധം വന്നു.. ഷർട്ട് ഇടാതെയാണ് രാവിലെ അടുക്കളയിലേയ്ക്ക് ഓടിയത്.. എന്റെ പരുങ്ങൾ കണ്ടതും കാളികുട്ടി എനിക്ക് മുന്നിൽ നിന്നു കൊണ്ട്..
“ഇങ്ങനെ നോക്കിയാൽ ഉരുകുന്നത് ഒന്നും അവിടെയില്ല ജാസ്മിൻ.. ഞാൻ ഡെയിലി നോക്കി ടെസ്റ്റ് ചെയ്യാറുണ്ട്..”
ജാസ്മിൻ- “ഞാൻ നോക്കിയതിന് ശേഷമാണ് ജീനയ്ക്ക് ടെസ്റ്റ് ചെയ്യാൻ എബിയെ കിട്ടുന്നത്..” (ഭാവം പുച്ഛം)
“ഈശോയെ ഇവളെന്നെ കണ്ടെന്നോ.. എപ്പോ?? കുടുംബം കലക്കാൻ രാവിലെ കുറ്റിയും പിഴുത് വന്നിരിക്കുവാ.. എന്റെ കാളികുട്ടി, ഇവളെ പ്രേമിച്ചു തേപ്പ് വാങ്ങിയ കന്യകനാണ് ഞാൻ….” (ഉച്ചത്തിൽ പറയണമെന്ന് കരുതി പക്ഷെ ആത്മ ആയിപ്പോയി..)
എന്റെ പെണ്ണ് മിണ്ടുന്നില്ലെന്നു കണ്ടതും ജാസ്മിൻ അടുത്ത ആണിയും അടിച്ചു..
“ജീനാ, എനിക്ക് വേണ്ടാത്തതിനാൽ ഞാൻ ഒഴിഞ്ഞു തന്നതാ.. എന്റെ ഔദാര്യമാണ് തിരന്തോരംക്കാരിയ്ക്ക് എബി.. അതിന് ആദ്യം നീ എനിക്ക് നന്ദി പറയണം..”
“ഈശോയെ ഇവളെന്ത ഇങ്ങനെ?? കാളികുട്ടി ഫുൾ ഫോമിൽ ഭദ്രകാളിയായി ജാസ്മിനെ അടിമുതൽ മുടിവരെ നോക്കുന്നുണ്ട്..
തലയാണോ കൈയാണോ കാലാണോ ആദ്യം എടുക്കേണ്ടത് എന്ന ഭാവത്തിലാണ് നോട്ടം.. മിക്കവാറും ന്റെ പെണ്ണിന്റെ കയ്യുടെ ചൂട് ഇവളറിയും.. മനുഷ്യനെ ജീവിക്കാൻ വിടില്ല.. വെറുതെയല്ല ആൾക്കാർ പറയുന്നത് ആയ കാലത്ത് പ്രണയിക്കാൻ പോകരുതെന്ന്..” (ആത്മഗതം)
ജീന- “അയ് ശരി.. പല്ലും നാക്കും വൃത്തിയാക്കുന്ന ശീലം ഇപ്പോഴും ജാസ്മിന് ഇല്ല അല്ലേ?? ഇച്ചായൻ പറഞ്ഞിട്ടുണ്ട്, നീ അടുത്ത് ഇരിക്കുമ്പോൾ വല്ലാത്ത വായ്നാറ്റമാ നിനക്കെന്ന്..
ആദ്യം നാക്കൊക്കെ ക്ലീൻ ചെയ്തു തിരുവനന്തപുരം എന്ന് അക്ഷരസ്‌ഫുടതയോടെ പറയാൻ പഠിക്ക്.. എന്നിട്ട് നീ ഒഴിഞ്ഞതും വേണ്ടാതെ തന്നതും നമുക്ക് ചർച്ചിക്കാം.. ആട്ടെ നീ ഇപ്പോൾ വന്നത് എന്തിനാ??”
“ഇടവകപള്ളിയുടെ പേരിൽ, കൊ റോണ ബാധിതരുടെ വീടുകളിൽ നൽകാനായി അവശ്യസാധനങ്ങൾ ശേഖരിക്കാൻ വന്നതാ.. ഇവിടെ വല്ലതും ഉണ്ടോ??”
“ഉണ്ടല്ലോ.. 50 കിലോടെ ഒരു ചാക്ക് അരിയുണ്ട്.. ഇപ്പോൾ തന്നാൽ അതും തലയിൽ വച്ചു ഇടവകപള്ളിവരെ ജാസ്മിൻ ചെല്ലുമോ??”
