എനിക്ക് അമ്മാവനെ എതിർക്കാൻ കഴിയില്ല അച്ചു. ഞാൻ സംസാരിക്കാം. അമ്മാവനെ…

ഇനിയൊരു ജന്മം

എഴുത്ത്: ദേവാംശി ദേവ

വെയില് മാറി മാനമിരുണ്ട് ചാറ്റൽ മഴ തുടങ്ങിയത് പെട്ടെന്നായിരുന്നു.

“എന്താണോ പെട്ടെന്നൊരു മഴ. അലക്കി വിരിച്ച തുണി എടുക്കട്ടെ” എന്നു പറഞ്ഞ് അമ്മ പുറത്തേക്ക് പോയപ്പോഴപ്പൊ ജനലിലൂടെ പുറത്തേക്ക് നോക്കി കിടന്നു.

വിശാലമായ മുറ്റം. ഒതുക്കു കല്ലുകൾ ഇറങ്ങുന്നത് പാടത്താണ്. പാടത്തിന്റെ വരമ്പിലൂടെ അക്കരെ എത്താം. അവിടെ മാത്രമേ ടു വീലർ പോലും എത്തു. പാടത്തിന്റെ അറ്റത്തുകൂടി മുറ്റത്തേക്കൊരു റോഡ് വെട്ടാൻ അച്ഛനോട് ഒരുപാട് നിർബന്ധിച്ചതാണ്. അപ്പോഴൊക്കെ അച്ഛനിലെ കൃഷിക്കാരൻ ഉണരും.

“ഇപ്പോ അതിന്റെ ആവശ്യം ഒന്നും ഇല്ല. ഈ കാണുന്നതൊക്കെ നിങ്ങൾക്ക് രണ്ടുപേർക്കും തന്നെ തരും. അന്ന് എന്താന്നുവെച്ചാ ആയിക്കോ.”

“പിന്നെ..എനിക്ക് വേണ്ട ഈ പട്ടിക്കാട്.” പുച്ഛത്തോടെ എത്രയോ തവണ പറഞ്ഞിട്ടുണ്ട്.

ഇന്ന് ഈ വീടും മുറിയും ഈ ജനലിലൂടെ കാണുന്ന കാഴചകളുമാണ് തന്റെ ജീവിതം.

നിറഞ്ഞു വന്ന കണ്ണുകൽ തുടച്ചു വീണ്ടും പാടത്തേക്ക് നോക്കുമ്പോഴാണ് വരമ്പിലൂടെ രണ്ടുപേർ നടന്നു വരുന്നത് കണ്ടത്..ഒതുക്കുകല്ലുകൾ കയറി അവർ മുറ്റത്തേക്ക് എത്തിയപ്പോഴാണ് അത് അനന്തുവേട്ടനും ആതിയുമാണെന്ന് കണ്ടത്.

മഴ നനയാതിരിക്കാൻ അനന്തുവേട്ടൻ രണ്ടു പേരുടെയും തലക്കുമുകളിൽ ഒരു വാഴയില പിടിച്ചിട്ടുണ്ട്. ഒരു കൈ ആതിയുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചിട്ടുണ്ട്. ഇട്ടേക്കുന്ന കോട്ടൻ ചുരുദാറിൽ അവുടെ അല്പം വളർന്ന വയർ വ്യക്തമായി തിരിച്ചറിയാം.

അവരെ കണ്ടതും നെഞ്ചിലൊരു കൊള്ളിയാൻ മിന്നി. കണ്ണുകൾ നിറഞ്ഞൊഴുകി.

അവരുടെ രണ്ടുപേരുടെയും മുഖത്തേക്ക് നോക്കാനുള്ള അർഹതപോലും ഇന്നെനിക്കില്ലെന്നറിയാം.

അച്ഛനും അമ്മക്കും ഞങ്ങൾ രണ്ട് മക്കളാണ്.
മൂത്തവളാണ് ഞാൻ. അശ്വതിയെന്ന അച്ചു. എന്റെ അനിയത്തിയാണ് ആരതിയെന്ന ആതി.

അച്ഛന്റെ അനിയത്തിയുടെ മകനാണ് അനന്ദുവേട്ടൻ. അച്ഛനെയും അനന്തുവേട്ടന്റെ അച്ഛനെയും പോലെ അനന്തുവേട്ടനും കൃഷിപണിയാണ്. ഒരുപാട് പാടവും കൃഷിസ്ഥലവുമൊക്കെ ഞങ്ങൾക്ക് സ്വന്തമായുണ്ട്.

