അശുഭം…
രചന: അപ്പു
:::::::::::::::::
“ഹോ.. അശ്രീകരം.. വന്നു കയറിയതും കുടുംബം മുടിക്കാൻ ആണോ ആവോ..”
തലയ്ക്കു കൈ കൊടുത്തു അമ്മായിയമ്മ പറയുന്നത് കേട്ട് അവൾ വിഷമത്തോടെ വലതു വശത്ത് നിൽക്കുന്ന ഭർത്താവിനെ നോക്കി. അവനും ആകെ വിഷമത്തിൽ അവളെ നോക്കി.
ഇന്ന് അവരുടെ വിവാഹം ആയിരുന്നു. വിവാഹ ശേഷമുള്ള ഗൃഹ പ്രവേശന ചടങ്ങിൽ ആണ് അവർ.. വരൻ രതീഷിന്റെ അമ്മ കൊടുത്ത നിലവിളക്കുമായി ആതിര അകത്തേക്ക് കയറാൻ തുടങ്ങുമ്പോഴാണ് പെട്ടെന്ന് ഒരു കാറ്റ് വരുന്നതും അവളുടെ കൈയിലിരുന്ന വിളക്കിലെ തിരി കെടുന്നതും.. അതിന്റെ പിന്നാലെ ഉള്ള വാദ പ്രതിവാദങ്ങൾ കൊണ്ട് അരങ്ങു കൊഴുക്കുമ്പോൾ, അമ്മായിയമ്മ കൂടി ആ ഭാഗത്തേക്ക് ചേർന്നത് അവൾക്ക് ആശങ്ക നൽകിയതേയുള്ളൂ…!
രതീഷിനും വല്ലാതെ വിഷമം തോന്നി.. ഒരുപാട് ആഗ്രഹിച്ച് മോഹിച്ച് സ്വന്തം ആക്കിയതാണ് ആതിരയെ.. ആ ഒരു ആഗ്രഹത്തിന് വേണ്ടി അമ്മയോട് ബഹളം വയ്ക്കേണ്ടി വന്നു.. തങ്ങളെക്കാൾ സാമ്പത്തിക സ്ഥിതിയിൽ ഒരുപാട് വ്യത്യാസം ഉള്ള ആതിരയെ, ഈ കുടുംബത്തിലേക്ക് കയറാൻ അമ്മയ്ക്ക് തീരെ താല്പര്യം ഉണ്ടായിരുന്നില്ല. തന്റെ വാശി നിമിത്തമാണ് സമ്മതിച്ചത്. ഇതിപ്പോൾ ഇങ്ങനെ ഒരു അവസരം കൂടി കയ്യിൽ വന്നത് കൊണ്ട്, ഇനിയുള്ള ദിവസങ്ങൾ പരീക്ഷണത്തിന്റേത് ആയിരിക്കുമെന്ന് അവന് ഉറപ്പായി.
” ബാക്കി കാര്യങ്ങളൊക്കെ പിന്നീട് ചർച്ച ചെയ്യാമല്ലോ.. ആ പെൺകൊച്ചിനെ പുറത്തു നിർത്തി വിഷമിപ്പിക്കാതെ അകത്തേക്ക് കയറ്റ്…”
അവിടെ നിന്ന അയൽക്കാരിൽ ആരോ പറഞ്ഞതും, വലിയ താൽപര്യമില്ലാതെ പ്രേമ മരുമകളെ അകത്തേക്ക് ക്ഷണിച്ചു.
അമ്മായിയമ്മയും നാത്തൂനും ഉൾപ്പെടെ എല്ലാ മുഖങ്ങളിലും തന്നോടുള്ള ദേഷ്യം നിറഞ്ഞുനിൽക്കുന്നത് ആതിര ചെറിയ ഒരു ഭയത്തോടെയാണ് കണ്ടത്. ഇനിയുള്ള ദിവസങ്ങളിൽ ഈ വീട്ടിൽ തനിക്ക് നല്ലത് ഒന്നും പ്രതീക്ഷിക്കാനില്ല എന്ന് അവൾ ഏകദേശം ഉറപ്പിച്ചു.
ആതിരയുടെയും രതീഷിന്റെയും പ്രതീക്ഷകൾ തെറ്റിക്കാതെ പിറ്റേന്നു മുതൽ അവർക്ക് പരീക്ഷണ കാലഘട്ടമായിരുന്നു. വെളുപ്പിന് നാലുമണിക്ക് തന്നെ അവരുടെ മുറിയുടെ വാതിൽക്കൽ കൊട്ടു കേട്ട് രതീഷ് പിടഞ്ഞെണീറ്റു. അവനു പിന്നാലെ തന്നെ ആതിരയും..!
