കിനാവു പോലെ…
എഴുത്ത്: സിന്ധു അപ്പുക്കുട്ടന്‍
====================
“മുത്തേ”
“ഊം “
“പോ… മിണ്ടൂല “
“ശ്ശോ… എന്ത്യേ “
“സ്നേഹത്തോടെ വിളിക്കുമ്പോ ഇങ്ങനെയാണോ വിളി കേൾക്കാ..?
“സ്നേഹത്തോടെയാണല്ലോ വിളി കേട്ടേ… പിന്നെന്താ പ്പൊ ഇത്ര പിണങ്ങാൻ “
ഒന്നൂടെ വിളിക്ക്.. ഞാൻ ഇനീം വിളി കേൾക്കാം
“വേണ്ട.. ഇനി വിളിക്കൂല “
“ന്നാ പ്പിന്നെ വിളിക്കാതെ തന്നെ ഞാൻ വിളി കേൾക്കും… ന്തോ “
ഹഹഹ
പോ ചിരിക്കാതെ
ഉം.. എന്റെ മുത്ത് അവിടെ എന്തെടുക്കാ
“ഞാനേ ടീവിയില് ഒരു സിനിമ കാണുവാ “
“ആഹാ… ഏത് സിനിമ “
“നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകൾ “
“ഉം.. സൂപ്പർ സിനിമയാണല്ലോ “
“അതേന്ന് .. ഈ സോളമന്റെയും സോഫിയുടെയും പ്രണയം ഇങ്ങനെ കണ്ടോണ്ടിരിക്കുമ്പോ എന്തൊരു ഫീലാ ന്നോ. ഇതുപോലെയൊന്നു പ്രണയിക്കാൻ തോന്നുവാ.”
“ഉവ്വ്.. പ്രണയിക്കാൻ പറ്റിയ പ്രായവും “
“എന്താപ്പോ ന്റെ പ്രായത്തിനു കുഴപ്പം “
“ഒരു കുഴപ്പവുമില്ല.. ജോലിയിൽ നിന്നും റിട്ടയർ ചെയ്ത് മൂക്കിൽ പല്ല് മുളക്കാറായി ന്ന് മാത്രം “
“അപ്പൊ ഈ പറയുന്നയാൾക്കോ “
“എനിക്ക് പണ്ടേ പല്ല് മുളച്ചതാടി ആരും കാണാതിരിക്കാൻ ഞാനതങ്ങു പറിച്ചു കളഞ്ഞ് “
“യ്യോ… ഹഹഹ “
“പിന്നെ.. അവിടെ എന്തുട്ടാ വിശേഷം “
“അമ്പലത്തിൽ ഉത്സവാ… എനിക്ക് പണ്ടത്തെപ്പോലെ പട്ടുപാവാടയൊക്കെയിട്ട് മുടിയിൽ നിറയെ മുല്ലപ്പൂവും ചൂടി തുള്ളിച്ചാടിയങ്ങു പോകാൻ തോന്നാ “
“പോകാൻ തോന്നുന്നെങ്കിൽ അങ്ങ് പോണം “
“എന്റെ കൃഷ്ണാ… ഇപ്പോഴോ… ഈ വയസ്സ്കാലത്ത്.”
“അപ്പൊ ഇത്തിരി മുൻപ് നീയന്നെയല്ലേ ചോദിച്ചത് പ്രായത്തിന് എന്താ കുഴപ്പം ന്ന് “
“അതൊക്കെ ശരിയന്നെ… ന്നാലും ഈ ആഗ്രഹമൊന്നും ഇനി നടക്കില്ല “
“സാരമില്ല ട്ടോ ഞാൻ വരട്ടെ. എന്നിട്ട് എന്റെ നുണച്ചി കോതയേം കൊണ്ട് ഉത്സവത്തിന് പോകാട്ടോ “
” ങേ…. നുണച്ചിക്കോതയോ… ഞാനോ… നീ എന്തിനാ എനിക്കിങ്ങനെ ഓരോ പേരിടുന്നെ “
“സ്നേഹം കൊണ്ട് “
“ഉം..”
