നാട്ടുകാർക്കിടയിൽ അവന്റെ മതിപ്പ് കൂടിയല്ലോയെന്ന് കൂടി ചിന്തിച്ചപ്പോൾ ഞാൻ കരഞ്ഞ് പോയി….

എഴുത്ത്: ശ്രീജിത്ത് ഇരവിൽ

അയൽക്കാരനായ സുകുമാരന് യൂഡി ക്ലാർക്കായി സ്ഥാനക്കയറ്റം കിട്ടിയെന്ന് അറിഞ്ഞ രാത്രിയിൽ എനിക്ക് ഉറങ്ങാൻ സാധിച്ചില്ല. നാട്ടുകാർക്കിടയിൽ അവന്റെ മതിപ്പ് കൂടിയല്ലോയെന്ന് കൂടി ചിന്തിച്ചപ്പോൾ ഞാൻ കരഞ്ഞ് പോയി.

‘നിങ്ങ ഇങ്ങനെ ഉറങ്ങാതിരുന്നിട്ട് വല്ല കാര്യുണ്ടോ മനുഷ്യാ… നിങ്ങടെയൊന്നും മനസ്സ് ശരിയല്ല… ‘

ഭാര്യ പറഞ്ഞതാണ്. അതും കൂടി കേട്ടപ്പോൾ കാറ്റുപോയയൊരു ബലൂണ് പോലെ ഞാൻ കട്ടിലിൽ കുഴഞ്ഞ് വീണു. സാധാരണയെന്ന പോലെ, കുഞ്ഞ് ഉറങ്ങിയോയെന്നും ചോദിച്ച് അവളുടെ അരയിൽ കൈയ്യിടാനൊന്നും അന്ന് മുതിർന്നില്ല. എല്ലാ അർത്ഥത്തിലും ഞാനൊരു പരാജയമാണെന്ന് എനിക്ക് തോന്നി.

ഞാനും സുകുമാരനും ട്രൗസറിൽ മൂക്കളയുരച്ച് നടക്കുന്ന കാലം തൊട്ടേ കൂട്ടുകാർ ആയിരുന്നു. ഒരുമിച്ച് പോയ സ്കൂളിൽ നിന്നും മര്യാദയ്ക്ക് പഠിച്ചതുകൊണ്ട് അവൻ പ്രീഡിഗ്രീയുടെ കതക് തുറന്ന് പുറത്തേക്ക് പോയി. മര്യാദയില്ലാത്തത് കൊണ്ടായിരിക്കണം വിദ്യാഭ്യാസത്തിന്റെ പത്താം കതകിൽ തട്ടി ഞാൻ വീണുപോയത്.

കൂടെ നടന്നവൻ ചതിച്ചല്ലോയെന്ന കാരണത്തിനും അപ്പുറം സുകുമാരനെ ജന്മശത്രുവാക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്…

പത്തിൽ തോറ്റ് പോയ എന്നെ കണ്ണിൽ ചോരയില്ലാത്ത എന്റെ അച്ഛൻ മടലുവെട്ടി അടിക്കുമ്പോൾ സുകുമാരൻ ആ അതിരിന്റെ ശീമക്കൊന്നയിൽ ചാരി ചിരിച്ച് നിൽപ്പുണ്ടായിരുന്നു. പോരാത്തതിന് പ്രീഡിഗ്രീക്ക് സീറ്റ്‌ കിട്ടിയെന്നും പറഞ്ഞ് പഞ്ചാരപ്പാവ് ഒലിക്കുന്ന മഞ്ഞ ജിലേബിയുമായും അവൻ എന്റെ വീട്ടിലേക്കും വന്നു…

ജയിച്ചവന്റെ ഹുങ്കിൽ തോറ്റവനെ പരിഹസിക്കാൻ വേണ്ടി മാത്രമായിരുന്നു പിന്നീട് സുകുമാരൻ എന്നിലേക്ക് കണ്ണുകൾ തുറന്നത്. തുടർന്ന് അവന് സർക്കാർ ജോലി കിട്ടുകയും കൂടി ചെയ്തപ്പോൾ ഞാൻ തകർന്ന് പോയി.

