അനിയത്തി
രചന: അപ്പു
:::::::::::::::::::::::
“മോനെ.. നിനക്ക് അവളെ മറക്കാൻ കഴിഞ്ഞിട്ടില്ല എന്ന് എനിക്കറിയാം.. എന്നും അത് മാത്രം ആലോചിച്ച് ഇരിക്കാൻ പറ്റില്ലല്ലോ.. നിന്റെ കാര്യം മാത്രമല്ല ഈ കൊച്ചു കുട്ടിയുടെ കാര്യം കൂടി ആലോചിക്കണം..”
വിനോദ് തലയിൽ തലോടിക്കൊണ്ട് മാലതി പറയുമ്പോൾ, അവൻ തളർച്ചയോടെ അവരെ നോക്കി.
” ഈ ആവശ്യവുമായി എന്റെ മുന്നിലേക്ക് അമ്മയ്ക്ക് എങ്ങനെ തോന്നി..? അവൾ മരിച്ചിട്ട് മാസങ്ങളെ ആകുന്നുള്ളൂ.. അതിനിടയിൽ ഇങ്ങനെ ഒരു വിവാഹാലോചനയുമായി മുന്നോട്ടു പോകുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. “
അവൻ വേദനയോടെ അമ്മയെ നോക്കി പറഞ്ഞു.
” നീ നിന്നെക്കുറിച്ച് മാത്രം ആലോചിക്കരുത്. നിന്റെ കയ്യിലിരിക്കുന്ന കുഞ്ഞിന് ആറു മാസം പ്രായം ആയുള്ളൂ..ഒരു അമ്മയുടെ സ്നേഹം ആവശ്യമുള്ള സമയമാണിത്. അത് നീ ആ കുഞ്ഞിന് നിഷേധിക്കരുത്..”
അവന്റെ തലയിൽ തലോടി അവർ പറഞ്ഞു.
“അമ്മ..എന്റെ കുഞ്ഞിന് അമ്മയില്ല.. അമ്മമാർ പ്രസവത്തോടെ മരണപ്പെട്ടു പോയിട്ടും എത്രയോ കുട്ടികൾ ജീവിക്കുന്നുണ്ട്.. അതുപോലെതന്നെ എന്റെ മകളും വളർന്നുകൊള്ളും..”
അവൻ ഇനി ഒരു ചർച്ചയ്ക്ക് താല്പര്യമില്ലാത്തത് പോലെ പറഞ്ഞു. പക്ഷേ അങ്ങനെ വിടാൻ അമ്മ ഉദ്ദേശിച്ചിരുന്നില്ല..
“നീ അങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാകും..? നിനക്ക് ഉള്ളത് ഒരു മകളാണ്. നാളെ ഒരു സമയത്ത് നിന്നോട് പറയാൻ കഴിയാത്ത തരത്തിലുള്ള പല ആവശ്യങ്ങളും ആ പെൺകുഞ്ഞിനു ഉണ്ടാകും. അതൊക്കെ സാധിച്ചു കൊടുക്കാൻ ഒരു അമ്മ ഉണ്ടെങ്കിലേ പറ്റൂ..”
അമ്മ വാശി പിടിച്ചു.
” അമ്മ പറയുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട്. പെൺമക്കളെ സംബന്ധിച്ചിടത്തോളം അമ്മമാർ ഉള്ളത് തന്നെയാണ് ഏറ്റവും സന്തോഷം. എന്ന് കരുതി അച്ഛന്മാർ പെൺമക്കളെ നോക്കില്ല എന്ന് അർത്ഥമില്ലല്ലോ.. അമ്മയില്ലാത്ത പെൺമക്കളെ നന്നായി നോക്കുന്ന അച്ഛന്മാരും ഉണ്ടല്ലോ.. എന്നെ ആ കൂട്ടത്തിൽ പെടുത്തിയാൽ മതി.. അമ്മ ഇല്ലെങ്കിലും എന്റെ മകളെ ഞാൻ നന്നായി വളർത്തും.. “
അവൻ ഉറപ്പോടെ പറഞ്ഞു.
