പുറകിലെ മറപ്പുരയിൽ കുളിച്ചുകൊണ്ടിരുന്നപ്പോൾ ആരോ എത്തിനോക്കിയെന്ന് പറഞ്ഞ് ആ സ്ത്രീ ബഹളം വെച്ചപ്പോൾ

കള്ളന്റെ മക്കൾ
രചന: സെബിൻ ബോസ്
=================

” സ്പിരിറ്റു വേണം . എത്രയാകും ?”

ചോദ്യം കേട്ടാണ് കമ്പ്യൂട്ടർ സ്‌ക്രീനിൽ നിന്നും മുഖമുയർത്തിയത്.

രാജൻ … ! നാട്ടുകാരനാണ് , വല്ലപ്പോഴും കാണുമ്പോഴുള്ള പുഞ്ചിരിയോ, എങ്ങോട്ടാണെന്നുള്ള പതിവ് കുശലാന്വേഷണമോ അല്ലാതെ അടുത്ത കൂട്ടുകാരനൊന്നുമല്ല

ഇടക്കെപ്പോഴോ വാറ്റ് കേസിൽ രാജനെ എക്സൈസ് പിടിച്ച വാർത്ത കേട്ടിരുന്നതിനാൽ ഒന്ന് സംശയക്കണ്ണോടെയാണ് രാജനെ നോക്കിയത് . അത് ഒന്നും ശ്രദ്ധിക്കാതെ പോക്കറ്റിലുണ്ടായിരുന്ന നൂറിന്റെയും പത്തിന്റെയും നോട്ടുകൾ എണ്ണുന്ന തിരക്കിലായിരുന്നു രാജൻ.

” പഞ്ഞിയും കൂടെ എടുത്താൽ എത്രയാകും ?”രാജന്റെ അടുത്ത ചോദ്യം

” എന്ത് പറ്റി ? ആരേലും മരിച്ചോ ? ”

ഇൻസുലിനോ മറ്റോ ഇൻജെക്ഷൻ ചെയ്യാനും ഡെഡ്ബോഡി തുടക്കുവാനുമാണ് സാധാരണ മെഡിക്കൽ സ്പിരിറ്റ് വാങ്ങുന്നതെന്ന് അറിയാവുന്നത് കൊണ്ട് രാജനെ നോക്കി ചോദിച്ചു.

”അച്ഛൻ മരിച്ചു ” നിസ്സംഗഭാവത്തോടെ മറുപടി പറയുമ്പോഴും രാജൻ കയ്യിലുള്ള നോട്ടുകൾ എണ്ണുകയായിരുന്നു.

”ഏഹ് ….ശങ്കരേട്ടൻ മരിച്ചോ ? എപ്പോൾ ? എങ്ങനെ ?”

ഒരാൾ മരിച്ചുകഴിഞ്ഞാൽ മൃതദേഹത്തോട് ആദരവ് കാണിക്കണമല്ലോ .അതുകൊണ്ട് മാത്രം ചോദിച്ചതാണ്.

ശങ്കരേട്ടൻ !!

അങ്ങനെയാരും വിളിച്ചുകേട്ടതായി ഓർമയിലില്ല . കള്ളൻ ശങ്കരൻ …അങ്ങനെയേ പറഞ്ഞുകേട്ടിട്ടുള്ളൂ. നേരിൽ കാണുമ്പോഴല്ലേ ശങ്കരേട്ടനെന്നോ ചേട്ടാ എന്നോ വിളിക്കേണ്ട ആവശ്യം വരൂ.അതിനുള്ള സാഹചര്യം വരാറില്ല. ശങ്കരേട്ടന് ദൂരെയെവിടെയോ തോട്ടത്തിലാണ് ജോലി. മാസത്തിലൊന്ന് വരും. രണ്ടോ മൂന്നോ ദിവസങ്ങൾ നിന്നിട്ട് മടങ്ങും. പഞ്ചായത്തിൽ നിന്നും അനുവദിച്ച വീട്ടിൽ ശങ്കരേട്ടന്റെ ഭാര്യ ലളിതേച്ചിയും രാജനുമാണുള്ളത്. വാതത്തിന്റെ അസുഖമുള്ള ലളിതേച്ചി പണിക്കൊന്നും പോകാറില്ല. മഴക്കാലമാകുമ്പോൾ ആസ്തമയും കൂടും.

