സ്വന്തം അല്ലാതെ മറ്റൊരാളുടെ മനസ്സെന്തെന്നോ അവരുടെ വേദനയെന്തെന്നോ ഒന്നും ഒരിക്കെപ്പോലും ചിന്തിക്കാൻ അന്നൊന്നുമെനിക്ക് സാധിച്ചിരുന്നില്ല…

ഉത്തരവാദിത്വം ~ രചന: അമ്മാളു

മഴക്കാലമാ ഉമ്മറത്ത് ഒരു ഷീറ്റ് കെട്ടിത്താ കെട്ടിത്താന്ന് ദിവസോം ഒരു പത്തിരുപതു തവണ പറയുമായിരുന്നു അവളെന്നോട്.

ഒരിക്കെപോലും അവളുടെ വാക്കുകൾക്ക് ഞാൻ ചെവി കൊടുത്തിരുന്നില്ല. സഹികെട്ട് ഒരു ദിവസം അവളെന്റെ നേരെ കയ്യോങ്ങി.

കൊടുത്തു മുഖമടിച്ചൊരെണ്ണം കാര്യമെന്തെന്നറിയാതെ.. അടിയുടെ ആഘാതത്തിൽ കൈക്കൊരു തരിപ്പനുഭവപ്പെട്ടപ്പോളാണെനിക്ക് സ്ഥലകാലബോധം വന്നത്..

അമ്മയില്ലാതെ വളർന്നത് കൊണ്ട് ആരും കാര്യായിട്ടങ്ങനെ ഉപദേശിക്കാനൊന്നും ഉണ്ടായിരുന്നില്ലേ.. ആകെയുള്ളത് അച്ഛനും അച്ഛമ്മയുമാ. അച്ഛൻ രാവിലെ കടേലേക്ക് പോകും.

അപ്പൊ വീട്ടിലെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത് അവളായിരുന്നു. ചിലദിവസങ്ങളിൽ ചെയ്തതൊന്നും ശെരിയായില്ല അല്ലെങ്കിൽ ഒരു തൃപ്തിയില്ല എന്നും പറഞ്ഞച്ഛമ്മയോട് പോരിടുമായിരുന്നു പലപ്പോഴുമവൾ.

ചിലപ്പോൾ ആരോടെന്നില്ലാതെ ഓരോന്ന് പിറുപിറുതൊണ്ടിരിക്കുന്നതും കാണാം.

ഉച്ചക്ക് ചോറിന് കൂട്ടാൻ കറികളുടെയെണ്ണം കുറഞ്ഞു പോയാൽ, ഉള്ള കറിക്കൊരല്പം ഉപ്പിന്റെയോ എരിവിന്റെയോ പുളിയുടെയോ ഏറ്റക്കുറച്ചിൽ തോന്നിയാൽ അപ്പൊ തുടങ്ങും ഞാൻ തൊട്ടതിനും പിടിച്ചതിനുമെല്ലാം ഒന്നിന് പുറകെ ഓരോന്നായി അവളെ കുറ്റപ്പെടുത്താൻ.

അപ്പോളൊന്നും മറുത്തൊരക്ഷരം പറയാതെ ന്റെ വഴക്കിനു മുൻപിൽ തല താഴ്ത്തി നിൽക്കുമായിരുന്നു അവൾ.. അന്നൊക്കെയും എനിക്ക് വേണ്ടതെല്ലാം എന്റെ കൈക്കുമ്പിളിൽ കിട്ടണമെന്ന വാശിയായിരുന്നുവെനിക്ക്.

ആ പ്രായത്തിൽ എന്റെ പക്വത എന്നെക്കൊണ്ട് ചെയ്യിച്ചതാണങ്ങനെയൊക്കെയെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കുമായിരുന്നു പിന്നീടൊക്കെയും ഞാൻ.

ഒരിക്കൽ പോലും അവളൊരു പരാതിയും എന്നോടോ മറ്റാരോടുമോ പറഞ്ഞിരുന്നതായി ഞാൻ അറിഞ്ഞിരുന്നില്ല, ഒരുപക്ഷെ, എന്റെ സ്വഭാവം അറിയാവുന്നത് കൊണ്ടാവാം എല്ലാം ഉള്ളിലൊതുക്കിയതാപ്പാവാം..

