ഞാനും ഒരു പട്ടാളക്കാരൻ – രചന : സ്വപ്ന സഞ്ചാരി
എടാ അനീഷേ ഒന്ന് എഴുന്നേൽക്ക്. എത്ര നേരമായി നിന്റെ ഫോൺ റിംഗ് ചെയ്യുന്നു അത് ആരാ എന്ന് നോക്ക്.
എന്താടാ അരുണേ. നീ എന്തിനാ എന്നെ വിളിച്ചു ഉണർത്തുന്നേ.
എടാ നിന്റെ ഫോൺ കുറെ സമയം ആയി അടിക്കുന്നു അത് ആരാ എന്ന് നോക്ക് ചിലപ്പോൾ വീട്ടിൽ നിന്നും എന്തെങ്കിലും അത്യാവശ്യത്തിനു വിളിക്കുന്നത് ആകും. നീ പോയി അത് നോക്ക്.
അതിനാണോ നീ വിളിച്ചത്. അത് ചിലപ്പോൾ എന്റെ ശ്രീക്കുട്ടി ആയിരിക്കും. എന്നാലും ഞാൻ പോയി നോക്കി വരാം.
എന്നെ പരിചയപെടുത്തിയില്ലല്ലോ. ഞാൻ അരുൺ. ആർമിയിൽ ക്യാപ്റ്റൻ ആണ്. മറ്റേത് എന്റെ കൂടെ ജോലി ചെയ്യുന്ന അനീഷ് അവനും ക്യാപ്റ്റൻ തന്നെ ആണ്. കുറെ നാളത്തെ ആഗ്രഹം ആണ് ഒരു ആർമി ചേരണം എന്നും അവിടെ ഒരു ഓഫീസർ ആകണം എന്നും. ദൈവം സഹായിച്ചു 3 കൊല്ലം ആയി ഞാൻ ആർമിയിൽ ജോയിൻ ചെയ്തിട്ട്.
ഇവിടെ വന്നിട്ട് ആണ് ഞാൻ അനീഷിനെ പരിചയപ്പെടുന്നത് അവൻ ആർമിയിൽ ജോയിൻ ആയിട്ട് 6 കൊല്ലം ആയി. സർവീസ് കൊണ്ട് അവൻ ആണ് സീനിയർ എങ്കിലും ഞങ്ങൾക്കിടയിൽ ആ ഒരു വേർതിരിവ് ഒന്നും ഇല്ല. എടാ അനീഷേ ആരാടാ വിളിച്ചേ ശ്രീക്കുട്ടി തന്നെ ആണോ? അതേടാ അവൾ തന്നെയാണ്. അവൾ എന്താടാ ഈ ഒരു സമയത്തു വിളിച്ചേ.
അരുണേ നിനക്ക് അറിയാലോ അവളുടെ ഡെലിവറി ഡേറ്റ് അടുത്ത് വന്നു. ഇന്ന് വേദന കൂടി എന്ന് പറഞ്ഞു ഹോസ്പിറ്റലിൽ പോയി. ഞാൻ വരുന്നില്ലേ എന്ന് ചോദിക്കാൻ വിളിച്ചതാ അവൾ.
എന്നിട്ട് നീ പോകുന്നില്ലേ…?
പോകാൻ സാധ്യത കുറവാടാ. ഞാൻ ലീവ് ചോദിച്ചിരുന്നു. എല്ലാം റെഡി ആയതും ആയിരുന്നു. അപ്പോൾ അല്ലേ ഇവിടെ ഭീകരാക്രമണത്തിന് സാധ്യത ഉണ്ട് എന്ന് മേജർ സർ പറഞ്ഞത്. അതുകൊണ്ട് ലീവ് കിട്ടാൻ സാധ്യത കുറവായിരിക്കും. എനിക്ക് എന്റെ ശ്രീക്കുട്ടിയെയും കുഞ്ഞിനേയും കാണണം എന്ന് ആഗ്രഹം ഉണ്ടെടാ. എന്ത് ചെയ്യാൻ നമ്മുടെയൊക്കെ ജീവിതം ഇങ്ങനെയല്ലേ.
പ്രവാസികളും നമ്മളും ഒക്കെ ഒരു ത്രാസ്സിലെ പല കട്ടകൾ ആണ് എന്ന് മാത്രം. അവർ കുടുംബം നോക്കാൻ നാടുവിട്ടു പോയി. നമ്മൾ സ്വന്തം രാജ്യം നോക്കാൻ എല്ലാവരെയും വിട്ട് വന്നു. ആൾക്കാർ പറയുമ്പോൾ എന്തൊക്കെ പറയുന്നു. ആർമിയിൽ നല്ല ഓഫീസർ, നല്ലജോലി, നല്ല ശമ്പളം, നല്ല ജീവിതം എന്നൊക്കെ അല്ലേ എല്ലാവരും പറയുന്നേ. പക്ഷേ അവർക്ക് ഒന്നും അറിയില്ലല്ലോ നമ്മൾ ഇവിടെ ഈ മഞ്ഞും സഹിച്ചു സ്വന്തം വീട്ടുകാരെ കാണാൻ പറ്റാത്ത വിഷമം അനുഭവിക്കുന്നത്.
