ഡിസംബർ മാസത്തിലെ തണുപ്പ് ഹോ ഒരു രക്ഷയുമില്ല…. മൂടിപ്പുതച്ചു കിടന്നുറങ്ങാൻ ന്ത്‌ രസാ അല്ലെ…

ഒരുമൊഴി ദൂരം മാത്രം

രചന: Athira Rahul

:::::::::::::::::::::::::::::

ഡിസംബർ മാസത്തിലെ തണുപ്പ് ഹോ ഒരു രക്ഷയുമില്ല…. മൂടിപ്പുതച്ചു കിടന്നുറങ്ങാൻ ന്ത്‌ രസാ അല്ലെ…?

എന്ന് കരുതി എന്നുമിതേപോലെ കിടക്കാൻ പറ്റോ….?

“മഞ്ഞുകണങ്ങൾ നേർത്ത പുകമറപോലെ പ്രകൃതിക്കു ചുറ്റും വലയം തീർത്തിരിക്കുന്നു, നേർത്ത് തിങ്ങിനിറഞ്ഞ മഞ്ഞുകണങളിലേക്ക് ചാറ്റൽമഴ അരിച്ചിറങ്ങുന്നുമുണ്ട്,

കുളിരുള്ള പ്രഭാതം, ഇലകളും, പൂക്കളുമൊക്കെ ഉണർന്നുകഴിഞ്ഞിരിക്കുന്നു,

മഞ്ഞുകണങ്ങൾ ഇലകൾക്ക് ഈർപ്പം തൂകിയപ്പോൾ മഴത്തുള്ളികൾ ഇലയെ നന്നായി നനച്ചിരുന്നു, ഇളം കാറ്റൊന്ന് മന്ദമായി വീശിയെത്തിയപ്പോൾ പൂവിന്റെയുള്ളിൽ തങ്ങിനിന്ന തുള്ളികൾ കാറ്റിൽ ഇളകിയാടി…”

“പച്ചപ്പരവധാനി വിരിച്ച് ആടിയുലഞ്ഞുനിൽക്കുന്ന നെൽപാടത്തിനക്കരെയുള്ള ആ നാലുകെട്ടു തറവാട്ടിൽ നിന്ന് ജോലിയും തേടി ഈ ബാംഗ്ലൂർ നഗരത്തിന്റെ ഹൃദയത്തിലേക്ക് ചേക്കേറിയിട്ട്

ഇന്നേക്ക് വർഷം നാലായി
ഈ നാലുവർഷവും മുടങ്ങാതെയെത്തുന്ന ഞായറാഴ്ചകളിൽ കുത്തിപൊക്കാതെ അവളെണിക്കൂല്ലാ…”””

ഒഹ്…എന്തുവാടി ഇത്… രാവിലെ തന്നെ വള വളാന്ന് കിടന്നു ചിലക്കുന്നെ…?
എന്റെ പൊന്നു “”സ്വാതി”””മോളെ ആകെപ്പാടെ കിട്ടുന്ന ഒരവധിയാ ഈ ഞായറാഴ്ച എന്ന് പറയുന്നത്…
അത് നിന്റെയി വളിച്ച ഡയലോഗ് അടിച്ചു നശിക്കല്ലേ പ്ലീസ്…..

(തലക്കുമീതെ മൂടി‌ക്കിടന്ന കമ്പിളിയുടെ ഒരറ്റത്തൂടെ തല പുറത്തേക്കിട്ട് “””ഗൗരി”” അത് പറയുമ്പോൾ ഒരു വളിച്ച ചിരി പാസ്സാക്കിയിരുന്നു സ്വാതി….)

കൂടുതലങ്ങിളിക്കല്ലേ മോളെ സ്വാതി….
നീ എന്താടി പറഞ്ഞെ ഈ നാലുവർഷവും എന്നെ ഉണർത്തിയത് നീയാണെന്നോ…?

(പുതപ്പും മടക്കി കട്ടിലിലിട്ട് ഗൗരി ചാടിയിറങ്ങി…)ഈൗ….. അതുപിന്നെ…. ഒരു കൈയബദ്ധം… നാറ്റിക്കരുത്….

(ഒരുകൈകൊണ്ട് കാത് മൂടിപിടിച്ചു സ്വാതി ശബ്ദം ഇല്ലതെ പറഞ്ഞു…)

അയ്യടാ അതുകൊള്ളാം അങ്ങനെ വരട്ടെ സംഗതി… വെറുതെയല്ല പൊന്നുമോള് ഈ വെളുപ്പാൻകാലത്ത് പൊങ്ങിയത്…

(അതുപറഞ്ഞു ചെവിയോരം വച്ചിരിക്കുന്ന മൊബൈൽ ഫോൺ കയ്യിലെടുത്തു ഗൗരി…)

ആഹ്ഹ്…. എന്റെ പൊന്നു “”വിനുവേട്ടാ””
ഈ പിശാശ് പറയുന്നതിനൊന്നിനും കാത് കൊടുക്കല്ലേ.. ഈ ഞായറാഴ്ച എന്നൊരു ദിവസം ഒഴിച്ച് ബാക്കിയുള്ള ദിവസങ്ങൾ ഈ സാധനത്തിനെ കുത്തിപൊ‌ക്കി ഓഫിസിൽ കൊണ്ടുപോവാൻ ഞാൻ കിടന്നു പെടാപാട് പെടുവാ അത് ആരേലുമറിയുന്നുണ്ടോ…?

(അതും പറഞ്ഞു രണ്ടാളും നിർത്താതെ ചിരിച്ചു… അതുകണ്ട് പല്ലുകടിച്ചുകൊണ്ട് സ്വാതി ആ ഫോൺ തട്ടിപ്പറിച്ചുകൊണ്ട് ഓടിപ്പോയി…അവളുടെ ഓട്ടം കണ്ട് ചിരിയോടെ ഗൗരി വീണ്ടും കട്ടിലിലേക്ക് ചെന്നിരുന്നു…

മേശമേലിരുന്ന ഫോൺ എടുത്തൊന്ന് ഓൺ ആക്കിനോക്കി പ്രതീക്ഷയോടെ കാത്തിരുന്ന കാൾ കാണാഞ്ഞതുകൊണ്ട് മുഖത്തു തെളിഞ്ഞുനിന്ന പുഞ്ചിരി പാടെ മാഞ്ഞുപോയിരുന്നു…)

(“”കുട്ടികാലം മുതൽക്കേയുള്ള കൂട്ടാണ് ഗൗരിയും, സ്വാതിയും എന്താ പറയ്യാ ഈ നോട്ട് ബുക്കും പശയും പോലെ… വലിച്ചുകീറിയാലും ഇളകി പോരുല്ല അത്രക്ക് സ്ട്രോങ്ങ്‌ ആണ് ഈ ഫ്രണ്ട്ഷിപ്പ്…””)

എടി….. ജന്തു തെണ്ടി….. എന്തോന്നാടി നീ വിനുവേട്ടനോട് പറഞ്ഞെ…?
പറയല്ലേന്ന് ഞാൻ കണ്ണോണ്ട് പറഞ്ഞതല്ലേടി..?

