Story written by Jainy Tiju
“ഹലോ രാഹുൽ, നീ പെട്ടെന്ന് ഒന്ന് പോലീസ് സ്റ്റേഷൻ വരെ വരണം “
രാവിലെ സുഹൃത്ത് അമലിന്റെ ഫോൺ കാൾ കേട്ടാണ് ഉണർന്നത്. അവന്റെ ശബ്ദത്തിനു ഒരു പതർച്ച പോലെ…
“എന്താടാ, എന്താ കാര്യം?”
“എടാ, ഒരു കുഞ്ഞിനേയും നാടോടി സ്ത്രീയെയും മോഷണശ്രമത്തിനിടെ അറസ്റ്റ് ചെയ്തുത്രെ…ആ കുഞ്ഞു നമ്മുടെ ശ്രീക്കുട്ടനാണോ എന്ന് സംശയം ഉണ്ടെന്നു…ഉറപ്പില്ല….അതുകൊണ്ടു നീ ഇപ്പോൾ സുമയോടൊന്നും പറയണ്ട…പെട്ടെന്ന് വാ .”
എനിക്ക് കയ്യും കാലും വിറയ്ക്കുന്ന പോലെ തോന്നി. ഡ്രസ്സ് മാറാൻ റൂമിലേക്കു ചെന്നപ്പോൾ സുമ നല്ല ഉറക്കമാണ്. ഉണർത്താൻ തോന്നിയില്ല. ഉറങ്ങിക്കോട്ടെ പാവം…രാത്രി മുഴുവൻ കരഞ്ഞു കരഞ്ഞു, പുലർച്ചെ എപ്പോഴോ ആണ് കണ്ണൊന്നടച്ചത്. അല്ലെങ്കിലും ഉറങ്ങിയിട്ട് ദിവസങ്ങൾ ആയിരുന്നുവല്ലോ….കൃത്യമായി പറഞ്ഞാൽ ഞങ്ങളുടെ പൊന്നുമോനെ നഷ്ടപ്പെട്ടിട്ടു ഇന്നേക്ക് പതിനൊന്നു ദിവസം…
ശ്രീക്കുട്ടൻ, ഞങ്ങളുടെ ജീവനായിരുന്നു അവൻ. കുറുമ്പനായ രണ്ടു വയസ്സുകാരൻ…സുമയുടെ ഒരു നിമിഷത്തെ അശ്രദ്ധ, അതാണ് ഞങ്ങളെ തോരാക്കണ്ണീരിലാഴ്ത്തിയത്
ഒരു തനി നാട്ടിൻപുറത്തുകാരിയാണ് സുമ. നഗരത്തിന്റെ കാപട്യങ്ങൾ ഒന്നുമറിയാത്തവൾ. ഭിക്ഷക്കാരോടും സഹായം ചോദിക്കുന്നവരോടും വല്ലാത്ത സഹാനുഭൂതിയാണ് അവൾക്കു…ഇതു പോലെ ഉള്ള ഒന്നിനെയും വീട്ടിൽ കയറ്റരുതെന്നു എത്ര പറഞ്ഞാലും അവൾക്കു മനസ്സിലാവില്ല. ഈശ്വരൻ നമുക്കു സൗഭാഗ്യങ്ങൾ തന്നിരിക്കുന്നത് ഇല്ലാത്തവനെ സഹായിക്കാനാണ് എന്നായിരുന്നു അവളുടെ വാദം. ആ ഈശ്വരൻ തന്നെ അവളെ ചതിക്കുമെന്നു പാവം സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല
ആ നശിച്ച ദിവസം, അവളും മോനും മാത്രമായിരുന്നു വീട്ടിൽ…പഴയ വസ്ത്രങ്ങൾ തന്നു സഹായിക്കുമോ എന്ന് ചോദിച്ചു വന്നതായിരുന്നു ആ നാടോടി സ്ത്രീ. മൂന്നാലു ജോഡി വസ്ത്രങ്ങളും കുറച്ചു പൈസയും കൂടെ കൊടുത്താണ് അവൾ അവരെ വിട്ടത്. കുഞ്ഞിനേയും കൊണ്ട് അകത്തു കയറിയ അവൾ മുൻവശത്തെ വാതിൽ ലോക്ക് ചെയ്യാൻ മറന്നു പോയിരുന്നു.
