അച്ഛേടെ വാവ ~ രചന: AmMu Malu AmmaLu
ഇതുവരെ ഒന്ന് വിളിച്ചു നോക്കാൻ തോന്നിയില്ലല്ലോ..
എന്നെ വേണ്ട നമ്മുടെ മോളെയെങ്കിലും…. അവളുടെ വിശേഷങ്ങൾ അറിയണം ന്ന് തോന്നിയില്ലേ…
അവളുടെ കിളിക്കൊഞ്ചൽ കേൾക്കാൻ തോന്നിയില്ലേ…അച്ഛടെ ശബ്ദം കേൾക്കുമ്പോ ഫോണിലേക്ക് നോക്കിയുള്ള അവളുടെ കുഞ്ഞു കുഞ്ഞു കുറുകലുകളുണ്ട്… അതൊന്നും കാണാനോ കേൾക്കാനോ തോന്നുന്നില്ലേ..
പിണക്കം നമ്മിൽ മാത്രം പോരെ.. അവളോട് വേണോ…കാതരുകിൽ അച്ഛെടെ വാവേ എന്ന വിളി കേട്ടിട്ട് എത്ര ദിവസമായെന്നറിയോ അവള്.
കുഞ്ഞല്ലേ അവള്… അച്ഛെ എന്ന് വിളിച്ചു രാത്രി വാവിട്ട് കരയുന്നൊരു കുഞ്ഞുമുഖം ഉറക്കം കെടുത്തുന്നില്ലേ ഏട്ടന്റെ..
ഫോണിലേക്ക് ആര് വിളിച്ചാലും… അച്ഛ…അച്ഛ….അച്ഛ…..എന്നുള്ള ആ കുഞ്ഞു വിളി…ഫോൺ കയ്യിൽ കൊടുക്കാതെ മാറി നിന്നാൽ അച്ഛെ ന്ന് വിളിച്ചു കരച്ചിലായി. ഫോണിൽ തെളിയുന്ന വെളിച്ചം കാണിച്ചാൽ പിന്നെ അതിനോട് കുറുകലായി.. അച്ഛക്കുമ്മ കൊടുക്കലായി.. അങ്ങനെ…അങ്ങനെ…അങ്ങനെ….!!
ഇന്നവൾ വാവിട്ടു കരഞ്ഞപ്പോൾ ആദ്യമായി അവളുടെ അച്ഛച്ഛൻ അവളെ എടുത്തു.. ഉമ്മകൾ കൊണ്ട് മൂടി.. അച്ഛച്ഛന്റെ കൊമ്പൻ മീശ ആ കുഞ്ഞുവയറിൽ ഇക്കിളി കൂട്ടാൻ തുടങ്ങിയപ്പോൾ അവൾ കിലുകിലെ ചിരിച്ചു.. അവൾക്ക് അവളുടെ അച്ഛെ ഓർമ വന്നുകാണണം.. ആ കളിചിരികൾക്കിടയിലും അവൾ അച്ഛെ ന്ന് വിളിക്കാൻ മറന്നില്ല.
അവളുടെ അമ്മയോടിന്നും അവള്ടെ അച്ഛച്ഛന് പിണക്കമാണ്.. എങ്കിലും, അമ്മയുടെ കണ്ണൊന്നു നിറഞ്ഞപ്പോൾ അമ്മ വാവിട്ടു കരഞ്ഞപ്പോൾ ഒരു മുറി വാതിലിനപ്പുറം പെയ്യാനൊരുങ്ങി നിന്ന ആ കുഴിഞ്ഞ കണ്ണുകൾ അമർത്തി തുടക്കുന്നത് കണ്ടു.
അമ്മ എന്തൊക്കെ പറഞ്ഞാലും എത്ര വലിയ തെറ്റുചെയ്താലും അമ്മയുടെ കണ്ണൊന്നു കലങ്ങിയാൽ അവളുടെ അച്ഛച്ഛന്റെ മനസ്സാവും ആദ്യം പിടയുക..കാരണം മറ്റൊന്നുമല്ല അമ്മ അന്നും ഇന്നും എന്നും അച്ഛടെ വാവയായിരുന്നു അവളുടെ അച്ഛച്ഛന്റെ വാവ….💕