എന്നാൽ ഒരിക്കെ നേരം വൈകി വീട്ടിൽ വന്നുകയറിയ എന്നെയവൾ കണക്കിന് ശകാരിക്കുവേം പിറ്റേന്ന് അമ്മാവനോട് പറഞ്ഞെന്നെ കണ്ണുപൊട്ടണ ചീത്ത പറയിപ്പിക്കുവേം ചെയ്തിരുന്നു.

അന്നുമുതൽ ഒന്ന് രണ്ടു മാസത്തേക്ക് പിന്നെ ഞാനവളുടെ മുഖത്തേക്കൊന്ന് നോക്കിയതുപോലുമില്ല, രണ്ടപരിചിതരെപ്പോലെ വീട്ടിൽ ഒരു മൂലയ്ക്ക് ഞാനും മറുമൂലയ്ക്കവളും ഒതുങ്ങിയിരുന്നു.

എന്നോട് മിണ്ടാനും പലതവണ ഓരോന്ന് പറയാനും വെമ്പിയവൾ ഓടിയെത്തുമ്പോഴേക്കും എന്റെ മുഖത്തെ കടന്നലുകുത്തിയ ഭാവം അവളെ വല്ലാണ്ട് വേദനിപ്പിച്ചിട്ടുണ്ടായിരുന്നുവെന്ന് ഞാനറിഞ്ഞതച്ഛമ്മ പറഞ്ഞപ്പോളായിരുന്നു.

സ്വന്തം അല്ലാതെ മറ്റൊരാളുടെ മനസ്സെന്തെന്നോ അവരുടെ വേദനയെന്തെന്നോ ഒന്നും ഒരിക്കെപ്പോലും ചിന്തിക്കാൻ അന്നൊന്നുമെനിക്ക് സാധിച്ചിരുന്നില്ല.

എങ്ങനെ പൈസയുണ്ടാക്കാം ദൂർത്തടിക്കാം എന്നതുമാത്രമായിരുന്നു അന്നത്തെയെന്റെ ചിന്തകളൊക്കെയും

മഴക്കാലം ശക്തിപ്രാപിച്ചതോടെ ഒരത്യാവശ്യം വന്നാൽ പുറത്തേക്കിറങ്ങണമെങ്കിൽ നടവഴിക്ക് ഓടിന്റെ വിടവുകളിലൂടെയൊലിച്ചിറങ്ങുന്ന മഴവെള്ളം വീടിനുള്ളിലേക്കരിച്ചു കേറുന്നതിന്റെ പേരിൽ പലപ്പോഴും അച്ഛമ്മയുടെ ശകാരങ്ങൾ ഞാൻ ചെവികൊണ്ടിരുന്നുവെങ്കിലും അപ്പപ്പോൾ ഓരോരോ ഒഴിവുകഴിവുകൾ പറഞ്ഞെല്ലാറ്റിൽ നിന്നുമൊരൊളിച്ചോട്ടം പതിവാക്കിയിരുന്നു ഞാൻ.

ഞാനും അച്ഛനുമില്ലാതിരുന്നൊരു ദിവസം മഴതോർന്നനേരം നോക്കി അച്ഛമ്മയും അവളും കൂടി ഉമ്മറത്ത് ഷീറ്റ് കെട്ടാനെന്നവണ്ണം കത്തിയും കയറുമൊക്കെയായി ഇറങ്ങി.

വീട്ടിലെ കിണർ മുറ്റത്തു തന്നെയായിരുന്നതിനാൽ ഷീറ്റ് കെട്ടൽ അത്ര എളുപ്പമുള്ളൊരു പണിയായിരുന്നില്ല അവളെ സംബന്ധിച്ച്..

എന്നെപ്പോലൊരെണ്ണം ഉണ്ടായിരുന്നിട്ടും എന്ത് കാര്യമുണ്ടായിയെന്ന നാട്ടുകാരുടെ വാക്കുകൾ കഠിനമായ വേദനയുളവാക്കിയിരുന്നുവെന്നിൽ.

ഒന്ന് തിരിഞ്ഞു പോലും നോക്കാതെ വഴക്കിട്ടെത്രയോ ദിവസങ്ങൾ ഞാനവളോട് മിണ്ടാതിരുന്നു. എന്നിട്ടും എന്റെ കാര്യങ്ങൾക്കൊന്നുമൊരുമുടക്കവും വരുത്താതെയവൾ നോക്കിയിരുന്നുവെന്നതുപോലും മനപ്പൂർവ്വമോ മറ്റെന്തോ ആ സമയത്ത് ഞാൻ ഉൾക്കൊണ്ടിരുന്നില്ല.

