കാണുന്നതിലും രസം അതിൽ നനയുമ്പോൾ ആണ് പെണ്ണെ….”ഈ പ്രണയം പോലെ”….

❤️ അരികെ…. ❤️

രചന: ദേവ സൂര്യ (രുദ്ര ദേവ)

“”ഒന്ന് ചേർന്ന് കിടക്കടി… വല്ലാതെ തണുക്കുന്നു””….അയാളുടെ സംസാരം കേൾക്കെ അവളിൽ നാണത്തിൽ പൊതിഞ്ഞ പുഞ്ചിരി വിരിഞ്ഞു….

അവൾ ഒന്നുയർന്ന് അവന്റെ നെഞ്ചിലേക്ക് പറ്റിചേർന്ന് ഒന്നൂടെ ചുരുങ്ങി കിടന്നു….

“”നല്ല മഴക്കോളുണ്ടല്ലോ പെണ്ണെ ഇന്ന് “”… തന്റെ മാ റിൽ ചുരുങ്ങി കിടക്കുന്ന അവളുടെ തലയിൽ പതിയെ തഴുകി കൊണ്ടവൻ പറഞ്ഞു…..

“”മഴക്ക് എന്ത് നിറമാ അണ്ണാ??””….ഒന്നൂടെ കുറുകി കിടന്ന് അവന്റെ കാതോരം അവനോടായി പതിയെ ചോദിച്ചു…

മഴക്ക് പല നിറങ്ങളാടി പെണ്ണെ…ചില നേരം മഴക്ക് പ്രണയത്തിന്റെ നിറമാ…ചില നേരം വിരഹത്തിന്റെ നിറം….ചിലപ്പോ കണ്ണീരിന്റെ നിറം…..സന്തോഷത്തിന്റെ നിറം….പകയുടെ നിറം….. അങ്ങനെയങ്ങനെ…..അവൻ അവൾക്ക് നേരെ തിരിഞ്ഞു കിടന്നു..

ആകാംഷയോടെ അവളുടെ രണ്ട് കൃഷ്ണമണികളും ആ വെള്ളപാടക്ക് ചുറ്റും പാഞ്ഞോടുന്നത് കൗതുകത്തോടെ നോക്കി കിടന്നവൻ….

“”പല നേരങ്ങളിൽ പല നിറങ്ങളാവുമ്പോ…. ഈ മഴ കാണാൻ നല്ല
രസമായിരിക്കുമല്ലേ??””…. ചോദ്യത്തിന് ഒപ്പം തന്നെ വെള്ളപാടക്കകത്തുള്ള സൂചിപൊട്ടു പോലുള്ള ആ കൃഷ്ണമണി വീണ്ടും പിടഞ്ഞുകൊണ്ട് എങ്ങോട്ടോ ഓടി മറഞ്ഞു..

കാണുന്നതിലും രസം അതിൽ നനയുമ്പോൾ ആണ് പെണ്ണെ….”ഈ പ്രണയം പോലെ”…..അവനും കൗതുകത്തോടെ പരക്കം പാഞ്ഞോടുന്ന ആ കൃഷ്ണമണിയിലേക്ക് ഉറ്റുനോക്കി…..

“”ഇവിടെ ഇങ്ങനെ കിടന്നാൽ മഴ നനയുവോ അണ്ണാ “”….അവന്റെ നിശ്വാസം മുഖത്തടിച്ചപ്പോൾ ചെറിയൊരു വിറയലോടെയവൾ ആ മുഖമൊന്നു പരതി നോക്കി….

മ്മ്മ്ഹ്ഹ്…..പിന്നെ…. ഇവിടെ കിടന്നാൽ…മഴ നനയാം…. ആകാശം കാണാം….നക്ഷത്രങ്ങൾ നോക്കി കണ്ണിറുക്കുന്നത് കാണാം…മുന്നിൽ നിരന്നു കിടക്കുന്ന ആൾട്ടാക്കിയ ബസുകൾക്ക് നേരെ മിഴികൾ പായിച്ചു കൊണ്ടവൻ പറഞ്ഞു….തന്റെ ചുണ്ടിലായി വന്നെത്തിയ അവളുടെ കൈവിരലിൽ പതിയെ ചും ബിച്ചുകൊണ്ടവൻ അവളെ നെഞ്ചിലേക്കടക്കി പിടിച്ചു മലർന്നു കിടന്നു….