” അത് നിനക്ക് ഇപ്പോൾ തോന്നുന്നതാണ്…നാളെ ഒരു സമയത്ത് നിനക്ക് അതിന് കഴിയാതെ വരുമ്പോൾ വിഷമിച്ചിട്ട് കാര്യമില്ല.. “
തന്റെ ഭാഗം അമ്മ വീണ്ടും പറഞ്ഞു..
” നാളെ ഒരു സമയത്ത് അങ്ങനെ ഒരു ആവശ്യം വന്നാൽ അതിനെ കുറിച്ച് അപ്പോൾ ചിന്തിക്കാം. അല്ലാതെ എന്റെ മീനു എന്നെ വിട്ടു പോയതിനു തൊട്ടുപിന്നാലെ മറ്റൊരു പെണ്ണിനെ എന്റെ ജീവിതത്തിലേക്ക് കൂട്ടാൻ എനിക്ക് പറ്റില്ല.. “
അവൻ കർശനമായി പറഞ്ഞത് കേട്ട് അമ്മയുടെ കണ്ണു നിറഞ്ഞു. അതു കണ്ട് അവനും വിഷമം തോന്നി.
“അമ്മ വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല ഞാൻ.. എനിക്ക് പറ്റാത്തത് കൊണ്ടാണ്..”
അവൻ നിസ്സഹായമായി പറഞ്ഞു. അവന്റെ കണ്ണും നിറഞ്ഞിരുന്നു. ആ നിറഞ്ഞ കണ്ണുകൾ അമ്മയ്ക്കും വേദനയായി.
” മോനെ.. മീനു മോളെ എനിക്ക് ഇഷ്ടമല്ലാത്തത് കൊണ്ടാണ് ഞാൻ ഇങ്ങനെ പറയുന്നത് എന്ന് മോനു തോന്നുന്നുണ്ടോ..? “
അവർ ചോദിക്കുന്ന കേട്ട് അവൻ ഞെട്ടലോടെ അവരെ നോക്കി.
“അയ്യോ..അങ്ങനെയൊന്നും ഞാൻ പറഞ്ഞില്ല അമ്മ.. സ്വന്തം മകളെ പോലെ തന്നെയാണ് അമ്മ ഈ കാലം മുഴുവൻ അവളെ നോക്കിയത് എന്ന് എനിക്കറിയാം…”
അവൻ അമ്മയെ ചേർത്ത് പിടിച്ചു.
” നിങ്ങൾ തമ്മിലുള്ള അടുപ്പം പലപ്പോഴും അസൂയയോടെ നോക്കിയിട്ടുണ്ട് ഞാൻ.. അങ്ങനെയുള്ളപ്പോൾ അമ്മ അവളെ സ്നേഹിച്ചിട്ടില്ല എന്ന് പറഞ്ഞാൽ എനിക്ക് ദൈവകോപം കിട്ടും.. “
അവൻ ചിരി വരുത്തി.
” എന്റെ കാലം കഴിഞ്ഞാൽ നീ വല്ലാതെ ഒറ്റപ്പെട്ടു പോകും.. അതുകൊണ്ട് കൂടിയാണ് അമ്മ ഇങ്ങനെ ശാഠ്യം പിടിക്കുന്നത്.. അത് നിന്റെ മനസ്സിനെ വേദനിപ്പിക്കുന്നുണ്ട് എന്ന് അമ്മയ്ക്കറിയാം.. പക്ഷേ അമ്മയ്ക്ക് ഇത് അല്ലാതെ മറ്റു മാർഗങ്ങൾ ഒന്നുമില്ല..”
അമ്മ പറഞ്ഞത് കേട്ട് അവൻ വ്യസനത്തോടെ അമ്മയെ നോക്കി.