ഒരു വാശിയെന്ന പോലെ സുകുമാരന്റെ വിവാഹം നടന്ന വർഷം തന്നെ ഞാനും കെട്ടുകയായിരുന്നു. അതുകൊണ്ട് തന്നെ രണ്ടുപേർക്കും കുടുംബമായി. നാല് വയസ്സ് പ്രായമുള്ള ഓരോ കുഞ്ഞുങ്ങളുമുണ്ട്.

സുകുമാരൻ പുത്തൻ കാറ് വാങ്ങിയപ്പോഴാണ് നാല് വട്ടമൊക്കെ ചവിട്ടിയാൽ സ്റ്റാർട്ടാകുന്ന ഒരു പഴയ സ്കൂട്ടർ ഞാൻ വാങ്ങുന്നത്. ഇതൊന്നും പോരാത്തതിന് തന്റെ സുമുഖ ജീവിതം എന്നും എനിക്ക് കാട്ടാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതിന് മാത്രമായി എന്റെ മുറ്റത്തേക്കുള്ള ഭാഗം വിട്ടാണ് അവൻ ചുറ്റുമതിൽ വരെ കെട്ടിയിരിക്കുന്നത്…

ദുഷ്ടൻമ്മാര് പനപോലെ വളരുമെന്ന ഏതോ ദൈവത്തിന്റെ ആശയത്തിൽ ആശ്വാസവും കണ്ട് ജീവിക്കുകയായിരുന്നു തുടർന്ന് ഞാൻ. അപ്പോഴാണ് ഈ സ്ഥാനക്കയറ്റം… ഞാൻ പിന്നേയും തകർന്നെന്ന് പറഞ്ഞാൽ മതിയാകില്ല. പെറുക്കിക്കൂട്ടി കത്തിക്കാൻ പറ്റുന്ന വിധം പൊടിഞ്ഞ് പോയെന്ന് തന്നെ പറയാം…

തമ്മിൽ കേമൻ താനാണെന്ന് സ്ഥാപിക്കാൻ കിട്ടുന്ന ഒരു അവസരവും എന്റെ ജീവിതത്തിന്റെ മുന്നിൽ നിന്ന് സുകുമാരൻ പാഴാക്കാറില്ല. ആ പ്രത്യേകതരം അനുഭൂതിയിൽ അർമാദ്ദിക്കുകയാണ് അവൻ. ആ അയൽവക്ക സന്തോഷം എന്നെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നു.

ഞാൻ ഇപ്പോഴും അച്ഛൻ ചൂണ്ടിയ കുലത്തൊഴിലിൽ കളിമണ്ണ് പോലെ കുഴഞ്ഞ് കിടക്കുകയാണ്. എന്റെ ജീവിതം തുച്ഛവിലക്ക് വിൽക്കപ്പെടുന്ന ശില്പനിർമ്മിതിയിൽ ഇഴയുമ്പോൾ തന്റേത് മെച്ചപ്പെട്ട ജീവിതമാണെന്ന് സുകുമാരൻ പേന കൊണ്ട് എഴുതുന്നു. കട്ടിയിൽ തെളിയുന്നത് അവൻ തന്നെയാണല്ലോയെന്ന് ഓർക്കുമ്പോൾ ആകെ വിയർക്കുന്നത് പോലെ…

ഒരിക്കലെങ്കിലും സുകുമാരന്റെ മുന്നിൽ ജയിക്കണമെന്ന ചിന്ത മാത്രമേ ഇപ്പോൾ എന്റെ തലയിലുള്ളൂ. മത്സരബുദ്ധി വന്ന മനുഷ്യരുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. മറ്റുള്ളവരെ അവർക്ക് എങ്ങനേയും തോൽപ്പിച്ചേ മതിയാകൂ…

അന്ന്, എന്റെ വീട് ഇരുട്ടിൽ പെട്ടാലും സുകുമാരൻ അണയുമല്ലോയെന്ന ചിന്തയിൽ ഇലക്ട്രിക് ലൈനിൽ ഞാൻ കമ്പിയെറിഞ്ഞ് കുരുക്കി. എന്റേതും അവന്റേതും കൂടി പത്തോളം വീട് നിന്ന നിൽപ്പിൽ കെട്ട് പോകുകയായിരുന്നു.

