അപ്രതീക്ഷിതമായിട്ടായിരുന്നു അയാളിൽ അത്രമേൽ സന്തോഷം നിറച്ചുകൊണ്ട് മൂന്ന് മക്കളും വീട്ടിലെത്തിയത്…

എഴുത്ത്: മഹാദേവന്‍

” എത്രയൊക്കെ സാമ്പാദിച്ചിട്ടും വളർത്തി വലുതാക്കിയ മൂന്ന് മക്കൾ ഉണ്ടായിട്ടും ങ്ങനെ ഒറ്റയ്ക്ക് ജീവിക്കാൻ ആണലോ വിധി ” എന്നയാൾ എന്നും വിലപിക്കുമ്പോൾ എന്ത് മറുപടി നൽകി ആശ്വസിപ്പിക്കണം എന്ന് അറിയില്ലായിരുന്നു രേഷ്മയ്ക്ക്.

ഹോംനേഴ്സ് അയി ആ വീട്ടിലവൾ എത്തിയിട്ട് കുറച്ചു കാലമായി . അതുകൊണ്ട്തന്നെ അവിടുത്തെ ഒരുവിധം കാര്യങ്ങളെല്ലാം അവൾക്ക് അറിയാമായിരുന്നു.

മൂന്ന് മക്കൾ. ഓരോരുത്തരും ഓരോ സ്ഥലങ്ങളിൽ ഉയർന്ന ജോലിയുള്ളവർ. അച്ഛനരികിൽ ഒന്ന് നിൽക്കാൻ പോലും സമയമില്ലാത്തവർ.

“അവരെയും കുറ്റം പറയാൻ പറ്റില്ലല്ലോ അച്ഛാ.. അവർക്ക് നൂറുക്കൂട്ടം തിരക്കല്ലേ. അതിനിടയിൽ ഇത്ര ദൂരം ങ്ങനെ ഓടിവരാൻ പറ്റുമോ.
അല്ലെങ്കിൽ, അച്ഛനൊന്ന് ആലോചിച്ചു നോക്കൂ… അവര് നന്നായി കാണാനല്ലേ അവരെയൊക്കെ നന്നായി പഠിപ്പിച്ചതും ഉയർന്ന ജോലി നേടാൻ അവരെ പ്രാപ്തരാക്കിയതും….എന്നിട്ടിപ്പോ ങ്ങനെ ഒക്കെ ചിന്തിച്ചാലോ….അവർ അച്ഛനെ വിളിക്കിന്നുണ്ടല്ലോ… പിന്നെ ന്താ…കൂടാതെ അച്ഛന്റെ ഓരോ കാര്യവും ചോദിച്ചറിഞ്ഞു വേണ്ടപോലെ അവർ ചെയ്യുന്നുണ്ടല്ലോ. “

രേഷ്മ ഒന്ന് സമാധാനിപ്പിക്കാനെന്നോണം അച്ഛനെ നോക്കി പറയുമ്പോൾ അയാളിൽ നിർവികാരമായ ഒരു പുഞ്ചിരി ആയിരുന്നു.

” ശരിയാ… അവരൊക്കെ തിരക്കുള്ളവർ അല്ലെ. ഞാൻ മരിച്ചാൽ അവർ വരുമായിരിക്കും. അന്ന് അവർക്കെന്നെ കാണാലോ കണ്ണ് നിറയെ… അല്ലെ,.

പക്ഷേ, അന്നും എനിക്കവരെ ഒന്ന് നേരിൽ കാണാൻ കഴിയില്ലല്ലോ എന്നോർക്കുമ്പോൾ.,. “

അത് പറയുമ്പോൾ അയാളുടെ നെഞ്ച് പൊട്ടി. മക്കളെയും മരുമക്കളെയും പേരക്കുട്ടികളെയും ഒക്കെ കാണണമെന്ന് അതിയായി ആഗ്രഹിക്കുന്നുണ്ട് മനസ്സ്..

