മാതുവിനും മുരളിക്കും കൂട്ടായി അവരുടെ രണ്ടു കുഞ്ഞുങ്ങൾ ആ സ്വപ്‍ന തുരുത്തിലേക്കു വിരുന്നു വന്നു…

കഥ :-മേഘമൽഹാർ

രചന: നിവിയ റോയ്

എടി ഒന്നു വേഗം ഇങ്ങോട്ട് വന്നേ ?

ഓഫീസിൽ എന്തോ അത്യവശ്യം ഉണ്ടെന്നു പറഞ്ഞു ധൃതിയിൽ പുറത്തേക്കിറങ്ങിയ കുറുപ്പിന്റെ വിളികേട്ട് ഭാര്യ രേണു വീടിന് പുറത്തേക്കു വന്നു

എന്താ …?

ദേ നീ അവരെ കണ്ടോ …?

താഴെ പോയ എന്തോ പരതുന്ന പോലേ തലകുനിച്ചു പതിഞ്ഞ സ്വരത്തിൽ അയാൾ പറഞ്ഞു .

അവരെക്കണ്ടതും അവൾക്ക് ചിരി വന്നു ….വേഗം മുറിക്കകത്തേക്കു കയറി ജന്നൽ കർട്ടനുകൾക്കു പിന്നിലൊളിച്ചു നിന്ന് അവരെ നോക്കി അവൾ ചിരിച്ചു …

അവന്റെ നടത്തം കണ്ടോ …?നെഞ്ചു വിരിച്ചു തച്ചോളി ഒതേനനെപ്പോലെ….പിറകിൽ നിന്നുള്ള അയാളുടെ ആ വിലകെട്ട താമശ ആവോളം ആസ്വദിച്ചു ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു …

ഒന്ന് പോ മനുഷ്യ …ഓഫീസിൽ വേഗം ചെല്ലണമെന്ന് പറഞ്ഞിട്ട് ….

പുറത്തേക്ക് ഇറങ്ങുമ്പോൾ അയാളുടെ മൊബൈൽ ഫോൺ റിങ് ചെയ്തു ….

ആരാ …?

ഡിസ്പ്ലേ സ്‌ക്രീനിൽ തെളിഞ്ഞു വരുന്ന പേര് വായിച്ചു ഉള്ളാലെ അയാൾ ചിരിച്ചു….ആ പതുങ്ങിയ ചിരിയിൽ ഗൗരവം പുരട്ടി അയാൾ പറഞ്ഞു …

മാനേജർ ആണ് ….വേഗം ചെല്ലട്ടെ …

രേണുകയുടെ മുഖത്തു നോക്കി അയാളത് പറയുമ്പോൾ കള്ളം പറയുന്നതിന്റെ ഒരു ഭാവവ്യത്യാസവും അയാൾക്കില്ലയിരുന്നു …

ആ മുഖംമൂടി അണിഞ്ഞണിഞ്ഞു അത് ഇപ്പോൾ അയാളുടെ മുഖമായി മാറിയിരിക്കുന്നു …

അവരെ പിന്നിലാക്കി അയാളുടെ കാറ് മുന്നോട്ടു നീങ്ങുമ്പോൾ വശത്തുള്ള കണ്ണാടിയിൽ അകന്നു പോകുന്ന അവരെ അയാൾ കണ്ടു …അടക്കി ചിരിച്ചു വിലകുറഞ്ഞ ഒരു ചിരി …പക്ഷേ അയാളുടെ കണ്ണിൽ വീണ് കിടക്കുന്ന കരട് അയാൾ ആ കണ്ണാടിയിൽ കണ്ടില്ല .

അവർ …മുരളിയും മാതുവും ….അവർ പുറത്തിറങ്ങുമ്പോൾ ആ തെരുവിലുള്ളവർ തങ്ങളുടെ ജോലി നിർത്തും …

അവർ ആ ഗള്ളിയിൽ പുതുതായി താമസത്തിനു വന്നതാണ്.അവിടെയുള്ള ആരെയും അവർക്ക് മുൻപരിചയമില്ല .അവർ അവരുടെ ശത്രുവോ മിത്രമോ അല്ല ..എന്നിട്ടും അവരെ കാണുമ്പോൾ ….

ആ ഗള്ളിയിൽ ഉള്ളവരുടെ മുഖത്ത് ഒരു ചിരി പടരും ….സന്തോഷത്തിന്റെ അല്ല പരിഹാസത്തിന്റെ ഏറ്റവും താഴത്തെ പടിയിൽ നിന്നുള്ള ചിരി ….