ഒന്നും അറിയാത്തവനെ പോലെ പാട്ടും പാടി നടക്കുമ്പോൾ സുകുമാരന്റെ വീട്ടിൽ നിന്നും കുഞ്ഞ് കരയുന്നത് പോലെ എനിക്ക് തോന്നി. ഇരുട്ടത്ത് തപ്പിത്തടഞ്ഞ് മെഴുകുതിരി തിരയുന്ന അവനെ ഓർത്തപ്പോൾ എനിക്ക് ചിരിയും പൊട്ടി. പക്ഷേ, അവന്റെ വീട് താണ്ടി എന്റെ വീടിനടുത്തേക്ക് എത്തിയപ്പോഴാണ് കരയുന്നത് എന്റെ കുഞ്ഞാണല്ലോയെന്ന് എനിക്ക് മനസ്സിലാകുന്നത്…

ഓടി ചെന്ന് നോക്കിയപ്പോൾ എന്റെ പെണ്ണുമ്പിള്ള ഇരുട്ടിൽ നെഞ്ചത്തടിച്ച് അലറുന്നു. തൊണ്ട ഇടറി എന്തൊക്കെയോ വിക്കി വിക്കി പറയുന്നുണ്ട്. എന്തിനോവേണ്ടി സ്റ്റൂളിന്റെ മേലേക്ക് കയറിയ എന്റെ കുഞ്ഞ് കറന്റ്‌ പോയപ്പോൾ കമിഴ്ന്നടിച്ച് വീണതാണ് പോലും…!

വെപ്രാളത്തോടെ മണ്ണെണ്ണ വിളക്ക് കത്തിച്ചപ്പോൾ രക്തം വാർന്നൊഴുകി ബോധം പോയ കുഞ്ഞിനെ വാരിപ്പിടിച്ച് അവൾ തറയിൽ ഇരിക്കുകയാണ്! എനിക്ക് സഹിച്ചില്ല. ഞാനൊരു ഭ്രാന്തനെപ്പോലെ നിലവിളിച്ചു. ശേഷം ആശുപത്രിയിലേക്ക് കൊണ്ട് പോകണമെന്ന ചിന്തയിൽ അവളിൽ നിന്നും കുഞ്ഞിനെയെടുത്ത് ഞാൻ പുറത്തേക്ക് ഓടുകയായിരുന്നു. അപ്പോഴേക്കും മുഖത്ത് ടോർച്ചടിച്ച് കൊണ്ട് സുകുമാരൻ എന്റെ മുറ്റത്തുണ്ടായിരുന്നു…

ഒന്നും പറയേണ്ടിയിരുന്നില്ല… എന്റെ കുഞ്ഞിനേയും വാങ്ങി അവൻ തന്റെ കാറിനടുത്തേക്ക് ഓടി. പിന്നാലെ ഞാനും. മുറിവ് വെച്ചുകെട്ടി പിറകിലെ സീറ്റിൽ കിടത്തി കുഞ്ഞിന്റെ വാർന്നൊലിക്കുന്ന തല എന്റെ മടിയിലേക്ക് വെച്ചതും അവൻ തന്നെയാണ്.

ആശുപത്രിയിലേക്ക് എത്തിയിട്ടും കുഞ്ഞിനെ പരിശോധിക്കാൻ കൊണ്ട് പോയിട്ടും ഞങ്ങൾ പരസ്പരം നോക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. നേരത്തിന് എത്തിച്ചത് കൊണ്ട് മാത്രം ഭയപ്പെടാൻ യാതൊന്നുമില്ലെന്ന് ഡോക്റ്റർ പറഞ്ഞപ്പോഴാണ് ജീവന്റെ പോയ ശ്വാസം എനിക്ക് തിരിച്ച് കിട്ടിയത്…

‘രമേശാ…..’

