തീരങ്ങൾ – ഭാഗം 18, രചന: രഞ്ചു ആൻ്റണി

ലാപ്ടോപ്പിന് എന്തെങ്കിലും കുഴപ്പം പറ്റി കാണുമോ… എന്റെ കൈയ്യിൽ നിന്ന് ഇത് വരെ ഒരു ഗ്ലാസ്സ് പോലും വീണ് പൊട്ടിയിട്ടില്ല… അങ്ങനെയാണ് അമലാമ്മ വളർത്തിയത്… ഇതിപ്പോ എത്ര രൂപയുടെ ആയിരിക്കും… എന്റെ മനസ്സിൽ സങ്കടം ഇരച്ച് വന്നു…

“തനിക്ക് ലൈറ്റ് ഓണാക്കി കൂടായിരുന്നോ” ദേഷ്യത്തിൽ ആണെന്ന് സൗണ്ട് കേട്ടപ്പോൾ മനസ്സിലായി…അത് സ്വിച്ച് എവിടെയാണെന്ന് അറിയില്ലായിരുന്നു…

“എന്നാൽ എന്നെ വിളിച്ചു കൂടായിരുന്നോ”

ഞാൻ വിളിച്ചാൽ ദേഷ്യം ആകുമെന്ന് പേടിച്ച്…”

ഈ പേടിയും സ്നേഹവും ബഹുമാനവും ഒക്കെ പെട്ടെന്ന് എവിടുന്നാ പൊട്ടിമുളച്ചത്

“കിച്ചുവേട്ടനോട് പ്രണയം തോന്നി തുടങ്ങിയപ്പോൾ മുതൽ… പതിയെ ആണ് പറഞ്ഞത്…”എന്താടോ നിന്ന് പിറുപിറുക്കുന്നത്”ഒന്നും മിണ്ടിയില്ല….

കുറച്ച് കഴിഞ്ഞ് നോക്കിയപ്പോൾ കിരൺ സാർ അടുത്തോട്ട് വരുന്നത് കണ്ടു…ഞാൻ പെട്ടെന്ന് പുറകോട്ട് മാറി… ലാപ്ടോപ്പ് കുനിഞ്ഞ് എടുക്കുന്നത് കണ്ടപ്പോഴാണ് അതിനാണ് വന്നതെന്ന് മനസ്സിലായത്…”വിരൽ മുറിഞ്ഞിട്ടുണ്ടല്ലോ… അനു, താൻ ഏത് ലോകത്താണ്…തനിക്ക് വേദനിക്കുന്നില്ലേ” ചെറിയ വെപ്രാളത്തോടെ കിരൺ സാർ കാലിൽ നോക്കി ചോദിച്ചപ്പോഴാണ് ഞാനും അത് കണ്ടത്…

ലാപ് ടോപ്പ് കാലിൽ വീണു എന്ന് തോന്നുന്നു… ഞാനെന്താ അറിയാതെ ഇരുന്നത്, ബ്ലഡ് കണ്ടപ്പോൾ തന്നെ അതുവരെ തോന്നാത്ത വേദനയും വന്നു…. പക്ഷെ ഇത്രയും ചെറിയ മുറിവ് ഒന്നും ഒരിക്കലും കാര്യമാക്കിയിട്ടില്ല… എന്നാലുംകിട്ടിയ അവസരമാണ് മുതലാക്കിയാലോ എന്ന് തോന്നി…ആ…. വേദനിക്കുന്നു… ഞാൻ കാലിൽ പൊത്തിപ്പിടിച്ചു…ആ വേദന കിരൺ സാറിലും എത്തി എന്ന് മുഖം കണ്ടപ്പോൾ മനസ്സിലായി… അത് എന്നിൽ ഉണ്ടാക്കിയ സന്തോഷം… അപ്പോൾ സ്നേഹം ഒളിപ്പിച്ച് വെച്ചാലും പുറത്ത് ചാടും അല്ലേ…വീണ്ടും ഞാൻ കാലിൽ പൊത്തിപ്പിടിച്ച് കുനിഞ്ഞ് ഇരുന്നു…

