അതിത്രമേൽ തന്റെ ജീവിതം തകർത്തു കളയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

ഓർമപ്പെടുത്തലുകൾ

രചന: Jils Lincy

::::::::::::::::::::::::

പേപ്പറിടുന്ന പയ്യൻ ഗേറ്റിൽ തട്ടുന് ഒച്ച കേട്ടാണ് അയാൾ ഉറക്കമുണർന്നത്… തലേന്ന് വൈകി ഉറങ്ങിയത് കൊണ്ടാകാം വല്ലാത്തൊരു ക്ഷീണം…

ആദ്യമായിട്ടാണ് അവളോ മക്കളോ ഇല്ലാതെ തനിച്ചൊരു ഉറക്കം…

നാളെ മുതൽ സ്കൂളിൽ വിടാം എന്നു പറഞ്ഞ് അമ്മ ഇന്നലെ മക്കളെ കൂട്ടി തറവാട്ടിലേക്ക് പോയപ്പോൾ മുതൽ നെഞ്ചിനെന്തോ വല്ലാത്തൊരു കനം…..

അടുക്കളയിൽ നിന്ന് ചായ റെഡിയായി ഇങ്ങോട്ടൊന്നു എഴുന്നേറ്റു വാ മനുഷ്യാ എന്നുള്ള അവളുടെ വിളി
കേട്ടിരുന്നെങ്കിൽ എന്ന് അയാൾ വെറുതെ ആശിച്ചു..

പതിയെ എഴുന്നേറ്റു പോയി അടുക്കളയിലേക്ക് ചെന്നു…. ജോലിക്കാരി തലേന്ന് തന്നെ വന്ന് എല്ലാം വൃത്തിയാക്കിയിട്ടുണ്ട്…

തിളച്ച വെള്ളത്തിലേക്ക് തേയിലപ്പൊടി ഇടാൻ ഡെപ്പി എടുക്കുമ്പോൾ അതിന് പുറകിലായി ഇരിക്കുന്ന അവളുടെ നെയിൽ പോളിഷ് കണ്ടു….

ദോശ ചുടുന്നതിന് ഇടയിൽ നെയിൽ പോളിഷ് ഇടുന്നതിനു താൻ വഴക്ക് പറയാറുള്ളത് അയാൾക്കോർമ്മ വന്നു…

എന്റെ ഏട്ടാ …. ഓരോ ദോശയും വേവാനുള്ള സമയം കൊണ്ട് നെയിൽ പോളിഷ് ഇടാം.. അതിനു പിന്നെ വേറെ സമയം വേണ്ടല്ലോ…

എന്നുള്ള അവളുടെ സ്ഥിരം മറുപടിയും….. ഓർക്കവേ എന്തോ അയാൾക്ക് പതുക്കെ ചിരി വന്നു പോയി….

ബാത്‌റൂമിലെ ഭിത്തിയിൽ ഒട്ടിച്ചു വെച്ചിരിക്കുന്ന അവളുടെ പൊട്ടിൽ… പതുക്കെ കൈകൾ ചേർത്തു വെച്ചയാൾ അവളുടെ ഓർമകളിലേക്ക് നനഞ്ഞിറങ്ങി…..

പാ ലുകുടി മാറാത്ത കുഞ്ഞു മോനെയും കൊണ്ടവൾ ആയിരം വട്ടം ഞാൻ മടുത്തു……എന്ന് പറഞ്ഞു കൊണ്ട് അടുക്കളയിലെ ജോലികൾ ചെയ്തിരുന്നതോർക്കവേ…. എന്തിനെന്നറിയാതെ ഒരു വേവിൽ അയാൾ ഉരുകി പോയി….

ചീപ്പിലെ അവളുടെ നീളൻ മുടികൾ അല്ലെങ്കിൽ….. അലക്ഷ്യമായി കിടക്കുന്ന അവളുടെ സ്കൂൾ ബാഗ്…

അതുമല്ലെങ്കിൽ രുചിയൽപ്പം കുറഞ്ഞു പോയ കറികൾ എന്നിങ്ങനെ നിസ്സാര പ്രശ്നങ്ങളിൽ അവളോട് വഴക്കിട്ടതോർത്തു… പിന്നെയും പിന്നെയും അയാൾ തളർന്നു പോയി….

അവൾ സ്ഥിരമായി പാടാറുള്ള മൂളിപ്പാട്ടുകൾ കേൾക്കാൻ എന്തോ അയാൾ വല്ലാതെ ആശിച്ചു പോയി…… റൂമിലെ ഷെൽഫിൽ അടുക്കിയിരിക്കുന്ന അവളുടെ വസ്ത്രങ്ങൾ അനാഥമായിരിക്കുന്നു… കൂടെ താനും മക്കളും…

ചെറിയൊരു പനി…. അതിത്രമേൽ തന്റെ ജീവിതം തകർത്തു കളയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

അവൾക്ക് പനിപിടിച്ച സമയത്ത് തന്നെ ആ ബിസിനസ്‌ ട്രിപ്പിനു പോയതോർത്തു…. അയാൾക്ക് തന്നോട് തന്നെ പുച്ഛം തോന്നി…..

താനിവിടെ ഉണ്ടായിരുന്നെങ്കിൽ….. ഒരിക്കലും.. ഇതു സംഭവിക്കില്ലായിരുന്നു…..രണ്ട് മക്കളെയും കൊണ്ട് അവൾ എന്തു മാത്രം കഷ്ടപ്പെട്ട് കാണും….

ഫോൺ ബെല്ലടിക്കുന്നുണ്ട്….. അമ്മയായിരിക്കും മക്കളെ കൊണ്ടു വിടാൻ വിളിക്കുന്നതായിരിക്കും……

ഹലോ അമ്മേ…… ആ . മോനേ…. സൗമ്യ വിളിച്ചിരുന്നു നിന്നോട് അവളെ കൂട്ടാൻ ചെല്ലാൻ പറഞ്ഞു…. ഇനി നിന്റെ കൂടെ വരില്ല എന്ന് പറഞ്ഞത് കൊണ്ട് നിന്നെ വിളിക്കാൻ അവൾക്കൊരു മടി….

നീ ഇനിയെങ്കിലും കുടുംബത്തിന്റെ കാര്യത്തിൽ അല്പം ശ്രദ്ധ കാട്ടണം…. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് അവളുടെ വീട്ടുകാരുടെ കൂടെ പോയത് കൊണ്ട് നീ ഇനി അതും പറഞ്ഞു വഴക്ക് കൂടണ്ട…

സമയത്തിന് അവര് കൊണ്ടു പോയി അഡ്മിറ്റ്‌ ചെയ്തത് കൊണ്ട് മക്കൾക്ക് അമ്മേനെ കിട്ടി….

ഫോൺ വെച്ചതും അയാൾ ഒരു പുഞ്ചിരിയോടെ അവളെയും മക്കളെയും കൂട്ടി കൊണ്ടു വരാൻ തയാറെടുത്തു…. ഒരു പുതിയ തുടക്കത്തിനായി…..

Scroll to Top