വിറയൽ കുറഞ്ഞ് വരുന്ന എന്റെ തോളിൽ സുകുമാരൻ കൈവെച്ചു. വർഷങ്ങൾക്ക് ശേഷം അവൻ എന്റെ പേര് വിളിച്ചിരിക്കുന്നു! ഞാൻ ആ കൈയ്യിൽ പിടിച്ച് എന്റെ കുഞ്ഞോളം ചെറുതായി കരഞ്ഞു. തൊണ്ട പൊട്ടി കരയുന്ന എന്നെ കെട്ടിപ്പിടിച്ച് അവൻ ആശ്വസിപ്പിക്കുകയായിരുന്നു. ശേഷം, ആളൊഴിഞ്ഞ ഇടത്തേക്ക് എന്നെ നടത്തിപ്പിച്ചു.

‘എന്നോട് ക്ഷമിക്ക് സുകൂ….ഞാനാണ് കറന്റ്‌ കളഞ്ഞത്….’ ആശുപത്രി തറയിൽ നിന്ന് കണ്ണെടുക്കാതെ ഞാൻ പറഞ്ഞു.

“എന്തിന്…? “?അതിശയത്തോടെ സുകുമാരൻ ചോദിച്ചു.

പുരികം ചുളിച്ച് കൊണ്ടാണ് അവനത് ചോദിച്ചത്. നിന്നെ ഇരുട്ടിലാക്കാനെന്ന എന്റെ മറുപടി കേട്ടപ്പോൾ ചുളിഞ്ഞുപോയ ആ പുരികങ്ങൾ കണ്ണുകളോട് കൂടി ചിരിച്ചു. സുകുമാരൻ എന്നോട് ക്ഷമിച്ചതാണെന്ന് മനസിലായപ്പോൾ ഞാൻ അവനെ തൊട്ടേറെ നേരം വിതുമ്പുകയായിരുന്നു .

‘ആദ്യമൊക്കെ ജയിച്ചതിന്റെ ഹുങ്കുണ്ടായിരുന്നു… അതിലൊന്നും ഒരു കാര്യമില്ലെന്ന് അറിഞ്ഞപ്പോഴേക്കും നീ ഒരുപാട് അകന്നു….’

എന്ത്‌ പറയണമെന്ന് അറിയാതെ തലകുനിച്ച് കൊണ്ടാണ് ഞാൻ സുകുവിനെ കേട്ടത്. അവന് പറയാൻ ഏറെയുണ്ടായിരുന്നു. പണ്ട് ഞങ്ങൾ പങ്കുവെച്ച സൗഹൃദത്തിന്റെ മുഹൂർത്തങ്ങളെല്ലാം മുത്തുകൾ പോലെ അവൻ അടുക്കിപ്പെറുക്കി പറഞ്ഞു.

എല്ലാം കേട്ടപ്പോൾ ഞാൻ ലജ്ജിച്ച് പോയി. ചെറുപ്രായത്തിൽ തോന്നിയ ദേഷ്യത്തെ അർത്ഥമില്ലാതെ സൂക്ഷിച്ച് വളർത്തിയ ഞാൻ എന്തൊരു അസൂയാലുവായ മനുഷ്യനായിരുന്നുവല്ലേ! എന്റെ മനസ്സ് ശരിയല്ലായെന്ന് ഭാര്യ പറഞ്ഞത് വളരേ ശരിയായിരുന്നു. അവൾ എന്നെ കൃത്യമായി മനസിലാക്കിയിരിക്കുന്നു.

ആ രാത്രിയിൽ എനിക്ക് എല്ലാം വ്യക്തമാകുകയായിരുന്നു. സുകുമാരന്റെ അകത്ത് എന്നുമൊരു കൂട്ടുകാരനായി ഞാൻ ഉണ്ടായിരുന്നു. എന്നിലേക്ക് മാത്രം വിട്ട് കെട്ടിയ അവന്റെ ചുറ്റുമതിൽ കണ്ടിട്ടും കളിമണ്ണ് ഉരുട്ടുന്ന എന്റെ തലയ്ക്കത് മനസിലായില്ല. യഥാർത്ഥത്തിൽ താൻ തോറ്റ് തുന്നം പാടിയത് ഇപ്പോഴാണെടോയെന്ന് കാതിന്റെ കർണപടത്തിൽ തൊട്ട് ആരോ പറയുന്നത് പോലെ…!!!