ഡ്രീം ക്യാച്ചർ…..
എഴുത്ത്: നിഷ പിള്ള
പ്രമോഷനും സ്ഥലമാറ്റവും ഒന്നിച്ചായത് അരുൺ രാമചന്ദ്രനെ വല്ലാതെ വലച്ചു കളഞ്ഞു. ചെറിയ പ്രായത്തിൽ വലിയ പോസ്റ്റിലേയ്ക്കൊരു പ്രമോഷൻ ആരും ആഗ്രഹിച്ചു പോകുന്നതാണ്. പക്ഷെ ഗർഭിണിയായ ഭാര്യയുടെയും വൃദ്ധരായ മാതാപിതാക്കളുടെയും കാര്യമോർത്താണ് അവൻ്റെ സങ്കടം.
പുതിയ നഗരത്തിൽ ഒരു കൂട്ടുകാരന്റെ ഫ്ലാറ്റ് തരപ്പെട്ടു. പതിയെ ഭാര്യയെയും മാതാപിതാക്കളെയും നഗരത്തിലേക്ക് പറിച്ചു നടുകയായിരുന്നു ലക്‌ഷ്യം. ഭാര്യയ്ക്കും അമ്മയ്ക്കും നഗര ജീവിതം ഇഷ്ടവുമായിരുന്നു. പക്ഷെ ജനിച്ചയിടത്തിൽ തന്നെ മരിയ്ക്കാൻ തയാറെടുത്തു സ്വന്തം കല്ലറ പണിത് കാത്തിരിക്കുന്ന അച്ഛന് കുടുംബ വീട്ടിൽ നിന്നിറങ്ങാൻ വിസമ്മതമായിരുന്നു. എൺപതുകാരനായ രാമചന്ദ്രൻ എന്ന മനുഷ്യനെ എതിർക്കാൻ അരുണെന്ന മുപ്പതുകാരൻ ശ്രമിച്ചതുമില്ല. ഇളയമകനായതിനാൽ അച്ഛന് ഏറ്റവും ഇഷ്ടം അവനെയായിരുന്നു.
ഒറ്റയ്ക്കുള്ള ജീവിതം ആദ്യമായിട്ടായിരുന്നു. ഫ്ലാറ്റിലെ അവൻ താമസിച്ചിരുന്ന ഫ്ലോറിൽ മൊത്തം ആറു കുടുംബങ്ങൾ ഉണ്ട്. എല്ലാ കുടുംബങ്ങളും നല്ല ഒത്തൊരുമയോടെ കഴിയുന്ന സംവിധാനമായിരുന്നു അവിടെ.
3C യിലായിരുന്നു അരുൺ താമസിച്ചിരുന്നത്. 3A, 3B ഫ്ലാറ്റുകളിൽ ഒരു വൃദ്ധ ദമ്പതികളും പ്രവാസിയുടെ ഭാര്യയായ ഒരു സ്ത്രീയും മകളും യഥാക്രമം താമസിച്ചു.
3D യിൽ വിഭാര്യനായ ഒരു എൻജിനീയറും 3E യിൽ മദ്ധ്യവയസ്കരായ അദ്ധ്യാപക ദമ്പതികൾ രണ്ടു പെൺ മക്കളുമായി വസിച്ചു.
ആ നിലയിൽ ആകെ ബഹളമയമായ ജീവിതം ഉണ്ടായിരുന്നത് 3F ഫ്ലാറ്റിൽ ആയിരുന്നു. പുതുതായി വന്നൊരു ഉത്തരേന്ത്യൻ കുടുംബം അവിടെ താമസിച്ചു വന്നു. ഒരു പ്രായം ചെന്ന മുത്തശ്ശിയും രണ്ടു ആൺമക്കളും അവരുടെ കുടുംബവും. മൂത്തമകന് രണ്ടു വലിയ പെൺകുട്ടികളും,ഇളയ മകന് ഒരു മകനും ഉണ്ടായിരുന്നു. പകലൊക്കെ മുത്തശ്ശിയുടെ ശബ്ദം കൊണ്ട് ആ നില മുഴുവൻ മുഴങ്ങും. രാത്രി വളരെ നേരത്തെ ഉറങ്ങുന്ന ആ കുടുംബത്തിൽ പൂർണ്ണ നിശബ്ദത ആയിരിക്കും.