ഒടുവിൽ കൊല്ലപ്പെട്ടാലോ അത് അവന്റെ ജോലിയുടെ ഭാഗം ആണെന്നും അതിനു വീട്ടുകാർക്ക് ജോലി കിട്ടില്ലേ എന്നും പറഞ്ഞു നടക്കുകയും ചെയ്യും. ജീവിച്ചിരിക്കുമ്പോൾ അവർക്ക് നമ്മൾ കുപ്പി കൊണ്ടുവരാൻ ഉള്ള ആൾക്കാർ, നാട്ടിലെ പ്രധാന തള്ളിസ്റ്റുകൾ. മരിച്ചു കഴിഞ്ഞാൽ അവർ നാടിന്റെ ഹീറോ എന്നും പറഞ്ഞു കുറച്ചു ദിവസം അതും പറഞ്ഞു നടക്കാൻ ഉള്ള ചില കാരണങ്ങൾ, അതൊക്കെ ഉള്ളു നമ്മുടെ ഈ ജീവിതം.
നിനക്ക് അറിയാലോ ഞാൻ ആർമിയിൽ ചേർന്നതിനു ശേഷം ഒരുതവണ മാത്രം ആണ് ഞാൻ എന്റെ അച്ഛനെയും അമ്മയെയും കണ്ടത്. അതിനിടയിൽ വീട്ടിലും നാട്ടിലുമായി പല പരിപാടികളും നടന്നു. അതിനു ഒന്നും എനിക്ക് പോകാൻ പറ്റിയില്ല. അപ്പോഴെക്കെ ഞാൻ ഇവിടെ മഞ്ഞും സഹിച്ചു ഇവിടെ ഡ്യൂട്ടിയിൽ ആയിരുന്നു.ഞാൻ ലീവ് ചോദിച്ച് പോകുമ്പോൾ എന്തെങ്കിലും ഒരു അറ്റാക്ക് ഉണ്ട് എന്ന് പറഞ്ഞു ക്യാൻസൽ ചെയ്യും. അതേടാ അല്ലെങ്കിലും വീട്ടിൽ എന്തെങ്കിലും പരിപാടി ഉണ്ടാകുമ്പോഴോ നാട്ടിൽ വല്ല ഉത്സവം നടക്കുമ്പോഴോ നമ്മൾ ഒക്കെ ഇവിടെ ഇരുന്നു കാണാനും ഇവിടെ ഇരുന്നു ആഘോഷിക്കാൻ മാത്രേ വിധിയുള്ളു. കാരണം നമ്മൾ പട്ടാളക്കാർ അല്ലേടാ.
നമ്മൾ ജീവിച്ചാലും മരിച്ചാലും ലാഭവും നഷ്ടം നമ്മുടെ വീട്ടുകാർക്ക് തന്നെ അല്ലേ. മരിക്കുന്നതുവരെ എല്ലാവർക്കും നമ്മളെ കൊണ്ട് ഉപകാരം ഉണ്ടാകും മരിച്ചു കഴിഞ്ഞാൽ എന്തെങ്കിലും സഹായം നമ്മുടെ വീട്ടുകാർക്ക് ഇവിടെ ഉള്ള സർക്കാരുകളോ രാഷ്ട്രീയ പാർട്ടികളോ ചെയ്തു കൊടുക്കുന്നുണ്ടോ. ഓരോ 5 കൊല്ലം കൂടുമ്പോഴും ഇവിടെ ഭരണം മാറി വരുന്നു. അപ്പോഴും പാവം പട്ടാളക്കാരെ ഇവർ ഓർക്കുന്നുണ്ടോ. നമ്മൾ ഇവിടെ മരിക്കാൻ വേണ്ടി മാത്രം ആയിട്ടുള്ള ആൾക്കാർ മാത്രം ആണ്.
പിന്നെ നമ്മൾ ജോയിൻ ചെയ്യുമ്പോൾ തന്നെ എടുക്കുന്ന പ്രതിജ്ഞ എന്താ സ്വന്തം വീട്ടുകാരെയോ നാട്ടുകാരെയോ ഓർത്തു സങ്കടപെടരുത് എന്നല്ലേ. പിന്നെ എന്തിനാ നമ്മുക്ക് ഇത്രയും വിഷമം. ഒന്നുല്ലെങ്കിലും നമ്മൾ ഈ രാജ്യത്തിന്റെ കാവൽക്കാർ അല്ലേ. നമ്മളെ വിശ്വസിച്ചു ഇവിടെ 130 കോടി ജനങ്ങൾ ജീവിക്കുന്നില്ലേ. അതുകൊണ്ട് ചെറിയ കാര്യത്തിൽ നമ്മൾ ഇങ്ങനെ വേദനിക്കരുത്.
ലീവ് കിട്ടുമോ എന്ന് ഒരിക്കൽ കൂടി നോക്കണം. കാരണം ഞാൻ ശ്രീക്കുട്ടിക്ക് വാക്ക് കൊടുത്തിരുന്നു. നീ പോയി ചോദിക്ക് ചിലപ്പോൾ എന്തെങ്കിലും നടന്നാൽ ക്യാൻസൽ ചെയ്തു തിരിച്ചു വരേണ്ട രീതിയിലും കിട്ടുമായിരിക്കും. ഞാൻ പോവാ ഡ്യൂട്ടിയിൽ കയറേണ്ട സമയം ആയി. അവൻ നടന്നു പോകുമ്പോൾ ആണ് ഞാൻ ഓർക്കുന്നത്.
അല്ലെങ്കിലും എന്റെയും അവന്റെയും ഈ രാജ്യത്തുള്ള എല്ലാ പട്ടാളക്കാരുടെയും അവസ്ഥ ഇത് തന്നെ അല്ലേ. സ്വന്തം വീട് വിട്ട് വീട്ടുകാരെ കാണാൻ പറ്റാതെ ഈ മഞ്ഞും കൊണ്ട് ഇവിടെ കഴിയാൻ അല്ലേ നമ്മുടെയൊക്കെ വിധി.
ഈ പട്ടാളക്കാർ അല്ലേ ഹീറോ