അതായിരുന്നു തങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ തുടക്കം. പിന്നീട് പലപ്പോഴും കണ്ടുമുട്ടുമ്പോൾ ഇരുവരും…

സമ്മതം..

രചന : അപ്പു

:::::::::::::::::::::

“തനൂ.. നീ വെറുതെ വാശി പിടിക്കരുത്.. നീ എന്തൊക്കെ പ്രശ്നം ഉണ്ടാക്കിയാലും ഞങ്ങൾ തീരുമാനിച്ചത് പോലെയേ കാര്യങ്ങൾ നടക്കൂ.. “

അച്ഛൻ കടുപ്പിച്ചു പറയുമ്പോൾ അവൾ നിസ്സഹായതയോടെ അമ്മയെ നോക്കി. അച്ഛൻ പറഞ്ഞത് തന്നെയേ എനിക്കും പറയാനുള്ളൂ എന്നൊരു ഭാവം അവരുടെ കണ്ണിൽ നിന്ന് തനു എന്ന തനിമ വായിച്ചെടുത്തു.

“അല്ലെങ്കിൽ തന്നെ നീ ഇങ്ങനെ പേടിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല.. നാളെ ഒരു പെണ്ണുകാണൽ മാത്രമേ നടക്കുന്നുള്ളൂ.. നിന്നെ നാളെ തന്നെ പിടിച്ചു കെട്ടിക്കുകയൊന്നും ഇല്ല..”

അച്ഛൻ ഒരു കളിയാക്കലോടെ പറഞ്ഞു. വിവാഹം നേരത്തെ നടത്തും എന്ന് കരുതിയുള്ള മകളുടെ പ്രതിഷേധം ആണ് ഈ വാശി എന്നാണ് ആ മനുഷ്യൻ കരുതിയത്. അതിനപ്പുറം അവൾക്ക് മറ്റൊരു ദുഃഖം ഉണ്ടെന്ന് അയാൾ അറിഞ്ഞിരുന്നില്ല.

അച്ഛനോട് തല കുലുക്കി സമ്മതിച്ചു കൊണ്ട് അവൾ മുറിയിലേക്ക് പോയി. അപ്പോഴും മുറിക്ക് പുറത്ത് അച്ഛനും അമ്മയും സംസാരിക്കുന്നത് അവൾക്ക് കേൾക്കാമായിരുന്നു..! ഒക്കെയും നാളേക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ..!

അവൾ വെറുതെ ജനലോരം ചേർന്നു നിന്നു. അവളുടെ ഓർമകളിലേക്ക് പലതും ഇരച്ചെത്തിയപ്പോൾ അവളുടെ കണ്ണുകൾ ഒഴുകാൻ തുടങ്ങി.

അവൾ വെറുതെ അയാളെ ഓർത്തു.. ദേവനെ. അവളുടെ പ്രണയത്തെ..! അല്ല, അവളുടെ പ്രണയം ആയിരുന്നവനെ..!

ദേവദത്തൻ.. കോളേജിൽ സീനിയർ ആയി പഠിച്ചതാണ്. ആദ്യമായി കാണുന്നത് ഒരു കഥാ രചന മത്സരത്തോട് അനുബന്ധിച്ചായിരുന്നു. കോളേജ് യൂണിയൻ നടത്തിയ പരിപാടിയിൽ ആളെ കൂട്ടാൻ വേണ്ടി അവർ കണ്ണിൽ കണ്ട പിള്ളേരെ ഒക്കെ മത്സരം നടക്കുന്ന ഹാളിലേക്ക് വിളിച്ചിരുത്തി.ആ കൂട്ടത്തിൽ ആണ് താനും അവിടേക്ക് എത്തിയത്.

വിഷയം തന്നു കഴിഞ്ഞപ്പോൾ എഴുതാൻ ഒന്നും അറിയാത്ത അവസ്ഥ.. ആരേലും എന്തേലും എഴുതുന്നുണ്ടോ എന്നറിയാൻ വെറുതെ ചുറ്റും നോക്കി. അപ്പോഴാണ്, തൊട്ട് മുന്നിലെ ബെഞ്ചിൽ ഇരുന്ന് ഒരാൾ കാര്യമായി എന്തൊക്കെയോ ആലോചിച്ചു എഴുതുന്നത് കണ്ടത്. വെറും ഷോ ആയിരിക്കും എന്ന് മനസ്സിൽ പറഞ്ഞു വീണ്ടും വായിനോട്ടം തുടർന്നു. എല്ലായ്പോഴും അത്‌ കറങ്ങി തിരിഞ്ഞ് അയാളിൽ വന്നു നിൽക്കും.