ആകാശത്തിന് ഇപ്പൊ എന്ത് നിറമാ അണ്ണാ?.അവന്റെ പാതി തുറന്നിട്ട മുഷിഞ്ഞ ഷർട്ടിന്റെ ഇടയിലൂടെ നെഞ്ചിൽ എന്തൊക്കെയോ വരച്ചുകൊണ്ടവൾ കൊഞ്ചലോടെ ചോദിച്ചു..

“”നീ എപ്പോളും കാണുന്ന നിറമില്ലേ…അതാണ് ഇപ്പൊ ആകാശത്തിന്””…..അവന്റെ ഇപ്പുറമായി കിടന്നുറങ്ങുന്ന 5 വയസ്സുകാരനേയും അവൻ ഒന്നൂടെ ചേർത്ത് കിടത്തി…..

“”കറുപ്പ് “”…അതല്ലേ അണ്ണാ…. ആ നിറത്തിന്റെ പേര്?….ആലോചിച്ചു കണ്ടു പിടിച്ച പോലെ ചെറിയൊരു പുഞ്ചിരിയോടെയവൾ ചോദിച്ചു….

അതേടി..മല്ലി…..കറുപ്പാണ്….””കറുത്ത ആകാശത്തു വെളുത്ത നക്ഷത്രം “”

“വെളുപ്പ്”?…. അവൾ സംശയത്തോടെ നഖം കടിച്ചു….

വെളുപ്പ് നന്മയുടെ നിറമാടി മല്ലി….ദേ നിന്റെ ഈ പിടക്കുന്ന മിഴികളിലെ ചില്ലുഗോളത്തിന്റെ നിറം…നിന്റെയി പല്ലിന്റെ നിറം….ചെറിയൊരു അടക്കിചിരിയോടെ അവൻ പറഞ്ഞു…..

“അണ്ണാ…”

“മ്മ്ഹ്ഹ് “?……

നന്മക്ക് വെള്ളനിറമാണെങ്കിൽ….ഈ പ്രണയത്തിന് എന്ത് നിറമാ??….പിന്നെയും കൊഞ്ചലോടെയവൾ ചോദിച്ചു….

നിന്റെയി നെറുകയിലെ സിന്ദൂരത്തിന്റെ നിറമാടി… മല്ലി…..അവനും പ്രണയത്തോടെ അവളെ നോക്കി……

അവന്റെ നിശ്വാസം മുഖത്ത് തട്ടിയപ്പോൾ അവളുടെ മുഖം ചുവന്ന് തുടുത്തു….കൗതുകത്തോടെയവൻ ചുവപ്പ് പടർന്ന കവിൾത്തടങ്ങളിലേക്കും വിറയാർന്ന അധരങ്ങളിലേക്കും നോക്കി…..

“ദാ…. ഇപ്പൊ നിന്റെ കവിളത്ത് ഉണ്ട് പ്രണയത്തിന്റെ നിറം…..ദാ ഈ ചുണ്ടത്തും”..അവൻ അവളിൽ പടർന്ന നിറങ്ങളെ ചുണ്ടുകലാൽ ഒപ്പിയെടുത്തു….അവൾ നാണത്തോടെ വിയർപ്പ് നാറുന്ന അവന്റെ ഷർട്ടിലേക്ക് മുഖമൊളിപ്പിച്ചു…..

നിനക്ക് ഇതില് ഏത് നിറമാടി ഇഷ്ടം??…..തന്നിലേക്ക് ചേർന്ന് കിടക്കുന്നവളെ നോക്കി പുഞ്ചിരിയോടെയവൻ ചോദിച്ചു…..

എനിക്ക്….എനിക്കെന്റെ അണ്ണന്റെ നിറമാ ഏറ്റവും ഇഷ്ട്ടം…..പുതച്ചിരുന്ന സാരിതലപ്പ് അവനായും പകുത്തുകൊണ്ടവൾ പറഞ്ഞു…

അവർ കിടന്നിരുന്നതിനരികിലായുള്ള മാലിന്യക്കൂമ്പാരത്തിൽ നിന്ന് എന്തോ നാവിട്ടു രുചിക്കുന്ന തെരുവ് നായയെ നോക്കിയ അവൻ അവളുടെ സംസാരം കേൾക്കേ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി….