” അമ്മയ്ക്ക് ഇപ്പോൾ നിന്റെ മോളെ നോക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ല. നീ ഇപ്പോൾ ലീവെടുത്ത് ഇരുന്നാണ് കുഞ്ഞിനെ നോക്കുന്നത്.. എത്ര കാലം നിനക്ക് ലീവ് എടുക്കാൻ കഴിയും..? കുറച്ചു നാൾ കൂടി കഴിയുമ്പോൾ മകൾ വളരും. അവൾക്ക് ഒരുപാട് ആവശ്യങ്ങൾ ഉണ്ടാകും..അങ്ങനെ ഉള്ളപ്പോൾ നീ നിന്റെ ജോലി കൂടി ഉപേക്ഷിച്ചാൽ എന്ത് ചെയ്യും..? “
അമ്മ ഭാവിയെ കുറിച്ച് വ്യാകുലപ്പെട്ടു. അവനും ചിന്തയിലായി.
” ഇതാകുമ്പോൾ കുഞ്ഞിനെ നോക്കാൻ ഒരാൾ ആകും.. എനിക്കൊരു കൂട്ടും ആകും..”
അമ്മ ഉത്സാഹത്തോടെ പറഞ്ഞു.
” അമ്മ ഇത്രയൊക്കെ പറയുന്ന സ്ഥിതിക്ക് ആരെയെങ്കിലും കണ്ടു വച്ചിട്ടുണ്ട് ആകുമല്ലോ..? “
അവന്റെ ചോദ്യം കേട്ട് അവർ ഒന്ന് പരുങ്ങി.
” അമ്മ പറയ്.. കാര്യങ്ങൾ ഏതായാലും ഇത് വരെ എത്തിയില്ലേ..? “
അവൻ നിർബന്ധിച്ചു.
“ലച്ചു…”
ആ പേരു കേട്ടതും അവന്റെ നെറ്റി ചുളിഞ്ഞു.
” ലച്ചു..? ഏതു ലച്ചു..? “
അവൻ തന്റെ സംശയം ഉറപ്പിക്കാനായി ഒരിക്കൽ കൂടി ചോദിച്ചു.
” മീനുവിന്റെ അനുജത്തി.. “
അവർ പറഞ്ഞത് കേട്ട അവന്റെ ദേഹം വിറച്ചു.
” അമ്മ എന്ത് മണ്ടത്തരമാണ് പറയുന്നത്..? അവൾ എന്റെ അനിയത്തിയാണ്. നാട്ടിൽ കെട്ടാൻ പെണ്ണില്ല എന്ന് കരുതി ആരെങ്കിലും അനിയത്തിയെ വിവാഹം കഴിക്കുമോ..?”
അവൻ അമ്മയോട് ദേഷ്യപ്പെട്ടു.
” നീ ഇങ്ങനെ ദേഷ്യപ്പെടരുത്.. ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ്..? ഇവിടെയുള്ളത് അവളുടെ ചേച്ചിയുടെ കുഞ്ഞ് ആയതുകൊണ്ട് തന്നെ അവൾ സ്വന്തം പോലെ നോക്കും… അല്ലാതെ പുറത്തു നിന്ന് വന്നു കയറുന്ന പെൺകുട്ടികൾ ഇവളെ സ്വന്തം പോലെ കാണും എന്ന് നിനക്ക് തോന്നുന്നുണ്ടോ..? “
അമ്മ ചോദിക്കുന്നത് കേട്ട് ഒരേസമയം അവനു ദേഷ്യവും സങ്കടവും വന്നു.
” അമ്മയുടെ മനസ്സിലുള്ള ഈ തോന്നലുകൾ ഒക്കെ എടുത്തു മാറ്റിവയ്ക്കുക.. ഇത് അവരുടെ വീട്ടിൽ ആരോടും പോയി ചർച്ച ചെയ്യാൻ നിൽക്കണ്ട.. അതിന്റെ നാണക്കേട് നമുക്ക് തന്നെയാണ്.. “
അവൻ അരിശത്തോടെ പറഞ്ഞു.