ഫ്ലാറ്റിലെ മറ്റുള്ള കുടുംബങ്ങൾ അവരുമായി സഹകരിക്കാതെയായി. ഒന്നാമത് അവർക്കു ഹിന്ദി മാത്രമേ അറിയൂ. മറ്റൊരു കാരണം മുത്തശ്ശിയുടെ അഹംഭാവം ആയിരുന്നു. നഗരത്തിൽ വജ്രത്തിന്റെ വ്യാപാരമായിരുന്നു മുത്തശ്ശിയുടെ മക്കൾക്ക്…അവർ മറ്റെല്ലാവരേക്കാളും മെച്ചമാണെനായിരുന്നു അവരുടെ ധാരണ. ആരെക്കണ്ടാലും ആ മുത്തശ്ശി എന്തേലുമൊക്കെ പണി ചെയ്യിക്കും. പൊതുവെ ശല്യക്കാരാണ് റാത്തോഡ് കുടുംബം എന്ന് പരക്കെ ഫ്ലാറ്റിൽ ചർച്ച ചെയ്യപ്പെട്ടു.
പകൽ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ മുത്തശ്ശി ഉണ്ടാകും. എല്ലാവരെയും നിരീക്ഷിക്കുകയും, എല്ലാവരോടും ഹിന്ദിയിൽ സംസാരിക്കുകയും കുറ്റപ്പെടുത്തുകയും ചെയുന്ന മുത്തശ്ശിയെ രഹസ്യമായി എല്ലാവരും ഗീർവാണ മുത്തശ്ശി എന്ന് വിളിച്ചു.
മെലിഞ്ഞു കൂനിക്കൂടി നടക്കുന്ന മുത്തശ്ശി വെള്ള സാരി മാത്രമേ ധരിക്കുള്ളൂ. സാരിയുടെ മുന്താണി കൊണ്ട് കഴുത്തും തലയും മൂടി കെട്ടിയ രൂപത്തിലായിരുന്നു മുത്തശ്ശി.
ഒരിക്കൽ 3B ഫ്ലാറ്റിൽ ഒരു മോഷണ ശ്രമമുണ്ടായി. അമ്മയും മകളും പുറത്തു പോയി മടങ്ങിയെത്തിയപ്പോൾ വാതിലിന്റെ പൂട്ട് പൊളിയ്ക്കാൻ ആരോ ശ്രമിച്ചിരിക്കുന്നു. സി.സി.ടി.വി ക്യാമറാ പരിശോധനയിൽ അപരിചിതരാരും വന്നിട്ടില്ല, ആരെയും ദൃശ്യങ്ങളിൽ കണ്ടതുമില്ല. പോലീസിലറിയിച്ചു, അവർ വന്നു പലരേയും ചോദ്യം ചെയ്തു.
അന്നാദ്യമായാണ് അരുൺ ഗീർവാണമുത്തശ്ശിയോട് സംസാരിക്കുന്നത്. ഒരു ഗ്രാമത്തലവനായിരുന്ന ഭർത്താവിനെക്കുറിച്ചും അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന ജർമൻ നിർമിത പിസ്‌റ്റണിനെകുറിച്ചും മുത്തശ്ശി അരുണിന് ക്ലാസ്സെടുത്തു. മുത്തശ്ശന്റെ തോക്കിനെപ്പേടിച്ചു ഗ്രാമത്തിലെ കള്ളന്മാരൊക്കെ നല്ലവരായ കഥ മുത്തശ്ശി നിർത്താതെ പറഞ്ഞു കൊണ്ടിരുന്നു. കൊമ്പൻ മീശയുള്ള മുത്തശ്ശന്റെ രൂപം കണ്ടാൽ തന്നെ ആളുകൾ പേടിച്ച് സൽഗുണ സമ്പന്നരാകുമത്രേ. അന്ന് അവരുടെ ഗീർവാണത്തിൽ നിന്നും രക്ഷപെടാൻ അരുണിനായില്ല.
