അത്രയ്ക്കും കൗതുകത്തോടെ ഞാനതിൽ നോക്കുകയും തൊടുകയും ചെയ്തിട്ടുണ്ട്. ആ രംഗങ്ങളെല്ലാം മനസ്സിൽ തെളിഞ്ഞപ്പോൾ…

Story by ശ്രീജിത്ത് ഇരവിൽ
**********************

തന്റെ തലയിൽ തേങ്ങ വീണത് പ്രമാണിച്ച് ഭാര്യയുടെ അച്ഛൻ മെഡിക്കൽ കോളേജിലായിരുന്നു. പണം ഇത്തിരി ചിലവായാലും ജീവൻ തിരിച്ച് കിട്ടി. ഒരു കൊല്ലത്തേക്ക് ഒന്നും കടിച്ച് തിന്നാൻ പറ്റില്ലെന്നേയുള്ളൂ ആ വയോധികനായ പാവത്തിന്. മനുഷ്യരുടെ തലച്ചിലവുകളെ കുറിച്ച് തെങ്ങിനും തേങ്ങയ്ക്കും യാതൊരു വിവരവുമില്ലല്ലോ…

അന്ന്, ഡിസ്റ്റാർജ് ആകുന്ന നാളായിരുന്നു. പതിനായിരം രൂപ കൂടി കൈയ്യിൽ ഉണ്ടെങ്കിലേ ആവിശ്യങ്ങളൊക്കെ നടക്കൂ. അതിനായി ചില കൂട്ടുകാരെയൊക്കെ ഞാൻ വിളിച്ചു. മിക്കവരും കൈ മലർത്തുകയായിരുന്നു. ഒടുവിൽ ഒരുത്തനൊരു വഴി പറഞ്ഞ് തന്നു. മെഡിക്കൽ കോളേജിന്റെ പരിസരത്താണ് പോലും ദിവാകരൻ താമസിക്കുന്നത്.

‘ഏത് ദിവാകരൻ…?’

മറുതലയ്ക്കലെ ഉത്തരത്തിനായി ഞാൻ കാതോർത്തൂ. നമ്മുടെ കൂടെ സ്കൂളിൽ പഠിച്ച ദിവാകരനെ നിനക്ക് ഓർമ്മയില്ലേയെന്ന് കൂട്ടുകാരൻ ചോദിച്ചിട്ടും എനിക്ക് ആളെ പിടികിട്ടിയില്ല. അവൻ എന്നെ സഹായിച്ചു.

‘പണ്ട്, ഭാഗ്യവതി ടീച്ചറും കരുണൻ മാഷും പ്രേമത്തിലാണെന്ന് മൂത്രപ്പുരയിൽ എഴുതുമ്പോൾ കൂടെയുണ്ടായിരുന്ന ദിവാകരനെ നിനക്ക് ഓർമ്മയില്ലേ…? നാണം കുടുങ്ങി ഓമനയ്ക്ക് കത്ത് കൊടുത്ത് ഹെഡ്മാഷ് പിടിച്ച നമ്മുടെ പ്രേമാകരൻ..!’

ശരിയാണ് പിള്ളേരെല്ലാം പ്രേമാകരനെന്ന് വിളിച്ച് കളിയാക്കുന്ന ദിവാകരനെ ഞാൻ ഓർക്കുന്നു. അവന്റെ ഇടം കൈയ്യിൽ ആറ് വിരലുകളുണ്ട്. വിദേശത്തായിരുന്ന അവൻ ഈയിടെയാണ് തിരിച്ച് വന്നതെന്നും, നമ്പർ ഉണ്ടെന്നും, വിളിച്ചാൽ തീർച്ചയായും അവൻ സഹായിക്കുമെന്നും കൂട്ടുകാരൻ ചേർത്തു.

ദിവാകരന്റെ നമ്പറിലേക്ക് ഡയൽ ചെയ്യാൻ ആദ്യം മടിച്ചിരുന്നു. ഇത്രേയും വർഷങ്ങൾക്ക് ശേഷം കാശ് ചോദിച്ച് വിളിക്കുമ്പോൾ അവന് എന്ത് തോന്നുമെന്നും സംശയിച്ചു. സ്കൂൾ പഠനം കഴിഞ്ഞ് മുപ്പത്തിയഞ്ച് വർഷങ്ങളൊക്കെ ആയിട്ടുണ്ടാകും. ഞാനും ദിവാകരനും പരസ്പരം തിരിച്ചറിയാൻ പോലും പറ്റാത്ത വിധം മാറപ്പെട്ടിട്ടുണ്ടാകും. എന്നിരുന്നാലും അവന്റെ ഇടത് കൈയ്യിലെ ആറ് വിരലുകളെ ഞാൻ ഇന്നും ഓർക്കുന്നു. അത്രയ്ക്കും കൗതുകത്തോടെ ഞാനതിൽ നോക്കുകയും തൊടുകയും ചെയ്തിട്ടുണ്ട്. ആ രംഗങ്ങളെല്ലാം മനസ്സിൽ തെളിഞ്ഞപ്പോൾ ഞാൻ അവനെ വിളിക്കുക തന്നെ ചെയ്തു.

