നിന്നോട് കൂടി ~ രചന: അഞ്ജലി മോഹൻ
“””ഇത്തിരി കറുത്തിട്ടാണ് അരയിറങ്ങി കറുത്ത ചുരുണ്ട മുടിയുണ്ട് അതാണ് ഇങ്ങനെ ഉയർത്തി കെട്ടിയേക്കുന്നത്…. ഒരു ധൈര്യം ആണ് ഇതിങ്ങനെ മുകളിലേക്ക് ചുരുട്ടി കെട്ടിവയ്ക്കുമ്പോൾ…. ഇതിലേതാ മധുവേട്ടന് ഇഷ്ടവാതെ പോയത്…… വെറുതെ ചോദിച്ചതാട്ടോ അറിയാനൊരു ആഗ്രഹം….”””” മൂവന്തി ചുവപ്പ് കടലിലേക്ക് ഊർന്നിറങ്ങി പോകുന്നുണ്ടായിരുന്നു…. കുതിച്ചുയർന്ന് വരുന്ന തിരമാലകളെ നോക്കി അവനുത്തരമില്ലാതെ ഇരുന്നു….
“”കറുപ്പാണെങ്കിൽ എനിക്കൊന്നും ചെയ്യാനാവില്ല….. അല്ലാത്തതെന്തിനും മീര ഒരു പരിഹാരം കണ്ടേനെ…..”” ശബ്ദം ഇടയ്ക്കൊന്ന് ഇടറിയോ…അവനപ്പോഴും ആഴക്കടലിലേക്ക് നോക്കി ഇരിക്കുകയായിരുന്നു….. അവന്റെ മാറോട് ഒട്ടിച്ചേർന്ന് കടൽകാറ്റേറ്റ് ഉറങ്ങുന്ന കുഞ്ഞിമോളിൽ കണ്ണുകൾ ഉടക്കി നിന്നു…..
“””കടലിൽ തിരമാലകൾക്കുമേൽ മഴ പെയ്യണത് കണ്ടിട്ടുണ്ടോ മധുവേട്ടൻ….???””” ചോദ്യത്തിനൊപ്പം സാരിതലപ്പെടുത്തവൾ ഉറങ്ങുന്ന കുഞ്ഞിമോൾക്ക് മേൽ വിരിച്ചു പിടിച്ചു….. നിമിഷങ്ങൾക്കുള്ളിൽ മഴത്തുള്ളികൾ തിരമാലയ്ക്കുമേൽ വീണിറ്റി…..കടൽക്കരയിലെ ഓരോരുത്തരായി തലയ്ക്കുമേൽ കൈവെച്ച് എങ്ങോട്ടൊക്കെയോ ഓടുന്നതായി കണ്ടു…..മോളെയുമെടുത്ത് എഴുന്നേൽക്കാൻ തുടങ്ങിയ അവന്റെ കൈകളിൽ പിടിച്ചുവച്ചു….
“”ആ മരച്ചുവട്ടിൽ ഓടിയെത്തുന്നതിന് മുൻപ് ഈൗ മഴ നിലയ്ക്കും മധുവേട്ടാ….”” പണ്ടും അവൾ അങ്ങനെ ആയിരുന്നു എല്ലാം മുന്നേകൂട്ടി നോക്കിക്കണ്ട് പറയുന്നവൾ….. നോക്കി നോക്കി ഇരുന്നതും പൊടുന്നനെ മഴ പെയ്യാത്ത വിധം എങ്ങോ പോയി…..
“”മോളെ എനിക്കൊന്ന് തരാമോ….?? ഞാൻ എടുത്തിട്ട് അങ്ങോട്ട് തന്നെ തരാം….””” കൊതിയോടെ നോക്കുന്നത് കണ്ടപ്പോ ആ കൈകളിലേക്ക് വച്ചുകൊടുത്തു, ഉറക്കത്തിൽ ചിണുങ്ങുന്നുണ്ട്….. ഇറുകെപ്പിടിച്ച് ആ കുഞ്ഞുനെറ്റിയിൽ ഒന്ന് ചുണ്ടമർത്തി….
