മീനാക്ഷി
രചന: Magesh Boji
::::::::::::::::
ഒളിച്ചോട്ടം എന്ന വാക്ക് അന്നും ഇന്നും എനിക്കൊരാവേശമായിരുന്നു.. അതുകൊണ്ടാണ് ഒളിച്ചോടി വന്ന വിഷ്ണുവിനും മീനാക്ഷിക്കും എന്‍റെ വീട്ടില്‍
അഭയം കൊടുക്കാമോന്ന് സുരേഷ് ചോദിച്ചപ്പോള്‍ ഒന്നും നോക്കാതെ ഞാന്‍ സമ്മതം മൂളിയത്.
എന്‍റെ ആത്മ മിത്രമായ സുരേഷിന്‍റെ ബന്ധുവായ വിഷ്ണുവിനെ ഞാന്‍ കണ്ടിട്ട് പോലുമില്ല…
കല്ല്യാണം കഴിച്ചിട്ട് തന്നെയല്ലേ അവര് വരുന്നതെന്ന് ചോദിക്കാന്‍ ഞാന്‍ മറന്നില്ല. അതെ എന്നായിരുന്നു ഉത്തരം.
എങ്കില്‍ പിന്നെ ഒന്നും നോക്കണ്ട വീട്ടിലേക്ക് പോന്നോളീന്ന് പറഞ്ഞു. എന്നാലും ഉള്ളിന്‍റെ ഉള്ളില്‍ ഒരു സംശയം ബാക്കി നിന്നു , ബന്ധുവായിട്ടും സുരേഷെന്താ അവരെ സ്വന്തം വീട്ടിലേക്ക് വിളിക്കാത്തതെന്ന്.
ആ ചോദ്യമിങ്ങനെ വലുതാകാന്‍ തുടങ്ങുന്നതിന് മുന്‍പേ അവനിങ്ങോട്ട് പറഞ്ഞു , എടാ എന്‍റെ വീട്ടില്‍ താമസിപ്പിച്ചാ മതിയായിരുന്നു . പക്ഷെ പെങ്ങള് പ്രസവിച്ച് കിടക്കുകയാണ് , അളിയനാണെങ്കില്‍ വീട്ടില്‍ നിന്ന് മാറുന്നുമില്ല എന്ന്….
ചോദ്യോത്തരങ്ങള്‍ അവിടെ തീര്‍ന്നു.
ഏട്ടന്‍ നാട്ടിലില്ലാത്ത സമയമായിരുന്നത് കൊണ്ട് അമ്മയോട് കാര്യങ്ങളെല്ലാം പറഞ്ഞ് മനസ്സിലാക്കി.
എല്ലാം കേട്ടപ്പോള്‍ അമ്മ മൂക്കത്ത് വിരല്‍ വച്ചു. എന്തെങ്കിലും പ്രശ്നങ്ങളുണ്ടാവുമോ എന്നായിരുന്നു ചോദ്യം.
ആ ചോദ്യം എന്നെ ഒരു നിമിഷം നിശബ്ദനാക്കിയെങ്കിലും ധൈര്യം സംഭരിച്ച് ഞാനാ ചോദ്യത്തെ നിസ്സാരമായി തള്ളി കളഞ്ഞു.
അപ്പോഴേക്കും അവര്‍ വീട്ടിലേക്കെത്തി കഴിഞ്ഞിരുന്നു. വേഗം ഞാനെന്‍റെ മുറിയില്‍ കയറിഅവിടം തൂത്ത് വൃത്തിയാക്കി. മുഷിഞ്ഞ വസ്ത്രങ്ങളെല്ലാം ചുരുട്ടി കൂട്ടി പുറത്തേക്കിട്ടു. കിടക്ക വിരിയും തലയിണയുടെ കവറും മാറ്റിയിട്ടു. സ്പ്രേ എടുത്ത് കിടക്കയിലും കര്‍ട്ടനിലും അടിച്ചു.
