കേട്ടത് വിശ്വസിക്കാൻ വയ്യ. വെറുതെ തമാശ പറയുകയാണോ, അങ്ങനെ ഒന്നും…

സ്നേഹം
എഴുത്ത്: അമ്മു സന്തോഷ്
~~~~~~~~~~~~~~

രാത്രി ഒരു പാട് വളർന്നു. അവൻ വീണ്ടും ആ ഫോട്ടോഗ്രാഫിലേക്ക് നോക്കി കൊണ്ടിരുന്നു

അന്ന് വാട്സാപ്പിൽ വന്ന ഫോട്ടോയാണ്
ആ നമ്പർ തനിക്ക് അറിയില്ല
ആരാണെന്നും അറിഞ്ഞൂടാ

പക്ഷെ ഫോട്ടോയിലുള്ളത് തന്റെ എല്ലാമെല്ലാമാണ്.

തന്റെ കാമുകി, തന്റെ ഭാര്യ, തന്റെ മോളുടെ അമ്മ. അവൾക്ക് വേണ്ടിയാണ് ഈ മരുഭൂമിയിലെത്തിയത്

ഒരു മോളല്ലേ ഏട്ടാ നമുക്ക് കുറച്ചു കൂടെ സൗകര്യം വേണം എന്നുള്ള നിർബന്ധം

ഞാനും ജോലിക്ക് പോകാം. നല്ല ഒരു വീട് വേണം നമുക്ക്.

ഉത്സാഹിയായിരുന്നു. മിടുക്കിയായിരുന്നു. പത്തു വർഷത്തെ പ്രണയം ആയിരുന്നു

ഒടുവിൽ വിവാഹം. പിന്നെ അഞ്ചു വർഷം. മോൾക്ക് നാലു വയസ്സ്

അവനുള്ളിൽ തീ കത്തി തുടങ്ങി

ആരോടു ചോദിച്ചു നോക്കും. അമ്മ, ഏട്ടൻ, അച്ഛൻ

എങ്ങനെ ചോദിക്കും? ദൈവമേ

ഒടുവിൽ അവളോട് തന്നെ ചോദിക്കാൻ ഉറച്ചു

“അത് ഗിരീഷ് ആണ്. എന്റെ കൂടെ വർക്ക്‌ ചെയ്യുന്ന ആളാണ്. കഴിഞ്ഞ ആറുമാസമായി പ്രണയത്തിലാണ്. ഒന്നും തോന്നരുത് എനിക്ക് അവനില്ലാതെ ജീവിക്കാൻ പറ്റില്ല “

കേട്ടത് വിശ്വസിക്കാൻ വയ്യ. വെറുതെ തമാശ പറയുകയാണോ? അങ്ങനെ ഒന്നും അവള് പറയില്ല

ആറു മാസമായേ ഉള്ളു ലീവിൽ വന്നു പോയിട്ട്. എന്തൊരു കരച്ചിൽ ആയിരുന്നു

തന്നെ ഇടം വലം തിരിയാൻ അനുവദിച്ചിട്ടില്ല. അവൾക്ക് ഇങ്ങനെ ഒന്നും പറയാൻ കഴിയില്ലതന്നെ കബളിപ്പിക്കാൻ പറയുന്നതാണ്

പിന്നെ കൂട്ടുകാർ വിളിച്ചു.

അവരും ഓരോന്ന് പറഞ്ഞു..
അച്ഛൻ, അമ്മ, ഏട്ടൻ

കൈ വിട്ട് പോയി മോനെ എന്ന് അമ്മ കരഞ്ഞു.