അല്ലേലും ആങ്ങളമാരുടെ കാര്യങ്ങൾ ചെയ്തുകൊടുക്കാൻ അവളെപ്പോലുള്ള പെങ്ങമ്മാരുടെ ഉത്തരവാദിത്വമല്ലേ അതൊക്കെ എന്ന് മാത്രമേയപ്പോൾ ചിന്തിച്ചിരുന്നുള്ളു.

എന്നാൽ അതേ ഉത്തരവാദിത്വങ്ങൾ ആങ്ങളമാർക്ക് പെങ്ങമ്മാരോടുമുണ്ടെന്നുള്ളത് ഞാൻ ഓർത്തിരുന്നില്ല. ഒരിക്കലെങ്കിലും ഞാൻ അവൾക്കൊരു വില കൊടുത്തിരുന്നുവെങ്കിൽ അവളുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുത്തിരുന്നുവെങ്കിൽ അവളെ സ്നേഹത്തോടെയൊരുനോക്ക് നോക്കിയിരുന്നുവെങ്കിൽ ഇന്നവൾക്കീ ഗതി വരില്ലായിരുന്നുവെന്ന് മനസ്സ് പറയുന്നത് ഒരിടിമുഴക്കം പോലെ രാത്രികളിലൊക്കെയും എന്റെ കാതുകളിൽ മുഴങ്ങുന്നത് കേൾക്കാമായിരുന്നെനിക്ക്.

അവളെക്കുറിച്ചുള്ള ഓർമകളിൽ ഉറക്കം വരാതെ മനസ്സ് പായുമ്പോൾ ഉറങ്ങാതെ ഞാനാരാത്രികളിലൊക്കെയും അവൾക്കുകൂട്ടിരിക്കുമായിരുന്നു.

രാവിലെ വീട്ടീന്നിറങ്ങിയാൽ പിന്നെ വൈകിട്ട് കടയടച്ചിട്ടേ അച്ഛൻ തിരിച്ചു വരുമായിരുന്നുള്ളു. ആകെയുള്ളത് അച്ഛന്റെയാ കടയിൽ നിന്നുമുള്ള വരുമാനമായതിനാൽ ചിലവ് നന്നേ ചുരുക്കിയായിരുന്നു വീട്ടിൽ കഴിച്ചുകൂട്ടിയിരുന്നത്.

മടുത്തു വരുന്നയച്ഛനോട് എന്റെ തോന്നിവാസങ്ങളെപ്പറ്റി പറഞ്ഞാൽ കൊല്ലാൻ പിടിക്കുന്നതിലുമപ്പുറമായിട്ടാവും അച്ഛനെന്നെ തല്ലാൻ പിടിക്ക്യാന്നറിയാവുന്നതുകൊണ്ടു തന്നെയായിരുന്നു അന്നവൾ അമ്മാവനോട് പറഞ്ഞെന്നെയച്ഛന്റെയടിയിൽ നിന്നും രക്ഷിച്ചത്.

അച്ഛന്റെ മുൻപിൽ ഉത്തരവാദിത്വമുള്ള മകനായി നിന്നഭിനയിച്ചും അവൾക്കുമുന്പിൽ അതൊന്നും നിറവേറ്റാതെയും അനുസരിക്കാതെയും ഞാനെന്റെ സുഖങ്ങൾ മാത്രം നോക്കി ജീവിച്ചുപോന്നു.

അന്നത്തെയാ സായാഹ്നത്തിൽ വീട്ടിലെത്തിയ ഞാൻ കണ്ടത് അവളെ താങ്ങിപ്പിടിച്ചു കിണറിന്റെയൊരോരം ചേർന്നു കരഞ്ഞുകലങ്ങിയ കണ്ണുകളുമായിരിക്കുന്ന അച്ഛമ്മയെയായിരുന്നു.

ഓടിച്ചെന്ന് താങ്ങിപ്പിടിച്ചവളെയെണീപ്പിക്കാൻ ശ്രമിക്കുമ്പോൾ ചലനമറ്റ് കിടക്കുന്നയെന്റെ പെങ്ങളെ കണ്ടത്യന്തം ഭയപ്പെട്ടുപോയിരുന്നു ഞാൻ.

ആശുപത്രികിടക്കയിൽ ഒരുദിവസത്തെ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ അബോധാവസ്ഥയിൽ കിടക്കുമ്പോൾ എന്നോട് ചേർന്നിരുന്നെന്റെ കുട്ടിക്കൊരാപത്തും വരുത്താതെ തിരികെ തരണമേ പെരുമാളേയെന്ന് മനമുരുകി പ്രാർഥിക്കുന്നുണ്ടായിരുന്നു അച്ഛമ്മ.

