മോളൊന്നും കൊണ്ട് വിഷമിക്കണ്ട. അവനെ ഞാൻ പൊന്നു പോലെ കരയിക്കാതെ നോക്കിക്കൊള്ളാം…

വസന്തം സൃഷ്ടിക്കുന്നവർ

രചന: Jils Lincy

:::::::::::::::::::

മോളേ അമ്മയ്ക്ക് തീരെ വയ്യ… ഇതും വെച്ചു കൊണ്ട് ഞാനങ്ങോട്ടു വന്നാൽ എനിക്ക് കൊച്ചിനെ നോക്കാൻ പറ്റുമെന്ന് തോന്നുന്നില്ല…

പകരം നിങ്ങളെന്നെ നോക്കേണ്ടി വരും… ഞാനെന്ത് ചെയ്യും അമ്മേ… ഈ പത്തിന് എനിക്ക് ഒൻപത് മാസം തികഞ്ഞു…. ഇനി ആരെ സഹായത്തിനു കിട്ടും? വിനുവേട്ടൻ ആകെ ടെൻഷനിൽ ആണ്….

മോള് വിഷമിക്കേണ്ട… ഇവിടെ അടുത്തൊരു സ്ത്രീയുണ്ട് അമ്മ അവരോടൊന്നു ചോദിക്കട്ടെ….

നമ്മുടെ രഘുവിന്റെ ഭാര്യയാണ്.. നീ രഘുവിനെ അറിയില്ലേ.. നമ്മുടെ പറമ്പിൽ തെങ്ങ് കയറാൻ വന്നോണ്ടിരുന്ന രഘു… ഓന്റെ ഭാര്യയാണ് രാധ…

രഘു തെങ്ങിൽ നിന്ന് വീണ് കിടപ്പിലായിട്ട് ഒരു വർഷം കഴിഞ്ഞു… സ്ഥിതി ആകെ കഷ്ടത്തിലാണ്.. ചികിൽസിക്കാൻ പൈസ വേണ്ടേ…

കല്യാണം കഴിഞ്ഞ് പത്തു പന്ത്രണ്ട് വർഷമായിട്ടും മക്കളും ഇല്ല….

അവന്റെ അമ്മ നാരായണിയേട്ടത്തി എന്നോട് ഇന്നാളും ചോദിച്ചിരുന്നു…. വല്ല ജോലിയും തരപ്പെടുത്തി കൊടുക്കുമോ എന്ന്…

എന്തായാലും പ്രാർത്ഥിച്ച പോലെ രണ്ടാഴ്ച്ച കൊണ്ട് രാധേട്ടത്തി ദുബായിൽ വന്നിറങ്ങി….

രാധ എത്തുന്നിടം വരെ എന്റെ കുഞ്ഞിനൊന്നും വരുത്തല്ലേ കൃഷ്ണാ എന്ന അമ്മയുടെ പ്രാർത്ഥന കേട്ടിട്ടാവണം രാധേട്ടത്തിയെ കൂട്ടി വിനുവേട്ടൻ ഫ്ലാറ്റിലെത്തി അന്ന് വൈകുന്നേരം മുതൽ എനിക്കെന്തോ ഒരു വല്ലായ്മ പോലെ…..

ആദ്യ പ്രസവം ആയത് കൊണ്ട് പ്രസവ വേദന എന്ന് പറഞ്ഞാൽ സഹിക്കാൻ കഴിയാത്ത വേദന വരുമെന്ന് പ്രതീക്ഷിച്ചിരുന്ന ഞാൻ കുഴപ്പമില്ല..

ഒരു ചെറിയ വേദനയെ ഉള്ളൂ എന്ന് പറഞ്ഞു കിടക്കാൻ പോയി….പക്ഷേ എന്റെ വയറ് കണ്ട് പ്രസവിക്കാത്ത രാധേട്ടത്തി പറഞ്ഞു… പാറു വയറ് നന്നായിട്ടിടിഞ്ഞിട്ടുണ്ട്. ഇത് പ്രസവ വേദനയാണ് മോളേ… എത്രയും പെട്ടന്ന് ആശുപത്രിയിൽ എത്തിക്കണം എന്ന്…

പിന്നെയെല്ലാം പെട്ടന്നായിരുന്നു…. ആശുപത്രിയിലെത്തി ലേബർ റൂമിൽ കയറ്റി ഡോക്ടർ എത്തിയപ്പോഴേക്കും വേദന ഇടവിട്ടിടവിട്ട് അതിന്റെ ഉച്ചസ്ഥായിലെത്തിയിരുന്നു…..