എമർജൻസി ലീവിൽ നാട്ടിൽ എത്തി

തന്നെ കണ്ടപ്പോൾ ഒട്ടും കൂസലില്ല

“ഏട്ടാ എനിക്ക് പോകണം ഞങ്ങൾ ഇപ്പൊ ഭാര്യ ഭർത്താക്കന്മാരെ പോലെ ആയി. ഇനി എനിക്ക് ഏട്ടന്റെ കൂടെ പഴയ പവിത്ര ആയിട്ട് ജീവിക്കാൻ കഴിയില്ല “

നെഞ്ച് പൊട്ടി കരഞ്ഞു പോയി

അവളുടെ മുന്നിൽ തൊഴുകൈയോട് നിന്നു കരഞ്ഞു

“പോകല്ലെടി മുത്തേ നമ്മുടെ മോളെ ഓർത്തു പോകല്ലേ “

ആ മുഖം കല്പിച്ചു കിടന്നു

അവനെയും ചെന്നു കണ്ടു

“ഒരു കുടുംബം തകർക്കരുത് അനിയാ എനിക്ക് ഒരു മോളുണ്ട് ദയവ് ചെയ്തു അവളെ കൊണ്ട് പോകരുത് “

അവൻ പരിഹാസത്തിൽ ചിരിച്ചു

“നിങ്ങളിൽ നിന്ന് കിട്ടാത്തത് എന്നിൽ നിന്ന് കിട്ടിയത് കൊണ്ടാണല്ലോ അവള് വരുന്നത് നിങ്ങൾക്ക് കഴിവില്ലാത്ത കാലത്തോളം ഞാനല്ലെങ്കിൽ വേറെ ഒരുത്തന്റെ കൂടെ അവള് പോകും “

ഒന്നും പറയാതെ ഇറങ്ങി
കഴിവ്?

എന്താണ് സ്ത്രീകൾ ആഗ്രഹിക്കുന്ന ആ പുരുഷന്റെ കഴിവ്!

അത് മനസ്സിലാക്കിയാലും സംതൃപ്തി പ്പെടുത്തിയാലും പോകുന്ന സ്ത്രീകൾ

തന്റെ പവിത്ര തന്നിൽ സംതൃപ്തയായിരുന്നു. അത് മനസിലാക്കാൻ ഒരു പുരുഷന് കഴിയും. തനിക്കും കഴിഞ്ഞിരുന്നു

ഈ ആറു മാസത്തെ വിരഹം അവളെ മറ്റൊരുവനിലേക്ക് ആകർഷിച്ചെങ്കിൽ അവൾ എപ്പോഴാണ് തന്നെ സ്നേഹിച്ചത്

അവൾ പോകും

നാളെ മുതൽ ഈ നാട്ടിൽ താൻ ഭാര്യ ഉപേക്ഷിച്ചു പോയ കഴിവ് കെട്ട ഒരാണാണ്

മറ്റുള്ളവർക്ക് പരിഹസിക്കാൻ ഉള്ള ഒരു കോമാളി

അങ്ങനെ ജീവിച്ചിരിക്കാനോ?

ദൈവമേ ഈ പതിനഞ്ചു വർഷങ്ങൾ താൻ അവൾക്ക് കൊടുത്ത സ്നേഹത്തേക്കാൾ വലുതാണോ ആറു മാസത്തെ അവന്റെ സ്നേഹം?

അവൾ അവന്റെ കൂടെ ജീവിക്കാൻ പോകുന്നത് തന്റെ കണ്മുന്നിൽ ആണ്

എങ്ങനെ താനും തന്റെ കുടുംബവും അതിനെ ഫേസ് ചെയ്യും

അവൻ ബസിൽ കയറി എങ്ങോട്ടെന്നില്ലാതെ സഞ്ചരിച്ചു. രാത്രിയോട് കൂടി തിരിച്ചു വരുമ്പോൾ  വഴിയിൽ ബസ് ബ്ലോക്ക് നിന്നു. ബ്ലോക്ക്. ആണെന്ന് ആരോ പറയുന്നു.ഒരു വീടിന്റെ മുന്നിൽ ഒരാൾക്കൂട്ടം

നടുറോഡിൽ ഒരു യുവതി പെട്രോളിൽ കുളിച്ചു നിൽക്കുന്നു. അവൻ അവിടെയിറങ്ങി. ബസ് എങ്ങനെയോ പോയി

“എന്താ സംഭവം?”

അവൻ ഒരാളോട് ചോദിച്ചു

“ഈ കൊച്ചിന്റെ ഭർത്താവിന്റെ വീടാ ഇത്.ഇന്നലെ രാവിലെ ഒരുത്തി വന്നു ഭാര്യ ആണെന്ന് പറഞ്ഞു കൂടെ താമസം തുടങ്ങി. ഭർത്താവ് അതിന് സപ്പോർട്ട്. പ്രേമിച്ചു കല്യാണം കഴിച്ചതാണെന്നെ. അതിന്റെ വീട്ടുകാർ ഒന്നുമില്ല അതിന് സഹായത്തിന്. അത് ദേ ചാകാൻ പെട്രോൾ ഒഴിച്ചു നിൽക്കുവാ. പോലീസിനെ വിളിച്ചിട്ടുണ്ട്
അത് വരെ നിൽക്കുമോ ആവോ?”

