പ്രണയം…
രചന : അപ്പു
::::::::::::::::::::::::
“തെറ്റുകൾ തിരുത്താൻ.. ഒരു അവസരം.. അത് എനിക്ക് തന്നൂടെ..?”
കുറ്റബോധം നിറഞ്ഞ സ്വരത്താൽ അവൻ ചോദിക്കുമ്പോൾ, അവൾ പുച്ഛത്തോടെ ചിരിച്ചു.
“എനിക്ക് ഇനി നിങ്ങളിലേക്ക് ഒരു മടക്കം.. അത് ഞാൻ ആഗ്രഹിക്കുന്നില്ല.. എന്റെ ജീവിതം ഇനി ഇങ്ങനെ ഒക്കെ ആണ്.. “
അത്രയും പറഞ്ഞു കൊണ്ട് അവൾ അവന്റെ കണ്ണിലേക്കു രൂക്ഷമായി നോക്കി.
“നമ്മൾ ഇനിയും കാണും.. ഞാനും നിങ്ങളും ഈ നാട്ടിൽ ഉള്ളിടത്തോളം കാലം എവിടെയെങ്കിലും വച്ചു, എന്നെങ്കിലും ഒക്കെ.. അപ്പോഴൊക്കെ പരിചയക്കാരെ പോലെ പുഞ്ചിരിക്കണം.. അത് മാത്രമായിരിക്കണം നമ്മൾ തമ്മിലുള്ള ബന്ധം..!”
ഉറപ്പോടെ അവൾ പറയുമ്പോൾ അവന്റെ തല താഴ്ന്നു തന്നെയിരുന്നു.അവൾ യാത്ര പറഞ്ഞു പോയിട്ടും തല ഉയർത്തി നോക്കാൻ അവനു കഴിഞ്ഞില്ല.
എല്ലാം.. എല്ലാം തന്റെ തെറ്റാണ്.. തന്നെ പ്രാണനെ പോലെ സ്നേഹിച്ച ഒരാളാണ് ഇന്ന് എല്ലാം അവസാനിപ്പിച്ച് മടങ്ങി പോയിരിക്കുന്നത്. അതും തന്റെ ഭാഗത്തു നിന്നു വന്ന തെറ്റ് കൊണ്ട്..!
അവൻ വേദനയോടെ ഓർത്തു. പിന്നെ അവളെ കുറിച്ച് ആയി അവന്റെ ചിന്ത.
അവൾ മാളവിക. കോളേജിൽ തന്റെ ജൂനിയർ ആയിരുന്നു. കോളജിലെ ആദ്യദിവസം റാഗിംങ് ഇടയിൽ പാട്ട് പാടാൻ പറഞ്ഞ സീനിയേഴ്സിന് മുന്നിൽ സംസ്കൃത പദ്യം ചൊല്ലി കേൾപ്പിച്ച ഒരു മിടുക്കി..! ആ വിവരം കാട്ടുതീ പോലെയാണ് കോളേജിൽ പടർന്നത്.
അങ്ങനെയാണ് അവളെ കാണാനുള്ള ആഗ്രഹം ഉള്ളിൽ ഉണ്ടാകുന്നത്. അത് തനിക്ക് മാത്രമല്ല ആ കോളേജിലെ ഒരുവിധം എല്ലാവർക്കും ആഗ്രഹം ഉണ്ടായിരുന്നു. ഒരു ദിവസം കൊണ്ട് കോളേജിൽ സൂപ്പർസ്റ്റാർ ആയി മാറിയ പെൺകുട്ടി. അതിന്റെ പേരിൽ അവളോട് അസൂയ തോന്നിയവരും കുറവ് ഒന്നുമല്ല.
അവൾക്കു പിന്നാലെ താൻ അലഞ്ഞു. പലപ്പോഴും കൺവെട്ടത്ത് ഉണ്ടായിട്ടും അവളെ താൻ തിരിച്ചറിഞ്ഞില്ല. പിന്നീട് അവളെ താൻ കാണുന്നത് കോളേജിലെ ആർട്സ് ഡേയ്ക്ക് ആയിരുന്നു.