പത്താം ക്ലാസുവരെ മാത്രമേ അനന്തുവേട്ടൻ പഠിച്ചിട്ടുള്ളു. ഏട്ടനും ഞാനും ആതിയും ഒരു സ്കൂളിലാണ് പഠിച്ചിരുന്നത്. പഠിക്കാൻ മിടുക്കി ഞാനായിരുന്നു. ഒരുപാട് സമ്മാനങ്ങളൊക്കെ കിട്ടിയിട്ടുണ്ട്. ആതിയും പഠിക്കുമെങ്കിലും തന്റെ ഒപ്പം എത്തില്ല. അനന്തുവേട്ടൻ എല്ലാ പരീക്ഷകൾക്കും തോൽക്കും. എന്നും ക്ലാസ്സിന് പുറത്താണ്. അതുകൊണ്ട് തന്നെ ഏട്ടനോട് എന്നും എനിക്ക് പുച്ഛം മാത്രമേ ഉണ്ടായിരുന്നുള്ളു.

കോളേജിൽ നിന്ന് വരുമ്പോൾ ശരീരം മുഴുവൻ ചെളിയുമായി പാടത്തോ പറമ്പിലോ അല്ലെങ്കിൽ കുളക്കടവിലേക്കുള്ള വഴിയിലോ ദിവസവും കാണും. അന്നൊക്കെ അറപ്പൊടെ മാത്രമേ ഞാൻ നോക്കിയിട്ടുള്ളു.

പിജിക്ക് പടിക്കുമ്പോഴാണ് സൂരജിനെ കാണുന്നത്. കോളേജിലെ ഗസ്റ്റ് ലക്ചർ ആയിരുന്നു. അധ്യാപകൻ വിദ്യാർത്ഥിനി ബന്ധം സൗഹൃദത്തിലേക്കും പിന്നീട്‌ പ്രണയത്തിലേക്കും പോയി.

ആ സമയത്താണ് അച്ഛൻ എന്റെയും അനന്തുവേട്ടന്റെയും വിവാഹം ഉറപ്പിക്കാൻ തീരുമാനിച്ചത്. ഒരുപാട് എതിർത്തു. വിദ്യാഭ്യാസമില്ലാത്തൊരാളെ വിവാഹം കഴിക്കാൻ കഴിയില്ലെന്ന് വാശി പിടിച്ചു. അച്ഛൻ സ്വന്തം തീരുമാനത്തിൽ ഉറച്ചു നിന്നു. അനന്തുവേട്ടനെ കണ്ട് സംസാരിച്ചു.

“എനിക്ക് അമ്മാവനെ എതിർക്കാൻ കഴിയില്ല അച്ചു. ഞാൻ സംസാരിക്കാം. അമ്മാവനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രെമിക്കാം.”

അച്ഛൻ പിന്മാറില്ലെന്ന് ഉറപ്പായിരുന്നു. എല്ലാവരോടും ദേഷ്യമായിരുന്നു. വാശി ആയിരുന്നു.

കല്യാണത്തിന്റെയന്ന് രാവിലെ സൂരജിനോടൊപ്പം ഇറങ്ങി പോയാണ് അത് തീർത്തത്. മുഹൂർത്ത സമത്ത് തന്നെ അനന്തുവേട്ടൻ ആതിയെ താലി കെട്ടി. ആദ്യമേ അവർക്ക് അത് ചെയ്യാൻ പാടില്ലായിരുന്നോ എന്നോർത്തു.

സന്തോഷം നിറഞ്ഞതായിരുന്നു സൂരജുമൊത്തുള്ള ആദ്യ ദിവസങ്ങൾ. പതിയെ അതിന്റെ തിളക്കം മങ്ങി തുടങ്ങി. പുറമെ കണ്ട ആളല്ല സൂരജെന്ന് മനസിലായി തുടങ്ങി. എന്തിനും ഏതിനും സംശയമായിരുന്നു.

നല്ലോരു ഡ്രെസ്സ് ഇട്ടാൽ, കുറച്ച് കണ്മഷി എഴുതിയാൽ, ഫാഷനിലുള്ളൊരു പൊട്ട് കുത്തിയാൽ….എന്തിനും സംശയം.