പിന്നെയും ഫ്ലാറ്റിൽ ചെറിയ ചെറിയ മോഷണങ്ങൾ നടന്നു. കാറിന്റെ സ്റ്റീരിയോകളും ബാറ്ററികളും പലർക്കും നഷ്ടപ്പെട്ടു. ആരെയും പിടിച്ചില്ലെങ്കിലും പോലീസ് അന്വേഷണം തുടങ്ങിയപ്പോൾ മോഷണം സ്വിച്ചിട്ടപോലെ നിന്നു.
തലവേദന കാരണം ഒരുദിവസം ഉച്ചയ്ക്ക് ഓഫീസിൽനിന്നും നേരത്തേയിറങ്ങിയ അരുണിന് 3A യുടെ വാതിൽ തുറന്ന് ഒരു ജീൻസിട്ട പെൺകുട്ടി ഓടിമറയുന്നതു കണ്ടു. അവളുടെ കൈവശം തുണിയിൽ പൊതിഞ്ഞ ഒരു പൊതിക്കെട്ടുമുണ്ടായിരുന്നു. അവളെ പിന്തുടരാനായി അരുൺ മുന്നോട്ട് കുതിച്ചപ്പോഴേക്കും മുറിയിൽ നിന്നൊരു ആർത്തനാദം കേട്ടു. അതുകേട്ട് അകത്തേക്ക് കടന്ന അരുൺ കണ്ടത് സോഫയിൽ കൈകാലുകൾ കെട്ടിയിട്ട് വായിൽ തുണി കുത്തിത്തിരുകിയ ദമ്പതികളെയാണ്. പരിചയമില്ലാത്ത ചെറുപ്പക്കാരി, വാതിൽ തുറന്നതും ഇടിച്ച് കയറി ചെല്ലുകയായിരുന്നു. അലമാരയിലിരുന്ന പതിനഞ്ച് പവനോളം സ്വർണം നഷ്ടപ്പെട്ടു. സി.സി.ടി.വി. ദൃശ്യപ്രകാരം പുറത്തുനിന്നും ആരും വന്നിട്ടില്ല.
പോലീസ് നായ മണം പിടിച്ചു ഇടനാഴിയിലൂടെ ഓടി താഴേയ്ക്കുള്ള പടിക്കെട്ടിലെത്തി നിന്നു.
ക്യാമറ ദൃശ്യങ്ങളിൽ ആരും പുറത്തു നിന്നും വന്നിട്ടുമില്ല. പുറത്തേയ്ക്ക് പോയിട്ടുമില്ല. പിന്നെ എങ്ങനെ മോഷണം നടക്കും.
പരിചയമുള്ള ആരോ ഒരുവൾ, ചെറുപ്പക്കാരി. നീണ്ടു മെലിഞ്ഞവൾ. ഫ്ലാറ്റിലുള്ള മുഴുവൻ പെൺകുട്ടികളുടെയും ലിസ്റ്റെടുത്തു. നീണ്ടു മെലിഞ്ഞവർ രണ്ടു പേര് മാത്രം,
ഒരാളൊരു ഡോക്ടർ. ഇപ്പോൾ കൂട്ടുകാരികളുമായി സിംല-മണാലി ട്രിപ്പിലാണ്. മറ്റൊരാൾ കോളേജ് സ്റ്റുഡൻറ്, ഇപ്പോൾ പരീക്ഷ പ്രമാണിച്ചു ഹോസ്റ്റലിലാണ്. സംഭവം നടക്കുമ്പോൾ അവളുടെ പരീക്ഷ നടക്കുകയായിരുന്നു.
“പിന്നെയാര് ? എല്ലാ ഫ്ലാറ്റുകളും പരിശോധിച്ചാൽ ഒരു പക്ഷെ…..”
അരുണൊരു ഡിറ്റക്ടീവ് ആയി മാറി.