മത്സരത്തിന്റെ സമയം തീരാറായപ്പോൾ എന്തൊക്കെയോ എഴുതി കൂട്ടി ആ പേപ്പറും ഏൽപ്പിച്ചിട്ട് പുറത്തിറങ്ങി. പോകുന്ന കൂട്ടത്തിൽ അയാളെ ഒന്ന് നോക്കാനും മറന്നില്ല. പിന്നീട് അയാളെ എവിടെയൊക്കെയോ വച്ചു കണ്ടു. പക്ഷെ, പരസ്പരം സംസാരിക്കാനോ, പുഞ്ചിരിക്കാനോ ഉള്ള അടുപ്പം തമ്മിൽ ഉണ്ടായിരുന്നില്ല.

ദിവസങ്ങൾ കടന്ന് പോയപ്പോൾ എന്നോ അറിഞ്ഞു അയാൾക്ക് ആയിരുന്നു ഫസ്റ്റ് പ്രൈസ് എന്ന്.. അന്നാണ് ആൾടെ പേര് അറിഞ്ഞത്.. കോളേജ് മാഗസിനിൽ വന്ന ആൾടെ കഥ വായിച്ചപ്പോൾ അത്‌ വല്ലാതെ ഇഷ്ടപ്പെട്ടു.

പിന്നീട് ഒരിക്കൽ അയാളെ കണ്ടപ്പോൾ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. അതായിരുന്നു തങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ തുടക്കം. പിന്നീട് പലപ്പോഴും കണ്ടുമുട്ടുമ്പോൾ, ഇരുവരും പരസ്പരം ചിരിക്കുമായിരുന്നു.വല്ലപ്പോഴും ഒന്നോ രണ്ടോ വാക്കിൽ ഒതുങ്ങുന്ന സംസാരം..

ഒരിക്കൽ ലൈബ്രറിയിൽ പുസ്തകങ്ങൾ തിരഞ്ഞു നടക്കുമ്പോഴാണ് ആരോ തന്നെ ശ്രദ്ധിക്കുന്നത് പോലെ തോന്നിയത്. ചുറ്റും നോക്കിയപ്പോൾ ആദ്യം കണ്ണിൽ ഉണ്ടാക്കിയത് ദേവൻ ആയിരുന്നു. തന്നെ കണ്ട് അയാൾ പുഞ്ചിരിക്കുകയും ചെയ്തു.

വായിക്കാൻ എടുത്ത പുസ്തകവുമായി അയാൾ ഇരുന്ന നെഞ്ചിന്റെ ഓപ്പോസിറ്റ് ആയി ചെന്നിരുന്നു. വായിക്കാൻ തുടങ്ങിയാൽ അതിൽ ലയിച്ചു ചേരുന്ന ഒരു സ്വഭാവമാണ് തന്റേത്. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ തേടിയെത്തിയ കണ്ണുകൾ താൻ കണ്ടില്ല.

“ഡോ.. “

പെട്ടെന്ന് ഒരു വിളി കേട്ട് തല ഉയർത്തി നോക്കുമ്പോൾ ആണ് തന്നെ നോക്കിയിരിക്കുന്ന ദേവനെ കാണുന്നത്.

“എന്താ..?.”

താൻ ഒരു പുഞ്ചിരിയോടെ ചോദിച്ചു.

“എനിക്കൊരു സഹായം ചെയ്യാമോ..? “

അയാൾ ചോദിച്ചത് കേട്ട് ഒരു അമ്പരപ്പ് ആയിരുന്നു.

“താൻ പേടിക്കണ്ട.. വലിയ കാര്യം ഒന്നും അല്ല.. താൻ ഈ ബുക്ക്‌ ആസ്വദിച്ചു വായിക്കുന്നത് കണ്ടപ്പോൾ തോന്നിയ ഒരു കാര്യം ആണ്..”

അയാൾ പറഞ്ഞിട്ട് ഒരു പേപ്പർ എടുത്ത് മുന്നിലേക്ക് നീട്ടി.

” ഇത് ഞാൻ എഴുതിയ ഒരു കഥയാണ്.. വായിച്ചിട്ട് അഭിപ്രായം പറയാമോ…? “

അയാളുടെ ആവശ്യം കേട്ട് ഞെട്ടി.

“അയ്യോ.. ഞാൻ.. “

” താൻ വായിച്ചിട്ട് തനിക്ക് എന്ത് തോന്നി എന്ന് മാത്രം പറഞ്ഞാൽ മതി. ഞാൻ എന്ത് ചിന്തിക്കും എന്ന് താൻ ഓർക്കേണ്ട.. “

അയാൾ നിർബന്ധിച്ചപ്പോൾ അല്പം മടിയോടെ ആ പേപ്പർ കൈയിലേക്ക് വാങ്ങി. വായിച്ചു തുടങ്ങി. അതിലെ ഓരോ അക്ഷരങ്ങളിലൂടെയും എന്റെ കണ്ണുകൾ ചലിച്ചു.