അയ്യോ മോളെ അത് നീ പറയല്ലേന്ന് പറഞ്ഞതായിരുന്നോ…?

അല്ല…. പിന്നെ നീ എന്തോന്നാ വിചാരിച്ചേ…?

ഹും ഞാൻ കരുതി നിയെന്നെ സൈറ്റ് അടിച്ചതാണ്…

പോടീ പട്ടി ഗൗരി…..

നീ പോടീ… അവിടുന്ന്….

എടി…. എടി ചാതിമോളെ….?

ചാതി നിന്റെ….

വേണ്ട ബാക്കി ഞാൻ പൂരിപ്പിചോളാം….
അത് വിട് നീ കാര്യത്തിലേക്ക് വാ… നിന്റെ കണവൻ എന്ത് പറഞ്ഞു…?

എന്ത് പറയാൻ… മനുഷ്യനെ നാണം കെടുത്തിയിട്ട്…… എന്റെ വിലപോയിലെടി…

ആഹ്ഹ് അത്രയുള്ളോടി പെണ്ണേ….?
അത് കെട്ടുകഴിയുമ്പോൾ അങ്ങേർക്ക് മനസ്സിലായിക്കൊള്ളും…

മ്മ്മ് എന്ത്…..?

സംശയരൂപേണ പുരികമുയർത്തി സ്വാതി ചോദിച്ചു…

അതോ… അത് നീ ശരിക്കുമൊരു മടിച്ചിക്കോതയാന്ന് മനസ്സിലായികൊള്ളുമ്ന്ന്

(എടി ജന്തുന്നു വിളിച്ച് അവളുടെ കവിളത്തു ആഞ്ഞൊരു നുള്ള് കൊടുത്ത് സ്വാതി ഓടിമറഞ്ഞു… കുറച്ചുകഴിഞ്ഞ് ദാ വരണു നല്ല ആവിപറക്കുന്ന ചായയുമായി…)

എടി ഗൗരി ഇന്ന ചായ കുടിക്ക്…

അവിടെ വച്ചേക്കു സ്വാതി…

മ്മ്മ് എന്താടി…. എന്തുപറ്റി നിനക്ക് സാധാരണ നീയിങ്ങനെ അല്ലല്ലോ… ചായ കണ്ടാൽ അപ്പൊ തന്നെ കാലിയാക്കുന്ന ടീം ആണല്ലോ ഇന്നെന്തുപറ്റി…?
ആദി വിളിച്ചില്ലെടാ….?

ഹാ അവൻ വിളിച്ചോളുമെടി…

മ്മ്.. എന്നാ ഒകെ…
ഡാ ഞാനൊന്നു കുളിക്കാൻ പോവാട്ടോ…

മ്മ്മ്മ്…

(“”അലസമായി കിടന്ന മുടിയൊന്ന് മാടിയൊതുക്കി ഗൗരി മുറിയുടെ ജനലോരം ചെന്നുനിന്നു…..
കർട്ടൺ ഒന്ന് വകഞ്ഞുമാറ്റി മുറ്റത്തേക്ക് ദൃഷ്ട്ടി പായിച്ചങ്ങനെ…

സൂര്യരശ്മികൾ ചില്ലുകണ്ണാടിയെ ചൂടുപിടിപ്പിച്ചു തുടങ്ങിയപ്പോൾ ജനൽപാളികൾ ഇരുവശത്തേക്കും തുറന്നിട്ടു… മന്ദമായി വീശുന്ന മാരുതൻ ജനാലകമ്പികൾക്കിടയിലൂടെ നുഴഞ്ഞുകയറി മുറിക്കുള്ളിലേക്ക് പ്രവേശിച്ചു… കാർകൂന്തലിൽ തട്ടിത്തടഞ്ഞു മുറിയാകെ നിറഞ്ഞിരുന്നു….

മൗനം തളംകെട്ടിനിന്ന നാഴികകൾക്കിടയിൽ മേശമേലിരുന്ന് ഫോൺ ശബ്ദിച്ചുതുടങ്ങിയിരുന്നു…
ആ ശബ്ദം കാറ്റിനെക്കാൾ വേഗത്തിൽ അവളുടെ കാതിലേക്കാലിഞ്ഞുചേർന്നിരുന്നു
പെടുന്നനെ ഫോണിനരികിലേക്കവൾ കുതിച്ചു… സ്ക്രീനിൽ തെളിഞ്ഞ പേര് ആവർത്തിച്ചുമൊഴിഞ്ഞു…..””)ഹെലോ ആദി……….,,,,

ആഹ് ഗുഡ് മോർണിംഗ് ഗൗരി…. എന്താണ് രാവിലെ പരിപാടി ചായ കുടിച്ചോടി …?

ഇല്ലടാ അതൊക്കെ പിന്നെ ഫസ്റ്റ് നിന്റെ കാൾ അതിനുശേഷം മാത്രം ചായ…

ആഹാ അങ്ങനെ ആണോ…?
അപ്പൊ ഞാനിന്നു വിളിച്ചില്ലായിരുന്നുവെങ്കിലോ….?

ഒന്ന് പോടാ നീ വിളിക്കുമെന്ന്‌ എനിക്കറിയാലോ…

സത്യം പറഞ്ഞാൽ ഗൗരി ഞാനിന്നേറേ ബിസി ആയിരുന്നു നിന്നെ വിളിക്കാൻ ഇപ്പോഴും എനിക്ക് സമയം ഇല്ലാരുന്നു…
നിന്നെ ഇത്ര നേരായിട്ടും വിളിക്കാതിരുന്നപ്പോൾ ഉള്ളിലെന്തോ ഒരു വേദന അറിയാതെ കണ്ണ് നിറഞ്ഞുപോയി അതാ ഇല്ലാത്ത സമയം ഉണ്ടാക്കി ഞാൻ വിളിച്ചത്… എന്താടി അതങ്ങനെ…?