അതേതാ ആ കുട്ടി ? കള്ളൻ ശങ്കരന്റെ മോളാ !!

” ഓഹ് ..അവളിത്രേം മിടുക്കിയായോ ? ആഹ്…എന്ത് ആണേലും കള്ളൻ ശങ്കരന്റെ മോൾ അല്ലെ ?’ആ സ്വഭാവം കിട്ടാതിരിക്കുമോ ? വിത്തുഗുണം പത്തുഗുണമെന്നല്ലെ പഴമക്കാർ പറയുന്നേ ”’

”അതേയതേ … മഠത്തിലെ എന്തോ മോഷ്ടിച്ചപ്പോൾ അവർ പറഞ്ഞുവിട്ടതാണെന്നാകേട്ടത് ”

കള്ളൻ ശങ്കരന്റെ മോൾ ദൂരെയെവിടെയോ കോൺവെന്റിൽ നിന്ന് പഠനം കഴിഞ്ഞു വന്നപ്പോൾ കവലയിലെ ജോസേട്ടന്റെ ചായക്കടയിലിരുന്ന് അറുപതിനു മുകളിൽ പ്രായമുള്ള പുത്തൻ തലമുറക്കാർ പറഞ്ഞ റേഡിയോ സദസ് കേട്ടതാണ് .

ശങ്കരൻ എങ്ങനെ കള്ളനായി എന്നറിയില്ല. ഓർമ വെച്ചനാൾ മുതൽ കള്ളൻ ശങ്കരൻ എന്ന വിളിയാണ് കേൾക്കുന്നത്. എന്നാൽ തന്റെ ഓർമയിൽ ശങ്കരനെ ആരും മോഷ്ടിച്ച് പിടിച്ചതായോ പോലീസ് കേസിൽ അകത്തായതായോ ഓർക്കുന്നില്ല . വർഷങ്ങൾക്ക് മുൻപ് നാട്ടിൽ എന്തെങ്കിലും കളവ് പോയാൽ ശങ്കരന്റെ വീട്ടിലായിരുന്നു പോലീസ് ആദ്യം അന്വേഷിക്കുക . അത് കൊണ്ട് തന്നെയാവും കാർത്യായനി ചേച്ചി മകളെ കോൺവെന്റിൽ അയച്ചു പഠിപ്പിച്ചത്.

രാജനും രാജശ്രീയും രണ്ട് മക്കളാണവർക്ക്.

രാജൻ മെലിഞ്ഞു കൊലുന്നനെ പൊക്കമുള്ളയാൾ. കിട്ടുന്ന പണിക്കൊക്കെ പോകുമായിരുന്നു. കുറച്ചുനാളായി നാട്ടിലാരും പണിക്ക് വിളിക്കുന്നില്ലാത്തതിനാൽ ദൂരെയെവിടെയോ സെക്യൂരിറ്റി ആയി ജോലി നോക്കിയിരുന്നു. അതും പോയി ഇപ്പോൾ നാട്ടിലുണ്ട് . അതിനൊരു കാരണമുണ്ട്

പോലീസൊരുനാൾ രാജനെ അന്വേഷിച്ചു നാട്ടിലെത്തിയിരുന്നു. ജോസേട്ടന്റെ ചായപ്പീടികയിൽ കൂടിയ ഗ്രാമീണ റേഡിയോയിൽ നിന്നാണ് അതെന്തിനാണെന്ന് ഉള്ള വിവരവും അറിഞ്ഞത് .രാജൻ സെക്യൂരിറ്റി ആയി ജോലി നോക്കിയിരുന്ന ഹോസ്പിറ്റലിലെ സ്റ്റാഫ് ഡ്രെസിംഗ് റൂമിൽ നിന്ന് ഒളിക്യാമറ പിടിച്ചത്രേ . രാജനെ അറിയാവുന്ന ഇന്നാട്ടുകാരി ഒരു നേഴ്‌സ് ആ ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു. പണ്ടൊരു നാൾ രാജന്റെ അയൽവക്കത്തുള്ളൊരു സ്ത്രീയുടെ അടിവസ്ത്രം മോഷണം പോകുന്നത് പതിവായിരുന്നു . പുറകിലെ മറപ്പുരയിൽ കുളിച്ചുകൊണ്ടിരുന്നപ്പോൾ ആരോ എത്തിനോക്കിയെന്ന് പറഞ്ഞ് ആ സ്ത്രീ ബഹളം വെച്ചപ്പോൾ നാട്ടുകാരോടിക്കൂടി പിടിച്ചത് ഈ രാജനെയാണ്. ആ വിവരമെല്ലാം അറിയാവുന്ന ഇന്നാട്ടുകാരിയായ നേഴ്‌സ് രാജന്റെ മേലെ സംശയം പറഞ്ഞപ്പോൾ പോലീസ് ഹോസ്പിറ്റലിലും ഇന്നാട്ടിലും വന്നന്വേഷിച്ചതാണ്.

