എഴുത്ത്: ദേവാംശി ദേവ….
“ഹായ് ഫ്രണ്ട്‌സ്…ഞാൻ കാർത്തിക് കൃഷ്ണ..”
മുഖത്തൊക്കെ തുന്നികെട്ടിയതിന്റെ പാടുകളുമായി ഒരു ചെറുപ്പക്കാരൻ സ്‌ക്രീനിൽ വന്നു..
“എന്റെ മുഖത്തെ ഈ പാടുകളൊക്കെ കണ്ട് ഞാനൊരു ഗുണ്ടയാണെന്ന് നിങ്ങൾ കരുതരുത്..മൂന്നു മാസം മുൻപ് എനിക്കൊരു ആക്സിഡന്റ് പറ്റിയതാണ്..ബൈക്കിൽ നിന്നും തെറിച്ചു വീണ ഞാൻ റോഡിനരുകിൽ കിടന്നൊരു കല്ലിൽ മുഖമടിച്ചാണ് വീണത്..അങ്ങനെ പറ്റിയതാണിതൊക്കെ.”
അടുത്ത നിമിഷം സ്‌ക്രീനിൽ സുന്ദരനായൊരു ചെറുപ്പക്കാരന്റെ മുഖം തെളിഞ്ഞു.
“ഇതായിരുന്നു മൂന്നുമാസം മുൻപുള്ള ഞാൻ..എനിക്ക് പറ്റിയ അപകടത്തെകുറിച്ച് പറയാനല്ല ഞാനിപ്പോ വന്നത്..എന്റെ പ്രണയത്തെ പറ്റി പറയാനാണ്..അല്ല..എന്റെ പ്രണയമായിരുന്നവളെ പറ്റി പറയാനാണ്.
കുറച്ചു വർഷങ്ങൾക്ക് മുൻപ്..
കൃത്യമായി പറഞ്ഞാൽ ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു പെൺകുട്ടി എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു..അവിടുന്ന് ഇങ്ങോട്ട് അഞ്ചു വർഷത്തോളം അവളെന്റെ പ്രാണനായിരുന്നു..
ഞങ്ങൾ ഒരുമിച്ച് പ്ലസ് വണ്ണിന് ചേർന്നു..ഒരുമിച്ച് ഡിഗ്രിക്കും…കോളേജിലെ കുട്ടികൾക്കും ടീച്ചേഴ്സിനും എന്തിന് ആ കോളേജിലെ ഓരോ ചെടികൾക്ക് പോലും ഞങ്ങളുടെ പ്രണയം അറിയാം.
അവളുടെ കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ എനിക്കൊരുപാട് ഇഷ്ടമായിരുന്നു..അവളുടെ ഒരു ബർത്ടേയും ഞാൻ മറന്നിട്ടില്ല..പഠിക്കാൻ മിടുക്കിയായ അവളുടെ ഓരോ വിജയങ്ങളും എന്റെ വിജയങ്ങളെക്കാൾ കൂടുതൽ ഞാൻ ആഘോഷിച്ചു. പലപ്പോഴും ഫീസ് കൊടുക്കാൻ കഴിയാത്ത അവസ്ഥയിൽ അവൾക്കുവേണ്ടി ഫീസ് അടച്ചിരുന്നത് ഞാനായിരുന്നു..
അന്നൊക്കെ അവൾ പറഞ്ഞിരുന്നത് ഞാൻ അവളുടെ ദൈവം ആണെന്നായിരുന്നു….
പക്ഷെ ഇന്ന്….
ഇന്നവൾക്ക് ഞാൻ അന്യനാണ്..ഒരു ആക്സിഡന്റിൽ എന്റെ സൗന്ദര്യം നഷ്ടപ്പെട്ടപ്പോൾ അവൾക്കെന്നെ വേണ്ടാതായി..എന്നെ വിവാഹം കഴിച്ചാൽ അവൾക്ക് നാട്ടുകാരുടെ മുഖത്ത് നോക്കാൻ കഴിയില്ലെന്ന്..ഒരു ഗുഡ് ബയ് പറഞ്ഞു അവൾ പോയപ്പോൾ കൂടെ പോയത് എന്റെ പ്രാണൻ കൂടി ആയിരുന്നു.