വേദിയിൽ സംസ്കൃത പദ്യം ചൊല്ലിയ എന്ന പെൺകുട്ടിയെ അമ്പരപ്പോടെ നോക്കി നിന്നപ്പോൾ സുഹൃത്തുക്കളാണ് അവളെ കുറിച്ച് പറഞ്ഞത്. കാണാൻ ഒരുപാട് ആശിച്ച ആളാണ് കണ്മുന്നിൽ എന്ന ചിന്തയിൽ അവളെ തന്നെ എത്ര നേരം നോക്കിയിരുന്നു എന്നറിയില്ല.
പിന്നീട് അവളെ ഒന്ന് പരിചയപ്പെടാൻ വേണ്ടി ഒരുപാട് ബുദ്ധിമുട്ടി. ഒരു ദിവസം അവളെ കാന്റീൻ വച്ച് കണ്ട് പരിചയപ്പെടുകയും ചെയ്തു. യാതൊരു ബഹളങ്ങളും ഇല്ലാത്ത, പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്ന, നാട്ടിൻപുറത്തുകാരിയായ ഒരു പെൺകുട്ടി. ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് അവളെ വല്ലാതെ ഇഷ്ടപ്പെട്ടു.
പക്ഷേ ഇഷ്ടം പറഞ്ഞു ചെല്ലാൻ പറ്റിയ സാഹചര്യം ആയിരുന്നില്ല അപ്പോഴത്. അതുകൊണ്ടുതന്നെ ആദ്യം അവളുടെ സുഹൃത്തായി മാറാൻ ആണ് ആഗ്രഹിച്ചത്.
അവളുമായി ഇടയ്ക്കിടയ്ക്കുള്ള കണ്ടുമുട്ടൽ നല്ലൊരു സൗഹൃദം രൂപപ്പെടുത്തിയെടുക്കാൻ സഹായിച്ചു. ആ സൗഹൃദത്തിന് ഇടയിൽ എപ്പോഴോ അവൾ അവളുടെ കുടുംബത്തെ കുറിച്ച് പറഞ്ഞിരുന്നു.
അച്ഛന്റെയും അമ്മയുടെയും മൂത്ത മകളാണ്. സാധാരണ കുടുംബം ആണ്. അച്ഛനും അമ്മയും കൂലിപ്പണിക്ക് പോയാണ് കുടുംബം മുന്നോട്ടു പോകുന്നത്. താഴെയുള്ള ഒരു അനിയൻ പഠിക്കുകയാണ്.
അവളോട് അടുക്കാൻ ശ്രമിക്കുന്നതിനിടയിൽ അവളുടെ കുടുംബത്തിന്റെ വിവരങ്ങൾ എന്നെ സംബന്ധിച്ച് ഒന്നും ആയിരുന്നില്ല.
നാളുകൾ കടന്നു പോകവേ,സൗഹൃദം പ്രണയത്തിലേക്ക് വഴി മാറിയത് അറിയാൻ കഴിഞ്ഞു. ആദ്യമൊക്കെ അവൾ അകന്നു പോകാൻ ശ്രമിച്ചെങ്കിലും തന്റെ സ്നേഹമാണ് അവളെ തന്നിലേക്ക് പിടിച്ചടക്കിയത്.
ഓരോ തവണയും അവൾ തന്നോട് പറയുമായിരുന്നു തന്റെ കുടുംബത്തെ കുറിച്ച്.
നാളുകൾ പോകവെ പരസ്പരം പിരിയാൻ കഴിയാത്ത വിധം തങ്ങൾ അടുത്തിരുന്നു. അവൾക്ക് തന്നോട് ഉണ്ടായിരുന്നത് ആത്മാർത്ഥമായ സ്നേഹം തന്നെയായിരുന്നു. തനിക്കും അങ്ങനെ തന്നെയായിരുന്നു. പക്ഷേ പിന്നീട് എപ്പോഴാണ് തങ്ങൾ അകന്നു തുടങ്ങിയത്..?
എല്ലാത്തിനും തുടക്കം തനിക്ക് ലഭിച്ച ജോലിയായിരുന്നു. പഠനം കഴിഞ്ഞ കുറച്ചു നാളുകൾ കഴിയുന്നതിനു മുൻപ് തന്നെ തനിക്ക് ജോലി ലഭിച്ചിരുന്നു. അവളെ ജീവിതത്തിലേക്ക് കൂട്ടാൻ ഒരു ജോലി അത്യാവശ്യമാണ് എന്നതുകൊണ്ടുതന്നെ താൻ ജോലിക്ക് പോകാൻ തീരുമാനിച്ചു. എല്ലാ ദിവസവും പരസ്പരം കാണാൻ കഴിയില്ല എന്നുള്ളത് തങ്ങളെ സംബന്ധിച്ച് വേദന തന്നെയായിരുന്നു. പക്ഷേ അതിനേക്കാൾ ഒക്കെ ഒരു പടി മുകളിൽ ആണല്ലോ ജീവിതം..