സഹിക്കാൻ പറ്റാത്ത വേദന.. വയറു വേദനയും നടു വേദനയും തലകറക്കവും എല്ലാം കൂടി നമ്മൾ പൂർണമായും വേദനയുടെയും അസ്വസ്ഥതയുടെയും പിടിയിലമരുന്ന അവസ്ഥ…

ചുറ്റും ഇരുട്ട് നിറയുന്നപോലെ മൈലുകൾക്കപ്പുറം കേരളത്തിലെ എന്റെ കൊച്ചു വീടും അച്ഛയെയും അമ്മയെയും അനിയനെയും ഒക്കെ ഓർമ വന്നു…

എനിക്കിനി അവരെ കാണാൻ പറ്റില്ലേ!!
വിനുവേട്ടൻ എവിടെയാണ്… ഈ മരണ വേദന എനിക്ക് സഹിക്കാൻ പറ്റുന്നില്ലല്ലോ”””

ചുറ്റും കൂടിയിരിക്കുന്നവർ പുഷ്.. പാർവതി. പുഷ് എന്ന് ഉച്ചത്തിൽ പറയുന്നത് അവ്യക്തമായി എന്റെ ചെവിയിൽ വന്നടിക്കുന്നുണ്ട്….

നാവും ശരീരവും തളർന്നു കഴിഞ്ഞു…. ബോധത്തിന്റെയും അബോധത്തിന്റെയും ഇടനാഴിയിലൂടെ പോകവേ…. Congrats parvathy it’s a boy…എന്ന് ഡോക്ടർ പറയുന്നത് ഞാൻ അവ്യക്തമായി കേട്ടു…..

ഞങ്ങളുടെ മാധവ്… മധുട്ടൻ അന്നാണ് വന്നത്… അന്ന് തൊട്ട് രാധേട്ടത്തി ഞങ്ങളുടെ വീട്ടിലെ ഒരാളായി മാറി….

എന്റെയും മോന്റെയും വസ്ത്രങ്ങൾ അലക്കൽ… വീട്ടു ജോലികൾ… എന്നെ വേതിട്ടു കുളിപ്പിക്കൽ…

മോനേ കുളിപ്പിക്കൽ എന്ന് വേണ്ട എല്ലാ കാര്യങ്ങളും രാധേട്ടത്തി സന്തോഷത്തോടെ അതിലുപരി ആത്മാർത്ഥതയോടെയും സ്നേഹത്തോടെയും ചെയ്തു തന്നു…..

കുഞ്ഞു കരയുമ്പോൾ “എല്ലാം പാ ല് കൊടുക്ക് പാറു അതിന് വിശന്നിട്ടാ കരയണത് ”

എന്ന പറച്ചിൽ എനിക്ക് അസ്വസ്ഥതയുണ്ടാക്കിയെങ്കിലും ജീവിതത്തിൽ ഒരിക്കലും അമ്മയാകാൻ കഴിയാതിരുന്ന അവരുടെ സ്നേഹത്തിനും ശകാരത്തിനും പലപ്പോഴും ഞാൻ തോറ്റു കൊടുത്തിരുന്നു……

മൂന്ന് മാസം കഴിഞ്ഞ് കുഞ്ഞിനെയിട്ട് ജോലിക്ക് പോകുമ്പോൾ എന്റെ സങ്കടം കണ്ടിട്ടാവണം ആള് പറഞ്ഞു….