ആ അവസ്ഥയിൽ ആദ്യം ഞാൻ ചിന്തിച്ചത് ആ- ത്മ- ഹത്യയെ കുറിച്ചായിരുന്നു..പക്ഷെ അടുത്ത നിമിഷം ഞാൻ ചിന്തിച്ചത് എന്റെ അമ്മയെ പറ്റിയും അച്ഛനെ പറ്റിയുമാണ്..പിന്നെ ഇപ്പോഴും എന്റെ കൂടെ നിൽക്കുന്ന എന്റെ നല്ല സൗഹൃദങ്ങളെ കുറിച്ചും.
മരിക്കാൻ എനിക്ക് മനസില്ല. “
വീഡിയോ തീർന്നതും ഒരു ചെറു ചിരിയോടെ വീണ ഫോൺ ഓഫ് ചെയ്തു
“ഇത്രയും കണ്ടിട്ടും നിനക്കെങ്ങിനെ ചിരിക്കാൻ കഴിയുന്നു വീണ..”
ചോദ്യം കേട്ട് വീണ തിരിഞ്ഞു നോക്കി.
ശീതൾ..
തന്റെ കുട്ടിക്കാലം മുതലുള്ള കൂട്ടുകാരി.
“എന്തുമാത്രം സ്നേഹിച്ചതാടി അവൻ നിന്നെ..ഈ കോളേജിൽ എവിടെ എങ്കിലും നിന്നെയോ അവനെയോ ഒറ്റക്ക് കാണാൻ കഴിയുമായിരുന്നോ..എപ്പോഴും ഒരുമിച്ച്..ഒരു നിമിഷം അവൻ നിന്നെ ഒറ്റക്ക് ആക്കിയിട്ടുണ്ടോ..അവന് നിന്നോടുള്ള സ്നേഹം കണ്ട് അസൂയ തോന്നിയിട്ടുണ്ട് വീണ എനിക്കുപോലും..എന്നിട്ടും ഇങ്ങനെയൊരു അവസ്ഥയിൽ നിനക്ക് എങ്ങനെ അവനെ കൈ വിടാൻ തോന്നി..പുറത്തുള്ള സൗന്ദര്യമാണോ വീണ വലുത്..അവന്റെ മനസ്സ് നീ കണ്ടിട്ടില്ലേ..”
“ശീതൾ ഞാൻ..”
“വേണ്ട…നിന്റെ ന്യായീകരണങ്ങൾ ഒന്നും എനിക്ക് കേൾക്കേണ്ട..എന്റെ കളി കൂട്ടുകാരിയോട് എനിക്കിപ്പോ തോന്നുന്ന വികാരം അറപ്പാണ്.”
ശീതൾ തിരിഞ്ഞു നടന്നപ്പോൾ വീണയുടെ കണ്ണുകൾ നിറഞ്ഞു..അവൾ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് ക്‌ളാസിലേക്ക് നടന്നു..
ക്ലാസ്സിലെ വിദ്യാർത്ഥികളൊക്കെ പുച്ഛത്തോടെ അവളെ നോക്കി..പഠിക്കാൻ മിടുക്കിയായ വീണ എന്ന കുട്ടിയോട് ടീച്ചർമാർക്കൊക്കെ ഒരു പ്രത്യേക സ്നേഹമായിരുന്നു..എന്നാൽ അന്നുമുതൽ ദേഷ്യത്തോടെ അല്ലാതെ അവർ വീണയെ നോക്കിയില്ല.
വൈകുന്നേരം വീട്ടിലെത്തിയപ്പോൾ മുറ്റത്തു കിടക്കുന്ന ഓട്ടോ കണ്ടപ്പോൾ തന്നെ അവളുടെ നെഞ്ചിലൊരു കൊള്ളിയാൻ മിന്നി.
“ഓ.. വന്നോ തമ്പുരാട്ടി..”
വീണയുടെ ചേച്ചി വിദ്യ ഉറഞ്ഞു തുള്ളിക്കൊണ്ട് അവളുടെ മുന്നിലെത്തി.
“ചേച്ചി എപ്പോ വന്നു.”
“ഞാൻ എപ്പോ വന്നാൽ നിനക്ക് എന്താടി..നിന്നെ കാണാൻ തന്നെയാ ഞാൻ വന്നത്..ഞാൻ ഗിരീഷേട്ടന്റെ കൂടെ ഇറങ്ങി പോയപ്പോൾ എന്തായിരുന്നു നിന്റെ പ്രസംഗം..