“അതൊന്നും വേണ്ട അരുൺ, അതൊക്കെ പുറത്തറിഞ്ഞാൽ നമുക്ക് തന്നെയല്ലേ നാണക്കേട്. ഇത് പുറത്തുള്ള ആരെങ്കിലുമാകും, ജോലിക്കാരികൾക്കു ഇത്തരം ആളുകളുമായി കമ്പനി കാണും, അവരെ നിരീക്ഷിക്കാം, ലീവ് എടുക്കുന്നവർ, അവരുടെ ധന വിനിമയങ്ങൾ, യഥാ സമയം പോലീസിനെ അറിയിക്കണം.”
ഒരാഴ്ചകഴിഞ്ഞിട്ടും പ്രതിയെ പറ്റി ഒരു സൂചനയും ലഭിച്ചില്ല. പോലീസും റെസിഡൻസ് അസോസിയേഷനും തങ്ങളുടെ രീതിയിൽ അന്വേഷിച്ചു കൊണ്ടിരുന്നു. പുതിയ മാലയുമായി വന്ന വനജയെന്ന ജോലിക്കാരിക്ക് രഹസ്യമായി തങ്കം എന്ന സീക്രെട്ട് കോഡ് ഇടുകയും അവരെ ഊഴം വച്ച് നിരീക്ഷിക്കുകയും ചെയ്തു.
ഇടയ്ക്കു ഗീർവാണ മുത്തശ്ശി പ്രതികളെക്കുറിച്ച് ആശങ്കപ്പെടുകയും ചെയ്തു. മാന്യന്മാരൊക്കെ ഇവിടെ എങ്ങനെ നിങ്ങളെയൊക്കെ വിശ്വസിച്ചു താമസിക്കുമെന്നു അസോസിയേഷൻ സെക്രട്ടറിയോട് ചൂടാകുകയും ചെയ്തു.
തമാശയായി അസോസിയേഷൻ സെക്രട്ടറി പറഞ്ഞ ചില കാര്യങ്ങൾ ആണ് യഥാർത്ഥ പ്രതിയിലേയ്ക്ക് വഴി തെളിച്ചത്.
“ആ കിളവിയുടെ കയ്യിലെ ടാറ്റൂ അരുൺ കണ്ടിരുന്നോ…?
ഡ്രീം ക്യാച്ചർ ടാറ്റൂ….
മോളാണ് പറഞ്ഞത് അത് പെൺകുട്ടികളുടെ ടാറ്റൂ ആണെന്ന്. സാധാരണ കിളവികൾ വല്ല ദൈവത്തിന്റെ പടമോ മതപരമായ ചിഹ്നങ്ങളോ അല്ലെ ടാറ്റൂ ചെയ്യുന്നത്. ഇവരെന്താ ഇങ്ങനെ?
അന്ന് മുതലാണ് അരുൺ അവരുടെ വീട് നിരീക്ഷിക്കാൻ തുടങ്ങിയത്.
ഒരു ദിവസം ഉച്ച കഴിഞ്ഞുള്ള സമയം ഓഫീസിൽ നിന്നും തിരികെ വന്നു. ജനൽ വഴി പുറത്തു നോക്കിയപ്പോഴാണ് മുത്തശ്ശിയുടെ വീട്ടിലെ കൗമാര പ്രായക്കാരായ രണ്ടു പെൺകുട്ടികൾ പുറത്തേയ്ക്കു വരുന്നത് കണ്ടത്. അവർ 3B ഫ്ലാറ്റിന്റെ മുന്നിൽ വന്നു നിന്നു. കുറച്ചു കഴിഞ്ഞ് ഒരു മെലിഞ്ഞ പെൺകുട്ടി അവിടേയ്ക്കു നടന്നടുക്കുന്നു. ജീൻസും ടോപ്പുമണിഞ്ഞ അവൾ തന്റെ മുഖം ഒരു ഷാൾ കൊണ്ട് മറച്ചിരുന്നു. അരുൺ ഇറങ്ങി നോക്കി 3B യുടെ മുന്നിൽ പെൺകുട്ടികളില്ല. എന്തോ പ്രശ്നമുണ്ട്. പണ്ടെങ്ങോ വാങ്ങി വച്ച പെപ്പർ സ്പ്രേ ബോട്ടിൽ പോക്കറ്റിലിട്ടു. സെക്രട്ടറിയോട് ഫോണിൽ വിളിച്ച് 3B യിലേക്ക് വരാൻ ആവശ്യപ്പെട്ടു.