മുറി വിട്ടിറങ്ങാന്‍ നേരം ഞാനെന്‍റെ കട്ടിലിലേക്ക് നോക്കി നെടുവീര്‍പ്പെട്ടു…
അപ്പോഴേക്കും അമ്മ അവരെ അകത്തേക്ക് വിളിച്ചിരുത്തി ചായയും പലഹാരവും കൊടുത്ത് സല്‍ക്കരിച്ചിരുന്നു.
അവര്‍ക്കായി ഞാനെന്‍റെ മുറി കാണിച്ച് കൊടുത്തു. കുളി കഴിഞ്ഞെത്തിയ വിഷ്ണുവിന് എന്‍റെ മുണ്ടും ഷര്‍ട്ടും എടുത്ത് കൊടുത്തു.
മീനാക്ഷിക്ക് മാറിയുടുക്കാന്‍ എന്‍റെ വീട്ടില്‍ ഒന്നുമില്ലായിരുന്നു. സുരേഷിനെ വിളിച്ച് കാര്യം പറഞ്ഞു.
തത്കാലം നീ കയ്യീന്ന് കാശെടുത്ത് വാങ്ങി കൊടുക്ക്, വിഷ്ണുവിന്‍റെ കയ്യില്‍ നയാ പൈസയില്ലാന്നായിരുന്നു മറുപടി.
വിഷ്ണുവിനേയും കൂട്ടി അവള്‍ക്കുള്ള ഡ്രസ്സ് വാങ്ങാന്‍ ടൗണിലേക്ക് പോകാനിറങ്ങും നേരം പുറകില്‍ നിന്ന് ഏട്ടാന്ന് ഒരു വിളി കേട്ടു.
വിഷ്ണുവിനെ വിളിച്ചതാണെന്നാണ് കരുതിയത് . പക്ഷെ വിളിച്ചത് എന്നെയായിരുന്നു…
സ്വന്തമായി അനിയത്തി ഇല്ലാത്തത് കൊണ്ടാവും ആരെങ്കിലും എട്ടാന്ന് വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ മനസ്സിന് പണ്ട് മുതലേ ഒരു കുളിര്‍മ്മയാണ്.
അതും എന്‍റെ വീടിന്‍റെ ഉമ്മറത്ത് നിന്നാണ് വിളിച്ചിരിക്കുന്നത്….
എന്താ മോളേ എന്ന് വാത്സല്ല്യത്തോടെ ചോദിച്ചപ്പോള്‍ എന്‍റെ നേര്‍ക്ക് നീട്ടിയത് ഒരു കഷ്ണം കടലാസ്…
ഡോവ് സോപ്പ് – 1 ചെറുപയര്‍ പൊടി – ഒരു പാക്കറ്റ്, പാരച്ച്യൂട്ട് വെളിച്ചെണ്ണ – ഒരു ടിന്‍…
ആ കടലാസ് വാങ്ങുമ്പോള്‍ സന്തോഷം കൊണ്ടെന്‍റെ കൈ വിറച്ചു.
തന്‍റെ ആവശ്യങ്ങള്‍ ഏട്ടന്‍മാരോട് പറയുന്ന അനിയത്തിമാരെ ഞാനെത്രയോ കണ്ടിരിക്കുന്നു . പക്ഷെ എന്നോടിങ്ങനെ ഒരാള് പറയുന്നത് ആദ്യമായാണ് .
ഉറങ്ങി കിടന്നിരുന്ന എന്നിലെ ഏട്ടന്‍ സടകുടഞ്ഞെണീറ്റു… അതുകൊണ്ട് തന്നെ ബൈക്കിന് പതിവിലും വേഗതയുണ്ടായിരുന്നു.
അളവുപ്രകാരം വിഷ്ണു അവള്‍ക്ക് വേണ്ടതെല്ലാം വാങ്ങി. ലിസ്റ്റിലെ സാധനങ്ങള്‍ ഞാനും വാങ്ങി. വിഷ്ണുവിനെ വീട്ടില്‍ ഇറക്കി വിട്ട് ഞാന്‍ വീണ്ടും പുറത്തേക്കിറങ്ങി.