കാല് തെറ്റിയുള്ള വീഴ്ചയിൽ കിണറിന്റെ സൈഡിൽ ആയിരുന്നതിനാൽ പേടിച്ചുപോയതുകൊണ്ട് ബോധം മറഞ്ഞതാവും എന്ന് പറഞ്ഞച്ഛമ്മയെ ആശ്വസിപ്പിച്ചപ്പോഴും എന്തെന്നില്ലാത്ത ഒരുൾഭയത്തോടെ ഞാനും എന്റെ മനസ്സിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നു.

എന്നാൽ രണ്ടു ദിവസത്തെ നിരീക്ഷണത്തിന്റെ റിസൾട്ട്‌ വന്നപ്പോൾ ഡോക്ടറുടെ വാക്കുകൾ ഒരു ഞെട്ടലോടെയാണ് ഞാൻ ഉൾക്കൊണ്ടത്.

അതുവരെ ഓടിച്ചാടി നടന്നയെന്റെ പെങ്ങൾക്കിനിയൊന്നനങ്ങാൻകൂടി കഴിയില്ലെന്നുള്ള ഡോക്ടർന്റെ വാക്കുകൾ ഒരു മിന്നൽ പിണറുപോലെ മനസ്സിൽ തുളഞ്ഞു കയറുകയായിരുന്നപ്പോൾ.

അച്ഛമ്മയോടും അച്ഛനോടും അത്‌ പറയാനുള്ള കരുത്തപ്പോളെനിക്കുണ്ടായിരുന്നില്ല.

ശേഷം, ഒന്ന് രണ്ടാഴ്ചത്തെ ആശുപത്രിവാസം കഴിഞ്ഞു ഞാനവളേം കൊണ്ടു വീട്ടിലേക്കെത്തുമ്പോൾ അവളുടെ മുറിയും അവൾക്ക് വേണ്ടുന്ന സൗകര്യങ്ങളും മറ്റും അടുക്കും ചിട്ടയോടെയും അച്ഛനും അച്ഛമ്മയും ചേർന്ന് ഒരുക്കിയിരുന്നു.

എന്റെ വളർച്ചയിൽ അവളെനിക്ക് തന്ന സ്നേഹവും കരുതലുകളും പിന്നീടുള്ള ഓരോ നിമിഷവും ഞാനവൾക്ക് തിരികെ കൊടുക്കുമ്പോൾ കണ്ണും മനസ്സും നിറച്ചയവളുടെ മുഖത്തെ ഭാവത്തിന്റെയര്ഥമെനിക്കു വായിച്ചെടുക്കാൻ കഴിയുന്നതേയുണ്ടായിരുന്നുള്ളു.

പിന്നീടുള്ള എന്റെ സുഖസന്തോഷങ്ങൾ നിറഞ്ഞ ലോകം അവള്മാത്രമായിത്തീരുകയായിരുന്നു.

രാവിലെയെണീറ്റടുക്കളയിൽ കയറിയച്ഛമ്മയുടെ സഹായത്താൽ അവൾക്കുള്ള ഭക്ഷണം പാകം ചെയ്യുന്നതുമുതൽ അവളുടെയെല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഞാനും അച്ഛമ്മയും ചേർന്നായിരുന്നു.

ഓരോ പണികൾ ചെയ്യുമ്പോളും അവളുടെ മുഖമായിരുന്നു മനസ്സ് നിറയെ. ഊണിലും ഉറക്കത്തിലും അവള് മാത്രമായിരുന്നു പിന്നീടുള്ള എന്റെ ജീവിതത്തിലുടനീളം.

ഇന്നത്തെ അവളുടെയീ അവസ്ഥക്ക് കാരണം ഞാനെന്നിരിക്കെ ജീവിതം സുഖങ്ങൾ മാത്രമല്ല അതിലുപരി യാഥാർഥ്യത്തിലേക്കുള്ള തിരിച്ചറിവിനോടൊപ്പം ഉത്തരവാദിത്വം നിറഞ്ഞൊരു കടമ്പകൂടിയതിൽ ഉൾപ്പെടുന്നു എന്ന വലിയൊരു പാഠമാണീശ്വരൻ എന്റെയുമവളുടെയും ജീവിതം കൊണ്ടെന്നെ പഠിപ്പിച്ചത്.