” അവരും കൂടി അറിഞ്ഞു കൊണ്ടു തന്നെയാണ് ഞാൻ ഇപ്പോൾ നിന്നോട് സംസാരിക്കുന്നത്.. “
അവർ പറഞ്ഞ ആ വാചകം അവനെ ഞെട്ടിച്ചത് ചെറുതായിട്ട് ഒന്നുമല്ല.
” അമ്മ എന്താ പറഞ്ഞത്..? “
” അവർ തന്നെയാണ് ഇങ്ങനെ ഒരു ആഗ്രഹം പറഞ്ഞത്.. നാളെ ഒരു സമയത്ത് നീ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ച ഇവിടെ കൊണ്ടു വരുമ്പോൾ അവളെ, അവരുടെ കൊച്ചു മകൾ അമ്മ എന്ന് വിളിക്കുന്നത് അവർക്ക് ഇഷ്ടമല്ല.. എത്രയൊക്കെ ആണെങ്കിലും അവരുടെ മകളുടെ കുട്ടിയല്ലേ..? ആ ഒരു സ്വാർത്ഥത അവർക്ക് ഉണ്ടാകാതെ ഇരിക്കില്ലല്ലോ..? “
അവർ പറഞ്ഞത് കേട്ട് അവൻ തളർന്നു പോയി..
” എല്ലാവരെയും വിളിക്ക്… ഇതിനുള്ള മറുപടി ഞാൻ എല്ലാവരോടും കൂടി ഒരുമിച്ച് പറയാം..”
അത്രയും പറഞ്ഞു കൊണ്ട് കുഞ്ഞിനെ ചേർത്തു പിടിച്ച് അവൻ അകത്തേക്ക് നടന്നു..
” അച്ഛാ.. അമ്മേ.. നിങ്ങളൊക്കെ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് സത്യമായും എനിക്ക് മനസ്സിലാകുന്നില്ല. ഞാൻ മീനുവിനെ വിവാഹം കഴിച്ച്, ആ വീട്ടിലെ മരുമകൻ ആയതു മുതൽ ഒരു ഏട്ടന്റെ സ്ഥാനമാണ് ലച്ചു എനിക്ക് തന്നിട്ടുള്ളത്. അതുപോലെ തന്നെ എനിക്ക് അവൾ എന്റെ സ്വന്തം അനിയത്തിയുടെ സ്ഥാനത്താണ്. അങ്ങനെ ഒരു പെൺകുട്ടിയെ ഞാൻ എങ്ങനെ വിവാഹം കഴിക്കും..? നിങ്ങളെല്ലാവരും കൂടി നിർബന്ധിച്ച് ആ വിവാഹം നടത്തിയാലും, ആ ബന്ധത്തിന് എന്തെങ്കിലും ഒരു നിലനിൽപ്പ് ഉണ്ടാകും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ..? തമ്മിൽ ഒരിക്കലും പൊരുത്തപ്പെടാൻ കഴിയാതെ രണ്ടുവഴിക്ക് പിരിയാൻ ആയിരിക്കും ഞങ്ങളുടെ വിധി.. അതുമാത്രമല്ല അതോടുകൂടി നമ്മുടെ രണ്ടു കുടുംബങ്ങളും തമ്മിലുള്ള ബന്ധം പോലും ഇല്ലാതായി എന്നു വരും.. എന്തിനാണ് വെറുതെ ആവശ്യമില്ലാത്ത പ്രശ്നങ്ങളിലേക്ക് നമ്മൾ പോകുന്നത്..? “
എല്ലാവരോടുമായി അവൻ ചോദിക്കുമ്പോൾ, മറുപടി എന്തു പറയണമെന്ന് അവർക്ക് അറിയുന്നുണ്ടായിരുന്നില്ല.