ഇതിനിടയിൽ അവൾക്കു ഒരു ഫോൺ കാൾ വന്നപ്പോൾ അവൾ ഫോൺ എടുക്കാൻ അകത്തേക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോഴാണ് മോനെ അവിടെ ഒന്നും കാണുന്നില്ല എന്നവൾ ശ്രദ്ധിച്ചത്. അപ്പോഴേക്കും തുറന്നിട്ട വാതിലിലൂടെ പുറത്തിറങ്ങിയ കുഞ്ഞുമായി അവർ അപ്രത്യക്ഷമായിരുന്നു
ആളുകൾ അറിഞ്ഞു പോലീസിൽ അറിയിച്ചു പല വഴിക്കു അന്വേഷിച്ചെങ്കിലും കേരളം മുഴുവൻ സഹായികളും സൗകര്യങ്ങളും ഉള്ള ഭിക്ഷാടനമാഫിയയുടെ മുന്നിൽ പോലീസും ജനങ്ങളും തോറ്റു പോയി
ഞാൻ വിവരമറിഞ്ഞു ഓടിയെത്തിയപ്പോഴേക്കും സംഭവത്തിന്റെ ആഘാതത്തിൽ അവൾ തളർന്നു വീണിരുന്നു. ബന്ധുക്കളുടെയും നാട്ടുകാരുടെയും കുറ്റപ്പെടുത്തലുകൾക്കു മുന്നിൽ തകർന്ന അവൾ ആ ത്മ ഹ ത്യ ചെയ്യുമോ എന്ന ഭയം ഉള്ളതുകൊണ്ടാവാം ഞാൻ അവളെ ചേർത്തുപിടിച്ചത്. അന്നു തൊട്ട് പലവഴിക്കുള്ള അന്വേഷണം ആണ്.
ഞാൻ പോലീസ് സ്റ്റേഷനിൽ എത്തുമ്പോൾ പുറത്ത് അമൽ നിൽക്കുന്നുണ്ടായിരുന്നു. ഞാൻ ഓടി അകത്തേക്ക് കയറി. അവിടെ ഒരു ബെഞ്ചിൽ, വൃത്തിഹീനമായ വസ്ത്രം ധരിച്ചു, കണ്ടാൽ അറപ്പുളവാകുന്ന ഒരു സ്ത്രീ. അവരുടെ നെഞ്ചിൽ ഒരു കുഞ്ഞു വാടിത്തളർന്നു കിടക്കുന്നുണ്ടായിരുന്നു. വിറയ്ക്കുന്ന കാലടികളോടെ ഞാൻ അവരുടെ അടുത്തേക്ക് ചെന്നു
“ശ്രീക്കുട്ടാ “
പതറിയ ശബ്ദത്തിൽ ഞാൻ വിളിച്ചു
അവൻ പതിയെ തലയുയർത്തി എന്നെ നോക്കി. ഒരു നിമിഷം…എന്റെ ഹൃദയം പിളരുന്നത് പോലെ തോന്നി. കറുത്ത് കരുവാളിച്ചു, ദേഹമാസകലം മുറിവുകളും മയങ്ങി പോകുന്ന കണ്ണുകളുമുള്ള അവൻ, എന്റെ രാജകുമാരനാണെന്നു വിശ്വസിക്കാൻ പ്രയാസം തോന്നി.
“എന്റെ പൊന്നുമോനെ ” എന്നൊരു നിലവിളിയോടെ ഞാൻ അവനെ വലിച്ചെടുത്തു
“അച്ഛനാടാ, അച്ഛാ എന്ന് വിളിക്കെടാ “
അവനെ ഉമ്മകൾ കൊണ്ടു മൂടുമ്പോൾ ഞാൻ പറഞ്ഞു കൊണ്ടിരുന്നു. പക്ഷെ, കരയാൻ പോലും വയ്യാത്ത അത്രയ്ക്ക് തളർന്നിരുന്നു എന്റെ കുട്ടി. എങ്കിലും, അവന്റെ അച്ഛന്റെ അടുത്തെത്തിയത് അവൻ അറിഞ്ഞു എന്നതിന്റെ തെളിവായി ആ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു.
കുട്ടിയുടെ അമ്മയെ കൊണ്ടു വരൂ എന്ന് ആരോ പറയുന്നത് കേട്ട് അമൽ അപ്പോഴേക്കും സുമയെ കൂട്ടികൊണ്ടു വന്നിരുന്നു.
മോനെ എന്നു വിളിച്ചു കരഞ്ഞു കൊണ്ടായിരുന്നു അവൾ ഓടിക്കയറി വന്നത്. മോനെ വാരിയെടുത്തു മാറോട് ചേർത്ത് അവൾ പൊട്ടിക്കരഞ്ഞപ്പോൾ കണ്ടു നിന്നവരുടെ എല്ലാം കണ്ണു നിറഞ്ഞിരുന്നു. അപ്പോഴും ഒരു ഭാവഭേദവും ഇല്ലാതെ ആ സ്ത്രീ ഇരിക്കുന്നുണ്ടായിരുന്നു.
സുമ മോനെ എന്റെ കയ്യിൽ തന്നിട്ട് മെല്ലെ ആ സ്ത്രീയുടെ അടുത്തേക്ക് ചെന്നു
“നീ ഒരു പെണ്ണാണൊടി ?”