അക്കാര്യത്തിൽ എനിക്ക് രാജന്റെ നിരപരാധിത്വം വളരെ വ്യക്തമാണ്. കയ്യിലുള്ള നോക്കിയ 1100 മൊബൈലിൽ എന്തിന്റെയോ വെരിഫിക്കേഷൻ കോഡ് വന്നപ്പോൾ അതിനെപ്പറ്റിയറിയാൻ സമീപിച്ചത് എന്നെയാണ് . മാത്രമല്ല ജോലിചെയ്ത ശമ്പളം അകൗണ്ടിൽ വരുമ്പോൾ അതെടുക്കാൻ എടിഎമ്മിൽ സഹായത്തിന് വിളിച്ചിരുന്നതും എന്നെയാണ്. 

കള്ളൻ അല്ലെങ്കിലും കള്ളന്റെ മകനായതിനാൽ കള്ളൻരാജനെന്ന് വിളിപ്പേര് പതിഞ്ഞുകിട്ടിയപ്പോൾ നാലാം ക്‌ളാസിൽ പഠിത്തം നിർത്തിയ രാജൻ ഒളിക്യാമറ വെച്ചുവെന്നൊക്കെ പറഞ്ഞാൽ ജോസേട്ടന്റെ കടയിലെ ഗ്രാമീണ റേഡിയോക്കാർ മാത്രമേ വിശ്വസിക്കൂ.

ആ സംഭവത്തിന് ശേഷം കുറെ നാൾ കഴിഞ്ഞ് സമീപത്തൊരു കല്യാണതലേന്ന് രാജനെ അടിച്ചുഫിറ്റായി കണ്ടിരുന്നു. എന്റെയും വയറ്റിൽ കിടക്കുന്ന കള്ളിന്റെ ബലത്തിലാവാം നല്ല ബന്ധം അല്ലെങ്കിലും രാജനോട് ഞാനെന്റെ ചോദ്യങ്ങൾ തൊടുത്തത്.

” നീയെന്തിനാ രാജാ വെറുതെ ആവശ്യമില്ലാത്ത പൊല്ലാപ്പിനൊക്കെ പോയത്? ‘ അന്നത്തെ കുളിമുറിയിലെത്തിനോട്ടമാണ് ഞാൻ ഉദ്ദേശിച്ചത്

”സ്റ്റീഫനെത്ര വയസായി ? മക്കളെത്രയിലാ പഠിക്കുന്നെ ?” രാജന്റെ മറുചോദ്യമെന്നെ ദേഷ്യം പിടിപ്പിച്ചുവെങ്കിലും  ഞാൻ മറുപടിപറഞ്ഞു. അന്നത്തെ ആ വാർത്ത പരന്നതിന് ശേഷം മറ്റുള്ളവർ പ്രകടിപ്പിക്കും പോലെ തന്നെ  എന്റെ മക്കളും ഭാര്യയുമെല്ലാം ബസ്സ്റ്റോപ്പിലും മറ്റും രാജനെ കാണുമ്പോൾ പോലെ കണ്മുന്നിൽ നിന്ന് മാറുന്നത് പതിവായിരുന്നു.