“ഉത്സവത്തിന് കൊണ്ടോയിട്ട് എന്താ മേടിച്ചു തരാ എനിക്ക് “
“എന്തൊക്കെ വേണം ന്റെ മുത്തിന്”
“എനിക്ക് രണ്ടു കയ്യിലും നിറയെ പച്ചക്കുപ്പിവള മേടിച്ചു തരണം.”
“തരാലോ… പിന്നെ എന്താ വേണ്ടേ “
“പിന്നേണ്ടല്ലോ എനിക്കൊന്നും മേടിച്ചു തരേണ്ട. പക്ഷേ വേറൊരു ആഗ്രഹം ഉണ്ട് “
“അതെന്താണാവോ “
“എനിക്കേ, മഴയത്തു കുടയില്ലാതെ നിന്റെ കയ്യും പിടിച്ചു നടക്കണം. പിന്നെ പുഴക്കരയിലെ സിമിന്റ് പടവിൽ ചെന്നിരിക്കണം. പുഴയിലേക്ക് പെയ്തിറങ്ങുന്ന മഴത്തുള്ളികളേം നോക്കിയങ്ങനെ.”
“ഞാൻ വരുമ്പോഴേക്കും പുഴ അങ്ങനെ തന്നെ ഉണ്ടാകോ… ഉണ്ടെങ്കിൽ തീർച്ചയായും നമുക്ക് പോവാട്ടോ “
“അത് ശരിയാ… പുഴയിപ്പോ പഴയ ശാലീന സുന്ദരിയൊന്നുമല്ല. മനം മടുപ്പിക്കുന്ന വല്ലാത്തൊരു നാറ്റം പേറുന്ന ഒരഴുക്കുചാൽ “
നടക്കില്ല എന്നറിഞ്ഞോണ്ട് ഇങ്ങനെ മോഹിക്കാൻ എന്ത് രസാന്നോ. അല്ല നീയെന്തെടുക്കാ അവിടെ “
“ഞാനിവിടെ പതിവുപോലെ ഈ വണ്ടിയും കൊണ്ട് ഇങ്ങനെ കറങ്ങി നടക്കുന്നു.”
“അതീന്ന് എറങ്ങീട്ട് വല്ലേറ്റിനും നേരോണ്ടോ നിനക്ക്.”
“എവിടെ.. സത്യം പറഞ്ഞാലുണ്ടല്ലോ സമാധാനമായിട്ട് ഒന്ന് മുള്ളാൻ നേരമില്ല “
“സാരല്യ ന്നേ.. ഒക്കെ ശരിയാകും. വിഷമിക്കണ്ട ട്ടോ. ഞാനില്ലേ കൂടെ”
“ഉം… നമുക്കിങ്ങനെ അവിടേം ഇവിടേം ഇരുന്ന് ഓരോ സ്വപ്നം കാണാം. അതേ വിധിച്ചിട്ടുള്ളു “
“തമ്മിൽ കാണാതെ ഇങ്ങനെ പ്രണയിക്കുന്നതും ഒരു സുഖമല്ലേ. കണ്ടാൽ ഈ രസമൊക്കെയങ്ങു പോകും. ന്നാലും നിക്ക് കാണണോട്ടോ ഒരിക്കൽ… ഞാൻ മരിക്കണെനും മുന്ന്.”
ഡോക്ടർ.. ഒരു പേഷ്യന്റുണ്ട്.
ജോലിക്കാരി വാതിൽക്കൽ വന്നു പറഞ്ഞപ്പോൾ മാലിനി ഫോണിൽ നിന്നും മുഖമുയർത്തി.
വരാൻ പറയൂ.