‘അതെ, ദിവാകരനാണ്.’

അവന്റെ ശബ്ദം. നിന്റെ സ്കൂൾ കൂട്ടുകാരനാണ് എന്നതിനോടൊപ്പം എന്റെ പേര് ഞാൻ പറഞ്ഞപ്പോൾ തന്നെ ദിവാകരന് എന്നെ മനസ്സിലായി. ഭാര്യയുടെ അച്ഛന്റെ തലയിൽ തേങ്ങ വീണ കഥ കേട്ടപ്പോൾ അവൻ ആദ്യം ചിരിക്കുകയായിരുന്നു. ശേഷം ഗൗരവ്വം മനസിലാക്കുകയും ചെയ്തു. ഉടനെ താൻ വരാമെന്നും പറഞ്ഞു. അത്യാവശ്യമെന്ന് വന്നാൽ കൂടെ നിൽക്കാൻ സാധിക്കുന്ന കൂട്ടുകാരെ കിട്ടുന്നത് ചെറിയ കാര്യമല്ല. എന്നെ ഇപ്പോഴും ദിവാകരൻ സൂക്ഷിച്ചതിൽ വലിയ സന്തോഷം തോന്നിയ നാളായിരുന്നുവത്.

അങ്ങനെ വീണ്ടും കൂടിച്ചേരാൻ പോകുന്ന കൂട്ടുകാരനെയും കാത്ത് മെഡിക്കൽ കോളേജിന്റെ പ്രധാന കവാടത്തിനരികിൽ ഞാൻ കാത്ത് നിന്നു. എത്തിയാൽ വിളിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാലും, ആകാംഷയിൽ നിറഞ്ഞ് തൂകുന്നുണ്ടായിരുന്നു മനസ്സ്. ഡിസ്റ്റാർജ് ചെയ്യാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായത് കൊണ്ട് പോകാനുള്ളതെല്ലാം ബാഗുകളിൽ നിറച്ച് ഭാര്യ കാത്ത് നിൽക്കുന്നുണ്ടാകും…

‘എസ്ക്യൂസ്‌ മി…’

എവിടെ എത്തിയെന്ന് അറിയാൻ ദിവാകരനെ ഫോൺ ചെയ്യാൻ ഒരുങ്ങിയപ്പോഴാണ് ആരോ എന്നെ തൊട്ട് വിളിച്ചത്. ആരായിരുന്നുവെന്ന് പ്രത്യേകം പറയേണ്ട ആവിശ്യമില്ലായിരുന്നു. ഇടം കൈയ്യിലെ ആ ആറ് വിരലുകൾ കണ്ടപ്പോൾ തന്നെ കാതിൽ നിന്ന് ഫോൺ താഴ്ത്തി ദിവാകരായെന്ന് ഞാൻ ശബ്ദിച്ചു. അത് കേട്ടപ്പോൾ അവന്റെ മുഖം അത്രയ്ക്കും തെളിയുമെന്ന് ഞാൻ കരുതിയതേയില്ല. കൊല്ലങ്ങൾ എത്രയായെടാ കണ്ടിട്ടെന്ന് പറഞ്ഞ് അവൻ എന്നെ പരസ്യമായി  പുണരുകയായിരുന്നു…

ക്ലാസ്സ്‌ കട്ട്‌ ചെയ്ത് കശുവണ്ടി മോഷ്ടിക്കാൻ പോയ നിക്കിറിട്ട കാലം തൊട്ട് ഭാര്യയുടെ അച്ഛന്റെ തലയിൽ തേങ്ങ വീണ കഥ വരെ ഞാൻ സംസാരിച്ചു. പലതും ഓർത്തെടുക്കാൻ പ്രയാസ്സപ്പെട്ടെങ്കിലും ഞങ്ങളുടെ ഇടപെടലിലെ മനോഹാരിത തെളിഞ്ഞ് തന്നെ നിന്നിരുന്നു. ഒരുമിച്ച് ഉണ്ടായിരുന്ന നേരത്തിന്റെ രണ്ട് കാഴ്ച്ചകൾ ഞങ്ങൾക്ക് പരസ്പരം തുന്നിച്ചേർക്കാൻ സാധിച്ചുവെന്ന് തന്നെയാണ് ആ കണ്ടുമുട്ടലിന്റെ പ്രത്യേകത. ഞങ്ങളെ കുറിച്ചല്ലാതെ രണ്ട് പേർക്കും മറ്റൊന്നും സംസാരിക്കാൻ ഉണ്ടായിരുന്നില്ല.