ആതിരയെ ഒന്ന് നോക്കിയിട്ട് അവൻ പോയി വാതിൽ തുറന്നു.
” നീയാണോ എഴുന്നേറ്റത്..? ആ കെട്ടിലമ്മയോട് എഴുന്നേറ്റ് അടുക്കളയിലേക്ക് വരാൻ പറ.. ഒരു നൂറു കൂട്ടം പണി ഉണ്ട് അവിടെ.. പിന്നെ വരുമ്പോൾ കുളിച്ചിട്ടു വന്നാൽ മതി എന്ന് പറയ്.. “
ഇത്രയും പറഞ്ഞു കൊണ്ട് അമ്മ നടന്നു നീങ്ങുമ്പോൾ അവൻ വല്ലായ്മയോടെ അവരെ നോക്കി നിന്നു. പിന്നിൽ ഇതൊക്കെ കേട്ടു നിന്ന ആതിരയ്ക്ക് താനിത് പ്രതീക്ഷിച്ചിരുന്നു എന്നൊരു ഭാവമായിരുന്നു. അവനെ കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് കുളിക്കാനുള്ള വസ്ത്രങ്ങളും എടുത്ത് അവൾ ബാത്‌റൂമിലേക്ക് കയറി.
അവൾ അടുക്കളയിലേക്കു ചെല്ലുമ്പോൾ അമ്മയ്ക്ക് പുറമേ നാത്തൂനും ഉണ്ടായിരുന്നു അവിടെ. കുന്നുകൂടി കിടക്കുന്ന പാത്രങ്ങളും വൃത്തിയാക്കാത്ത അടുക്കളയും അവളുടെ നെറ്റി ചുളിച്ചു.
” നീ വരാൻ വേണ്ടി കാത്തു നിന്നതാണ് ഞങ്ങൾ.. ഈ പാത്രങ്ങളൊക്കെ കഴുകി വയ്ക്കുക.. അത് കഴിഞ്ഞിട്ട് എന്ത് വേണമെന്ന് ഞാൻ പിന്നാലെ പറയാം.. “
അമ്മായിയമ്മ പറഞ്ഞത് കേട്ട് അവൾ ഒന്ന് ദീർഘനിശ്വാസം ഉതിർത്തു. ആദ്യ ദിവസം തന്നെ ഒരു പ്രശ്നം ഉണ്ടാക്കണ്ട എന്നു കരുതി അവർ പറഞ്ഞതു പോലെ അവൾ അനുസരിച്ചു.
അവൾ ഓരോ പണികൾ ചെയ്തു തീർക്കുമ്പോഴും, അതിന്റെ ഇരട്ടിയായി അടുത്ത പണികൾ അവൾക്ക് കിട്ടി കൊണ്ടേയിരുന്നു. ആ ദിവസം അവൾക്ക് രതീഷിനെ ഒന്ന് കാണാൻ പോലും കഴിഞ്ഞില്ല. ആദ്യ ദിവസം തന്നെ അവൾക്ക് ആ വീട് മടുത്തു പോയിരുന്നു.
രാത്രിയിൽ കിടപ്പറയിൽ എത്തിയ അവളെ കാത്ത് രതീഷ് ഉണ്ടായിരുന്നു.
” താൻ ശരിക്കും ഇന്ന് ഒരു ദിവസം കൊണ്ട് തന്നെ ഈ വീടു മടുത്തു കാണും അല്ലേ..? “
അവൻ വേദനയോടെ ചോദിക്കുന്നത് കേട്ടു അവൾക്ക് വിഷമമായി.
“നമ്മൾ ജീവിതം തുടങ്ങിയതല്ലേ ഉള്ളൂ രതീഷ് ഏട്ടാ.. അവർക്ക് എന്നെയും എനിക്ക് അവരെയും മനസ്സിലാക്കാൻ ഇനിയും ഒരുപാട് സമയമെടുക്കും.. അതുകൊണ്ട് ഈ ബുദ്ധിമുട്ട് ഞാൻ കണക്കിലെടുക്കുന്നില്ല..നമുക്ക് കുറച്ചു ദിവസം കൂടി നോക്കാം.. എന്നിട്ടും അവരുടെ പ്രവർത്തികളിൽ മാറ്റമൊന്നുമില്ല എങ്കിൽ നമുക്ക് അപ്പോൾ അടുത്ത വഴിയെ കുറിച്ച് ആലോചിക്കാം..”
അവൾ അവനെ ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞു.. അവൻ അവളെ ചേർത്തു പിടിച്ചു. ആ വീട്ടിൽ അവൾക്കുള്ള ഒരേയൊരു ആശ്വാസം അവൻ ആയിരുന്നു.