ചോദ്യവും പടക്കം പൊട്ടുന്ന പോലെ ഒരടിയും കഴിഞ്ഞു. പോലീസുകാർ വരെ ഞെട്ടിത്തിരിഞ്ഞു. അവൾക്കു ഭ്രാന്ത് പിടിച്ച അവസ്ഥയായിരുന്നു
“നീ പ്രസവവേദന അറിഞ്ഞിട്ടുണ്ടോടി ?ഓരോ അമ്മയും എത്ര ആഗ്രഹിച്ചു കാത്തിരുന്നാണ് ഒരു കുഞ്ഞു ജനിക്കുന്നത് എന്നറിയോ നിനക്ക് ? എത്ര രാത്രികൾ ഉറക്കം കളഞ്ഞാണ് വളർത്തുന്നത് എന്ന് നിനക്കറിയോ ?കണ്മുന്നിൽ നിന്ന് അവരെ അടർത്തിമാറ്റി കൊണ്ട് പോകുമ്പോൾ ആ അമ്മയുടെ വേദന നിനക്ക് മനസ്സിലാവോ ? ബലമായി പിടിച്ചു കൊണ്ടുവന്നു ഇങ്ങനെ ദ്രോഹിക്കുമ്പോൾ ഒന്നും മനസ്സിലാവാത്ത ആ കുഞ്ഞു മനസ്സ് വേദനിക്കുന്നത് നിനക്കൊക്കെ അറിയോടി…ഈ കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കുമ്പോൾ നിനക്കൊക്കെ എന്തു സന്തോഷമാടി കിട്ടുന്നത് ? നിന്നെപ്പോലുള്ള ഒരാൾ ഇനി ജീവിച്ചിരിക്കണ്ടടി ..”
പറഞ്ഞതും അവൾ ആ സ്ത്രീയുടെ കഴുത്തിൽ പിടിച്ചമർത്തി. പോലീസ്‌കാർ ഉടനെ തന്നെ ബലം പിടിച്ചു അവളെ വിടുവിച്ചു
“നോക്കു, ഒരമ്മയുടെ മാനസികാവസ്ഥ ഞങ്ങൾക്ക് മനസ്സിലാവും. പക്ഷെ കസ്റ്റഡിയിൽ ഇരിക്കുന്ന ഒരാളെ ഉപദ്രവിക്കാൻ ഞങ്ങൾ അനുവദിക്കില്ല . ഇവർക്കുള്ള ശിക്ഷ നിയമം നൽകട്ടെ “
എസ് ഐ പറഞ്ഞു
കരഞ്ഞു കൊണ്ടവൾ എന്റെ തോളിലേക്ക് ചാഞ്ഞപ്പോൾ ഞാൻ അവളെ ചേർത്ത് പിടിച്ചു
എസ് ഐ ആ സ്ത്രീയുടെ നേരെ തിരിഞ്ഞു
“എടി നന്ദികെട്ടവളേ, നിന്നെ പോലുള്ളവരുടെ കണ്ണീരു കണ്ട് മനസ്സലിഞ്ഞിട്ടാടി ഈ നാട്ടിൽ ഓരോരുത്തരും നിനക്കൊക്കെ ഭക്ഷണവും പണവും ഒക്കെ തരുന്നത്. അങ്ങനെ ഉള്ളവരോട് തന്നെ നീയൊക്കെ ഈ ദ്രോഹം ചെയ്യുമ്പോൾ അർഹത ഉള്ളവർക്ക് പോലും സഹായം നിഷേധിക്കപ്പെടും. നോക്കെടി , അവരെ കണ്ടോ ? ഇത് പോലൊരു കുടുംബത്തിന്റെ സന്തോഷം തല്ലിക്കെടുത്തിയിട്ടു എന്താടി നിന്നെ പോലുള്ളവർ നേടുന്നത് ?
ഇത്രയും പറഞ്ഞുകൊണ്ട് എസ് ഐ ഞങ്ങളുടെ നേരെ വിരൽ ചൂണ്ടി. അതേസമയം, എന്റെ മോൻ അവന്റെ കുഞ്ഞിക്കൈ കൊണ്ട് അമ്മയുടെ കണ്ണുനീർ തുടക്കുകയായിരുന്നു
ഞാനാ സ്ത്രീയുടെ മുഖത്തേക്ക് നോക്കി. അവരുടെ മിഴികളിൽ നിന്നൊരു തുള്ളി കണ്ണുനീർ പൊഴിഞ്ഞു വീണു. അതു കണ്ടപ്പോൾ എന്നിലെ അച്ഛൻ വെറുതെയെങ്കിലും മോഹിച്ചു പോയി,,,,
“ഈ കണ്ണുനീരിൽ സത്യമുണ്ടായിരുന്നെങ്കിൽ….ഇവരിലൊരാളെങ്കിലും പശ്ചാത്തപിച്ചെങ്കിൽ…?
ഇനിയൊരു കുഞ്ഞുപോലും മോഷ്ടിക്കപെടാതിരുന്നെങ്കിൽ….?
~ജെയ്‌നി റ്റിജു