ചേച്ചി ചെയ്തത് ശരിയായില്ല…അമ്മയില്ലാതെ നമ്മൾ രണ്ട് പെൺകുട്ടികളെ വളർത്തിയ അച്ഛനെപ്പറ്റി ചേച്ചി ഓർത്തില്ല. ചേച്ചിക്ക് പഠിച്ചൊരു ജോലി നേടിയിട്ട് വിവാഹത്തെ പറ്റി ഓർത്താൽ പോരായിരുന്നോ..ഇതിപ്പോ എല്ലാവരും അച്ഛനെയല്ലേ പറയു..
എന്തൊക്കെ ആയിരുന്നു..ശരിയാടി..ഞാനൊരാളെ സ്നേഹിച്ചു..അയാളോടൊപ്പം പോയി രജിസ്റ്റർ മേരേജ് ചെയ്തു..ഇപ്പോ അയാളുടെ കൂടെ തന്നെ അന്തസ്സായി ജീവിക്കുന്നുണ്ട്.
അല്ലാതെ നിന്നെപ്പോലെ ഒരുത്തനെ സ്നേഹിച്ച് അഞ്ചുവർഷം അവന്റെ കൈയ്യിലുള്ളതെല്ലാം ഊറ്റിയിട്ട് ഉപേക്ഷിച്ചു കളയാൻ മാത്രം മനസ്സാക്ഷി ഇല്ലാത്തവൾ അല്ല ഞാൻ.”
വീണ മറുപടിയൊന്നും പറയാതെ റൂമിലേക്ക് പോയി. അതുവരെ അടക്കി നിർത്തിയിരുന്ന കണ്ണുനീർ ഒഴുകി ഇറങ്ങി.
“മോളെ..”
അവളുടെ അച്ഛന്റെ ശബ്ദം കേട്ടതും അവൾ വേഗം കണ്ണുകൾ തുടച്ച് പുഞ്ചിരിയോടെ തിരിഞ്ഞു നോക്കി.
“മോളുടെ വിഷമം അച്ഛന് മനസ്സിലാകും..മോള് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അച്ഛനറിയാം..പിന്നെന്തിനാ മോള് കരയുന്നത്.”
വത്സല്യത്തോടെ അവളുടെ മുടിയിൽ തഴുകികൊണ്ട് അയാൾ ചോദിച്ചു.
വീണ പൊട്ടികരഞ്ഞുകൊണ്ട് അയാളുടെ നെഞ്ചിലേക്ക് വീണു..
കുറ്റപെടുത്തലുകൾക്കും അവഗണനകൾക്കുമിടയിൽ വീണ മുന്നോട്ടു തന്നെ നടന്നു….
ഇതിനിടയിൽ കാർത്തിക്കും ശീതളും വിവാഹിതരായി..കാർത്തിക്കിന്റെ ജീവിത സഖി ആയതിൽ സോഷ്യൽ മീഡിയ ശീതളിനെ പുകഴ്ത്തുന്ന കൂട്ടത്തിൽ വീണയെ കുറ്റപ്പെടുത്താനും മറന്നില്ല..
വർഷങ്ങൾ കടന്നുപോയി..
“ചേച്ചി ഇങ്ങനെ പരാതി പറഞ്ഞിട്ട് കാര്യമില്ല..വിദ്യാഭ്യാസവും ജോലിയും ഉള്ള സ്ത്രീകൾക്ക് തന്നെയാണ് ഇന്നത്തെ സമൂഹത്തിൽ മുൻഗണന..ചേച്ചിക്ക് അതില്ല പക്ഷെ ചേച്ചിയുടെ ഭർത്താവിന്റെ അനിയന്റെ ഭാര്യക്ക് അതുണ്ട്..അതുകൊണ്ടാണ് ചേച്ചിക്ക് അത്രയും പരിഗണന അവിടെ കിട്ടാത്തത്.”
“അതൊന്നും എനിക്ക് പ്രശ്നം ഇല്ല വീണ. പക്ഷെ ഗിരീഷേട്ടന് പോലും എന്നോട് മുൻപത്തെ സ്നേഹം ഇല്ല.എപ്പോഴും കുറ്റപ്പെടുത്തൽ ആണ്”
വിദ്യ കരഞ്ഞുകൊണ്ട് പറഞ്ഞു.