തിരിച്ച് വീട്ടിലേക്ക് വരുമ്പോള്‍ സന്ധ്യയായിരുന്നു . മുറ്റത്ത് എത്തിയപ്പോളാണ് ഞാനാ കാഴ്ച്ച കണ്ടത്.
നിലവിളക്കുമായി മീനാക്ഷി കൊലായിലേക്ക് നടന്ന് വരികയാണ്… ആ ചുണ്ടുകള്‍ ദീപം , ദീപം എന്ന് മന്ത്രിയ്ക്കുന്നുണ്ടായിരുന്നു.
പെട്ടെന്നാണ് പുറകില്‍ നിന്ന് കാല്‍പെരുമാറ്റം കേട്ടത്….തിരിഞ്ഞു നോക്കിയപ്പോള്‍ അച്ചനാണ്.
വീട് മാറിപ്പോയെന്ന സംശയത്തില്‍ തിരിച്ച് പോവ്വാന്‍ നില്‍ക്കുന്ന അച്ചനെ തടഞ്ഞ് നിര്‍ത്തി ഞാന്‍ കാര്യങ്ങളെല്ലാം പറഞ്ഞു. അങ്കലാപ്പും കുറച്ച് പരിഭവവുമായി അച്ഛന്‍ കൊലായിലേക്ക് കയറി.
നിലവിളക്ക് പീഠത്തില്‍ വച്ചവള്‍ അച്ഛനെ നോക്കി. കാലില്‍ തൊട്ടനുഗ്രഹം വാങ്ങാന്‍ തുനിഞ്ഞ അവളെ അച്ഛനതില്‍ നിന്ന് വിലക്കി.
അച്ചന്‍ പതിവായി കൊണ്ട് വരാറുള്ള പലഹാര പൊതി തുറന്ന് , മോള്‍ക്കെന്താ ഇതില്‍ നിന്ന് വേണ്ടതെന്ന് അമ്മ ചോദിച്ചപ്പോള്‍ ഒരു മടിയും കൂടാതെ എനിക്കായി കൊണ്ട് വരാറുള്ള പരിപ്പു വടയാണ് അവള്‍ തിരഞ്ഞെടുത്തത്….
അച്ചന്‍ വരുമ്പോള്‍ ഓടിചെന്ന് അച്ചന്‍റെ കയ്യിലെ പലഹാര പൊതി വാങ്ങിച്ച് ഇഷ്ടമുള്ളത് ആര്‍ക്കും കൊടുക്കാതെ കഴിക്കുന്ന കൊതിച്ചിപാറുമാരായ അനിയത്തിമാരെ പറ്റി ഞാനെത്രയോ കേട്ടിരിക്കുന്നു.
പക്ഷെ എന്‍റെ വീട്ടില്‍ ഇതാദ്യമായിരുന്നു… അച്ഛനും അമ്മയും പണത്തെ സ്നേഹിച്ചപ്പോള്‍ സ്നേഹം നിഷേധിക്കപ്പെട്ട സ്വന്തം കഥ ഞങ്ങളോടവള്‍ പറഞ്ഞു .
അത് കേട്ട് ആ മുടിയില്‍ തലോടി അമ്മയവളെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.
പണത്തിനും പ്രതാപത്തിനുമപ്പുറം ആത്മാര്‍ത്ഥമായി സ്നേഹിച്ചവന്‍റെ കൂടെ ഇറങ്ങി പോരേണ്ടി വന്ന കഥ ഭയത്തോടെയവള്‍ പറയുന്നത് കേട്ട് അച്ഛനവള്‍ക്ക് ധൈര്യം കൊടുക്കുന്നുണ്ടായിരുന്നു.
ഓരോ ദിവസം കഴിയും തോറും അവളെന്‍റെ വീട്ടില്‍ ആരൊക്കെയോ ആയി മാറുകയായിരുന്നു. ആ പാദസര കിലുക്കം വീടാകെ നിറയാന്‍ തുടങ്ങുകയായിരുന്നു.