പക്ഷേ, സ്വന്തം മുഖം ഒന്ന് അല്പനേരം കാണിക്കാൻ സമയമില്ലാത്ത മക്കളോട് എങ്ങനെ പറയും പേരക്കുട്ടികളെ ഒന്ന് കാണിക്കോ എന്ന്.

അയാളുടെ ഉള്ളിലെ വിഷമം മനസ്സിലാക്കിയ രേഷ്മ ആ വിഷയം പതിയെ മാറ്റാൻ എന്നോണം വേറെ പല കാര്യങ്ങളും വിഷയമായി എടുത്തിട്ടു

എല്ലാം അയാൾ മൂളികേൾക്കുന്നുണ്ടായിരുന്നു. പക്ഷേ മനസ്സ് അപ്പോഴും അയാളിൽ നിന്ന് പിടിവിട്ട് അകലെ ആയിരുന്നു.

ദിവസങ്ങൾ… മാസങ്ങൾ.

അപ്രതീക്ഷിതമായിട്ടായിരുന്നു അയാളിൽ അത്രമേൽ സന്തോഷം നിറച്ചുകൊണ്ട് മൂന്ന് മക്കളും വീട്ടിലെത്തിയത്.

ഇനി മരിച്ചാലും സാരല്യ നിക്ക്.. നിങ്ങളൊക്കെ വന്നലോ. അല്ല, ന്റെ പേരക്കുട്ടികൾ എവിടെ. “

അയാൾ നാലുപാടും അവരെ തിരയുമ്പോൾ മകളാണ് മറുപടി പറഞ്ഞത്.

” അവരെയൊന്നും കൊണ്ടുവന്നില്ല അച്ഛാ… ഒന്നാമത് അവർക്ക് സ്കൂൾ ലീവ് ഇല്ല. പിന്നെ എല്ലാരും കൂടെ വരണമെന്ന് വെച്ചാ കാശ് എത്ര വേണമെന്ന് അറിയോ അച്ഛന്.പിന്നെ ഇവിടുത്തെ പഴയ ശീലങ്ങൾ ഒന്നും അവർക്ക് ഇഷ്ടമാവില്ല…മാവുണ്ട്, പ്ലാവുണ്ട് മുത്തച്ഛൻ ഉണ്ട് എന്നൊക്കെ പറഞ്ഞാൽ അവര്ക് അതൊക്കെ എന്ത്..അവർക്ക് ഗ്രാൻഡ്ഫാദർ എന്നൊക്കെ പറഞ്ഞാൽ അവിടത്തെ കൾച്ചറിൽ ജീവിക്കുന്ന പാന്റും കൊട്ടുമൊക്കെ ഇട്ട് നടക്കുന്നവരെ അറിയൂ… അവരിവിടെ വന്നു അച്ഛനെ കാണുമ്പോൾ ചിലപ്പോൾ ചിരിക്കും.. ന്തിനാ വെറുതെ. “

മകളുടെ വാക്ക് കേട്ടപ്പോൾ അയാൾക്ക് ഹൃദയം നുറുങ്ങുന്ന വേദന ആയിരുന്നു. പക്ഷേ അയാൾ ചിരിച്ചു.

“ശരിയാ… കൊണ്ടുവരാഞ്ഞത് നന്നായി. വണ്ടിക്കൂലിയുടെ വിലപോലുമില്ലാത്ത അച്ഛനെ കാണിച്ചുകൊടുത്തു മക്കളുടെ ചിരിക്ക് മുന്നിൽ ഒരു കോമാളിയായി അച്ഛനെ ഇരുത്തിയില്ലല്ലോ നിങ്ങൾ. സന്തോഷമായി. “

അതും പറഞ്ഞയാൾ മൂത്ത മകനും ഇളയ മകനും നേരെ തിരിഞ്ഞു.
“ഇനി നിങ്ങളോട് മക്കളെ കൊണ്ടുവരാത്ത കാര്യം ഞാൻ ചോദിക്കുന്നില്ല.. നിങ്ങൾക്ക് വേറെ ഒന്നും അച്ഛനോട് പറയാനില്ലേ.”