“ചേച്ചി…പ്രണയിക്കുമ്പോഴും വിവാഹത്തിന്റെ ആദ്യനാളുകളിലും പരസ്പരം മത്സരിച്ചു സ്നേഹിക്കാനേ എല്ലാവരും നോക്കു..പക്ഷെ കാലം മുന്നോട്ട് പോകുമ്പോൾ, കുട്ടികളൊക്കെ ആയികഴിയുമ്പോൾ പ്രാരാബ്ധങ്ങളും ബുദ്ധിമുട്ടുകളുമൊക്കെ ഉണ്ടാകുമ്പോൾ എപ്പോഴും കൂടെ ചേർന്നിരുന്ന് സ്നേഹിക്കുന്ന ഭാര്യയെക്കാൾ തന്റെ ഭാരം ചുമക്കാൻ സഹായിക്കുന്ന ഭാര്യയെയാണ് ഏതൊരു പുരുഷനും ആഗ്രഹിക്കുക..
ചേച്ചിക്ക് ഇപ്പോ ആവശ്യമൊരു ജോലിയാണ്..അത് ഞാൻ ശരിയാക്കി തരാം…വിഷമിക്കാതിരിക്ക്.”
“മോളെ..”
ഒരുവിധം വിദ്യയെ പറഞ്ഞു സമാധനിപ്പിച്ച് ഫോൺ വെക്കുമ്പോഴാണ് വീണയുടെ അച്ഛൻ വിളിക്കുന്നത്.
“എന്താ അച്ഛാ..”
“മോളെ കാണാൻ ഒരു പെൺകുട്ടിയും അവളുടെ അച്ഛനും വന്നിട്ടുണ്ട്. ഡിവോഴ്സ് കേസാണെന്ന തോന്നുന്നത്.”
“ഞാൻ വരാം അച്ഛാ..”
മടിയിലിരുന്ന നിയമ പുസ്തകം മാറ്റി വെച്ച് അവൾ അയാൾക്ക് പിന്നാലെ ഉമ്മറത്തേക്ക് ചെന്നു.
പ്രായമായൊരച്ഛനും മകളും.
വീണ Bsc LLB എന്ന ബോർഡിലേക്ക് നിറകണ്ണുകളോടെ നോക്കി നിൽക്കുന്ന പെൺകുട്ടിയെ കണ്ടതും വീണയൊന്ന് ഞെട്ടി..
ശീതൾ..
അല്ല അവളുടെയൊരു നിഴൽ മാത്രം. ശരീരമാകെ മെലിഞ്ഞ് മുടിയൊക്കേ മുറിച്ച് പഴയ ശീതൾ ആണെന്ന് തിരിച്ചറിയാൻ കഴിയാത്തൊരു രൂപം.
“ശീതൾ..”
വീണയുടെ വിളി കേട്ട് അവൾ തിരിഞ്ഞു. അപ്പോഴാണ് മുഖത്തിന്റെ ഒരു ഭാഗം മുഴുവൻ പൊള്ളിയിരിക്കുന്നത് കാണുന്നത്.
“മോളെ എന്റെ കുഞ്ഞിനെ രക്ഷിക്കണം. സ്നേഹിച്ചവന്റെ കൂടെ ഇറങ്ങി പോയതാ..അവനൊരു സംശയ രോഗി ആയിരുന്നു മോളെ..ഏതോ അക്സിഡന്റിൽ അവന്റെ മുഖത്തൊക്കെ തുന്നൽ പാടൊക്കെ ഉണ്ട്..അവനോടുള്ള സഹതാപം കൊണ്ട് പോയതാ ഇവൾ.
നന്നായി പഠിച്ചോണ്ടിരുന്ന കൊച്ചാ.
പഠിത്തം നിർത്തി…ജോലിക്ക് വിടില്ല..വീട്ടിൽ നിന്നും പുറത്തിറങ്ങാൻ അനുവദിക്കില്ല..ആരെയും ഫോൺ ചെയ്യാൻ സമ്മതിക്കില്ല..
ഒടുവിൽ ഇവൾക്ക് സൗന്ദര്യം കൂടുതലാണെന്ന് പറഞ്ഞ് മുഖത്ത് ചൂടുവെള്ളം വരെ ഒഴിച്ചു..ഇനിയും ഈ ബന്ധം തുടർന്നു പോയാൽ എന്റെ കുഞ്ഞ് എന്തെങ്കിലും കടുംകൈ ചെയ്യും..എങ്ങനെയെങ്കിലും മോള് എന്റെ കുഞ്ഞിനെ അവന്റെ കൈയ്യിൽ നിന്നും രക്ഷിക്കണം.”