” അനു.. എഴുന്നേൽക്ക് ഞാൻ മുറിവ് ഡ്രസ്സ് ചെയ്യ്ത് തരാം” എന്റെ കൈയ്യിൽ പിടിച്ച് കൊണ്ട് കിച്ചുവേട്ടൻ പറഞ്ഞു…സ്വരം കുറച്ച് മയപ്പെട്ടിട്ടുണ്ട്…കിച്ചുവേട്ടന്റെ കൈയ്യിൽ പിടിച്ച് ഞാൻ എഴുന്നേറ്റു… കിച്ചുവേട്ടൻ എന്നെ കട്ടിലിൽ ഇരുത്തി… നടന്നപ്പോൾ ചെറിയ വേദന തോന്നിയെങ്കിലും കിച്ചുവേട്ടന്റെ കെയർ ഞാൻ ആസ്വദിക്കുന്നുണ്ടായിരുന്നു…ഫസ്റ്റ് എയ്ഡ് എടുത്ത് കൊണ്ട് നിലത്ത് ഇരുന്ന് എന്റെ കാലെടുത്തു മടിയിൽ വെച്ച് മരുന്ന് പുരട്ടുന്നത് കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി തുടങ്ങി… മുറിവിൽ പതിയെ ഊതുന്നും ഉണ്ട്…എനിക്ക് ആ മുഖത്തെ വാത്സല്യം കണ്ടപ്പോൾ കണ്ണെടുക്കാൻ പറ്റുന്നുണ്ടായില്ല…പക്ഷെ എനിക്ക് ഒന്ന് കരയണമെന്ന് തോന്നി…

മതി..

“വേദന കുറഞ്ഞോ”

കുറഞ്ഞു… ലാപ് ടോപ്പിന് എന്തെങ്കിലും പറ്റി കാണുമോ…

” വാറണ്ടി ഉണ്ട്… ഇനി അതോർത്ത് ഉറക്കം കളയണ്ടാ” ഗൗരവ്വത്തിൽ എഴുന്നേറ്റ് ഫസ്റ്റ് എയ്ഡ് ബോക്സ് തിരിച്ച് കബോർഡിൽ വെക്കുന്നതിന് ഇടയിൽ പറഞ്ഞു…കാല് ചെറുതായി വിങ്ങുന്നത് പോലെ തോന്നിയപ്പോൾ ഹാങ്ങിഗ് ചെയറിൽ കിടക്കാമെന്ന് ഓർത്ത് എഴുന്നേറ്റു…

“എങ്ങോട്ടാ”ഞാൻ ചെയറിൽ കിടന്ന് കൊള്ളാം…”അതിൽ ചുരുണ്ട് കൂടി കിടന്നിട്ട് വേണം കാല് നീര് വെക്കാൻ… കട്ടിലിൽ കിടന്നാൽ മതി, ഞാൻ പിടിച്ച് തിന്നുകയൊന്നും ഇല്ല”

ഞാൻ പിന്നെ ഒന്നും മിണ്ടാതെ കട്ടിലിന്റെ സൈഡിൽ കിടന്നു…കുറച്ച് കഴിഞ്ഞപ്പോൾ കാലിൽ കിച്ചുവേട്ടൻ പിടിക്കുന്നത് പോലെ തോന്നി ഞെട്ടി എഴുന്നേൽക്കാൻ തുടങ്ങി…”കാല് പൊക്കി വെച്ച് കിടക്ക്… വേദന കുറയും” തലയണ എടുത്ത് എന്റെ കാല് പൊക്കി വെക്കുന്നതിനിടയിൽ പറഞ്ഞു…ലൈറ്റ് ഓഫ് ആക്കുന്നിടം വരെ തികട്ടി വന്ന സങ്കടം പിടിച്ച് നിർത്താൻ പാടുപ്പെട്ടു…ലൈറ്റ് ഓഫ് ആക്കി കിച്ചുവേട്ടൻ സൈഡിൽ കിടന്നു എന്ന് തോന്നിയപ്പോൾ തലയണയിൽ മുഖം അമർത്തി കരഞ്ഞു പോയി…

