അനിയൻ ❤️
രചന : അപർണ മിഖിൽ
:::::::::::::::::::
“മോളേ… ചായ കൊണ്ട് കൊടുക്ക്…”
അവളുടെ കൈയിലേക്ക് ചായ വച്ച ട്രേ വച്ചു കൊടുത്തു കൊണ്ട് അമ്മ പറഞ്ഞു. അവൾ തല ഉയർത്തി അവരെ ഒന്ന് നോക്കി. ആ നോട്ടത്തിൽ താൻ ഉരുകി ഒലിച്ചു പോകുന്നത് പോലെ അവർക്ക് തോന്നി. അവൾ മെല്ലെ ഉമ്മറത്തേക്ക് നടന്നു.
അവിടെ കൂടി ഇരുന്ന് വർത്തമാനം പറഞ്ഞിരുന്നവർ എല്ലാം ആരുടെയോ കാൽപെരുമാറ്റം കേട്ട് അകത്തേക്ക് നോക്കി. ഒരു 25 വയസ്സ് പ്രായം വരുന്ന ഒരു പെൺകുട്ടി. കോട്ടൺ സാരി ആണ് വേഷം. യാതൊരു വിധ അലങ്കാരങ്ങളും ഇല്ല. മുഖത്തു ഒരു അല്പം പൗഡറോ കണ്ണിൽ കരിമഷിയോ പോലും ഇല്ല. വിഷാദം തളം കെട്ടി നിൽക്കുന്ന മുഖം. കണ്ണിനു ചുറ്റും കറുപ്പ് പടർന്നിരിക്കുന്നു. ഒരു നിമിഷം പോലും തല ഉയർത്തി നോക്കാതെ ചായ അടങ്ങിയ ട്രേ അവിടെ കണ്ട ടേബിളിൽ വച്ചിട്ട് അവൾ ഒരു വശത്തേക്ക് മാറി നിന്നു.
അവളുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു. ഓർമ്മകൾ അവളെ ചുട്ടു പൊള്ളിക്കുന്നത് പോലെ. അവളുടെ ഉള്ളിലേക്ക് ഒരു ചെറുപ്പക്കാരന്റെ മുഖം കടന്ന് വന്നു. അവന് വേണ്ടി ഇത് പോലെ ചായ കൊണ്ട് വന്നതും, അവൻ കുസൃതിയോടെ തന്നെ നോക്കി കണ്ണിറുക്കി കാണിച്ചതും.. അന്ന് താൻ അതീവ സന്തോഷവതി ആയിരുന്നു. ഓർമ്മകൾ തള്ളിക്കയറിയപ്പോൾ എവിടേക്കെങ്കിലും ഓടി പോയി തന്റെ ഉള്ളിലെ നൊമ്പരങ്ങളെ ആർത്തലച്ചു കരഞ്ഞു തീർക്കാൻ അവൾക്ക് തോന്നി. പക്ഷെ, കഴിയില്ല. കൂട്ടിൽ അകപ്പെട്ട കിളിയാണ് താൻ. അവൾ ഒരു ഗദ്ഗദത്തോടെ ഓർത്തു.
“ചെറുക്കനും പെണ്ണിനും പ്രത്യേകിച്ച് സംസാരിക്കാൻ ഒന്നും ഉണ്ടാവില്ലല്ലോ…അവർക്ക് പരസ്പരം അറിയാത്തത് ഒന്നും അല്ലല്ലോ..”
അതും പറഞ്ഞു അവിടെ ഉണ്ടായിരുന്ന ഒരു അമ്മാവൻ പൊട്ടിച്ചിരിച്ചു. അവൾ തല ഉയർത്തി അയാളെ നോക്കി ദഹിപ്പിച്ചു. മറ്റൊരു വശത്ത് നിന്നും ഒരു ചെറുപ്പക്കാരനും. അവരുടെ നോട്ടം കണ്ടപ്പോൾ മാത്രം ആണ് താൻ പറഞ്ഞത് അബദ്ധം ആയെന്ന് അയാൾക്ക് തോന്നിയത്.
“എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്…”
അവിടെ അവളുടെ സ്വരം ഉയർന്നു.
“എന്താ ഗായത്രി… നിനക്ക് എന്താ പറയാൻ ഉള്ളത്…ഈ വിവാഹത്തിന് സമ്മതം അല്ല എന്ന് ഒഴിച്ചു നിനക്ക് മറ്റെന്തും പറയാം…”
അവളുടെ അച്ഛൻ അവളോടായി പറഞ്ഞു. അവൾ നിസ്സഹായം ആയി അവിടെ കൂടിയിരുന്നവരെ ഒന്ന് നോക്കി.
