പൊരിച്ചമീന
രചന: Magesh Boji
നീ തന്ന പൊരിച്ച മീനിന് പകരം ഞാന്‍ തന്നത് എന്‍റെ ജീവിതം തന്നെയായിരുന്നില്ലേ അനിയത്തീ….
ബൂസ്റ്റിന്‍റെയും ഹോര്‍ലിക്സിന്‍റെയും കഥ പറയുമായിരുന്ന മുന്‍ ബഞ്ചുകാരുടെ മുന്നില്‍ പിന്‍ ബഞ്ചിലെ എന്‍റെ ബാല്ല്യം അഭിമാനത്തോടെ പറയുമായിരുന്നു , പൊരിച്ച മീനിന്‍റെ കഥ .
ആ പൊരിച്ച മീനില്‍ ഞാന്‍ അനുഭവിച്ചത് സ്നേഹമായിരുന്നു , പരിഗണനയായിരുന്നു.
ആ സ്നേഹത്തിന്‍റെ ശക്തിയാലല്ലേ , കൈപ്പല ചട്ട വേദനയെടുത്തിട്ടും,
കല്ലിന്‍റെ മൂര്‍ച്ചയേറ്റ് വിരല്‍ തുമ്പ് മുറിയാറായിട്ടും ഉച്ചിയിലുള്ള മാമ്പഴം നിനക്കായി ഞാന്‍ എറിഞ്ഞിട്ട് തന്നിരുന്നത്.
ആ പരിഗണനയുടെ ബലത്തിലല്ലേ , മുളിയനുറുമ്പ് അണ്ഡകടാഹം വരെ കയറി കടിച്ചിട്ടും പിടി വിടാതെ നിന്‍റെ പട്ടം ഞാനാ പറങ്കി മാവിന്‍ കൊമ്പില്‍ കയറി കുരുക്കഴിച്ച് താഴെയെത്തിച്ച് തരാറുള്ളത്.
നീ പത്താം ക്ലാസ്സ് പാസ്സായപ്പോള്‍ നമ്മുടെ അച്ഛന്‍ വാത്സല്ല്യത്തോടെ നിന്‍റെ മുടിയില്‍ തലോടി ചോദിച്ചു , ന്‍റെ മോള്‍ക്ക് ഇനിയെന്താ പഠിക്കേണ്ടതെന്ന്.
ഞാന്‍ പത്താം ക്ലാസ്സ് പാസ്സായ വിവരം പറഞ്ഞപ്പോള്‍ നമ്മുടെ അച്ഛന്‍ എന്നോട് പറഞ്ഞു ,
ജാനകിയേടത്തീടെ വീട്ടില്‍ പോയി രണ്ട് കൊട്ട ചാണകം വാരി വടക്കേപ്പുറത്തുള്ള തെങ്ങിന്‍റെ ചോട്ടില്‍ കൊണ്ടിടാന്‍….
നിനക്ക് പഠിക്കാന്‍ കാശിന് വേണ്ടി ആകെയുള്ള പുരയിടത്തിന്‍റെ ആധാരവുമായി സഹകരണ ബാങ്കിലെ മാനേജരെ കാണാന്‍ പോയപ്പോള്‍ അച്ഛന്‍ കൂട്ട് വിളിച്ചത് എന്നെയായിരുന്നു.
പേപ്പറെല്ലാം നോക്കി മാനേജര് പറഞ്ഞു , ലോണെല്ലാം തരാം രാഘവേട്ടാ , പക്ഷെ കൃത്യമായി തിരിച്ചടക്കണമെന്ന്.
അത് കേട്ടപ്പാടെ അച്ഛന്‍ എന്നെ നോക്കി ഒരൊറ്റ പറച്ചിലായിരുന്നു , സാറ് പറഞ്ഞതെല്ലാം നീ കേട്ടില്ലേ എന്ന്…
അന്ന് പൂട്ടി കെട്ടിയതാ ഞാനെന്‍റെ പഠിക്കാനുള്ള മോഹം.
പിന്നെ ലോണടക്കാനുള്ള നെട്ടോട്ടമായിരുന്നു . അതിനിടയില്‍ ഒന്ന് രണ്ട് വട്ടം അടവ് മുടങ്ങിയതിന്‍റെ പേരില്‍ നമ്മുടെ അച്ഛന്‍ എന്നോട് മിണ്ടാതെ നടന്നത് നാല് മാസമായിരുന്നു….