ഫ്ലാറ്റിന്റെ മുന്നിൽ ആരുമില്ല. വാതിൽ ചാരിയിരിക്കുന്നു. സ്ത്രീകൾ മാത്രമുള്ള ഫ്ലാറ്റ് എങ്ങനെയാ തള്ളി തുറക്കുന്നത്. മൊബൈൽ ഫോൺ ക്യാമറ പോക്കറ്റിൽ വീഡിയോ മോഡിൽ ഓണാക്കി വച്ചു. കതകു തള്ളി തുറന്നു, ചാരിയിരുന്നതേയുള്ളു. പെൺകുട്ടികൾ രണ്ടും അവനെ തട്ടി മാറ്റി മുന്നോട്ടു കുതിക്കാൻ നോക്കി. കയ്യിലിരുന്ന പെപ്പർ സ്പ്രേ നല്ലവണ്ണം പ്രയോഗിച്ചു. പകുതി ഓടി ചെന്നപ്പോഴേക്കും മുത്തശ്ശിയുടെ ആൺമക്കൾ ഓടി വന്നു…പെട്ടെന്നാണ് സെക്രട്ടറിയും സെക്യൂരിറ്റിയും അവരെ പിടിച്ചത്. പെട്ടെന്ന് മെലിഞ്ഞു വെളുത്ത ഒരു പെണ്ണ് ചാടി വീണു. തിരിഞ്ഞു നിന്ന അരുണിന്റെ മുതുകിൽ അവളുടെ വലത് മുഷ്ടി പതിച്ചു. വേദനിച്ച അരുണിലെ വിപ്ലവകാരി ഉണർന്നു. കോളേജിലെ കൂട്ടത്തല്ല് പെട്ടെന്ന് ഓർമ്മയിലേക്ക് വന്നു. തിരിഞ്ഞു നിന്ന് അവളുടെ ചെപ്പക്കുറ്റി നോക്കി ഒറ്റയടി. കായികാഭ്യാസിയായ അവൾ തിരികെ തല്ലിയെങ്കിലും അവൻ ഒഴിഞ്ഞ് മാറി. അതിനിടയിൽ അവനവളുടെ മുഖത്തെ ഷാൾ വലിച്ചെടുത്തു. തീരെ പരിചയമില്ലാത്ത ഒരു പെൺകുട്ടി. സംഘട്ടനത്തിനിടയിൽ അവളുടെ ടോപ്പ് കീറിയപ്പോൾ, വലത്തേ തോളിൽ പതിഞ്ഞ ഡ്രീം ക്യാച്ചർ ടാറ്റൂ.
“അയ്യോ ഇത് നമ്മുടെ മുത്തശ്ശി.”
അരുൺ വിളിച്ചു കൂവി.
അവളുടെ അഴിഞ്ഞു വീണ നീണ്ട കറുത്ത മുടികളിൽ വെള്ള പൌഡർ പുരട്ടിയിരുന്നു. അവളുടെ മുടികളിൽ പിടിച്ചു അരുൺ അവളെ വട്ടം കറക്കി. അവൾ വേദന കൊണ്ട് നിലവിളിച്ചു. അപ്പോഴേക്കും കൂടുതൽ ആളുകൾ ഓടി കൂടി. പിന്നീട് പോലീസ് വന്നു.
മുത്തശ്ശിയേയും രണ്ടു ആണ്മക്കളെയും അവരുടെ ഭാര്യമാരെയും രണ്ടു പെൺകുട്ടികളെയും അറസ്റ്റ് ചെയ്തു. വേറെയാരും ആ ഫ്ലാറ്റിൽ ആ സമയത്ത് ഉണ്ടായിരുന്നില്ല.