“””മാഷ്ക്ക് ഈ ഒറ്റമോളെ ഉള്ളൂ???…..”””” ആ കുഞ്ഞുമുഖത്ത് തന്നെ കണ്ണുകൾ പതിപ്പിച്ചായിരുന്നു ചോദ്യം…. മാഷെന്നുള്ള വിളി വർഷങ്ങൾ പിറകോട്ടാണ് കൊണ്ടുചെന്ന് നിർത്തിയത്….
മലയാള സാഹിത്യത്തെ, കഥകളെ കവിതകളെ എഴുത്തിന്റെ ശക്തിയെ മൂർച്ചയെ കുറിച്ച് ധാരാളമായി വാതോരാതെ സംസാരിക്കുന്ന ഒരുവൻ…. ക്ലാസ്സിന് മൂലയിലായി മരത്തിന്റെ ബെഞ്ചിന്മേൽ കൈവെള്ളയ്ക്കുമേൽ മുഖം താങ്ങി കണ്ണുകൾ വിടർത്തി കൗതുകത്തോടെ ഇരിക്കുന്ന ഒരു കൊച്ച് പെൺകുട്ടിയും…..അവൾക്ക് ഒത്തിരി കത്തിച്ച കഴുകാത്ത ഓട്ടുവിളക്കിലെ കരിയുടെ കറുപ്പായിരുന്നു….
നിഴലുപോലെ കാണും പിന്നിലായി ആാാ കുഞ്ഞിപ്പെണ്ണ് തന്റെ നെഞ്ചോപ്പം കഷ്ടിച്ച് നീളമുള്ള കറുമ്പിപെണ്ണ്….. കോളേജിലെ വായനാമുറിയുടെ പുസ്തകത്തട്ടുകൾക്കിടയിലൂടെയും, ക്ലാസ്സ് മുറിയിലെ ബെഞ്ചിൽ ഉയർത്തിവച്ച പുസ്തകത്തിന് ഇടയിലൂടെ ഒളികണ്ണിട്ട് നോക്കിയും എപ്പോഴും തന്നെ മാത്രം പിന്തുടരുന്ന ഒരു പെണ്ണ്…..
അറിയാമായിരുന്നു അവൾക്ക് തന്നോട് പ്രണയമാണെന്ന് പക്ഷേ തനിക്കവളെന്നും ശിഷ്യ ആയിരുന്നു ചെറിയ കുഞ്ഞായിരുന്നു….മാഷേ എന്നുള്ള വിളി മധുവേട്ടൻ എന്ന് ആയപ്പോൾ രൂക്ഷമായി നോക്കിയിട്ടുണ്ട് ദയ കാട്ടാതെ വഴക്ക് പറഞ്ഞിട്ടുണ്ട്…. അതൊന്നും കറുപ്പിനോടുള്ള അവഗണന ആയിരുന്നില്ല….
“””മാഷില്ലാതെ നിക്കി പറ്റില്ല….. എന്നും എന്നും മാഷിന്റെ കഥകൾ കേൾക്കണം മാഷ് ചൊല്ലണ കവിതകൾ കേൾക്കണം മാഷിന്റെ കൈവിരലുകൊണ്ട് ചെവിയിൽ കിഴുക്ക് വാങ്ങണം അതൊന്നും ഇല്ലാതെ നിക്കി പറ്റില്ല മാഷേ…..””””