വായിച്ചു കഴിഞ്ഞു പേപ്പർ മടക്കി നൽകി അഭിപ്രായം പറയാൻ തുടങ്ങിയപ്പോൾ, അയാൾ കൈ എടുത്തു തടഞ്ഞു.

“താൻ ഒന്നും പറയണ്ടാ.. തന്റെ അഭിപ്രായം എന്താണെന്ന് എനിക്ക് അറിയാം..”

അയാൾ പറഞ്ഞത് കേട്ട് ഒന്ന് സംശയിച്ചു.

“താൻ ഓരോ വാക്കും വായിക്കുമ്പോൾ, തന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങളിൽ നിന്ന് എനിക്ക് മനസ്സിലാവുന്നുണ്ട് തന്റെ അഭിപ്രായം..! “

അയാൾ പുഞ്ചിരിയോടെ പറഞ്ഞത് കേട്ട താൻ ഒന്ന് ചമ്മി.

“എനിവേ.. താങ്ക്സ്..”

അതും പറഞ്ഞു പുഞ്ചിരി കൈ വിടാതെ അയാൾ എഴുന്നേറ്റ് പോയി.

അന്ന് മുതലാണ് ഞങ്ങൾ തമ്മിൽ ഒരു അടുപ്പം ഉണ്ടായത്. കൂടുതൽ സംസാരിക്കാൻ തുടങ്ങിയത്. നല്ലൊരു സൗഹൃദം ഞങ്ങൾക്കിടയിൽ രൂപപ്പെട്ടു.

സൗഹൃദ സംഭാഷണങ്ങൾക്കിടയിൽ എപ്പോഴോ അറിഞ്ഞിരുന്നു ഏതോ വല്യ വീട്ടിലെ ഒരേ ഒരു മകൻ ആണ് ദേവൻ എന്ന്..!

അധികം താമസിയാതെ അയാൾ പ്രണയാഭ്യർത്ഥന നടത്തി. നിരസിക്കാൻ അധികം ആലോചിക്കേണ്ടി വന്നില്ല. പക്ഷെ, പിന്നീടുള്ള ഓരോ ദിവസവും അയാൾ തന്റെ സ്നേഹത്തിന് വേണ്ടി കേണു. ഒടുവിൽ എപ്പോഴോ തനിക്കും ഇഷ്ടം തോന്നി.

പ്രണയത്തിന്റെ നാളുകൾ.. പരസ്പരം ഒരുപാട് സ്നേഹിച്ചു.. വിവാഹം കഴിക്കണം എന്നും കുട്ടികൾക്ക് എന്ത് പേരിടണം എന്നും വരെ ചർച്ച ചെയ്യപ്പെട്ടു. പക്ഷെ…

ഇന്നലെ അയാൾ കാണണം എന്ന് പറഞ്ഞു വിളിക്കുമ്പോൾ, അത്‌ എന്തിനാണെന്ന് അറിയില്ലായിരുന്നു.

“എന്താ ദേവാ കാണണം എന്ന് പറഞ്ഞത്..?”

‘തനൂ.. തന്നോട് എങ്ങനെ പറയണം എന്ന് എനിക്ക് അറിയില്ല..!”

പറയാൻ ഒരുപാട് ക്ലേശം അനുഭവിക്കുന്നത് പോലെ അയാൾ തല കുനിച്ചു. ആ ഭാവത്തിൽ ഒരു പന്തികേട് മണത്തു.

“എന്താണെങ്കിലും പറഞ്ഞോളൂ…”

ഉറച്ച ശബ്ദത്തിൽ താൻ പറയുമ്പോൾ, അഹിതമായത് ഒന്നും ആകരുതേ എന്നൊരു പ്രാർത്ഥന ഉള്ളിൽ നിറഞ്ഞു.

“തനൂ.. നമ്മൾ തമ്മിലുള്ള ബന്ധം.. അത്‌ വീട്ടിൽ ആർക്കും താല്പര്യം ഇല്ല.. എന്റെ വിവാഹം തീരുമാനിച്ചു.. തന്നെ ആരും അംഗീകരിക്കുന്നില്ല..”

അയാൾ തല കുനിച്ചു പറഞ്ഞത് കേട്ട് വല്ലാതെ അരിശം തോന്നി.