മനസ്സാക്ഷി കുറച്ചു അവശേഷിച്ചവർ അവരെ കാണാതെ ചിരിച്ചു…. അത് തീരെ ഇല്ലാത്തവർ അവർ കാൺകെ ചിരിച്ചു ….

ചിരികൊണ്ടും മറ്റുള്ളവരെ ആഴത്തിൽ മുറിപ്പെടുത്താനാവുമെന്ന് ചിലർക്ക് നന്നായിട്ട് അറിയാം….

അവർ ഭാര്യയും ഭർത്താവുമാണ് ….ജീവിതകാലം ഒരുമിച്ചു ജീവിക്കാൻ തീരുമാനമെടുത്തവർ ….മറ്റു പലർക്കും അത് തീരെ ഇഷ്ടമായില്ല ….

അയാൾക്ക്‌ പൊക്കം അവളുടെ മുട്ടുകൈക്കൊപ്പമേയുള്ളൂ. അതായിരുന്നു മറ്റുള്ളവരുടെ മുൻപിലെ അവരുടെ അപരാധം …

അയയിൽ തുണികൾ വിരിച്ചു കൊണ്ട് നിന്ന സൂസി അവരെ നോക്കി …അവരെ കണ്ടതും അപ്പുറത്തു മാറി തെങ്ങിന് തടമെടുത്തുകൊണ്ടു നിൽക്കുന്ന ഭർത്താവ് തോമാച്ചനെ അവൾ മെല്ലെ ശബ്ദമുണ്ടാക്കി വിളിച്ചു ..ശ് …ശ് …

അയാൾ നോക്കിയപ്പോൾ ചുണ്ടുകൾ കൂട്ടിപ്പിടിച്ചു ചിരിച്ചുകൊണ്ട് കണ്ണുകളുടെ അറ്റം മതിലിനപ്പുറം എന്തോ സംസാരിച്ചു നീങ്ങുന്ന അവർക്ക് നേരെ നീട്ടി ….

സൂസിയെ ഒന്ന് രൂക്ഷമായി നോക്കി അയാൾ തന്റെ ജോലി തുടർന്നു ….

ബക്കറ്റിൽ ബാക്കി വന്ന ,അവളുടെ നീല നൈറ്റിയുടെ രക്തം കുടിച്ചു നീലനിറമായ വെള്ളം ദേഷ്യത്തിൽ അയാൾക്ക്‌ സമീപത്തേക്കു അറിയാത്ത പോലേ നീട്ടി ഒഴിച്ച് എന്തോ പിറുപിറുത്തു സൂസി അകത്തേക്ക്‌ കയറിപ്പോയി …

അവർക്ക് എതിരെ ട്യൂഷൻ കഴിഞ്ഞു വരുന്ന മാലതിയും വിനുവും അവരെ കണ്ടു കളിയാക്കി ചിരിച്ചപ്പോൾ ആമിന തന്റെ തട്ടം നേരെയാക്കി ചോദിച്ചു .

മറ്റുള്ളവരെ കളിയാക്കരുതെന്നു വീട്ടിലാരും പറഞ്ഞു തന്നിട്ടില്ലേ ?

അവളുടെ ശാസനയുടെ സ്വരത്തിൽ തങ്ങളുടെ ചിരി അബദ്ധമായി പോയിയെന്നു തോന്നുമാറ് അവർ വാ പൊത്തി ചിരിയടക്കി നടന്നു നീങ്ങി …

അവർക്കെതിരെ സൈക്കിൾ ചവിട്ടി വന്ന ലോട്ടറി കച്ചവടക്കാരൻ സോമനും അവരെ നോക്കി ചിരിച്ചു …

അയാൾ അങ്ങനെയൊന്നും ചിരിച്ച് ആരും കണ്ടിട്ടില്ല. താൻ ചിരിക്കുമ്പോൾ ചുണ്ടിന്റെ ഓരത്തായി തെളിഞ്ഞു വരുന്ന വെള്ള നിറത്തെ ഭയന്ന് അയാൾ ചിരിക്കാൻ മറന്നിരുന്നു .