അവരുടെ സംസാരം കേൾക്കാൻ അയാൾക്ക് അത്രയേറെ കൊതി ആയിരുന്നു.

ആ പ്രതീക്ഷയോടെ എന്ത് പറയണമെന്ന് ആലോചിച്ചിരിക്കുന്ന മക്കളുടെ മുഖത്തേക്ക് പ്രതീക്ഷയോടെ അച്ഛൻ നോക്കുമ്പോൾ രണ്ട് പേരും പരസ്പരം നോക്കി.

” അച്ഛാ…. അത് പിന്നെ.. ഞങ്ങളിപ്പോ വന്നത്… “

മൂത്ത മകൻ മടിച്ചു മടിച്ചു സംസാരിച്ചു തുടങ്ങിയപ്പോൾ അവനെ അവഗണിച്ചുകൊണ്ട് ഇളയവൻ ആയിരുന്നു കാര്യം അവതരിപ്പിച്ചത്.

” വളച്ചുകെട്ടാതെ കാര്യം പറയാലോ അച്ഛാ… ഞങ്ങളിപ്പോ അവിടെ സെറ്റിൽഡ് ആണ്. അവിടെ നിന്ന് നാട്ടിലേക്ക് വരാൻ ഉദ്ദേശമില്ലാത്ത സ്ഥിതിക്ക് അച്ഛന് താല്പര്യമുണ്ടെങ്കിൽ സ്വത്ത്‌ ഭാഗം വെച്ചാൽ നന്നായിരുന്നു. അച്ഛനെയും ചേർത്ത് നാലായി ഭാഗിച്ചാൽ കിട്ടുന്നത് വിറ്റ് ഞങ്ങൾക്ക് അവിടുത്തെ ബിസിനസ്സ് ഒന്നുകൂടെ ഉഷാർ ആക്കാം.അച്ഛനിവിടെ ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഞങ്ങൾ ചെയ്തു തരാം. അതിനൊരു സംഖ്യ അച്ഛന്റെ അക്കൗണ്ടിൽ ഞങ്ങൾ ഡെപ്പോസിറ്റ് ചെയ്തേക്കം പോരെ…അച്ഛന്റെ മരണശേഷം അച്ഛന്റെ ഭാഗം ആർക്കാണോ കൊടുക്കാൻ താല്പര്യം അവർക്ക് എഴുതിവെച്ചേക്ക്. “

മക്കൾ വന്നത് തന്നെ കാണാനല്ല എന്നയാൾക്ക്. മനസ്സിലായപ്പോൾ ഉള്ളിൽ അയാൾ. കരയുകയായിരുന്നു.അലെങ്കിലും കുറെ സ്വത്ത്‌ ഉണ്ടായിട്ട് എന്തിനാ.. മനുഷ്യന് വലുത് മനസ്സമാധാനം അല്ലെ. ഇനി ഇത് കിട്ടാഞ്ഞിട്ട് ഇവരുടെ മനസ്സമാധാനം പോകണ്ട.. ഇതൊക്കെ കെട്ടിപിടിച്ചിരുന്നിട്ട് എന്റെയും…

അപ്പൊ നിങ്ങളെ അച്ഛനെ കാണാൻ വമ്മതല്ലല്ലേ.. ആഹ്.. നിങ്ങൾക്ക് വേണ്ടത് സ്വത്ത്‌ അല്ലെ, അത് എങ്ങനെ ആണെച്ചാ നിങ്ങള് തന്നെ ഭാഗിച്ചോ.

അയാൾ അതും പറഞ്ഞ് നിരാശയോടെ റൂമിലേക്കു നടക്കുമ്പോൾ പിറകിൽ മകളുടെ സംസാരം ആയിരുന്നു ഉയർന്നു കേട്ടത്.