” എന്നേക്കാൾ മൂത്തതാ സ്റ്റീഫാ അവള്. അവളുടെ കെട്ടിയോൻ മരിച്ചിട്ട് സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോന്നതല്ലേ? രണ്ട് പിള്ളേരുമുണ്ട്. അതൊക്കെ ഓർത്തപ്പോൾ അവൾക്കെന്നെ ഇഷ്ടപ്പെടൂന്ന് വിചാരിച്ചു. അവളെ കാണാൻ ഞാൻ എല്ലായിടത്തും പോകുമാരുന്നു. അന്നും വെറുതെ ഒന്ന് കാണാൻ വേണ്ടി മാത്രമാ പോയത്. മറപ്പുരയിൽ ആ ചെറുക്കന്റെ ശബ്ദം കേട്ടാ അങ്ങോട്ട് നോക്കീത്. അവളവനെ കുളിപ്പിച്ചിട്ട് കുളിക്കാനൊരുങ്ങുവാന്ന് ഞാൻ അറിഞ്ഞോ ?” രാജൻ കരച്ചിലിന്റെ വക്കിലെത്തിയിരുന്നതിനാൽ മോഷണം പോകുന്ന അടിവസ്ത്രങ്ങളുടെ ഞാൻ ചോദിച്ചില്ല .

” എന്നെക്കാണാൻ കൊള്ളൂല്ല . പഠിത്തോമില്ല… എന്നാലും ഞാൻ അവളേം മക്കളേം എങ്ങനെയേലും പോറ്റിയേനെ. കള്ളന്റെ മകന് ഇവിടല്ലേ പണി കിട്ടാതുള്ളു. അന്യദേശത്തുപോയാലും കഴിയാമല്ലോ ”

എനിക്കവനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലായിരുന്നു.രാജന് അവരെ വലിയ ഇഷ്ടമായിരുന്നിരിക്കാം. കൂലിപ്പണിക്കാർക്കും കള്ളനും വ്യഭിചാരിക്കുമെല്ലാം പ്രണയം എന്ന വികാരം നിഷിദ്ധമെന്ന് എവിടെയും എഴുതി വെച്ചിട്ടില്ലല്ലോ. 

ശങ്കരേട്ടന് രണ്ട് മക്കളെയും വലിയ കാര്യമായിരുന്നു. മക്കൾ മുതിർന്നിട്ടും ജോസേട്ടന്റെ ചായപ്പീടികയിൽ നിന്ന് എണ്ണപ്പലഹാരം വാങ്ങിക്കൊണ്ടു വരും. എന്നിട്ട് വീടിന്റെ അരമതിലിൽ വെച്ചിട്ടകത്തേക്ക് കയറും. ശങ്കരേട്ടനും മക്കളുമായി സംസാരിക്കുന്നത് കണ്ട ഓർമ്മയെനിക്കില്ല. ബാല്യത്തിൽ എങ്ങനെയായിരുന്നു അവർ തമ്മിലുള്ള സ്നേഹബന്ധം എന്നും  എനിക്കറിയില്ല. പക്ഷെ രാജൻ കവലയിലും മറ്റും ശങ്കരേട്ടനെ കാണുമ്പോൾ പല്ലിറുമ്മി വഴിമാറിനടക്കുന്നത് കണ്ടിട്ടുണ്ട്.

രാജശ്രീ വർഷത്തിലൊന്നാണ് വീട്ടിലേക്ക് വരിക. പോത്തും പന്നിയുമൊക്കെയായി ശങ്കരേട്ടനുമെത്തും പണിസ്ഥലത്തുനിന്നും. എല്ലാം ഭാര്യ ലളിതയെ ഏൽപ്പിച്ച ശേഷം കവലക്ക് പോകുന്ന ശങ്കരേട്ടൻ വീട്ടിൽ മടങ്ങിയെത്തുക മക്കളുറങ്ങിക്കഴിഞ്ഞാവും. തിണ്ണയിൽ ശങ്കരേട്ടനുള്ളത് വിളമ്പി വെച്ചിട്ടുണ്ടാകും. ഒരു കൂരക്ക് കീഴിൽ മക്കളെ അകലെ നിന്ന് കണ്ട്  തൃപ്തിപ്പെട്ട് ശങ്കരേട്ടൻ പിറ്റേന്ന് ജോലി സ്ഥലത്തേക്ക് മടങ്ങും.