” എന്നെ കുറിച്ച് എല്ലാം അറിഞ്ഞിട്ടല്ലേ നിങ്ങൾ സ്നേഹിച്ചത്…? എന്നിട്ടും ഇങ്ങനെ വന്നു പറയാൻ നാണം ഇല്ലേ..? “

ദേഷ്യത്താലും പുച്ഛത്താലും ചോദിച്ചു.

“നീ എന്ത് പറഞ്ഞാലും കേൾക്കാൻ ഞാൻ ബാധ്യസ്തനാണ്.. പക്ഷെ.. അതിലേറെ ഞാൻ നിസ്സഹായനാണ്.. എനിക്ക് എന്റെ വീട്ടുകാരെ എതിർക്കാൻ കഴിയില്ല.. തനൂ.. പ്ലീസ്…”

അത്രയും പറഞ്ഞു അയാൾ കൈ കൂപ്പി യാചിക്കുമ്പോൾ, അയാൾക്കൊപ്പം തന്റെയും. കണ്ണ് നിറഞ്ഞു. ഒന്നും പറയാതെ തിരികെ പോന്നു.

അയാളെ മറക്കാൻ തനിക്ക് ഒരിക്കലും കഴിയില്ല.. വേദനയോടെ ഓർത്തു.

പിറ്റേന്ന് പെണ്ണുകാണാൻ ചെക്കനും കൂട്ടരും. എത്തി. ചായ കൊടുക്കുമ്പോൾ പോലും ആരെയും നോക്കാൻ കഴിഞ്ഞില്ല.. തല താഴ്ത്തി തന്നെ നിന്നു. ആരുടെയൊക്കെയോ നോട്ടം തന്നിൽ എത്തുന്നത് അറിഞ്ഞു.

“ഇനി ചെക്കനും പെണ്ണിനും എന്തേലും സംസാരിക്കണമെങ്കിൽ ആവാം…”

ആരോ പറഞ്ഞത് കേട്ട് അകത്തേക്ക് നടന്നു. തനിക്ക് പിന്നാലെ ആരോ വരുന്നത് തിരിഞ്ഞ് നോക്കാതെ തന്നെ അറിഞ്ഞു.

” എനിക്കൊരു കാര്യം പറയാൻ ഉണ്ട്.. “

മുറിയിലേക്ക് കയറി അയാൾ പിന്നിൽ ഉണ്ടെന്ന് കണ്ടപ്പോൾ പറഞ്ഞു.

” ഏതെങ്കിലും തേപ്പ് കഥ ആയിരിക്കും.. അല്ലേ…? “

കുസൃതിയോടെ ചോദ്യം വന്നതും ഞെട്ടി തിരിഞ്ഞ് നോക്കി. ചിരിയോടെ നിൽക്കുന്ന ദേവനെ കണ്ട് അതിശയം തോന്നി.

” താൻ അമ്പരന്ന് നോക്കണ്ട.. ഞാൻ തന്നെയാ..”

എനിക്ക് ദേഷ്യവും സങ്കടവും ഒക്കെ തോന്നി.

“എടൊ.. തന്റെ സംശയം എന്താണെന്ന് എനിക്ക് അറിയാം.. ഇന്നലെ നടന്നതൊക്കെ ആയിരിക്കും.. അല്ലേ..?”

അയാൾ ചോദിച്ചത് കേട്ട് തല കുലുക്കാനെ കഴിഞ്ഞുള്ളൂ.

” ഞാൻ തന്നെ ഒന്ന് പരീക്ഷിച്ചതാണ്. എന്നോടുള്ള. ഇഷ്ടം. അളക്കാൻ വേണ്ടി മാത്രം.. ഇന്നലെ ഞാൻ തന്നെ ശരിക്കും മനസ്സിലാക്കി.. തനിക്ക് എന്നോടുള്ളത് ആത്മാർത്ഥമായ ഇഷ്ടം തന്നെയാണ്. അതുകൊണ്ട് ആണല്ലോ ചങ്ക് പൊടിയുമ്പോഴും, എന്റെയും കുടുംബത്തിന്റെയും സന്തോഷത്തിനു ഒക്കെ ഇട്ടെറിഞ്ഞു പോയത്.. അങ്ങനെ ഉള്ള നിന്നെ അല്ലാതെ ഞാൻ ആരെ സ്വീകരിക്കാനാ പെണ്ണെ..? “

അവളെ ചേർത്ത് പിടിച്ചു നെറുകയിൽ മുത്തുമ്പോൾ അവൾക്ക് ഉള്ള് നിറഞ്ഞ സന്തോഷം ആയിരുന്നു. നഷ്ടപ്പെട്ടു എന്ന് കരുതിയ നിധി കൈയിൽ കിട്ടിയ സന്തോഷം…!!

✍️ അപ്പു