അവൾ തീപ്പെട്ടി ഉരയ്ക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. നനഞ്ഞു പോയത് കൊണ്ട് അത് കത്തുന്നില്ല

അത് താൻ അല്ലെ? അയാൾക്ക് തോന്നി

ഇതേ വേദന താനും അനുഭവിച്ചു കൊണ്ടിരിക്കുകയല്ലേ?

ഏതൊരു പ്രേരണയില്ലെന്നറിയില്ല
അയാൾ ഓടി ചെന്നവരെ മുറുകെ കെട്ടിപിടിച്ചു

അമ്പരന്നു പോയ യുവതി അയാളെ തള്ളി മാറ്റാൻ ശ്രമിച്ചു

അയാൾ ആ പിടിത്തം വിട്ടില്ല

“സഹോദരി നിങ്ങളുടെ അതേ അവസ്ഥ ആണ് എനിക്ക്. എനിക്ക് പക്ഷെ മരിക്കാൻ പേടിയാണ്. നിങ്ങൾ കത്തിക്ക് ഒന്നിച്ചു മരിക്കാം “

അവളുടെ കാതിൽ അയാൾ പറഞ്ഞു

അവൾ പതറി പോയി. ഒരു ജീവനെ കൂടെ കത്തിച്ചു കളയാൻ വയ്യാന്നു തോന്നിയിട്ടാണോ എന്തോ അവൾ തളർന്നു നിന്നു

പോലീസ് വന്നു

രണ്ടു പേരെയും സ്റ്റേഷനിൽ കൊണ്ട് പോയി

ആ- ത്മഹത്യാ ശ്രമത്തിന് അവളുടെ പേരില് കേസ്‌ എടുത്തു

അവളെ രക്ഷിക്കാൻ ശ്രമിച്ചതാണ് എന്ന് അവൾ മൊഴി നൽകിയത് കൊണ്ട് അവനെ വിട്ടു

“ജാമ്യം എടുക്കാൻ ആരെങ്കിലും വരുമോ??”

“ഇല്ല സ്റ്റേഷൻ ജാമ്യത്തിൽ വിടില്ല എന്നാ പറയുന്നത് “

അവൻ തന്നെ അത് ഏർപ്പാട് ചെയ്തു കൊടുത്തു

രാത്രി ഒരുപാടായി

എങ്ങോട്ട് പോകുമെന്ന് അറിയാതെ അവൾ റോഡിൽ നിൽക്കുന്നത് കണ്ടു അവൻ അരികിൽ ചെന്നു

“ഈ വേഷം ഒക്കെ മാറ്റണ്ടേ ഒക്കെ പെട്രോൾ മണമാണ്. ഇനിം വല്ലോം തോന്നിയാലോ “

അവൾ അയാളെ നോക്കി

“നിങ്ങൾ അന്നേരം എന്നോട് പറഞ്ഞത് സത്യമാണോ? നിങ്ങളും എന്റെ അവസ്ഥ യിൽ ആണോ?”

“അതേ സിസ്റ്ററേ. എന്റെ ഭാര്യ ഇപ്പൊ ഇറങ്ങി പോയിട്ടുണ്ടാവും. ഞാനും ഒത്തിരി കാല് പിടിച്ചു നോക്കി. അവളുടെ കാമുകനോടും സംസാരിച്ചു നോക്കി. രക്ഷ ഇല്ല. ഏതെങ്കിലും ട്രെയിനിനു തല വെയ്ക്കാൻ ആയിരുന്നു ആഗ്രഹം. പക്ഷെ പേടിയാ.. ജീവിക്കാൻ ആഗ്രഹവും ഇല്ല. വല്ലാത്ത ഒരു അവസ്ഥ അല്ലെ?”