“”ആഹാ…അപ്പൊ പറയ്യ്…എന്റെ നിറമെന്താ??””..കുസൃതിയോടെ മീശയുടെ അറ്റം കടിച്ചു പിടിച്ചു കുറുമ്പോടെ ചോദിച്ചു..

“”വെളുപ്പ് “”….അവളിത്തിരി അഹങ്കാരത്തോടെ പറഞ്ഞു…

അപ്പുറത്തെ അടക്കിപ്പിടിച്ച ചിരി കേൾക്കെ അവൾ ചുണ്ട് കൂർപ്പിച്ചു….

“”എന്തിനാ അണ്ണാ… കളിയാക്കുന്നെ??…. “”

“ഈ കറുത്ത് കരിക്കട്ട പോലിരിക്കുന്ന എനിക്കാണോ മല്ലി വെളുത്ത നിറം”? ?….

“”ഒരു കണ്ണ് പൊട്ടിയായ എന്നെ ആരാണ്ടൊക്കെയോ ഒരു മനുഷ്യനാ എന്ന പരിഗണന പോലും തരാതെ പിച്ചിചീ ന്തി…പി റന്നപടി കിടത്തിയെച്ചു പോയപ്പോൾ… അവിടെന്ന് രക്ഷിച്ചു… കഴുത്തിൽ ഒരു താലിയും കെട്ടി കൂടെ കൂട്ടി ഒരു ജീവിതവും തന്ന്…വഴിപി ഴച്ചുണ്ടായ കൊച്ചിനെ സ്വന്തം മോനെന്ന് പറഞ്ഞു ചേർത്ത് പിടിച്ചു…ആരാണ്ട് തിന്നതിന്റെ ബാക്കിയും…കിട്ടുന്ന ചില്ലറ പൈസ കൊണ്ട് വാങ്ങുന്നത് നുള്ളി പെറുക്കി ഞങ്ങളെ രണ്ടെണ്ണത്തിനെം തീറ്റിക്കുന്ന നിങ്ങക്ക് പിന്നെ വെള്ള നിറമല്ലാതെ എന്തോന്നാ മനുഷ്യാ “”……

കിതച്ചു കൊണ്ട് പറഞ്ഞു നിർത്തുന്നതിനോടൊപ്പം അവന്റെ നെഞ്ചിനൊരു കുത്തും കൊടുത്ത് തിരിഞ്ഞു കിടന്നു അവൾ…..

“മല്ലിയെ…പിണങ്ങിയോടി നീയ് “…..തിരിഞ്ഞു കിടക്കുന്നവളെ നോക്കി കുസൃതിയോടെ ചോദിച്ചു….

കുതിച്ചു വരുന്ന ബസിന്റെ ശബ്‌ദം കേൾക്കെ പേടിയോടെ അവൾ തിരിഞ്ഞവനെ ഇറുക്കെ പിടിച്ചു…

പേടിക്കണ്ട പെണ്ണേ…. അത് 12ന്റെ പാസഞ്ചർ വന്നതാ…അവളുടെ മനസറിഞ്ഞപോലെ അയാൾ പറഞ്ഞു…

“”മ്മ്ഹ്ഹ് “”….നേർത്ത മൂളൽ മാത്രം അവളിൽ നിന്നുയർന്നു….

“”എന്തൊരു ജീവിതമാണല്ലേ…ഇവർ എങ്ങെനെയാണോ എന്തോ ഈ നാറുന്ന ഇടത്തു കിടക്കുന്നത് “”…ബസ്സിൽ നിന്നിറങ്ങി അവർക്കരികിലൂടെ പോയ ഒരുകൂട്ടരുടെ ശബ്‌ദം…

കേട്ടിട്ടും ഇരുവരും കേൾക്കാത്ത മട്ടിൽ കണ്ണടച്ച് കിടന്നു…

“”എടാ… നോക്കടാ ഒരു പീസ്…ഒന്ന് കുളിപ്പിച്ച് എടുത്താൽ മതി മോനെ…ഓ ലവന്റെ ഒക്കെ ഒരു ഭാഗ്യം”””…ബസ്സിൽ നിന്നിറങ്ങിയ ഒരു കൂട്ടം ആളുകളുടെ ശബ്‌ദം…

ചെവിയിലേക്ക് ഇരിചെത്തിയ വാക്കുകൾക്ക് ചാടിയെനീറ്റു കാറി കുരച്ചു നീട്ടിയൊന്നു തുപ്പി അയാൾ….

