നിഴലായികൂടെ നിർത്തിയിട്ടും ആരുടെയൊക്കെയോ വാക്കുകൾക്ക് എൻ്റെ സ്നേഹത്തേക്കാൾ വില കൊടുത്തു അവൾ, അനിയത്തിക്കായി….

ചേതന

രചന: നിഹാരിക നീനു

:::::::::::::::::::

“ചേതനാ.. ചേതനാ…” നിമ്മി മതിലിനപ്പുറം നിന്ന് വിളിക്കുന്നത് കേട്ടാണ് അവൾ ചെന്നത്, നിന്നണക്കുന്നുണ്ടായിരുന്നു അവൾ,

“ന്താടി ” എന്നു ചോദിച്ചപ്പോൾ കുറച്ചു കൂടി വേഗം ആയി കിതപ്പ് ഉള്ളിലുള്ളത് പറഞ്ഞ് തീർക്കാൻ വെമ്പിയെന്ന പോലെ,

“വാ… വാര്യത്തെ ഹരി സാറ്…. ഹരി സാറ് വന്ന് ണ്ട് എന്ന് ”

ഹരി സാറ് കേട്ടപ്പോ ഉള്ളിൽ ഒരു മിന്നൽ കടന്നു പോയി…. മിഴിനിറഞ്ഞ് വന്നു..

ദേഷ്യമോ …സങ്കടോ. എന്താന്നറിയാതെ…
അതെല്ലാം നിമ്മി കാണാതിരിക്കാനുള്ള വെപ്രാളം വേറേ,

“അയിന്… അയിന് ഇക്കെന്താ ആര് വേണേലും വരട്ടെ പോട്ടെ, ഇക്കൊന്നുല്യ….”

അതും പറഞ്ഞ് കേറിപ്പോകുമ്പോൾ നിമ്മി സഹതാപത്തോടെ നോക്കുന്നുണ്ടാവും എന്നറിയാമായിരുന്നു, വേഗം മുറിയിൽ ചെന്നു …അലമാരയിലെ ഫ്രെയിം ചെയ്ത ഫോട്ടോ എടുത്ത് നോക്കി..

പണ്ട് ഡിഗ്രിക്ക് പഠിച്ചപ്പോൾ എടുത്ത ഫോട്ടോ, നടുക്കായി ഇരിക്കുന്നു ഹരി സാറ്, മുകളിൽ നിൽക്കുന്നവരുടെ കൂട്ടത്തിൽ ഇടത്തേ അറ്റത്ത് താനും….

ഷർട്ടും ചുളിവ് ഇല്ലാത്ത മുണ്ടും ചുറ്റി തുണി സഞ്ചിയും തോളിലിട്ട് വരുന്ന സ്റ്റാറ്റിസ്റ്റിക് പഠിപ്പിക്കുന്ന

ഹരിശങ്കർ എസ് വാര്യർ, അന്ന് പെൺകുട്ടികളുടെ മനസിലെ ആരാധനാ കഥാപാത്രം,

തനിക്കും അന്ന് സാറിനോട് വല്ല പ്രത്യേകതയും തോന്നിയോ??” ഉവ്വ്… ”

പക്ഷെ കാര്യാക്കിയില്ല,, ആ മനസിലെ ഇഷ്ടം തുറന്നു പറയും വരെയും ഉള്ളിലിട്ട് മൂടിയിരുന്നു എൻ്റെ ഇഷ്ടം, കാരണം …

മനസ് മുഴുവൻ പ്രാരാബ്ദങ്ങളായിരുന്നു.. അമ്മയില്ലാത്തതറിയിക്കാതെ വളർത്തിയ അച്ഛനും .. താൻ സ്വയം അമ്മയായി സ്നേഹിച്ച കുഞ്ഞനിയത്തിയും മാത്രമായിരുന്നു ..

അവൾക്ക് വേണ്ടി മാത്രം ജീവിച്ചു,

അന്ന് കോളേജ് അവസാനിക്കുന്ന ദിവസമാണ് സാർ പറഞ്ഞത്, ഓട്ടോഗ്രാഫും ക്ലാസ് ഫോട്ടോ എടുക്കലും ഒക്കെ കഴിഞ്ഞ്, പ്രിയപ്പെട്ട ബദാം മരത്തിൻ്റെ ചോട്ടിലെ സിമൻ്റ് ബെഞ്ചിൽ ഇരിക്കുമ്പോൾ മറ്റേതോ ലോകത്തായിരുന്നു….