അടുക്കളയില്‍ നിന്ന് അമ്മയുടെ ചിരിയും കളിയും കേള്‍ക്കാന്‍ തുടങ്ങുകയായിരുന്നു. ഇടക്കിടെ സുരേഷ് വിളിക്കുന്നുണ്ടായിരുന്നു . പ്രശ്നങ്ങള്‍ രൂക്ഷമാകുകയാണെന്നും പറഞ്ഞ്.
ഓരോ വട്ടം അവനിത് വിളിച്ച് പറയുമ്പോഴും ഉള്ളാല്‍ സന്തോഷം കൊണ്ട് ഞാന്‍ തുള്ളിച്ചാടുകയായിരുന്നു
അവളുടെ കൂടെയിരുന്ന് ചൂലിനുള്ള ഈര്‍ക്കില്‍ ഉണ്ടാക്കുമ്പോള്‍ അമ്മക്ക് പത്ത് വയസ്സ് കുറഞ്ഞത് പോലെ തോന്നി.
അവള്‍ നല്‍കിയ ചായ കുടിക്കും നേരം അച്ഛന്‍റെ മുഖത്ത് പതിവില്‍ കവിഞ്ഞ വാത്സല്ല്യം നിറഞ്ഞിരുന്നതായ് തോന്നി.
മുറ്റത്തെ ചെടി നനയ്ക്കും നേരമവള്‍ അരികില്‍ നിര്‍ത്തിയിട്ട എന്‍റെ ബൈക്കിലെ ചളിക്കും പൊടിക്കും മേല്‍ വെള്ളം ചീറ്റിച്ച് വൃത്തിയാക്കുമ്പോള്‍ ഞാനനുഭവിച്ച സന്തോഷത്തിന് അതിരില്ലായിരുന്നു.
ഊണിനും അത്താഴത്തിനും അവള്‍ക്കിഷ്ടമുള്ള വിഭവങ്ങളായിരുന്നു പിന്നീടങ്ങോട്ട് മേശയില്‍ നിറഞ്ഞത്.
ഊണ് കഴിക്കുന്നതിനിടയില്‍ എരിവ് കയറി ചുമച്ച അമ്മയ്ക്കവള്‍ മൂര്‍ദ്ധാവില്‍ തട്ടി ഏകിയത് അനുപമമായ സ്നേഹമായിരുന്നു.എന്‍റെ വീട് അവളിലേക്ക് ചുരുങ്ങുകയായിരുന്നു. മൂന്നാഴ്ച്ച എത്ര പെട്ടെന്നാണ് കൊഴിഞ്ഞ് പോയത്. അന്നൊരു ഞായറാഴ്ച്ച ദിവസം സുരേഷ് വിളിച്ചു.
അവരുടെ വീടുകളിലെ പ്രശ്നങ്ങളെല്ലാം തീര്‍ന്നെന്നും , ഈ വിവാഹം രണ്ടു വീട്ടുകാരും സമ്മതിച്ചെന്നും , അവരെല്ലാം കൂടി ഇവരെ കൊണ്ട് പോവ്വാന്‍ ഇവിടേയ്ക്ക് വരികയാണെന്നും പറഞ്ഞു.
നെഞ്ചൊന്ന് പിടഞ്ഞു…. എന്ത് പറയണമെന്നറിയാതെ ഞാന്‍ നിന്നു.
കാര്യം വീട്ടിലറിയിച്ചു. അച്ചനൊന്നും മിണ്ടിയില്ല . നേരെ ചാരുകസേരയില്‍ പോയി ചാരി കിടന്നു. അമ്മ തളര്‍ന്നവിടെ മാറിയിരുന്നു. എല്ലാവരേയും അദ്ഭുതപ്പെടുത്തി മുറിയില്‍ നിന്ന് കേട്ടതൊരു പൊട്ടികരച്ചിലായിരുന്നു…
ഞാനിവിടെ കുറച്ച് ദിവസം കൂടി നിന്നിട്ടേ പോവുന്നുള്ളു വിഷ്ണുവേട്ടാന്നും പറഞ്ഞ് അവളവന്‍റെ ചുമലില്‍ തല വച്ച് പൊട്ടികരയുകയായിരുന്നു.