ഓർമകളിൽ നിന്ന് തിരികെ വന്നപ്പോൾ അടുത്തിരിക്കുന്ന ആ പഴയ പെണ്ണ് ആകെ മാറിയതുപോലെ….. അത് അവളേ അല്ലാത്തതുപോലെ….. സൽവാറിൽ നിന്നും കോട്ടൺ സാരിയിലേക്കുള്ള മാറ്റം ഒരു പെണ്ണിനെ കണ്ടാൽ തിരിച്ചറിയാത്ത വിധം മാറ്റി കളയുമോ… അവന് അത്ഭുതം തോന്നി…. മുടിക്ക് മാത്രം ഇപ്പോഴും ഒരു മാറ്റവുമില്ല അത് ചുരുട്ടിക്കൂട്ടി മുകളിലേക്ക് ഉയർത്തി ഉണ്ടകെട്ടി വച്ചിരിക്കുന്നു…..
“”മീരയിപ്പോ വർക്ക് ചെയ്യാണോ അതോ….??”” വീണ്ടും സംസാരത്തിന് തുടക്കമിട്ടത് അവനായിരുന്നു…..
“”വർക്ക് എന്നൊന്നും പറയാനാവില്ല ഇപ്പം കുറെ പ്രായമായ അച്ഛന്മാരുടെയും അമ്മമാരുടെയും മുത്തശ്ശിമാരുടെയും ഒക്കെ ഒപ്പമാണ്…. അവർക്ക് മരുന്നെടുത്ത് കൊടുത്തും അവരെ നോക്കിയും കുഞ്ഞ് കുഞ്ഞ് വഴക്കുകൾ പറഞ്ഞും ശകാരിച്ചും ഒക്കെ ഇങ്ങനെ അങ്ങ് പോകുന്നു…..””
“”അപ്പം കുടുംബം……… വിവാഹം……..??””
“””കറുപ്പിന് ചേലില്ല അതറിയില്ലേ മധുവേട്ടന്….?? മനസുണ്ടായിട്ടല്ല എങ്കിലും ഒത്തിരി പേർക്ക് ചായ കൊടുത്തു കഴിഞ്ഞപ്പോഴാണ് മനസിലായത് കറുപ്പ് ആർക്കും വേണ്ടാത്ത നിറമാണെന്ന്…. പിന്നെ തേയിലപ്പൊടിയും പഞ്ചാരയും വെറുതെ കലക്കി കളയണ്ട എന്നങ്ങ് തീരുമാനിച്ചു…..””” പക്വതയോടെ ഉള്ള സംസാരം…. അവളിലെ മാറ്റം അവനെ അത്ഭുതപെടുത്തികൊണ്ടിരുന്നു….
ഇരുട്ടി തുടങ്ങിയപ്പോൾ മോളെയും തോളിൽ ചായ്ച്ചുകിടത്തി പതിയെ മണൽ തരികളിൽ നിന്നും എഴുന്നേറ്റു……
“””അന്നത് അങ്ങനെ അവസാനിച്ചത് നന്നായി ലെ മധുവേട്ടാ…. അല്ലെങ്കിൽ ചിലപ്പോ ദേ എന്നെപോലെ ഇവളും കറുത്തിരുന്നേനെ….. എന്റെ മോളെ ചേലോടെ കാണാൻ കഴിഞ്ഞല്ലോ നിക്കി അത് മതി…..””” മുഖം നിറയെ മുത്തങ്ങൾ കൊണ്ട് മൂടി കുഞ്ഞിനെയവൾ അവന്റെ കൈകളിലേക്ക് വച്ചുകൊടുത്തു……
മീരാ ഞാൻ ആക്കിത്തരണോ….??? കാറിനടുത്തേക്ക് നടക്കുന്നതിനിടയിൽ ചോദിച്ചു……
“”വേണ്ട മധുവേട്ടാ ഞാൻ സ്കൂട്ടർലാ വന്നേ….പിന്നെ ഈ ഒരു സായാഹ്നം മീര മരിക്കുവോളം മറക്കില്ല…. ഞാൻ വിളിച്ചപ്പോ ഒന്ന് വന്നൂലോ മോളെ എനിക്കൊന്ന് കാണിച്ച് തന്നൂലോ….. മീരയ്ക്ക് ഓർത്ത് വയ്ക്കാൻ ഇതുമാത്രം മതി….. ഇനി ഒരിക്കലും തമ്മിൽ കാണാതിരിക്കട്ടെ അല്ലെങ്കിൽ മീര ചിലപ്പോ സ്വാർത്ഥയായി പോവും…..”””