(അവന്റെ വാക്കുകൾ അവൾക്കു അത്രമേൽ പ്രിയപ്പെട്ടതായിരുന്നു അറിയാതെ അവളുടെ കണ്ണുകളും നിറയുന്നുണ്ട്… അവന്റെ ഹൃദയത്തിൽ അവൾക്കൊരു സ്ഥാനം ഉണ്ടെന്നവൾ വിശ്വസിച്ചു അവനും തന്നോട് പ്രണയം ഉണ്ടെന്നവൾ മനസിൽ പറഞ്ഞു…)

“ഹലോ ഗൗരി നീ എന്താ ഒന്നും മിണ്ടാത്തെ…?

ആഹ്ഹ് ഞാൻ….. ഞാൻ…. ഒന്നുല്ലെടാ… നീ പറഞ്ഞത് ഓർത്തതാ… ചില നേരത്ത് എനിക്കും അങ്ങനെ ആട നീ വിളിക്കണ്ടിരിക്കുമ്പോൾ എന്തോ വല്ലാത്തൊരസ്വസ്ഥതയാണ്….

മ്മ്മ് നമ്മൾ ബെസ്റ്റ് ഫ്രണ്ട്സ് അല്ലേടി അതാവും അങ്ങനെ…
ആ ടി പിന്നെ ഒരു ഗുഡ് ന്യൂസ്‌ ഉണ്ട്…

മ്മ്മ് എന്താടാ…..?

ഞാൻ നാട്ടിലേക്ക് പോരുവാ നാളെ തിരിക്കും…നിന്നോട് മാത്ര ഞാൻ പറയണുള്ളൂ അത്രമേൽ പ്രിയപ്പെട്ടതാണ് എനിക്ക് നീ….

(ആദിയുടെ വാക്കുകൾ അവൾക്ക് സന്തോഷം പകർന്നുനൽകി… അത്രമേൽ പ്രിയപെട്ടവൾ…)

ആദി സത്യം ആണോ…. സത്യം ആണോടാ…?

അതെടി എല്ലാം നിർത്തി ഞാൻ പോരുവാ…

നിക്ക് ഒത്തിരി സന്തോഷായെട…
അല്ല എന്തേലും കാര്യം ഉണ്ടോടാ പെട്ടെന്നുള്ള വരവിനു…?

ആ ഒരു കാര്യം ഉണ്ടെടി…. അത്….. പിന്നെ….. എന്റെ…. എന്റെ…. കല്യാണം ആണ്… വിട്ടുകാര് ഉറപ്പിച്ചു അടുത്ത മാസം പതിനെട്ടിനു… ഒരു ചെറിയ ചടങ് അത്രയുള്ളൂ… നിനക്ക് അറിയുന്ന കുട്ടിയ “”പാർവതി””
നമ്മുടെ കോളേജിൽ പഠിച്ചതാ…
ആരെയും വിളിക്കുന്നില്ല നിന്നെ മാത്ര ഞാൻ….

(അവൻ ഒന്ന് നിർത്തി കണ്ണുനീര് ഒഴുകിയിറങ്ങുന്നതുകൊണ്ടാവും…
ഇരുവർക്കുമിടയിലെ മൗനത്തെ ഭേധിച്ചുകൊണ്ട് ആദി തന്നെ ചോദിച്ചു…)

നീയെന്താടി മിണ്ടാത്തെ…..?

ഞാൻ….. ഞാൻ കേൾക്കനുണ്ട്‌ ആദി… പറഞ്ഞോ…

എന്തുപറ്റിയെടി നിനക്ക്? ശബ്ദം വല്ലാതെ ആർ യു ഒകെ?

ആദി…. ഞാൻ പിന്നെ വിളിക്കാം… വാല്ലത്ത തലവേദന…. ഓക്കേ ഡാ….

ഗൗരി ഡാ… ഹെലോ… ഹെലോ…???

(ആദിയുടെ വാക്കുകൾ അവളുടെ കതിലേക്കെത്തിയതേയില്ല….
ഹൃദയം വല്ലാതെ വേദനിക്കുന്നുണ്ട്, മിഴികൾ നിറഞ്ഞൊഴുകുന്നുണ്ട്, കയ്യിലുള്ള ഫോൺ താഴേക്കു ഉതിർന്നുപോയതുപോലും അവൾ അറിഞ്ഞിരുന്നില്ല.. കുളികഴിഞ്ഞിറങ്ങിയ സ്വാതി അവളെ തന്നെ ഉറ്റുനോക്കി….}

ഗൗരി ഡാ എന്തുപറ്റി…..?
കണ്ണൊക്കെ വല്ലാതെ കരഞ്ഞോ നീ….?

കരയനോ….ഞാനോ…. ഞാനെന്തിന് കരയണം…..? അതിന് അവനെന്റെ ആരാ..?

എന്താടി…. ആദി വിളിച്ചില്ലേ നിന്നെ…?

ആഹ്ഹ് വിളിച്ചെട അവൻ വിളിച്ചു…

എന്നിട്ട്…. എന്നിട്ടെന്തായി….? നീ പറഞ്ഞോ..?

പറയാനോ…. ഞാനെന്തുപറയാൻ…?
അവൻ പറഞ്ഞു… അല്ല ക്ഷണിച്ചു…

ഹാ… നീയിതെന്തോന്നാടി പറയുന്നേ…?
അവൻ എന്തിനു ക്ഷണിച്ചു…?

കല്യാണം…. അവന്റെ കല്യാണം… നമ്മളെ വിളിച്ചിട്ടുണ്ട് എന്നെ…… എന്നെ ആട അവൻ ആദ്യം വിളിച്ചത്….

