നാട്ടുകാർ എന്തെങ്കിലും പറയുമെന്നുള്ള പേടികൊണ്ട് മനസ്സില്ലാ മനസ്സോടെ പാർവതിയുടെ…

ഇഷ്ടം

എഴുത്ത്: ദേവാംശി ദേവ

വിശ്വ കതിർമണ്ഡപത്തിൽ ഇരിക്കുന്ന പാർവതിയെ നോക്കി.

വിലകൂടിയ വിവാഹസാരിയിൽ നിരയെ ആഭരണങ്ങൾ അണിഞ്ഞ് അതി സുന്ദരിയായി ഇരിക്കുന്നു. എന്നാൽ വിശ്വയുടെ കണ്ണിൽ അവൾക്കൊരു സൗന്ദര്യവും ഉണ്ടായിരുന്നില്ല.

വിശ്വയുടെ അമ്മയുടെ സഹോദരന്റെ ഏക മകളാണ് പാർവതി. മുത്തശ്ശൻ ജീവിച്ചിരുന്ന സമയത്ത് അത്യാവശ്യം നല്ല രീതിയിൽ തന്നെയാണ് വിശ്വയുടെ അമ്മയുടെ വിവാഹം നടത്തിയത്. കാശിന്റെ ബുദ്ധിമുട്ട് ഒഴിച്ചു നിർത്തിയാൽ വളരെ സന്തോഷത്തോടെയാണ് അവർ ജീവിച്ചിരുന്നത്.

ആദ്യമൊക്കെ വിശ്വയുടെ അമ്മയും പാർവതിയുടെ അച്ഛനും തമ്മിൽ നല്ല സ്നേഹത്തിൽ ആയിരുന്നു. വിവാഹം കഴിഞ്ഞതോടെ പാർവതിയുടെ അച്ഛന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങി. ആദ്യം മുത്തശ്ശനും പിന്നീട്‌ മുത്തശ്ശിയും മരിച്ചതോടെ അയാൾ ഒരേയൊരു കൂടപിറപ്പിനെ പൂർണമായും മറന്നു.

വിശ്വക്ക് ഏഴ് വയസ്സുളളപ്പോഴായിരുന്നു അവന്റെ അച്ഛൻ അറ്റാക്ക് വന്ന് മരിക്കുന്നത്. അച്ഛന് മറ്റ് സമ്പാദ്യങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നതുകൊണ്ട് അവനും അവന്റെ അമ്മയുമൊരു ഭാരമാകുമോ എന്ന് പേടിച്ച് അച്ഛന്റെ വീട്ടുകാർ അവരെ പാർവതിയുടെ അച്ഛന്റെ അടുത്തേക്ക് കൊണ്ടാക്കി.

നാട്ടുകാർ എന്തെങ്കിലും പറയുമെന്നുള്ള പേടികൊണ്ട് മനസ്സില്ലാ മനസ്സോടെ പാർവതിയുടെ അച്ഛനും അമ്മയും അവരെ സീകരിച്ചു. പാർവതിക്കന്ന് നാല് വയസ്സാണ്.

വിശ്വയുടെ അമ്മ അന്നുമുതൽ അവിടുത്തെ ശമ്പളമില്ലാത്ത അടുക്കളക്കാരിയായി. വിശ്വയുടെ അവസ്ഥയും മറിച്ചായിരുന്നില്ല.

നല്ലൊരു വസ്ത്രം പോലും വിശ്വക്ക് ഉണ്ടായിരുന്നില്ല. ഓരോ വർഷവും പാർവതി ഉപയോഗിച്ചതിന്റെ ബാക്കി നോട്ട് ബുക്കുകളായിരുന്നു അടുത്ത വർഷം വിശ്വക്ക് കിട്ടിയിരുന്നത്. എങ്കിലും അവൻ പഠിക്കാൻ മിടുക്കനായിരുന്നു.

അമ്മാവനോ അമ്മായിയൊ പാർവതിയോ പോലും അവരോട് മിണ്ടില്ലായിരുന്നു.

പത്താം ക്ലാസ് നല്ല മാർക്കോടെ പാസായവനെ തുടർന്ന് പഠിപ്പിക്കാൻ പറ്റില്ലെന്ന് പാർവതിയുടെ അമ്മ ഉറപ്പിച്ചു പറഞ്ഞു. ഏതെങ്കിലും വീട്ടിൽ പോയി അടുക്കളപണി ചെയ്തിട്ടാണെങ്കിലും അവനെ പഠിപ്പിക്കുമെന്ന് വിശ്വയുടെ അമ്മയും പറഞ്ഞു.