അവരെ നോക്കി ചിരിച്ചപ്പോൾ ഏറെ നാളായി അയാളുടെ ഉള്ളിൽ ശ്വാസംമുട്ടിക്കിടന്ന ഒരു ചിരി സ്വാതന്ത്ര്യത്തിന്റെ ചിറകു വിരിച്ചു പറന്നു പോയി …

ഹോസ്പിറ്റലിൽ പോയിട്ട് സന്ധ്യക്ക്‌ കവലയിലിറങ്ങി അവർ നടന്നു നീങ്ങുമ്പോൾ വട്ടം കൂടി ചീട്ടുകളിച്ചിരുന്നവരിൽ ചിലരുടെ ലഹരിയിൽ നനഞ്ഞ ചുണ്ടിൽ ഒരു ചിരി വന്നു ….ആ ചിരിയെ അവർ വികൃതമാക്കിയിരുന്നു …

ഒരിക്കൽ നിലവില്ലാത്ത രാത്രിയിൽ മാവിലകളിൽ കൊച്ചു ദീപം പോലേ മിന്നി തിളങ്ങുന്ന മിന്നാമിന്നികളെ നോക്കി അയാൾ അവളോട് ചോദിച്ചു.

നമ്മുക്ക് ഈ ഗള്ളിയിൽ നിന്നും മാറിതാമസിച്ചാലോ …?

എന്തിന് …?

എല്ലാവരുടെയും നോട്ടവും കളിയാക്കലും കണ്ടില്ലേ …?

വേറെ ഗള്ളികളിൽ ഉള്ളവർക്ക് എല്ലാവർക്കും ഹൃദയം ഉണ്ടാകുമെന്നാണോ നിങ്ങൾ കരുതുന്നത് …?

ന്നാലും നമ്മളെകാണുമ്പോഴുള്ള ഓരോരുത്തരുടെ നോട്ടവും ചിരിയും ….അതും നിന്നേ നോക്കിയുള്ള വികൃതമായ ചിരി കാണുമ്പോൾ ….

ദേ നോക്കിയേ ന്റെ നെഞ്ചില് നിങ്ങള് വല്യ ആളാണ് ….നാല് പെണ്കുട്ടികളുള്ള വീട്ടിൽ പെണ്ണ് കാണാൻ വന്നിട്ട് ,ചുമച്ചു കൂനിക്കൂടിയിരിക്കുന്ന ഞങ്ങളുടെ അച്ഛന്റെ മുൻപിൽ നേരെ നിന്ന് സ്ത്രീധന കണക്കു പറഞ്ഞു പോയവരാണ് എന്റെ മുൻപിൽ ചെറുതായവർ ….

സ്ത്രീകൾ പുറത്തിറങ്ങി നടക്കുമ്പോൾ കൂർത്ത നോട്ടം കൊണ്ട് ചോര വലിച്ചു കുടിക്കുന്ന ആറടിപ്പൊക്കമുള്ള ചിലരുണ്ട് …ചിതലിന്റെപോലും വിലയില്ലാത്തവർ…

യാത്രകൾ ചെയ്യുമ്പോൾ പെണ്ണുടലിന്റെ മാർദ്ദവം വിരൽത്തുമ്പാൽ നുണഞ്ഞെടുക്കാൻ ശ്രമിക്കുന്ന ആഭാസൻമാരുണ്ടു …ദ്വയാർത്ഥമുള്ള
അശ്ളീല തമാശകൾ പറഞ്ഞു പെണ്ണിന്റെ മുൻപിൽ ആളാകാൻ ശ്രമിക്കുന്ന ഭീരുക്കളുമുണ്ട് …ഇവരൊക്കെയാണ് എന്നെപ്പോലുള്ള ഒരു പെണ്ണിനുമുന്പിൽ ചെറുതായിപ്പോകുന്നവർ …

അത് പറയുമ്പോൾ അയാളുടെ നീളം കുറഞ്ഞു ഉരുണ്ട കൈപ്പത്തി അവൾ തലോടിക്കൊണ്ടിരുന്നു ….

അപ്പോൾ അയാൾ അവളെ നോക്കി ചിരിച്ചു ….

ലോകത്തിലേക്കും വെച്ചു ഏറ്റവും സുന്ദരമായ ഒരു ചിരി… അയാളുടെ പലവട്ടം മുറിഞ്ഞ തന്റെ ഹൃദയത്തിന്റെ ചായം വാരിതേച്ച ഒരു പുഞ്ചിരി ….