കണ്ണകന്നാൽ മനസ്സ് അകലും എന്ന് പറഞ്ഞവരെ കൊണ്ട് തിരുത്തി പറയിച്ച തരത്തിലുള്ള ബന്ധമായിരുന്നു തങ്ങളുടേത്. മിക്കപ്പോഴും രാവിലെയും വൈകിട്ടും അവളുടെ ഒരു ഫോൺകോൾ തേടിയെത്താറുണ്ട്.
വീട്ടുകാരെയും ബന്ധുക്കളെയും ഒക്കെ പിരിഞ്ഞ് മറ്റൊരു നാട്ടിൽ താമസിക്കുന്ന തനിക്ക് അതൊരു ആശ്വാസം തന്നെ ആയിരുന്നു. ഒരു മിനിറ്റ് രണ്ടു മിനിറ്റ് മാത്രം നീണ്ടു നിൽക്കുന്ന ആ സംഭാഷണങ്ങൾ വല്ലാത്ത ഒരു ആശ്വാസം നൽകിയിരുന്നു.
പക്ഷേ പിന്നെ പിന്നെ ജോലി തിരക്കുകളിലേക്ക് മാറിയപ്പോൾ, പലപ്പോഴും അവളുടെ ഫോൺ കോളുകൾ എടുക്കാൻ കഴിഞ്ഞില്ല. അപ്പോഴും പരാതിയോ പരിഭവമോ പറയാതെ അവൾ ഒപ്പം നിന്നു.
പിന്നെ പിന്നെ അവൾ തനിക്ക് ഒരു ശല്യമായി മാറി. ഒരു ജോലിയും സമയത്ത് ചെയ്തു തീർക്കാൻ കഴിയാത്ത വിധം തന്റെ മനസ്സ് അസ്വസ്ഥമായി. അതിനു പ്രധാന കാരണം അവളുടെ ഫോൺകോളുകൾ ആയിരുന്നു. എന്തെങ്കിലും ജോലി ചെയ്യാതെ ഇരിക്കുമ്പോൾ വരുന്ന അവളുടെ ഫോൺകോളുകൾ തന്നെ അത്രത്തോളം മടുപ്പിച്ചു.
അതുകൊണ്ടുതന്നെ പെട്ടെന്നൊരു സുപ്രഭാതത്തിൽ ജോലിയിൽ തിരക്കാണ് എന്നും തിരക്കൊഴിയുമ്പോൾ താൻ അങ്ങോട്ട് വിളിച്ചോളാം എന്നു പറഞ്ഞ് അവളെ ഒഴിവാക്കി.അവൾ അത് അപ്പാടെ വിശ്വസിക്കുകയും ചെയ്തു.
പക്ഷേ പെട്ടെന്ന് ഒരു ദിവസം തങ്ങൾ സുഹൃത്തുക്കളുടെ ഗ്രൂപ്പിൽ അവളുടെ വിവാഹം ആണെന്ന് വാർത്ത വന്നപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. നല്ലൊരു ആളെ കിട്ടിയപ്പോൾ അവൾ തന്നെ തേച്ചിട്ട് പോയി എന്ന് സുഹൃത്തുക്കൾ ഒന്നടങ്കം പറഞ്ഞിട്ടും താൻ അത് കാര്യമാക്കിയില്ല.
അവളെ താൻ സ്നേഹിച്ചിരുന്നോ എന്ന് പോലും ആ നിമിഷം തനിക്ക് സംശയം തോന്നി..കാരണം, അവളെ സ്നേഹിച്ചിരുന്നു എങ്കിൽ.. തനിക്ക് വേദനിക്കേണ്ടതല്ലേ..?
ദിവസങ്ങൾ കടന്ന് പോയി.. നാളുകൾക്ക് ശേഷം നാട്ടിലേക്ക് ഒരു യാത്രയ്ക്കായി മനസ്സ് തയ്യാറായി.