“ചേതനാ ” എന്ന ഗാംഭീര്യമാർന്ന സ്വരമാണ് ചിന്തയിൽ നിന്നുണർത്തിയത്…..

പിഞ്ഞെഴുന്നേറ്റ്…

“സാർ” എന്ന് വിളിച്ചപ്പോൾ…

” വേണ്ട ഇരിക്കെടോ ” എന്ന് പറഞ്ഞു സാർ, മെല്ലെ ബെഞ്ചിൽ വന്നിരുന്ന് മുഖത്തേക്ക് നോക്കിയപ്പോൾ തലയറിയാതെ താഴ്ന്നിരുന്നു..

“എനിക്ക് … ചേ തനാ തന്നെ വി വാഹം കഴിച്ചാൽ കൊ ള്ളാം എ ന്നുണ്ട്…. വീട്ടിൽ വന്ന് ചോ ദിക്കട്ടെ ഞാൻ, ത ൻ്റെ സമ്മതം കൂടി അറിഞ്ഞിട്ടാവാം എന്ന് കരുതി ”

കേട്ടത് വിശ്വാസം വരാതെ സാറിനെ നോക്കി, ആ മുഖത്ത് അപ്പോഴും നേർത്ത ചിരിയായിരുന്നു …

മിഴികളിൽ എന്തിനോ പെയ്തിറങ്ങിയിരുന്നു,
സന്തോഷത്തിൻ്റെ നീർച്ചാലുകൾ

കുറച്ച് നേരം അങ്ങനെ ഇരുന്നു…

“ടോ…. താന്നൊനും പറഞ്ഞില്ല,
ഇഷ്ടാണോ എന്നെ??” എങ്ങലടികൾ സമ്മതം പറഞ്ഞു. മാഷിൻ്റെ കണ്ണും നിറഞ്ഞിരുന്നു..

കയ്യിലെ ചെറുവിരലിലെ മോതിരമൂരി ഇട്ടു തന്നിട്ട് കാതിൽ പറഞ്ഞിരുന്നു.. “ഹരിശങ്കറിൻ്റെ സ്വന്തമാവാൻ കാത്തിരുന്നോളാൻ..”

സന്തോഷം കൊണ്ടാണോ അറിയില്ല ഇത്തിരി നേരം അവിടെയിരുന്നു കരഞ്ഞു.. പിന്നെ മെല്ലെ വീട്ടിലേക്ക് നടന്നു…

അനിയത്തിക്കുട്ടിക്കായും ജോലി കഴിഞ്ഞ് തളർന്ന് വരുന്ന അച്ഛനായും നീക്കിവച്ച സമയത്തിൽ ഇത്തിരി പിശുക്കാൻ തുടങ്ങി,

ആയൊരാളെ ഓർക്കാൻ …

വിഷമങ്ങൾ വരുമ്പോൾ കയ്യിലെ മോതിരവിരലിലെ ആനവാൽ മോതിരം ഒന്ന് നോക്കും, അപ്പോൾ വല്ലാത്ത ഒരു കരുത്തായിരുന്നു,

അമ്പലത്തിൽ പോകുമ്പോൾ അവിടെ ആൽത്തറയിൽ കാത്തെന്ന പോലെ ഇരിക്കുന്നുണ്ടാവും … തൊഴുതുമടങ്ങുമ്പോൾ കൂടെ നടക്കും… ഒന്നോ രണ്ടോ വാക്ക് തമ്മിൽ മിണ്ടും…
അതിനേക്കാൾ വാചാലമാകുന്ന നോട്ടങ്ങൾ നൽകും …..

അപ്പഴേക്കും മനസ് നിറയും… പിരിയുമ്പോൾ ചെറുതായി കണ്ണും ..

ഹരി സാറിൻ്റെ പെങ്ങളും അമ്മയും വന്ന് വിവാഹം ഉറപ്പിച്ചു.. അച്ഛന് പൂർണ്ണ സമ്മതമായിരുന്നു ..

അനിയത്തിക്കുട്ടിയും പറഞ്ഞു

“ൻ്റെ ചേച്ചൂട്ടി ടെ ഭാഗ്യാ ” എന്ന്,

മറ്റൊരു ദേശത്തെ ഗവൺമെൻ്റ് കോളേജിൽ ജോലി കിട്ടി, ഹരി സാർ പോവാന്ന് പറഞ്ഞപ്പോൾ നെഞ്ചിലൊരു കല്ലെടുത്ത് വച്ചത് പോലെ ആയിരുന്നു …

എന്നിട്ടും കണ്ണീര് മറച്ചു വച്ചൊരു ചിരിയാലെ യാത്രയാക്കി…ഒരു ദിവസം അനിയത്തി കുട്ടിയേം ന്നേം തനിച്ചാക്കി അച്ഛനങ്ങ് പോയപ്പോൾ,

തളർന്ന ഞങ്ങളെ താങ്ങി നിർത്തിയത് ആ കൈകളായിരുന്നു ..