അമ്പലത്തിൽ പോലും പോകാൻ സമ്മതിക്കില്ല..വല്ലപ്പോഴും പോയാൽ കൂടെ സൂരജും വരും. തിരുമേനിയുടെ കൈയ്യിൽ നിന്നും പ്രസാദം പോലും വാങ്ങാൻ സമ്മതിക്കില്ല. വാങ്ങിയാൽ അന്നു മുഴുവൻ അതിന്റെ പേരിൽ വഴക്കുണ്ടാക്കും. വീടിന്റെ ജനലുകളൊന്നും തുറക്കില്ല
അയൽക്കാരുമായൊന്നും യാതൊരു ബന്ധവും ഇല്ല.

ആദ്യമൊക്കെ അഡ്ജസ്റ്റ് ചെയ്യാൻ ഒരുപാട് ശ്രെമിച്ചു. പറ്റാതായപ്പോൾ എതിർത്തു തുടങ്ങി. അതോടെ മാനസിക പീ- ഡനം ശരീരിക പീ- ഡനമായി.

കോളേജിലെ കാലാവധി കഴിഞ്ഞപ്പോൾ മറ്റൊരു ജോലിക്കും പോകാതെ സൂരജ് വീട്ടിൽ തന്നെ ഇരിപ്പായി.

“സൂരജ്..ഞാനൊരു ജോലിക്ക് ശ്രെമിക്കട്ടെ. ആർക്കെങ്കിലും ഒരാൾക്കെങ്കിലും ജോലി ഇല്ലാതെ എങ്ങനെ ജീവിക്കും.”

“ഓ…അപ്പോ നിനക്ക് എന്നെ മടുത്ത് തുടങ്ങി അല്ലേടി. പുതിയത് കണ്ടെത്താനാവും ഈ ജോലിക്ക് പോക്ക്.”

“എന്താ സൂരജ് ഇത്…എന്നെ അത്രക്ക് വിശ്വാസം ഇല്ലേ.”

“എങ്ങനെ വിശ്വസിക്കും..ചെറുപ്പം മുതൽ കൂടകിടന്നവനെ കളഞ്ഞിട്ടല്ലേടി അതിലും നല്ലതെന്ന് തോന്നിയപ്പോ എന്റെ കൂടെ വന്നവളല്ലേ നീ. ഇനിയെന്നെകാളും നല്ലവനെന്ന് തോന്നിയൊരുത്തനെ കണ്ടാൽ പോകില്ലെന്ന് എന്താടി ഉറപ്പ്.”

ഒന്നും മിണ്ടിയില്ല..എല്ലാം എന്റെ തെറ്റാണല്ലോ.

“സഹിക്കാൻ പറ്റാതായപ്പോൾ വഴക്ക് നടന്നൊരു രത്രി അവിടെ നിന്നും ഇറങ്ങി. മറ്റൊരു വഴി ഇല്ലാത്തതുകൊണ്ട് വീട്ടിലേക്ക് തന്നേ പോകാൻ തീരുമാനിച്ചു.

ബസ്റ്റോപ്പിലേക്ക് നടക്കുമ്പോൾ പുറകെ ബൈക്കിൽ പാഞ്ഞു വന്ന സൂരജ് എന്നെ പുറകിൽ നിന്ന് ഇടിച്ചു തെറിപ്പിച്ചു.

കണ്ണുതുറക്കുമ്പോൾ ഞാൻ ആശുപത്രി കിടക്കയിലാണ്. ചുറ്റും അച്ഛനും അമ്മയും അനന്തുവേട്ടനും ആതിയും ഉണ്ട്.

മരണത്തിൽ നിന്നും രക്ഷപെട്ടെങ്കിലും നട്ടെല്ലിന് ഒടിവ് പറ്റിയതുകൊണ്ട് എഴുന്നേൽക്കാൻ പറ്റാതെ ഞാൻ കിടപ്പിലായി.

സൂരജ് എന്നെ കാണാനേ വന്നില്ല. എല്ലാം അറിഞ്ഞപ്പോൾ ആരും എന്നെ കുറ്റപ്പെടുത്തിയില്ല..എന്റെ കൂടെ നിന്നു. അനന്തുവേട്ടനും ആതിയും സ്നേഹത്തോടെ തന്നെ പെരുമാറി.

സൂരജിനെതിരെ കേസിനൊന്നും പോയില്ല..എങ്ങനെ എങ്കിലും അവന്റെ കൈയ്യിൽ നിന്നും രക്ഷപെട്ടാൽ മതിയെന്നായിരുന്നു എനിക്ക്.

ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു.
ജീവിതം ആശുപത്രി കിടക്കയിൽ നിന്നും വീട്ടിലേ കിടക്കയിലേക്ക് മാറി. ഇടക്ക് ആതിക്ക് വിശേഷം ഉണ്ടെന്ന് അമ്മ പറഞ്ഞു..ഒരുപാട് സന്തോഷം തോന്നി. അനന്തുവേട്ടൻ പൊന്നുപോലെയാണ് അവളെ നോക്കുന്നത്. Bsc കാരിക്ക് പത്താം ക്ലാസ്സുകാരന്റെ കൂടെ ജീവിക്കാൻ ഒരു കുറച്ചിലും ഇല്ലായിരുന്നു..അതുകൊണ്ടുതന്നെ അവളുടെ ജീവിതം ഇന്ന് സ്വർഗമാണ്.


“ചേച്ചി…” ആതിയുടെ വിളികേട്ട് ഞെട്ടി.

ഇത്രയും നേരം ഞാൻ പഴയകാലത്തായിരുന്നു.

“എന്തിനാ അച്ചു ഇങ്ങനെ കരയുന്നത്. ഡോക്ടർ പറഞ്ഞതല്ലേ മനസ്സിന് ധൈര്യം കൊടുക്കണമെന്ന്.” അനന്തുവേട്ടൻ പറഞ്ഞു.

“ഞാൻ വെറുതെ…ഓരോന്നോർത്ത്.”

“ചേച്ചി ഇനിയൊന്നും ഓർക്കേണ്ട..നാളെ നമ്മൾ പോകുവാ ഒരു ആയൂർവ്വേദ ഹോസ്പിറ്റലിലേക്ക്. അനന്തുവേട്ടന്റെ കൂട്ടുകാരൻ പറഞ്ഞു തന്നതാ..ഏട്ടൻ അവിടെ വിളിച്ച് എല്ലാകാര്യങ്ങളും അന്വേഷിച്ചു. എല്ലാം കേട്ടപ്പോൾ ഒരു വർഷം കൊണ്ട് ചേച്ചിയെ എഴുന്നേറ്റ് നടത്തിക്കുമെന്നാണ് അവിടുത്തെ ഡോക്ടർ പറഞ്ഞത്.”

ഞാനൊരിക്കലും എഴുന്നേൽക്കാൻ പോകുന്നില്ലെന്ന് ഉറപ്പുണ്ടെങ്കിലും ആതിയുടെയും അനന്തുവേട്ടന്റെയും മുഖത്തെ വിശ്വസം കണ്ടപ്പോൾ എതിർത്തൊന്നും പറയാൻ തോന്നിയില്ല.

പിറ്റേദിവസം തന്നെ അവരോടൊപ്പം അവിടേക്ക് പോയി. എന്നെ അവിടെ അഡ്മിറ്റ് ചെയ്തു. അമ്മയാണ് കൂടെ ഇരുന്നത്. ഒരു വർഷത്തെ കാലാവധിയാണ് അവർ പറഞ്ഞതെങ്കിലും ആറു മാസം കൊണ്ടുതന്നെ ഞാൻ എഴുന്നേറ്റു..പിന്നെയൊരൂ മൂന്നുമാസം കൊണ്ട് ഞാൻ എഴുന്നേറ്റു നടന്നു.

ഇതിനിടയിൽ ആതിയൊരു മോന് ജന്മം നൽകി. അമ്മ എന്റേ കൂടെ ആയതുകൊണ്ട് അനന്തുവേട്ടന്റെ അമ്മയാണ് അവളെ നോക്കിയത്. ഒരു പരാതിയും പറയാതെ…

ഞാൻ വീണ്ടും പഴയ ജീവിതത്തിലേക്ക് വന്നു..എല്ലാവരും ചേർന്ന് കൊണ്ട് വന്നു എന്നുവേണം പറയാൻ.

“എന്തു ചെയ്യാനാ മോളെ ഇനി നിന്റെ തീരുമാനം. ജോലി എന്തെങ്കിലും നോക്കുന്നോ. അതോ തുടർന്ന് പഠിക്കണോ നിനക്ക്”

“ഞാൻ ജാങ്ഷനിൽ ചെറിയൊരു സൂപ്പർ മാർക്കറ്റ് തുടങ്ങിയാലോ എന്ന് ആലോചിക്കുവാ അച്ഛാ..ഒരു ലോണിന് അപേക്ഷിക്കാം.”

“കാശിന്റെ കാര്യം ഓർത്ത് നീ വിഷമിക്കേണ്ട..അത് അച്ഛൻ തരാം.”