പഠിക്കാനത്ര മിടുക്കിയൊന്നുമായിരുന്നില്ല രാജശ്രീ. അതുകൊണ്ടുതന്നെ പ്രീഡിഗ്രി കഴിഞ്ഞു കോൺവെന്റിൽ നിന്ന് വീട്ടിലേക്ക് മടങ്ങി. കള്ളൻ ശങ്കരന്റെ മകൾക്ക് പറ്റുന്ന കോഴ്സ് ഇന്നാട്ടിൽ ഇല്ലാഞ്ഞിട്ടാണോ കള്ളൻ ശങ്കരന്റെ മകളെന്നുള്ള വിളി കേൾക്കാനിഷ്ടമില്ലാഞ്ഞിട്ടാണോ രാജശ്രീ പിന്നീട് പഠിക്കാനൊന്നും പോയില്ല. അടുത്തുള്ള മഠത്തിൽ തയ്യൽ ക്‌ളാസ്സിന് വിരലിൽ എണ്ണാവുന്ന ദിനങ്ങൾ പോയി നിർത്തി. ഇരുനിറം ആണെങ്കിലും മുഖശ്രീ കൊണ്ടും ആകാരഭംഗികൊണ്ടും ആരാലും ശ്രദ്ധിക്കപ്പെടുന്ന രാജശ്രീയെ ഭയന്നാണോ കള്ളന്റെ മകളായതുകൊണ്ടാണോ എന്തോ വീട്ടുപണിക്കോ ഒന്നും അവളെ ആരും വിളിക്കുന്നുണ്ടായിരുന്നില്ല.കുറച്ചുനാൾ അകലെയെവിടയോ തുണിമില്ലിൽ ജോലിക്ക് പോയതായി അറിഞ്ഞിരുന്നു. പിന്നെ അവിടെ നിന്നും നിർത്തി കവലക്കടുത്തൊരു പഴയ വീട് വാടകക്കെടുത്തു അല്ലറചില്ലറ തയ്യലുമായി കഴിഞ്ഞുകൂടുകയായിരുന്നു രാജശ്രീ.

കല്യാണം കഴിക്കാനോ ആലോചിക്കാനോ അല്ലെ കള്ളന്റെ മകളെന്ന പേര് ബുദ്ധിമുട്ടാകുന്നത്, മറ്റൊന്നിനുമാകില്ലല്ലോ എന്ന ചിന്തയിലാകും നാട്ടിലെ വായിനോക്കികൾ രാജശ്രീയുടെ തയ്യൽക്കടയുടെ മുന്നിൽ വട്ടമിട്ട് പറക്കാറുണ്ട്. അവരെയൊക്കെ മൈൻഡ് ചെയ്യാത്ത രാജശ്രീക്കും ഒരിക്കൽ  ഒരക്കിടി പറ്റി. നാട്ടിൽ പുതുതായി വാടകക്ക് താമസത്തിന് വന്ന പോലീസുകാരനുമായി ചെറിയൊരു പ്രേമബന്ധം. അത് പാട്ടായത് പോലീസുകാരന്റെ ഭാര്യ തയ്യൽക്കടയിൽ വന്ന് ബഹളമുണ്ടാക്കിയപ്പോഴാണ്. അവർ പറഞ്ഞ അസഭ്യമെല്ലാം കേട്ടിരുന്ന രാജശ്രീ അവസാനം ഭർത്താവിനെ നിലക്ക് നിർത്താൻ മാത്രം  പറഞ്ഞു .

ജോസേട്ടന്റെ ചായപ്പീടികയിലെ റേഡിയോ സദസിനെ  ഒരാഴ്ചത്തേക്ക് സജീവമാക്കി ആ സംഭവം . ഭാര്യയുടെ കൂടെ കിടക്കുന്ന പോലീസുകാരനല്ലായിരുന്നു , കുറ്റം മുഴുവൻ ഇതുവരെയും പ്രണയിക്കപ്പെട്ടിട്ടില്ലാത്ത , പ്രണയിച്ചിട്ടില്ലാത്ത , അച്ഛന്റെ സൽപ്പേരിനാൽ കല്യാണം കഴിക്കാത്ത രാജശ്രീക്കായിരുന്നു .