“””അതിന് മീര കറുത്തിട്ടല്ലേ…..???””” ചുണ്ടിലൊളിപ്പിച്ച ചിരിയോടെ അവനവളെയൊന്ന് നോക്കി…..
“””കറുപ്പിനേക്കാൾ കറുപ്പാ പ്രണയത്തിന് അതറിയില്ലേ മധുവേട്ടന്….. എനിക്ക് ഇപ്പൊ ഇരുണ്ട കറുപ്പിനെയാ ഏറ്റവും ഇഷ്ടം….. പക്ഷേ മീരയ്ക്ക് ആരുടേയും ഒന്നിനെയും വേണ്ട….. അടുത്ത ജന്മത്തിൽ മധുവേട്ടന്റേത് മാത്രമാകാൻ ഒന്നൂടെ ജനിക്കണം നല്ല കശ്മീർ ആപ്പിളിന്റെ നിറത്തിൽ……”””” ചിരിയോടെ പറഞ്ഞവസാനിപ്പിക്കുമ്പോൾ അവനവളുടെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി…..
എന്തിനായിരുന്നു താൻ വർഷങ്ങൾക്കിപ്പുറം ഇങ്ങനൊരു കൂടിക്കാഴ്ച ആവശ്യപ്പെട്ടത്….???
“””ഈൗ മുഖം മറവി വിഴുങ്ങുന്നതുപോലെ…. ഒന്നൂടെ മനസിലേക്ക് പതിച്ചുവെയ്ക്കാൻ പിന്നെ…. പിന്നെ മോളെയും ഒന്ന് കാണാൻ തോന്നി ഓർക്കുമ്പോ എന്റേതെന്നു കരുതി രണ്ടുമുഖങ്ങൾ ഉണ്ടാവുമല്ലോ അതിന്…..””” വണ്ടിയിലേക്ക് കയറാൻ നേരം മോളെ ഒന്നുകൂടെ തഴുകി…..കാറിനുള്ളിലേക്ക് മോൾക്കൊപ്പം കയറുന്നത് കണ്ടപ്പോൾ വണ്ടിയുമെടുത്ത് കാർഡോറിനരുകിൽ ചെന്നു നിർത്തി….
“””മധുവേട്ടന് ഈ കറുമ്പിയോട് ഒരീസംപോലും ഇഷ്ടം തോന്നിയിട്ടില്ലേ….??വെറുതെ….. വെറുതെ ഒന്ന് പറയാമോ ഇത്തിരി ഇഷ്ടം ഇടയ്ക്കെപ്പോഴോ തോന്നീട്ടുണ്ടെന്ന്…..””” പ്രതീക്ഷയോടെയുള്ള നോട്ടം അവനെ തളർത്തുന്നുണ്ടായിരുന്നു
“”മീരയ്ക്ക് മറ്റൊരു വിവാഹം നോക്കിക്കൂടെ….. ഈ കറുപ്പിനെ ഇഷ്ടപെടുന്ന ആരെങ്കിലും വരുമെങ്കിൽ അന്ന്…..എനിക്കെന്നും നീ എന്റെ നല്ലൊരു സ്റ്റുഡന്റ് ആയിരുന്നു മീര…. അക്ഷരം പറഞ്ഞുതരുന്നവളെ പ്രണയിക്കാൻ എനിക്കന്ന് എന്തോ സാധിച്ചില്ല….. നീയെനിക്ക് അന്നെന്റെ കുഞ്ഞിനെ പോലെ ആയിരുന്നു…..പക്ഷേ നിന്റെ ഈൗ തനിയെ ഉള്ള ജീവിതമുണ്ടല്ലോ എന്തോ അത് ഇന്നെന്നെ വല്ലാതെ നോവിക്കുന്നു…. അവസാനിപ്പിച്ചൂടെ ഇങ്ങനെ തനിയെ…..”” മറുത്തുള്ള അവന്റെ ചോദ്യം കേട്ട് നേർത്ത ചിരിയോടെ നിറഞ്ഞു മങ്ങിത്തുടങ്ങിയ കണ്ണുകളോടെ അവൾ അകലങ്ങളിലേക്ക് നീങ്ങി…..
