ഇനിയൊരിക്കലും അവളെ കാണാൻ കഴിഞ്ഞില്ലെങ്കിലോ എന്നൊരു ഭയവും ഉണ്ടായിരുന്നു അവന്…

പ്രണയമഴ

രചന: സന്തോഷ് അപ്പുക്കുട്ടൻ

“എൻ്റെ മനസ്സും, ഗർഭപാത്രവും നിനക്ക് ആറുമാസത്തിന് കടം തന്നതാണെന്ന് ഞാൻ കരുതിക്കോളാം”

കനലിൽ പൊള്ളിച്ച വാക്കാണെങ്കിലും പുഞ്ചിരിയായിരുന്നു ആ ചുണ്ടുകളിൽ.

വാടകവീടിൻ്റെ തേക്കാത്ത ചുമരിൽ ചാരി നിന്നു ദേവിയതു പറയുമ്പോൾ ആ കണ്ണുകൾ ഒരിക്കൽ പോലും നിറഞ്ഞിരുന്നില്ലായെന്നതും നിവിയെ അത്ഭുതപ്പെടുത്തി.

മനസ്സ് കരയുന്നുണ്ടായിരിക്കാം!

എങ്കിലും ആദ്യം കാണുമ്പോൾ ഉള്ള ആ പുഞ്ചിരി തന്നെയാണ് ആ ചുണ്ടുകളിൽ.

അവളുടെ ആ പുഞ്ചിരിയോടെയുള്ള നോട്ടം പോലുംതന്നെ ദഹിപ്പിക്കുന്നതു പോലെ തോന്നിയപ്പോൾ അവൻ നോട്ടം മാറ്റി.

അഞ്ച് വർഷത്തെ പ്രണയം!

ഒരുപാടെതിർത്തിട്ടും അവളെ താനാണ്, ഈ പ്രണയത്തിലേക്കെത്തിച്ചത്.

സാമ്പത്തികം, ചുറ്റുപാട്, കുലമഹിമ എല്ലാം പറഞ്ഞ് അവൾ നിരസ്സിച്ചു തുടങ്ങിയപ്പോഴോക്കെ, ഞാൻ നട്ടെല്ലുള്ള ഒരു ആണാണെന്ന് പറഞ്ഞ് ധൈര്യം കൊടുത്ത് ഈ ജീവിതത്തിലേക്ക് വലിച്ചിട്ടത് താനാണ്. എന്നിട്ടിപ്പോൾ?”

അറിയാതെ അവൻ്റെ കണ്ണൊന്നു നിറഞ്ഞു പോയി.

“കരയല്ലേ നിവീ.”

ദേവി പതിയെ അവൻ്റെ കണ്ണ് തുടച്ചു.

“നിനക്കിനി നല്ല കാലമല്ലേ വരാൻ പോകുന്നത്. അതോർത്ത് സന്തോഷിക്കുകയല്ലേ വേണ്ടത്?”

അവൻ്റെ കണ്ണുകളിലേക്ക് നോക്കി നിൽക്കുമ്പോൾ, കണ്ണ് നിറയുന്നുവെന്നു തോന്നിയ ദേവി പതിയെഅവൻ്റെ കൈ പിടിച്ച്, അവളുടെ വീർത്ത ഉദരത്തിൽ ചേർത്തുവെച്ചു.

” ആരൊക്കെ എന്നെ തനിച്ചാക്കി പറന്നുപോയാലും, എനിക്ക് ഇവനെ തനിച്ചാക്കി പറന്നു പോകാൻ കഴിയില്ലല്ലോ?

ദേവി പറഞ്ഞതിൻ്റെ അർത്ഥം മനസ്സിലാവാതെ അവളെ തന്നെ ഉറ്റുനോക്കി നിവി.

“ഇവനു ചിറകു മുളയ്ക്കും വരെ എനിക്ക് ജീവിച്ചേ മതിയാകൂ നിവി. അത് എന്ത് ജോലി ചെയ്തിട്ടാണെങ്കിൽ പോലും “

മറുത്തൊന്നും പറയാൻ കഴിയാതെ അവളെ തന്നെ നോക്കി നിന്നു നിവി.