വാട്ട് കല്യാണമോ…? ഹേയ്യ് ഇല്ല പറ്റിച്ചതാവും അവൻ നിന്നെ.. ഒരിക്കലും…ഒരിക്കലും അവന്റെ കല്യാണം ആയിരിക്കില്ല ഗൗരി…
വിളിക്ക് അവനെ ഒന്ന് വിളിച്ചേ നീ അല്ലേൽ വേണ്ട ഞാൻ വിളിക്കാം…

(അതും പറഞ്ഞു ഫോൺ എടുക്കാൻ തുനിഞ്ഞ സ്വാതിയുടെ കയ്യിൽ പിടിച്ചുകൊണ്ടു അവൾ പറഞ്ഞു…)എന്തിനാ…. സ്വാതി ഇനി അവനെ വിളിക്കുന്നത് ഇനിയതിന്റെ ആവശ്യം ഇല്ലടാ…ഒകെ തീരുമാനിച്ചു കഴിഞ്ഞു അവൻ നാളെ…. നാളെ അവൻ നാട്ടിലേക്ക് തിരിക്കും മറ്റൊരു കൂട്ടിലേക്ക് ചേക്കേറാൻ…
അടുത്ത മാസം പതിനെട്ടിനാണ് കല്യാണം…

(നിറഞ്ഞുവന്ന മിഴികൾ ഒന്നമർത്തി തുടച്ചുകൊണ്ട് ഗൗരി അത് പറഞ്ഞപ്പോൾ അവളെ ചേർത്തുനിർത്തി ആശ്വാസിപ്പിക്കുവാൻ മാത്രമേ സ്വാതിക്ക് ആകുമായിരുന്നുള്ളു….)

നീ….. നീ എന്ത് തീരുമാനിച്ചു ഗൗരി….?

പോണം…. പോയെ പറ്റു അവന്റെ കല്യാണം കൂടണം മൗനമായി പിരിയണം… അവന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെ ഞാൻ…

ഗൗരി…?

പോണമെടാ ഇനി നാട്ടിലേക്കുള്ള പോക്കിന്റെ കാരണം അതാവട്ടെ….

(തന്നെ ചുറ്റിപിടിച്ചിരിക്കുന്ന സ്വാതിയുടെ കൈകൾ മെല്ലെ അടർത്തിമാറ്റി അവൾ ടെറസ്സിലേക്ക് നടന്നുനീങ്ങി.. ആരും കാണാതെയൊന്ന് പൊട്ടിക്കരയാൻ, ഹൃദയത്തെ മുറിവേൽപ്പിച്ച വാർത്ത കാറ്റിൽ പറത്താൻ,

ഉള്ളിൽ കൊണ്ട് നടന്ന പ്രണയം ഇന്നവളെ ചുട്ടുപൊള്ളിക്കുകയാണ്…
അവളുടെ കണ്ണുനീരുകൊണ്ടാവണം പെട്ടെന്നൊരു മഴ… ആർത്തലച്ച് കാറ്റിന്റെ അകമ്പടിയോടുകുടി ഭൂമിയെ പുണർന്നു ഒപ്പം അവളുടെ കണ്ണുകളെയും…. ഇരമ്പിയടുക്കുന്ന ശക്തമായ മഴയിൽ അവളുടെ കണ്ണുനീരും ലയിച്ചുചേർന്നു…)

ഇല്ല വിനുവേട്ടാ… അവൾക്കാവില്ല ആദിയെ മറക്കാൻ ഈ ജന്മം എന്റെ ഗൗരിക്കാവില്ല… വെറുമൊരു ഫ്രണ്ട് അല്ല അവളെനിക്ക് കൂടെപ്പിറക്കാത്ത കൂടപ്പിറപ്പാണ് മറ്റാരേക്കാളും നന്നായി ആ മനസ്സെനിക്കറിയാം എനിക്കേ അറിയൂ…

ജീവനുതുല്യം സ്നേഹിച്ചതാണ് എന്റെ ഗൗരി ആദിയെ.. തുറന്നുപറയാൻ ഒരവസരം കാത്തിരിക്കുവായിരുന്നു അവൾ.. ആദി നാട്ടിലേക്കെത്തിയാലുടൻ പറയാൻ തീരുമനിച്ചതുമാണ് കണ്ണുകൾ കൊണ്ട് എത്രയോ വട്ടം അവളാ പ്രണയം അവനുനൽകാൻ ശ്രമിച്ചു…

പൊട്ടനാ അവൻ വെറും പൊട്ടൻ ഒന്നും മനസ്സിലാവില്ല അവന്… എന്നിട്ടിപ്പോ കല്യാണത്തിനു മൗനനുവാദം കൊടുത്തേക്കുന്നു… ഇനി ഒകെ അറിയുമ്പോൾ അവന്റ ഹൃദയം തകർന്നുപോവില്ലേ വിനുവേട്ടാ….

(മഴയിൽ നനഞ്ഞുകുതിർന്ന് താഴേക്കിറങ്ങിവന്ന ഗൗരി കേൾക്കാനിടയായത് വിനുവേട്ടനോട് സ്വാതി സംസാരിക്കുന്ന വാക്കുകൾ ആണ്… കരഞ്ഞു കരഞ്ഞു ഉള്ളിലെ ഭാരം ഒരല്പം കുറഞ്ഞപ്പോൾ അവൾ മനസ്സിനോട് മെല്ലെ പറഞ്ഞു….)

“എല്ലാം മറക്കാൻ പഠിക്കണം, ഒന്നും മോഹിക്കാൻ ശ്രമിക്കരുത്, അടഞ്ഞ അദ്ധ്യായം ഇനി തുറക്കാൻ ആരെയും അനുവദിക്കരുത്, നഷ്ട്ടപ്രണയത്തിനൊരു ചിതയൊരുക്കി പുറമേ ചിരിക്കാൻ പഠിക്കണം “””

(നാളുകൾ അതിവേഗം സഞ്ചരിച്ചു…
മറക്കാൻ കഴിയാത്ത ദിവസത്തിന്റെ തുടക്കം അവളിൽ തുടങ്ങിയ പ്രണയം അവളിൽ തന്നെ അവസാനിക്കുന്നത്
നാളെയാണ്….

ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടയിൽ വീണ്ടും ആദിയുടെ കാൾ വന്നു… മുഖത്തൊരു ഭാവവ്യത്യാസവുമില്ലാതെ പുഞ്ചിരിയില്ലാതെ ഇന്നവൾ സ്ക്രീനിൽ തെളിഞ്ഞ ആദിയുടെ മുഖത്തേക്ക് നോക്കുന്നു.. ഫോൺ എടുത്തു കാതോരം വച്ചു.. ഹലോ പറയാൻ പോലും നാവ് ചലിക്കുന്നില്ല…)

ഗൗരി…. നീ വരില്ലേ..?. നാളെ… നാളെയാണ് കല്യാണം….

നിന്റെ വരവ് ഞാൻ ഏറെ പ്രതീക്ഷിക്കുന്നു അത്രമാത്രം പ്രിയപ്പെട്ടതാണെനിക്ക് നീ..
ഇവിടെ “”ശരത്ത്””ണ്ട്
എന്റെ വാലെന്നു നീ കളിയാക്കുന്നവൻ..
അതുപോലെ ഒപ്പം നിന്റെ വാലുമുണ്ടെന്നു കരുതുന്നു സ്വാതി…..