നാട്ടിൽ എത്തി സുഹൃത്തുക്കളെ ഒക്കെ കണ്ടിട്ടും അവളെ കുറിച്ച് ആരോടും അന്വേഷിച്ചില്ല. അതിനുള്ള മനസ്സ് വന്നില്ല. പക്ഷെ, തീരെ പ്രതീക്ഷിക്കാതെ അവളുടെ ഫോൺ കാൾ തേടി എത്തി.
അവളെ കാണാൻ ചെല്ലുമ്പോൾ അവൾക്ക് പറയാൻ ഉള്ളത് എന്തായിരിക്കും എന്ന് ഒരു ഊഹവും ഉണ്ടായിരുന്നില്ല. തന്നെ കാത്തിരിക്കാത്തതിന് ക്ഷമ ചോദിക്കാൻ ആണോ എന്ന് ഒരു സംശയം ഉണ്ടായിരുന്നു.
പക്ഷെ, അവൾ പറഞ്ഞ വാക്കുകൾ തന്നെ പാടെ തളർത്തി കളഞ്ഞു.
അവൾ വിവാഹിതയല്ല എന്ന് മാത്രമല്ല, അങ്ങനെ ഒരു കള്ളം അവൾ തന്റെ സുഹൃത്തുക്കളെ കൊണ്ട് പറയിച്ചതാണ്. അങ്ങനെ എങ്കിലും താൻ അവളെ വിളിക്കുമോ എന്ന് അറിയാൻ.. പക്ഷെ, വിളിച്ചില്ല. അതോടെ അവളുടെ പ്രതീക്ഷകൾ അസ്തമിച്ചു. താൻ അവളെ സ്നേഹിച്ചിട്ടില്ല എന്ന് അവൾ വിശ്വസിച്ചു.
അവൾ പറഞ്ഞതൊക്കെ കേട്ട് തനിക്ക് സ്വയം പുച്ഛം തോന്നി.ശരിയാണ്.. അവളെ താൻ സ്നേഹിച്ചിട്ടില്ല.. സ്നേഹിച്ചിരുന്നെങ്കിൽ.. ഒരിക്കൽ എങ്കിലും അവളെ തേടി പോകേണ്ടതായിരുന്നു.
ജോലി തിരക്ക് എന്ന കാരണം പറഞ്ഞു അവളെ ഒഴിവാക്കിയപ്പോൾ ഒരിക്കൽ പോലും തനിക്ക് വേദന തോന്നിയില്ല. പിന്നീട് ഒരിക്കലും അവളുടെ ശബ്ദം കേൾക്കണം എന്ന് തോന്നിയില്ല. നഗരത്തിൽ എല്ലാ തിരക്കുകളിലും മുങ്ങി പോകുമ്പോൾ തന്നെ കാത്തിരിക്കുന്ന ആ പെണ്ണിനെ ഓർത്തില്ല.
അവൻ വേദനയോടെ ഓർത്തു.
തന്നെ ആത്മാർത്ഥമായി സ്നേഹിച്ച ജീവിതത്തിൽ ഒരിക്കലും കൈവിടില്ല എന്ന് ഉറപ്പിച്ചിരുന്ന പെണ്ണാണ് ഇപ്പോൾ തന്റെ മാത്രം പ്രവർത്തി ദോഷം കൊണ്ട് തന്നെ വിട്ടകന്നു പോയത്. അവൾ മനസ്സറിഞ്ഞ് ഒന്ന് ശപിച്ചാൽ താൻ കെട്ടിപ്പൊക്കിയത് ഒക്കെ വെള്ളത്തിൽ അലിഞ്ഞു പോകും എന്ന് അവനു തോന്നി.
അവൾ ഒരിക്കൽ കൂടി തനിക്ക് അവസരം തന്നിരുന്നെങ്കിൽ…!!
അവൾ പോയ വഴിയെ നോക്കി അയാൾ അത് ചിന്തിക്കുമ്പോൾ, തന്റെ സ്വാർത്ഥതക്ക് വേണ്ടി തന്നെ ഒഴിവാക്കി പോയവനെ ഇനി ഒരിക്കലും ജീവിതത്തിലേക്ക് കൂട്ടില്ല എന്ന് മനസ്സിൽ ഉറപ്പിക്കുകയായിരുന്നു അവൾ..!!
✍️ അപ്പു