വിളറി നിന്ന മുല്ല(ജാസ്മിൻ)യെ കണ്ടപ്പോൾ മ്മക്ക് തൃപ്തി ആയി.. ബലെ ഭേഷ്.. എന്റെ കാളിപെണ്ണിനോടാ കളി.. മിക്കവാറും മുല്ലയെ ആരെങ്കിലും എടുത്തോണ്ട് പോകേണ്ടി വരും..
ചിരി കടിച്ചുപിടിച്ചു നിന്ന എന്നെ രൂക്ഷമായി നോക്കി ജാസ്,
“ഞാൻ ആരൊക്കെ എന്തൊക്കെ നൽകും എന്നറിയാൻ വന്നതാണ്.. സാധനം കൊണ്ടുപോകാൻ വേറെ ആൾക്കാർ വരും..”
“ആയിക്കോട്ടെ.. ഇവിടെയുള്ളത് പപ്പ പള്ളിയിൽ എത്തിക്കും.. ജാസ്മിൻ ഒരുപാട് നിൽക്കേണ്ട ചിലപ്പോൾ നോക്കി വെള്ളമിറക്കുന്നതിന് ഞാൻ നോക്കുകൂലിയും തരേണ്ടി വരും..”
അവൾ തിരിഞ്ഞു നടന്നതും കാളികുട്ടി..
“ജാസ്മിൻ ഒന്ന് നിന്നെ.. ഒരു ഉത്തരം വാങ്ങാതെ പോയാലോ തന്നില്ലെങ്കിൽ എനിക്കും സമാധാനം ആവില്ല..”
അവൾക്കരുകിൽ ചെന്നിട്ട്..
“‘ഒഴിഞ്ഞു തന്നത്, ഔദാര്യം’ എന്ന മട്ടിലുള്ള ഡയലോഗ് അടിച്ചല്ലോ.. നീ ആർക്ക് എന്ത് നൽകിയെന്ന?? ഏതെങ്കിലും മണകുണാനെ കാണുമ്പോൾ തേച്ചിട്ട് പോകുന്ന നിന്നെപോലുള്ള തേപ്പിസ്റ്റുകൾ, നഷ്‌ടബോധം വരുമ്പോൾ ഇങ്ങനെ രണ്ടു ഡയലോഗ് അടിക്കും.. നീ ഒഴിഞ്ഞു തന്നതല്ല; ഇതേ തമ്പുരാൻ എനിക്ക് വേണ്ടി സൃഷ്ടിച്ച മുതലാ..
അതാണ് അർഹിക്കാത്തിടത്ത് ഗ്യാസ് കേറിയപ്പോൾ തമ്പുരാൻ നിന്നെ ചവിട്ടി പുറത്തിട്ടത്.. അന്ന് വേണ്ടന്ന് വയ്ക്കാനും ഇന്ന് നോക്കി വെള്ളമിറക്കാനും തോന്നുന്നത്തിന്റെ പേര് ഇച്ഛാഭംഗം എന്ന അല്ലാതെ ഔദാര്യം എന്നല്ല…”
എന്നെ ചേർത്തു പിടിച്ചു കൊണ്ട്..
“ഈ മുതലിന്റെ ഓണർഷിപ്പ്, പാട്ട്നർഷിപ്പ്, റിലേഷൻഷിപ്പ്, പേറ്റന്റ്ഷിപ്പ്, മെമ്പർഷിപ്പ് അങ്ങനെ നാട്ടിലെ എല്ലാ ഷിപ്പും എനിക്കാ..
എന്റെ പ്രോപ്പർട്ടി നോക്കി വെള്ളം ഇറക്കിയാൽ ഏത് ജാസ് ആയാലും അവളുടെ ഗ്യാസ് ഞാൻ ഊരി എടുക്കും.. തേച്ചകാമുകിക്ക് നന്ദി പറയുന്ന വിവരദോഷികളായ ഭാര്യമാർ ഉണ്ടാകും.. ആ ഗണത്തിൽ നീയെന്നെ ചേർക്കണ്ട.. ഇനി ജാസ്മിൻ ചെല്ല് ഒരുപാട് വിയർക്കുന്നുണ്ട്..”
ജാസ്മിൻ പോയതും രോമാഞ്ചിഫിക്കേഷൻ ആയി നിന്ന എന്നോട്
“നോക്കുകൂലി ഇവിടെയും വേണോ ഇച്ചേ??”
തൊഴുതു കൊണ്ട്
“വേണ്ട മുത്തേ..”
“അവളെ കണ്ടപ്പോൾ നിങ്ങൾക്കെന്താ മനുഷ്യാ ഇത്ര ജ്ഞാണം??”