“നമ്മൾക്ക് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. ആ സ്വപ്നത്തിലേക്ക് എത്തിപ്പെടാൻ കഴിയില്ലായെന്ന് മനസ്സിലായപ്പോഴാണ് നിവിയുടെ ഈ മാറ്റം. അത് പോലെ മാറാൻ എനിക്കു കഴിയില്ലല്ലോ നിവീ? കാരണം ഇവൻ്റെ അമ്മയായി പോയില്ലേ ഞാൻ “

വീർത്ത ഉദരത്തിൽ തൊട്ട് കൊണ്ട് അവൾ പുഞ്ചിരിച്ചു.

നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം പോലെയുള്ള പുഞ്ചിരി.

എത്ര തൊട്ടാവാടിയായിരുന്നവൾ…..

ഈ നിമിഷത്തിലും ഇത്ര കരളുറപ്പോടെ….

ദേവി അവനു മുന്നിൽ ഒരു അത്ഭുതമായി തീരുകയായിരുന്നു.

ചുമരിൽ ചാരി നിൽക്കുന്ന ദേവിയെ അവൻ കണ്ണിമ ചിമ്മാതെ നോക്കി നിന്നു.

ഇനിയൊരിക്കലും അവളെ കാണാൻ കഴിഞ്ഞില്ലെങ്കിലോ എന്നൊരു ഭയവും ഉണ്ടായിരുന്നു അവന്!

നാളെ പുലർച്ചെയുള്ള ഫ്ലൈറ്റിന് ദുബായിലേക്ക്!

പിന്നെ മടങ്ങിവരവ് എന്നാണെന്ന് അറിയില്ല.

അവളെ തന്നെ നോക്കി നിൽക്കുമ്പോൾ, അവൻ്റെ ഓർമ്മകൾ പതിയെ ചിറകടിക്കുകയായിരുന്നു.

പ്രണയിച്ച പെണ്ണിനെ വീട്ടുക്കാരെ എതിർത്തിട്ട് സ്വന്തമാക്കുമ്പോഴും തനിക്ക് വല്ലാത്ത ആത്മവിശ്വാസമുണ്ടായിരുന്നു.

അവളുമായി ചങ്കൂറ്റത്തോടെ ജീവിക്കുമെന്ന് അച്ചനെ വെല്ലുവിളിച്ചത് കൈയിലുള്ള ഡിഗ്രി സർട്ടിഫിക്കറ്റിൻ്റെ ബലത്തിലാണ്.

പ്രമാണിയായിരുന്ന അച്ഛൻ്റെ ചുണ്ടിൽ അപ്പോൾ ഒരു പരിഹാസത്തിൻ്റെ ചിരിയായിരുന്നു.

പിന്നെ തനിക്കു മാത്രം കേൾക്കാൻ പറ്റുന്ന തരത്തിലുള്ള പതിഞ്ഞ സ്വരത്തിൽ ഒരു ഡയലോഗും.

“ഓന്ത് ഓടിയാൽ എവിടം വരെ ഓടും “

അച്ഛൻ പറഞ്ഞതായിരുന്നു ശരി.

ഓന്ത് തന്നെയായിരുന്നു ഞാൻ.

ഓരോ കമ്പിനിയിലെയും ഇൻറർവ്യൂ കഴിയുമ്പോഴും തൻ്റെ കൈയിലുള്ള ഡിഗ്രി സർട്ടിഫിക്കറ്റിന് വെറും കടലാസ്സിൻ്റെ വില മാത്രമേയുള്ളൂ എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ.

ഇൻ്റർവ്യൂ കഴിഞ്ഞ് ഓരോ ദിവസവും നിരാശയോടെ വീട്ടിലെത്തുമ്പോൾ, ഊർജ്ജം പകർന്നു കൂടെ നിൽക്കാൻ ദേവിയുണ്ടായിരുന്നു.

പക്ഷേ ദിവസങ്ങൾ കഴിയുന്തോറും സ്വപ്നങ്ങളുടെ നിറച്ചാർത്തിളകുന്നത് ഒരു ഞെട്ടലോടെ അറിയുകയായിരുന്നു.