പിന്നീടുള്ള ദിവസങ്ങളിലും, ആദ്യദിവസത്തെ പോലെ തന്നെയായിരുന്നു അവൾക്ക്. രാവിലെ നാല് മണിക്ക് തുടങ്ങുന്ന പണികൾ രാത്രിയിൽ 11 മണിക്കും അവസാനിക്കില്ല. എപ്പോഴെങ്കിലും അവൾ ജോലി കഴിഞ്ഞ് ഇത്തിരി നേരം റസ്റ്റ് എടുക്കുന്നുണ്ടെങ്കിൽ, പിറ്റേന്ന് അതിനു പോലും സമയം തരാത്ത തരത്തിലുള്ള ജോലികൾ അമ്മയും നാത്തൂനും കണ്ടുപിടിച്ചു വച്ചിട്ടുണ്ടാകും..
ദിവസങ്ങൾ കഴിഞ്ഞു പോകവെ, പണിയെടുപ്പിക്കുന്നത് പോരാഞ്ഞ് ശാരീരികമായി ഉപദ്രവവും തുടങ്ങി..
” ഡി.. നിന്നോട് ഞാൻ എന്റെ ഡ്രസ്സ് അയൺ ചെയ്തു വയ്ക്കാൻ പറഞ്ഞിട്ട് നീ ചെയ്തില്ലേ..?”
സോഫയിൽ ഇരിക്കുകയായിരുന്നു അവൾക്ക് അടുത്തേക്ക് വന്നു കൊണ്ട് കലിതുള്ളി നാത്തൂൻ ചോദിച്ചു.
” ചെയ്തില്ല.. “
അവൾ പറഞ്ഞ മറുപടി കേട്ട് നാത്തൂന് ദേഷ്യം വർധിച്ചതേയുള്ളൂ.
” നിനക്ക് എന്താ ഇപ്പോൾ ഒരു അഹങ്കാരം..? പറയുന്ന പണികൾ ചെയ്യണമെന്ന് നിന്നോട് ആദ്യം തന്നെ പറഞ്ഞതല്ലേ..? “
അവർ വിറച്ചു കൊണ്ട് ചോദിച്ചു.
” എനിക്ക് ചെയ്യാൻ സൗകര്യം ഇല്ലാത്തത് കൊണ്ടാണ് ചെയ്യാത്തത്…”
അവൾ സോഫയിൽ നിന്ന് എഴുന്നേറ്റ് കൊണ്ട് പറഞ്ഞു. മകളുടെയും മരുമകളുടെയും വാദപ്രതിവാദങ്ങൾ കേട്ടു കൊണ്ടാണ് പ്രേമ അവിടേക്ക് വന്നത്.
അവരെ കണ്ട ഉടനെ മകൾ സംഭവം വിശദീകരിച്ചു.
” അതെന്താടി നിന്നോട് എന്റെ മോള് പറഞ്ഞ കാര്യം ചെയ്തു കൊടുക്കാത്തത്..? “
അമ്മ മകൾക്ക് സപ്പോർട്ട് ചെയ്തു.
” ഞാനെന്തിനാണ് ഇവർക്ക് വേണ്ടി അടിമപ്പണി ചെയ്യുന്നത്..?”
അവൾ തിരികെ ചോദിച്ചത് കേട്ട് അമ്മായിയമ്മയ്ക്ക് ദേഷ്യം അടക്കാനായില്ല.
” എന്തുകൊണ്ടാണെന്ന് ഞാൻ പ്രത്യേകിച്ച് പറഞ്ഞു തരണോ..? നീ വന്നു കയറിയ അന്നു മുതൽ ഈ കുടുംബത്തിൽ സമാധാനവും സ്വസ്ഥതയും നഷ്ടപ്പെട്ടതാണ്.. “
അമ്മ പറഞ്ഞത് കേട്ട് മകൾ ചിരിച്ചു.
” അമ്മേ എന്ന് വിളിച്ച നാവു കൊണ്ട് എന്നെക്കൊണ്ട് വേറൊന്നും വിളിപ്പിക്കരുത്.. ഞാൻ വന്നു കയറിയ ദിവസം മുതൽ നിങ്ങൾ രണ്ടാളും കൂടി എന്നെ വിട്ട് കഷ്ടപ്പെടുത്തുന്നത് ഞാൻ സഹിക്കുന്നതിന് കാരണമുണ്ട്.. വന്നു കയറിയ ഉടനെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കേണ്ട എന്ന് കരുതിയാണ്… ഞാൻ അങ്ങനെ ചിന്തിച്ചു എന്ന് കരുതി അവസരം നിങ്ങൾ മുതലാക്കാൻ ശ്രമിക്കരുത്.. “
അവർക്ക് നേരെ കൈ ചൂണ്ടി കൊണ്ട് അവൾ പറഞ്ഞത് കേട്ട് അമ്മയും മകളും അമ്പരന്നു.