“എങ്കിൽ എനിക്ക് പറയാമല്ലോ…”
അവിടെ ഇരുന്ന ചെറുപ്പക്കാരൻ ചോദിച്ചു.
“അഖി…”
അവന്റെ അമ്മ അവനെ ശാസനാപൂർവം വിളിച്ചു.
“അമ്മ ഒന്ന് മിണ്ടാതിരുന്നേ… നിങ്ങളൊക്കെ എന്താണ് കരുതി വച്ചിരിക്കുന്നത് എന്നാണ് എനിക്ക് മനസ്സിലാവാത്തത്…”
“മോനെ… മോൻ തടസ്സം ഒന്നും പറയരുത്.. ഒരു അമ്മയുടെ അപേക്ഷ ആണ്.. എന്റെ മോൾക്ക് ഒരു ജീവിതം ഉണ്ടായി കാണാൻ ഉള്ള കൊതി കൊണ്ടാണ്.. മോൻ ആവുമ്പോ അവളെ നന്നായി അറിയുന്നതല്ലേ… “
അവളുടെ അമ്മ അവന് മുന്നിൽ കൈ കൂപ്പി.അവൻ അവിടെ നിന്ന് എണീറ്റ് അവരുടെ കൈകൾ കൂട്ടിപിടിച്ചു. പിന്നെ അവൾക്ക് അടുത്തേക്ക് നടന്നു.
“ഏട്ടത്തീ…”
അവൾക്ക് മുന്നിലായി ചെന്ന് നിന്നു കൊണ്ട് അവൻ അവളെ വിളിച്ചു. അവൾ ഞെട്ടി അവനെ നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞു. അത് സങ്കടത്തിന്റേത് ആയിരുന്നില്ല, സന്തോഷം കൊണ്ടായിരുന്നു.
“ഈ നിൽക്കുന്ന സ്ത്രീ എന്റെ ആരാണെന്ന് നിങ്ങൾക്ക് ആർക്കും അറിയാത്തത് അല്ലല്ലോ… എന്റെ ഏട്ടന്റെ ഭാര്യ ആണ് ഇവർ.. എന്റെ ഏട്ടത്തിയമ്മ.. എന്റെ ഏട്ടൻ മരിച്ചു പോയെന്ന് കരുതി ഏട്ടത്തിയെ എനിക്ക് വിവാഹം കഴിക്കാൻ പറ്റുമോ… ഏട്ടത്തി എന്ന് സ്ഥാനം കൊണ്ട് വിളിക്കുമ്പോഴും ഗായത്രി എന്ന പെൺകുട്ടി എന്നെക്കാളും പ്രായത്തിൽ താഴെ ആണ് എന്ന് എനിക്ക് അറിയാം.. പ്രായം കൊണ്ടല്ല സ്ഥാനം കൊണ്ടാണ് ഞാൻ അവരെ ബഹുമാനിക്കുന്നത്.. ഏട്ടത്തിയമ്മ എന്നാൽ അമ്മക്ക് സമം ആണെന്ന് അമ്മ എന്നോട് പറഞ്ഞിട്ടില്ലേ…”
അവൻ അവന്റെ അമ്മയോടായി ചോദിച്ചു. എന്ത് മറുപടി പറയണം എന്ന് അറിയാതെ അവർ അവനെ നോക്കി.
“അങ്ങനെ എങ്കിൽ ഇവർ എനിക്ക് അമ്മ അല്ലേ… അമ്മയെ മക്കൾ വിവാഹം കഴിക്കുമോ…”
അവന്റെ ചോദ്യത്തിന് എന്ത് മറുപടി കൊടുക്കണം എന്ന് അവിടെ ഉണ്ടായിരുന്ന ആർക്കും അറിയില്ലായിരുന്നു.
“ഇതിപ്പോ എവിടെയും നടക്കാത്തത് ഒന്നും അല്ലല്ലോ…”
തങ്ങളുടെ വാദം ജയിക്കാനായി അമ്മാവൻ പറഞ്ഞു.