വീടിൻ്റെ വാടക കൊടുക്കുവാനും, കടയിൽ പറ്റുതീർക്കാനും വേണ്ടി അവളിലാകെ ഉണ്ടായിരുന്ന മൊട്ടു കമ്മൽ പുഞ്ചിരിയോടെ ഊരി തന്നപ്പോൾ, താനെന്ന പുരുഷൻ നിസ്സഹായനായി പോയ നിമിഷം!

ദാരിദ്ര്യത്തിൻ്റെ കൂരിരുട്ടിലേക്ക് നോക്കി എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നപ്പോഴാണ് അച്ഛൻ പണ്ട് പറഞ്ഞത് ഓർമ്മ വന്നത്.

“നിനക്ക് അധികദൂരം ഓടാൻ കഴിയില്ല മോനെ. നീ ഓടിയോടി തളർന്ന് ഒരു പട്ടിയെ പോലെ കിതച്ച് ഈ വീടിൻ്റെ പടിയിൽ തന്നെ വരും “

അച്ഛൻ പറഞ്ഞത് ശരിയായിരുന്നു.

ഓടിയോടി തളർന്നു പോയിരിക്കുന്നു.

ഇനിയുമേറെ ദൂരം ഈ തോണി തുഴയാൻ കഴിയില്ലായെന്ന് ബോധ്യം വന്നപ്പോൾ, ചാടിയതാണ്.

ഏതാനും നിമിഷങ്ങൾ മൗനമായി അവർ നോക്കി നിന്നു.

വിട പറയുന്നതിനു മുൻപേയുള്ള ഇത്തിരി നിമിഷങ്ങൾ….

കാലം തെറ്റിയ വർഷം ,തകരഷീറ്റിൽ വീണ് ചിതറുന്ന ശബ്ദം അവർ കേട്ടില്ല.

അവൻ്റെ കൈ പതിയെ അവളുടെ വീർത്തവയറിനു മുകളിൽ വെച്ചു.

ആ നിമിഷം ദേവിയുടെ ചുണ്ടുകൾ വിതുമ്പുന്നത് അവൻ കണ്ടു.

പെട്ടെന്നാണ് പുറത്ത് കാറിൻ്റെ ഹോൺ മുഴങ്ങിയത്.

” അച്ഛൻ ധൃതികൂട്ടുന്നുണ്ട് ചെല്ല് “

പുറത്തെ ഇരുട്ടിലേക്ക് നോക്കി ദേവിയത് പറയുമ്പോൾ ആ ശബ്ദം വല്ലാതെ ചിതറിയിരുന്നു.

പുറത്തെ മഴയ്ക്ക് ശക്തി കൂടിയിരുന്നു.

മിന്നലിൻ്റെ വെളിച്ചം അവർക്കിടയിലേക്ക് പലവട്ടം പാറി വീണു.

നിലംകുലുക്കിയ ഇടിവെട്ടിൽ പേടിയോടെ അവളറിയാതെ അവൻ്റെ നെഞ്ചിൽ മുഖം പൂഴ്ത്തി.

ചുഴറിയെത്തിയ കാറ്റിൽ മുകളിലെ തകരഷീറ്റുകളിലൊരെണ്ണം പറന്നു പോയി.

കാറിൻ്റെ ഹോൺ പലവട്ടം മുഴങ്ങിയിട്ടും, അവർ കേട്ടില്ല.

“നിവിൻ എത്ര നേരമായി കാറിൻ്റെ ഹോൺ അടിക്കുന്നു. നിനക്ക് ചെവി കേട്ടു കൂടെ.?”

പിന്നിൽ നിന്നുയർന്ന ശബ്ദം കേട്ടപ്പോൾ നിവിൻ പതിയെ തിരിഞ്ഞു.

മഴവെള്ളത്തിൽ കുളിച്ചു നിൽക്കുന്ന അച്ഛനെ കണ്ടതും, അവൻ ഒരു നിമിഷം ദേവിയെ നോക്കി പുറത്തേക്കിറങ്ങി.

തൻ്റെ കൈയിലുണ്ടായിരുന്ന ചെറിയ ബാഗ് അയാൾ ദേവിക്കു നേരെ നീട്ടി.