” എനിക്ക് ലച്ചുവിനോട് ആണ് ഒരു കാര്യം ചോദിക്കാൻ ഉള്ളത്… നിന്റെ മനസ്സിൽ ഇങ്ങനെ എന്തെങ്കിലും ഒരു ആഗ്രഹം ഉണ്ടോ..? “
അവളുടെ നേരെ തിരിഞ്ഞ് ഗൗരവത്തിൽ അവൻ ചോദിക്കുമ്പോൾ അവൾ വിഷമത്തോടെ തലതാഴ്ത്തി.
” ഞാൻ ഏട്ടാ എന്ന് വിളിച്ചത് സ്വന്തം സഹോദരനായി മനസ്സിൽ കണ്ടു കൊണ്ട് തന്നെയാണ്.. ആ ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.. എനിക്ക് എന്നും ഏട്ടന്റെ കുഞ്ഞുപെങ്ങളായി ഇരിക്കാനാണ് ആഗ്രഹം..”
അവൾ പറഞ്ഞത് കേട്ട് മാതാപിതാക്കൾ വിഷമത്തോടെ പരസ്പരം നോക്കി.
” നിങ്ങൾക്ക് എല്ലാവർക്കും ഇപ്പോഴെങ്കിലും ആ കാര്യം ബോധ്യപ്പെട്ടല്ലോ..? ഞങ്ങൾക്ക് രണ്ടുപേർക്കും അങ്ങനെ ഒരു താല്പര്യമില്ല.. സഹോദരനെ പോലെയും സഹോദരിയെ പോലെയുമാണ് ഞങ്ങൾ പരസ്പരം… ഇനിയെങ്കിലും ഇത്തരത്തിലുള്ള മണ്ടത്തരങ്ങൾ നിങ്ങൾ ചിന്തിക്കരുത്.. എന്റെ കുഞ്ഞിന് ഒരു അമ്മ ഇല്ലാത്തതാണ് നിങ്ങളുടെ പ്രശ്നം എങ്കിൽ, നിങ്ങൾ കണ്ടെത്തുന്ന ആരെ വേണമെങ്കിലും വിവാഹം ചെയ്യാൻ ഞാൻ തയ്യാറാണ്.. പക്ഷേ അതൊരിക്കലും ലച്ചു ആകരുത്.. “
കണ്ണുനിറച്ച് കൈകൂപ്പിക്കൊണ്ട് അവൻ പറഞ്ഞത് കേട്ട് മാതാപിതാക്കൾ എല്ലാവരും തലകുനിച്ചു.. തങ്ങൾ ചെയ്ത തെറ്റിനെക്കുറിച്ച് അവർക്ക് അപ്പോഴാണ് ബോധം ഉണ്ടായത്…
“ഞങ്ങൾ തെറ്റ് തന്നെയാണ് പ്രവർത്തിക്കാൻ ഒരുങ്ങിയത്.. അങ്ങനെ ചിന്തിച്ച നിമിഷത്തെ ഞങ്ങൾ ഇപ്പോൾ പഴിക്കുന്നുണ്ട്.. ഇനിയൊരിക്കലും ഞങ്ങളുടെ ഭാഗത്തു നിന്ന് അങ്ങനെ ഒരു സംസാരം ഉണ്ടാവില്ല..മോൻ വിവാഹം കഴിക്കുന്ന കാര്യം.. നിനക്ക് തോന്നുന്ന സമയത്ത് അത് ചെയ്യാം… അതുവരെ കുഞ്ഞിനെ നോക്കാൻ ഞങ്ങൾ ഉണ്ടല്ലോ..”
ഒരേ സ്വരത്തിൽ ആ മാതാപിതാക്കൾ പറയുമ്പോൾ സന്തോഷത്തോടെ ആ മക്കൾ അവരെ കെട്ടിപ്പിടിച്ചു..
✍️ അപ്പു