നാട്ടിൽ തലയെടുപ്പോടെ നിൽക്കുന്ന തറവാട് ആയതുകൊണ്ട് തന്നെ സഹോദരി മറ്റൊരു വീട്ടിൽ അടുക്കളപണിക്ക് പോകുന്നത് അയാൾക്ക് അപമാനമായി തോന്നി. അതുകൊണ്ട് തന്നെ ഇഷ്ടക്കേടോടെ ആണെങ്കിലും അവനെ പഠിപ്പിക്കാൻ തീരുമാനിച്ചു.

പ്ലസ് ടു കഴിഞ്ഞതോടെ വിശ്വ ചെറിയ ചെറിയ ജോലിക്ക് പോയാണ് തുടർന്ന് പഠിച്ചത്. ഡിഗ്രി കഴിഞ്ഞതും ചെറിയൊരു ജോലി സ്വന്തമാക്കി ഒരു വാടക വീട്ടിലേക്ക് അവൻ അമ്മയെയും കൊണ്ട് മാറി. പിന്നീട്‌ പഠിച്ച് ഗവർമെന്റ് ജോലിയും നേടി.

എൻട്രൻസ് കിട്ടാത്തതുകൊണ്ട് ലക്ഷങ്ങൾ മുടക്കി പാർവതിക്ക് അച്ഛൻ മെഡിസിന് സീറ്റ് നേടി കൊടുത്തു.
അവൾ പഠിച്ച് ഡോക്ടറായി..ഒരു ഡോക്ടറെ തന്നെ അവൾക്ക് കണ്ടെത്തുകയും ചെയ്തു.

ടൗണിലെ ഏറ്റവും വലിയ ഓഡിറ്റോറിയമായിരുന്നു വിവാഹത്തിന് ബുക് ചെയ്തത്..നാട്ടുകാർ മൊത്തം എത്തിയിട്ടുണ്ട്. ആ കൂട്ടത്തിൽ വിശ്വയും അമ്മയും…വിശ്വക്ക് ഇഷ്ടമുണ്ടയിട്ടല്ല..അമ്മയുടെ നിർബന്ധം കൊണ്ടാണ് വന്നത്.

മുഹൂർത്ത സമയമായപ്പോഴാണ് സംഭവം ആകെ മാറിയത്. വരൻ അവന്റെ കാമുകിയോടൊപ്പം ഒളിച്ചോടി.


“മോൻ ഒന്നും പറഞ്ഞില്ല.”

വിശ്വ അയാളുടെ മുഖത്തേക്ക് നോക്കി.

സ്വന്തം സഹോദരിയുടെ മകനായിട്ട് പോലും ആദ്യമായാണ് മോനെ എന്നൊന്ന് വിളിക്കുന്നത്.

“ഞങ്ങൾക്ക് സമ്മതമാണ് ഏട്ടാ..മുഹൂർത്ത സമയത്ത് തന്നെ പാറു മോളുടെ കഴുത്തിൽ വിശ്വ താലി കെട്ടും.”

അവൻ ദേഷ്യത്തോടെ അമ്മയെ നോക്കി.

“അമ്മയൊന്ന് വന്നേ.” അവരുടെ കൈയ്യും പിടിച്ച് അവൻ അല്പം മാറി നിന്നു.

“അമ്മ എന്താ പറയുന്നെ..അവളെ പോലെ ഒരു അഹങ്കാരിയെ ഞാൻ കേട്ടാനോ..അവളുടെ അച്ഛനും അമ്മയും നമ്മളോട് ചെയ്തതൊക്കെ അമ്മ മറന്നുപോയോ.”

“ഒന്നും മറന്നിട്ടില്ല മോനെ..പക്ഷെ നീ ഒന്നോർക്കണം. നിന്റെ അച്ഛൻ മരിച്ച് ആരും ഇല്ലാതെ നടു തെരുവിൽ നിന്ന നമ്മളെ വിളിച്ച് വീട്ടിലേക്ക് കയറ്റാൻ അവരെ ഉണ്ടായിരുന്നുള്ളു.”

“അതിനൊക്കെ എല്ലുമുറിയെ നമ്മൾ പണിയെടുത്തിട്ടുമുണ്ട്.”

“വിശ്വ..തിന്ന ചോറിനു നന്ദി കാണിക്കാനുള്ള സമയമാണെന്ന് കരുതിയാൽ മതി. അമ്മയുടെ വാക്കിനു എന്തെങ്കിലും വില നൽകുന്നുണ്ടെങ്കിൽ നീ ഈ വിവാഹത്തിന് സമ്മതിക്കണം.”