അപ്പോഴേക്കും നീ പഠിപ്പെല്ലാം കഴിഞ്ഞ് ജോലിക്കുള്ള ഓട്ടമായി.
വീട്ടിനടുത്തുള്ള സ്കൂളില്‍ ടീച്ചറാവാന്‍ അവിടുത്തെ മാനേജര് ലക്ഷങ്ങള്‍ ചോദിച്ചപ്പോള്‍ അച്ഛന്‍ എത്ര ലാഘവത്തോടെയാണ് എന്നോട് പറഞ്ഞത് ,
നിലവിലുള്ള ലോണ് കൂട്ടി വാങ്ങിയിട്ട് നിനക്ക് ജോലി വാങ്ങി തരാന്‍..
അന്ന് പോയ എന്‍റെ ഉറക്കം പിന്നെ തിരികെ വന്നത് നീയാ സ്കൂളില്‍ ടീച്ചറായ ദിവസമായിരുന്നു.
നിനക്കാദ്യത്തെ ശമ്പളം കിട്ടിയ അന്ന് രാത്രി സഹകരണ ബാങ്കിലെ പാസ്സ് ബുക്കുമായി ഞാന്‍ നിന്‍റെ മുറിയില്‍ വന്നിരുന്നു.
പാസ്സ് ബുക്ക് തിരിച്ചും മറിച്ചും നോക്കി നീയെന്നോട് പറഞ്ഞു , അയ്യോ ഏട്ടാ , ഞാനിന്നലെ ഒരു ചിട്ടിയില്‍ ചേര്‍ന്ന് പോയെന്ന്…
നിശബ്ദനായി ആ മുറി വിട്ടിറങ്ങുമ്പോള്‍ അമ്മ എന്നോട്ട് പറഞ്ഞു , അവള് ചിട്ടി ചേര്‍ന്നത് നന്നായി മോനേ ,അവളുടെ കല്ല്യാണം ശരിയായാല്‍ നമുക്ക് അതുപകരിക്കുമല്ലോ എന്ന്.
അന്ന് എനിക്ക് വിളമ്പിയ ചോറിലും പൊരിച്ച മീനുണ്ടായിരുന്നു….
നീ ടീച്ചറായപ്പോള്‍ നിന്നെ പെണ്ണ് കാണാന്‍ വരുന്നവരുടെ തിരക്കായിരുന്നു .
ഒരു ദിവസം പറയാതെ പെണ്ണ് കാണാന്‍ വന്ന കൂട്ടര്‍ക്ക് ചായക്ക് കൊടുക്കാന്‍ പലഹാരമില്ലാതെ വന്നപ്പോള്‍ ഈ ഏട്ടന്‍ അടുക്കള വാതിലിലൂടെ പുറത്ത് കടന്ന് ദാമോദരേട്ടന്‍റെ കടയില്‍ നിന്ന് മിസ്ച്ചറും പഴവും വാങ്ങി വന്നിരുന്നു….
ആ ചെറുക്കനെ നിനക്കിഷ്ടപ്പെട്ടു . നമ്മള്‍ കല്ല്യാണവും ഉറപ്പിച്ചു.
ഒരു ദിവസം രാത്രി തോര്‍ത്ത് മുണ്ടാല്‍ വീശി കൊലായിലിരുന്ന അച്ഛന്‍ എന്നെ വിളിച്ചിട്ട് ചോദിച്ചു , കല്ല്യാണം ഇങ്ങടുത്തെത്താറായി , എന്താ നിന്‍റെ പ്ലാനെന്ന്.
കണ്ണ് മിഴിച്ച് നിന്ന എന്നെ കണ്ട് അച്ഛന്‍ തറപ്പിച്ചങ്ങ് പറഞ്ഞു , വീട് വിറ്റിട്ടായാലും വേണ്ടില്ല , കല്ല്യാണം കേമമായി നടത്തണം, ആകെയുള്ള ഒരു പെണ്‍ തരിയാന്ന്.
ലോണിന്‍റെ മേല്‍ ലോണുള്ള ആ പറമ്പ് എങ്ങനെയാണച്ഛാ വില്‍ക്കുക എന്ന് ഞാന്‍ ചോദിച്ചില്ല….