” നിനക്കും കുഞ്ഞിനും ജീവിക്കാനുള്ള പണം ഇതിലുണ്ട്. കഴിഞ്ഞതൊക്കെ മറന്ന് മോൾ പുതിയൊരു ജീവിതം തുടങ്ങണം”

ദേവി കുറച്ചു നേരം അയാളെ തന്നെ നോക്കി നിന്നു.

“നിവിൻ്റെ അച്ഛനായതുകൊണ്ട് ഇതിനു മറുപടി ഞാൻ തരുന്നില്ല”

അവൾ ആ ബാഗിലേക്ക് നോക്കി ഒരു വരണ്ട ചിരിയുതിർത്തു.

” ഇനിയൊരിക്കലും ഇതുപോലെ ഒരു പെണ്ണിൻ്റെ സ്നേഹത്തിന് വിലയിടരുത് നിവിയുടെ അച്ഛൻ. കാരണം അവളെ ഒരു തെരുവ് പെണ്ണേ എന്നു വിളിക്കുന്നതിനു തുല്ല്യമാണ് ഈ നീട്ടിയ പണം “

ദേവിയുടെ മറുപടി കേട്ടതും തീ പൊള്ളലേറ്റതു പോലെ നിവിൻ്റെ അച്ചൻ ബാഗ് നീട്ടിയ കൈ പിൻവലിച്ചു.

“എൻ്റെ വയറ്റിലുള്ള കുഞ്ഞിനെ നോക്കാൻ ആരുടെയും സഹായം എനിക്കിപ്പോൾ തൽക്കാലം ആവശ്യമില്ല. കല്ല് ചുമന്നാണെങ്കിൽ കൂടി ഞാൻ അവനെ വളർത്തും “

“മോൾക്ക് സങ്കടമൊന്നുമില്ലല്ലോ?”

ദയ തോന്നിക്കുന്ന ആ ചോദ്യം കേട്ടപ്പോൾ ചിരിയാണവൾക്ക് വന്നത്.

സ്വന്തം ശരീരം കുത്തി മുറിഞ്ഞ വേദനയിൽ പിടയുമ്പോഴും,മോൾക്ക് ഇപ്പോൾ വേദനയില്ലല്ലോ എന്നു ചോദിക്കുന്നതു പോലെ!

” സങ്കടമില്ലായെന്ന് പറഞ്ഞാൽ അത് കളവ് ആണ് നിവിയുടെ അച്ഛാ. സങ്കടമുണ്ട്. അത് പക്ഷേ നിവിയെ ഓർത്തിട്ടാണ്. പെണ്ണൊരുത്തിയായ എനിക്കുള്ള തൻ്റേടം അവനില്ലാതെ പോയതിൻ്റെ സങ്കടം”

കുറച്ചു നിമിഷം അവളെ തന്നെ നോക്കി നിന്ന അയാൾ പതിയെ പുറത്തേക്കിറങ്ങി.

പുറത്ത് കോരിച്ചൊരിയുന്ന മഴയിലേക്കും നോക്കി നിൽക്കുന്ന നിവിയെ അവൾ മിന്നൽ വെളിച്ചത്തിൽ നോക്കി നിന്നു….

ഇനി ഏതാനും സെക്കൻ്റുകൾക്കുള്ളിൽ ആ രൂപം മാഞ്ഞു പോകും.

ആവേശത്തിൽ ചാടി പുറപ്പെട്ടതിൻ്റെ ദോഷഫലങ്ങൾക്ക് ഇനി തുടക്കമാകും.

നിവിയൊന്നു തിരിഞ്ഞു തൻ്റെ വയറിലേക്കൊന്നു നോക്കിയിരുന്നുവെങ്കിൽ, എന്നവൾ വല്ലാതെ ആഗ്രഹിച്ച നിമിഷം.

” നല്ല മഴയും കാറ്റും ഉണ്ട്. അമ്മയും മോളും വീട്ടിൽ തനിച്ചാണ് “

അച്ഛൻ ചുമലിൽ തട്ടി അതു പറഞ്ഞപ്പോഴാണ് നിവി ചിന്തകളിൽ നിന്നുണർന്നത്.

അവൻ പതിയെ തിരിഞ്ഞു അച്ഛനെ നോക്കി.