പിന്നീട് അവനൊന്നും പറയാൻ കഴിഞ്ഞില്ല.

മുഹൂർത്ത സമയത്തു തന്നെ വിശ്വ അവളുടെ കഴുത്തിൽ താലി കെട്ടി.

“നാളെയോ മറ്റന്നാളോ സൗകര്യം പോലെ നമുക്കൊരു റിസപ്ഷൻ വയ്ക്കാം.” കാറിലേക്ക് കയറാൻ നേരം പാർവതിയുടെ അമ്മ പറഞ്ഞു.

“അതിന്റെ ആവശ്യം ഇല്ല..എന്റെ ജീവിത സാഹചര്യങ്ങൾക്കനുസരിച്ച് ജീവിക്കാൻ പറ്റുമെങ്കിൽ മാത്രം ഇവൾ എന്റെ ഭാര്യയായി എന്റെ കൂടെ വന്നാൽ മതി. ഇല്ലെങ്കിൽ നിങ്ങൾക്ക് കൊണ്ട് പോകാം.”
ദേഷ്യത്തോടെ തന്നെ അവൻ പറഞ്ഞു. ഒന്നും മിണ്ടാതെ പാർവതി കാറിലേക്ക് കയറി.

രാത്രി സെറ്റും മുണ്ടും ഉടുത്ത് മുല്ലപ്പൂവും ചൂടി കൈയ്യിലൊരു ഗ്ലാസ്സ് പാലുമായി റൂമിലേക്ക് വന്ന അവളെ അവൻ പുച്ഛത്തോടെ നോക്കി.

“എനിക്ക് നിന്നെ ഭാര്യയായി കാണാൻ പറ്റുമെന്നൊന്നും തോന്നുന്നില്ല. അതിന് ശ്രെമിക്കാം എന്നുമാത്രമെ ഇപ്പോ പറയാൻ പറ്റുള്ളു.

പിന്നെ നാളെ തന്നെ നിന്റെ ആഭരണങ്ങളൊക്കെ നിന്റെ വീട്ടിൽ കൊണ്ടുപോയി കൊടുത്തേക്കണം.”

അവൾ ഒന്നും മിണ്ടാതെ ഒരുബെഡ്ഷീറ്റെടുത്ത് നിലത്തു വിരിച്ച് കിടന്നു.

പിറ്റേ ദിവസം രാവിലെ കോളിംഗ് ബെൽ കേട്ടാണ് വിശ്വ കണ്ണ് തുറന്നത്. പാർവതി റൂമിൽ ഉണ്ടായിരുന്നില്ല.

വിശ്വ ചെന്ന് വാതിൽ തുറന്നു. പുറത്തു നിൽക്കുന്ന ആളെ കണ്ട് അവന് ദേഷ്യം വന്നു.

വിപിൻ..

പാർവതിയെ വിവാഹകം കഴിക്കേണ്ട ആൾ.

“നീ എന്താടാ ഇവിടെ.”

“ഞാനെന്റെ പെണ്ണിനെ കൊണ്ടുപോകാൻ വന്നതാ.”

“നിന്റെ പെണ്ണോ..എന്നിട്ടാണോടാ അവസാന നിമിഷം നീ ചെറ്റത്തരം കാണിച്ചത്.”

വിശ്വ അവന്റെ ഷർട്ടിൽ കുത്തി പിടിച്ചു.

“അതൊന്നും നിങ്ങൾ അറിയേണ്ട ആവശ്യമില്ല മിസ്റ്റർ വിശ്വ. നിങ്ങൾക്ക് പാറുവിനെ ഒരിക്കലും ഭാര്യയായി കാണാൻ കഴിയില്ലല്ലോ. കഷ്ടപ്പെട്ട് നിങ്ങൾ അതിനു വേണ്ടി ശ്രെമിക്കേണ്ട. അവളെ ഞാൻ കൊണ്ട് പൊയ്ക്കോളാം.”

വിശ്വയുടെ കൈ തട്ടി മാറ്റി വിപിൻ പറഞ്ഞു തീർന്നത്തും എവിടെ നിന്നോ റോക്കറ്റ് പോലെ പാഞ്ഞുവന്ന് പാർവതി, വിപിനിന്റെ നെഞ്ചോട് ചേർന്നു.

ഒരു ഞെട്ടലോടെ വിശ്വ അത് നോക്കി നിന്നു.

“പാറു..എന്താ മോളെ ഇതൊക്കെ…ഇവനെന്താ ഇവിടെ..”

വിശ്വയുടെ അമ്മ ചോദിച്ചു.

“ഞാനിവളെ കൊണ്ടുപോകാൻ വന്നതാ.”