കിച്ചുവേട്ടന്റെ സ്നേഹം അത് ഞാൻ അനുഭവിച്ച് തുടങ്ങിയിരിക്കുന്നു… ഞാൻ പറഞ്ഞത് അത്രക്ക് വിഷമം ആയിട്ടല്ലേ ദേഷ്യമായത്… പക്ഷെ എന്നെ കിച്ചുവേട്ടന് മനസ്സിലാക്കാൻ പറ്റുന്നില്ലേ… ഒരു സോറി പറഞ്ഞാലോ… വേണോ… രണ്ടും കൽപിച്ച് സോറി പറയാൻ തീരുമാനിച്ചു…അതെ എന്നോട് ദേഷ്യമാണോ….മറുപടി ഒന്നും കേട്ടില്ല… ഇത്ര പെട്ടെന്ന് ഉറങ്ങിയോ…കിച്ചുവേട്ടാ…സോറി… രാവിലെ ഞാൻ അങ്ങനെ ഒക്കെ ചെയ്യ്ത് പോയി… പെട്ടെന്ന് കേട്ടപ്പോൾ… എല്ലാവരും കൂടി എന്നെ കളിപ്പിച്ചു എന്ന് തോന്നി…പിന്നെയും അനക്കമില്ല… മനപൂർവ്വം മിണ്ടാത്തതാണ്… എനിക്ക് പിന്നെയും സങ്കടം വന്നു…

” കരച്ചിൽ നിർത്തിയിട്ട് കിടന്ന് ഉറങ്ങാൻ നോക്ക്… എനിക്ക് രാവിലെ എഴുന്നേൽക്കണം” അപ്പോ ചെവി കേൾക്കാം…ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല…കുറച്ച് കഴിഞ്ഞപ്പോൾ ഉറങ്ങി എന്ന് തോന്നി… എനിക്ക് ഉറക്കം വരുന്നതേ ഇല്ലായിരുന്നു… ആ മുഖം കാണാൻ കൊതിയായി… ബെഡ് ലാമ്പ് ഓൺ ആക്കി… മങ്ങിയ വെളിച്ചത്തിൽ ശാന്തനായി ഉറങ്ങുന്നത് കണ്ടപ്പോൾ കുറച്ച് കൂടെ നീങ്ങി അടുത്തോട്ട് കിടന്നു… ഇത് വരെ ഇല്ലാത്ത സുരക്ഷിതത്വം…. അത് നൽകുന്ന കുളിർമ എല്ലാം ഞാൻ നന്നായി ആസ്വദിക്കുവായിരുന്നു… എപ്പോഴോ ഉറക്കം വന്ന് കണ്ണ് അടഞ്ഞ് പോകുമ്പോഴും ഞാൻ കിച്ചുവേട്ടനെ കാണാൻ കണ്ണുകൾ വലിച്ച് തുറന്ന് കൊണ്ടിരുന്നു….

************************

രാവിലെ കണ്ണ് തുറന്നപ്പോൾ കണ്ടത് അനു ചേർന്ന് കിടന്ന് ഉറങ്ങുന്നതാണ്…. പാവം… എത്ര വിഷമിച്ചിട്ടുണ്ടാകും… സാരമില്ല പെണ്ണ് എവിടെ വരെ പോകുമെന്ന് നോക്കാം…ഞാൻ എഴുന്നേൽക്കാൻ തുടങ്ങിയപ്പോഴാണ് എന്റെ ബനിയനിൽ അനു മുറുകെ പിടിച്ചിരിക്കുന്നത് അറിഞ്ഞത്…പതിയെ പിടി വിടുവിച്ച് നെറ്റിയിൽ ചുംബിച്ചു…

അനു നിനക്കറിയില്ല…നിന്നെ ഞാൻ എത്ര സ്നേഹിക്കുന്നു എന്ന്…. പക്ഷെ തന്റെ വാശി കണ്ടപ്പോൾ ഞാനും ചെറുതായി ഒന്ന് വാശി എടുത്ത് നോക്കിയതല്ലേ… സോറി… നെറ്റിയിൽ പാറി കിടന്ന മുടി ഒതുക്കി വെച്ച് ഒന്ന് കൂടി നെറ്റിയിൽ അധരങ്ങൾ ചേർത്തു… പതിയെ എഴുന്നേറ്റ് ഞാൻ ഫ്രഷ് ആയി ജോഗിങ്ങിന് ഇറങ്ങി… അപ്പോളും അനു നല്ല ഉറക്കമായിരുന്നു….

