രചന: ദിവ്യ അനു അന്തിക്കാട്
നീ പോടാ ചെക്കാ..
“ദേവൂ നിന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട്. എന്നെ ചെക്കാ കൊക്ക എന്നൊന്നും വിളിക്കണ്ടെന്നു. “ഒന്നൂല്ലേലും ഒരു വയസ്സിനും മൂത്തതല്ലേ ഞാൻ. രണ്ടുമൂന്നു വർഷമായി നിന്നെ സ്നേഹിച്ചു തുടങ്ങിയിട്ട് അന്ന് മുതൽ പറയുന്നതല്ലേ ?
ആ അതൊന്നും പറഞ്ഞിട്ട് കാര്യല്ല്യ. എനിക്ക് ചെക്കാ ന്ന് വിളിക്കുമ്പോഴാ ഒരു ഗും കിട്ടുന്നേ.
“നിന്റൊരു ഗും. ആറുമാസം കൂടെയുള്ളു മോളെ നിന്റെ വിളച്ചില്. അത് കഴിയട്ടെ. നിന്നെക്കൊണ്ട് ചേട്ടാ എന്നും വിളിപ്പിക്കും. രാവിലെ കാല് തൊട്ടു തൊഴീപ്പിക്കേം ചെയ്യും “
ആഹാ എന്ത് സുന്ദര നടക്കാത്ത സ്വപ്നം.വേണേൽ കാല് വാരാം. ന്തെ അത് മതിയോ?
“പറയാൻ മറന്നു. ദേവുവെയ് നിന്റെ മുടി ഇനി മുറിക്കരുത്. പിന്നെ കല്യാണം വരുവല്ലേ. ഇച്ചിരീം കൂടെ അടക്കം വേണംട്ടോ നിനക്ക്. അല്ലേൽ എന്റെ ‘അമ്മ ശരിയാക്കും നിന്നെ “
“ഒരുമിനിട്ടെ. ഒന്ന് നിർത്തിക്കെ ഒരു കാര്യം പറയാൻ മറന്നു. ഞാൻ കല്യാണം കഴിഞ്ഞാലെന്റെ വീട്ടിൽ പോയി നിൽക്കും.ശനിയാഴ്ച വൈകീട്ട് അവിടേക്കു വന്നാൽ മതി. എന്നിട്ടു തിങ്കളാഴ്ച അവിടുന്ന് ജോലിക്കു പൊക്കോളു. പിന്നെ എന്റെ വീട്ടിൽ ഞാൻ നിന്നാലും എന്റെ ചിലവിനുള്ളതെല്ലാം അങ്ങോട്ടെത്തിച്ചേക്കണം. എന്റെ അമ്മേനെ ഹോസ്പിറ്റൽ ചെക്കപ്പ് അതൊക്കെ വന്നു ചെയ്തേക്കണം. അല്ലേൽ അച്ഛനിഷ്ടപ്പെടില്ല. പിന്നെ ശനിയാഴ്ച ഞായറാഴ്ച ഞങ്ങളെ കുടുംബസമേതം സിനിമ, അമ്പലം എന്നിവിടങ്ങളിൽ കൊണ്ടുപോകണം. “
നീയെന്തു വർത്തമാന പറയണേ. ഇതൊക്കെ ലോകത്തു നടക്കോ ?
“ആഹാ അപ്പൊ പറ്റില്ല അല്ലെ ?
“ഇല്ല പറ്റില്ല “.
എങ്കിൽ പെണ്ണിനെയാണ് കെട്ടുന്നത് എന്നോർമ്മ വേണം. അച്ഛന്റേം അമ്മേടേം കൂടെ കഴിയുമ്പോ ഉള്ള അതെ സ്നേഹോം ബഹുമാനോം ചെന്നുകേറുന്നിടത്തും കിട്ടിയാൽ കിട്ടുന്നത് മുഴുവനായും തിരിച്ചും തരും. ഏത് ?മ്മടെ സ്നേഹോം ബഹുമാനോം കേട്ടോ ചെക്കാ.
അല്ലാണ്ട് മൂരിക്ക് മൂക്കുകയറിടുന്ന പോലെ എന്നെ കെട്ടാം എന്നുള്ള സ്വപ്നം അങ്ങ് കളഞ്ഞേക്കു.
പെണ്ണുകെട്ടുന്നേനും മുൻപേ ഇങ്ങോട്ടു ഉപദേശിക്കുന്ന നേരം വീട്ടിലും പോയി പറയണം. നല്ലോണം സ്നേഹം കിട്ടി വളർന്ന കൊച്ചാണ്. നമ്മളും അതുപോലെ സ്നേഹിക്കണം.പഠിപ്പുള്ള കൊച്ചാണ് അവൾക്കു ഇഷ്ടമാണേൽ ജോലിക്കു പൊയ്ക്കോട്ടേ എന്നൊക്കെ.
“അതൊക്കെ എങ്ങനാ ദേവൂ ?”
എന്തെ പറ്റാതെ. ഇത്രരൂപ ഇന്നിടത്തു വച്ച് കല്യാണം. ഇന്നമോഡൽ കാർ എന്നൊക്കെ വട്ടംകൂടി ആലോചിക്കില്ലേ ?അതിനേക്കാൾ വല്യേ കാര്യം അല്ലെ ഒരു പെൺകുട്ടീടെ ജീവിതം.
അതോണ്ട് പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും മുന്നോട്ടു പോകാമെന്നേ മ്മക്ക്.
പക്ഷെ “തിരിച്ചു തരുന്നതുപോലിരിക്കും “.
പെണ്ണിനെ അടിമയാണ് എന്ന് കരുതാതെ പുതിയൊരു മകൾ ആണെന്ന് മാത്രം വിചാരിച്ചാൽ മതി.