‘എടാ…ഭാഗ്യവതി ടീച്ചറും, കരുണൻ മാഷുമല്ല. പീതാംബരൻ മാഷും , സതീദേവി ടീച്ചറും…’

ദിവാകരൻ ഇത്രയും ഓർമ്മയോടെ പറയുന്നുണ്ടെങ്കിൽ അത് തന്നെ ആയിരിക്കണം ശരി. ആദ്യമൊക്കെ മിണ്ടാതിരുന്ന് കേട്ട അവൻ പതിയേയാണ് ഉണർന്നത്. ആ കാലത്തിൽ ഞാൻ ശ്രദ്ധിക്കാതിരുന്ന പലതും അവൻ എനിക്ക് പറഞ്ഞ് തന്നു. പക്ഷെ, ഓമനയ്ക്ക് കത്ത് കൊടുത്ത കാര്യമെല്ലാം അവൻ പാടേ മറന്നിരിക്കുന്നു. അതേ ചൊല്ലി ഞങ്ങൾ കളിയാക്കിയ പ്രേമാകരനെന്ന പേരും അവന് ഓർക്കാൻ സാധിച്ചില്ല. അവൻ സൂചിപ്പിച്ച പലതും ഓർത്തെടുക്കുന്നതിൽ ഞാനും പരാജയപ്പെട്ടിരുന്നു. അങ്ങനെ, മറ്റുള്ളവരുടെ നിനവിൽ തങ്ങിയ എത്രയെത്ര രംഗങ്ങളെ ആയുസ്സിൽ നമ്മൾ മറന്ന് പോയിട്ടുണ്ടാകുമല്ലേ…

എന്നിരുന്നാലും, എന്നോട് ഉണ്ടായിരുന്ന സ്നേഹം ഞാൻ കരുതിയിരുന്നതിലും എത്രയോ കൂടുതലായി ദിവാകരനിൽ ഉണ്ടെന്ന് എനിക്ക് മനസ്സിലായി. പണം തന്നതിന് പുറമേ ഡിസ്റ്റാർജ് ആയ ഞങ്ങളെ ടാക്സിയിൽ കയറ്റി വിടുന്നത് വരെ അവൻ കൂടെ തന്നെ നിന്നിരുന്നു.

കൂട്ടം കൂടി ജീവിക്കുമ്പോഴും പരസ്പരം ഐക്ക്യപ്പെടാൻ കൂട്ടുകാർ വേണമെന്ന് പറയുന്നത് എത്ര ശരിയാണല്ലേ… വർഷങ്ങളോളം പിരിഞ്ഞ് പോയിട്ടും പരസ്പരം കാണുമ്പോൾ ഒരുമിച്ചുണ്ടായ അവസാന നിമിഷത്തിൽ നിന്നെന്ന പോലെ തുടരാൻ മനുഷ്യരെ കിട്ടുകയെന്നത് ജന്മത്തിന് ഭാഗ്യം തന്നെയാണ്.

‘ദേ… ഫോണടിക്കുന്നു…’

വീട്ടിലേക്കെത്തി കുളിച്ചതേ ഉണ്ടായിരുന്നുള്ളൂ.. ഭാര്യ എടുത്ത് തന്ന ഫോൺ നോക്കിയപ്പോൾ വിളിക്കുന്നത് ദിവാകരനാണ്. ഞങ്ങൾ ഇവിടെ എത്തിയെടായെന്ന് പറയാൻ ഉടനെ ഞാൻ ഫോൺ എടുത്തു. അതിന് മുമ്പേ അവൻ സംസാരിച്ച് തുടങ്ങിയിരുന്നു.

‘ക്ഷമിക്കെടാ… എനിക്ക് വരാൻ പറ്റിയില്ല. ഇറങ്ങാൻ തുടങ്ങുമ്പോഴേക്കും രണ്ട് പേര് കാണാൻ വന്നു. ഒരര മണിക്കൂർ…. അതിനുള്ളിൽ ഞാനെത്തും… മെഡിക്കൽ കോളേജിന്റെ ഗേറ്റിൽ തന്നെ നിന്നാമതി…’

ശരിയെന്ന് അറിയാതെ ഞാൻ പറഞ്ഞ് പോയി. അത്രത്തോളം സ്ഥലകാലബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ആ നേരം. അനുഭവിക്കുന്ന ജീവനേയും, അതിനായി വലിച്ചെടുക്കുന്ന ശ്വാസത്തേയും എനിക്ക് സംശയിക്കാൻ തോന്നി. അപ്പോഴും ആ ചോദ്യം തലയിൽ മുഴങ്ങുന്നുണ്ടായിരുന്നു. ഇടം കൈയ്യിൽ ആറ് വിരലുകളുള്ള ആ ദിവാകരൻ എന്റെ പ്രേമാകരൻ അല്ലെങ്കിൽ പിന്നെ ആരായിരുന്നു…!!!