മോളൊന്നും കൊണ്ട് വിഷമിക്കണ്ട. അവനെ ഞാൻ പൊന്നു പോലെ കരയിക്കാതെ നോക്കിക്കൊള്ളാം…

അതേറെക്കുറെ സത്യവുമായിരുന്നു.. ചിലപ്പോൾ ഒരു കാരണവും ഇല്ലാതെ കരയുന്ന മാധുട്ടൻ രാധേട്ടത്തിയുടെ മാ റിന്റെ ചൂടടിച്ചാൽ ഉറങ്ങി പോകുമായിരുന്നു…

ജോലികഴിഞ്ഞു മടുത്തു വരുമ്പോൾ ഒരു നല്ല ചായയിട്ട് തന്നിട്ട് “മോളൊന്നും ചെയ്യണ്ട അല്പം കിടന്നോ എന്ന് പറയുന്ന രാധേട്ടത്തി ചിലപ്പോഴൊക്കെ എന്റെ അമ്മയേക്കാൾ നല്ലൊരമ്മയോ അതോ എനിക്കില്ലാത്ത ഏട്ടത്തിയോ ഒക്കെ ആയി മാറിയിരുന്നു…..

മാസത്തിൽ അവർക്ക് കൊടുക്കുന്ന തുക അല്പം കൂട്ടി കൊടുക്കാമെന്നു വിചാരിച്ചാലും പറയും “അതൊന്നും വേണ്ട പാറു..

അവിടുത്തെ കാര്യം നടക്കാൻ ഇത് തന്നെ ധാരാളമാണെന്ന്….

ഒരു ദിവസം വലിയ സന്തോഷത്തിൽ പറഞ്ഞു.. എന്റെ പാറു ഇനി എനിക്കൊന്നും വേണ്ട എന്റെ രഘുവേട്ടൻ നടന്ന് തുടങ്ങി എന്ന്…

നല്ല ചികിത്സ കൊടുത്തത് കൊണ്ടാവണം ആള് ഇപ്പോൾ പിടിച്ചു പിടിച്ചു നടന്ന് തുടങ്ങി… കൂട്ടത്തിൽ ഫിസിയോ തെറാപ്പിയും ആയുർവേദ ചികിത്സയും…..

മാധുവിന് രാധമായെന്ന് വെച്ചാൽ ജീവനാണ്…. ചിലപ്പോഴൊക്കെ എനിക്കരിശം വന്നിട്ടുണ്ട്.. പെറ്റമ്മയായ എന്നെക്കാളും രാധേട്ടത്തിയെ അവൻ സ്നേഹിക്കുന്ന കണ്ടിട്ട്…

പക്ഷേ അവന് മാമം കൊടുക്കാനും ഉറക്കാനും അവർ കാണിക്കുന്ന സ്നേഹവും കഷ്ടപ്പാടും കാണവേ… പലപ്പോഴും എന്നിലെ അമ്മ അവരുടെ മുൻപിൽ തോറ്റു പോകുമായിരുന്നു…..

മധുട്ടന് മൂന്നു വയസ്സ് തികഞ്ഞപ്പോൾ തന്നെ അവനെ തൊട്ടടുത്തുള്ള ഒരു പ്രീ സ്കൂളിൽ ചേർത്തു.. കുഞ്ഞിനെ സ്കൂളിൽ വിട്ടപ്പോൾ മുതൽ രാധേട്ടത്തിക്ക് ആധിയായിരുന്നു….

അവരെന്റെ കുഞ്ഞിനെ നോക്കുമോ… കൂടെയുള്ളവർ കുഞ്ഞിനെ ഉപദ്രവിക്കുമോ എന്നെല്ലാം.. ശരിക്കും അവർ അവനെ ഹൃദയത്തിൽ ജന്മം കൊടുത്ത മകനായി കരുതിയിരുന്നു…

രഘുവേട്ടന് സുഖമായി കഴിഞ്ഞപ്പോൾ മുതൽ രാധേട്ടത്തി നാട്ടിലേക്ക് പോകാൻ തയ്യാറായി കഴിഞ്ഞിരുന്നു… പക്ഷേ മധുട്ടനെ പിരിയുന്നതവർക്ക് ചിന്തിക്കാൻ കഴിയുമായിരുന്നില്ല…