******************************

എന്തോ ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്… എവിടെയാണ് കിടന്നതെന്ന് അപ്പോഴാണ് ഓർമ്മ വന്നത്…അയ്യോ കിച്ചുവേട്ടൻ എന്ത് വിചാരിച്ച് കാണും…നോക്കിയപ്പോൾ ആള് ജോഗിങ്ങ് കഴിഞ്ഞ് ഫ്രഷ് ആയി വന്ന് ഡ്രസ്സ് മാറുന്നുണ്ട്… എന്നെ ഒന്ന് നോക്കുന്നു പോലും ഇല്ല… കാല് അനക്കി നോക്കിയപ്പോൾ വേദനയും ഇല്ല… എന്നാലും കട്ടിലിൽ നിന്ന് ഇറങ്ങി… കാല് നിലത്ത് കുത്തിയതും നിലവിളിച്ചു…അയ്യോ കാല്…”

അനു, കൂടുതൽ ഷോ ഒന്നും വേണ്ട… രാവിലെ ഞാൻ നോക്കിയപ്പോൾ മുറിവും നീരും ഒക്കെ കുറഞ്ഞു… പോയി പല്ല് തേക്കാൻ നോക്കു” തിരിഞ്ഞ് നോക്കാതെ പറഞ്ഞ് കൊണ്ട് ആള് മൊബൈലിൽ തോണ്ടാൻ തുടങ്ങി….

ദുഷ്ടൻ… ആകെ നാണക്കേടായി… പെട്ടെന്ന് തോന്നി ഇത് അല്ലെങ്കിൽ അടുത്തത്….ഞാൻ കബോർഡ് തുറന്ന് ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സാരി എടുത്ത് കുളിക്കാൻ കയറി… ഇറങ്ങുമ്പോഴും കിച്ചുവേട്ടൻ അവിടെ തന്നെ ഉണ്ടായിരിക്കണെ എന്ന് പ്രാർത്ഥിച്ചു…

ഉടുക്കാൻ അറിയാവുന്ന അത്ര പോലും നന്നായി ഉടുക്കാതെ വാരി ചുറ്റി പുറത്ത് ഇറങ്ങി… ഏറ് കണ്ണിട്ട് നോക്കിയപ്പോൾ ആരെയോ ഫോൺ ചെയ്യുന്നത് കണ്ടു… നേരെ ഡ്രസ്സിൽ ടേബിളിന്റെ മുമ്പിൽ പോയി നിന്ന് മുടി അഴിച്ച് കുടഞ്ഞു… എവിടുന്ന്… നോക്കുന്നില്ല… അവസാനം ആ കോലത്തിൽ നടന്ന് മുറി എല്ലാം അടുക്കി പെറുക്കി വെച്ചു…എന്നിട്ടും നോക്കുന്നില്ല… അപ്പോ അറിഞ്ഞ് കൊണ്ട് നോക്കാത്തത് ആണല്ലേ…

കിച്ചുവേട്ട… ഞാൻ അമ്മയുടെ അടുത്ത് പോകുവാ..”അതിന്?”സാരി ഉടുത്തത് ശരിയായോ… വിക്കി ചോദിച്ചു…”ഉം… നല്ല ഭംഗി ഉണ്ട്” മുഖം ഉയർത്തി നോക്കുന്നതെ ഇല്ല…

സങ്കടം വന്നത് അടക്കി ഞാൻ വാതിൽ തുറന്നു…”അവിടെ നിൽക്ക്…” എന്റെ അടുത്തോട്ട് നടന്ന് വന്നുകൊണ്ട് കിച്ചുവേട്ടൻ പറഞ്ഞു “അനു.. താൻ ഈ കാട്ടി കൂട്ടുന്നത് ഒന്നും എനിക്കറിയില്ല എന്ന് ഓർക്കണ്ടാ…. രാവിലെ ഈ സാരി ഇത്ര വൃത്തിക്കേടായി ഉടുത്തത് എന്തിനാ”എനിക്ക് ഉടുക്കാൻ തോന്നി….