പിന്നെ ഒരിക്കലും അയാൾ ആ ചോദ്യം അവർത്തിച്ചില്ല …ആ ഗള്ളിയിലൂടെ ചിലപ്പോൾ അയാളുടെ കൈപിടിച്ച് അവൾ നടന്നു ….ചിലപ്പോൾ തമാശകൾ പറഞ്ഞു അവർ പൊട്ടിച്ചിരിച്ചു ….ചിലപ്പോൾ മുറ്റത്തെ പടിക്കെട്ടിൽ അയാളുടെ മടിയിൽ തലവച്ചിരുന്നു ….

അവർ അവരുടേതായ ഒരു ലോകം നെയ്തെടുത്തു മറ്റുള്ളവരുടെ പരിഹാസങ്ങളുടെ പഴുതുകളടച്ചു പരസ്പര സ്നേഹം കൊണ്ട് ഇഴപാകിയ ഒരു കൊച്ചു ലോകം….

അയാളുടെ ശാരീരിക വൈകല്യം കൊണ്ട് അയാൾക്ക്‌ സർക്കാർ ജോലി ലഭിച്ചു …താഴ്ന്ന പടിയിലെ ഒരു ജോലി.മാതുവിന്റെ പ്രോത്സാഹനവും അവൾ ഊതി കത്തിച്ച ആത്മവിശ്വാസവും കൊണ്ട് അയാൾ ഉയർന്ന തസ്തികയിലേക്കുള്ള പരീക്ഷകളെഴുതി വിജയിച്ചു …

ടോ മുരളി …എന്ന് വിളിച്ചവരൊക്കെ അയാളെ ഇപ്പോൾ മുരളി സർ എന്ന് വിളിച്ചു തുടങ്ങിയിരിക്കുന്നു ….അയാൾ ഇപ്പോൾ ഇടക്കൊക്കെ മറ്റുള്ളവരോട് പറയാറുണ്ട്.പരിഹാസങ്ങളിലും കുറ്റപ്പെടുത്തലുകളും മുരടിച്ചു തീരുവാനുള്ളതല്ല ജീവിതം ….അങ്ങനെയായിരുനെങ്കിൽ ഞാനിന്നു ഏതെങ്കിലും വിഷാദ രോഗത്തിന് അടിമപ്പെട്ട് പോയേനെ ….ഭാഗ്യത്തിന് എനിക്കൊപ്പം എന്നോളം ചെറുതായി എന്നെ ഉയത്തിയത് എന്റെ ഭാര്യയാണ് …അത് പറയുമ്പോൾ അയാൾ ഏറ്റവും സുന്ദരമായി ചിരിക്കും …സ്നേഹത്തിന്റെ ഏറ്റവും അറ്റത്തു നിന്നുള്ള ഒരു ചിരി …

മാതുവിനും മുരളിക്കും കൂട്ടായി അവരുടെ രണ്ടു കുഞ്ഞുങ്ങൾ ആ സ്വപ്‍ന തുരുത്തിലേക്കു വിരുന്നു വന്നു …

അവർ മുരളിയെപ്പോലെ പൊക്കം കുറഞ്ഞവർ ആയിരുന്നു …എങ്കിലും തന്റെ ഭർത്താവിന്റെ കുറവുകൾക്ക് മുകളിൽ മറ്റുള്ളവരുടെ പരിഹാസങ്ങൾ തീപോലെ പാറി വരുമ്പോൾ ഒരു നനുത്ത മഴപോലെ അയാൾക്ക്‌ മീതെ പെയ്തുകൊണ്ടിരുന്ന അവൾ …അവരുടെ അമ്മ …തന്റെ കുഞ്ഞുങ്ങൾ വാടിപ്പോകാതിരിക്കാൻ അവർക്കു മേലെ പൂത്തുലഞ്ഞ ഒരു വാകമരം പോലേ തണൽ തൂകി നിന്നിരുന്നു……

ആ തണലിൽ വാക്കുകൾക്കൊണ്ട് വെട്ടിവീഴ്ത്താനാവാത്ത കരുത്തുറ്റ മരങ്ങളായി അവർ വളർന്നു …. വാടികരിയുന്ന പുൽനാമ്പുകൾക്കു അവരും വീണ്ടും തണലായി മാറാൻ …

(എന്റെ അമ്മച്ചി …എന്റെ ഭർത്താവിന്റെ അമ്മ …ഒരിക്കലും ആരേയും കളിയാക്കി ഞാൻ കേട്ടിട്ടില്ല …ഇന്ന് ആറു വര്ഷങ്ങളുടെ വേർപാടിന്റെ ഓർമ്മക്കു മുൻപിൽ സമർപ്പിക്കുന്നു ….ഈ കൊച്ചു കഥ )