“ശരിയാണ്.. നടക്കുന്നുണ്ടാകും.. പക്ഷെ എനിക്ക് അതിൽ ബുദ്ധിമുട്ട് ഉണ്ട്…ഏട്ടത്തിക്കും അങ്ങനെ ആണെന്ന് അറിയാം.. നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്ക്…ഞങ്ങൾ ഒരു പക്ഷെ നിങ്ങളുടെ നിർബന്ധത്തിനു വഴങ്ങി വിവാഹം കഴിച്ചു എന്ന് തന്നെ ഇരിക്കട്ടെ… ഞങ്ങൾക്ക് പരസ്പരം ഭാര്യഭർത്താക്കന്മാരെ പോലെ ഇടപെടാൻ കഴിയുമോ… എല്ലാം പോട്ടേ… നാളെ ഞങ്ങൾ വിവാഹം കഴിച്ചു പുറത്തിറങ്ങി നടക്കുമ്പോൾ നാട്ടുകാർ എന്ത് പറയും എന്ന് ചിന്തിച്ചു കൂടെ… ഇത്രയും നാൾ ഞങ്ങളുടെ ബന്ധം എങ്ങനെ ആയിരുന്നു എന്ന് അവർ സംശയം പ്രകടിപ്പിച്ചാൽ… ഈ നിൽക്കുന്ന സ്ത്രീയെ അപമാനിക്കാൻ പറ്റുന്നതിന്റെ അങ്ങേ അറ്റം അല്ലേ നിങ്ങൾ ഒക്കെ കൂടി ചെയ്യുന്നത്…”
അവന്റെ ആ വാക്കുകൾ കാരമുള്ള് പോലെ ആണ് അവരുടെ ഒക്കെ നെഞ്ചിൽ തറച്ചത്.
“ഏട്ടത്തിക്ക് ഇനി ഒരു ജീവിതം വേണ്ടാ എന്ന് ഞാൻ ഒരിക്കലും പറയില്ല.. അവർ ചെറുപ്പം ആണ്.. ഇനിയും ജീവിതം ഉണ്ട്.. അത് പക്ഷെ ആരുടേയും നിർബന്ധത്തിനു ആവരുത്… സ്വയം ഏട്ടത്തി തയ്യാർ ആകുമ്പോൾ വേണം… പിന്നെ നിങ്ങളുടെ ഇപ്പോഴത്തെ ആദി ഏടത്തിയുടെ വയറ്റിൽ വളരുന്ന കുഞ്ഞു ആണെന്ന് അറിയാം… ഏട്ടനെ പോയിട്ടുള്ളൂ… ഈ അനിയൻ ജീവനോടെ തന്നെ ഉണ്ട്… ഏട്ടന്റെ കുഞ്ഞിനെ വളർത്താൻ എനിക്ക് അറിയാം… എത്ര കാലം വേണമെങ്കിലും ഏട്ടത്തിക്കും കുഞ്ഞിനും ചിലവിനു കൊടുക്കാനും ഉള്ള ആരോഗ്യം എനിക്ക് ഉണ്ട്.. നല്ലൊരു ജോലിയും.. ഏട്ടത്തി… റെഡി ആയിക്കോ… നമുക്ക് പോകാം… നമ്മുടെ വീട്ടിലേക്ക്…”
അവളോടായി അവൻ പറഞ്ഞു.
“അമ്മക്ക് എതിരഭിപ്രായം എന്തെങ്കിലും ഉണ്ടോ…”
അവന്റെ അമ്മയോടായി അവൻ ചോദിച്ചു..
“എനിക്ക് എന്ത് എതിരഭിപ്രായം ആണ് മോനെ.. ഗായുവിന്റെ വയറ്റിലുള്ള കുഞ്ഞിനെ ഓർത്തു മാത്രം ആണ് അമ്മ ഇതിന് നിന്നെ നിർബന്ധിച്ചത്.. അരുണിന്റെ ചോര അല്ലേ.. അത് അമ്മക്ക് അടുത്ത് തന്നെ വേണം എന്ന് തോന്നി.. അത് എന്റെ മക്കൾക്ക് ഇത്രയും വലിയ വിഷമം ഉണ്ടാക്കും എന്ന് അമ്മ ഓർത്തില്ല… അമ്മയോട് ക്ഷമിച്ചേക്ക് മക്കളെ… “
ഗായുവിനെയും അഖിയെയും ചേർത്ത് പിടിച്ചു കൊണ്ട് ആ അമ്മ പറഞ്ഞു. അമ്മയുടെ തോളിലേക്ക് അവളുടെ സങ്കടം മുഴുവൻ അവൾ ഇറക്കി വച്ചു.
ഗായുവിനെ ചേർത്ത് പിടിച്ചു അഖി ആ വീടിന്റെ പടി ഇറങ്ങുമ്പോൾ അവൻ അവൾക്ക് അനിയൻ ആയിരുന്നു.. ജന്മം കൊണ്ടല്ല, കർമം കൊണ്ട് സഹോദരൻ ആയവൻ…
-അപർണ മിഖിൽ