(വേദനയോടെ അവൻ പറഞ്ഞതൊക്കെ മൂളികേട്ടു…

“””അത്രമേൽ പ്രിയപ്പെട്ടവൾ”””
എന്നാ വാക്കുമാത്രം കാതിൽനിന്ന് ദൂരേക്കകന്നതേയില്ല…
ഒരു ചെറു നോവോടെ മാത്രമേ ഇനിയവൾക്ക് ആദിയെ ഓർക്കാനാവു…

പാലക്കാട്ടുനിന്ന് കുറച്ചകലെയുള്ള സ്വന്തം വീട്ടിലേക്കാണവൾ ആദ്യം പോയത്… ഒപ്പം സ്വാതിയും…
ഇരുവരുടെയും വീടുകൾ തമ്മിൽ ഒരിടവഴി അകൽച്ച മാത്രം..

നെൽപാടത്തിലൂടെ നടക്കുമ്പോൾ ഓർമ്മകളുടെ കെട്ടുഭാരം ആയിരുന്നു ഗൗരിയുടെ മനസ്സുനിറയെ മറ്റേതോ ലോകത്തിലെന്നപോലെ യന്ത്രികമായവൾ നടന്നു…

ചെളിനിറഞ്ഞ കൈതോട്ടിലേക്കവൾ തെന്നി വീണപ്പോൾ മുറിവേറ്റത് കൈകൾക്കുമാത്രം ആയിരുന്നില്ല മനസ്സിനും ഓർമ്മകൾക്കും കൂടെ ആയിരുന്നു…

വീട്ടിലെത്തിയതും നടുമുറ്റത്തുതന്നെ അച്ഛൻ അമ്മ അനുജത്തികുട്ടി എന്നിവർ ഉണ്ട്…

വിശേഷം തിരക്കലിന് മറുപടി പറഞ്ഞു മടുപ്പ് തോന്നിയിരുന്നു അവൾക്ക്…
തലവേദനയെന്നും പറഞ്ഞു അവിടുന്ന് മുങ്ങി മുറിക്കുള്ളിലേക്ക് കയറി…
അവിടെയും അവളെ നോവിക്കാൻ ആദിയുടെ ഓർമ്മകൾ മാത്രം…

അവന്റെ പേരെഴുതിയ പുസ്തകകെട്ടുകൾ അവളെ നോക്കി പല്ലിളിച്ചു… ഒരിക്കലും സഫലമാവാത്ത കുറെ സ്വപ്നങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞിരിക്കുന്നു…..
എന്തോ വീണ്ടും വീണ്ടും കണ്ണുനിറയുന്നുണ്ട്..

സ്വന്തമാക്കണമെന്ന് അത്രമേൽ കൊതിച്ച് ഇഷ്ട്ടത്തോടെ കാത്തിരുന്നിട്ട് അവസാനം വിധി വില്ലനായി മാറുമ്പോൾ മിഴികൾ എങ്ങനെ കരയാതിരിക്കും…. കുഞ്ഞേച്ചിയുടെ മനസ്സ് ആ വിട്ടിൽ അറിയുന്നത് അനിയത്തികുട്ടിക്ക് മാത്രം ആയിരുന്നു… വന്ന നിമിഷം മുതൽ അവൾ ഗൗരിക്കൊപ്പം ആണ്…

കരയുന്നതിനു കാരണം അവൾക്കറിയാമായിരിക്കും അല്ലെങ്കിൽ സ്വാതി പറഞ്ഞിട്ടാവും പോയത്… അതുകൊണ്ട് ഗൗരിയെ നോവിക്കാൻ അവൾ ആദിയെപറ്റി ഒന്നും ചോദിചതേയില്ല……)

എപ്പോഴാ മോളെ കല്യാണം….?

(നീണ്ട മൗനത്തിനുശേഷം ഊണുമേശക്കുചുറ്റും ഇരുന്നപ്പോഴാണ് അച്ഛന്റെ ചോദ്യം…)

നാളെ…. നാളെ രാവിലെ…. ഇന്ന് വയികിട്ടു തന്നെ പോവണം അച്ഛാ പാർട്ടി ഉണ്ട്…ഫ്രണ്ട്സ് ഒകെ വരും…

അച്ഛൻ കൊണ്ടാക്കണോ മോളെ രാത്രി അല്ലെ…?

വേണ്ടച്ച സ്വാതി ഉണ്ടല്ലോ… ഞങ്ങൾ പോയിക്കോളാം…

(നേരം സന്ധ്യയോടാടുത്തു…)

(അവന്റെ വീട്ടിലേക്ക് പുറപ്പെടുമ്പോൾ
ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു, മൗനമായി ഉള്ളു കരയുന്നുണ്ടായിരുന്നു, എന്നിട്ടും പുറമേ ചിരിച്ചു… അവളുടെ മനസ്സ് അറിയുന്ന സ്വാതി മാത്രം അതറിഞ്ഞു…

മിന്നിത്തിളങ്ങുന്ന മാലബൾബുകൾ കൊണ്ട് ആദിയുടെ വീട് വർണ്ണശോഭയണിഞ്ഞിരുന്നു…
വീട്ടുകാരുടെ മുഖത്ത് ഏഴ്വർണ്ണങ്ങളും നിറഞ്ഞിരുന്നു… ഗെയിറ്റ് കടന്ന് അകത്തേക്ക് വന്ന ഗൗരിയെയും സ്വാതിയേയും കണ്ട് ശരത് ഓടിയവർക്കരികിലെത്തി…)

ഗൗരി……. നീ….. നീ വന്നോ….?
ഞാൻ…. ഞാൻ കരുതി….

എന്ത് കരുതി നീ….? അവൾ വരില്ലെന്നോ…? എന്തിനീവൾ വരാതിരിക്കണം ശരത്..ഇത് അവളുടെ ഫ്രണ്ടിന്റെ കല്യാണം അല്ലെ..?