“ഷർട്ട് ഇല്ലാത്തതിനാൽ…”
“ഉവ്വ.. എന്നെ കാണുമ്പോൾ ഈ ജ്ഞാണമൊന്നും ഇല്ലല്ലോ.. എന്റെ കണ്ണെത്തുന്ന സ്ഥലത്തൊക്കെ ഹിറ്റ്ലർ മാധവൻകുട്ടിയെ കാണുമ്പോൾ ഹൃദയഭാനു ചെയ്യന്നപോലെ ഓരോ പോസുമായി കേറി നിന്നോളും..”
“അതെന്റെ കൊച്ചിനെ കാണുമ്പോൾ ഇച്ചായന്റെ കോഴി മോഡ് ഓൺ ആകുന്നതാ..” അവളേയും ചേർത്തു പിടിച്ചു ചോദിച്ചു..
“നീയെന്താ അവൾ പറഞ്ഞതിനെ കുറിച്ചു ഒന്നും എന്നോട് ചോദിക്കുന്നില്ല??”
“എന്ത് ചോദിക്കാൻ?? അവൾ വല്ലതും പറയുന്നത് കേട്ട് ഞാൻ എന്തിന് എന്റെ കെട്ടിയോനെ സംശയിക്കണം?? എന്തിന് ചോദ്യം ചെയ്യണം?? ഞാൻ കാമുകി അല്ല ഭാര്യയാ.. എന്റെ ഇച്ചായനിൽ എനിക്ക് വിശ്വാസമുണ്ട്..” ഒന്ന് നിർത്തിയ ശേഷം എന്നെ നോക്കി,
“അന്ന് പള്ളിയിൽ വച്ചു ജാസ്മിനുമായുള്ള പ്രണയകഥ പറയുമ്പോൾ, നിങ്ങളെ തഴുകി എനിക്കരുകിൽ വന്ന കാറ്റിന് ഉപ്പിന്റെ രുചിയായിരുന്നു ഇച്ചായാ.. അതുകൊണ്ട് എനിക്ക് അവളെ കാണുന്നതും കലികേറും..”
“ങും.. എന്നിട്ടാ കാട്ടുമുല്ല എന്നൊക്കെ എന്നെ കളിയാക്കുന്നെ??”
“ഇനിയും കളിയാക്കും.. കാരണം കുളകോഴി ആയാലും കാട്ടുകോഴി ആയാലും ഈ കോഴി എന്റെയ.. എന്റെ മാത്രം…” അവാർഡ് കിട്ടിയ സന്തോഷത്തിൽ, അവളുടെ കണ്ണും നോക്കി നിൽക്കെ കോറസ് കേട്ടു..
“കണ്ണും കണ്ണും തമ്മിൽ തമ്മിൽ
കഥകൾ കൈമാറും അനുരാഗമേ……..”
നോക്കുമ്പോൾ കാണാം സകുടുംബം മുന്നിൽ നിൽപ്പുണ്ട്.. കൂട്ടത്തിൽ അമ്മച്ചിയുടെ കയ്യിൽ താലവും കട്ടൻ ചായ നിറഞ്ഞ ഗ്ലാസ്സുകളും.. എന്റെ കയ്യിൽ താലം നൽകിയ ശേഷം..
“രണ്ടാളും ഇതൊക്കെ എന്താ ചെയ്യേണ്ടത് എന്നൊന്നു ആലോചിച്ചു തീരുമാനിയ്ക്ക്.. അതുവരെ അടുക്കള ഭാഗത്തേക്ക് രണ്ടിനെയും കണ്ടേക്കരുത്..”
കട്ടനും നോക്കി നിൽക്കെ ഞങ്ങൾക്കായി മഴയും വിരുന്നുവന്നു.. മഴയും നനഞ്ഞങ്ങനെ നിൽക്കുമ്പോൾ മ്മടെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫരുടെ ചോദ്യം…
“ഇച്ചേ, ആവി പറക്കുന്ന കട്ടൻ ചായയെക്കാൾ നല്ലത്, മഴവെള്ളം ഇറ്റിറ്റ് വീണ് നിറഞ്ഞു തുളുമ്പും കട്ടൻചായയുടെ ഫോട്ടോയാ.. അല്ലെ?? നമുക്ക് അതെടുത്താലോ??
“ഹെന്റെ ഈശോയെ, ഈ പൊട്ടികാളി നന്നാവില്ല.. ഹ ഹ ഹ…”
യാത്ര പറയുന്നില്ല വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയുമായി ഞങ്ങൾ മുന്നോട്ട് പോകുന്നു