“അതേയ്… ദേ ഞാനിനി ഇച്ചിരി നേരത്തേക്ക് ഡോക്ടർ മാലിനിയാകട്ടെ ട്ടോ. എന്റെ സൂചിക്കുത്തും കാത്ത് ആരാണ്ട് വന്നിട്ടുണ്ടെന്ന്.
“ഓക്കേ… ഇനിയാ ഡോക്ടറിന്റെ കുപ്പായം അഴിച്ചു വെച്ച് വട്ട് പിടിച്ച വെറും മാലിനിയായിട്ടു വരുമ്പോഴേക്കും ഞാനീ ലിസ്റ്റിലുള്ള സാധനങ്ങളൊക്കെ മേടിച്ച് ന്റെ മൊയലാളിനെ ഏൽപ്പിച്ചിട്ട് വരാം.
പെണ്ണിന് മാത്രമല്ല ആണിനും ഉണ്ടല്ലേ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള കൊതി. കുടുംബജീവിതത്തിൽ നിന്നും കിട്ടാതെ വരുമ്പോൾ പ്രത്യേകിച്ചും.
ഉം… ശരിയാ. പിന്നേം പിന്നേം ശരി.
സാരല്യട്ടോ. ഞാനുണ്ട് കൂടെ. മരിക്കുന്ന വരെയും.
പ്രവാസികൾക്കും ഉണ്ടല്ലോ പെൻഷൻ പ്രായം. അതിനിനി അധികം താമസമില്ല ല്ലോ. പിള്ളേരൊക്കെ സ്വന്തം കാലിലായില്ലേ. ഇനിയിങ്ങോട്ട് പോന്നൂടെ.
വന്നിട്ടിപ്പോ എന്തിനാ… ചാരു കസേരയിൽ വളഞ്ഞു കൂടി കിടക്കാം. ആർക്കും ഉപകാരമില്ലാത്ത കരിമ്പൻ കയറിയ പഴയ തോർത്തുമുണ്ട് പോലെ. ഇവിടെയാണെങ്കിൽ നീയെങ്കിലുമുണ്ട് ഒന്ന് മിണ്ടിപ്പറഞ്ഞിരിക്കാൻ.ഇവിടെ കിടന്നങ്ങു തീരട്ടെ.അതാ എന്റെ മോഹം.
അപ്പൊ ഞാൻ ഒറ്റക്കാവില്ലേ.
നിനക്ക് മോന്റെ കൂടെ അമേരിക്കയിലേക്ക് പോയ് അടിച്ചു പൊളിച്ചു കൂടെ റിട്ടയർമെന്റ് ലൈഫ്.
വേണ്ട, എനിക്കും ഇവിടെ കിടന്നു മരിച്ചാൽ മതി. ശ്രീധരേട്ടൻ ഉറങ്ങി കിടക്കുന്നിടത്തു തന്നെ.
പറഞ്ഞു നിർത്തിയപ്പോഴേക്കും കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു.
കണ്ണുനീരിന്റെ ചൂട് തട്ടിയതറിഞ്ഞിട്ടോ എന്തോ ആ നിമിഷം അപ്പുറത്ത് കാൾ കട്ടായി
കൺസൾറ്റിംഗ് റൂമിൽ കാത്തിരിക്കുന്ന വൃദ്ധനും തങ്ങളെപ്പോലെ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവന്റെ മുഖമാണല്ലോയെന്ന് മൗനമായ് നൊമ്പരപ്പെട്ടപ്പോഴും, തനിച്ചായി പോയതിന്റെ നെഞ്ചുരുക്കം പരസ്പരം മനസ്സിലാക്കുന്ന രണ്ടുപേർ അകലങ്ങൾ തീർക്കുന്ന ഭൂപടങ്ങളെ തകർത്തെറിഞ്ഞ് അടുത്തടുത്തിരുന്ന് സന്തോഷങ്ങളും സങ്കടങ്ങളും പങ്കിടുന്ന നിമിഷങ്ങളെയോർത്തവർ അഹങ്കാരം കൊണ്ടു….