(മറുപടി സ്വാതി ആണ് പറഞ്ഞത്…)

(ശരത്തിനു മങ്ങിയ ഒരു പുഞ്ചിരി മാത്രം സമർപ്പിച്ചുകൊണ്ട് അവൾ ആദിക്കരികിലേക്ക് നടന്നു…
കാലുകൾക്ക് തീരെ വേഗത ഇല്ല, കാലുകൾ കുഴഞ്ഞു പോകും പോലെ, ശരീരം തളർന്നുപോകും പോലെ, ഒരുവിധത്തിൽ നടന്നുഅവനരികിലെത്തി…

എന്തൊക്കെയോ പറയാൻ ഉണ്ടായിരുന്നു, എന്നാൽ വാക്കുകൾ പുറത്തേക്കു വരുന്നില്ല… ഹൃദയമിടിപ്പ് വല്ലാതെ കൂടി…

അവനോട് പറയാനുള്ളതൊക്കെ ഉള്ളിന്റെയുള്ളിൽ അവളെ കുത്തിനോവിച്ചുകൊണ്ടിരിക്കുന്നു…
അടർന്നുവീഴുന്ന ഓരോ കണ്ണുനീർത്തുള്ളികളും അവനോട് പറയാതെ പറയുന്നുണ്ടായിരുന്നു ഹൃദയത്തിൽ കൊണ്ട് നടന്ന അവളുടെ പ്രണയം, അവളനുഭവിച്ച കാത്തിരിപ്പിന്റെ വേദന,

പാർട്ടി കഴിഞ്ഞു, രാത്രി മെല്ലെ ഇഴഞ്ഞുനീങ്ങി… കരഞ്ഞുതളർന്ന കൺപോളകൾക്ക് ഉറക്കം വന്നതേയില്ല…

ഈ ഒരു രാത്രി ഇരുണ്ടുവെളുത്താൽ തനിക്കു നഷ്ടം ആവാൻ പോകുന്നത് പ്രാണനായി കണ്ട് സ്നേഹിച്ചവനെയാണ്…. ഇഷ്ടം പറയാൻ കാത്തിരുന്നവനെയാണ്….
സ്വപ്നങ്ങളും, ഓർമ്മകളുമെല്ലാം ചില്ലുപാത്രം പോലെ ഉടഞ്ഞുപോയിരുന്നു….

നേരം പുലർന്നു, കല്യാണമണ്ഡപം ഉയർന്നു നാദസ്വാരം കാതിലേക്ക് ഇരച്ചുകയറി… അവസാനം മറ്റൊരു പെണ്ണിന്റെ കഴുത്തിൽ ആദി താലി ചാർത്തുന്നതിനു സാക്ഷിയക്കേണ്ടി വന്നു….

നിറഞ്ഞു വന്ന മിഴികൾ ആരും കാണാതിരിക്കാൻ അവൾ ആഴത്തിൽ പരിശ്രമിക്കുന്നുണ്ടായിരുന്നു. കല്യാണശേഷം ആദിക്കരികിലേക്ക് ചെല്ലാൻ കാലുകൾക്ക് ആവതില്ലായിരുന്നു. ഒരുവിധം അവിടെ നിന്നും മാറി കടൽതീരത്തേക്ക് ചേക്കേറി….ഒപ്പം സ്വാതിയും ശരത്തും ….)

ഗൗരി …. നി.. നീയെന്താടാ ഒന്നും മിണ്ടാത്തെ…? എല്ലാം കഴിഞ്ഞില്ലേ ഇനിയെങ്കിലും എന്തെങ്കിലും ഒന്ന് പറയ് നീ… എല്ലാം….. എല്ലാം മറന്നിട്ടാണോ നീ വന്നത്.?.. സ്വാതി എന്നോടെല്ലാം പറഞ്ഞു… കേട്ടിട്ട് സഹിക്കാനാവുന്നില്ലെടി…

(ശരത്തിന്റെ വാക്കുകൾക്ക് മറുപടി എന്നോണം അവളൊന്നു പുഞ്ചിരിച്ചു…

കരയിലേക്കണയുന്ന തിരയെ നോക്കി ഗൗരി നിന്നു.. ഓരോ തിരയും കാൽപാദം തഴുകി ഉള്ളിലേക്ക് വലിഞ്ഞു മറയുന്നു…
വീണ്ടും വീണ്ടും പ്രതീക്ഷയോടെ കരയെ പുണരാൻ അലകൾ തീർത്തണയുന്നു….)

ഗൗരി…

(ശരത്തിന്റ നീട്ടിയുള്ള വിളി അവളെ പിന്തിരിഞ്ഞുനോക്കാൻ പ്രരിപ്പിച്ചു…)

ഞാനെന്താ ശരത്ത് ഇനി പറയേണ്ടത്…?
എല്ലാം അവസാനിച്ചില്ലേ കുറച്ചു നിമിഷങ്ങൾക്ക് മുൻപ്…..?

“കോളേജിൽ പഠിക്കുന്ന കാലത്ത് പ്രണയം എന്തൊരു മധുരം ആയിരുന്നു…
ഇപ്പോൾ എനിക്കവാ കയ്യിപ്പൂനീർ മാത്രം ആണ്…

ആർക്കും അറിയാൻ കഴിയാത്ത ഒരു പ്രണയം ആയിരുന്നു എനിക്കവനോട് ഉണ്ടായിരുന്നത്.. എന്നുമുതലാണ് ഞാൻ അവനെ പ്രണയിക്കാൻ തുടങ്ങിയതന്നെനിക്കറിയില്ല. എന്നാൽ അവനെ കാണൻ ഓരോ നിമിഷവും എന്റെ ഉള്ളം കൊതിച്ചിരുന്നു.

അതിയായി ആഗ്രഹിച്ചിരുന്നു.
അവൻ കോളേജിൽ വരാത്ത ദിവസങ്ങളിൽ ടെസ്റ്റ്‌ ബുക്ക്‌ നിറയെ അവന്റെ പേര് എഴുതിവക്കും, എന്റെ പേരിനോട് ചേർത്ത് കൂട്ടിയിണക്കും അന്നത്തെ ഓരോ വട്ട്…

എന്നാൽ അത് അങ്ങനെ ഒരു വട്ടിൽ അവസാനിക്കുന്നതായിരുന്നില്ല…
അവൻ വേറെ പെൺകുട്ടികളോട് മിണ്ടിയാൽ പിന്നെ ഞാൻ അവനോട് പിണങ്ങിനടക്കുമായിരുന്നു….