അവൻ്റെ മുഖത്തു നിന്നും മഴത്തുള്ളികൾ ഊർന്നിറങ്ങുന്നത് മിന്നൽ വെട്ടത്തിൽ ദേവി കണ്ടു’

” ഞാൻ പറഞ്ഞത് നീ കേട്ടില്ലേ?”

അനങ്ങാതെ നിൽക്കുന്ന നിവിയെ കണ്ടപ്പോൾ അയാൾക്ക് കലികയറി.

” അതു തന്നെയാണ് ഞാൻ അച്ഛനോടും പറയുന്നത്.”

ശാന്തമായി പറയുന്ന അവനെ വല്ലാത്തൊരു ഭാവത്തിൽ നോക്കി അയാൾ.

നിവി പതിയെ പുറത്ത് കോരിചൊരിയുന്ന മഴയിലേക്ക് നോക്കി.

“നല്ല കാറ്റും മഴയും ഉണ്ട് അച്ഛാ. ഞാനെങ്ങിനെ എൻ്റെ കുഞ്ഞിനെയും പെണ്ണിനെയും ഈ ഇരുട്ടിൽ തനിച്ചാക്കി വരുന്നത്?”

നിവിയുടെ വാക്കുകൾ കേട്ട ദേവി അവിശ്വസനീയതയോടെ അവനെ നോക്കി.

താഴ്‌ന്നിറങ്ങിയ ഒരു മിന്നൽ വെട്ടത്തിൽ, അവൻ്റെ കണ്ണിലൂടെ കുതി ച്ചൊഴുകുന്ന പേമാരി ദേവി കണ്ടു.

” എന്നെ കുറിച്ച് അച്ഛനുള്ള സ്വപ്നങ്ങൾ പോലെ എനിക്കും എൻ്റെ കുഞ്ഞിനെ കുറിച്ച് സ്വപ്നങ്ങളുണ്ട് “

അതും പറഞ്ഞ് ആ വീടിൻ്റെ അകത്തേക്ക് പോകാനൊരുങ്ങിയ-നിവിയെ തടഞ്ഞു അവൻ്റെ അച്ഛൻ.

” ഇത് അവസാനവാക്കാണോ?”

ഒരു മുരൾച്ചയോടെ അയാൾ അവൻ്റെ കോളറിൽ പിടിച്ചുകുലുക്കി.

” അവസാന വാക്ക് തന്നെയാണ് . ഞാൻ ജീവിച്ച സുഖസാകര്യങ്ങൾ നഷ്ടപ്പെട്ടപ്പോൾ എനിക്ക് ഒരു നിമിഷം പതറി. അതു കൊണ്ടാണ് ഞാൻ അച്ഛനെ തേടിവന്നത്?”

പറഞ്ഞു നിർത്തി നിവിൻ തന്നെ നോക്കി നിൽക്കുന്ന ദേവിയെ നോക്കി.

“എൻ്റെ പെണ്ണിനും, കുഞ്ഞിനും ഇല്ലാത്ത സുഖ സൗകര്യങ്ങൾ എനിക്കും വേണ്ട അച്ഛാ “

പറഞ്ഞു തീർന്നതും നിവിൻ ഒരു കൊടുങ്കാറ്റ് പോലെ അകത്തേക്ക് കുതിച്ചതും, ദേവിയെ അകത്തേക്ക് വലിച്ച് വാതിലടച്ചതും ഒരു നിമിഷത്തിലായിരുന്നു.

തകരഷീറ്റിളകിയ വിടവിലൂടെ വീഴുന്ന മഴയും കൊണ്ട് കെട്ടിപ്പിടിച്ചു നിൽക്കുമ്പോൾ, ഒരു കാർ അകന്നു പോകുന്ന ശബ്ദം അവർ കേട്ടു .

മേഘങ്ങൾ വഴുതിമാറിയ ആകാശത്ത് നക്ഷത്രങ്ങൾ പൊട്ടി മുളക്കുന്നതും നോക്കി;അവരങ്ങിനെ നിൽക്കുമ്പോൾ, തൻ്റെ ഗർഭപാത്രത്തിലിരുന്നു കുഞ്ഞ് കൈ കൊട്ടി ചിരിക്കുന്നതു പോലെ ദേവിയ്ക്ക് തോന്നി തുടങ്ങി.