അവളില്‍ നിന്ന് വീണ കണ്ണീര് ഞങ്ങളുടെയൊക്കെ നെഞ്ചിലാണ് വന്ന് പതിച്ചത് . അവളെ സമാധാനിപ്പിക്കാന്‍ വിഷ്ണു നന്നേ ബുദ്ധിമുട്ടി.
പരസ്പരം മിണ്ടാതെ ഞങ്ങളെല്ലാവരും നിന്ന നിമിഷങ്ങള്‍.
മുറ്റത്ത് രണ്ട് കാറുകള്‍ വന്ന് നിന്നു . അവരുടെ ബന്ധുക്കള്‍ ഓരോരുത്തരായി അതില്‍ നിന്നിറങ്ങി.
ഞാനവരെ സ്വീകരിച്ചിരുത്തി.
മീനാക്ഷിയോടും വിഷ്ണുവിനോടും അവര്‍ സ്നേഹത്തോടെ സംസാരിച്ചു. യാത്ര പറയാന്‍ അവള് ഞങ്ങളുടെ അടുത്തേക്ക് വന്നു .
അമ്മയെ കെട്ടിപ്പിടിച്ചവള്‍ പൊട്ടി കരഞ്ഞു. അച്ചന്‍റെ കാല്‍ തൊട്ട് നമസ്കരിച്ചു. പിന്നെ എന്‍റെ അടുത്തേക്കാണ് വന്നത്.
പോയി വരാം എട്ടാന്ന് പറഞ്ഞപ്പോള്‍ എന്ത് പറയണമെന്നറിയാതെ ഞാന്‍ നിന്നു . വിറയാര്‍ന്ന കൈകളാല്‍ ആ നെറുകിലൊന്ന് തൊട്ടു.
അനിയത്തിക്ക് ഇഷ്ടമുള്ള ഒരുത്തന്‍റെ കൈ പിടിച്ച് കൊടുത്ത് അവളാ പടിയിറങ്ങി പോവുന്ന നേരം നെഞ്ചുപൊട്ടും വേദനയിലും ചിരിച്ചു കൊണ്ട് യാത്രയാക്കുന്ന എത്രയോ ഏട്ടന്‍മാരെ ഞാന്‍ കണ്ടിരിക്കുന്നു.
പക്ഷെ എന്‍റെ ജീവിതത്തില്‍ ഇതാദ്യമായിരുന്നു… കരഞ്ഞു കൊണ്ടവള്‍ കാറില്‍ കയറി.
വിഷ്ണു വന്നെന്നെ കെട്ടിപ്പിടിച്ചു … യാത്ര പറഞ്ഞ് അവനും ഇറങ്ങി.
യാത്രയാവുകയാണവര്‍. തിരിഞ്ഞു നോക്കി ഞാന്‍. അച്ചനാ ചാരുകസേരയില്‍ തളര്‍ന്ന് കിടപ്പുണ്ട്.
അമ്മ സാരിതലപ്പ് കൊണ്ട് കണ്ണീരൊപ്പുകയാണ്. മനസ്സ് വിങ്ങി പൊട്ടുകയാണ്. അകത്തേക്ക് കയറാന്‍ വയ്യ…നാലു ചുവരുകള്‍ക്കുള്ളില്‍ ഇരിക്കാന്‍ വയ്യ. ശ്യാസം മുട്ടും.
ഞാനാ പറമ്പിലെ മാവിന്‍ ചോട്ടില്‍ പോയിരുന്നു. അന്ന് രാത്രി എന്‍റെ വീടുറങ്ങി.. പക്ഷെ , നെടുവീര്‍പ്പെട്ട് മൂന്ന് ആത്മാക്കള്‍ അന്നാ വീട്ടില്‍ ഉറങ്ങാതിരുന്നു