” ദേ, അച്ഛന്റെ പേരിൽ ഡെപ്പോസിറ്റ് ചെയ്യാനൊന്നും എന്റെ കയ്യിൽ കാശില്ലട്ടോ. അവിടെ ഓരോ മാസവും തള്ളി നീക്കുന്നത് എനിക്കും എന്റെ കെട്ടിയോനും മാത്രേ അറിയൂ…അതുകൊണ്ട് ഞാൻ ഒരു തീരുമാനം പറയാം, ഇളയ മകൻ നീ അല്ലെ. നീ അച്ഛനെ കൊണ്ടുപൊക്കോ അങ്ങോട്ട്.. അച്ഛൻ മരിക്കുമ്പോൾ അച്ഛന്റെ വീതവും നീ എടുത്തോ… ഞങ്ങൾക്ക് അതിൽ നിന്ന് ഒന്നും വേണ്ട “

മകൾ കൈ മലർത്തിയപ്പോൾ ഇളയവൻ അവളെ ദേഷ്യത്തോടെ നോക്കി.

” ആ ബെസ്റ്റ്… വീട്ടിലേക്കു കൊണ്ടുപോകേണ്ട കാര്യമേ ഉള്ളൂ.. അച്ഛന്റെ ഈ നാടൻ സ്വഭാവം കണ്ടാൽ മക്കളൊക്കെ എങ്ങനെ ആകും പ്രതികരിക്കുക എന്ന് പോലും അറിയില്ല. അച്ഛന്റെ ഓഹരി പ്രതീക്ഷിച്ചു അങ്ങനെ ഒരു റിസ്ക് എടുക്കാൻ എനിക്ക് വയ്യ.. “

രണ്ട് പേരും പരസ്പരം ഒഴിവാക്കലുകൾ പറയുമ്പോൾ മൂത്ത മകനായ അരവിന്ദൻ അവർക്ക് ഇടയിൽ കയറി.

” നിങ്ങളൊന്നു നിർത്തോ.. അകത്തു അച്ഛനുണ്ട്.. ഇതൊക്കെ കേൾക്കുന്നും ഉണ്ട്. അച്ഛനെ നോക്കുന്ന പേരിൽ നിങ്ങൾ. വഴക്കിടണ്ട. എന്ത് ചെയ്യണം എന്ന് എനിക്ക് അറിയാം. ആദ്യം സ്വത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം. ഉണ്ടാക്കട്ടെ. എല്ലാം ഞാൻ ശരിയാക്കിക്കൊള്ളാം. നിങ്ങളൊന്നു. കൂടെ. നിന്നാൽ. മതി. “

അയാൾ. പറഞ്ഞത് രണ്ട് പേർക്കും സമ്മതം ആയിരുന്നു.

പിറ്റേ ദിവസം തന്നെ സ്വത്ത്‌ എഴുതുന്ന കാര്യത്തെ പറ്റി ഒരു ആധാരം എഴുത്തുകാരനുമായി സംസാരിച്ചു ഒരു ധാരണയിൽ എത്തി അരവിന്ദൻ.

ആത് അനിയനോടും അനിയത്തിയോടും പറയുമ്പോൾ സംഭവം കേട്ട അവർക്ക് നൂറു സമ്മതം ആയിരുന്നു.

പിറ്റേ ദിവസം ആ വീട് പൂട്ടി ഇറങ്ങുമ്പോൾ ആ അച്ഛന്റെ കണ്ണുകൾ നിറഞ്ഞു

ചുണ്ടുകൾ വിതുമ്പി. ഇനി മുതൽ ഇതൊക്ക സ്വപ്നമായി അവശേഷിക്കാൻ പോകുകയാണെന്ന് ഓർക്കുമ്പോൾ അയാളുടെ നെഞ്ചിൽ ഒരു തീ പടർന്നു.