“”അണ്ണാ””..

അവളുടെ സ്വരം വിറകൊണ്ടിരുന്നു..ആ വിളി മതിയായിരുന്നു അയാളുടെ വലിഞ്ഞു മുറുകിയ മുഖത്തെ ശാന്തമാക്കാൻ…അവളെ ചെറുചിരിയോടെ നോക്കി കെട്ട്കുരുങ്ങിയ ചെമ്പൻ തലമുടിയിൽ ഒന്ന് തലോടിയയാൾ…

ഞാൻ പറഞ്ഞില്ലേ എന്റെ അണ്ണന്”വെളുപ്പ് “നിറമാണ് എന്ന്…ഇപ്പൊ കണ്ടോ…അവളുടെ സ്വരത്തിൽ കുസൃതി നിറഞ്ഞിരുന്നു…

മറുപടി പറയാൻ നിൽക്കുമ്പോളേക്കും ഒരിറ്റ് തുള്ളി ഇരുവരിലേക്കും പൊഴിഞ്ഞു വീണിരുന്നു…

മഴ ചാറാൻ തുടങ്ങി പെണ്ണേ..ഇവിടുന്ന് മാറി കിടക്കാം…അവൻ അവളെ നോക്കി പറഞ്ഞു…അപ്പോളേക്കും ആകാശഗോപുരത്തിൽ അങ്ങിങ്ങായി മിന്നലിന്റെ ചിത്രപണികൾ രചിക്കപെട്ടിരുന്നു ….

“നമുക്ക് മഴ നനയാം അണ്ണാ”… മഴ കാണുന്നതിലും രസം നനയുമ്പോൾ അല്ലേ??.””പ്രണയം പോലെ “”…..

അയാൾ ഒരു ചെറുപുഞ്ചിരിയോടെ ആ അഞ്ചു വയസ്സുകാരനെ അടുത്ത പീടിക മുറിയുടെ വരാന്തയിലേക്ക് എടുത്തു കിടത്തി….

അച്ചുവിനെ മാറ്റി കിടത്തിയതാടി പെണ്ണേ.. മഴ നനഞ്ഞാൽ പനി പിടിക്കും….ആശുപത്രിയിൽ പോവാൻ നമുക്ക് എവിടെന്നാടി കാശ്….ഒന്ന് മാറിയപ്പോളേക്കും തന്നെ പരതുന്ന ആ കൈകളിൽ പിടിച്ചു അയാൾ അവൾക്കരികിലായി വന്നിരുന്നു കൊണ്ട് പറഞ്ഞു….

തേടിയതെന്തോ കിട്ടിയത് പോലെ അവളുടെ വരണ്ട ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..ആ വെള്ളപാടയിലൂടെ കൃഷ്ണമണികൾ നാല് പാടുമായി പരതി നടന്നു….

അവർക്കിടയിലേക്ക് മഴ പൊഴിഞ്ഞു വീണു…കൈ നീട്ടി എത്തി പിടിക്കാൻ എന്ന പോലെ പുഞ്ചിരിയോടെ അവൾ രണ്ടു കയ്യും വിടർത്തി….

“”അതെ അണ്ണാ… നിറങ്ങളിൽ ഏറ്റവും സുന്ദരമായത്…മഴയുടെ നിറമാ””…മഴക്ക് ഇപ്പൊ പ്രണയത്തിന്റെ നിറമാ…ചോപ്പ് നിറം!!!……

അയാൾ അവളെ നോക്കി…ആ കണ്ണുകളിലും മഴയുടെ നിറം…അവളുടെ കൈ വിരലിൽ കോർത്തു അയാളും മറു കൈ മഴക്ക് സമ്മാനിച്ചു…ആ കൈ വെള്ളയിൽ വീണ മഴതുള്ളികൾക്കും പ്രണയത്തിന്റെ നിറമായിരുന്നു…..””ചോര ചാറി ചുവപ്പിച്ച പ്രണയത്തിന്റെ നിറം”” !!!!…….