എന്റെ ഹൃദയം ഞാൻ പലപ്പോഴും അവന്റെ മുന്നിൽ തുറക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നാൽ അതൊക്കെ തീർത്തും പരാജയം ആയിരുന്നു
പഠനം കഴിഞ്ഞു ഒരുനാൾ അവന്റെ പിറന്നാളിന് വിട്ടിൽ ചെല്ലുമ്പോൾ പ്രണയം തുറന്നുപറയാൻ തിരുമാനിച്ചിരുന്നു…

അതിനായ് വലിയ പ്ലാൻ ഉണ്ടാക്കിയിരുന്നു ഞാനും സ്വാതിയും….
എന്നാൽ അതും സാധിച്ചില്ല…

അവന്റെ അമ്മാവന്റെ കൂടെ അന്ന് വൈകുന്നേരം വിദേശത്തേക്ക് പോവാന്ന് അവൻ പറഞ്ഞപ്പോൾ എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു….
ഉടനെ ഇനിയൊരു തിരിച്ചുവരവില്ലെന്നൂടി കേട്ടപ്പോൾ പൊട്ടിക്കരയാന തോന്നിയത്.
എല്ലാം അടക്കി പിടിച്ചു ഒന്നും അവനെ അറിയിച്ചില്ല.

പോയി വന്നിട്ട് സാവകാശം എല്ലാം പറയാം എന്ന് കരുതി കാത്തിരുന്നു….
എന്നാൽ എല്ലാം കൈവിട്ടുപോകുമെന്ന് അറിഞ്ഞില്ല… അവൻ ഗൾഫിൽ പോയപ്പോ എന്റെ വീട്ടിൽ കല്യാണലോചന വന്നുതുടങ്ങിയിരുന്നു.. വീട്ടിൽ പറഞ്ഞു നോക്കി ഇപ്പോൾ വിവാഹം വേണ്ടന്ന്… അവർ കേട്ടില്ല… പിന്നെ കിട്ടിയ ജോലിക്ക് ബാംഗ്ലൂർക്ക് പോയ്‌..

അവന് വേണ്ടി… അവന്റെ വരവിനു വേണ്ടി കാത്തിരിക്കുകയായിരുന്നു ഉദേശം അതുകൊണ്ട് വീട്ടിലേക്കുള്ള വരവ് പോലും ഞാൻ കുറച്ചിരുന്നു….
ഇക്ക്ഴിഞ്ഞ നാലുവർഷം ഞാൻ അവനു വേണ്ടി കാത്തിരിക്കുവാരുന്നു ശരത്തെ…
എന്നാൽ എല്ലാം ദാ ഇവിടെ അവസാനിച്ചു…

ഞാൻ പറഞ്ഞതൊന്നും ഒരിക്കലും ഇനി ആദി അതിയരുത് ശരത്ത്.
അവനിതറിഞ്ഞാൽ ഇനിയൊരിക്കലും അവന് പാർവതിയേ സ്നേഹിക്കാൻ ആവില്ല. അവനെ മാത്രം വിശ്വസിച്ചു സ്നേഹിച്ചു വന്നതാണ് അവൾ… ഒരിക്കലും ഞാൻ കാരണം അവളുടെ കണ്ണു നിറയരുത്…

എന്റെ പ്രണയം എന്റെ മനസിൽ തന്നെ കുഴിച്ചുമൂടിക്കൊള്ളാം ഞാൻ…..

(അതുപറഞ്ഞവൾ കടൽതീരത്തുകൂടെ മുന്നോട്ട് നടന്നു….)

സ്വാതി എനിക്കും ചിലത് പറയാനുണ്ട്….

(അങ്ങുദൂരേക്ക് നടന്നകലുന്ന ഗൗരിയെ നോക്കി ശരത്ത് പറഞ്ഞു….)

എന്താ ശരത്ത്…?

“പരസ്പരം അറിയാതെ പോയ പ്രണയം ആണ് ആദിയുടെയും ഗൗരിയുടെയും.
ഒരു വാക്ക് ആരെങ്കിലും പറഞ്ഞിരുന്നു എങ്കിൽ…?

എന്താ നീ ഉദ്ദേശിച്ചത് മനസിലായില്ല…

മനസ്സിലാവില്ല സ്വാതി…
ഗൗരിക്കുള്ളതുപോലെ തന്നെ ആദിക്കും അവളെ ഇഷ്ടം ആയിരുന്നു… അവളോട് പ്രണയം ആയിരുന്നു.

ഞാൻ എന്താ ഈ കേള്ക്കുന്നെ…?
ശരത്തെ നീ കളി പറയല്ലേ…

കളി അല്ല സ്വാതി ഇത്… സത്യം….. സത്യം ആണ്….

(അകലെനിന്നും അലയടിച്ചുവരുന്ന തിരലയെ നോക്കി അവൻ പറഞ്ഞു…)

കോളേജിൽ പഠിക്കുമ്പോൾ തന്നെ അവനും അതവളോട് പറയാൻ ഒരുപാട് ശ്രമിച്ചിരുന്നു എന്നാൽ തങ്ങൾക്കിടയിലെ ഫ്രണ്ട്ഷിപ് തകർന്നുപോയേക്കുമോ എന്നവൻ ഭയപ്പെട്ടിരുന്നു… അതുകൊണ്ട് തന്നെ പറയാൻ ഒരു അവസരം അവനും കിട്ടിയില്ല.

പ്രാരാബ്ദം തിങ്ങിനിറഞ്ഞപ്പോൾ അകലേക്ക്‌ പറന്നു ഒരായിരം വേദന ഉള്ളിലൊതുക്കി…

ഗൗരിയെ വിട്ടുപോവാൻ അവന്റെ മനസ്സ് തയാറായിരുന്നില്ല എന്നാൽ വീട്ടിലെ അവസ്ഥ അവനെ അങ്ങോട്ടേക്കയച്ചു…
വന്നിട്ട് എല്ലാം ശരിയാക്കാമെന്നു പറഞ്ഞു പോയ അവന് .. ഒടുവിൽ എല്ലാം നഷ്ടം ആയി…

വീട്ടുകാർ പെണ്ണ് കണ്ടു വാക്കു കൊടുത്തു എന്ന് വിളിച്ചു പറഞ്ഞപ്പോൾ എല്ലാം ഉപേക്ഷിച്ചു വരാൻ ഒരുങ്ങിയതാ അവൻ എന്നാൽ വന്നു കഴിഞ്ഞു ഗൗരിക്ക് അവനെ വിവാഹം കഴിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞലോ അതുകൊണ്ട് അവൻ എല്ലാം മറക്കാൻ തീരുമാനിച്ചു…