” നിങ്ങൾ ആ വാഹനത്തിൽ ഞാൻ പറഞ്ഞ സ്ഥലത്തേക്ക് വാ. അപ്പോഴേക്കും ഞാൻ അച്ഛനെ കൊണ്ട് ആധാരം എഴുതുന്നിടത്തു പോയി അച്ഛനെ കൊണ്ട് ഒപ്പിടിച്ചു അങ്ങോട്ട് വരാം. രെജിസ്ട്രാർ അവിടെ വരും. കാര്യങ്ങൾ ഒക്കെ അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്. “

അരവിന്ദൻ അത്രയും പറഞ്ഞ് അച്ഛനുമായി കാറിൽ കയറുമ്പോൾ മറ്റൊരു കാറിൽ അനിയനും അനിയത്തിയും അവരെ അനുഗമിച്ചു.

അരവിന്ദൻ നേരെ പോയത് ആധാരം എഴുതുന്ന സ്ഥലത്തേക്ക് ആയിരുന്നു. അവിടെ നിന്ന് ആ കാർ നേരെ ച്ചെന്ന് നിന്നത് ഒരു വൃദ്ധസദനത്തിനെ മുന്നിൽ ആയിരുന്നു.

അവസാനം മക്കൾ തനിക്ക് വേണ്ടി കണ്ടെത്തിയ ഇടം അയാൾ നിറക്കണ്ണുകളോടെ നോക്കി.

“അച്ഛൻ വാ “

അരവിന്ദൻ അച്ഛന്റെ കൈ പിടിച്ച് മുന്നോട്ട് നടക്കുമ്പോൾ അവരെ പ്രതീക്ഷിച്ചു അക്ഷമയോടെ നിൽക്കുകയായിരുന്നു അനിയനും അനിയത്തിയും.

വൃദ്ധസദനതിന്റെ നടത്തിപ്പുക്കാരും രെജിസ്ട്രാറും ഇരിക്കുന്നതിന്റെ അരികിൽ അച്ഛനെ ഇരുത്തുമ്പോൾ കണ്ണുനീർ തളം കെട്ടിയ കണ്ണാൽ മുന്നിലിരിക്കുന്നവരെ പോലും മങ്ങലായി അയാൾക്ക്.

” അപ്പൊ കാര്യങ്ങൾ എല്ലാം തീരുമാനിച്ച സ്ഥിതിക്ക് ബാക്കി ഒപ്പിടൽ ചടങ്ങ് കൂടെ നടത്താം. കൂടെ സാക്ഷികളും വേണമല്ലോ. അത് ആരൊക്കെ. “

രെജിസ്ട്രാർ ചോദിക്കുന്നത് കേട്ട അരവിന്ദൻ വേഗം അനിയനെയും അനിയത്തിയെയും ചൂണ്ടിക്കാട്ടി.

ഒന്ന് വായിക്കാൻ പോലും. നില്കാതെ കിട്ടാൻ പോകുന്ന സ്വത്ത്‌ മാത്രം മനസ്സിൽ കണ്ട് അവർ ഒപ്പിടുമ്പോൾ മറ്റെല്ലാം എഴുതി പൂർത്തിയാക്കി രെജിസ്ട്രാർ മറ്റുള്ളവർക്ക് മുന്നിൽ അച്ഛൻ എഴുതിയ വില്പത്രം ഒന്നുകൂടെ ഉറക്കെ വായിച്ചു.

വില്പത്രത്തിൽ പറഞ്ഞത് മുഴുവൻ വായിച്ചു കേൾപ്പിക്കുമ്പോൾ അച്ഛനും അനിയനും അനിയത്തിയും എല്ലാം ഞെട്ടി തരിച്ചു നിൽക്കുകയായിരുന്നു.

അരവിന്ദൻ മാത്രം പുഞ്ചിരിച്ചു.

” അച്ഛനെന്താ ഞങ്ങളെ കളിയാക്കുകയാണോ? “

രണ്ട് പേരും അച്ഛന് നേരെ തിരിയുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്നറിയാത്ത ആശ്ചര്യം അച്ഛന്റെ മുഖത്തും ഉണ്ടായിരുന്നു.