നിന്‍റെ പേരില്‍ ഒരു ചിട്ടിയുണ്ടെന്ന കാര്യം മാത്രം ഞാന്‍ മെല്ലെ സൂചിപ്പിച്ചു.
പെണ്‍കുട്ടികള് അധ്വാനിച്ച് കൊണ്ട് വന്ന കാശെടുത്തല്ല അവരുടെ കല്ല്യാണം നടത്തേണ്ടതെന്നും പറഞ്ഞ് അച്ഛന്‍ എണീറ്റൊരൊറ്റ പോക്കായിരുന്നു.
അന്ന് രാത്രി ചോറ് വിളമ്പിയപ്പോഴും എന്‍റെ പാത്രത്തില്‍ പൊരിച്ച മീനുണ്ടായിരുന്നു….
കല്ല്യാണത്തിന്‍റെ തലേന്ന് കയ്യിലിട്ട വളകള്‍ കുറഞ്ഞ് പോയെന്നും പറഞ്ഞ്
നീ പുറത്തേക്ക് വരാതെ മുറിയടച്ചിരുന്നപ്പോള്‍ നാട്ടുകാരുടെ മുന്നില്‍ മാനം കാക്കാന്‍ ഉടുത്ത മുണ്ടാലേ ഞാനാ സ്വര്‍ണ്ണ കടയിലേക്കോടി.
അവര് തന്ന പേപ്പറിലെല്ലാം ഒപ്പ് വച്ച് നാല് വളയും കടം വാങ്ങി വീട്ടിലെത്തിയപ്പോഴാണ് നിന്‍റെ മുഖമൊന്ന് തെളിഞ്ഞ് കണ്ടത്.
കല്ല്യാണത്തിന്‍റെ അന്ന് വല്ല്യമ്മ നിന്നോട് പറഞ്ഞു , കുറച്ച് സ്വര്‍ണ്ണം ഇവിടെ വച്ചിട്ട് പോ മോളേ , ന്നാല്‍ നിന്‍റെ ഏട്ടനതൊരാശ്വാസാവില്ലേ , അവന്‍ ഒറ്റക്ക് വേണ്ടേ ഇനി ഈ കടമെല്ലാം വീട്ടാനെന്ന്…
അത് കേട്ടിട്ടും ഒന്നും മിണ്ടാതെ നീ മുഖം തിരിച്ച് നടന്നപ്പോള്‍ ഈ ഏട്ടന്‍ വലിയമ്മയുടെ മുഖത്ത് നോക്കി നിറഞ്ഞ കണ്ണാലെ ഒരു ചിരി ചിരിച്ചിരുന്നു മോളേ….
കവിളിലേക്ക് ഇറ്റ് വീണ കണ്ണീര് മുണ്ടിന്‍ തുമ്പാല്‍ തുടച്ച് പുറത്തിറങ്ങിയ എന്നെ കണ്ട് ആരോ പറയണത് കേട്ടു , പെങ്ങള് പോവുന്നതിന്‍റെ സങ്കടാണെന്ന്.
പിന്നെ നീ നിന്‍റെ കുട്ടിയുടെ ഇരുപത്തെട്ട് കെട്ടിന് രണ്ട് പവന്‍റെ അരഞ്ഞാണം വേണംന്ന് പറഞ്ഞ് വന്നപ്പോള്‍ മഞ്ഞപ്പിത്തം പിടിച്ചതിന്‍റെ ക്ഷീണം മാറാതെ വീട്ടില്‍ കിടപ്പായിരുന്നു ഞാന്‍.
രണ്ട് പവന്‍ എന്നെ കൊണ്ട് കൂട്ടിയാല്‍ കൂടില്ലെന്ന് പറഞ്ഞതിന്‍റെ പേരില്‍ നമ്മുടെ അമ്മ എന്നോട് മിണ്ടാതെ നടന്നത് രണ്ടാഴ്ച്ചയാണ്…
ആ രണ്ട് പവന്‍റെ കടം തീര്‍ത്ത് വരുമ്പോഴേക്കും നീ പിന്നെയും വന്നു . ഇത്തവണ നിന്‍റെ വീട് പണിക്കുള്ള മരം വേണമായിരുന്നു.വീട്ടിലാരും മിണ്ടാതായാല്‍ തകര്‍ന്ന് പോവുമെന്നറിയാമായിരുന്ന ഞാന്‍ മറുത്തൊന്നും പറഞ്ഞില്ല.