കാറിന്റെ ശബ്ദം കേട്ട് വീടിന്റെ ഉമ്മറത്തേക്ക് ഓടിവന്നവൾ ശ്വാസമെടുത്തുക്കൊണ്ട് അവനെ മാത്രം നോക്കി നിന്നു….
“”കണ്ടോ മധുവേട്ടാ ന്താ…ന്താ മീര പറഞ്ഞത്…..???””
“””അടുത്ത ജന്മത്തിൽ എന്നെ അവൾക്ക് വേണമെന്ന് അന്നവൾ നിന്നെപ്പോലെ കശ്മീർ ആപ്പിളിന്റെ നിറത്തിൽ ജനിക്കുമെന്ന്……””” മോളെ ആ പെണ്ണിന്റെ കൈകളിലേക്ക് കൊടുത്തുകൊണ്ടവൻ നടുമുറിയിലേക്ക് നടന്നു…..കുഞ്ഞിനെ മുറിയിലെ കിടക്കയിലേക്ക് കിടത്തികൊണ്ട് ആ പെണ്ണ് കണ്ണാടിക്കുമുൻപിൽ ചെന്ന് നിന്നു…. മുന്നിലെ പ്രതിബിംബത്തിലേക്ക് ഒന്ന് നോക്കി….. അവൾക്കും അതേ കറുപ്പ്….. ഒത്തിരി കത്തിച്ച ഓട്ടുവിളക്കിലെ കത്തിയെരിഞ്ഞ കരിയുടെ കറുത്ത കറുപ്പ്……പിന്നിലൂടെ ചുറ്റിപിടിച്ച അവന്റെ നെഞ്ചിലേക്കവൾ പതിയെ ചാഞ്ഞു….
“””അടുത്ത ജന്മത്തിൽ അവളെടുത്തോട്ടെ ഈൗ ജന്മം ന്നെ മാത്രം സ്നേഹിച്ചാൽ മതി…..””” ആാാ പെണ്ണിന്റെ ശബ്ദവും ഒന്നിടറി…..
“””അപ്പൊ അടുത്ത ജന്മം നിനക്കെന്നെ വേണ്ടേ ഇന്ദൂ….???””” ആ സ്വരം കാതിൽ പതിഞ്ഞപ്പോൾ ആാാ വിരലുകളിലേക്ക് അവൾ വിരലുകൾ കോർത്തുപിടിച്ചു…. പതിയെ തിരിഞ്ഞവന്റെ നെഞ്ചിലേക്ക് മുഖമൊളിപ്പിച്ചു…..
“”വേണം…. അടുത്ത ജന്മം മീരയും ഇന്ദുവും ഒരുവളായി ജനിക്കട്ടെ ല്ലേ മധുവേട്ടാ….. അല്ലെങ്കിൽ ഇനിയൊരുജന്മം ഞങ്ങളിൽ ഒരുവൾക്ക് ഇല്ലാതെ പോകട്ടെ……”” നെറ്റിയിലമർന്ന അവന്റെ ചുണ്ടുകളുടെ നനവിൽ കണ്ണുകൾ കൂമ്പിയടഞ്ഞു…..
അവസാനിച്ചു…