കാര്യമറിഞ്ഞപ്പോൾ അനന്തുവേട്ടനും ആതിയുമൊക്കെ ഫുൾ സപ്പോർട്ട് ആയിരുന്നു.
കട നോക്കാനും അതിന്റെ ബാക്കി ഫോർമാൽറ്റീസിനൊക്കെ കൂടെ വന്നത് അനന്തുവേട്ടൻ ആയിരുന്നു. ആതിക്ക് അതൊന്നും ഒരു പ്രശ്നം ആയിരുന്നില്ല. അത്രമാത്രം അടുത്തറിഞ്ഞവരായിരുന്നു അവർ.

സൂപ്പർ മാർക്കറ്റ് ഞാൻ പ്രതീക്ഷിച്ചതിലും വിജയിച്ചു. അതുകൊണ്ട് തന്നെ അതിനോട് ചേർന്ന് ഒരു ബേക്കറിയും ജൂസ്‌ പാർലറും ഓപ്പൺ ചെയ്തു. ആതികൂടി വരും എന്നോടൊപ്പം.

പ്രതീക്ഷിക്കാതെ ഒരു ദിവസം സൂരജ് അവിടേക്ക് വന്നു. ചെയ്തുപോയതിനൊക്കെ മാപ്പ് പറഞ്ഞു. കൂടെ ചെല്ലണമെന്ന് അപേക്ഷിച്ചു. പറ്റില്ലെന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു. അതോടെ അവന്റെ സ്വഭാവം മാറി.
എന്നെയും അനന്തുവേട്ടനെയും ചേർത്ത് എല്ലാവരും കേൾക്കെ അനാവശ്യങ്ങൾ പറഞ്ഞു.

“നീ ഇന്ന് ഷോപ്പിലേക്ക് പോയില്ലേ.” രാവിലേ വീട്ടിലേക്ക് വന്ന അനന്തുവേട്ടൻ ചോദിച്ചു.

“അത്..”

“നീ വാ..ഞാൻ കൊണ്ടാക്കാം.”

“വേണ്ട അനന്തുവേട്ടാ..സ്റ്റാഫൊക്കെ കേൾക്കെയാണ് അവൻ എന്നെയും ഏട്ടനെയും ചേർത്ത്.”

“അതുകൊണ്ട്..എത്ര ദിവസം നീ ഇങ്ങനെ പേടിച്ചിരിക്കും. നീ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിനാ ഇങ്ങനെ പേടിക്കുന്നെ..ഇറങ്ങി വാ..”

“ചെല്ല് മോളെ..” അച്ഛനും അമ്മയും കൂടി പറഞ്ഞപ്പോൾ ഞാൻ ഏട്ടനോടൊപ്പം പോയി.

“ഞാൻ അവനെയൊന്ന് കണ്ടിട്ട് വരാം.” എന്നെ ഷോപ്പിൽ ആക്കിയിട്ട് ഏട്ടൻ സൂരജിനെ കണാൻ പോയി.

കുറച്ചു കഴിഞ്ഞപ്പോൾ ആതി വന്നു. ഞാൻ പേടിയോടെ അനന്തുവേട്ടൻ സൂരജിനെ കാണാൻ പോയ കാര്യം പറഞ്ഞു.

“ചേച്ചി എന്തിനാ പേടിക്കുന്നെ..ഏട്ടനിങ്ങ് വരും.” അവൾ നിസാരമായി പറഞ്ഞു.

ഉച്ച കഴിഞ്ഞാണ് ഏട്ടൻ വന്നത്.

“ഇനി നിനക്ക് അവന്റെ ശല്യം ഉണ്ടാകില്ല. കൊടുക്കേണ്ടത് ഞാൻ കൊടുത്തിട്ടുണ്ട്.
എഴുന്നേൽക്കാൻ കുറച്ചു ദിവസം പിടിക്കും.”

പിറ്റേന്ന് ഞാൻ ഹോസ്പിറ്റലിൽ പോയി സൂരജിനെ കണ്ടു. അവന്റെ രണ്ട് കാലും ഒരു കൈയ്യും ഒടിഞ്ഞിട്ടുണ്ട്. അവന്റെ അമ്മയാണ് കൂടെ. അവരെ ഞാൻ ആദ്യമായാണ് നേരിട്ട് കാണുന്നത്. ഫോട്ടോയിൽ മാത്രമേ കണ്ടിട്ടുള്ളു. സൂരജിന് കുടുംബവുമായൊന്നും ഒരു ബന്ധവും ഉണ്ടായിരുന്നില്ല. എന്നിട്ടും അവനൊരു അപകടം ഉണ്ടായപ്പോൾ അവന്റെ അമ്മ തന്നെ വേണ്ടി വന്നു.