ഒരു വിധം സാധാരണ നിലയിലെത്തും വരെ കൂടെ ഉണ്ടായിരുന്നു, പ്രാരാബ്ദക്കാരിയെ ഏറ്റെടുക്കുന്നതിൻ്റെ മുറുമുറുപ്പ് ഹരി സാറിൻ്റെ വീട്ടിലും കൂടിയപ്പോൾ ഉള്ളിലെന്തോ പിടച്ചിൽ, അർഹതയില്ലാത്തതെന്തോ തട്ടിയെടുക്കും പോലെ …

ഒരിക്കൽ ഹരി സാറിൻ്റെ ഒരു ബന്ധു കളിയാക്കി പറഞ്ഞിരുന്നു അനിയത്തിക്കുട്ടി ഫ്രീയാണല്ലേ എന്ന്…

ഹരി സാറിന് വരുന്ന വലിയ വീട്ടിലെ കല്യാണാലോചനകൾ കൂടി കേട്ടപ്പോൾ തീരുമാനിച്ചു പ്രാരാബ്ദക്കാരിയെ ജീവിതത്തിലേക്ക് വിളിച്ച് കേറ്റി ആ ജീവിതം കൂടി ദു:സ്സഹമാക്കേണ്ട എന്ന് …

ഒരുക്കുട്ടി വച്ച മോഹങ്ങൾ എല്ലാം മായ്ച്ചു കളഞ്ഞു, വിവാഹവും ജീവിതവും എല്ലാം …

ചൈതന്യ എന്ന അനിയത്തിക്കുട്ടിയെ മാത്രം ഓർത്തു, ആ അമ്പല നടയിലെ ആൽത്തറയിൽ വച്ച് തന്നെ മോതിരം തിരികെ നൽകി,

” വേറേ ആളേ നോക്കൂ ” എന്ന് മാത്രം പറഞ്ഞു, ഹൃദയം മുറിഞ്ഞ് നിണമൊഴുകുന്നുണ്ടെങ്കിൽ കൂടിയും …

ഒന്നും മിണ്ടാതെ മോതിരം തിരികെ വാങ്ങാതെ ഹരി സാർ നടന്നു നീങ്ങുമ്പോൾ അറിഞ്ഞില്ല അവസാനത്തെ കൂടിക്കാഴ്ചയായിരുന്നു അതെന്ന് …

പുറപ്പെട്ട് പോയത് എങ്ങോട്ടാണെന്ന് പോലും അറിഞ്ഞില്ല.. വെളിച്ചത്തിൽ ചിരിച്ച് ഉള്ളിൽ കരഞ്ഞ് ജീവിച്ചു,

അവൾക്കായി, ചൈതന്യ, അനിയത്തിക്കുട്ടിക്കായി, ചെറിയൊരു ജോലിയും കണ്ടു പിടിച്ചു… പറക്കമുറ്റിയപ്പോൾ ഇഷ്ടപ്പെട്ടവനോടൊപ്പം അവൾ പറന്നു പോയി, തന്നെ പറ്റ ഒരു തവണ ഓർക്കുക കൂടി ചെയ്യാതെ,

എല്ലാം നഷ്ടപ്പെട്ടിട്ടും ജീവിച്ചത് ചില ഓർമ്മകൾ ഉള്ളിൽ ഉള്ളത് കൊണ്ട് മാത്രമായിരുന്നു … ആ ജീവിതത്തിൽ നിന്ന് പടിയിറങ്ങിയാൽ എല്ലാം ശരിയാവുമെന്ന് കരുതി…

വീണ്ടുമാ മോതിരം ഒന്നുകൂടി എടുത്തു,
മിഴികൾ ചാലിട്ടൊഴുകി … ആ മുഖം ഉള്ളില് മികവോടെ നിറഞ്ഞു വന്നു… മിഴികൾ ഇറുക്കി ച്ചിമ്മി….

വാതിലിൽ ഒരു മുട്ട് കേട്ടാണ് ഞെട്ടി ഉണർന്നത് എല്ലാം എടുത്ത് വച്ച് മുഖമൊന്ന് അമർത്തി തുടച്ച് വാതിൽ തുറന്നു…“ഹരി സാർ” പതിയെ പറഞ്ഞു..