അവളോടുള്ള ഇഷ്ടം പ്രണയം ഇപ്പോഴും അവന്റെ മനസിൽ ഉണ്ട്.. പ്രണാനായി കണ്ട ഗൗരിയുടെ മുന്നിൽ വച്ച് പാർവതിയുടെ കഴുത്തിൽ താലിച്ചർത്തേണ്ടി വന്ന അവന്റെ വേദന എത്ര വലുതായിരിക്കും
അത്രമാത്രം അവൻ അവളെ സ്നേഹിച്ചിരുന്നു സ്വാതി…

“ഒരുമൊഴി ദൂരം മാത്രം ആണ് അവർ തമ്മിൽ ഉള്ളത് ”

ഇന്നലെ രാത്രി അവൻ ഉറങ്ങിയിട്ടില്ല…
പലവട്ടം അവളുടെ റൂമിനരികിൽ അവൻ വന്നിരുന്നു.. ആദ്യമായി അല്ലെ നിങ്ങൾ അവന്റെ വീട്ടിൽ തങ്ങുന്നത്…
പറയാൻ കഴിയാതെപോയ ഒരു വാക്കിന്റെ പേരിൽ വേദനിച്ചു കഴിയാനാ ഇനി അവന്റെ വിധി..

(എല്ലാം കേട്ടുകഴിഞ്ഞു അലറികരഞ്ഞുകൊണ്ട് സ്വാതി ആ മൺനിരപ്പിലിരുന്നു….
ഒഴുകിയിറങ്ങിയ കണ്ണുനിർത്തുള്ളിയെ അവൾക്ക് തടഞ്ഞുനിർത്താനായില്ല….)

സ്വാതി ഇനി കരഞ്ഞിട്ടെന്തു കാര്യം…?
ഇനി അവന്റെ പ്രണയം അവളോ.. അവളുടെ പ്രണയം അവനോ അറിയാൻ പാടില്ല… അതറിഞ്ഞാൽ ഇരുവർക്കും അതൊരു വലിയ ഷോക്ക് ആവും…

(ശരത്ത് അതുപറഞ്ഞു തീരവേ പെട്ടെന്നായിരുന്നു ഗൗരിയുടെ നിലവിളി കാതോരം എത്തിയത്… പാഞ്ഞുവന്ന ഏതോ വാഹനം അവളെ ഇടിച്ചു തെറിപ്പിച്ചു.. തലപൊട്ടി ഒലിച്ചിറങ്ങുന്ന ര ക്തം അവളുടെ മുഖമാകെ പടർന്നു..
സ്വാതി നിലവിളിക്കുന്നുണ്ട്, പൊട്ടികരയുന്നുണ്ട്,

ശരത്ത് അവളെ കോരിയെടുത്ത് കാറിൽ കയറ്റി ഹോസ്പിറ്റലൽ ലക്ഷ്യം ആക്കി പാഞ്ഞു… I c u വിനകത്തേക്കവളെ പറഞ്ഞയച്ചു തേങ്ങികരയുകയാണ് സ്വാതി…
വിവരം വീട്ടിൽ അറിഞ്ഞ നിമിഷം എല്ലാവരും ഓടിയെത്തി അവളെ കാണാൻ…

നീണ്ട ഇരുപതിനാല് മണിക്കൂറുകൾക്ക് ശേഷം ഗൗരി മിഴികൾ തുറന്നു.
എന്നാൽ ആ കണ്ണുകൾ കൊണ്ട് അവൾക്ക് ആരെയും വ്യക്തമായി കാണാൻ കഴിഞ്ഞില്ല….

ഹൃദയം നുറുങ്ങുന്ന വേദനയോടെ ആദി ഓടിപാഞ്ഞെത്തി എന്നാൽ അവളെ ഒന്ന് കാണുക അസാധ്യം ആയിരുന്നു…
ദിവസങ്ങൾ കടന്നുപോയി പഴയ സ്ഥിതിയിലേക്കവൾ എത്തിപെട്ടുകൊണ്ടിരിക്കുന്നു…)

ഡോക്ടർ….. ഡോക്ടർ… എന്താ എന്റെ കുട്ടിക്ക്….? എന്താ പറ്റിയെ?

(അച്ഛന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു…)

തലക്ക് നല്ല ആഴത്തിൽ പരിക്ക് പറ്റിയിട്ടുണ്ട്… ഒരുപാട് ബ്ലഡ് പോയിരുന്നു… ശരീരത്തിനു പ്രത്യകിച് കുഴപ്പം ഒന്നുമില്ല… ബട്ട്‌… ആ കുട്ടിക്ക്… ഇനി ആരെയും ഓർക്കാൻ കഴിയില്ല…
മെമ്മറി ഫുള്ള് പോയി…

ആരെയും തിരിച്ചറിയാൻ ആ കുട്ടിക്ക് ഇനിയാവില്ല സ്വന്തം പേര് പോലും…

(ഡോക്ടറുടെ വാക്കുകൾ എല്ലാവരെയും പിടിച്ചുകുലുക്കി…
അച്ഛനമ്മമാർ കരഞ്ഞു തളർന്നിരുന്നു,സ്വാതിയും ശരത്തും നെഞ്ചുപൊട്ടി നിൽക്കുന്നു..
ആദി ഒന്നുറക്കെ കരയനാവാതെ ഉരുകി തീരുകയാണ്… പ്രാണൻ പിടയുന്ന വേദന അവൻ അറിയുകയാണ്….

നീണ്ട ഒരുമാസത്തെ ചികിത്സകൊടുവിൽ ഗൗരിയെ ഡിസ്ചാർജ് ചെയിതു… സ്വാതിയും ശരത്തും കടൽതീരത്തേക്കൊന്നു പോയ്‌ ഒപ്പം ആദിയും….)

അവൾക്ക് ഓർമ്മ നഷ്ട്ടപെട്ടത് ഒരു കണക്കിന് നന്നായി അല്ലെ സ്വാതി…..?

മ്മ്മ് ശരിയാ ശരത്തേ…നീ പറഞ്ഞത്
ഓർമ്മകൾ ഉള്ള ഗൗരി ആയിരുന്നു അവളെങ്കിൽ ഇന്നെന്റെ ഗൗരി ജീവനോടെ ഉണ്ടാകുമായിരുന്നില്ല….

“അകലെയാ തിരമാലകൾ തീരത്തെ പുണരാൻ വീണ്ടും ആർത്തലച്ചു വരുന്നുണ്ട്… ഓരോ തവണയും തീരത്തെ ചുംബിച്ചു ചുംബിച്ചു അകലേക്ക്‌ പോകുന്ന തിരമാലകൾ.. അതും നോക്കി തേങ്ങികൊണ്ടവർ….”

Scroll to Top