എന്നെ കണ്ടതും അവൻ പ്രതീക്ഷയോടെ എന്നെ നോക്കി.

“സൂരജ്, നീയും ഞാനുമായുള്ള എല്ലാ ബന്ധവും അവസിനിപ്പിച്ചാണ് ഞാൻ അവിടുന്ന് ഇറങ്ങിയത്. അന്ന് നീ എന്നെ കൊ- ല്ലാൻ നോക്കി. അത് ഞാൻ ക്ഷമിച്ചു. പിന്നെയും നീ എന്നെ ഉപദ്രവിക്കാൻ നോക്കിയതിനുളള ശിക്ഷയാണ് നീ ഇപ്പോ അനുഭവിക്കുന്നത്. ഇനി നീയെന്റെ പുറകെ വരരുത്. വന്നാൽ ഞാനോ നീയോ..ആരെങ്കിലും ഒരാളെ ജീവനോടെ ഉണ്ടാകു. മറ്റെയാൾ ജയിലിലായിരിക്കും.”

ഞാൻ തിരിഞ്ഞു നടന്നു.

“നിനക്ക് എന്നോട് ഒരിക്കൽ കൂടി ക്ഷമിക്കാൻ പറ്റോ.”

സൂരജിന്റെ ചോദ്യം കേട്ട് ഞാൻ തിരിഞ്ഞു നോക്കി. അവന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.

“എനിക്കതിന് ഇനി ഒരിക്കലും കഴിയില്ല.”

അവന്റെ മറുപടിക്ക് നിൽക്കാതെ ഇറങ്ങി നടന്നു.

ദിവസങ്ങൾ കഴിഞ്ഞു പോയി. വീട്ടുകാർ പതിയെ എന്റെ വിവാഹക്കാര്യം സംസാരിച്ചു തുടങ്ങി. വരൻ എന്നെ ചികിത്സിച്ച ആയൂർവ്വേദ ഡോക്ടർ.ജയകൃഷ്ണൻ. എന്നെ പറ്റി എല്ലാം അറിഞ്ഞിട്ടു തന്നെയാണ് പുള്ളി ആലോചനയുമായി വന്നത്.

ജാതകദോശം കാരണം ഇതുവരെയും വിവാഹം നടന്നില്ല. എന്റേ ജാതകവുമായി നല്ല ചേർച്ചയാണത്രേ.

എല്ലാവരും കൂടി നിർബന്ധിച്ചപ്പോൾ പേടിയോടെയാണെങ്കിലും ഞാൻ സമ്മതിച്ചു.

ചെറിയ രീതിയിലാണ് വിവാഹം നടന്നത്. എനിക്ക് ഷോപ്പിലേക്ക് പോകാനുള്ള സൗകര്യത്തിന് പുള്ളിയും എന്നോടൊപ്പം എന്റെ വീട്ടിൽ താമസമാക്കി. അതിനൊന്നും പുള്ളിക്കോ വീട്ടുകാർക്കോ പ്രശ്നവും ഇല്ലായിരുന്നു.

രാവിലെ തൂമ്പയും എടുത്ത് പാടത്തേക്ക് ഇറങ്ങും. അതുകഴിഞ്ഞാണ് ഹോസ്പിറ്റലിലേക്ക് പോകുന്നത്. ജിമ്മിൽ പോകുന്നതിനേക്കാളും നല്ല വ്യായാമം ഇതാണെന്നാണ് പറയുന്നത്.

ദാമ്പത്യത്തിന്റെ കൈയ്പ്പ് മാത്രമല്ല, അതിന്റെ മധുരവും ഞാനിന്ന് അറിയുന്നുണ്ട്. ഇപ്പോ ഞങ്ങളുടെ ആദ്യത്തെ കൺമണിയെ കാത്തിരിക്കുന്നു. അതിന് നന്ദി പറയേണ്ടത് ഞാൻ ചെയ്ത തെറ്റുകളൊക്കെ ക്ഷമിച്ച് എന്റെ കൂടെ നിന്ന എന്റെ അച്ഛനോടും അമ്മയോടും ആതിയോടും അനന്തുവേട്ടനോടും ആണ്…

Scroll to Top