” മറന്നിട്ടില്ല ല്ലേ ഭാഗ്യം” എന്നൊരു പുച്ഛച്ചിരിയോടെ പറഞ്ഞപ്പോൾ തല താഴ്ന്ന് പോയി…

“എന്നോ മനസിൽ കയറിയവൾ…. അവൾക്കും ഇഷ്ടാന്നറിഞ്ഞപ്പോ ഒത്തിരി സന്തോഷിച്ചു . ലോകം കീഴടക്കിയ പോലെ, നിഴലായി
കൂടെ നിർത്തിയിട്ടും ആരുടെയൊക്കെയോ വാക്കുകൾക്ക് എൻ്റെ സ്നേഹത്തേക്കാൾ വില കൊടുത്തു അവൾ, അനിയത്തിക്കായി ജീവിതം ഉഴിഞ്ഞ് വച്ചു.. ”

തല താഴ്ത്തി നിന്ന് നിശബ്ദമായി കരയുന്നവളെ ഒന്നു നോക്കി ഹരി സാർ…

ഈ പറഞ്ഞവരൊക്കെ എവിടെ?? ഒന്നു വിളിക്കാമോ ചേതനക്ക്,
എൻ്റെ പ്രാണൻ്റെ വിലയുള്ള പ്രണയത്തേക്കാൾ നീ വില കൽപിച്ചവരെ…

“സാർ…. ഞാൻ ” ദയയുടെ കണിക ഇത്തിരി പോലും കണ്ടില്ല സാറിൻ്റെ മുഖത്ത്, പകയുടെ ജ്വാലകളല്ലാതെ,

“കണ്ടിരുന്നു നിൻ്റെ അനിയത്തിയെ, നിന്നെ പറ്റി ചോദിച്ചപ്പോൾ പുച്ഛത്തോടെ ഒരു പ്രസംഗം നടത്തി….. അതാ ഞാൻ ഇവിടേക്ക് ……..” തളർന്നിരുന്നു അത് കേട്ട് … ഏങ്ങലടികൾ പരിധി വിട്ട് പുറത്തേക്കൊഴുകി,

“ഇനിയാർക്ക് വേണ്ടി ജീവിക്കും….? ഏഹ്??” പരിഹാസത്തോടെ ചോദിച്ചതാണെങ്കിലും ഒന്നിനും ഉത്തരമില്ലായിരുന്നു …

” നാളെ, അമ്പലനടയിൽ എത്തണം, ഒരിക്കൽ പിരിഞ്ഞ ഇടത്ത് വച്ച് ഹരിശങ്കർ ഈ കഴുത്തിൽ ഒരു താലികെട്ടും, മനസിലായോ?”

പറഞ്ഞത് കേട്ടത് ഒരു പിടച്ചിലോടെയാണ്,

എന്താണ് മറുപടി പറയണ്ടതെന്ന് ഓർക്കുന്നതിന് മുമ്പ് ആൾ നടന്നു നീങ്ങിയിരുന്നു.. വാതിൽപ്പടിയിൽ പിടിച്ച് നിലത്തേക്ക് പടിഞ്ഞിരുന്നു… രാവിലെ അമ്പലത്തിൽ എത്തിയപ്പോൾ കണ്ടിരുന്നു ഗൗരവം നിറച്ച മുഖത്തോടെ ഹരി സാറിനെ …

ഒന്നു ചുറ്റി തൊഴുത് വന്ന് നടക്കൽ നിന്ന് കണ്ണടച്ച് തൊഴുതു… അപ്പഴേക്ക് ഹരി സാറ് വന്ന് താലിചാർത്തി… നെറുകിൽ സിന്ദൂര ചുവപ്പണിയിച്ചു…. എല്ലാം ഒരു സ്വപ്നത്തിലെന്ന പോലെ ഞാനും നിന്നു…

ഒടുവിൽ എൻ്റെ കൈയ്യും പിടിച്ച് ചേർത്ത് നിർത്തുമ്പോൾ ചെവിയിൽ പറഞ്ഞിരുന്നു,

“ആർക്കു വേണ്ടേലും ഹരിക്ക് വേണടോ തന്നെ, എന്ന് … താനില്ലാണ്ട് എനിക്ക് പറ്റില്ലടോ എന്ന് …

സന്തോഷത്തിൻ്റെ പാരമ്യത്തിൽ ആ കൈകളിൽ കൈ ചേർത്ത് ചേർന്ന് നടക്കുകയായിരുന്നു ഞാനപ്പോൾ…

Scroll to Top