കള്ളൻ ശങ്കരന്റെ സോറി , മരിച്ചുകഴിഞ്ഞാൽ ബഹുമാനിക്കണം …ശങ്കരേട്ടന്റെ സംസ്കാരത്തിന് പോകണമെന്ന് തോന്നിയതിനാൽ രാജന്റെ വീട്ടിലേക്ക് ചെന്നു. മരണവീട്ടിലെ ആളും ബഹളവുമൊന്നുമില്ല. സ്ഥിരം മരണവീട് സന്ദർശിക്കുന്ന നാട്ടിലെ കുറച്ചുപേർ അവിടവിടെയിരിക്കുന്നുണ്ട് . മരണവീട് ആണെന്നറിയിക്കാൻ നീല ടാർപോളിൻ കെട്ടിയിട്ടുണ്ട്. വീടിന്റെ തിണ്ണയിൽ പതിഞ്ഞ ശബ്ദത്തിൽ രാജശ്രീ രാമായണം വായിക്കുന്നു . ശങ്കരേട്ടന്റെ ഭാര്യ ലളിതേച്ചി ഭിത്തിയിൽ കൂഞ്ഞി കൂടിയിരിക്കുന്നുണ്ട് . ഒന്നുരണ്ട് സ്ത്രീകളുടെ തലവെട്ടം ഉള്ളിൽ നിന്ന് നീണ്ടു.

” പോകുവാണോ … ഇപ്പൊ കർമ്മിയെത്തും.

ശങ്കരേട്ടന്റെ ബോഡിക്ക് മുന്നിൽ നിന്ന് കണ്ണടച്ച് പ്രാർത്ഥിക്കുമ്പോഴാണ് രാജന്റെ സംസാരം വീടിന്റെ സൈഡിൽ നിന്നും കേട്ടത്. ഒന്ന് പറഞ്ഞിട്ട് പോകാമെന്ന് കരുതി അവിടേക്ക് ചെന്നു

” ഇന്ന് മൂന്നാല് അടക്കുണ്ട് .അതാ കർമ്മി താമസിക്കുന്നേ . നിങ്ങളിതടിച്ചേച്ചും ഇരിക്ക് . ഇനീമോണ്ട് . തീരുമ്പോ പറഞ്ഞാൽ മതി ”

രാജൻ സ്ഥിരം മരണവീട് സന്ദർശകർക്ക് ഒരു അരലിറ്റർ എടുത്തുകൊടുത്തു കൊണ്ട് പറയുന്നു. ആരും ഇല്ലാത്തതുകൊണ്ടാകും ഉള്ള ആളുകളെ പിടിച്ചിരുത്താൻ രാജൻ കുപ്പി പൊട്ടിച്ചുകൊടുക്കുന്നത്. അതോ ഇനി മരണവീട് സ്ഥിരം സന്ദർശകർ ഇങ്ങനെയുള്ള കലാപരിപാടികൾ പ്രതീക്ഷിച്ചാകുമോ വരുന്നത് തന്നെ!!

കർമ്മി വന്ന് ബോഡി പൊതുശ്‌മശാനത്തിലേക്ക് എടുക്കാൻ നിൽക്കുന്നില്ലന്നു പറഞ്ഞു രാജന്റെ കയ്യിലേക്ക് ഏതാനും നോട്ടുകൾ വെച്ചുകൊടുക്കുമ്പോൾ രാജന്റെ മുഖത്ത് ആശ്ചര്യവും ഒപ്പം  സന്തോഷവും. പൈസ വാങ്ങാൻ കൂട്ടാക്കാത്ത രാജന്റെ പോക്കറ്റിലേക്ക് പൈസ ഇട്ടു കൊടുത്തു നടന്നു

പിറ്റേന്ന് രാവിലെ കട തുറക്കുമ്പോൾ രാജൻ കടയുടെ മുന്നിൽ ചുറ്റിപ്പറ്റി നിൽപ്പുണ്ട് . പതിവ് പോലെ എ ടി എമ്മിൽ നിന്നും പൈസ എടുക്കാനോ മറ്റോ ആകും . അടിച്ചുവാരി തൂത്തു വൃത്തിയാക്കി കസേരയിൽ ഇരിക്കും മുന്നേ രാജനെ ഒന്ന് നോക്കി

” പൈസയെടുക്കാനാണോ രാജാ ?”