” നിങ്ങൾ അച്ഛനോട് ചോദിക്കണ്ട.. കാര്യം ഞാൻ ചുരുക്കി പറയാം. അച്ഛന്റെ പേരിലുള്ള എല്ലാ സ്വത്തും ഇനി മുതൽ ഈ സ്ഥാപനത്തിന്, അതായത് ഈ അനാഥലയത്തിന്റെ പേരിൽ അച്ഛൻ എഴുതിവെച്ചിരിക്കുന്നു. മനസ്സിലായല്ലോ. സത്യം പറഞ്ഞാൽ അച്ഛൻ ഒപ്പിട്ടു എന്നല്ലാതെ ഇതിൽ എന്താണ് എഴുതിയത് എന്ന് നിങ്ങളെപ്പോലെ തന്നെ അച്ഛനും ഇപ്പോഴാണ് അറിയുന്നത്. നിങ്ങളും സന്തോഷത്തോടെ സാക്ഷികൾ ആയി ഒപ്പിട്ട സ്ഥിതിക്ക് ഇനി ബാക്കി കാര്യങ്ങൾ നടക്കട്ടെ.

അരവിന്ദൻ അത്രയും പറയുമ്പോൾ മറ്റു രണ്ട് പേരും പരസ്പരം നോക്കുകയല്ലാതെ ഒന്നും ചെയാനില്ലായിരുന്നു.

ആ നിമിഷം ഏറ്റവും കൂടുതൽ സന്തോഷിച്ചത് ആ അച്ഛൻ ആയിരുന്നു.

അയാൾ പതിയെ എഴുനേറ്റ് അരവിന്ദന്റെ കയ്യിൽ. പതിയെ പിടിച്ചു.

“നന്നായെടാ. “

അത്രമാത്രം പറഞ്ഞ് നിറഞ്ഞ കണ്ണുകൾ തുടച് ആ അച്ഛൻ തിരിഞ്ഞു.

“ഇനി എനിക്കുള്ള മുറി എവിടാ “

അയാൾ അവിടെ നിൽക്കുന്ന മുതിർന്ന ആളോട് ചോദിക്കുമ്പോൾ അരവിന്ദൻ അച്ഛന്റെ കയ്യിൽ ഒന്ന് മുറുക്കെ പിടിച്ചു.

” അച്ഛന്റെ സ്വത്ത്‌ മാത്രേ ഞാനിവിടെ കൊടുത്തിട്ടുള്ളൂ. അച്ഛനെ കൊടുത്തിട്ടില്ല, അച്ഛനുള്ള മുറി ഞാൻ ന്റെ വീട്ടിൽ പണിതിട്ടുണ്ട് അച്ഛാ. “

അരവിന്ദൻ അച്ഛന്റെ കയ്യിൽ ഒന്നുകൂടെ മുറുക്കി പിടിക്കുമ്പോൾ അയാളുടെ കണ്ണുകളിൽ അതുവരെ കാണാത്ത ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.

ഞാൻ മക്കളെ കൊണ്ടിവരാഞ്ഞത് കാശ് ഇല്ലാത്തോണ്ട് അല്ല അച്ഛാ… ഇനി എന്റെ നമ്മളോടൊപ്പം ജീവിക്കാൻ അവരുടെ മുത്തച്ഛനെ അങ്ങോട്ട് കൊണ്ടുപോകാൻ വേണ്ടിയാ

അത് പറയുമ്പോൾ അരവിന്ദന്റെ തൊണ്ട ഇടറി.

ആ നിമിഷം എല്ലാവരുടെയും കണ്ണുകളെ നനയിക്കുമ്പോൾ ആരെയും നോക്കത്തെ അച്ഛനെയും ചേർത്ത് പിടിച്ച് അവൻ നടന്നു കഴിഞ്ഞിരുന്നു.തങ്ങളെ കാത്തുകിടക്കുന്ന വാഹനത്തിന് ആരികിലേക്ക്.!

✍️ദേവൻ

Scroll to Top