ട്രെയിനിലും മറ്റും സ്ഥിരമായി മോഷണം നടത്തുന്ന രുഗ്മ ഭവാനി എന്ന കൊടും ക്രിമിനലിനെ പിടിക്കാൻ സഹായിച്ചതിന് പോലീസ് അരുണിനോട് നന്ദി പറഞ്ഞു.
“ഇത് ഇവരുടെ സ്ഥിരം അടവാണ്. രുഗ്മയാണ് ടീം ലീഡർ. സംശയം തോന്നാതിരിക്കാൻ വയസ്സി തള്ളയുടെ വേഷത്തിൽ എവിടെയെങ്കിലും വീട് വാടകയ്‌ക്കെടുക്കും. രുഗ്മ എല്ലാവരോടും സൗഹൃദം സ്ഥാപിക്കും. പകൽ സ്ഥലങ്ങൾ കണ്ടു വയ്ക്കും, ചിലപ്പോൾ പകലും മോഷണം നടത്താറുണ്ട്. അവരുടെ ആളുകൾ വേറെ സ്ഥലത്തും കാണും. അന്നന്നത്തെ മോഷണ മുതൽ അന്ന് തന്നെ ഉരുപ്പടിയാക്കി മറ്റും. അതിനു അവരെ സഹായിക്കുന്ന ജൂവലറിക്കാരും നഗരത്തിലുണ്ട്. എന്തായാലും അവരെ പിടിച്ച ക്രെഡിറ്റ് കേരള പൊലീസിന് കിട്ടി. അരുണിന്റെ നിസ്വാർത്ഥ സേവനത്തിനു നന്ദി.”
റെസിഡൻസ് അസോസിയേഷന്റെ പരിപാടിയിൽ ഇരിക്കുമ്പോൾ അമ്മയുടെ ഫോൺ വന്നു.
“മോനെ ഓടി വാടാ, അവൾക്കു നല്ല വേദന. ഞങ്ങൾ ആശുപത്രിയിൽ കൊണ്ട് പോകുന്നു.”
അരുൺ ചെന്നപ്പോഴേക്കും ഭാര്യ ഒരു ആൺകുട്ടിയെ പ്രസവിച്ചിരുന്നു. കുഞ്ഞിനെ താലോലിച്ചു മതിയായില്ല. അപ്പോൾ ഓഫീസിൽ നിന്നും വിളി.
“ഒറ്റ ദിവസം കൊണ്ടങ്ങ് ഹീറോ ആയല്ലേ, ഒരു സന്തോഷ വർത്തമാനം ഉണ്ട്. തനിക്കു തൻ്റെ നാട്ടിലേയ്ക്ക് സ്ഥലമാറ്റം.”
അവരോടു നന്ദി പറഞ്ഞപ്പോൾ ചിരിച്ചും കൊണ്ട് അച്ഛൻ മുന്നിൽ.
“ഞാൻ എപ്പോഴും സ്വാർത്ഥനായിരുന്നു. അവൾക്കു വേദന വന്നപ്പോൾ ഞാൻ ഒന്ന് പേടിച്ചു. പഴയ കാലം വല്ലതുമാണോ. നീ ആണെങ്കിൽ അടുത്തും ഇല്ല. അത് കൊണ്ട് ഞാനൊന്നു തീരുമാനിച്ചു. ഇനിയിപ്പോൾ ഞങ്ങൾ മൂന്നും കുഞ്ഞു കുട്ടനെയും കൂട്ടി നിന്റെ ഒപ്പം ഫ്ലാറ്റിലേക്ക് വരുന്നു.”
“അതൊന്നും വേണ്ട അച്ഛാ…ഞാനിങ്ങോട്ടു വരുന്നു. നാട്ടിൻപുറത്തിന്റെ നന്മകളൊന്നും നഗരത്തിനില്ല. നമുക്ക് നമ്മുടെ നാട് മതിയെന്ന്.”
അവൻ അച്ഛനോട് ചേർന്ന് നിന്നു.
“ഇപ്പോൾ എനിക്ക് നന്നായി മനസിലാകുന്നു ഒരച്ഛന് മകനോടുള്ള സ്നേഹം.”
അച്ഛനവനെ കെട്ടിപിടിച്ചു.
-നിഷ പിള്ള