”സ്റ്റീഫനെനിക്ക് ഒരുപകാരം ചെയ്യണം ” രാജൻ അടുത്തേക്ക് വന്നു. പണത്തിനാണെങ്കിൽ ഇല്ല . ഉണ്ടായിട്ടല്ല ഇന്നലെ കൊടുത്തതും . സ്പിരിറ്റ് വാങ്ങി , പഞ്ചായത്ത് ഓഫീസിലേക്ക് പോയ രാജൻ പൊതുശ്‌മശാനത്തിലെ ചിലവ് എത്രയാണെന്ന് ചിലരോട് ചോദിക്കുന്നതും പോക്കറ്റിൽ അത്രയുണ്ടെന്ന് എണ്ണി ഉറപ്പിക്കുന്നതും കണ്ടിരുന്നു.

” എന്താ രാജാ ?”

” പത്രത്തിൽ ഒരു പരസ്യം കൊടുക്കാൻ സഹായിക്കണം . പൈസ ഞാൻ തന്നോളാം ” രാജൻ തലേന്ന് ഞാൻ കൊടുത്ത അതേ നോട്ടുകൾ എടുത്തെന്റെ മുൻപിൽ വെച്ചു.

ഇപ്പോഴെല്ലാം ഓൺലൈൻ ആണല്ലോ .ഇവിടെയാണെങ്കിൽ പത്രമോഫീസുമില്ല. അച്ഛൻ മരിച്ചതിന്റെ വാർത്ത കൊടുക്കാനാകും രാജൻ വന്നത് . ഞാൻ പ്രമുഖ പത്രത്തിന്റെ അഡ്വർടൈസിംഗ് പേജ് എടുത്തു .

” പേര് രാജശ്രീ, വയസ് മുപ്പത്തിയേഴ് . നിറം കറുപ്പ് . പറ്റിയ വരനെ തേടുന്നു . ജാതി, മതം പ്രശ്നമല്ല . ബാധ്യതയുള്ളവരെയും പരിഗണിക്കും

ആ നാളും കൂടെ വെച്ചോ .. മകം നക്ഷത്രം. ശുദ്ധജാതകം ”

ഒറ്റ ശ്വാസത്തിൽ രാജൻ പറഞ്ഞു നിർത്തിയപ്പോൾ ഞാൻ എന്ത് പറയണമെന്നറിയാതെ വെട്ടി വിയർത്തു .

അച്ഛൻ മരിച്ചതിനാൽ കള്ളന്റെ മകൾ എന്ന പേര് കേൾക്കില്ലന്നുള്ള ചിന്തയിലാകും രാജൻ അച്ഛന്റെ ചിതയോടുങ്ങും മുൻപേ  തന്നെ പരസ്യം കൊടുക്കാനായി വന്നത് . അമ്മായിയപ്പനായി കള്ളൻ ശങ്കരൻ  കല്യാണമണ്ഡപത്തിലും വീട്ടിലും കൂടെ നിൽക്കില്ലല്ലോ

രാജന് കല്യാണം വേണ്ടേയെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു . അവന്റെ അപ്പോഴത്തെ മുഖഭാവവും പെരുമാറ്റവുമെല്ലാം തികഞ്ഞ മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടെന്ന് വ്യക്തമായതിനാൽ പിന്നീടൊരിക്കലാവട്ടെ എന്ന് കരുതി .

എന്നാൽ അതിനൊരിക്കലും സാധിച്ചില്ല. പരസ്യം കണ്ടു വന്ന ആലോചനകൾ രാജന്റെ  സൽപ്പേരിനാൽ മുടങ്ങിയപ്പോൾ രാജൻ നാട് വിട്ടു. പ്ലാവിൻ ചുവട്ടിൽ ഭവാനിപ്പുഴയിലൂടെ ഒഴുകിവന്ന അജ്ഞാതമൃതദേഹം അടിഞ്ഞപ്പോൾ ജോസേട്ടന്റെ ചായപ്പീടികയിലെ റേഡിയോ സദസ് അത് രാജന്റെ ബോഡിയാണെന്നും അല്ലന്നമുള്ള ചർച്ചയിൽ കൊടുപിരി കൊള്ളുകയായിരുന്നു.

– സെബിൻ ബോസ്

Scroll to Top