രചന: മഞ്ജു ജയകൃഷ്ണൻ
“തള്ളക്ക് ഭ്രാന്ത് അയാൽ ആശൂത്രീല് കൊണ്ടു പോണം… അല്ലാതെ അവരെ നോക്കാൻ ഒന്നും എനിക്ക് പറ്റില്ല “
കാഴ്ചയിൽ ലക്ഷ്മിയെപ്പോലെ തോന്നിച്ച അവളുടെ വായിൽ നിന്നും വന്നത് മൂശാട്ടയുടെ വാക്കുകൾ ആയിരുന്നു…
“വേണ്ടെടീ പുല്ലേ… എന്റെ അമ്മേ ഞാൻ നോക്കിക്കോളാം “
എന്ന് പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ സത്യത്തിൽ മനസ് ശൂന്യം ആയിരുന്നു
അമ്മയെ പോന്നു പോലെ നോക്കാൻ പറ്റാഞ്ഞിട്ടല്ല … പക്ഷെ ഒരു മോനു ചെയ്യാൻ പരിമിതികൾ ഉണ്ടെന്നു എനിക്ക് മനസിലായി..
ഉരിഞ്ഞു പോയ അമ്മയുടെ മുണ്ട് മാറിയുടുക്കുമ്പോൾ….. എത്താത്ത ബ്രാ യുടെ കൊളുത്തു വലിച്ചു നീട്ടി ഇടുമ്പോൾ ഒക്കെ ഇതൊരു പെൺകുട്ടി ചെയ്തിരുന്നു എങ്കിൽ എന്ന് തോന്നിപ്പോയി..
വൈകീട്ട് ജോലി കഴ്ഞ്ഞു വന്നപ്പോൾ അപ്പിയിലും മൂത്രത്തിലും കുളിച്ചു ഇരിക്കുന്നു….നോക്കാൻ നിർത്തിയിരുന്ന ചേച്ചിയോട് ചോദിച്ചപ്പോൾ പറയുവാ
“എപ്പോഴും ഇതു തന്നാ… എല്ലാം കൂടി ഒരുമിച്ചു വൃത്തിയാക്കാം എന്നു കരുതി എന്ന് “
എന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ചാലു പോലെ ഒഴുകി…..
വൃത്തി കണ്ടുപിടിച്ചത് അമ്മയാണോ എന്നു എനിക്ക് തോന്നിയിരുന്നു… മുറ്റത്തു ഒരിലയോ കുരുപ്പനോ വരാൻ അമ്മ സമ്മതിക്കില്ല…
അലക്കുകല്ലിൽ കാല്പദം വരെ തേച്ചു ഉരച്ചു കഴുകിയിട്ടേ അമ്മ എവിടേലും പോയിട്ട് വന്നാൽ വീട്ടിൽ കേറൂ..ആ അമ്മയാണ് ഈ അവസ്ഥയിൽ ..
എന്റെ നെഞ്ച് വിങ്ങിപ്പൊട്ടി…
“നിങ്ങൾ എല്ലാം ഒരുമിച്ചാണോ ചെയ്യുന്നേ…..അതൊരു മനുഷ്യജീവി അല്ലേ “
ഞാൻ ഹോം നേഴ്സിനോടായി ചോദിച്ചു
കൂടുതൽ പറയാൻ നിൽക്കാതെ അന്നേക്ക് പോയതും പതിനൊന്നാമത്തെ ഹോം നേഴ്‌സ് ആയിരുന്നു…
അപ്പോഴാണ് അമ്മായി പറയുന്നത് സ്വന്തം പോലെ കരുതി നോക്കണം എങ്കിൽ മക്കളോ മരുമക്കളോ വേണം എന്ന്….
അമ്മ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നതായിരുന്നു എന്റെ കല്യാണം. അമ്മയുടെ ഈ അവസ്ഥയിലും ഞാൻ അതിന് മുതിർന്നത് അമ്മയെ നോക്കാൻ ഒരാളിനു വേണ്ടി ആയിരുന്നു…
പാവപെട്ട വീട്ടിലെ ആരേലും കൊണ്ടു വന്നാ അമ്മയെ നോക്കും എന്ന വിശ്വാസം ആദ്യത്തെ രണ്ടു മൂന്നു പെണ്ണുകാണലിൽ തന്നെ പോയിക്കിട്ടി….