വിസയുടെ കാലാവധി തീരാറായപ്പോൾ നാട്ടിൽ പോകുന്ന കാര്യം ഞാൻ മടിച്ച് മടിച്ച് ചോദിക്കവേ… സഹിക്കാനാവാത്ത ഒരു വേദനയോടെ അവർ മുഖം തിരിച്ചു പറഞ്ഞു…

പോണം മോളേ എന്റെ രഘുവേട്ടനെ കാണണം എനിക്ക്… പക്ഷേ എന്റെ മാധുട്ടൻ അവനെ കാണാതെ ഞാൻ എങ്ങനെ… എന്ന് പറഞ്ഞവർ പൊട്ടികരഞ്ഞു…..

രാധേട്ടത്തിയെ യാത്രയയ്ക്കുന്ന കാര്യം എനിക്ക് ചിന്തിക്കാൻ ആകുമായിരുന്നില്ല. എന്തൊക്കെ വാങ്ങി അവരുടെ പെട്ടി നിറച്ചിട്ടും മനസ്സ് നിറയാത്തെ പോലെ…

പോകുന്ന ദിവസം രാധമ്മുവിനെ മറക്കല്ലേ മധുട്ടാ എന്ന് പറഞ്ഞവർ അവന്റെ ഇരു കവിളിലും ഉമ്മ വെക്കവേ സ്വതവേ വികാരങ്ങൾ പുറത്തു കാണിക്കാത്ത വിനുവേട്ടന്റെ കണ്ണുകൾ പോലും നിറഞ്ഞു വരുന്നത് ഞാൻ കണ്ടു…..

നിറഞ്ഞ കണ്ണുകൾ തുടച്ച് കൊണ്ട് എയർപോർട്ടിനകത്തേക്ക് അവർ കയറിപോകവേ.. എന്റെ രാധമ്മു പോകണ്ട എന്ന് പറഞ്ഞു മാധുട്ടൻ അലറി കരയുകയായിരുന്നു….

അഞ്ചു വർഷം മുൻപ് വീടിനെയും അച്ഛനെയും അമ്മയെയും ഇട്ടിട്ട് വരുമ്പോൾ പോലും അനുഭവിക്കാത്ത ശൂന്യതയും നഷ്ടവും ഹൃദയ വേദനയും ഞാനനുഭവിച്ചു..

ജോലിക്കാരിയായി വന്ന് ഞങ്ങളുടെ വീട്ടുകാരിയായി തീർന്ന രാധമ്മു നിങ്ങളെന്റെ ഹൃദയത്തിൽ പിറന്ന അമ്മയാണെന്ന് പറയണമെന്നെനിക്ക് തോന്നി…..രാധമ്മു പോയിട്ട് ആറു മാസങ്ങൾ കഴിഞ്ഞിരിക്കുന്നു….

പോയപ്പോൾ ഞങ്ങൾ വാങ്ങിക്കൊടുത്ത ഫോണിലൂടെയുള്ള ദിവസനയുള്ള വാട്സാപ്പ് ചാറ്റിങ്ങിലൂടെ ഒരു അപ്രതീക്ഷിത സന്തോഷം ഞാനറിഞ്ഞു…. ഞങ്ങളുടെ രാധമ്മു ഗർഭിണിയായിരിക്കുന്നു…

വൈകി വന്ന വസന്തം” ചിലപ്പോൾ ജീവിതം അങ്ങനെയാണ്…..
സ്വപ്നങ്ങളുടെ ശവപറമ്പിലായിരിക്കും ജീവിതം പ്രതീക്ഷകളുടെ പച്ചതുരുത്തു കാണിച്ചു തരുന്നത്…..

ഇന്ന് വർഷങ്ങൾക്ക് ശേഷം ഞങ്ങൾ നാട്ടിലേക്ക് പോകുവാണ്…

ഞങ്ങളുടെ രാധമ്മുവിന്റെ കുഞ്ഞിനെ കാണാൻ അവന് വേണ്ടി അവനിതു വരെ കാണാത്ത അവന്റെ കുഞ്ഞി ഏട്ടൻ വാങ്ങിയ സമ്മാനങ്ങൾ കൊടുക്കാൻ…

Scroll to Top