” പിന്നെ നിന്നോട്.. നിന്റെ ഏട്ടന്റെ ഭാര്യയാണ് ഞാൻ.. ഏട്ടത്തി.. ആ സ്ഥാനവും ബഹുമാനവും എനിക്ക് തന്നിരിക്കണം.. എന്റെ അമ്മയുടെയും ഭർത്താവിന്റെയും കാര്യങ്ങൾ ചെയ്യുന്നത് എന്റെ കടമയാണ്. അതിനപ്പുറത്ത് ഭർത്താവിന്റെ അനിയത്തിയുടെ കാര്യങ്ങൾ കൂടി ചെയ്തു കൊടുക്കാൻ എനിക്ക് സൗകര്യമില്ല.. നിന്നെയും നിന്റെ ഭർത്താവിന്റെയും അടിവസ്ത്രങ്ങൾ ഉൾപ്പടെ അലക്കാനും, അതൊക്കെ തേച്ച് മുറിയിൽ കൊണ്ട് വയ്ക്കാനും, എനിക്ക് സൗകര്യമില്ല. ഇനിമേലിൽ എന്നോട് നീ ഇമ്മാതിരി വർത്തമാനം പറഞ്ഞു വരരുത്.. “
അവൾക്ക് നേരെ കൈചൂണ്ടി കൊണ്ട് ആതിര പറഞ്ഞു.
” വന്നാൽ..? വന്നാൽ നീയെന്തു ചെയ്യും..? “
വാശിയോടെ അവൾ ചോദിച്ചു.
” ഞാനേ.. സാമ്പത്തികമായി നിങ്ങളോട് മുട്ടി നിൽക്കില്ല എന്നേയുള്ളൂ .. പക്ഷേ ശാരീരികമായി നിങ്ങളോട് പിടിച്ചു നൽകാൻ എനിക്ക് പറ്റും.. പിന്നെ പട്ടിണി കിടന്നിട്ട് ആണെങ്കിലും എന്റെ അച്ഛൻ എന്നെ പഠിപ്പിച്ച കരോട്ട കൂടി എനിക്ക് സപ്പോർട്ട് ഉണ്ട്.. “
അവൾ പുഞ്ചിരിയോടെ പറഞ്ഞത് കേട്ട് അമ്മയും മകളും ഒന്ന് ഭയന്നു.
” ഇത്രയും ദിവസം നിങ്ങളോട് പ്രതികരിക്കാതിരുന്ന ഞാൻ ഇന്ന് പ്രതികരിക്കുന്നത് എന്തിനാണ് എന്ന് സംശയം ഉണ്ടാകും.. ഇന്ന് ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ആറു മാസം പൂർത്തിയായി.. ഇനി നിങ്ങൾ എന്തൊക്കെ പ്രശ്നമുണ്ടാക്കിയാലും അതൊക്കെ നിങ്ങളുടെ തലയിലേക്ക് മാറ്റിത്തരാൻ എനിക്കറിയാം.. കാരണം ഇത്രയും ദിവസം ഞാൻ ഇവിടെ അടിമപ്പണി എടുക്കുന്നത് അയൽക്കാരും മുഴുവൻ കണ്ടതാണ്.. ആരും എന്നെ കുറ്റം പറയില്ല.. “
അവൾ പുഞ്ചിരിയോടെ പറഞ്ഞത് കേട്ട് അമ്മയും മകളും ഇതെന്ത് ജീവി എന്ന അർത്ഥത്തിൽ അവളെ നോക്കി..
” അപ്പോൾ അമ്മായിയമ്മയും നാത്തൂനും ഇന്ന് മുതൽ നന്നായിക്കോ.. നാളെമുതൽ അതിനുള്ള അവസരം കിട്ടിയില്ലെങ്കിലോ..? “
പുഞ്ചിരിയോടെ അതും പറഞ്ഞ് എഴുന്നേറ്റ് മുറിയിലേക്ക് നടന്നു. രതീഷ് ഒരു ചിരിയോടെ അവിടെ ഇരിക്കുന്നുണ്ടായിരുന്നു.
” തനിക്ക് ഇത് കുറച്ചുകൂടി നേരത്തെ ആകാമായിരുന്നില്ലേ..? “
അവളെ കണ്ട ഉടനെ അവൻ ചോദിച്ചു.
“ഓരോന്നിനും അതിന്റെതായ സമയമുണ്ട് ദാസാ..”
അതും പറഞ്ഞു അവൾ പൊട്ടിച്ചിരിക്കുമ്പോൾ അവൾക്കൊപ്പം അവനും കൂടി..
✍️ അപ്പു