മുറ്റത്തെ ആ വരിക്ക പ്ലാവ് മുറിക്കാന്‍ ആശാരിയേയും കൂട്ടി ചെന്ന് ആ തടിയിലൊന്ന് തൊട്ടപ്പോള്‍ ഈ ഏട്ടന്‍റെ കൈകള്‍ വിറകൊള്ളുകയായിരുന്നു.
നീ എത്രയോ വട്ടം ആടിയതാടി ആ പ്ലാവിന്‍റെ കൊമ്പില്‍ കെട്ടിയ ഊഞ്ഞാലില്‍….
ഒറ്റപ്പെടല്‍ അസഹ്യമായപ്പോള്‍ ഒരു പെണ്ണ് കെട്ടാന്‍ ഞാനും തിരുമാനിച്ചു. സര്‍ക്കാര്‍ ജോലി ഇല്ലാത്തോണ്ട് വലിയ ആവേശമൊന്നും എനിക്കില്ലായിരുന്നു.
മൂന്ന് പെണ്‍കുട്ടികള്‍ മാത്രമുള്ള വീട്ടിലെ മൂത്തതിനെ എനിക്കങ്ങിഷ്ടമായി. അവളെയങ്ങ് കെട്ടാന്‍ തിരുമാനിച്ചു.
വെറുതെ ഉള്ള പ്രാരാബ്ധമെല്ലാം കൂടി തലയിലെടുത്ത് വയ്ക്കേണ്ടെന്ന് എല്ലാവരും പറഞ്ഞിട്ടും ഞാനെന്‍റെ തിരുമാനം മാറ്റിയില്ല.
വരാന്‍ പോകുന്ന പ്രാരാബ്ധത്തേക്കാള്‍ ഞാനാഗ്രഹിച്ചത് ആ വീട്ടില്‍ നിന്ന് കിട്ടുന്ന പൊരിച്ച മീനായിരുന്നു….
താലികെട്ട് കഴിഞ്ഞ് വീട്ടിലേക്ക് കയറിയ അവളോട് ഞാനൊന്നേ ചോദിച്ചുള്ളൂ , നിന്‍റെ പേരില്‍ ചിട്ടി വല്ലതും ഉണ്ടോന്ന്.
ആ പൊട്ടി പെണ്ണിന്‍റെ പേരില്‍ ഒരു കുന്തവുമില്ലായിരുന്നു . നല്ല ഇടിയും മഴയും വന്നാല്‍ പേടിച്ചോടി വന്നെന്നെ കെട്ടിപ്പിടിക്കാന്‍ മാത്രം അറിയാം ആ പാവത്തിന്….
പിന്നെയും കാലമെത്ര കടന്ന് പോയി . വേനലും വര്‍ഷവും വന്നു.
വീടും പറമ്പും ഭാഗം വയ്ക്കണമെന്ന് പറഞ്ഞ് നീ ഒരു സന്ധ്യക്ക് വീട്ടില്‍ വന്നത് ഞാനിന്നും ഓര്‍ക്കുന്നു. അവള്‍ക്കുള്ളത് എന്താന്ന് വെച്ചാല്‍ അതങ്ങ് മാന്യമായി കൊടുക്കണമെന്ന് അച്ഛന്‍ പറഞ്ഞു.
എനിക്ക് രണ്ട് മക്കളും തുല്ല്യരാണെന്ന് അമ്മയും പറഞ്ഞു. ദീര്‍ഘനിശ്വാസം വിട്ട് ഞാനും ഇരുന്നു.
എന്നാല്‍ എല്ലാവര്‍ക്കും ചോറ് വിളമ്പട്ടേന്ന് എന്‍റെ ഭാര്യ ചോദിച്ചു.
ചോറ് കഴിക്കാനിരിക്കുമ്പോള്‍ അടുക്കളയില്‍ നിന്ന് നീ പറയുന്നത് കേട്ടു , മീന്‍ പോരിച്ചത് നമുക്കില്ലെങ്കിലും സാരല്ല്യമ്മേ , ഏട്ടന് കൊടുത്തേക്കെന്ന്.
അന്നും ഞാന്‍ പൊരിച്ച മീന്‍ കൂട്ടിയാണ് ചോറുണ്ടത്…