നിറകണ്ണുകളോടെ ആ അച്ഛൻ വീണയുടെ മുൻപിൽ കൈകൾ കൂപ്പി.
“ശീതൾ..”
വീണയുടെ വിളികേട്ട് നിസഹായതയോടെ ശീതൾ അവളെ നോക്കി.
“പറഞ്ഞതല്ലേ മോളെ അന്നെ ഞാൻ..അവനൊരു സൈക്കോ ആണ്. സ്നേഹിച്ചു പോയതുകൊണ്ട് എന്നെ കൊണ്ട് പറ്റുന്നത് പോലെ ഞാൻ സഹിച്ചതാ..അവന് ആക്സിഡന്റ് ആയപ്പോൾ കൂടെ നിന്നതാ ഞാൻ. പെട്ടെന്ന് വിവാഹം വേണമെന്ന് പറഞ്ഞപ്പോഴാ ഞാൻ എതിർത്തത്. എന്റെ പഠിത്തം, എന്റ് ലക്ഷ്യങ്ങൾ, എന്റെ ഭാവി…ഇതൊന്നും ഉപേക്ഷിക്കാൻ ഞാൻ തയാറല്ലായിരുന്നു. അതിന് അവൻ എനിക്ക് തന്ന ശിക്ഷയോ..അന്ന് അവൻ പറഞ്ഞതൊക്കെ കള്ളമായിരുന്നു..ഞാനായിരുന്നില്ല അവനെ പ്രൊപ്പോസ് ചെയ്തത്..അവനായിരുന്നു..ഒരു പ്രാവശ്യം പോലും അവനെനിക്ക് ഫീസ് തന്നിട്ടില്ല..എന്റെ അച്ഛന്റെ അധ്യാനമാണ് എന്റെ വിദ്യാഭ്യസം.
എന്റെ അച്ഛനല്ലാതെ ആരും ഉണ്ടായിരുന്നില്ല അന്ന് എന്റെ കൂടെ നിൽക്കാൻ..തോൽക്കാൻ ഞാനും തയാറായിരുന്നില്ല..അതുകൊണ്ടാണ് ഇന്ന് ഞാൻ എന്റെ ലക്ഷ്യത്തിൽ എത്തിയത്. “
ശീതളിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
നീയും തളരരുത്…ഞാനുണ്ടാവും കൂടെ..നിനക്ക് മുന്നിൽ ജീവിതം ഇനിയുമുണ്ട്..മുന്നോട്ട് തന്നെ പോകണം നീ..കാർത്തിക്കിന്റെ കൈയ്യിൽ നിന്നും നിയമത്തിലൂടെ തന്നെ നിന്നെ ഞാൻ മോചിപ്പിക്കും.”
വീണ പറഞ്ഞു നിർത്തിയതും ശീതൾ അവളെ കെട്ടിപിടിച്ചു കരഞ്ഞു..
“മാപ്പ്… മാപ്പ്..നിന്നെ മനസിലാക്കാത്തതിൽ, നിന്റെ വാക്ക് കേൾക്കാത്തതിൽ.”
മറുപടിയൊന്നും പറയാതെ വീണ അവളുടെ മുടിയിൽ മെല്ലെ തലോടി.
കണ്ടു നിന്ന രണ്ട് അച്ഛൻമാരുടെയും കണ്ണു നിറഞ്ഞു.
വീണയുടെ അച്ചന് തന്റെ മോളെ കുറിച്ച് ആ നിമിഷം അഭിമാനമാണ് തോന്നിയതെങ്കിൽ ശീതളിന്റെ അച്ഛന് സന്തോഷമാണ് തോന്നിയത്..
ഇത്രയും നാളും തന്റെ മകൾ അനുഭവിച്ച ദുരിതത്തിൽ നിന്നും അവൾ രക്ഷപ്പെടാൻ പോകുന്നു എന്ന സന്തോഷം
അവളെ രക്ഷിക്കുമെന്ന് വാക്ക് പറഞ്ഞത് അഡ്വക്കേറ്റ് വീണയാണ്.
സ്ത്രീകളുടെ പ്രശ്നങ്ങൾക്കായ് പോരാടുന്ന പ്രശസ്തയായ വക്കീൽ വീണ.