അവൾ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അയാളെ നോക്കി

ആറു വർഷം സ്നേഹിച്ചവനാണ് ഇന്നലെ ഇറങ്ങി പോടീ എന്ന് ആക്രോശിച്ചത്ഇവളുടെ കൂടെയാ ഞാനിനി ജീവിക്കാൻ പോണത് നീ എന്ത് ചെയ്യുമെടി എന്ന് അലറിയത്

തലേന്ന് രാത്രി കൂടെ ഒന്നിച്ചു കിടന്നവരാണ്. ഒരു വാക്ക് പറഞ്ഞില്ല. ഒരു സംശയം തോന്നിയില്ല. വിദഗ്‌ധമായി പറ്റിച്ചു. സഹിക്കാൻ കഴിഞ്ഞില്ല. മരിക്കാൻ തീരുമാനിച്ചു

അയാൾ കാണട്ടെ കത്തി തീരുന്നത്

“അവർ ആഗ്രഹിക്കുന്നതും നമ്മുടെ മരണം ആയിരിക്കും. അവർ ആഗ്രഹിക്കുന്ന ആ ഒരു കാര്യം മാത്രം നടക്കേണ്ട. നമുക്ക് ജീവിക്കാമെടോ. തനിക്ക് ജോലി വല്ലോമുണ്ടോ?”

“ഉണ്ട്. ട്രെഷറിയിൽ ക്‌ളാർക്ക് ആണ് “

“അത് ശരി ഗവണ്മെന്റ് ജോലിയുണ്ട്. പിന്നെ ഭ്രാന്ത് ആണോടോ ഇവനൊക്കെ വേണ്ടി ചാവാൻ? അന്തസ്സായി ജീവിച്ചു കാണിക്കടോ “

അവന് പെട്ടെന്ന് അതിശയം തോന്നി

താൻ തന്നെ ആണോ ഇത് പറയുന്നത്?

ഇത് താൻ തന്നോട് പറയേണ്ടത് അല്ലെ?

“എന്റെ വീട് അടുത്ത സ്റ്റോപ്പിലാ. അങ്ങോട്ട് ഇന്ന് വരുന്നോ? നാളെ ഒരു ഹോസ്റ്റലിൽ താമസം നോക്കിയാലോ?”

ഒരു ദിവസം കൊണ്ട് ആരൊക്കെയോ ആകുന്നവർ

ജീവിതം മാറ്റിക്കളയുന്നവർ

അവൾ അവന്റെ ഒപ്പം നടന്നു
“തന്റെ പേരെന്താ?”

“ജെസ്സി “

“ആ “

വീടെത്തി

മരണവീട് പോലെ മൂകം

“മോനെ അവൾ പോയി. കൊച്ചിനെ കൊണ്ട് പോയിട്ടില്ല. ഭാഗ്യം “

അവൻ കൂടെ വന്നവളെ മുന്നിലേക്ക് നിർത്തി

“ഇതെന്താ ഒരു നാറ്റം. അയ്യോ പെട്രോൾ”

അമ്മ ഉറക്കെ കിടന്നു ബഹളം വെച്ചു

“അമ്മേ പ്ലീസ് എല്ലാം പറയാം. ആദ്യമിവൾക്ക് ഉടുത്തു മാറാൻ എന്തെങ്കിലും കൊടുക്കണം “

പിന്നെ രാത്രി അവൾ അവളെ കുറിച്ചുള്ളതെല്ലാം പറഞ്ഞു അവൻ അവനെക്കുറിച്ചുള്ളതെല്ലാം പറഞ്ഞു

പറഞ്ഞു പറഞ്ഞു നേരം വെളുത്തു

പിന്നെയും ഒരാഴ്ച കൂടെ അവൾ അവിടെ കഴിഞ്ഞു

“അത് ശരി ഇവന് വേറെ ബന്ധം ഉണ്ടായിരുന്നു കേട്ടോ അത് കൊണ്ടാ ഭാര്യ ഇറങ്ങി പോയത്. ‘”

നാട്ടുകാർ അടക്കം പറഞ്ഞു

ചോദിച്ചവരോട് അത് അങ്ങ് സമ്മതിച്ചു കൊടുത്തു

അവളുടെ ഓഫീസിനടുത്തുള്ള ഹോസ്റ്റലിൽ അവൻ തന്നെയാണ് കൊണ്ട് പോയി ആക്കിയത്

“ഇവിടെ മടുക്കുമ്പോൾ ഇടക്ക് വീട്ടിൽ വരണം. ഞാൻ ചിലപ്പോൾ അടുത്ത മാസം അങ്ങ് തിരിച്ചു പോകും. എന്നാലും ബാക്കി എല്ലാരും കാണും “

അടുത്ത മാസം പോകുന്നതിനു മുൻപ് അവൻ യാത്ര ചോദിക്കാൻ ചെന്നു

“പോകാതെ ഇരുന്നു കൂടെ?”