“അറിയാത്ത പണിക്ക് നിൽക്കാതെ വല്ല സൽവാറും ഇട്ടാൽ പോരെ”

ഞാൻ പോകുന്നു…”

അങ്ങനെ അങ്ങ് പോയാലോ… സാരി ഞാൻ ശരിയാക്കി തരാൻ അല്ലേ ഇത്ര കഷ്ടപ്പെട്ടത്… വാ ഞാൻ നന്നായി ഉടുപ്പിച്ച് തരാം” ആ മുഖത്തെ ഭാവം മാറിയത് അറിഞ്ഞപ്പോൾ ഹൃദയമിടുപ്പ് വല്ലാതെ കൂടി തുടങ്ങി…

അടുത്ത് വന്ന് ഷോൽഡറിൽ നിന്ന് സാരി എടുത്ത് നന്നായി ഫ്ലീറ്റ് എടുത്ത് ബ്ലൗസിൽ പിൻ ചെയ്യുമ്പോൾ ചുടുനിശ്വാസം എന്റെ നഗ്നമായ കഴുത്തിൽ തട്ടുന്നുണ്ടായിരുന്നു… ദേഹം മുഴുവൻ തളരുന്നത് അറിഞ്ഞ് ഞാൻ കണ്ണടച്ച് നിന്നു…. വയറിൽ കരങ്ങൾ എത്തിയപ്പോളേക്കും ഞാൻ മരവിച്ച് നിന്നു… ദേഹം വിറക്കുന്നതും വല്ലാതെ വിയർക്കുന്നതും അറിഞ്ഞിട്ടും അനങ്ങാൻ പറ്റുന്നുണ്ടായില്ല…

” അനുക്കുട്ടി കണ്ണ് തുറക്ക്…” കിച്ചുവേട്ടന്റെ ശബ്ദം കാതിൽ തട്ടിയപ്പോഴും ഞാൻ കണ്ണ് തുറക്കാൻ മടിച്ച് നിന്നു…”ഇത്ര പേടിയും വിറയലും ഉള്ളവർ ഇതുപോലെ ഉള്ള കളളത്തരങ്ങൾ കാണിക്കാൻ നിൽക്കരുത്”

ഞാനെന്ത് കള്ളത്തരം ആണ് കാണിച്ചത്… കണ്ണ് തുറന്ന് പരിഭവത്തോടെ ചോദിച്ചപ്പോൾ കുസൃതിയോടെ ചിരിച്ച് കൊണ്ട് നിൽക്കുന്ന കിച്ചുവേട്ടനെ എനിക്ക് നേരിടാനായില്ല…

“ഒരു കള്ളത്തരവും ഇല്ലേ…പിന്നെ എന്തിനാ ഇങ്ങനെ പേടിച്ച് വിയർക്കുന്നത്…”

എനിക്ക് പേടി ഒന്നും ഇല്ല…

“ഇല്ല… കണ്ടാലും അറിയാം… ഇനി അനുമോള് സന്തോഷത്തോടെ അമ്മേടെ അടുത്ത് പോയ്ക്കോ…”

എന്താ പറഞ്ഞെ എനിക്ക് പേടിയാണെന്ന് അല്ലേ…

“അതെ… തനിക്ക് പേടിയാണ്” കിച്ചുവേട്ടൻ പിന്നെയും ചിരിച്ചു…അടുത്തോട്ട് ചെന്ന് ക്ഷോൽഡറിൽ പിടിച്ച് പൊങ്ങി ആ ചുണ്ടത്ത് ഒരു കടി കൊടുത്തു…എന്താണ് ചെയ്യ്തതെന്ന് കഴിഞ്ഞപ്പോഴാണ് ബോധമുണ്ടായത്… കിച്ചുവേട്ടൻ വാ പൊളിച്ച് നിൽക്കുന്നത് കണ്ട് പെട്ടെന്ന് വാതിൽ തുറന്ന് താഴോട്ട് ഓടി…അടുക്കളയിൽ ചെന്ന് കിതച്ചു കൊണ്ടാണ് നിന്നത്…

“അനുമോള് എന്തിനാ ഇങ്ങനെ ഓടുന്നത്” ദോശ ചുടുന്നതിനിടയിൽ കുമാരിയമ്മ സംശയത്തോടെ ചോദിച്ചു…ഒന്നും ഇല്ല…ഞാൻ ചിരിച്ചു…”