“കൊണ്ടുപോകാനോ..ഇവളെന്റെ മോന്റെ ഭാര്യയാണ്.”

“വിശ്വേട്ടന്ന് എന്നെ ഇഷ്ടമല്ല അപ്പച്ചി. പിന്നെ ഞാനെന്തിനാ ഇവിടെ നിൽക്കുന്നത്.”

പാർവതിയുടെ മറുപടി കേട്ടതും അമ്മ അവനെ നോക്കി.

“ഞാൻ അങ്ങനെ പറഞ്ഞിട്ടില്ലമ്മേ. കുറച്ച് സമയാം വേണമെന്നേ പറഞ്ഞുള്ളു.”

“കുട്ടികാലം മുതലേ മനസ്സിൽ കൊണ്ടു നടന്ന പെണ്ണിനെ സ്നേഹിക്കാൻ ഇനിയും സമയം വേണോ വിശ്വ.”

വിപിനിന്റെ ചോദ്യം കേട്ടതും വിശ്വ ഞെട്ടലോടെ അവരെ നോക്കി.

കുട്ടികാലത്തെന്നോ മനസ്സിൽ തോന്നിയൊരു മോഹമാണ്. കിട്ടില്ലെന്ന് പൂർണ ബോധ്യമുള്ളത് കൊണ്ടുതന്നെ ആരും അറിയാതെ ഉള്ളിൽ തന്നെ മൂടി. അത് ഇവനെങ്ങനെ അറിഞ്ഞു എന്ന അത്ഭുതത്തോടെ വിശ്വ അവനെ നോക്കിയപ്പോൾ വിപിനും പാർവതിയും പൊട്ടിച്ചിരിച്ചു.

“വിശ്വ..ഞാനിവളുടെ ഫ്രണ്ട് ആണ്. കുട്ടികാലം മുതൽ ഞങ്ങൾ ഒരുമിച്ച് ഒരു ക്‌ളാസിൽ പഠിച്ചവരാണ്. പരസ്പരം ഞങ്ങൾ അറിയാത്ത ഒരു രഹസ്യവും ഞങ്ങളുടെ ജീവിതത്തിൽ ഇല്ല.

വിശ്വക്ക് പാറുവിനെ ഇഷ്ടമാണെന്ന് അവൾ എന്നെ മനസിലാക്കിയതാണ്.
അതിനേക്കാൾ എത്രയോ ഇരട്ടി ഇഷ്മാണ് അവൾക്ക് നിങ്ങളോട്. അത് മനസിലാക്കി നിങ്ങളെ തമ്മിൽ ഒരുമിപ്പിക്കാൻ ഞാൻ തന്നെ പറഞ്ഞു കൊടുത്ത വഴിയാണ് ഈ കല്യാണ നാടകം.”

വിശ്വ, വിശ്വസിക്കാനാകാതെ പാർവതിയെ നോക്കി.

“സത്യമാണ് വിശ്വേട്ടാ..എന്നുമുതലെന്ന് കൃത്യമായി അറിയാൻ കഴിയാത്ത പ്രായം മുതൽ ഇഷ്ടമായിരുന്നു എനിക്ക്.
വിശ്വേട്ടനും തിരിച്ചെന്നെ ഇഷ്ടമാണെന്ന് എനിക്ക് അറിയാമായിരിന്നു. അത് അച്ഛനോടും അമ്മയോടും തുറന്ന് പറഞ്ഞാൽ ഒരിക്കലും അവർ അതിന് സമ്മതിക്കില്ല. അവരുടെ സമ്മതത്തോടെ നമ്മുടെ വിവാഹം നടത്താൻ വേറെ വഴിയൊന്നും ഇല്ലായിരുന്നു.”

വിശ്വ ആദ്യം ദേഷ്യത്തോടെ അവളെ നോക്കി. പിന്നെ ആ ദേഷ്യമൊരു പുഞ്ചിരിയായി വിരിഞ്ഞു.

“അപ്പോ എങ്ങനെയാ..ഞാൻ ഇവളെ കൊണ്ടുപോയിക്കോട്ടെ..” വിപിൻ ചോദിച്ചു.

“അങ്ങനെ എന്റെ പെണ്ണിനെ ഞാൻ എങ്ങോട്ടും വിടുന്നില്ലെങ്കിലോ..”

അവളെ വലിച്ച് നെഞ്ചോട് ചേർത്തുകൊണ്ട് അവൻ പറഞ്ഞു.

സന്തോഷത്താൽ നിറഞ്ഞുവന്ന കണ്ണുകളോടെ വിശ്വയുടെ അമ്മ അവരെ നോക്കി.

Scroll to Top