“ഒത്തിരി കടമുണ്ട് കുട്ടി. പോകണം “

“ഗവണ്മെന്റ് ജീവനക്കാർക്ക് ലോൺ കിട്ടാൻ എളുപ്പമാണ്. കടമായിട്ട് മതി. പതിയെ തിരിച്ചു തന്നാ മതി “

“അതൊന്നും വേണ്ട “

അവന്റെ ശബ്ദം ഒന്നിടറി

“സ്നേഹം എനിക്ക് പേടിയാ ഇപ്പൊ “

“എനിക്ക് സ്നേഹം ഒന്നുമില്ല. പേടിക്കണ്ട “

അവൾ പെട്ടെന്ന് പറഞ്ഞു

“നമുക്ക് കൈ കോർത്തു പിടിച്ച് നമ്മളെ ചതിച്ചവരുടെ മുന്നിലൂടെ ഒരു തവണ നടക്കണം എന്നിട്ട് വേണേൽ പൊയ്ക്കോ “

ആ മുഖം ഉറച്ചിരുന്നു

അവൻ ഒന്ന് പതറി

“അതൊക്കെ വേണോ?”

“ആക്ടിങ് ആണെന്ന് അവർ അറിയണ്ട.”

അങ്ങനെ ഒരു ശനിയാഴ്ച അവർ ഇറങ്ങി. അത് കണ്ട മറ്റവരുടെ ഭാവഭേദങ്ങൾ കണ്ട് ആസ്വദിച്ചു

“പരിപാടി കൊള്ളാം ഒരു സുഖം ഉണ്ട് “

വഴിയിലെ തട്ട് കടയിൽ നിന്ന് ഒരു ചായ കുടിക്കുമ്പോൾ അവൻ പറഞ്ഞു

പെട്ടെന്ന് ഒരു ബസ് അവൾക്ക് അരികിലൂടെ കടന്നു പോയപ്പോൾ ഒറ്റ വലിക്ക് അവളെ ചേർത്ത് പിടിച്ചു അയാൾ

അറിയാതെ ചെയ്തു പോയതായിരുന്നു അത്

“ചായ മുഴുവൻ ഷർട്ടിൽ വീണല്ലോ ശൊ “

അവൾ തുടച്ചു

“പെട്രോളിനെക്കാൾ നല്ലതാടോ “

അവൻ ചിരിയോടെ പറഞ്ഞു

ഒരു നിമിഷം നോക്കി നിന്നിട്ട് അവൾ പൊട്ടിച്ചിരിച്ചു പോയി

ചിരി

ഏറെക്കാലം കൂടി അവരെ പൊതിഞ്ഞു

പിന്നെ ആരെയും കാണിക്കാൻ അല്ലാതെ അവർ കൈകൾ കോർത്തു പിടിച്ചു

നിരത്തിലൂടെ നടന്നു

ആ നേരം അവന് സ്നേഹത്തെ പേടിയില്ലാതെയായി…

വീണ്ടും സ്നേഹം അവന്റെയുള്ളിലേക്ക് മഴ പോലെ പെയ്തു തുടങ്ങി

ഒന്നും ഒന്നിന്റെയും അവസാനമല്ലന്നെ

പ്രത്യേകിച്ച് സ്നേഹം

സ്നേഹം നമ്മെ തേടി വരും

കുറച്ചു കാത്തിരിക്കണമെന്ന് മാത്രം

അതിന് മുൻപ് മരിച്ചു കളഞ്ഞേക്കാമെന്ന് കരുതിയേക്കരുത്

സ്നേഹം വരും

കാരണം അത് സത്യമാണ്. അത് മാത്രേയുള്ളു സത്യം

Based on a true story
-അമ്മു