കല്യാണം കഴിഞ്ഞ് കുറച്ച് നാൾ ഇങ്ങനെ ഒക്കെ ആയിരിക്കും എല്ലാവരും, കിച്ചുമോൻ കുസൃതി വല്ലതും ഒപ്പിച്ചോ” അവർ കള്ളച്ചിരിയോടെ ചോദിച്ചു…ഏയ് ഇല്ല….കിച്ചുമോൻ അല്ല..ഞാൻ ആണ് ഒപ്പിച്ചത്… മനസ്സിൽ പറഞ്ഞു കൊണ്ട് ചോദിച്ചു…അമ്മ എന്തിയെ…

“ലക്ഷ്മി കുഞ്ഞ് അമ്പലത്തിൽ പോയി… മോള് വന്നപ്പോൾ മുതൽ ലക്ഷ്മികുഞ്ഞ് നല്ല സന്തോഷത്തിലാ… പഴയ ചിരി എല്ലാം തിരിച്ച് വന്നു” കുമാരിയമ്മ കണ്ണ് തുടച്ചു…ഞാൻ എന്താ ചെയ്യേണ്ടത്… വിഷയം മാറ്റാൻ ഞാൻ ചോദിച്ചു…”മോള് ഒന്നും ചെയ്യണ്ടാ… എന്തെങ്കിലും ചെയ്യ്തു എന്ന് ലക്ഷ്മി കുഞ്ഞ് അറിഞ്ഞാൽ എന്നെ കൂടി ഓടിക്കും”

ഒന്നും ചെയ്യാതെ ഇരിക്കാൻ എനിക്ക് പറ്റില്ല… കുമാരിയമ്മ മാറ് ഞാൻ ദോശ ചുടാം… അവരുടെ കൈയ്യിൽ ഇരുന്ന തവി വാങ്ങി ഞാൻ ദോശ ചുടാൻ തുടങ്ങി…ഇനി ഈ അടുക്കളയിൽ നിന്ന് പുറത്ത് ഇറങ്ങാതെ ഇരിക്കുന്നതാവും ബുദ്ധി… കിച്ചുവേട്ടന് സ്ഥലകാല ബോധം തിരിച്ച് വന്ന് കാണുമോ… വേണ്ടായിരുന്നു… പെട്ടെന്ന് ഉള്ള ആവേശത്തിൽ ചെയ്യ്തു പോയതാണ്… ഓർക്കും തോറും ദേഹം വിറച്ചു… എങ്ങനെ ഞാൻ ഇനി ആ മുഖത്ത് നോക്കും…

“മോളെ ദോശ കരിയുന്നു…”കുമാരിയമ്മ പറഞ്ഞപ്പോളാണ് ദോശ കരിഞ്ഞത് കണ്ടത്… “കുമാരിയമ്മേ ചായ” ഡൈനിങ്ങ് ടേബിളിൽ ഇരുന്ന് കിച്ചുവേട്ടൻ വിളിച്ച് പറയുന്നത് കേട്ട്… എന്റെ ഹൃദയതാളം പിന്നെയും തെറ്റി തുടങ്ങി…”മോള് ഈ ചായ കൊണ്ട് പോയി കൊടുക്ക്… എന്നും കിച്ചുമോൻ അടുക്കളയിൽ വന്ന് ചായ എടുക്കുന്നതാ… ഇന്ന് എന്ത് പറ്റിയോ ആവോ”

കുമാരിയമ്മ കൊടുത്താൽ മതി… ഞാൻ ദോശ ഉണ്ടാക്കുവല്ലേ…”ഇനിയും ദോശ കരിക്കാൻ ആണോ…”ഞാൻ കൊടുക്കാം… മുഖം വീർപ്പിച്ച് പറഞ്ഞപ്പോൾ കുമാരിയമ്മ ചിരിച്ചു..

ചായ തുളുമ്പി പോകുന്നത് പോലെ കരങ്ങൾ വിറക്കുന്നുണ്ടായിരുന്നു… എങ്ങനെ ആ മുഖത്ത് നോക്കും… ജാള്യതയോടെ ചായ ടേബിളിൽ വെച്ച് തലയുയർത്തി നോക്കാതെ തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോൾ കൈയ്യിൽ പിടി വീണിരുന്നു…

തുടരും….