എല്ലാവർക്കും പറയാൻ ഒരേ ഒരു കാര്യം അമ്മേ ആശുപത്രിയിലോ വൃദ്ധസധനത്തിലോ ആക്കുക….
“പിന്നെ ഈ ഭ്രാന്ത് ഒക്കെ വന്നാൽ ഒരിക്കലും മാറില്ലത്രേ “
അത്തരം വിചിത്രമായ കണ്ടുപിടിത്തങ്ങളും എനിക്ക് പെണ്ണുകാണലിൽ നിന്നും കിട്ടി…
അവസാനം ആ പരിപാടി ഞാൻ പൂട്ടിക്കെട്ടി….
അങ്ങനെ ഇരിക്കുമ്പോൾ ആണ് ഒരു കിളിനാദം എന്നെത്തേടി എത്തുന്നത്…അതും സ്വന്തം കല്യാണലോചനക്ക്
“ഈശ്വരാ ഇവള് ഇത്രക്ക് കെട്ടാൻ മുട്ടി ഇരിക്കായിരുന്നോ?”
ഞാൻ ചിന്തിച്ചു….
“താല്പര്യമില്ല ” എന്ന് ഒറ്റവാക്കിൽ പറഞ്ഞു എങ്കിലും…..
അവള് ഒന്ന് വീടുവരെ വരാൻ പറഞ്ഞു..
വീട് കണ്ടപ്പോഴേ എനിക്ക് ബോധക്കേട് വന്നു…. കൊട്ടാരം പോലുള്ള വീട്
അകത്തു ചെന്നപ്പോൾ തനി മോഡേൺ ആയ ഒരു പെൺകുട്ടി….
“ഇവൾക്കെന്തോ കാര്യമായ കുഴപ്പം ഉണ്ട് ” ഞാൻ ചിന്തിച്ചു
“ചേട്ടൻ ഈ കല്യാണത്തിന് സമ്മതിക്കണം” എന്നു അവൾ മൊഴിഞ്ഞപ്പോൾ എന്റെ ഡിമാൻഡ് ഞാൻ മുന്നോട്ട് വെച്ചു..
ഒക്കെ… ബൈ പറഞ്ഞു പോകാൻ ഇരുന്ന എന്നെ “ചേട്ടൻ ഒന്ന് അകത്തേക്ക് വരൂ ” എന്ന് പറഞ്ഞു അകത്തേക്ക് വിളിച്ചു….
അകത്തെ കസേരയിൽ ഇരിക്കുന്ന അവളുടെ അമ്മയെ കണ്ടപ്പോഴേ എനിക്ക് എന്റെ അമ്മയെ ഓർമ്മ വന്നു…
“അൽഷിമേഴ്‌സ് ” ആണ്….അവൾ പറഞ്ഞു
അവൾക്ക് അമ്മ മാത്രമേ ഉള്ളൂ…. അവളുടെ സ്വത്തും അവളെയും എല്ലാർക്കും വേണം… പക്ഷെ അമ്മയെ എവിടെ എങ്കിലും തള്ളണം…
ഒരേ തൂവൽപക്ഷികൾ ആണെന്ന് മനസ്സിലാക്കാൻ എനിക്കധികം സമയം വേണ്ടി വന്നില്ല….
അമ്മയെ നോക്കാൻ അവളോളം ചേരുന്ന ഒരാളെ എനിക്ക് കണ്ടെത്താൻ കഴിയില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു..
അതിനേക്കാൾ എന്റെ മനസ്സു നിറച്ചത് അവളിലെ നന്മ ആയിരുന്നു…കൂടാതെ എന്റെ ചില പാരമ്പര്യ വിശ്വാസങ്ങളും തച്ചു തകർന്നു….